ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Monday, 21 December 2015

തെളിവില്ലാത്ത ഭരണാധികാരികളും വെളിവില്ലാത്ത ബുദ്ധിമാന്മാരും വാഴുന്ന നാട്....

പൂനെയിലെ മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റില്‍ അരങ്ങേറിയ നീചവും മനുഷ്യത്വരഹിതവുമായ വിവേചനത്തിന്റെ വാർത്ത വായിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവതി റെസ്റ്റോറന്റില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ദാഹിച്ചുവലഞ്ഞ് വെള്ളത്തിനായി യാചിക്കുന്ന തെരുവുബാലനെ ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവതി, ആ കുട്ടിക്ക് കൂള്‍ ഡ്രിങ്ക് വാങ്ങിക്കൊടുക്കാനായി അവനെയും കൂട്ടി റെസ്റ്റോറന്റിന് മുന്‍വശത്ത്  ക്യൂ നിന്നു. എന്നാല്‍ തെരുവുകുട്ടിയെ കണ്ട മാത്രയില്‍ ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ കുട്ടിയെ പൊക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച യുവതിയോട് അത്തരം ആളുകള്‍ക്ക് മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റിന്റെ അകത്തേക്ക് പ്രവേശനമില്ലെന്നായിരുന്നു ജീവനക്കാരന്‍ പ്രതികരിച്ചത്. യുവതി തന്നെ ഈ സംഭവം തന്റെ ഫേസ്ബുക്കില്‍ ദൃശ്യം പോസ്റ്റു ചെയതതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തെ പറ്റി സോഷ്യല്‍ മീഡിയ പോസ്റ്റുകളും പത്ര വാർത്തകളും  കൂടി വന്നതോടെ ഹോട്ടലധികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. ഒരു തെരുവുകുട്ടിക്കെതിരെ നടന്ന വിവേചനത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കുകയും ചെയ്തു. കുട്ടിക്ക് നേരിട്ട ദുരനുഭവത്തില്‍ എല്ലാ അന്വേഷണവും ഉറപ്പുവരുത്തുമെന്നും ജോലിക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മക്‌ഡോണാള്‍ഡ് ഇന്ത്യ അധികൃതര്‍ നിലപാടെടുത്തു. എല്ലാവരെയും സമഭാവനയോടെ കാണുന്നുവെന്നും ആരെയും വിവേചനത്തോടെ കാണില്ലെന്നും വിശദീകരിച്ചും കുട്ടിയെ ഇറക്കിവിട്ട ജീവനക്കാരനെ പുറത്താക്കിയും ഒരു വിധത്തിൽ മക്‌ഡോണാള്‍ഡ് ഇന്ത്യ തല കഴുത്തിലാക്കി. 

അതൊക്കെ ഗോസ്സായിമാരുടെ നാട്ടിലല്ലേ എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത്‌ ഒരു കഥ പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ കവിയും ഗാനരചയിതാവുമായ മുല്ലനേഴിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുക്കം, കാരണം ചോദിച്ചപ്പോൾ അദ്ദേഹത്തെ കണ്ടിട്ട് ഒരു സ്റ്റാൻഡേർഡ് തോന്നിയില്ല എന്നായിരുന്നത്രേ കസ്റ്റഡിയിലെടുത്ത പോലീസുകാരന്റെ മറുപടി. 

ഈ രണ്ടു സംഭവങ്ങളും ഇപ്പോൾ സ്മരിക്കാൻ കാരണം, കഴിഞ്ഞ ദിവസം, ലോകമെമ്പാടും ആദരിക്കപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയും 2007 ലെ വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകളുടെ ജേതാവും ആയ ദയാബായിയോട് ഒരു ബസിലെ ജീവനക്കാർ പെരുമാറിയ രീതിയുടെ വാർത്ത വായിച്ചപ്പോഴാണ്. 

പ്രസ്തുത സംഭവം ദയാഭായി വിവരിക്കുന്നത് ഇങ്ങനെ : " ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്. ''നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്'' എന്നു ചോദിച്ചുകൊണ്ടായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ''അതവിടെ നില്ക്കട്ടെ'' എന്നുപറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ''അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ'' എന്ന അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ''ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്... അല്ലെങ്കില്‍ ഞാന്‍...'' എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്. ''വാതില്‍ ആഞ്ഞടച്ച്  ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കിനിന്ന എന്റെയടുത്തേക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണു സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്കു മറുപടിപറയാനായില്ല. കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്കു കൈചൂണ്ടിപ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ, നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാനോര്‍ത്തതു മറ്റൊന്നാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവേലചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരു പോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറംമങ്ങിയ തുണിയുടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍... അവരെല്ലാം  എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് എന്റെ അപമാനം ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ തീരുമാനിച്ചത്'' 

''മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടില്‍ സ്‌നേഹത്തിന്റെയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്റെയും വ്യാപാരിയാണു ഞാന്‍. മലയാളിയായ എനിക്ക് ഏറ്റവും അധിക്ഷേപം സഹിക്കേണ്ടിവന്നിട്ടുള്ളത് കേരളത്തിലെ യാത്രകള്‍ക്കിടയിലാണ്. കറുത്തവരും വിലകുറഞ്ഞ വസ്ത്രമുടുക്കുന്നവരും ആത്മാഭിമാനമില്ലാത്തവരാണെന്ന് ഇവിടത്തെ വിദ്യാസമ്പന്നമായ സമൂഹം കരുതുന്നുണ്ടോ?  പാവങ്ങളെ ചൂഷണംചെയ്യുന്നര്‍ എന്നെ കുരയ്ക്കുന്ന പട്ടിയെന്നാണു വിളിക്കുന്നത്. പരിഷ്‌കാരികളും സമ്പന്നരുമായ നിങ്ങള്‍ അധഃകൃതരെന്നുവിളിച്ചു പരിഹസിക്കുന്ന ജനങ്ങള്‍ക്ക് നീതികിട്ടുവോളം ഞാന്‍ കുരച്ചുകൊണ്ടേയിരിക്കും.'' (മാതൃഭൂമിയോട് കടപ്പാട് ). പാലക്കാട്ടെ ഒരു ചടങ്ങില്‍ ദയാബായി ഇതു പറഞ്ഞിട്ട് ഒരാഴ്ച തികയുന്നതിനു മുൻപേ അവർ പറഞ്ഞത് പോലെയുള്ള അനുഭവം അവർക്ക് വീണ്ടും വന്നു ചേരുമ്പോഴുള്ള ആ മാനസികാവസ്ഥ; ആലോചിക്കാൻ വയ്യ. 

കേരളത്തിൽ പാലായിൽ ജനിച്ച മേഴ്സി മാത്യു, ആവശ്യത്തിന് സാമ്പത്തിക സ്ഥിതിയും ഉന്നത വിദ്യാഭ്യാസവും ഒക്കെ ഉണ്ടായിട്ടും, വളരെ എളുപ്പത്തിൽ നേടാമായിരുന്ന ജീവിതസൌകര്യങ്ങളെ പുല്ലു പോലെ വലിച്ചെറിഞ്ഞ് ആദിവാസികളുടെയും ദളിതരുടെയും "ദയാബായി"" ആയ കഥ.... കാറ്റിനൊപ്പം പാറ്റുകയും ഒഴുക്കിനൊപ്പം നീന്തുകയും ചെയ്യുന്ന കേരളത്തിലെ പ്രായോഗിക വാദികൾ  സമയമുള്ളപ്പോൾ ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഒരു അവാര്‍ഡ് ചടങ്ങു കഴിഞ്ഞ് മറ്റൊരു പരിപാടിയിൽക്കൂടി പങ്കെടുത്ത ശേഷം  തൃശ്ശൂരില്‍ നിന്ന് ആലുവയിലേക്ക് പോകാനായിട്ടാണ് ഇവർ  കെ.എസ്.ആര്‍.ടി.സി. ബസ്സില്‍  കയറിയത്. 

പോലീസ് അകമ്പടിയോടെ ബസ്സിൽ കയറിയ ഈ വന്ദ്യ വയോധികയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല എന്നത് ഒരു അപരാധമായി കണക്കാക്കാനാവില്ല. പക്ഷെ, ദയാബായിയോടെന്നല്ല, ഏതൊരു വ്യക്തിയോടും പ്രത്യേകിച്ച് ഏകയായി യാത്ര ചെയ്യുന്ന ഒരു സ്ത്രീയോട് രാത്രി സമയത്ത് ഒരു പൊതു ഗതാഗത സംവിധാനത്തിലെ ജീവനക്കാർ കാണിച്ച ഈ നെറികേട് കൊടിയ അപരാധമാണ്. ഇതെല്ലാം കേട്ടിട്ട് പ്രതികരിക്കാതിരുന്ന സഹയാത്രികരായ മലയാളി മാന്യന്മാരുടെ നിസംഗതയും നിശബ്ദതയും അത്ര തന്നെ അറപ്പുളവാക്കുന്ന തെറ്റാണ്. ദയാബായിയെ അപമാനിച്ച സംഭവത്തിനു പുറമേ മുൻപ് വിവരിച്ച മറ്റു രണ്ടു സംഭവങ്ങളിലും അതിശയകരവും പൊതുവായും ഉള്ള ഒരു കാര്യമുണ്ട്. അങ്ങേയറ്റം മുൻവിധിയോടെയും അസഹിഷ്ണുതയോടെയും സഹജീവികളോട് പെരുമാറിയത് സാമ്പത്തികമായോ തൊഴിൽപരമായോ അത്യുന്നതിയിൽ നിൽക്കുന്നവർ ഒന്നും അല്ലെന്നുള്ളതാണ്. അന്നന്നപ്പത്തിന് പണിയെടുക്കുന്ന തികച്ചും ഇടത്തരക്കാർ ആണവർ. പ്രത്യക്ഷത്തിൽ നമ്മെക്കാൾ താഴ്ന്നവരായി നമുക്ക് തോന്നുന്നവരോട് നമ്മൾ എടുക്കുന്ന മോശപ്പെട്ട നിലപാടുകളുടെ പ്രതിനിധികൾ തന്നെയാണ് മക്‌ഡോണാള്‍ഡിലെ വാച്ച്മാനും മുല്ലനേഴിയെ കസ്റ്റഡിയിലെടുത്ത പോലീസുകാരനും ദയാബായിയെ അപമാനിച്ച ബസ് ജീവനക്കാരും എല്ലാം.

പ്രിയപ്പെട്ട ദയാബായി, തെളിവില്ലാത്ത ഭരണാധികാരികളും വെളിവില്ലാത്ത അതി ബുദ്ധിമാന്മാരും വാഴുന്ന ഈ നാട്ടിൽ നിന്നു കൊണ്ട് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു....

ഞങ്ങൾ ചിലവിനു കൊടുത്തു തീറ്റിപ്പോറ്റുന്ന ഒരു പൊതു സേവകൻ ("PUBLIC SERVANT ") നിങ്ങളെ അറിയാതെ പോയതിനും അപമാനിച്ചതിനും മാത്രമല്ല...

നിങ്ങൾ നികൃഷ്ടമായി അപമാനിക്കപ്പെട്ടപ്പോൾ, ആ വണ്ടിയിലിരുന്ന യാത്രക്കാരുടെ നാവോ കയ്യോ പൊങ്ങാതിരുന്നതിനും അല്ല...

പ്രായോഗികത മിടുക്കായി കൊണ്ടാടപ്പെടുന്ന ഈ കാലത്ത്, ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് ഞാനും ഇങ്ങിനെയൊക്കെത്തന്നെയാണല്ലോ പെരുമാറുന്നത് എന്നോർത്ത്....

നിങ്ങളുടെ മുന്നിൽ ഞാൻ കടപ്പാടോടെ ശിരസ്സ്‌ കുനിക്കുന്നു...

ഒരു ഈരെഴത്തോർത്തു മാത്രമുടുത്ത് കൊണ്ട് ഒരു സാമ്രാജ്യത്തോട് പോരാടി ജയിക്കാൻ ഒരു ജനതയെ നയിച്ച മഹാത്മാവിന്റെ ആശയങ്ങളുടെ പ്രസക്തി ഈ നാട്ടിൽ ഇല്ലാതാവുന്നു എന്ന നഗ്നസത്യം തുറന്നു കാട്ടിയതിന്....

ലളിത ജീവിതം നയിക്കുന്നതും ജീർണ്ണ  വേഷ വിധാനങ്ങളാൽ ദരിദ്രനാണെന്ന് തോന്നിപ്പിക്കുന്നതും കാഴ്ചയിൽ ഒരു "സ്റ്റാൻഡേർഡ്" ഇല്ലാത്തതും ഒക്കെ കടുത്ത അപരാധമാകുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതിന്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 3 December 2015

എന്റെ ചാണ്ടിച്ചായാ, നിങ്ങളെന്തു വിടലാണ് വിടണത്‌....

വീട്ടിലെ കോഴിക്കൂട്ടിൽ ഒരു കോഴിയുണ്ട്. കോഴിക്കറി വയ്ക്കാൻ  ആവശ്യമായ തേങ്ങ തൊടിയിലെ തെങ്ങിലുണ്ട്. മസാല ഐറ്റംസ് ഷെൽഫിലുണ്ട്. കോഴിക്കറി റെഡി. കോഴിക്കറി കഴിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് വരാം....എന്താന്നല്ലേ...

ഇപ്പോൾ ഇത് പറയാൻ കാരണം, കുറച്ചു നാളുകൾക്കു മുൻപ് കാലടി പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ ശബരി റെയിൽപ്പാതയെ പറ്റി നമ്മുടെ മുഖ്യമന്ത്രി വിട്ട  നട്ടാൽ കിളിർക്കാത്ത വിടലാണ്. 
ഉദ്ഘാടനപ്രസംഗ മദ്ധ്യേ അദ്ദേഹം പറഞ്ഞത് കാലടി വരെ ശബരി റെയിൽ നിർമ്മാണം പൂർത്തിയായി എന്നാണ്. 
അവാർഡ് പടത്തിന്റെ സെക്കന്റ് ഷോയ്ക്ക് ആളുകൾ ഇരിക്കുന്നത് പോലെ അവിടെ ഇവിടെയായി കുറെ മെറ്റലും സ്ലീപ്പറുകളും പണി തീരാത്ത കുറെ അണ്ടർ പാസ്സുകളും ഓവർബ്രിഡ്ജുകളും വടിവൊത്ത കയ്യക്ഷരത്തിൽ ബോർഡ് വച്ച ഒരു റെയിൽവേ സ്റ്റേഷനും...
ട്രാക്ക് ഇടാൻ മണ്ണ് പോലും അടിച്ചു തീർന്നിട്ടില്ല...
പണി പൂർത്തിയായി പോലും...!!! 
ഈ നിയോജകമണ്ഡലത്തിന് പുറത്താണ് ഇത് പറഞ്ഞതെങ്കിൽ വല്ല്യ കുഴപ്പമില്ലായിരുന്നു. സ്ഥിരമായി ശബരി പദ്ധതി കാണുന്നവരോട് തന്നെ അദ്ദേഹത്തിന് ഈ തള്ള് ഇറക്കാതിരിക്കാമായിരുന്നു. 
ഇതിപ്പോ, പെറ്റിട്ട ഉടനെ തള്ളമാർ ഉപേക്ഷിച്ച കുട്ടികൾ താമസിക്കുന്ന അനാഥാലയത്തിൽ വന്നു നിന്ന് മാതൃത്വത്തിന്റെ മഹത്വത്തെ പറ്റി വച്ച് കീറണ പോലെ ആയിപ്പോയി സാറേ....

പ്രസംഗത്തിന്റെ പത്രവാർത്ത താഴെ.

പിന്നീടങ്ങോട്ട്, അങ്കമാലിക്കും കാലടിക്കും ഇടയിൽ ശബരി റെയിൽ കടന്നു പോകുന്ന വിവിധ സ്ഥലങ്ങളായ നായത്തോട്, മറ്റൂർ, പിരാരൂർ എന്നീ സ്ഥലങ്ങളിൽ നിന്നെടുത്ത പദ്ധതിയുടെ ചിത്രങ്ങൾ ആണ്. 

സത്യം ആ ചിത്രങ്ങൾ തന്നെ പറയട്ടെ....

എന്റെ പൊന്ന് സാറേ, നിങ്ങൾ എന്ത് പുണ്യം കിട്ടാനാണ് ആവശ്യമില്ലാത്ത കാര്യത്തിനു നുണ പറയുന്നത് !!???
റെയിൽ പദ്ധതിച്ചിലവ് സംസ്ഥാനം തന്നെ കൂട്ടിയാൽ കൂടില്ല എന്ന് ഒരു മാതിരി ബോധമുള്ളവർക്കൊക്കെ അറിയാം.
അതിന്റെ പണി ഒച്ചിഴയുന്ന പോലെയാണെന്ന് പറഞ്ഞാൽ, ചിലപ്പോൾ ഒച്ച്‌ തന്തക്കും തള്ളക്കും ഒക്കെ വിളിക്കാൻ വഴിയുണ്ട്.
നിങ്ങൾ പൂർത്തിയായി എന്ന് പറഞ്ഞ 
അങ്കമാലി കാലടി റീച്ച്, 50% പോലും പണി കഴിഞ്ഞിട്ടില്ല എന്ന് ഇവിടെ വസിക്കുന്നവർക്കറിയാം. എന്നിട്ട് ഇവിടെ തന്നെ നിന്ന് നിങ്ങൾ ഇത് പറഞ്ഞല്ലോ !!!
അങ്കമാലി കാലടി റീച്ച് എന്ന് പറയുന്നത് മൊത്തം പദ്ധതിയുടെ വെറും 7% ദൂരമാണ്. ഈ പദ്ധതി പ്രഖ്യാപിച്ച വർഷം ജനിച്ച പെണ്‍കുട്ടികൾക്ക് കല്യാണം ആലോചിച്ചു തുടങ്ങി. അക്കാലത്ത് ജനിച്ച പിള്ളേരെല്ലാം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടും ചെയ്തു. അതായത് 116 കിലോമീറ്റർ പദ്ധതിയിലെ 7 കിലോമീറ്റർ പകുതിയാക്കാൻ രണ്ടു ദശാബ്ദങ്ങൾ...അടിപൊളി...


ഈ നമ്മളാണ് ഒരു വർഷം മുൻപ് ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഹൈസ്പീഡ് റെയിൽ കോറിഡോർ പണിയാൻ ഒരുങ്ങിയത്. ഇപ്പോൾ വീണ്ടും അതിനെ പറ്റി കേട്ട് തുടങ്ങുന്നുമുണ്ട്.

അപ്പൊ തൊക്കെ വെറും നമ്പറാ....ല്ലേ...??? ബഹുകേമൻ...!!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Tuesday, 1 December 2015

അടിവസ്ത്രമില്ലാതെ മേല്‍വസ്ത്രമിടാന്‍ നിര്‍ബന്ധിതരാകുമ്പോൾ.....


അടുത്തിടെ നമ്മുടെ മുഖ്യമന്ത്രി വലിയ ദണ്ഡം പ്രകടിപ്പിച്ചു കണ്ടു; ഏതു വികസന പദ്ധതി കൊണ്ട് വന്നാലും മലയാളികള്‍ അതിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുകയാണെന്നും അതില്‍ താന്‍ ഏറെ സങ്കടപ്പെടുന്നുണ്ടെന്നും ഒക്കെയായിരുന്നു ആ കണ്ണീരിന്റെ സാരാംശം. പ്രധാനമന്ത്രി മോദിജിയാണെങ്കില്‍ വികസനം വികസനം എന്ന മന്ത്രം ഉരുക്കൊഴിച്ചാണ് അധികാരത്തില്‍ ഏറിയത് തന്നെ.  ശ്രീ ഉമ്മൻ ചാണ്ടി ഭരണം അവസാനിപ്പിക്കുന്നതിന് മുൻപ് മുഖം മിനുക്കലിന്റെ ഭാഗമായി മിഷൻ 676 പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. മോദിജിയും "ഏക്‌ ഭാരത്‌ ശ്രേഷ്ഠ ഭാരത്‌" എന്ന മുദ്രാവാക്യമുയർത്തി ഭാരതത്തിന്റെ നല്ല നാളുകൾക്കു വേണ്ടി പ്രവർത്തിച്ചു തുടങ്ങുകയാണ്. 'അച്ഛേ ദിന്‍ ആനേവാലേ ഹൈ' (നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു) എന്ന എൻ .ഡി .എ .യുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം കൂടി കണക്കിലെടുത്താൽ, ഇനിയങ്ങോട്ട് വികസനത്തിന്റെ ഒരു കുത്തൊഴുക്കായിരിക്കും നമ്മൾ കാണുക. പക്ഷെ, എന്ത് കൊണ്ടായിരിക്കും  ഒരു ജനത വികസനത്തിന്‌ നേരെ പൊതുവേ പുറം തിരിയുന്നത് ? അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നതിനു മുന്‍പ് ഒരു രാജ്യം എന്നാൽ എന്ത് എന്നും എന്തായിരിക്കണം ഒരു രാജ്യത്തെ വികസനം എന്നും കൂടി  അന്വേഷിക്കേണ്ടതുണ്ട്.


ഒരു രാജ്യം എന്നാൽ അടിസ്ഥാന പരമായി അതിന്റെ ഭൂപ്രദേശവും അതിലെ ജനങ്ങളുമാണ്. ഭൂപ്രദേശം എന്ന് പറയുമ്പോൾ ഭൂമി, അതിന്റെ ഫലഭൂയിഷ്ടത, കാട്, വെള്ളം, ഭൂഗർഭ വിഭവങ്ങൾ, വായു, അന്തരീക്ഷം തുടങ്ങിയ പ്രകൃതി വിഭവ സ്രോതസ്സുകളാണ്...ഒറ്റ വാക്കിൽ പരിസ്ഥിതി എന്ന് പറയാം. ജനങ്ങളെന്നാൽ, സമ്പന്നർ എന്ന ന്യൂനപക്ഷവും മദ്ധ്യവർഗ്ഗവും ദരിദ്രരും അടങ്ങുന്ന മഹാഭൂരിപക്ഷവും എന്നാണു മനസ്സിലാക്കേണ്ടത്. ഈ ഘടകങ്ങളുടെ മൊത്തത്തിലുള്ള വികസനമായിരിക്കണം യഥാർത്ഥ വികസനം. വികസനം മുഖ്യമായും  രണ്ടു തരത്തിലാവണം ഉണ്ടാവേണ്ടത്. ഒന്നാമത്തേത്, വ്യാവസായിക വികസനം. വ്യാവസായിക നിർമ്മാണ  മേഖലയിലെ പുരോഗതിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.  രണ്ടാമത്തേത്, മാനുഷിക വികസനം. എന്ന് വച്ചാൽ രാജ്യത്തെ ജനതയ്ക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധമായ പരിസ്ഥിതി മുതലായവ ലഭ്യമാവുന്ന സാഹചര്യം.  മൊത്തത്തിൽ ആ ജനതയുടെ നല്ല നിലവാരത്തിലുള്ള ജീവിതസാഹചര്യം. ഈ രണ്ടു തരം  വികസനവും ഒരു പോലെ ഉന്നത നിലവാരത്തിലുള്ള ഒരു രാജ്യത്തെയാണ് വികസിത രാജ്യം എന്ന് പറയുന്നത്. എന്നാൽ മാനുഷിക വികസനം ഉന്നത നിലവാരത്തിലും വ്യാവസായിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് മനുഷ്യവിഭവ ശേഷി ധാരാളമുണ്ടെങ്കിലും അവർക്ക് അർഹമായ തൊഴിലവസരങ്ങൾ കുറവായിരിക്കും. ഈ സാഹചര്യത്തിൽ ജനതയുടെ ഒരു നല്ല വിഭാഗത്തിന് തൊഴിൽ കണ്ടെത്താൻ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക പോകേണ്ടതായി വരും. ഇതിനൊരു നല്ല ഉദാഹരണമാണ് കേരളം. നേരെ മറിച്ച്, വ്യാവസായിക വികസനം ഉന്നത നിലവാരത്തിലും  മാനുഷിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് വ്യവസായങ്ങളും സംരഭകരും ധാരാളം ലാഭം ഉണ്ടാക്കുമെങ്കിലും ജനതയുടെ ജീവിത നിലവാരം വളരെ മോശമായിരിക്കും. ഈ പരിതസ്ഥിയിൽ ധനികർ വീണ്ടും വീണ്ടും ധനികരും ദരിദ്രർ വീണ്ടും വീണ്ടും ദരിദ്രരും ആയി മാറും. മഹാരാഷ്ട്രയിലും ഗുജറാത്തിലും തീരെ മോശമല്ലാത്ത തോതിൽ ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. 

വിവിധ കക്ഷികൾ കാലാകാലങ്ങളിൽ മാറി മാറി ഭരിച്ചിട്ടും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കൽഊര്‍ജ്ജ പ്രതിസന്ധി പരിഹരണം, അപാരമ്പര്യ ഊർജോൽപ്പാദനം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പൊതു സൗകര്യങ്ങളുടെ വ്യാപനം, കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ആരോഗ്യ- സൗകര്യങ്ങൾ ലഭ്യമാക്കൽനിലവിലുള്ള റോഡിന്‍റെയും റെയിലിന്റെയും നിലവാരം ഉയര്‍ത്തല്‍, മാലിന്യസംസ്കരണം,  പൊട്ടിത്തകര്‍ന്നു വിനാശം വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം, ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിയ്ക്കൽ, ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കൽ, നഗര വികസനം മുതലായ കാര്യങ്ങളിൽ  നമുക്ക് എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശത-സഹസ്ര കോടികൾ ചെലവ് വരുന്ന പദ്ധതികളോടാണ് നമ്മുടെ ഭരണാധികാരികൾക്ക് പ്രേമം. അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും  വേണ്ടി മാത്രമായി മാറിയിരിക്കുന്നു നവ വികസന പദ്ധതികൾ. സാധാരണക്കാരന്റെയും സാധുക്കളുടെയും, ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു വാങ്ങി കുത്തകകളുടെ കയ്യിൽ  എത്തിച്ചു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ജാലവിദ്യയായി മാറിയിരിക്കുന്നു പുതിയ കാലത്തിന്റെ വികസന പദ്ധതികൾ. 

ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന ഗാന്ധിയൻ തത്വം ആധുനിക ഗാന്ധി ശിഷ്യന്മാർ തന്നെ വലിച്ചു ദൂരെയെറിഞ്ഞു. ഇടക്കാലത്ത് മാറി ഭരിച്ചവരും ഈ തത്വത്തിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇന്ത്യ പോലെ ഉള്ള, ദരിദ്ര-അവികസിത ഗ്രാമങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് അധികാര വികേന്ദ്രീകൃത വികസനമാതൃകകളാണ് അഭികാമ്യം. ഇത് വഴി, സാധാരണക്കാരന് വേണ്ടി സാധാരണക്കാരൻ ഭരിക്കുന്ന ഒരു സംവിധാനം ഉറപ്പു വരുത്താൻ കഴിയും. ഓരോ ചെറു പ്രദേശത്തിന് ആവശ്യമായ അടിസ്ഥാന വികസനം അങ്ങനെ പൊതു പങ്കാളിത്തത്തോടെയും അവരുടെ മേൽനോട്ടത്തിലും നടപ്പിൽ വരുത്താൻ കഴിയും. അങ്ങനെ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം ഇപ്പോഴുള്ളതിന്റെ പകുതി മതി എന്ന സ്ഥിതി സംജാതമാകും. ഇപ്പോഴുള്ള ഭരണ സംവിധാനങ്ങൾ ഗ്രാമസ്വരാജ് എന്ന സങ്കല്പം ഇന്ത്യയിലെ വികസനമേഖലയിൽ നടപ്പിലാക്കുമെന്ന്  പ്രത്യാശിക്കാൻ ഒരു വഴിയും കാണുന്നില്ല.

ഓരോ വികസനപദ്ധതികളും  സര്‍ക്കാര്‍  നടപ്പിലാക്കുന്നത് മുഴുവനായും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല.  റോഡും പാലവുമടക്കം സകല പദ്ധതികളും ഇന്ന് ''ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍'' അടിസ്ഥാനത്തിലാണ് പൊതുവെ നിര്‍മ്മിക്കപ്പെടുന്നത്. ബി.ഒ.ടി. പദ്ധതി എന്നാണു ഇതിന്റെ ഓമനപ്പേര്. വന്‍ മുതല്‍ മുടക്കുള്ള പദ്ധതികൾ സര്‍ക്കാര്‍, വമ്പൻ ബി.ഒ.ടി. ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനികളെ ഏൽപ്പിക്കുന്നു. നിര്‍മ്മാണത്തിനു ശേഷം മുടക്കു മുതല്‍ ടോൾ പിരിവിലൂടെ തിരിച്ചു പിടിക്കാൻ ബി.ഒ.ടി. കമ്പനികളെ അധികാരപ്പെടുത്തുന്നു. പദ്ധതി  കമ്മീഷൻ ചെയ്യുന്ന അന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നു. ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളോ പാലങ്ങളോ മറ്റു പദ്ധതികളോ ടോള്‍ പിരിവ് അവസാനിപ്പിച്ച് പൊതു ഉടമസ്ഥതിയിലേക്ക് കൈമാറ്റം ചെയ്ത സംഭവങ്ങൾ വിരളമാണ്. ചില സഹസ്ര കോടി പദ്ധതികളിൽ ജനം ജീവിതകാലം മുഴുവന്‍ ടോള്‍ കൊടുക്കേണ്ടി വരുമെന്നാണ് കേൾക്കുന്നത്. ബി.ഒ.ടി. കമ്പനികള്‍ ഓരോ വര്‍ഷവും ടോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാല്‍ ബി.ഒ.ടി സംവിധാനം വ്യാപകമാകുന്നതോടെ  എവിടെ തിരിഞ്ഞാലും ടോള്‍ കൊടുക്കണം എന്ന അവസ്ഥ സംജാതമാകാനിടയുണ്ട്. അതല്ലെങ്കിൽ പി.പി.പി. (പബ്ലിക്ക്  പ്രൈവറ്റ് പാർട്ണർഷിപ്പ് ) മാതൃകയിൽ ആണ് വൻ പദ്ധതികൾ കൊണ്ട് വരാറ്. ഇവിടെയും നിസ്സഹായരായ പൊതു ജനമാണ് ഇരയായി തീരാറുള്ളത്. നവ ഹൈ ടെക്ക് വികസനത്തിന്റെ കുഴലൂത്തുകാരായ സര്‍ക്കാരും ടെക്‌നോക്രാറ്റുകളും മാധ്യമങ്ങളും ചേർന്ന്, ഇതിനെയൊക്കെ അനുകൂലിക്കാത്തവരെ വികസനം മുടക്കുന്ന മൂരാച്ചികളായി ചിത്രീകരിക്കുമ്പോൾത്തന്നെ  ഇതിനെയെല്ലാം അനുകൂലിക്കുന്നവരെ മിടുക്കന്മാരായി വാഴ്ത്തുന്നു.


ഏതൊരു നവ വികസന പദ്ധതിയെയും പരിസ്ഥിതി വിരുദ്ധം, ജനവിരുദ്ധം എന്നൊക്കെ പറഞ്ഞ് എതിര്‍ത്തിരുന്ന ഇടതുപക്ഷം പോലും ഇപ്പോൾ ഇത്തരം പദ്ധതികളുടെ വക്താക്കൾ ആയിക്കൊണ്ടിരിക്കുന്നു എന്നത് സാധാരണക്കാരായ ജനങ്ങളെ ഒരു അരക്ഷിത മാനസികാവസ്ഥയിലേക്കെത്തിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം വളരെ സജീവമായി ചർച്ച ചെയ്തിരുന്ന വിപുലമായ സാംസ്കാരിക സമൂഹവും ഇന്നേതാണ്ട് നിശബ്ദമായിരിക്കുന്നു. വികസനത്തിന് ഒരു വിധത്തിലുള്ള മാനുഷിക മുഖവും വേണ്ട എന്ന് തീരുമാനിച്ച് ക്രൂരമായ നീതി നിരാസത്തിലൂടെയാണ്  നമ്മുടെ കൊച്ചു കേരളം പോലും അതിവേഗം നീങ്ങുന്നത്. ഏതൊരു വികസത്തെ മുന്നോട്ടു വയ്ക്കുമ്പോഴും ഒരു വികസന വിരുദ്ധ ന്യൂനപക്ഷം  പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന ആക്രോശങ്ങൾക്ക് ശക്തി കൂടി വരുന്നു. ആ പദ്ധതി കൊണ്ട് പിറന്ന മണ്ണിൽ നിന്ന് വേര് പിഴുതെറിയപ്പെടുന്ന ഇരകളും ചുരുക്കം ചില സത്യാന്വേഷികളും പരിസ്ഥിതി വാദികളും മാത്രമാണീ വികസന വിരുദ്ധ ന്യൂനപക്ഷം. 


വികസനം വികസനം എന്ന് ആക്രോശിക്കാന്‍ വളരെ എളുപ്പമാണ്. അതിനു വേണ്ടി കൂടും കുടിയും ഒഴിഞ്ഞു വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും നഷ്ടപ്പെടുന്നത് എന്റെ തറവാടിന്റെ അസ്ഥിവാരവും അല്ലെങ്കില്‍....മുൻകാലങ്ങളിൽ, മൂലമ്പള്ളിയിലും അത് പോലെ മറ്റു പദ്ധതി പ്രദേശങ്ങളിലും, കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും  ജനങ്ങള്‍ മറന്നിട്ടില്ല. 

ജനതയുടെ ബഹു ഭൂരിപക്ഷത്തിനും ഉപയോഗപ്പെടുന്ന വികസനം അത്യാവശ്യമാണ്? വികസനം മുകളിലേക്ക്‌ മാത്രമല്ല ആവശ്യം. താഴേയ്‌ക്കും വശങ്ങളിലേക്കും വേണം. അപ്പോഴാണ്‌ അത് സമഗ്ര വികസനമാകുന്നത്. അത് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളില്‍ നിന്ന് തുടങ്ങണം. ഒരു ദേശത്ത് ജീവിക്കുന്ന എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടത്തിനു സാധിക്കുന്നിടത്താണ് വികസനത്തിനു ആത്മാവ് ഉണ്ടാവുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാധാരണക്കാരന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ എത്ര വലിയ വ്യവസായശാലകള്‍ വന്നാലും വ്യാപാര സമുച്ചയങ്ങൾ കൊണ്ട് വന്നാലും യഥാർത്ഥ വികസനം യാഥാര്‍ത്ഥ്യമാകില്ല. താഴേത്തട്ട് മുതൽ നടപ്പാക്കേണ്ട ഒഴിവാക്കാനാവാത്ത അടിസ്ഥാന ആവശ്യങ്ങളെ ചിട്ടയായ പഠനങ്ങളിലൂടെ കണ്ടെത്തി അത് നടപ്പാക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കു വേണം. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും നമ്മൾ നേടിയെടുക്കെണ്ടതുണ്ട്. അല്ലാതെ, ജനങ്ങ ളുടെ നികുതിപ്പണം കൊണ്ട് അവർക്ക് ലഭിക്കേണ്ട അടിസ്ഥാന ജീവിത സൗകര്യങ്ങളെ  ഇല്ലായ്മ ചെയ്തു കൊണ്ടും അവഗണിച്ചു കൊണ്ടും, ഏറ്റവും അവസാനം മാത്രം നടപ്പിലാക്കേണ്ട നവ ഹൈ ടെക്ക് പുരോഗതി ആദ്യമേ ഇറക്കുമതി ചെയ്യാന്‍ തുനിയുമ്പോൾ അത് അടിവസ്ത്രമില്ലാതെ മേല്‍ വസ്ത്രം ധരിച്ച പോലെ അശ്ളീലം ആയിരിക്കും.

അത് കൊണ്ട്, ഭരിക്കുന്നവരോട് വിനീതമായി ഒന്നേ അഭ്യർത്ഥിക്കാൻ ഉള്ളു.........

കോണകമുടുക്കാതെ പാളത്താറുടുക്കാൻ ഈ ദരിദ്ര ജനതയെ നിർബന്ധിക്കരുതേ.....

അടുത്തിടെ കേട്ട നവ ഹൈടെക് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ താഴെ കൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യുക....കേരളത്തിന്‌ താങ്ങാനാകുമോ ഒരു അതി വേഗ റെയില്‍ പാത (HIGH SPEED RAIL CORRIDOR - HSRC) ?

ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയായിരുന്നു ?


കോരൻ ഒരു വികസന നായകൻ ആയ കഥ................
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 8 October 2015

മലർ മിസ്സിന്റെ ആരാധകർക്ക് ദീപ ടീച്ചറിന്റെ നിലപാട് മനസിലാകുമോ....???

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തോടുള്ള പ്രതിഷേധ സൂചകമായി രാജ്യവ്യാപകമായി പല തരം പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇതേ സംഭവത്തിലുള്ള പ്രതിഷേധം എന്ന നിലയിലാണ്, തൃശൂർ കേരള വർമ്മ കോളേജിൽ എസ്എഫ് ഐ സംഘടനയിൽ പെട്ട വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്തിയത്. എസ്എഫ് ഐ വിദ്യാര്‍ഥികളുടെ ഈ സമരത്തെ പേശീബലവും ആയുധബലവും ഉപയോഗിച്ച് തടയാൻ ശ്രമിച്ച ഏ ബി വി പി ക്കാരും എസ്എഫ് ഐ കാരും തമ്മിൽ ഉശിരൻ പോരാട്ടം തന്നെ കാമ്പസ്സിൽ നടന്നിരുന്നു. എന്നാൽ കാമ്പസ്സിൽ നടന്ന കാര്യങ്ങളെ പറ്റി കോളേജിലെ ഒരു പൂര്‍വവിദ്യാര്‍ഥി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായി അവിടത്തെ യുവ അധ്യാപികയായ ദീപ നിഷാന്ത് ഇട്ട മറുപടിയാണ് ചില തൽപ്പരകക്ഷികൾ ചേർന്ന് ഇപ്പോൾ വൻ വിവാദമാക്കിയിരിക്കുന്നത്. 

ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ, നാം ജീവിക്കുന്ന സമൂഹത്തിൽ ഒരു തെറ്റോ അനീതിയോ സംഭവിച്ചാൽ പ്രതികരണശേഷി നഷ്ടപ്പെടാത്ത ഏതൊരു വ്യക്തിയും അതിനെതിരെ പ്രതികരിക്കുക എന്നത് സ്വാഭാവികം മാത്രമായ ഒരു കാര്യമാണ്. ഈ വിവാദം ഉണ്ടാകുന്നതിനും വളരെ വളരെ മുൻപേ ഞാനിവരെ ശ്രദ്ധിച്ചിട്ടുണ്ട്. കുറെ കാലമായി ഞാൻ ഫോളോ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ വ്യക്തിത്വമാണ് ഈ ടീച്ചർ. ലളിതഗംഭീരമായ മലയാള ഭാഷയിൽ സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ്‌ ചെയ്യാറുള്ള കൊച്ചു കൊച്ചു കുറിപ്പുകൾ വളരെ താല്പര്യത്തോടെയാണ് ഞാൻ വായിക്കാറുള്ളത്. ഓർമ്മക്കുറിപ്പുകൾ അടക്കമുള്ള ഇവരുടെ പോസ്റ്റുകൾ മിക്കവയും മനുഷ്യപക്ഷത്തു നിൽക്കുന്നവയായിരുന്നു. ആനുകാലികമായ വിഷയങ്ങളോട് അവരുടെതായ ശൈലിയിൽ അവർ പരതികരിക്കുന്നതും കാണാറുണ്ട്‌. സാമൂഹ്യവിമർശനവും സ്വയം വിമർശനവും എല്ലാം ഇവരുടെ പോസ്റ്റുകളിൽ കാണാറുണ്ട്‌. ഒരിക്കൽ പോലും തരം താണ സോഷ്യൽ മീഡിയ ചർച്ചകളിൽ ഇവർ ഭാഗമാകുന്നത് കണ്ടിട്ടില്ല. ഞാൻ മനസ്സിലാക്കുന്നിടത്തോളം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണി വർക്ക്‌ ഈ ജോലി ലഭിച്ചത്. ഭൂരിഭാഗം വിദ്യാർഥികൾക്കും ഇവരെ പറ്റി നല്ല അഭിപ്രായം മാത്രമാണുള്ളത്. ഇത് കേരളവർമ്മയിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ പറഞ്ഞുള്ള അറിവാണ്. ഇപ്പോൾ, ഏതോ ഒരു വ്യക്തി ഇട്ട ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ അവർ അവരുടെ സുചിന്തിതമായ സ്വന്തം അഭിപ്രായം സധീരം പോസ്റ്റ്‌ ചെയ്യുന്നു. ഈ നാട്ടിൽ മത സാമുദായിക സൗഹാർദ്ദം നിലനിൽക്കണമെന്നും സമാധാന അന്തരീക്ഷം പുലരണമെന്നും ആഗ്രഹിക്കുന്ന, സ്വയം ചിന്തിക്കാന്‍ ശേഷിയുള്ള ഏതൊരാളും പ്രകടിപ്പിക്കുന്ന ഒരു അഭിപ്രായം മാത്രമാണ് ഇവരും പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ഒരു രാജ്യത്താണ് ഞാനും നിങ്ങളും ആ ടീച്ചറും ജീവിക്കുന്നത്. ആ അഭിപ്രായം തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല എന്ന ഒരേയൊരു കാരണത്താല്‍ ചില ആളുകൾ അവരുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഇവിടെ താലിബാന്റെയും ഐ എസിന്റെയും ഒക്കെ സ്വരം തന്നെയാണ് കേൾക്കുന്നത്.  ഈ നല്ല അധ്യാപികയെ പുറത്താക്കേണ്ടത് ഇപ്പോള്‍ ഹിന്ദു സംഘടനകളുടെ ദുരഭിമാന സംരക്ഷണത്തിനു അത്യന്താപേഷിതമായി വന്നിരിക്കുന്നു. താനെഴുതിയ ആ കമ്മന്റ് തന്റെ സ്വന്തം അഭിപ്രായം ആണെന്ന് അർത്ഥശങ്കക്കിടയില്ലാതെ  ആവർത്തിച്ച് വ്യക്തമാകുന്ന ഈ ടീച്ചറെ സംരക്ഷിച്ചു നിർത്തേണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കല്പ്പിക്കുന്ന ഏതൊരാളുടെയും കർത്തവ്യമാണ്. ഇവരുടെ കോളേജിലെ തുടർന്നുള്ള നില നില്പ്പിനു വേണ്ടി പോരാടാൻ ഏറ്റവും സാധ്യതയുള്ളത് അവരുടെ സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും തന്നെയാണ്. ഈ കടുത്ത സമ്മർദ്ദങ്ങൾടയിലും താൻ ഇട്ട കമ്മന്റ് ഡിലീറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നില്ക്കുന്ന ഈ ടീച്ചർ പഠിപ്പിക്കുന്ന വിദ്യാർഥികൾക്ക് അഭിമാനിക്കാൻ വകയുണ്ട്. മലർ മിസിന്റെയും ശശികല ടീച്ചറിന്റെയും ആരാധകർക്ക് ഈ ടീച്ചറുടെ തെളിഞ്ഞ നിലപാടുകൾ മനസിലാകുമോ ആവോ...

ഫാസിസത്തിനും അനാചാരങ്ങൾക്കും എതിരെ ഉയരുന്ന ശബ്ദങ്ങളെ തോക്ക് കൊണ്ടും കുറുവടി കൊണ്ടും നിശബ്ദരാക്കുന്ന ഈ കെട്ട കാലത്ത്, നിവർന്ന നട്ടെല്ലും ഉറച്ച വാക്കുകളുമായി നക്ഷത്ര ശോഭയോടെ തന്റെ നിലപാടുകളിൽ ഉറച്ചു നില്ക്കുന്ന ഈ അധ്യാപികയ്ക്ക് അച്ചായത്തരങ്ങളുടെ വക ഒരായിരം അഭിവാദ്യങ്ങൾ...

ഒരു കാര്യം കൂടി : ദീപ ടീച്ചർക്കുള്ള അതേ മൗലികാവകാശം തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ രാഹുൽ ഈശ്വറിനും ഉള്ളത്. അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതിന് അയാളുടെ കാറും മണ്ടയും എറിഞ്ഞു പൊട്ടിക്കുന്നതും ഫാസിസം തന്നെയാണ്.

റിവേഴ്സ് ഗിയർ : ഏതാനും വർഷങ്ങൾക്ക് മുൻപ് ചില വർഗീയ അജണ്ടകളുടെ പേരിൽ വർഗീയവാദികൾ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം ഇവിടെ ഓർമ്മ വരുന്നു. അന്ന് ക്രൂരമായ അച്ചടക്ക നടപടികളിലൂടെ കോളേജ് മാനെജ്മെന്റ് സംഭവത്തിലെ യഥാർത്ഥ പ്രതികളോട് ഐകദാർഡ്യം പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ദീപ ടീച്ചറിന് നേരെ പ്രയോഗിക്കാനുള്ള കൊടുവാളും അവരുടെ മാനേജ്മെന്റ്റ് രാകി മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്.

ഗോമാംസ വിലക്കും ഗോവധ നിരോധനവും വിഷയമാക്കി എഴുതിയ പോസ്റ്റ്‌ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...==>>> "വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 6 October 2015

"വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന യു പിയിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച്  മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊലപ്പെടുത്തിയ വാർത്ത തെല്ലു നടുക്കത്തോടെയാണ് വായിച്ചു തീർത്തത്. അഖ് ലാഖിന്റെ വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ഇദ്ദേഹത്തിന്റെ ഒരു മകൻ രാജ്യസേവനം ചെയ്യുന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ ആണ്. ഒരു വ്യോമസേന ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കുകയും അദ്ദേഹത്തിന്റെ അച്ഛനെ കൊല്ലുകയും സഹോദരനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ഒരു ക്ഷേത്രത്തിലെ മൈക്ക് ഉപയോഗിക്കുകയും ചെയ്തിട്ടും രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ വാ തുറന്നു ഒരക്ഷരം പറഞ്ഞില്ല. സംഭവത്തെ തുടർന്ന് സാധ്വി പ്രചി, സാക്ഷി മഹാരാജ് തുടങ്ങി പല ബി ജെ പി നേതാക്കളും പതിവ് വാക് അതിസാരവുമായി നാട് നിറഞ്ഞാടുന്നുമ്പോൾ ഇതിന് ഒരു സാധാരണ സംഭവം എന്നതിൽക്കവിഞ്ഞ ഒരു പ്രാധാന്യവും ഭരണാധികാരികൾ കൊടുക്കുന്നത് കണ്ടില്ല എന്നതാണ് കൂടുതൽ നടുക്കിയത്.

സമ്പൂർണ്ണ ഗോവധ നിരോധനം സംഘ പരിവാറിന്റെ പ്രഖ്യാപിത അജണ്ടയായിട്ട് കാലമേറെയായെങ്കിലും, നിർബന്ധിത ഗോമാംസ വിലക്ക്, രാജ്യ വ്യാപക സമ്പൂർണ്ണ ഗോവധ നിരോധനം മുതലായ ആവശ്യങ്ങൾക്ക് വീണ്ടും ശക്തി പ്രാപിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിൽ  സമ്പൂർണ്ണ ഗോവധ നിരോധനം നടപ്പിലാക്കിയതോടെയാണ്. യഥാർത്ഥത്തിൽ ഇതൊരു പുതിയ നിയമമായിരുന്നില്ല. ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുൻപ് മഹാരാഷ്ട്ര ഭരിച്ച ബി.ജെ.പി.ശിവസേന സര്‍ക്കാറാണ് കര്‍ശനമായ ഗോവധ നിരോധന ചട്ടങ്ങള്‍ നിയമസഭയിൽ അവതരിപ്പിച്ചത്. സമ്പൂര്‍ണ ഗോമാംസ നിരോധനം ലക്ഷ്യമിട്ട് പാസാക്കിയ ഈ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയച്ചു കൊടുത്തെങ്കിലും 19 വർഷം അനുമതിയില്ലാതെ ഫയലിൽ കിടന്നു. ഇതിനിടെ വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ഭരിച്ചെങ്കിലും ബില്ലിന് ശാപമോക്ഷം ലഭിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും മഹാരാഷ്ട്രയില്‍ ബി.ജെ.പി.ശിവസേന സഖ്യം അധികാരത്തിലെത്തിയപ്പോള്‍ പഴയ ബില്ലിന് ജീവൻ ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരവും കൂടി ലഭിച്ചതോടെ, മഹാരാഷ്ട്രയില്‍ മാംസത്തിനായി ഏതുപ്രായത്തിലുള്ള പശുവിനെയും കാളയെയും കശാപ്പുചെയ്യുന്നതും പശുവിന്റെയോ കാളയുടെയോ മാംസം ഭക്ഷണത്തിനുപയോഗിക്കുന്നതും ഇത് കൈവശം വെയ്ക്കുന്നതും കുറ്റകരമായി. അഞ്ചുകൊല്ലംവരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റം. 1976 മുതല്‍ മഹാരാഷ്ട്രയില്‍ പശുക്കളെ കൊല്ലുന്നത് ഭാഗികമായി തടയുന്ന നിയമം നിലവിലുണ്ട്. പക്ഷെ, ആ നിയമപ്രകാരം, ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍, പാലുത്പാദനശേഷിയില്ലാത്ത പശുക്കളെയും അതി കഠിന ജോലിക്കുപയോഗിക്കാനാകാത്ത കാളകളെയും കന്നുകുട്ടികളെയും കൊല്ലാമായിരുന്നു. നിയമത്തിലെ ഈ പഴുതുകൾ ദുരുപയോഗംചെയ്യുന്നതു തടയാനാണ് 1995 ല്‍ കർശനമായ പുതിയ ചട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. മഹാരാഷ്ട്രയില്‍ എന്‍.സി.പി.യൊഴികെ ബി.ജെ.പി.യും ശിവസേനയും കോണ്‍ഗ്രസ്സും പുതിയ നിയമത്തെ പിന്തുണക്കുന്നവർ ആണ്. 

ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഗോവധ നിരോധന നിയമം നിലവിലുണ്ട്. പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളിലൊക്കെ തന്നെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള കാലികളെ ഇറച്ചിയ്ക്കു വേണ്ടി ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ ഗോവധനിരോധം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവധ നിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ഈ ചട്ടങ്ങൾ പാസാക്കിയെടുത്തത്. ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍, കൃഷിയും മൃഗസംരക്ഷണവും സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ കൃഷിയും മൃഗസംരക്ഷണവും ആധുനികവും ശാസ്ത്രീയവുമായ സമീപനത്തോടെ കൈകാര്യം ചെയ്യണമെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും വ്യക്തമാക്കുന്നുണ്ട്. ഒപ്പം വിവിധ കന്നുകാലിയിനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മേന്മ വര്‍ധിപ്പിക്കുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്നും പശുക്കളുടെയും കന്നുകുട്ടികളുടെയും കശാപ്പ് നിരോധിക്കണമെന്നും, അതുപോലെ പാല്‍ തരുന്നതും ഭാരം വഹിക്കുന്നതുമായ എല്ലാ വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും സംരക്ഷിക്കണമെന്നും അവയുടെ കശാപ്പുതടയണമെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 

മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചതും, 'ഗോമാംസത്തിന്റെ' കച്ചവടം തടഞ്ഞതും മഹാരാഷ്ട്രയില്‍ മാത്രമല്ല, മാട്ടിറച്ചി കഴിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏറെ പൊതു ജന രോഷത്തിനു വഴിയൊരുക്കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് രാജ്യവ്യാപകമായി ഗോവധ നിരോധനം കൊണ്ട് വരുന്നതിന്റെ സാധ്യതയെ പറ്റി ആരായുക കൂടി ചെയ്തതോടെ ഈ വിഷയം ദേശീയ തലത്തിൽ വ്യാപക ചർച്ചയായി മാറി എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കന്നുകാലികളുടെയും ശാസ്ത്രീയസംരക്ഷണം ഭരണഘടന വിഭാവനം ചെയ്യുന്നതാണെങ്കിൽ പോലും, വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി ഗോവധ നിരോധനം തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിക്കാട്ടിയിരുന്ന കക്ഷികൾ ഭരണത്തിൽ വന്നപ്പോൾ കൊണ്ട് വന്ന കർശനമായ വിലക്ക്, ഗോമാംസം ഭക്ഷിച്ചിരുന്ന തങ്ങള്‍ അവഗണിക്കപ്പെടുകയാണോ എന്ന ഭീതി മതന്യൂനപക്ഷങ്ങളിലും ദളിതരിലും വളരാൻ കാരണമായി. ഇന്നലെ വരെ തങ്ങൾ കഴിച്ചിരുന്ന ഭക്ഷണം സൂക്ഷിക്കുന്നതോ കൈവശം വയ്ക്കുന്നതോ, അതീവ അപകടകാരിയും മാരകവുമായ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് പോലെ തന്നെയാണ് നിയമം കാണുന്നത് എന്ന് വരുമ്പോൾ ഉണ്ടാകുന്ന മനോവ്യഥ ചെറുതല്ല.  

രാജ്യ വ്യാപകമായി ഗോവധ നിരോധനവും ഗോമാംസ വിലക്കും വീണ്ടും  ചർച്ചയായി മാറുന്ന ഈ അവസരത്തിൽ, അമിത വൈകാരികതയുടെയും തീവ്ര രാഷ്ട്രീയ നിലപാടുകളുടെയും മഞ്ഞക്കണ്ണട ഊരി മാറ്റിയിട്ട് നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ, ഉത്തരം തേടുന്ന ഒരു പാട് ചോദ്യങ്ങൾ വിശുദ്ധ പശു അവശേഷിപ്പിക്കുന്നു.... 

ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ? എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലില്ലേ ? ഹിന്ദുസംസ്കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? 

ഭരണഘടന അനുവദിച്ചു നൽകുന്ന ശാസ്ത്രീയമായ പരിരക്ഷണത്തിന്റെ ആനുകൂല്യം, വളര്‍ത്തുമൃഗങ്ങളില്‍ പശുവിനും കാളയ്ക്കും മാത്രം ലഭിക്കുമ്പോള്‍ പോത്തും ആടും കോഴിയും ഒക്കെ ഒഴിവാക്കപ്പെടുന്നത് ക്രൂരമായ പാർശ്വവൽക്കരണമല്ലെ ?

നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണത്തിൽ ഊന്നി താരതമ്യങ്ങൾ സാധ്യമല്ലാത്ത വിധം വൈവിധ്യം നിറഞ്ഞ മത വിശ്വാസങ്ങൾ, ഭക്ഷണശൈലി, സാമൂഹ്യ ജീവിത ശൈലി, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ഭാഷകളും ഭാഷ ശൈലികളും, വസ്ത്ര ധാരണ ശൈലികൾ തുടങ്ങി എന്തിലും ഏതിലും സങ്കീർണ്ണത കരുതി വയ്ക്കുന്ന ഒരു ജനതയുടെ ഭക്ഷണരീതികളിൽ ഭരണകൂടം ഇടപെടുന്നത് നീതിപൂർവ്വകമാണോ ?

മതനിരപേക്ഷമായ ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ, പശുവിനെ മാതാവായി കാണുന്നവർ അങ്ങിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ ആടിനെയും പോത്തിനെയും കോഴിയെയും കാളയെയും ഭക്ഷിക്കാൻ ഇഷ്ടമുള്ളവർക്ക് അതിനും സ്വാതന്ത്ര്യം നൽകേണ്ടതല്ലേ ? അല്ലെങ്കിൽ നാളെ മറ്റ് ഏതെങ്കിലും മതവിഭാഗക്കാർ പന്നി അവരുടെ അമ്മാവനാണ്, കോഴി അവരുടെ അച്ഛനാണ്, ആട് കുഞ്ഞമ്മയാണ്, പോത്ത് അപ്പൂപ്പനാണ് എന്നൊക്കെ പറഞ്ഞു വന്നാൽ അതൊക്കെ നിരോധിക്കേണ്ടി വരില്ലേ ? 

കർശനമായ നിയമം മാട്ടിറച്ചിയുടെ വില വര്‍ധിപ്പിച്ച്, പൊതുവെ മാംസാഹാരികളായ ന്യൂന പക്ഷങ്ങളുടെയും ദളിതരുടെയും ജീവിതം ദുരിതപ്പെടുത്താനുള്ള സാധ്യത സജീവമല്ലേ ? 

ലോകത്ത് ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ബീഫ് കയറ്റുമതിയില്‍ നിന്നു കിട്ടുന്ന പണത്തിന് വിലക്കില്ലാത്ത രാജ്യത്താണ് ഒരു കഷണം ബീഫ് വീട്ടിൽ സൂക്ഷിച്ചെന്നതിന്റെ പേരിൽ ഈ രാജ്യത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നതിന്റെ ന്യായീകരണം എന്താണ് ?

അന്താരാഷ്ട്ര വിപണിയില്‍ വളരെയേറെ ആവശ്യക്കാർ ഉള്ള, ഇന്ത്യൻ ബീഫ്, തുകൽ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ മുതലായവയുടെ കയറ്റുമതിയിലൂടെ ഒഴുകി വരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യം ഇന്ത്യക്ക് നഷ്ടമാവില്ലേ ?

മാംസ വ്യാപാരത്തില്‍ പ്രധാനമായും ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷസമുദായക്കാരും പിന്നോക്കക്കാരും ഇതു തങ്ങളോടുള്ള വിവേചനമാണെന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകുമോ ?

അറവുശാലകൾ, മാട്ടിറച്ചി വില്‍പ്പനശാലകൾ, മാട്ടിറച്ചി കയറ്റുമതി, തുകൽ സംസ്കരണം, എല്ല് സംസ്കരണം മുതലായ വ്യവസായങ്ങളിൽ പങ്കാളികളായ സംരഭകർ, തൊഴിലാളികൾ തുടങ്ങി ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെട്ടു ജീവിതം വഴി മുട്ടില്ലേ ?

കശാപ്പ് ഒഴിവാക്കുന്നതിലൂടെ അതിജീവനം നേടുന്ന ലക്ഷക്കണക്കിന്‌ ഉരുക്കളെയും പാലുത്പാദനത്തിലും കാര്‍ഷികപ്രവൃത്തികളിലും ഉപയുക്തമാല്ലാതെ വരുന്ന കന്നുകാലികളെയും പാർപ്പിക്കാനും സംരക്ഷിക്കാനും വേണ്ടത്ര സാമ്പത്തിക ഭദ്രത കർഷകർക്കുണ്ടാകുമോ ? 

രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ദ്ധനവിന്റെ തോതുമായി തട്ടിച്ചു നോക്കുമ്പോൾ വളർത്തു മൃഗസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഏതാണ്ട് മൂന്നു മടങ്ങാണ്. ഗോവധ നിരോധനം ഈ സംഖ്യയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്നത് ശ്രദ്ധയോടെ പഠിക്കേണ്ട വിഷയമല്ലെ ?

കശാപ്പു നിരോധനം മൂലം നിയന്ത്രണാതീതമായി പെരുകുന്ന ഉരുക്കൾക്ക് ഭ്രാന്തിപ്പശു രോഗം, കുളമ്പു രോഗം, അകിടുവീക്കം, ആന്ത്രാക്സ്  മുതലായ പകർച്ച വ്യാധികൾ പടര്ന്നു പിടിച്ചാൽ ഇവയെ കൊല്ലാൻ നിയമം അനുവദിക്കുമോ ?

മാട്ടിറച്ചി ഭക്ഷിക്കുന്നതിലൂടെ ലഭിച്ചിരുന്ന ജന്തുജന്യ പ്രോട്ടീനിന്റെ അഭാവം, പ്രോട്ടീന്‍ ന്യൂനത മൂലമുള്ള രോഗങ്ങള്‍ വർദ്ധിക്കാൻ  ഇടയാക്കില്ലേ ? 

ഗോമാതാവിന്റെ വിശുദ്ധി ചോദ്യം ചെയ്യാൻ പാടില്ലാത്തത് പോലെ തന്നെ പ്രധാനമല്ലേ, ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന ജനതയുടെ ഭക്ഷണശൈലിയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് കൈ കടത്താതിരിക്കുക എന്നതും ? ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റുള്ളവരിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നത്‌ നീചവും നിന്ദ്യവും അധാര്‍മികവും ജനാധിപത്യ ധ്വംസനവുമല്ലെ ? ഇത് വഴി ലിബറല്‍ ആശയങ്ങൾ കുഴിച്ചു മൂടപ്പെടുകയും ഒരു തരം വിവേചനബോധവും അരക്ഷിതബോധവും വളർന്നു വരികയും ചെയ്യില്ലേ ? 

അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങളില്‍ നിന്ന് ആധുനിക ജനാധിപത്യ ഭരണകൂടം ഒഴിഞ്ഞുമാറുന്നത് ശരിയാണോ ?

STOP PRESS : ഭരണഘടനാപരമായി ഇതൊരു സംസ്ഥാന വിഷയമായതിനാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാകാൻ എന്തായാലും കുറെയേറെ സമയം എടുക്കും...അക്കൗണ്ട്‌ ഒന്ന് തുറന്ന് നിയമസഭയിൽ കയറിയാലല്ലേ ഇതൊക്കെ നടക്കൂ...പൊറോട്ടയും ബീഫും ദേശീയ ഭക്ഷണമായി കരുതുന്ന മലയാളി, ബീഫ് കിട്ടില്ല എന്ന സാഹചര്യം മുന്നിൽ കണ്ടാൽ പിന്നെ അക്കൗണ്ട്‌ തുറക്കാൻ സമ്മതിക്കുമോ എന്ന് കണ്ടു തന്നെ അറിയണം....മാത്രവുമല്ല, എനിക്ക് പശു - കാള ഇറച്ചിയോട് വല്യ താൽപ്പര്യം ഇല്ലാത്തതിനാൽ ഗോമാംസ നിരോധനം വന്നാലും കുഴപ്പമില്ല....ഞാൻ ബാക്കിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം...യേത്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 5 October 2015

ഹൃദയത്തിന്റെ നിറവിൽ അധരം സംസാരിക്കുന്നു....

മോഡിയും അമിത് ഷായും ചേർന്ന് ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തി വിട്ട ശേഷം നടേശഗുരു നാവെടുത്ത്‌ അമ്മാനമാടുകയാണ്. വെട്ടു കൊള്ളാത്തവരില്ല കുരിക്കളിൽ എന്ന മട്ടിൽ ആരെയും വിടാതെ വെട്ടി വീഴ്ത്തുകയാണ്. വി.എസ്.അച്യുതാനന്ദന്‍ ശിഖണ്ഡിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നികൃഷ്ടജീവിയുമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ രണ്ടു മുന്നണികൾക്കിട്ടും മേട്ടം കൊടുത്തു. ഈഴവസമുദായത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ ഇറക്കിവിട്ടിരിക്കുന്ന പോരുകോഴിയാണ് അച്യുതാനന്ദന്‍ എന്നും സവര്‍ണമേധാവികള്‍ എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ വായിക്കുക മാത്രമാണ് വി.എസ്. ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്ത് എൽ ഡി എഫിനെ കുറേക്കൂടി കടന്നാക്രമിച്ചു. ഇമ്മാതിരി പദപ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കേരള പൊതു മണ്ഡലത്തിൽ ഉറക്കെ കേൾക്കുന്നത് ആദ്യമായൊന്നുമല്ല. ഇടതു വലതു ഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ തീരെ നല്ലതല്ലാത്ത പദപ്രയോഗങ്ങൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ പോൾ ചിറ്റിലപ്പിള്ളി മെത്രാനെ നികൃഷ്ടജീവി എന്ന് വിളിച്ചപ്പോഴും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്  എൻ കെ പ്രേമചന്ദ്രനെ "പരനാറി" എന്ന് വിളിച്ചപ്പോഴുമാണ് പൊതു രംഗത്തുള്ളവർ നാക്ക്‌ മോശമായി ഉപയോഗിക്കുന്നതിനെപ്പറ്റി വ്യാപകമായ ചർച്ച നടന്നത്. ചില സന്ദർഭങ്ങളിൽ മുദ്രാവാക്യങ്ങളിൽ പോലും മാന്യതയുടെ നിലവാരം തീരെ താഴെ പോകാറുണ്ട്. ഇവിടെയും ഈ നിലവാരത്തകർച്ചയ്ക്കു ഇടതു വലതു പക്ഷ ഭേദമില്ല എന്നതു ശ്രദ്ധേയമാണ്. 

രാഷ്ട്രീയം ഇത്ര കണ്ടു ജീർണ്ണിക്കുന്നതിനു മുൻപ് തന്നെ ഈ സാംസ്കാരികശൂന്യത നില നിന്നിരുന്നു. ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ നിരീക്ഷിച്ചതനുസരിച്ച് സ്ത്രീപുരുഷന്മാരുടെ രഹസ്യാവയവങ്ങളുടെ പേരുകള്‍ ഭംഗ്യന്തരേണ മുദ്രാവാക്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. ചേര്‍ത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാരും തലകുനിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജാഥകളില്‍ മുഴങ്ങുന്നതില്‍ ആരും ഒരപാകതയും കണ്ടില്ല. യുവതികളും കുട്ടികളും ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു ഗാന്ധിശിഷ്യത്വം അവകാശപ്പെടുന്നവര്‍ അന്നു കേരളത്തില്‍ തെളിയിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ നമ്മുടെ സാംസ്‌കാരികരംഗത്തേക്ക് സംസ്‌കാരശൂന്യത സംഘടിതമായി ആക്രമിച്ചു കടന്നത് അക്കാലത്താവണം.

തീവ്ര കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭൂതകാലത്ത് എ.കെ. ഗോപാലന്‍ രോഗക്കിടക്ക വിട്ടു ആരോഗ്യവാനായി വന്നത് സഹിക്കാതെ പോയ അന്നത്തെ കോണ്‍ഗ്രസ് വിളിച്ച മുദ്രാവാക്യമായിരുന്നു “കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ” എന്നത്. 

ഈഴവ (ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ കോണ്‍ഗ്രസുകാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന വെന്തിങ്ങാ ക്രിസ്ത്യാനികൾ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.  

ശരീഅത്ത് വിവാദകാലത്ത് ഈ എം എസ്സിനെതിരെ “രണ്ടുംകെട്ടും നാലുംകെട്ടും ഇ.എമ്മെസിന്റെ ഓളേം കെട്ടും” എന്ന് വിളിച്ചതും വലതു പക്ഷം തന്നെ. 

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

"വര്‍ഷം പത്തു കഴിഞ്ഞോട്ടെ
ഈ പിള്ളേരൊന്നു വളര്‍ന്നോട്ടെ
ഈ എം എസ്സിനെ ഈയല് പോലെ

ഇല്ലത്തേക്ക് പറപ്പിക്കും" എന്ന് കോണ്‍വെന്റ് സ്കൂൾ പിള്ളേരെക്കൊണ്ട്‌ വരെ എട്ടു പറയിപ്പിച്ചത് ആദർശത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും ആൾരൂപമെന്ന് വാഴ്ത്തപ്പെടുന്ന ഏ കെ ആന്റണിയും അന്നത്തെ വലതു പക്ഷ വിദ്യാർഥി നേതാവായിരുന്ന വയലാർ രവിയും സംഘവും ആണ്. 

പിന്നീട് തൊണ്ണൂറുകളിലെ തെരുവുകളിൽ ചോരപ്പുഴ ഒഴുകിയ ഇടതുവിദ്യാർത്ഥി സമരത്തിലാണ് താഴെപ്പറയുന്ന മുദ്രാവാക്യങ്ങൾ കേട്ടത്...

"കേരള നാട്ടിലെ വിദ്യാഭ്യാസം 
എസ് എന്‍ ഡി പി സംഘക്കാര്‍ക്കും
പാലായിലെ പാതിരിമാര്‍ക്കും
കണ്ണൂരിലെ കേയിമാര്‍ക്കും
സമസ്ത കേരള നായന്മാര്‍ക്കും
എന്‍ ആര്‍ ഐ വ്യവസ്സായിക്കും
വിറ്റ് തുലക്കാന്‍ തുനിയുന്ന
ഈ ടി മുഹമ്മദ്‌ പരനാറി 
കെ കരുണാകര കഴുവേറി
കൊടിവച്ചൊരു മന്ത്രിക്കാറുകള്‍
കേരള നാട്ടില്‍ പായണമെങ്കില്‍
ഞങ്ങടെയെല്ലാം ജാമ്യം വേണം"

"മുണ്ടശ്ശേരി ഇരുന്ന കസേരയില്‍ 
കയറിയിരിക്കും മണ്ട ശിരോമണി
ഇ ടി മുഹമ്മദ്‌ പരനാറി
നിന്നെ പിന്നെ കണ്ടോളാം"

"പദ്മജമോളുടെ കോണം കഴുകിയ പോലീസേ 
നിങ്ങൾക്കിനിയും മാപ്പില്ല..".

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ മനോഹാരിത കാണാൻ ക്ലിക്ക് ചെയ്യൂ =>>> <<<നേതാക്കന്മാരുടെ നാക്ക് പയറ്റ്>>>

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക