ഞാൻ വെറും പോഴൻ

Thursday 18 February 2016

കപ്പലണ്ടി കട്ടവന്‍ അകത്തും കപ്പല്‍ കട്ടവന്‍ പുറത്തും; സമ്മതിക്കണം !

(ഇത്‌ പുതിയൊരു പോസ്റ്റ് അല്ല... മുൻപ് ഇട്ട ഒരു പോസ്റ്റായിരുന്നു...ഇപ്പോഴും പ്രസക്തമായത്‌ കൊണ്ട്‌ വീണ്ടും പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം...)


തലക്കെട്ടിലെ കട്ടവന്‍ എന്ന പ്രയോഗം ക്ഷമിക്കുക. തലക്കെട്ട് എഴുതാന്‍ മറ്റൊരു നല്ല പ്രയോഗം കിട്ടാതിരുന്നത് കൊണ്ടാണ്. നിവൃത്തി കേട് കൊണ്ട്കടം വാങ്ങിയ തുച്ഛമായ തുക തിരിച്ചടക്കാന്‍ കഴിയാത്ത ആ പാവം മനുഷ്യനെ കള്ളന്‍ എന്ന് ഞാന്‍ ഒരിക്കലും വിളിക്കില്ല. വിളിച്ചാല്‍ ദൈവം എന്നോട് പൊറുക്കില്ല.

മകളുടെ നഴ്‌സിങ് പഠനത്തിനു വേണ്ടി കേരളത്തിലെ ഒരു പ്രമുഖ ബാങ്കില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിന് ജയിലിലടച്ചിരുന്ന വിലങ്ങാട് നാഗത്തിങ്കല്‍ ജോസഫ് ജയില്‍മോചിതനായി എന്ന വാര്‍ത്ത‍ കണ്ടപ്പോള്‍ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ മകള്‍ ഷെറിന് 2004 - ല്‍   ബാന്‍ഗ്ലൂരില്‍ ജനറല്‍ നഴ്‌സിങിന് ചേരാനായി 1.25 ലക്ഷം രൂപയുടെ വായ്പയാണ് ജോസഫ് എടുത്തത്. 2007- ല്‍ പഠനം പുര്‍ത്തിയാക്കിയ ഷെറിന്‍ മാസം രണ്ടായിരം രുപ ശമ്പളത്തില്‍ ഒന്നര വര്‍ഷത്തോളം തിരുവനന്തപുരത്ത് ജോലി ചെയ്തു. എന്നാല്‍ വിവാഹ ശേഷം ഇരട്ടക്കുട്ടികള്‍ പിറന്നതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാതിനാല്‍ ഇവര്‍ക്ക് പണം തിരിച്ചടക്കാന്‍ കഴിയാതെ വരികയായിരുന്നു. ഹൃദ്രോഗിയായ ജോസഫിന് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഇതോടെ വായ്പ പലിശയടക്കം മുന്ന് ലക്ഷം രുപയുടെ അടുത്തെത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ജനസമ്പര്‍ക്ക പരിപാടിയിലുള്‍പ്പടെ മൂന്നു തവണകളായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജോസഫ് പറഞ്ഞു. ഇ.എഫ്.എല്‍ (Ecologically Fragile Lands Act, 2003) പരിധിയില്‍ നിന്നും വീടും സ്ഥലവും ഒഴിവാക്കി കിട്ടാന്‍ വേണ്ടിയും നിവേദനം നല്‍കിയിരുന്നു. ഇത് ശരിയായാല്‍ സ്ഥലത്തുള്ള മരങ്ങള്‍ വിറ്റ് ബാങ്കില്‍ പണമടക്കാമെന്നാണ് ജോസഫും കുടുംബവും കരുതിയിരുന്നത്. എന്നാല്‍ ഇതിനും അവസരമുണ്ടാകാതെ വന്നപ്പോളാണ് 82 കാരനായ ജോസഫ് ജയിലിലടയ്ക്കപ്പെട്ടത്. ചില കടലാസുകളില്‍ കോടതിയില്‍ വച്ച് ഒപ്പ് വെപ്പിക്കാനെന്ന് പറഞാണത്രേ ജോസഫിനെ ബാങ്ക് മാനേജരും സംഘവും കൊണ്ടുപോയി ജയിലിലടപ്പിച്ചത്. ഒടുവില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പണം കണ്ടെത്തി കുടിശിഖ അടച്ചു തീര്‍ത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.
എന്റെ അറിവില്‍ ഇവിടത്തെ ഓരോ ബാങ്കുകളും ആയിരക്കണക്കിനു കോടി രൂപയാണ് കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയുമായി കണക്കാക്കിയിരിക്കുന്നത്. ഓരോ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കിട്ടാക്കടമായി കോടിക്കണക്കിനു രൂപ തിരിച്ചടക്കാതെ കിടക്കുന്നുണ്ട്. ബാങ്കുകളുടെയെല്ലാംകൂടി കിട്ടാക്കടം രണ്ടരലക്ഷം കോടി രൂപയാണെന്ന കണക്ക് പുറത്തുവന്നത് ഈ അടുത്ത നാളിലാണ്. അവ തിരിച്ചെടുക്കാന്‍ ബാങ്കിന്‍റെതായ എഴുതപ്പെട്ട നടപടി ക്രമങ്ങളും ഉണ്ട്. വളരെയേറെ പണവും അദ്ധ്വാനവും വ്യയം ചെയ്യുമ്പോൾ കിട്ടാക്കടം കുറെയൊക്കെ തിരിച്ചു പിടിക്കാൻ ബാങ്കുകൾക്ക് സാധിക്കാറുമുണ്ട്. എന്നാൽ, അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ നടപടിയാണ് കടക്കാരനെ പിടിച്ചു ജയിലില്‍ അടക്കുക എന്നത്. എന്തിനു വേണ്ടിയാണ് ഇദ്ദേഹം ജയിലിലായതെന്നതിനു വാര്‍ത്തകളില്‍ വ്യക്തതയോ കൃത്യതയോ ഇല്ല. കിങ്ഫിഷര്‍ വിമാനക്കമ്പനി മുതലാളി വിജയ് മല്യ പല ബാങ്കുകളിൽ നിന്നായി വായ്പയായെടുത്ത ആയിരക്കണക്കിന് കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാനാവാതെ ഇളിഭ്യരായി നിൽക്കുന്ന രാജ്യത്താണ് 1.25 ലക്ഷം രൂപ വായ്പയെടുത്ത അത്താഴ പട്ടിണിക്കാരന്‍ ജയിലിലായത് എന്ന സത്യം ഇവിടത്തെ നീതി ന്യായ വ്യവസ്ഥിതി പൌരന് നല്‍കുന്നു എന്നവകാശപ്പെടുന്ന സമത്വം എന്ന സങ്കല്പത്തെ ചില്ലുകൂട്ടിലേക്ക് മാറ്റുകയാണ്. എഴുതിത്തള്ളിയോ ഇല്ലയോ എന്നതിന്റെ സാങ്കേതികതയിൽ ഊന്നിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സങ്കീർണ്ണമായ അത്തരം സാങ്കേതിക പ്രശ്നങ്ങളുടെ അന്തിമ തീർപ്പ് എന്ത് തന്നെയായാലും, ഭീമമായ ഒരു ലോൺ കുടിശിഖയുടെ പേരിൽ മല്ല്യയെയോ അത്തരം മുതലാളിമാരെയോ അകത്തു പിടിച്ചിടാൻ പോയിട്ട് പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വിളിപ്പിക്കാനോ ഒരു പോലീസുകാരന് അയാളുടെ വീട്ടിൽ ഒന്ന് കയറാനോ എളുപ്പമായിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കൂടി ലളിതമായി പറഞാൻ ഗതിയില്ലാത്തവനെ പോലീസ് സ്റ്റേഷൻ കയറ്റാനും ജയിലിൽ അടക്കാനും തിടുക്കം കാണിക്കുന്ന ബാങ്കുകാരൻ കയ്യിൽ പത്തു പുത്തനും പിടിപാടും ഉള്ളവന്റെ കാര്യം വരുമ്പോൾ കൃത്യമായ നടപടി ക്രമങ്ങളിലൂടെ മാത്രം സഞ്ചരിക്കേണ്ടി വരുന്നു. മല്ല്യയെപ്പോലുള്ളവരെ ഒന്ന് തൊടാൻ അവരുടെ തന്നെ അനുവാദത്തിന് കാത്തു നിൽക്കേണ്ടി വരുന്ന ബാങ്കുകാരന്റെ ദുർവിധി.... അല്ലാതെന്താ. ജോസഫിനോട് ചെയ്തത് പോലെ വേണ്ടത്ര പിടിപാടുള്ളവരോട് ചെയ്യാൻ ഇവിടത്തെ നിയമസംവിധാനങ്ങൾക്കുള്ള ബലവും അധികാരികൾക്കുള്ള ചങ്കുറപ്പും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. 


കൂടുതല്‍ ചിന്തിച്ചാല്‍ (അങ്ങനെ ചെയ്യാതിരിക്കുന്നതാണ് മനസമാധാനത്തിനു നല്ലത്) ഈ സംഭവത്തിന്റെ അടിത്തട്ടില്‍, ഒട്ട് മിക്കവരും മറക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്...

ശത - സഹസ്ര കോടീശ്വരന്മാരുടെ കോടിക്കണക്കിനു വരുന്ന കിട്ടാക്കടം സെറ്റിൽമെന്റ് നടത്താനും റീസ്ട്രക്ച്ചർ ചെയ്തു കൊടുക്കാനും ഒരുളുപ്പുമില്ലാത്ത ബാങ്കുകള്‍ പാവങ്ങളുടെ തൊള്ളയ്ക്ക് കുത്തിപ്പിടിച്ച് പണം ഈടാക്കുകയോ അല്ലെങ്കില്‍ അവരെ തുറുങ്കിലടച്ചു ആത്മനിര്‍വൃതി അടയുകയോ ചെയ്യുന്നത് ഗണികയുടെ ചാരിത്ര്യ പ്രസംഗത്തെക്കാള്‍ മ്ലേച്ഛമാണ്.

സര്‍ക്കാരുകള്‍ ആണെങ്കില്‍ നാടെങ്ങും സ്വാശ്രയ - സ്വകാര്യ നേഴ്സിങ്ങ് കോളേജുകള്‍ തുടങ്ങാന്‍ അനുവദിച്ചു കൊണ്ടേയിരിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ മാന്യമായ ശമ്പളം നെഴ്സുമാര്‍ക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫല പ്രദമായ യാതൊരു നടപടികളും എടുക്കുന്നില്ല. ആശുപതികളുടെ കൊള്ള ലാഭത്തിന്റെ മുഖ്യ ഘടകം,  എടുക്കുന്ന പണിക്ക് ആനുപാതികമായി ശമ്പളം കിട്ടാത്ത ജീവനക്കാരുടെ വിയര്‍പ്പോഹരി ആണെന്ന് സൌകര്യപൂര്‍വ്വം മറക്കുന്നു. സ്വാശ്രയ - സ്വകാര്യ നേഴ്സിങ്ങ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ എന്തു ചെയ്യുമെന്നോ എങ്ങോട്ടു പോകുമെന്നോ സര്‍ക്കാരിനൊരു പിടിയുമില്ല. നേഴ്സുമാര്‍ എണ്ണത്തില്‍ പെരുകിയതോടെ നിസാര കൂലിയ്ക്ക് ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു (മിക്കവാറും എല്ലാ പ്രൊഫെഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികളെയും കാത്തിരിക്കുന്നത് ഈ അവസ്ഥ തന്നെയാണ്)
കേരളത്തിലെ യുവതി യുവാക്കളോടും അവരുടെ മാതാപിതാക്കളോടുംനേഴ്സിംഗ് പഠനം കഴിഞ്ഞാല്‍ അവരെ കാത്തിരിക്കുന്ന സ്വര്‍ഗ്ഗലോകത്തെ പറ്റി വാതോരാതെ പറഞ്ഞും മഷി തീരുമാറ് എഴുതിയുംതങ്ങള്‍ക്കു കൂലി തരുന്നവരോട് ആത്മാര്‍ഥത കാണിച്ച കരിയര്‍ കോളമിസ്റ്റുകള്‍. സായ്പ്പിന്റെ നാട്ടില്‍ നേഴ്സുമാരെ കിട്ടാനില്ലെന്നുംഇവിടുന്നു പഠിച്ചിറങ്ങുന്നവരെ കാത്ത് ലക്ഷങ്ങള്‍ ശമ്പളവുമായി അവിടെ ആശുപത്രികള്‍ ക്യൂ നില്‍ക്കുകയാണെന്നുമൊക്കെയാണ് ഇവര്‍ ആഴ്ച തോറും കാച്ചി വിട്ടു കൊണ്ടിരുന്നത്. 

പത്രത്തില്‍ കണ്ടത് വിശ്വസിച്ചും അയല്പക്കത്തും പരിചയത്തിലും ചിലരൊക്കെ ഇന്ത്യ വിട്ടു രക്ഷ പെട്ടതും ഒക്കെ കണ്ടു ഭ്രമിച്ചു പോയ കുറെ പാവങ്ങള്‍ ബാങ്കുകളില്‍ നിന്നു ലോണെടുത്തും ഉള്ളത് മുഴുവന്‍ വിറ്റു പെറുക്കിയും മക്കളെ പഠിപ്പിച്ചു. ഇപ്പോഴിതാ അവരെല്ലാം കടുത്ത പ്രതിസന്ധിയില്‍... യൂറോപ്പുമില്ലലക്ഷങ്ങളുമില്ല...ബാങ്കുകള്‍ ബ്ലേഡ് കമ്പനിക്കാരേക്കാള്‍ ക്രൂരമായി അവരെ പിന്തുടരുന്നു. അവസാന ആശ്രയത്തിനു വേണ്ടി സമീപിക്കുന്നവര്‍ കണ്ണടക്കുക കൂടി ചെയ്‌താല്‍ നമ്മുടെ ജയിലുകള്‍ നിറഞ്ഞു കവിയുമോ....
ഇതൊക്കെ വെറും അച്ചായത്തരങ്ങളാണെന്ന് തോന്നിയാല്‍ വിട്ടു കളഞ്ഞേരെന്നേയ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക