ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Thursday, 28 July 2016

ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍ .......

"ആ ചുള്ളന്‍ മ്മ്രെ ഒരു ക്ടാവിനിട്ടു പുറത്തു പറയാന്‍ കൊള്ളാത്ത ഒരു പണീം കൊടത്തേച്ചു സ്കൂട്ടായിട്ടു തിരിച്ചൊരു പണി കൊടുക്കാന്‍ പറ്റാത്തേന്റെ ഒരു കൊറവ് ശ്ശൂരുകാരായ എല്ലാ ഖടികള്‍ക്കും ഇണ്ട്സ്ട്ടാ..." കൃത്യമായ ഭാഷാശൈലി ഇങ്ങനെ അല്ലെങ്കിലും, പരിപൂര്‍ണ്ണ സത്യവിശ്വാസിയായ, അതി പുരാതന റോമന്‍ കത്തോലിക്കാ കുടുംബത്തിലെ അംഗമായ എന്റെ ഒരു സ്നേഹിതന്‍ കുറച്ചു നാളുകൾക്ക് മുൻപ് ഫോണില്‍ പറഞ്ഞതാണ് ഈ ഡയലോഗ്. രാജു കൊക്കന്‍ എന്ന ഈ ചുള്ളൻ നയിച്ച ഒരു ഇടവകയിലെ യുവജന സംഘടനാ ഭാരവാഹി ആയിരുന്നു ഈ സ്നേഹിതൻ. 
രാജു കൊക്കന്‍ എന്ന "പുരോഹിതന്‍" ഒരു പിഞ്ചു ബാലികയുടെ നിഷ്കളങ്കതയുടെ മേല്‍ നടത്തിയ കടന്നു കയറ്റം ഇവിടത്തെ സാമൂഹ്യ മണ്ഡലത്തില്‍ സാമാന്യം ചെറുതല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. നവ സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുവേ ഉയര്‍ന്ന ഒരാവശ്യം ഈ പള്ളീലച്ചന്‍മാരെ പിടിച്ചു പെണ്ണ് കെട്ടിക്കുക എന്നതായിരുന്നു. പൊതുവേ കത്തോലിക്കാ അച്ചന്മാര്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണങ്ങള്‍ വരുമ്പോള്‍ ഉയരാറുള്ള ഒരു ആവശ്യമാണ്‌ ഇത്. ഈ അച്ചന്‍ കാണിച്ച തരവഴിത്തരത്തിന് പെണ്ണ് കെട്ടല്‍ ഒരു മരുന്നാണോ എന്നെനിക്ക് സംശയമുണ്ട്‌. അദ്ദേഹം ഒരു സാധാരണമായ ലൈംഗിക ബന്ധത്തിനാണ് മുതിര്‍ന്നതെങ്കില്‍ ഒരു പക്ഷെ ആ ചികിത്സ ഫലിച്ചേനെ.  ഒരു ഒന്‍പതു വയസ്സുകാരിയെ പല വട്ടം പീഡിപ്പിച്ചിട്ടു അതിന്റെ മൊബൈല്‍ ക്ലിപ്പ് എടുത്തു സൂക്ഷിക്കണമെങ്കില്‍ അദ്ദേഹത്തിനു കാര്യമായ എന്തോ രതി വൈകല്യം ഉണ്ടെന്നു വേണം അനുമാനിക്കാന്‍. ഈ അച്ചന് Paedophelia (പീഡോഫീലിയ) എന്ന രോഗമാവാനാണ് സാധ്യത.  ഇനി തീരെ കുഞ്ഞാടുകളോട് മാത്രമല്ല, കുറച്ചു പ്രായമായ ആടുകളോടും തല്പരന്‍ ആണെങ്കില്‍ അദ്ദേഹത്തിന് Satyriasis (സറ്റൈറിയാസിസ്‌) പോലെ വല്ല ഏനക്കേടും ആയിക്കൂടെന്നില്ല.  അതെന്തായാലും ഒരു വിവാഹം കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമാകാന്‍ വഴിയില്ല. എന്തായാലും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരോ നിയമപാലന സംവിധാനങ്ങളോ അക്കാര്യം ശ്രദ്ധിക്കട്ടെ.


ക്രൂരമായ മറ്റൊരു ഇടയ കഥ ഈ ലിങ്കിലുണ്ട് ==>>> (ഒരമ്മാവിന്‍ പോരാട്ട കഥൈ)

2011 ല്‍ അന്നത്തെ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് തന്റെ " സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്" എന്ന പുസ്തകത്തില്‍ വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുറത്തു ചര്‍ച്ചക്ക് വന്നു കൊണ്ടിരിക്കുന്നു. കുന്തിരിക്കം പുകയുന്ന ഇടനാഴികളിലെ ലൈംഗിക അസംതൃപ്തിയെക്കുറിച്ച് ആശ്രമം വിട്ട പല സംന്യാസി - സംന്യാസിനിമാരും തുറന്നെഴുതിയത് വ്യാപകമായ ചര്‍ച്ചക്കിടയാക്കിയിരുന്നു. എന്റെ അറിവില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങള്‍ ആയുഷ്പര്യന്തം നിറവേറ്റുവാന്‍ സ്വയം സമര്‍പ്പിതരായവരാണ്  സഭയിലെ സംന്യാസികള്‍. ദൈവവിളിയും വരവും ലഭിച്ച വൈദികര്‍ സ്വയം സ്വീകരിക്കുന്ന ഒരു ജീവിത ക്രമമാണ് ഇത്. ആജീവനാന്തം ധ്യാനത്തിലും പഠനത്തിലും പ്രാര്‍ത്ഥനയിലും ജാഗരൂകരായിരുന്ന് ദൈവവുമായുള്ള നിരന്തര സംസര്‍ഗ്ഗത്തില്‍ യേശു ക്രിസ്തുവിലുള്ള ഭാവം ഉള്‍ക്കൊണ്ട് അത് പ്രശോഭിപ്പിക്കുവാന്‍ ശ്രമിക്കേണ്ട ധാര്‍മ്മിക ബാധ്യതയുള്ളവര്‍. സഭാചട്ടക്കൂടുകള്‍ക്കകത്ത് നിന്ന് കൊണ്ട് ദൈവജനത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവരെ സഹായിച്ചു സംരക്ഷിക്കുന്ന ആത്മീയ പിതാവ് എന്ന നിലയിലാണ് അവരെ "അച്ചന്‍" എന്ന് വിശ്വാസികള്‍ വിളിക്കുന്നത്‌. അച്ചന്റെ ഉത്തരവാദിത്തങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റുമ്പോള്‍ വിശ്വാസികള്‍ ആത്മീയമായും ഒരു പരിധി വരെ ഭൌതികമായും അരക്ഷിതരായി മാറുന്നു എന്നുള്ളതാണ് വാസ്തവം. ഓരോ മോശപ്പെട്ട സംഭവം ഉണ്ടാകുമ്പോഴും ഈ സ്ഥാനത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുകയും വിശ്വാസികള്‍ ഇടയന്മാരില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സഭയും കുഞ്ഞാടുകളും പാലിക്കേണ്ട മിനിമം കാര്യങ്ങള്‍ എന്താണ്?

1.
അച്ചന്മാരുടെ നവീകരണ ധ്യാനങ്ങള്‍ വര്‍ഷാവര്‍ഷം കൃത്യമായി നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്‌. അത് കുറച്ചു കൂടി കാര്യക്ഷമമാക്കുക.

2.
രൂപതാ തലത്തില്‍ തന്നെ കുറേക്കൂടി കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. രൂപത കോടതി, രൂപതാ തല കണക്ക് പരിശോധന ഒക്കെ പോലെ ഒരു വിജിലന്‍സ് വിഭാഗം ഉണ്ടാക്കിയാലും തെറ്റില്ല.

3. 
ഒരിക്കല്‍ ആരോപിതരായ അച്ചന്മാരെ പ്രത്യേകം നിരീക്ഷിക്കുക. പരമാവധി അവരെ ഇടവക ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക.

4. 
കയ്യോടെ പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഒരു വിധത്തിലുമുള്ള ഇടപെടലുകള്‍ക്ക് പോകാതെ നിയമത്തിനു വിട്ടു കൊടുക്കുക.

5.
കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഒറ്റയ്ക്കും സ്വകാര്യമായും അച്ചന്മാരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.

പട്ടിക ഒട്ടും തന്നെ പൂര്‍ണ്ണമല്ല. വായിക്കുമ്പോള്‍ ചിലപ്പോള്‍ നെറ്റി ചുളിയലോ ചിരിയോ ഒക്കെ പുറത്തു വരാന്‍ സാധ്യതയും  ഉണ്ട്. 
ഏതെങ്കിലുമൊരു അവയവം ഇടര്‍ച്ച വരുത്തുന്നെങ്കില്‍ കഴുത്തില്‍ വലിയ തിരികല്ല് കെട്ടി കടലില്‍ ചാടുക എന്നാണ് വചനം പറയുന്നത്. ഏതെങ്കിലുമൊരു "സാഹചര്യം എന്നതും പ്രസക്തമാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കാമല്ലോ! സമയാ സമയത്ത് പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മാര്‍പാപ്പാമാര്‍ക്കും പിതാകന്മാര്‍ക്കും പരസ്യമായി കുരിശു പിടിച്ചു മാപ്പ് പറയാനേ സമയം കാണൂ...


ഇത്തരം സംഭവങ്ങളില്‍ പൊതു സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം പറയേണ്ടതും ചൂളി നില്‍ക്കേണ്ടതും ഇടയന്മാരെക്കാള്‍ ആടുകള്‍ ആണെന്നതാണ് ക്രൂരമായ സത്യം. ഇരകള്‍ വീണ്ടും ഇരകളാവുന്ന അനുഭവം. പിന്നെ ഇത് പോലുള്ള കുറച്ചു എണ്ണങ്ങളെക്കൊണ്ട് പിഴക്കാതെ ജീവിക്കുന്ന നല്ലിടയന്മാരുടെയും കാര്യം കഷ്ടമാണ്. കര്‍ത്താവിന്റെ സഭയെയും കുഞ്ഞാടുകളെയും കര്‍ത്താവ്‌ തന്നെ കാക്കട്ടെ....

വാട്ട്സ് ആപ്പിൽ കിട്ടിയത്.....

പ്രിയ വൈദികർ അറിയാൻ ....സോഷ്യൽ മീഢിയയിൽ പൊങ്കാല തുടങ്ങീട്ട് രണ്ട് ദിവസമായി... പക്ഷേ നിങ്ങൾ എന്തിനാ സങ്കടപ്പെടുന്നത്. തെറ്റ് ചെയ്യാത്തവർ ഒന്നും തല കുനിക്കേണ്ട കാര്യമില്ല. പിന്നെ തെറ്റ് ചെയ്തവനെപ്പറ്റി ഫേസ് ബുക്കിലും വാട്ട് സാപ്പിലും വരുന്നത് വായിച്ച് നിങ്ങൾ എന്തിനാ ദണ്ഡപ്പടുന്നേ. ചില കാര്യങ്ങൾ നിങ്ങൾ കുറച്ചുടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും

* ലളിത ജീവിതം നയിക്കുന്ന വൈദികർ പൊതുവെ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ്

* അച്ചന് സ്വാദിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങളുമായി പള്ളിമുറിയിലേക്ക് മെണച്ച് കെട്ടി വരുന്ന സത്രീകൾ മിക്ക ഇടവകകളിലും കാണും.നിർത്തണ്ടടത്ത് നിർത്തണം ഇവറ്റകളെ.

* കഴിയുമെങ്കിൽ  മഠത്തിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.  വല്ലപ്പോഴും വീട്ടിലൊക്കെ പോയി അമ്മച്ചിയോട് കുറച്ച് ചോറും കറികളുമൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കാൻ പറ.

* സന്ദർശകർക്ക്  office റൂമിനപ്പുറത്തേക്ക് access നൽകാതിരിക്കുക. ബെഡ് റൂമും ബാത്റൂമും സ്വയം ക്വീൻ ചെയ്യുക.

* സന്ദർശക സമയം ക്രമപ്പെടുത്തി ഇടവകക്കാരെ അറിയിക്കുക. 

* യുവതികളും കുട്ടികളും ഒറ്റക്ക് മുറിയിൽ കാണാൻ വരുന്നത് നിരുൽസാഹപ്പെടുത്തുക.

* പള്ളിയിൽ നിന്നുള്ള ടൂർ പരിപാടികളിൽ ചില തിലോത്തമ മേനക മാർ അവരുടെ കൂടെ ഇരിക്കാനും ഡാൻസ് കളിക്കാനും ഒക്കെ വിളിക്കും... പോയേക്കരുത്.. പെഴ്സണൽ പ്രയറിനു ടൈമായി എന്നു പറഞ്ഞ് നൈനായി സ്കൂട്ട് ആവണം.

* ഉച്ചഭക്ഷണത്തിന് സാമ്പാർ വേണ്ട എന്ന് കന്യാസ്ത്രീകളോട് പറഞ്ഞേക്കണം. ഇനി സാമ്പാർ ഒഴിവാക്കാൻ പറ്റൂലങ്കിൽ മുരിങ്ങക്കോൽ ഇടാത്ത സാമ്പാർ ഉണ്ടാക്കാൻ പറയണം

* പെണ്ണുങ്ങളോട്: 

ചുമ്മാ നിസാര കാര്യങ്ങൾ പറഞ്ഞ് അച്ചൻമാരുടെ അടുത്ത് അളിഞ്ഞ് കേറി ചെന്നേക്കരുത്. 

* വസ്ത്രധാരണം മാന്യമാക്കുക 

*  സെന്റിയടിക്കാനും ഉപദേശം സ്വീകരിക്കാനും നിങ്ങൾ വല്ല കൗൺസിലിങ് സെന്ററിലും പോയാ മതി. വെറുതേയിരിക്കുന്ന അച്ചൻമാരുടെ അടുത്തേക്ക് കുലുക്കി കൊണ്ട് ചെല്ലരുത്

* പള്ളിമുറികളിലെ സ്ഥിരം കുറ്റികളായ KC YM , ഗായക സംഘം, കാറ്റിക്കിസം എന്നിവയിലെ യുവതികൾ ... നിങ്ങൾ അയക്കുന്ന whats app, fb മെസേജുകൾ കൊച്ചച്ചൻ മാരുടെ പലരുടെയും ഉറക്കം കെടുത്തുമെന്ന് ചിന്തിക്കുക. 

* ടൂർ, തീർത്ഥയാത്ര എന്നിവ നടത്തുമ്പോൾ അച്ചൻമാരുടെ കൂടെ നിന്ന് ഞെളിഞ്ഞും പുളഞ്ഞും സെൽഫി എടുത്ത് കളിക്കാതിരിക്കുക.

* റോമിൽ നിന്നും വാങ്ങിയ കൊന്ത തരാം വെന്തിങ തരാം, ഗത്സമെൻ തോട്ടത്തിൽ നിന്നും പറിച്ച ചക്കപ്പഴം തരാം എന്നൊക്കെ പറഞ്ഞ് എതെങ്കിലും അച്ചൻ റൂമിലേക്ക് വിളിച്ചാൽ, അച്ചന്റെ കുഞ്ഞമ്മടെ മോൾക്ക് കൊണ്ടെ കൊടുത്തേക്ക് എന്ന് പറഞ്ഞേക്കണം.

* മാതാപിതാക്കളോട്:


ശ്രദ്ധിക്കുക. വേറൊന്നും പറയാനില്ല....അല്ലെങ്കിൽ സ്വന്തം മകളുടെ കുഞ്ഞിന്റെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അപ്പനും പ്രായപൂർത്തിയാകാത്ത മകൾ പ്രസവിക്കുന്ന കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ പോവാൻ അമ്മയും തയ്യാറായി ഇരുന്നേക്കണം 

Stop Press : ബൈബിള്‍ പഴയ നിയമം; എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം, മുപ്പത്തിനാലാം അദ്ധ്യായം

    ഇസ്രായേലിന്റെ ഇടയന്‍മാര്‍

  • കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.ഈ വിഷയത്തിൽ ഇട്ട മറ്റൊരു പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം ==>> കത്തോലിക്കാ പുരോഹിതന്മാർ പീഡനം നടത്തിയാൽ ആർക്ക്, എന്താണ് കുഴപ്പം ???

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുകഅല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Monday, 11 July 2016

ആരാണീ ശ്രീനാരായണഗുരു ?? ആരാണ് ഗുരുവിനെ അപമാനിക്കുന്നത് ???കേരളം ലോകത്തിന് സംഭാവന നൽകിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവൻ. പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അത് സ്വധർമ്മത്തിന് എതിരാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്റെ പേരിൽ സംസ്കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവർത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തിൽ നടന്നപ്പോൾ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നൽകിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അൻപതാം വർഷത്തിൽ മറ്റൊരു ദേശീയ കൗൺസിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയർത്തുന്നത്. ഏവർക്കും ചതയ ദിനാശംസകൾ. BJP KERALAM ഫേസ്ബുക് പേജിലെ ചതയദിന പോസ്റ്റാണിത്....

ശ്രീനാരായണീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണുന്നതും കേൾക്കുന്നതും ഒക്കെ വിരോധാഭാസങ്ങളും അതിശയജനകവുമായ കാര്യങ്ങളാണ്. പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും ചുമ്മാ കോർണർ ചെയ്യാനാണ് കേരളത്തിൽ ഇടതും വലതും പാർട്ടികളെല്ലാം അഹോരാത്രം വിശ്രമമില്ലാതെ പണി ചെയ്യുന്നതെന്ന് തെളിയിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് നടേശഗുരു ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. അയ്യോ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചേ, ശ്രീ നാരായണീയ പ്രസ്ഥാനത്തെ അപമാനിച്ചേ മുതലായ മുറവിളികൾ ഇദ്ദേഹത്തിന്റെ സ്ഥിരം നമ്പറുകളായിരിക്കുന്നു.

ആരാണീ ശ്രീനാരായണ ഗുരു എന്ന ചോദ്യത്തിന് പറയാവുന്ന ഉത്തരങ്ങൾ വിരലിൽ എണ്ണിത്തീർക്കാവുന്നതല്ല. കേരളത്തിന്റെ മത-സാമുദായിക-സാമൂഹ്യ പരിസരം വളരെയേറെ ദുഷിച്ചിരുന്ന കാലഘട്ടത്തിൽ ആധ്യാത്മികതയിലൂന്നി നിന്ന് കൊണ്ട് അന്നത്തെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരമാര്‍ഗം കാണിച്ചുകൊടുത്ത മഹാത്മാവാണ് ഗുരുദേവൻ. മാനവ പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന, സാമൂഹിക മുന്നേറ്റങ്ങളെ മന്ദീഭവിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വേണ്ടെന്നു വയ്ക്കാൻ അന്നത്തെ തലമുറയെ ബോധവല്ക്കരിക്കാൻ കഴിഞ്ഞ അപൂർവ്വം മനുഷ്യസ്നേഹികളിൽ ഒരാൾ. ആരാധന, പൂജ, ആചാരങ്ങൾ എന്നിങ്ങനെയുള്ള പേരുകളിൽ നടത്തിയിരുന്ന അപരിഷ്‌കൃതങ്ങളായ പല  ചടങ്ങുകൾക്കിടയിലും നേരിട്ട് കടന്നു ചെന്ന് അത് നിർത്തി വയ്പ്പിക്കാൻ പാകത്തിന് ആജ്ഞാശക്തിയുള്ള  ആചാര്യൻ. ആഘോഷങ്ങളിലെ പണത്തിന്റെ ദുർവ്യയത്തെയും ആഡംബരങ്ങളെയും എതിർത്ത ജനസ്വാധീനമുള്ള സാധാരണക്കാരൻ. ചെറുമൻ മുതല്‍ ബ്രാഹ്മണൻ വരെയുള്ള മനുഷ്യരെ തന്റെ മഹാദർശനത്തിന്റെ ഒറ്റനൂലിൽ കോർത്തെടുത്ത മഹാൻ. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അനുഭവിച്ചു മുതുകു വളഞ്ഞു പോയ ഒരു ജനതയെ നട്ടെല്ല് നിവർത്തി നടക്കാൻ ബലം നല്കിയ രക്ഷകൻ. മലയാള മണ്ണ് കണ്ട ഏറ്റവും മഹാനായ സാമൂഹ്യ പരിഷ്കർത്താവ്‌, ആത്മീയാചാര്യന്മാരെയും കവികളെയും സാഹിത്യകാരന്മാരെയും വിസ്മയിപ്പിച്ച ജ്ഞാനസമുദ്രം, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയ വിപ്ലവകാരി എന്നൊക്കെയുള്ള മനോഹരമായ വിശേഷണങ്ങൾക്കൊപ്പം ഗുരു ഒരു ഹിന്ദുസന്ന്യാസിയാണെന്നും ഒരു പ്രത്യേക വിഭാഗക്കാരുടെ ദൈവമാണെന്നും ഒക്കെയുള്ള ശുദ്ധപോഴത്തരങ്ങളും കേൾക്കാറുണ്ട്.  

അങ്ങനെ ഇന്നാട്ടിലെ ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് തലങ്ങും വിലങ്ങും ഗുരുവിനെ വ്യാഖ്യാനിച്ചു; എന്നാൽ ഈ പറഞ്ഞതിനൊക്കെ അപ്പുറം വലിയ ഒരു പ്രതിഭാസം തന്നെയായിരുന്നു ഗുരു എന്ന് തലയ്ക്കു നല്ല വെളിവുള്ള പലരും സമർഥിച്ചിട്ടുണ്ട്; അതാണ്‌ സത്യവും. തൽക്കാലം ഗുരുമാഹത്മ്യ വർണ്ണന അവിടെ നില്ക്കട്ടെ. 


കേരളനവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന സംഭവമായിരുന്നു ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ. സവർണ്ണരുടെ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഈഴവർക്കും മറ്റു അധഃകൃത വിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കാത്ത, എന്തിന് പൊതുവഴിയിൽ കൂടി നടക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത കാലത്തായിരുന്നു ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. 


നിങ്ങൾ സംഘടിച്ചു ശക്തരാകുവിൻ  എന്ന ഗുരുദേവ നിർദേശത്തിന്റെ പൂർത്തീകരണമായിരുന്നു എസ്‌എൻഡിപി രൂപീകരണം. അരുവിപ്പുറം പ്രതിഷ്ഠയുടെ നടത്തിപ്പിനായി രൂപീകരിച്ച അരുവിപ്പുറം ക്ഷേത്രയോഗമാണ്‌ എസ്‌എൻഡിപി യോഗമായി പരിണമിച്ചത്‌. ഈഴവസമുദായത്തിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയ്ക്കും സമുദായാംഗങ്ങൾക്ക് വേണ്ടി അമ്പലങ്ങൾ, ആശ്രമങ്ങൾ, വിദ്യാലയങ്ങൾ, സഹായധനം മുതലായവ ഏർപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും നോക്കി നടത്താനുമെന്ന മുഖ്യ ലക്ഷ്യത്തോടെ 1882 ലെ ആറാം നമ്പർ ഇന്ത്യൻ കമ്പനി നിയമം അനുസരിച്ചാണ് എസ്‌എൻഡിപി യോഗം രജിസ്റ്റർ ചെയ്യപ്പെട്ടത്‌. ഈഴവരുടെ ഉന്നമനത്തിനുവേണ്ടി രൂപം കൊടുത്ത സംഘടനയാണെങ്കിലും എല്ലാ മത-ജന വിഭാഗങ്ങൾക്കും സ്വീകാര്യത ഉള്ള ഒരു പ്രസ്ഥാനമായിരുന്നു. ശ്രീനാരായണഗുരു അവസാനമായി സന്ന്യാസ ദീക്ഷ നൽകിയ സ്വാമി ആനന്ദതീർഥൻ എന്ന അനന്തഷേണായി ഒരു കൊങ്ങിണി   ബ്രാഹ്മണനായിരുന്നു. ഇദ്ദേഹമാണ് പയ്യന്നൂരിൽ ശ്രീനാരായണാലയം സ്ഥാപിച്ചത്‌. നായർ സമുദായത്തിൽപ്പെട്ട സത്യവ്രതൻ ശ്രീനാരായണഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു.  കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു സി.പി. ഐ നേതാവ് എൻ.ഇ. ബാലറാം തലശേരിയിൽ ആദ്യമായി എസ്‌എൻഡിപി യോഗം രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായിരുന്നു. 

കച്ചവടതാൽപര്യക്കാരായ പലരും എസ്‌എൻഡിപി യോഗത്തിന്റെ നടത്തിപ്പ് കൈക്കലാക്കിയതോടെ ഗുരുദേവൻ സന്യാസിസംഘടനയായ ശ്രീനാരായണ ധർമ സംഘം സ്ഥാപിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ പഠിപ്പിച്ച തന്നെ ഈഴവ ജാതിക്കാരുടെ ആത്മീയ നേതാവായും ദൈവമായും ഒക്കെ ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന്‌ അദ്ദേഹം നേരിട്ട് ഇത്തരം ഒരു പ്രസ്താവന പുറപ്പെടുവിച്ചു "  നാം ജാതിഭേദം വിട്ടിട്ട്‌ ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടവരായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിന്‌ വിരുദ്ധമായ ധാരണയ്ക്ക്‌ ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂവെന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു; എന്ന്‌ നാരായണഗുരു". ഇത് പ്രൊഫ. എം കെ സാനു എഴുതിയ നാരായണഗുരു സ്വാമി എന്ന പുസ്തകത്തിൽ ഉള്ളതാണ്. 


ജാതിയുടെ അതിർവരമ്പുകൾ മായ്ച്ച, മാനവികത മാത്രം ലക്‌ഷ്യം വച്ച നന്മയുടെ ദൂതന്റെ മഹത്തായ ദർശനങ്ങളെ അതിന്റെ ഇപ്പോഴത്തെ പ്രചാരകർ (പ്രായോജകർ; അതാണ്‌ ശരി ) തന്നെ മറന്നു എന്നതാണ് യാഥാർത്ഥ്യം. സവർണ്ണ മേൽക്കോയ്മക്കെതിരെയും, സഞ്ചാര സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ട വന്ദ്യഗുരു ഉയർത്തിക്കൊണ്ടു വന്ന പ്രസ്ഥാനത്തെ അപ്പാടെ സവർണ്ണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആർഎസ്‌എസിന്റെയും ബിജെപിയുടെയും ലായത്തിൽ തളയ്ക്കാൻ ഇവർ ശ്രമിക്കുമ്പോൾ ആരാണ് ഗുരുവിനെ അവഹേളിക്കുന്നത് ???. മദ്യവർജ്ജനത്തിന്റെ സന്ദേശം പഠിപ്പിക്കാൻ അക്ഷീണം യജ്ഞിച്ച അദ്ദേഹത്തിൻറെ പ്രസ്ഥാനം നയിക്കുന്നതും ഭരിക്കുന്നതും മദ്യക്കച്ചവടക്കാർ ആകുമ്പോൾ ആരാണ് ഗുരുവിനെ നിന്ദിക്കുന്നത്‌ ??? 


അഴിമുഖം.കോമിൽ M.J. ശ്രീചിത്രന്റെതായി കണ്ടത് => ഗാന്ധിയെ കോണ്‍ഗ്രസുകാരുടെയത്ര തവണ കൊല്ലാന്‍ ആര്‍.എസ്.എസുകാര്‍ക്കായിട്ടില്ല എന്നതുപോലെ ഒരു ലളിതസത്യമാണ് നാരായണഗുരുവിനെ എസ് എന്‍ ഡി പിയോളം കുരിശിലേറ്റാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും. നാരായണഗുരുവിനെ ഇത്രയും കാലം വെള്ളാപ്പള്ളി നടേശന്‍ കുരിശില്‍ തറച്ചതില്‍ കൂടുതല്‍, ഒരു നിശ്ചലദൃശ്യം കൊണ്ട് ഇടതുപക്ഷത്തിനു കഴിയുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ തലയ്ക്ക് ഓളം വെട്ടാണെന്നേ മനസ്സിലാക്കാനുള്ളൂ. നടേശഗുരുവിന്റെ പുത്രനായ തുഷാര തിരുവടികള്‍ ഫോറിന്‍ ലിക്കറിനേപ്പറ്റി ഗുരു ഒരക്ഷരം പറഞ്ഞിട്ടില്ലെന്നു കൂടി കണ്ടെത്തിക്കഴിഞ്ഞു. ഇനി കുറച്ചു കൂടി കാത്തിരുന്നാല്‍ അച്ഛനും മകനും കൂടി ആത്മോപദേശശതകവും വ്യാഖ്യാനിക്കുമായിരിക്കും. അവനവനാത്മസുഖത്തിനാചരിക്കുക എന്നുവെച്ചാല്‍ ഷെയറിടാതെ വിദേശമദ്യം വാങ്ങുക എന്നാണുദ്ദേശിച്ചതെന്നോ, അപരനുസുഖത്തിനായ് വരേണം എന്നാല്‍ സ്വന്തം കാശിനു വാങ്ങിയതാണെങ്കിലും ചക്കാത്തിനു കുടിക്കാന്‍ നില്‍ക്കുന്നവനു ഒരു സ്മാളെങ്കിലും കൊടുക്കണം എന്നാണെന്നോ വ്യാഖ്യാനം വന്നാലും അത്ഭുതപ്പെടാനില്ല.  

“ജാതിയെപറ്റിയും മതത്തെ പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ചു ചിന്താപ്രചരണം നടത്താന്‍പോന്ന ധൈഷണിക മഹത്വവും ശീലശുദ്ധിയും ഉള്ള ആളുകള്‍ ആദ്യകാലത്തെ ശിഷ്യപ്രവര്‍ത്തകര്‍ക്ക് ശേഷം നഷ്ടപ്പെട്ടുപോവുകയും സ്ഥാനമോഹികളും അയോഗ്യരുമായ “പെരുച്ചാഴികള്‍” നേതാക്കളായി വരികയും ചെയ്തതാണ് പൊതുവെ പറഞ്ഞാല്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ദുരന്തം” എന്ന് ഡോ. സുകുമാര്‍ അഴീക്കോട് ഒരിക്കൽ പ്രസ്താവിച്ചതും ഇപ്പോൾ സ്മരണീയമാണ്. 

വെറുതെ ഒരു ഓർമ്മപ്പെടുത്തൽ : 

ഗുരുദേവനെ അപമാനിച്ചു എന്നു പറഞ്ഞു നടേശഗുരു ഉറഞ്ഞു തുള്ളിയ സംഭവമായിരുന്നു സി പി എമ്മിന്റെ "ക്രൂശിതനായ നാരായണഗുരു" ടാബ്ലോ സംഭവം. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ സംഘടിത ശക്തിയെ വര്‍ഗീയശക്തികള്‍ ദുരുപയോഗം ചെയ്യുന്നതും  ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങൾക്ക് ഇന്നത്തെ പ്രചാരകന്മാരുടെ കൈയ്യിൽ സംഭവിച്ച അപചയവും ആണ് അന്ന് സി പി എം നിശ്ചലദൃശ്യത്തിലൂടെ  ചിത്രീകരിക്കാൻ ശ്രമിച്ചതെന്നാണ് ഈ നാട്ടിലെ ചിന്തിക്കുന്നവർ മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ ഈ ടാബ്ലോ വഴി സിപിഎം ഒരു തെറ്റും ചെയ്തു എന്ന് സാമാന്യ വിവരമുള്ള  ആർക്കും തോന്നിയില്ല. പക്ഷെ, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി മത സംബന്ധിയായ ഒരാഘോഷം സംഘടിപ്പിച്ചതും, തുടർന്നുണ്ടായ വിവാദങ്ങളും ഏതാനും പേരുടെ അപ്രിയവും ഒഴിവാക്കാൻ വേണ്ടി ടാബ്ലോയുടെ കാര്യത്തിൽ പാർട്ടിക്ക് തെറ്റ് പറ്റി എന്ന് വിളിച്ചു പറഞ്ഞതും വലിയ തെറ്റായിപ്പോയി... കാരണം, പാർട്ടി മതചടങ്ങുകളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും ടാബ്ലോ വഴി വിളിച്ചു പറഞ്ഞ കാര്യങ്ങൾ വളരെ ശരിയായിരുന്നെന്നും ചിന്തിക്കുന്നവരുടെ എണ്ണം തീരെ ചെറുതല്ല. അവരോട് പാർട്ടി കാണിച്ചത് വലിയ നയവഞ്ചനയായിപ്പോയി... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 7 July 2016

മധുരമനോജ്ഞ "മദ്യ രഹിത" കേരളം !? ഇതിലും വല്ല്യ തമാശ സ്വപ്നങ്ങളിൽ മാത്രം.....!!!

2014 - ൽ മദ്യനയം തീരുമാനിക്കാൻ കൂടിയ യു ഡി എഫ് യോഗം കഴിയുമ്പോൾ കേരളത്തിൽ എന്തൊക്കെയോ നടക്കുമെന്ന് കരുതിയവർക്ക് തെറ്റി. മല പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി  കാര്യങ്ങൾ..... ഹൈക്കോടതിയിൽ തലേന്ന് വരെ സർക്കാരും, മാധ്യമങ്ങൾക്ക് മുന്നിൽ ശ്രീ ഉമ്മൻ ചാണ്ടിയും കെ എം മാണിയും തുടങ്ങി യു ഡി എഫിലെ പലരും, പറഞ്ഞിരുന്ന നിലപാടിൽ നിന്ന് കുട്ടിക്കരണം മറിഞ്ഞു കൊണ്ടുള്ള ഈ രാഷ്ട്രീയ അഭ്യാസത്തിനു മുൻപിൽ ബാർ-മദ്യ മുതലാളിമാർ, പാവം കുടിയന്മാർ, പ്രതിപക്ഷം...... എന്തിന് പറയുന്നു മദ്യ വിരുദ്ധ പ്രസ്ഥാനക്കാർ പോലും ഞെട്ടിപ്പോയി. യു ഡി എഫിന്റെ ആദർശമുഖമായ സുധീരനും ചെന്നിത്തലയും ഉമ്മച്ചനും ഒരേ ഭാഷയിൽ ആദർശ ഭരിത മദ്യ നിർമാർജ്ജന പ്രതിജ്ഞാ ഗാനം പാടിയപ്പോൾ ബാബുമന്ത്രിയ്ക്ക് ഒന്നും മിണ്ടാനില്ലാതെ അറ്റെൻഷനായി നില്ക്കാനെ കഴിഞ്ഞുള്ളു; "കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ; 418 ബാറുകൾ പൂട്ടിക്കിടക്കുന്നതു സഹിക്കാൻ പറ്റാത്ത മന്തി ബാക്കി 312 കൂടി പൂട്ടുന്നത് എങ്ങനെ സഹിക്കും" എന്ന് ചോദിച്ചു കണ്ണു തള്ളിയവർ പിന്നീടങ്ങോട്ടുള്ള ബാബുവണ്ണന്റെ മദ്യവിരുദ്ധ സദാചാരകഥാപ്രസംഗങ്ങൾ കേട്ട് വീണ്ടും വീണ്ടും കണ്ണു തള്ളി. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പുതിയ മദ്യനയം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടച്ചിട്ട 418 ബാറുകള്‍ തുറക്കില്ല. തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കും. കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.  ഞായറാഴ്ച്ചകളില്‍ മദ്യവില്‍പ്പന അനുവദിക്കില്ല. ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ഇതിനായി നീക്കിവെക്കും. ബാര്‍ തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തും. പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ഓരോ വര്‍ഷവും ഔട്ട്‌ലെറ്റുകളുടെ എണ്ണം 10 ശതമാനം കുറയ്ക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളല്ലാത്ത മറ്റു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല. കള്ളുചെത്ത് വ്യവസായം പ്രോത്സാഹിപ്പിക്കും. പത്തു വര്‍ഷത്തിനകം കേരളത്തെ മദ്യരഹിതമാക്കും. മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ മദ്യനിരോധനത്തിലുപരി മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുക, ഡ്രൈ ഡെകളുടെ എണ്ണം വര്‍ധിപ്പിക്കുക, വീര്യം കൂടിയവയ്ക്ക് പകരം വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള മദ്യനയമാണ് പ്രഖ്യാപിച്ചത്. പുതിയ മദ്യനയത്തെ യുഡിഎഫ് ഘടക കക്ഷികള്‍ രണ്ടു കയ്യും നീട്ടി വായും പിളർന്നു സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ മധുര മനോജ്ഞ മദ്യ രഹിത കേരളം സംജാതമാകുമോ എന്ന് ശുദ്ധഹൃദയരെല്ലാം ഒരു വേള ശങ്കിച്ച് പോയി.... ഹൌ ഹൌ...ഓർത്തിട്ടു തന്നെ കോൾമയിർ കൊണ്ടിട്ട് വയ്യ എന്നായിരുന്നു സ്ഥിതി.....

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനും പകരം വിദേശ മദ്യത്തിന് പ്രചാരം കൂടി. 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ള് കുടിയനായ അരപ്പട്ടിണിക്കാരന്റെ ഭാര്യമാര്യ്ടെ കണ്ണില്‍ പൊടിയിടാന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ചാരായ നിരോധനം കൊണ്ടുവരുന്നത്. അന്നാണ് കേരളത്തിലെ ‘സാധാരണക്കാരന്റെ’ ജീവിതം തുരുമ്പെടുത്തു പോകുന്നത് തടയാന്‍ വേണ്ടി നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍ ലോ ക്ളാസ്സിന്റെ പ്രതിനിധിയും ‘സ്ഥിരമായി രണ്ട് സ്മോള്‍ വിടുന്ന’ ആള്‍ മാന്യനും ആയി ഗണിക്കപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. മദ്യപാനം ചിലരുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യം എന്ന നില വിട്ട് ഒരു ഫാഷനും സ്റ്റാറ്റസ് സിംബലുമായി. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

ഒടുവിൽ,  ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന "ചെറുകിട ബാർ നിർമാർജ്ജനം" സുധീരന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉമ്മൻ ചാണ്ടിയാൽ പ്രഖ്യാപിക്കപ്പെട്ടു. സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്ന സത്യം ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകും. പക്ഷെ, ഘട്ടം ഘട്ടമായുള്ള  സമ്പൂർണ്ണ മദ്യ നിരോധനത്തിലേക്കുള്ള കുതിപ്പായിട്ടാണ് ഇതിനെ ഉമ്മൻ ചാണ്ടി വിശേഷിപ്പിച്ചത്‌. ചാരായ നിരോധത്തിന് ശേഷം പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമാണ് അട്ടിമറിക്കപ്പെട്ടത്. ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ തന്നെ ചാരായ നിരോധനത്തിന് ശേഷം അതിന്റെ പല മടങ്ങ്‌ പണം ചെലവിട്ട് ഒട്ടും തന്നെ നിലവാരമില്ലാത്ത മദ്യം വാങ്ങി കുടിച്ചു തുടങ്ങി. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ കൂലി നിലവാരം കൂടുകയും അവരുടെ സാമ്പത്തിക നിലവാരം വീണ്ടും ഭദ്രത പ്രാപിച്ചു വരികയുമായിരുന്നു. അപ്പോഴാണ്‌ ഈ ഇരുട്ടടി വരുന്നത്. ഇനിയെന്തൊക്കെ ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം. 

കേരളത്തിൽ ഇത് കൊണ്ട് സംഭവിച്ച കുറെ കാര്യങ്ങൾ (ഇതൊരു പൂർണ്ണ ലിസ്റ്റല്ല. ലിസ്റ്റിലേക്ക് സഹൃദയർക്ക് സംഭാവന നല്കാവുന്നതാണ്.)

1. തുടരണം, വികസിക്കണം എന്നൊക്കെ പറഞ്ഞ് കെട്ടിപ്പൊക്കിയ മനക്കോട്ടകൾ ദയനീയമായി തകർന്നു വീണു. എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞവരെ ജനം വിശ്വാസത്തിലെടുത്തു.
2.  ചില രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് വികസിച്ചു....ചിലരുടേത് ശുഷ്കിച്ചു.
3. ബീവറേജസ് കോർപറേഷൻ വീണ്ടും വീണ്ടും കോടികൾ വാരിക്കൂട്ടി ഉത്തരോത്തരം ലാഭത്തിലേക്ക് കുതിച്ചു.
4. പഞ്ച നക്ഷത്ര നിലവാരത്തിൽ കുറഞ്ഞ ബാർ മുതലാളിമാരും അവരുടെ തൊഴിലാളികളും മറ്റു പണികൾ കണ്ടെത്തി ജീവിക്കുന്നു.
5. കഞ്ചാവ്, ആന മയക്കി, പൊടിക്കള്ള്, ചുമ മരുന്നുകൾ, അലർജി മരുന്നുകൾ, വ്യാജമദ്യ- വാറ്റുചാരായം എന്നിവയുടെ കച്ചവട സാധ്യത പതിന്മടങ്ങ് വർദ്ധിച്ചു .  
8. ബാറിൽ ഇരുന്നടിക്കണം എന്ന് നിർബന്ധമുള്ളവർ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ അന്തസ്സുള്ള കസ്റ്റമേഴ്സ് ആയി മാറി.. 
9. ഊതിക്കുടിക്കാൻ നിവൃത്തിയില്ലാത്ത അഗണ്യകോടിയിൽ പെട്ട പാവത്തുങ്ങൾ ഇപ്പോഴും ബീവറെജസ് കോർപ്പറെഷന്റെ ഔട്ട് ലെറ്റുകളിൽ പോയി ക്യൂ നിന്ന് വാങ്ങി അടിക്കുന്നു.
10. വ്യാജ വാറ്റു പ്രൊഫഷണലുകൾ, വ്യാജ വാറ്റുപകരണങ്ങൾ, പ്രെഷർ കൂക്കർ, പുട്ട് കുട്ടി, ചെമ്പ് പൈപ്പ്, ഗ്ളാസ് പൈപ്പ്, മണ്‍കുടം, ചെമ്പ് കുടം, ചില ആയുർവേദ മരുന്നുകൾ, യീസ്റ്റ്, മുന്തിരി, പൈൻ ആപ്പിൾ മുതലായവക്ക് ഡിമാന്റ് കൂടി.
11. വഴിവക്കുകളിലും തട്ടുകടകളിലും പതുങ്ങി നിന്ന് "നിപ്പൻ" അടിക്കുന്നവരുടെ എണ്ണം കൂടി. തികച്ചും സ്വകാര്യമായി സംഘം ചേർന്നോ ഒറ്റക്കോ നടന്നിരുന്ന മദ്യസേവ റോഡ് സൈഡിലേക്കും വീട്ടുമുറികളിലേക്കും മാറി. തദ്വാരാ ഇതു കണ്ടു വളരുന്ന യുവതലമുറയും മോശം മാതൃകകളെ അനുകരിക്കാൻ തുടങ്ങി.
12. ക്ലാസ് കുറഞ്ഞ ബാറുകൾ അടഞ്ഞതോടെ ഒഴിഞ്ഞ പറമ്പുകളും കെട്ടിടങ്ങളും എല്ലാം ടാബ്‌ലറ്റ് ബാറുകളായി.
13. ബിവറേജസിൽ ക്യൂ നിന്നു സാധനം വാങ്ങി മൊത്തമായും ചില്ലറയായും കച്ചവടം നടത്തുകയും ഡോർ ഡെലിവറി നടത്തുകയും ചെയ്യുന്ന പെറ്റി അബ്‌കാരികളുടെ എണ്ണം കൂടി.  
14.  സോഡാ, താറാവ് മുട്ട, എരിവ് മിക്സ്ചർ, മുളക് ബജി മുതലായവയുടെ കച്ചവടം നന്നേ കുറഞ്ഞു.    
15. ഹർത്താൽ, പൊതു പണിമുടക്ക്‌, സമരങ്ങൾ, സമ്മേളനങ്ങൾ മുതലായവയുടെ വിജയ സാധ്യത കുറഞ്ഞു.
16. മിലിട്ടറി ക്വാട്ട കിട്ടുന്ന എക്സ് സർവീസുകാർ, മാഹിയിൽ പോയി വരുന്ന ലോറി, ടാക്സി മുതലായ വാഹനങ്ങളിലെ പണിക്കാർ എന്നിവർക്ക് വരുമാനം കൂടി.‍
17. മിടുക്കന്മാരായ ചില ബാർ മുതലാളിമാർ പോയി 5 സ്റ്റാർ പദവി സംഘടിപ്പിച്ചു വീണ്ടും കൊയ്ത്തു തുടങ്ങി. 

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഉമ്മൻ ചാണ്ടിയും സംഘവും പറഞ്ഞ പോലെയായിരുന്നില്ല കാര്യങ്ങൾ. ഇവിടെ മദ്യനിരോധനം എന്നൊരു സംഭവമേ നടന്നില്ല; ആകപ്പാടെ ആളുകൾക്ക് പോയിരുന്നു കുടിക്കാനുണ്ടായിരുന്ന ഇടങ്ങൾ മാത്രമാണ് നിർത്തലാക്കിയത്. പിന്നെ സുലഭവും മിതമായ വിലയിലും ലഭിച്ചിരുന്ന സാധനം നിങ്ങൾ വല്ല്യ ലക്ഷുറി ആക്കിക്കളഞ്ഞു; അത്ര മാത്രം. പക്ഷെ ഒരു കാര്യം മനസിലാക്കണമായിരുന്നു. മദ്യം നിരോധിക്കാം. ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിക്കോളും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും"

പല്ലിളിക്കുന്ന യാഥാർത്ഥ്യം : എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും ഈ മദ്യ "ബാർ " നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടില്ല !!!

ഉപദേശം (FREE) : ബാറുകൾ തുറന്നു കൊടുക്കൂ; അതൊരു വ്യവസായമല്ലേ. സർക്കാരിന് മനഃസാക്ഷിക്കുത്തോ മറ്റോ തോന്നുന്നുണ്ടെങ്കിൽ സർക്കാർ മദ്യവിൽപ്പന നിർത്തട്ടെ.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഇതേ വിഷയത്തിൽ മുൻപ് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ==>  മദ്യത്തോടും മദ്യം കഴിക്കുന്നവരോടും കേരളം എന്താണ് ഇങ്ങനെ പെരുമാറുന്നത്.......!!!!???


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുകഅല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകWednesday, 6 July 2016

കോഴിയെ കൊട്ടയിട്ട് മൂടിയാൽ നേരം വെളുക്കാതിരിക്കുമോ ???

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ  ഇത്തരത്തില്‍ വ്യാപകമായി വാര്‍ത്ത മുക്കിയത് വ്യവസായി ബോബി ചെമ്മണ്ണൂരിനെപ്പറ്റിയുള്ള അത്ര നന്നല്ലാത്ത വിവിധവാർത്തകൾ മാധ്യമങ്ങൾ പരക്കെ പുറത്ത് വന്നപ്പോഴായിരുന്നു. അത് പോലെ തന്നെ, മാതാ അമൃതാനന്ദമയീ ആശ്രമത്തില്‍ അമ്മയുടെ അടുത്ത അനുയായി ആയിരുന്ന ഗയില്‍ ട്രേഡ്വെൽ എന്ന വിദേശി, അക്കാലത്ത് ഒരു സഹ സംന്യാസിയില്‍ നിന്നും ആശ്രമാധികാരികളില്‍ നിന്നും നേരിട്ട തിക്താനുഭാവങ്ങളെ പറ്റി വിവരിക്കുന്ന ആത്മ കഥാപരമായ "വിശുദ്ധ നരകം" എന്നൊരു പുസ്തകവുമായി  പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ഒരു മാതിരിപ്പെട്ട പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തെപ്പറ്റിയോ അതിലുന്നയിച്ച ആരോപണങ്ങളെ പറ്റിയോ "ക മാ"ന്നു മിണ്ടിയില്ല. ചില മാധ്യമങ്ങള്‍ അറച്ചറച്ച് നിയന്ത്രിതമായ തോതില്‍ എങ്ങും തൊടാതെ വാര്‍ത്ത പുറത്തു വിട്ടു. അപൂര്‍വ്വം മാധ്യമങ്ങള്‍ വളരെ തുറന്ന സമീപനത്തോടെ ഈ വിഷയം പൊതു ജനങ്ങളുടെ മുന്നില്‍ ചര്‍ച്ചക്ക് വച്ചു. അവര്‍ക്കും നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ല എന്നല്ല. പക്ഷെ, ഈ വിഷയത്തില്‍, നവ ഹൈടെക്‌ മാധ്യമമെന്നു വിളിക്കാവുന്ന  ഫേസ്ബുക്ക്, ദൃശ്യ  - അച്ചടി മാധ്യമങ്ങളേക്കാള്‍ സജീവവും ഊര്‍ജ്ജിതവും  ആയ ഒരു ചര്‍ച്ചക്ക് കളമൊരുക്കി. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ചര്‍ച്ചകള്‍ സഭ്യതയുടെയും സഹിഷ്ണുതയുടെയും അതിര്‍ വരമ്പുകള്‍ അതിലംഘിച്ച് അപക്വമായി പോയി എന്നതു സത്യമായി അവശേഷിക്കുന്നു. 

മുകളിൽ വിവരിച്ചത് വാർത്തകളുടെ തമസ്കരണവും വളച്ചൊടിക്കലും ആണെങ്കിൽ, കോഴ കൊടുത്ത് വാർത്തകൾ മാധ്യമങ്ങളിൽ വരുത്തുന്ന പെയ്ഡ് ന്യൂസ് എന്ന അതി നൂതന തന്ത്രം കൃത്രിമമായുള്ള വാർത്തകളുടെ നിർമ്മിതി ആണ്. 2012- ൽ TV -18 നു വേണ്ടി വിവിയൻ ഫെർണാണ്ടസ്, അന്ന് ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുമായി നടത്തിയ ഒരു അഭിമുഖത്തെ പറ്റി ആ അഭിമുഖത്തിന്റെ ഷൂട്ടിങ്ങിൽ ഉണ്ടായിരുന്ന ഒരു റ്റെക്നിഷ്യൻ പറഞ്ഞ ഒരു അനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരിക്കൽ വായിച്ചിരുന്നു. അഭിമുഖത്തിലെ ചോദ്യങ്ങൾ എല്ലാം തന്നെ മുൻകൂട്ടി കാണിച്ച് അംഗീകാരം വാങ്ങിയിരുന്നെങ്കിലും, അഭിമുഖത്തിനിടെ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിൽ നിന്ന് മാറി ഫെർണാണ്ടസ് ഗുജറാത്ത് സർക്കാരിന്റെ ജല സംരക്ഷണ നയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ ക്ഷോഭിച്ചു ക്യാമറയിൽ നിന്ന് മാറിയ മോഡി ഇങ്ങനെ ചോദിച്ചത്രേ " ഈ അഭിമുഖത്തിന് നമ്മൾ പണം നൽകുന്നതല്ലേ ?" പെയ്ഡ് ന്യൂസ്‌ എന്ന ആഭിചാരക്രിയയുടെ ഉത്തമ ഉദാഹരണമായി ഇതിനെ വേണമെങ്കിൽ കാണാം. പലപ്പോഴും വാർത്തയേതാണ് പരസ്യമേതാണ് എന്ന് തിരിച്ചറിയാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. 

സാമൂഹ്യ മാധ്യമങ്ങൾ സജീവമാവുന്നതിനും മുമ്പ് നമ്മുടെ ചര്‍ച്ചാ വേദികൾ പരിസരങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കുന്നത് നന്നായിരിക്കും. സ്തോഭ ജനകമായ വെളിപ്പെടുത്തലുകളും അവയോടുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും അതിന്റെ തുടർ തരംഗങ്ങളും  അച്ചടി - ദൃശ്യ മാധ്യമങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. പൌരന് ഭരണ ഘടന അനുവദിച്ചു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശങ്ങളുടെ വളരെ നിയന്ത്രിതമായ അനുവദിക്കലുകൾ മാത്രമായിരുന്നു അവ. എന്നാൽ സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന നവ മാധ്യമത്തിന്റെ അവതാരവും വളർച്ചയും ഏറ്റവും അടിസ്ഥാനപരമായ വിവര സാങ്കേതിക വിവരം മാത്രമുള്ള ഇതൊരു സാധാരണക്കാരനും ‘ഫ്രീഡം ഓഫ് എക്സ്പ്രഷന്‍’ (ആവിഷ്കാര സ്വാതന്ത്ര്യം) എന്ന ഭരണഘടനാവകാശത്തിന്റെ രാജവീഥി തന്നെ പൗരനു തുറന്നു കിട്ടി. ഒരു മാധ്യമ മുതലാളിയുടെയും ഔദാര്യത്തിനും കനിവിനും വേണ്ടി ഇരക്കേണ്ട ആവശ്യമില്ലാതായി. ഏതൊരു സാധാരണ പൗരനും ലോകത്തിന്റെ ഇതു കോണിൽ ഇരുന്നു കൊണ്ട് അവനവനു ബോധിച്ച രീതിയിൽ വരയും വാക്കും ചിത്രവും സാഹിത്യവും ആക്ഷേപഹാസ്യവും ഒക്കെ ഉപയോഗിച്ചു്  ആ അവകാശ പാതയിലൂടെ നിയന്ത്രണമില്ലാതെ സഞ്ചരിച്ചു തുടങ്ങി. സ്വന്തം പ്രദേശത്തെ ഏതെങ്കിലും ഒരു പഞ്ചായത്ത് വാർഡിൽ നടക്കുന്ന കാര്യങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാര്യങ്ങളെ വരെ ചർച്ച ചെയ്യാനും അനുകൂലിക്കാനും എതിർക്കാനും പറ്റുന്ന ലക്ഷണം തികഞ്ഞ PLATFORM ആയി ഇത് മാറി. ഇന്ന് അത്, ശക്തരായ ഭരണാധികാരികളെയും  ഭരണകൂടങ്ങളെയും സമൂഹത്തിലെ കള്ള നാണയങ്ങളെയും എല്ലാത്തരം അധികാര കേന്ദ്രങ്ങളെയും വിളിച്ചു കൊണ്ടേയിരിക്കുന്നു. 


ഒരു വാര്‍ത്താ വിതരണ മാധ്യമം എന്ന നിലക്ക് ഫേസ്ബുക്കിന്റെ (ട്വിറ്റെറിന്റെയും) സാധ്യത ഇന്ത്യയൊട്ടുക്കും പ്രത്യേകിച്ച് കേരളത്തിലും ആദ്യമായി വ്യാപക തോതില്‍ ഉപയോഗപ്പെടുത്തിയത് നഴ്സിംഗ് സമരത്തിനിടയില്‍ ആണ്. നഴ്സിംഗ് സമരത്തെ, മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ അവഗണിച്ചപ്പോള്‍ സമര പോരാളികള്‍ അതിനെ ബഹു ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചത് ഇത്തരം സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ ആയിരുന്നു. ആഗോള തലത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തൊഴില്‍ വിഭാഗം എന്ന നിലയിലും സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവര്‍ എന്ന നിലയിലും, നഴ്സിംഗ് മേഖലയിലെ സമരസന്ദേശം ആഗോളതലത്തില്‍ എത്തിക്കുന്നതിനു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളെ അവര്‍ വളരെയേറെ പ്രയോജനപ്പെടുത്തി. അത് വഴി നേടിയ ബഹു ജനശ്രദ്ധ മിക്കയിടങ്ങളിലെയും സമരങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയാക്കി മാറ്റാനും മിക്കവാറും സമരങ്ങളും വിജയിപ്പിക്കാനും അവര്‍ക്കായി.  ദൽഹി കൂട്ടബലാത്സംഗക്കേസിനെത്തുടർന്ന്  ഭരണ സംവിധാനങ്ങളുടെ പാളിച്ചകൾ പൊളിച്ചു കാണിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിയത് നവ സാമൂഹ്യ മാധ്യമങ്ങൾ ആയിരുന്നു. അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും മുഖ്യധാരാ മാധ്യമങ്ങള്‍ പരക്കെ തഴഞ്ഞപ്പോള്‍ അവ ജനഹൃദയങ്ങളിലേക്ക് എത്തിയതിനു  പിന്നില്‍ ഇത്തരം മാധ്യമങ്ങളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ പോലീസും ഗവണ്‍മെന്റും കച്ചവട സ്ഥാപനങ്ങളും ജനശ്രദ്ധ കിട്ടേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളെ വളരെയധികം ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നവ സാമൂഹ്യ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഒട്ടു വിസ്മരിക്കാവുന്നതല്ല. 

പണ്ട് പാര്‍ട്ടി, അച്യുതാനന്ദന് തിരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചത് എസ് എം എസുകളിലൂടെ ആയിരുന്നു. ലക്ഷക്കണക്കിനു എസ് എം എസ് സന്ദേശങ്ങളാണത്രേ അന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ചത്. എന്തായാലും സ്ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍ അച്യുതാനന്ദന്‍ സ്ഥാനാര്‍ഥി ആയിരുന്നു എന്നതും അദ്ദേഹം ജയിച്ചു എം എല്‍ എ ആയി എന്നതും എഴുതപ്പെട്ട ചരിത്രം ആണ്.  ശ്രീമതി ഇന്ദിരാ ഗാന്ധി, അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ കിംവദന്തികളും കരക്കമ്പികളും  കാട്ടുതീ പോലെ പടര്‍ന്നു എന്നും അത്തരം തെറ്റിദ്ധരിപ്പിക്കപ്പെ ട്ട വ്യാജ വാര്‍ത്തകളാണ് അവരെ, റായി ബറേലി പോലെയുള്ള അവരുടെ കുടുംബ മണ്ഡലത്തില്‍ തോല്പ്പിച്ചതെന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്.  

ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്ന സന്ദേശം ഒന്ന് മാത്രമാണ്. ഏതു മാധ്യമ സിംഹം വിചാരിച്ചാലും വാര്‍ത്തകള്‍ മൂടി വയ്ക്കല്‍ ഇനിയങ്ങോട്ട് അത്ര എളുപ്പമല്ല. ഫേസ്ബുക്ക്, ട്വിറ്റെര്‍, വാട്സ് ആപ് തുടങ്ങി എണ്ണമറ്റ നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ കവച്ചു മുന്നേറുന്ന ഈ മാധ്യമവിസ്ഫോടന കാലഘട്ടത്തില്‍ വാര്‍ത്ത മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന് പണ്ട് സൂര്യനുദിക്കാതിരിക്കാന്‍ പൂവന്‍ കോഴിയെ നാട് കടത്തിയ വല്യമ്മച്ചീടെ പിന്‍മുറക്കാരന്‍ എന്ന സ്ഥാനമേ ഈ സമൂഹത്തില്‍ ലഭിക്കാന്‍ വഴിയുള്ളൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക