ഞാൻ വെറും പോഴൻ

Monday 27 March 2023

"ഇന്നച്ചൻ" എന്ന വിസ്മയ താരകം പൊലിയുമ്പോൾ


മലയാളത്തിലെ ഏറ്റവും ജനപ്രിയ ഹാസ്യനടൻ ആരെന്ന് 80's-90's കിഡ്‌സിനോട് ചോദിച്ചാൽ ഒന്നാമത്തെ ഉത്തരം ജഗതി എന്നും രണ്ടാമത്തെ ഉത്തരം ഇന്നസെന്റ് എന്നുമായിരിക്കും. ഒരിക്കൽ മഹാനടൻ ജഗതി തന്നെ പറഞ്ഞതനുസരിച്ച് മലയാളത്തിൽ തന്റെ സമകാലീനരായ ഹാസ്യതാരങ്ങളിൽ ഒരു "ജഗതി ടച്ചില്ലാത്ത" ഹാസ്യനടൻ ഇന്നസെന്റ് മാത്രമാണെന്നായിരുന്നു. മലയാളികളായ ഫലിതപ്രേമികൾക്ക് ഒരാ‌യുസ്സ് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള വക ബാക്കി വച്ച് കൊണ്ടാണ് ഇന്നസെന്റ് എന്ന മഹാനടൻ അരങ്ങൊഴിഞ്ഞത്. അഭിനയത്തിൽ തനതായ തൃശ്ശൂര്‍ സംഭാഷണ ശൈലിയും കണ്ടു ശീലിച്ചതിൽ നിന്ന് ഏറെ വേറിട്ടൊരു ശരീരഭാഷയും കൊണ്ടാണ് മലയാള സിനിമ പ്രേമികൾക്കിടയിൽ ഇന്നച്ചൻ എന്ന വിളിപ്പേരോടെ തന്റേതായ സ്ഥാനം ഇയാൾ കയ്യടക്കിയത്. അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചപ്പോൾ അതിൽ ഏറെയിലും ഹാസ്യത്തിന് പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ഇന്നസെന്റ് ചെയ്തത് എന്നിരിക്കുമ്പോഴും ഇടക്ക് വീണു കിട്ടുന്ന സ്വഭാവ വേഷങ്ങളിലും വില്ലൻ-നെഗറ്റിവ് വേഷങ്ങളിലും അസാമാന്യമായ കയ്യടക്കത്തോടെ കാണിച്ച പ്രകടനം ആ കഥാ പാത്രങ്ങളെയെല്ലാം അനശ്വരമാക്കി. ദേവാസുരം, രാവണപ്രഭു, കേളി, മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, ഗാനമേള, പിൻഗാമി, തസ്കരവീരൻ തുടങ്ങിയവ ഇന്നസെന്റ് ഹാസ്യത്തിനപ്പുറം തന്റെ അഭിനയം പുറത്തെടുത്ത ചില ചിത്രങ്ങളാണ്. 

ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായിട്ടാണ് 1948 ഫെബ്രുവരി 28ന് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹം അതിനു ശേഷം മദ്രാസിലേക്ക് വണ്ടി കയറി. തുടർന്ന് തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തി. ദാവൺഗരെയിൽ നിന്ന് തിരികെ ഇരിഞ്ഞാലക്കുടയിൽ എത്തിയിട്ടും ചില ബിസിനസുകൾ അദ്ദേഹം നടത്തിയിരുന്നു. എട്ടാം ക്‌ളാസിൽ പഠനം നിർത്താനുള്ള കാരണം ഒരു മാതിരിപ്പെട്ട കാര്യങ്ങളെല്ലാം താൻ പഠിച്ചു കഴിഞ്ഞിരുന്നത് കൊണ്ടാണെന്നും കൂടെ പഠിച്ചവർ അതേ സ്‌കൂളിൽ അധ്യാപകരായി എത്തിയതോടെ അവരുടെ ക്‌ളാസിൽ പഠിക്കാൻ താല്പര്യമില്ലാത്തത് കൊണ്ടാണെന്നും തമാശരൂപേണ ഇന്നസെന്റ് പറയുമായിരുന്നു. ബിസിനസുകൾ പൊട്ടിയതിനെപ്പറ്റിയും വളരെ ഹാസ്യാത്മകമായാണ് ഇന്നസെന്റ് പറയാറുള്ളത്. 

1972-ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു അഭിനേതാവ് എന്ന നിലയിൽ ഇന്നസെന്റിന്റെ ആദ്യ സിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. ജീസസ് സിനിമയിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത എന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന്‌ കുസൃതിയുടെ മേമ്പൊടിയോടെ അദ്ദേഹം ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു. ദാവൺഗരെയിലുണ്ടായിരുന്ന കാലത്ത് കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ താൻ അഭിനയിക്കാറുള്ള കഥയും ഇന്നസെന്റ് പറയാറുണ്ട്. 

ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിലല്ലാതെ കുറച്ചു കാലം പ്രൊഡക്ഷൻ എക്സിക്യുട്ടീവായും ഇന്നസെന്റ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നടീ-നടന്മാരുടെ സംഘടനയായ 'അമ്മയുടെ അമരക്കാരൻ എന്ന നിലയിൽ ഒരു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ജീവിതത്തില്‍ അഭിനയിക്കാതിരിക്കുന്നതിൽ ശ്രദ്ധിച്ച ഇന്നസെന്റ് രാഷ്ട്രീയത്തിലും ശോഭിച്ചു. ചാലക്കുടിയുടെ എം പി യാകുന്നതിന് പതിറ്റാണ്ടുകൾ മുൻപേ ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിലർ ആയിരുന്നു ഇന്നസെന്റ്. അന്ന് ആർ എസ് പി സ്വതന്ത്രൻ ആയിട്ടായിരുന്നു പോരാട്ടം. എന്നും ഇടത് ചേരിയോടൊപ്പം നിലകൊണ്ടിരുന്ന ഇന്നസെന്റ് തന്റെ ഇടതുബോധം അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്ന സ്വന്തം അപ്പനിൽ നിന്ന് പൈതൃകമായി കിട്ടിയതാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഓരോ പൊതു തിരഞ്ഞെടുപ്പ് വരുമ്പോഴും ഇരിഞ്ഞാലക്കുട, ചാലക്കുടി മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഇന്നസെന്റായിരിക്കും എൽ ഡി എഫ് സ്ഥാനാർത്ഥി എന്ന് കേൾക്കാതിരിക്കാറില്ല; എന്നാൽ, 2014-ലെ തിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് ഇടതു സ്ഥാനാർത്ഥിയായി ഇന്നസെന്റ് എത്തിയത് പലർക്കും ഒരു അദ്ഭുതവുമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടി എം പി യായ ഇന്നസെന്റ് പാർലിമെന്റിൽ ഹാജർ നിലയുടെ കാര്യത്തിലും എം പി ഫണ്ട് നന്നായി വിനിയോഗിക്കുന്ന കാര്യത്തിലും ഏറെ പ്രശംസാർഹമായ രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ച വച്ചത്. എന്നാൽ 2019 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അടുത്ത ഊഴത്തിൽ ഇന്നസെന്റിന് വിജയിക്കാനായില്ല.   

ആരുടെയും മനസ് ഒന്നുലക്കാൻ പോന്ന രോഗമായ കാൻസറിനോട് നിശ്ചയദാര്‍ഢ്യത്തോടെ അവസാന നിമിഷം വരെ പൊരുതിയതിലൂടെ കാണിച്ച വലിയൊരു മാതൃകയാണ് ഇന്നസെന്റിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു കാര്യം. രോഗാവസ്ഥയിലെ ജീവിതത്തിന്റെ വെല്ലുവിളികളെ സംയമനത്തോടെ അഭിമുഖീകരിച്ചതിനെപ്പറ്റി നർമ്മത്തിൽ പൊതിഞ്ഞെഴുതിയ "കാൻസർ വാർഡിലെ ചിരി" എന്ന ശ്രദ്ധേയമായ പുസ്തകം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അതിലെ ചില ഭാഗങ്ങൾ പല നാടുകളിലും കുട്ടികളുടെ പാഠ്യ സിലബസിന്റെ ഭാഗമാവുക പോലും ചെയ്തിട്ടുണ്ട്. 2013-ല്‍ ക്യാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ഒരു പതിറ്റാണ്ടോളമാണ് ചിരിച്ചും ചിരിപ്പിച്ചും കൊണ്ട് ക്യാന്‍സര്‍ അതിജീവിച്ചവര്‍ക്കും രോഗത്തെ നേരിട്ട് കൊണ്ടിരിക്കുന്നവർക്കും വലിയ പ്രചോദനമായത്. അദ്ദേഹത്തെ ചികിൽസിച്ച ഡോ വി പി ഗംഗാധരൻ പറയുന്നതനുസരിച്ച് ഇന്നസെന്റ് പൊരുതി തോല്‍പ്പിച്ച ക്യാന്‍സര്‍ അല്ല അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നും കൊവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണതിന് കാരണമായതെന്നുമാണ്‌.

മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത കലാകാരനായിരുന്നു ഇന്നസെന്റ്. എല്ലാ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ചിരിയുടെ ആ മഴ നിലച്ചെങ്കിലും ഓർമ്മയുടെ മരപ്പെയ്ത്ത് തുടരുക തന്നെ ചെയ്യും.... പ്രിയ ഇന്നസെന്റ്; ആദരാഞ്ജലികൾ 

കാരിക്കേച്ചർ കടപ്പാട് : പെൻസിലാശാൻ