ഞാൻ വെറും പോഴൻ

Saturday 20 November 2021

ചുരുളി @ OTT യും തെറി കേട്ട് കുരു പൊട്ടിയ മലയാളിയും...


"ചുരുളി" കണ്ടില്ല; അതിലെ കുറെ വീഡിയോ ക്ലിപ്പുകൾ വാട്ട്സ് ആപ്പിൽ വന്നത് കാണുകയും കേൾക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വാളുകളിൽ സദാചാരക്കുരുക്കൾ പൊട്ടിക്കാൻ പോന്ന വിവിധ തെറികളുടെ സമ്പന്നത നിറഞ്ഞു നിൽക്കുന്ന ക്ലിപ്പുകളാണ് കണ്ടതെല്ലാം. ഇന്നലെ മുതൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പ്രധാന ചർച്ചാ വിഷയം ചുരുളിയും അതിലെ തെറിയുമാണ്.

നിത്യജീവിത വ്യവഹാരത്തിനിടയിൽ ചുരുളിയിൽ ഉള്ളത് പോലെ തെറി പറയുന്നവർ ഒരു പക്ഷെ അപൂർവ്വമായിരിക്കും; പക്ഷെ ചില പ്രത്യേക ഇടങ്ങളിലോ പ്രകോപനങ്ങളിൽ പ്രതികരിക്കുമ്പോഴോ രോഷത്തോടെ സംസാരിക്കുമ്പോഴോ ഈ ഭാഷ ഉപയോഗിക്കപ്പെടുന്നത് ഒട്ടുമേ അപൂർവ്വമല്ല. പത്തിരുപത് കൊല്ലം മുൻപ് തൃശൂർ ശക്തൻ മാർക്കറ്റിലോ അങ്കമാലി ഇറച്ചിച്ചന്തയിലോ കേരളത്തിലെ ചില മീൻ ചന്തകളിലോ ഒക്കെ ഈ രീതി ഭാഷണങ്ങൾ തീരെ അപൂർവ്വമായിരുന്നില്ല; ഇപ്പോഴത്തെ സ്ഥിതി എനിക്കത്ര നിശ്ചയം പോരാ. നാട്ടിൻപുറങ്ങളിലെ ചില അതിർത്തിത്തർക്കങ്ങളും റോഡപകടങ്ങളെ തുടർന്നുള്ള തർക്കങ്ങളും ഈ ലെവലിൽ പോകുന്നത് പല വട്ടം കേട്ടിട്ടുണ്ട്. ഈയടുത്ത് ഗായത്രി സുരേഷ് എന്ന സിനിമ നടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിലും ഇജ്ജാതി വാമൊഴി വഴക്കങ്ങളുടെ നിർലോഭമായ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചിലരും ഓൺലൈൻ വാർത്താ പോർട്ടലുകളിൽ പ്രത്യക്ഷപ്പെടുന്ന ചിലരും ഇത്തരം ഭാഷയിൽ സംസാരിക്കുന്നത് നമ്മൾ എത്ര വട്ടം കേട്ടിരിക്കുന്നു. ഏതെങ്കിലും മതത്തെ (അതിപ്പോ ഒരു പ്രത്യേക മതം എന്നൊന്നുമില്ല) വിമർശിക്കുന്ന എന്തെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌താൽ അതിനു കീഴെ, ദൈവത്തിന് വേണ്ടി നിലകൊള്ളുന്ന ചില "പരിശുദ്ധാത്മാക്കൾ" വന്ന് എഴുതി വിടുന്ന ചില ഭാഷകൾക്ക് മുന്നിൽ ഇതൊക്കെ എന്ത്..!!???
ഒരു വിഷയമോ സന്ദർഭമോ സിനിമയിൽ ആവിഷ്കരിക്കുമ്പോൾ തെറി പ്രയോഗങ്ങൾ അങ്ങനെ തന്നെ ചിത്രീകരിക്കുകയും കേൾപ്പിക്കുകയും ചെയ്യണമോ വേണ്ടയോ എന്നത് അതിന്റെ ശില്പികളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണ്. അഥവാ അപ്രകാരം പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ, നിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോൾ അവർക്കാകെ ചെയ്യാൻ പറ്റുന്നത് നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ നൽകുക എന്നതാണ്. ചുരുളിയുടെ ശില്പികൾ അത് കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് എനിക്ക് മനസിലായത്.
പെയിന്റ് അടിച്ചിട്ടുണ്ട്; തൊട്ട് നോക്കരുത് എന്ന് എഴുതി വച്ചിരിരിക്കുന്നിടത് തൊട്ടു നോക്കുകയും നോ പാർക്കിംഗ് ബോർഡിനടിയിൽ തന്നെ പാർക്ക് ചെയ്യുകയും റോഡ് കാലിയാണെന്ന ന്യായത്തിൽ റെഡ് സിഗ്നലിൽ വണ്ടി മുന്നോട്ടെടുക്കുകയും പുഷ് എന്നെഴുതി വച്ചിരിക്കുന്ന വാതിലിന്റെ ഹാൻഡിൽ ഒന്നെങ്കിലും പുൾ ചെയ്യുകയും ഒക്കെ നിത്യം ചെയ്യുന്ന നമ്മൾക്കെന്ത് A within Circle & 18+ നോട്ടിഫിക്കേഷൻ...ല്ലേ !!???

ആരൊക്കെയോ ചുരുളിയിലെ തെറി പ്രയോഗത്തിനെതിരെ പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചു എന്നാണ് കേട്ടത്. എന്റെ നോട്ടത്തിൽ കോടതിയും പോലീസും ഇതിൽ ഇടപെടാനോ ഇതിനെതിരെ ഒരു നിലപാടെടുക്കാനോ സാധ്യത കാണുന്നില്ല.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക