ഞാൻ വെറും പോഴൻ

Monday 31 October 2016

അമ്പത് വർഷങ്ങൾ പിന്നിട്ട "ചെമ്മീനും" അൻസിബയുടെ "ഉത്തര ചെമ്മീനും"...


"പരീക്കുട്ടി : കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ; ഇത് വരെ നാം ഒരു മിച്ചായിരുന്നു, ഇനി ഞാൻ ഒറ്റയ്ക്കാണ്.
കറുത്തമ്മ : എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ
പരീക്കുട്ടി  : കറുത്തമ്മ പോയാലും ഈ കടപുറത്തീന്നു ഞാൻ പോവില്ല
കറുത്തമ്മ : എന്റെ കൊച്ചു മുതലാളീ, എന്തിനാ നമ്മൾ കണ്ടു മുട്ടിയത് ?
പരീക്കുട്ടി  : ദൈവം പറഞ്ഞിട്ട് ...ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും.
കറുത്തമ്മ : ഞാനതോർത്തു തൃക്കുന്ന പുഴയിലിരുന്നു ഓർത്തോർത്തു നിലവിളിക്കും.
പരീക്കുട്ടി  : അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും.
കറുത്തമ്മ : അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും.
പരീക്കുട്ടി  : എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടി പിടിച്ചു ഈ കടപ്പുറതൊക്കെ പാടി പാടി നടക്കും.

കറുത്തമ്മ : എന്റെ കൊച്ചു മുതലാളീ...."

സിനിമ കാണുന്ന ശീലമുള്ള ഓൾഡ്‌ ജെനറേഷനിലും മിഡിൽ ജെനറേഷനിലും പെട്ട ഏതൊരു വ്യക്തിയും മറക്കാത്ത ഒന്നായിരിക്കും ചെമ്മീൻ സിനിമയിലെ ഈ സംഭാഷണ ശകലം. മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ "ചെമ്മീൻ" എന്ന മലയാള നോവലിന് ഈ വർഷം 60 വയസ്സ് തികയുകയാണ്. ചെമ്മീൻ നോവലിന്, എസ്.എല്‍.പുരം സദാനന്ദന്‍ തിരക്കഥയെഴുതി ചലച്ചിത്രകാരൻ രാമു കാര്യാട്ട് ചലച്ചിത്രഭാഷ്യം രചിച്ചു അതേ പേരിൽ പുറത്തിറക്കിയപ്പോൾ മലയാള സിനിമാ ശാഖയിൽ ഒരു പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. മലയാളി സിനിമാ പ്രേമികൾ നെഞ്ചിലേറ്റുവാങ്ങിയ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയകഥ സിനിമാകൊട്ടകയിൽ ആദ്യ പ്രദർശനത്തിനെത്തിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. 1965 ആഗസ്ത് 19 നാണ് ചെമ്മീന്‍ സിനിമ റിലീസ് ചെയ്തത്. 

ഹിന്ദുസമുദായത്തിൽപ്പെട്ട ദരിദ്രമത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം സമുദായത്തിൽപ്പെട്ട മത്സ്യമൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ഈ സിനിമ പറഞ്ഞത്. കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായി നിലനിന്നിരുന്നു എന്ന് കഥാകാരൻ സമർത്ഥിക്കുന്ന, സ്ത്രീചാരിത്ര്യശുദ്ധിയുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെയും സിനിമയുടെയും ത്രെഡ്. ചെമ്മീനിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രസംസ്കാരവും യാഥാർത്ഥ്യവുമായി ഒട്ടും ഒത്തുപോകുന്നില്ലെന്നും തകഴിയുടെ സ്വന്തം കൽപ്പനകൾ ഏറെ തെറ്റിദ്ധാരണാജനകമാണെന്നും അന്നേ വിമർശനമുണ്ടായിരുന്നു. എന്നാൽ, വിവാഹിതയായ ഒരു സ്ത്രീ ദാമ്പത്യ അവിശ്വസ്തത കാട്ടിയാൽ, അവളുടെ ഭർത്താവിനെ കടലമ്മ കൊണ്ടുപോകും എന്ന വിശ്വാസത്തെ ഈ ചിത്രം ഊട്ടി ഉറപ്പിച്ചു എന്ന് ഈ അടുത്തകാലത്ത് കൂടി മുക്കുവ സമുദായത്തിൽപ്പെട്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞതോർക്കുമ്പോൾ, ഒരു കലാരൂപം മനുഷ്യന്റെ ജീവിതപരിസരങ്ങളെ എത്രത്തോളം സ്വാധീനിക്കാം എന്നതിന് വേറെ എന്ത് ഉദാഹരണമാണ് വേണ്ടത്. 

മലയാളത്തിലെ പതിവ് സിനിമാ രീതികളിൽ നിന്ന് മാറി, ഏറെ സാങ്കേതിക മികവോടെ പുറത്തിറങ്ങിയ ഈ ചിത്രം, ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ കമലം പുരസ്കാരം നേടി. ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് സുവര്‍ണ കമലം ലഭിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനു വിട ചൊല്ലി ഈസ്റ്റ്മാന്‍ കളറില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളില്‍ ഒന്നായിരുന്നു ചെമ്മീന്‍. മലയാളത്തിന്റെ പ്രിയ കവി വയലാർ രചിച്ച് സലില്‍ ചൗധരി ഈണം നല്കിയ മാനസ മൈനേ വരൂ..., പെണ്ണാളേ പെണ്ണാളേ..., കടലിനക്കരെ പോണോരേ..., പുത്തന്‍വലക്കാരേ... തുടങ്ങിയ  പാട്ടുകള്‍ ഒരു തവണയെങ്കിലും മൂളാത്ത മലയാളികള്‍ ആരും തന്നെ ആ തലമുറയില്‍ ഉണ്ടാകാൻ വഴിയില്ല. ഇന്നും ആ പാട്ടുകള്‍ കാലാതിവർത്തികളായി  നില നില്‍ക്കുന്നു. മധു, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സത്യന്‍,  എസ്.പി. പിള്ള, അടൂര്‍ ഭവാനി എന്നിവർ പ്രധാന വേഷങ്ങളില്‍ മത്സരിച്ച് അഭിനയിച്ച ഈ ചിത്രത്തിലെ അനശ്വര അഭിനയമുഹൂര്‍ത്തങ്ങള്‍ പഴയ തലമുറക്കാരുടെ മനസ്സില്‍ നിന്ന് തീർച്ചയായും മാഞ്ഞിട്ടുണ്ടാവില്ല. 

കഥാകാരൻ കഥ എഴുതിയ കാലവും ചലച്ചിത്രകാരൻ സിനിമയെടുത്ത കാലവും തമ്മിൽ പത്തു വർഷത്തിന്റെ വിടവുണ്ടായിരുന്നെങ്കിൽ കൂടി കടപ്പുറ ജീവിതത്തെപ്പറ്റി മലയാളിക്ക് ഒരു ധാരണ ഉണ്ടാക്കിയെടുത്ത ചിത്രമായിരുന്നു ചെമ്മീൻ. ചെമ്മീന്‍ കഴിഞ്ഞിങ്ങോട്ട് മലയാളത്തിലിറങ്ങിയ അമരം, പുതിയ തീരങ്ങൾ തുടങ്ങി അപൂർവ്വം ചിത്രങ്ങൾ ഒഴികെ, ഒട്ടുമിക്ക കടപ്പുറചിത്രങ്ങളും ചെമ്മീനിന്റെ പ്രേതം (വസ്ത്രധാരണത്തിലും സംഭാഷണ ശൈലിയിലും മാത്രം) ആവേശിച്ച പടങ്ങളായിരുന്നു എന്ന് നിരീക്ഷിക്കാം. മാത്രവുമല്ല, അവയെല്ലാം തന്നെ നിലവാരം കുറഞ്ഞ പ്രേമവും പ്രതികാരവും മാത്രം പ്രമേയമാക്കി പടച്ചു വിട്ടവയും ആയിരുന്നു. ഇപ്പോഴും പ്രകൃതിയോടു മല്ലടിച്ച് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ പരക്കെ അവഹേളിക്കുന്നതിന് പുറമേ,  സ്ത്രീ കഥാപാത്രങ്ങൾ സ്ത്രി ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും കാണിക്കുന്ന തരത്തിൽ മാറിടം വലിഞ്ഞുമുറുകിയ ബ്ലൗസും പൊക്കിളിനേക്കാൾ താഴ്ത്തി കുത്തിയ മുണ്ടും ആയിരിക്കണം ധരിക്കേണ്ടത് എന്ന് ഇത്തരം സിനിമകളുടെ സ്രഷ്ടാക്കൾക്ക് നിർബന്ധമുള്ളത്‌ പോലെ തോന്നാറുണ്ട്. ഇപ്പോഴും ഒറ്റക്കും തെറ്റക്കും കടാപ്പുറചിത്രങ്ങൾ ഇറങ്ങുന്നതിൽ അതിശയം ഒന്നും തോന്നിയില്ലെങ്കിലും, ദൃശ്യം ഫെയിം അൻസിബ നായികയാ "ഉത്തര ചെമ്മീൻ" എന്ന ചിത്രം ശരിക്കും അതിശയിപ്പിച്ചു. ഇന്റർനെറ്റിലും ചാനലുകളിലുമായി ഒളിഞ്ഞും തെളിഞ്ഞും പല X നിലവാരത്തിലുള്ള തുണ്ടുകൾ പാറിനടക്കുന്ന ഈ കാലത്തും പ്രേക്ഷകനെ രസിപ്പിക്കാനും തിയ്യെറ്ററിലേക്ക് ആളെ കയറ്റാനുമായി നായികയുടെയും സഹ നടിമാരുടെയും കൊഴുത്ത ശരീരത്തിന്റെ പടം വച്ച് പോസ്റ്ററടിക്കുന്ന പുത്തൻ തലമുറ സിനിമക്കാർ, ചെമ്മീൻ എന്ന ചിത്രം അതെടുത്ത കാലഘട്ടവും പശ്ചാത്തലവും മനസ്സിൽ വച്ച് കൊണ്ട്, ഒന്ന് രണ്ടാവർത്തി കൂടി കണ്ടു പഠിക്കുന്നത് നന്നായിരിക്കും. കൂടാതെ, ഇത്തരം ചിത്രങ്ങളുടെ അണിയറപ്രവർത്തകർ ഒരു വട്ടമെങ്കിലും കടലോരത്ത് പോയി അവിടത്തുകാരുടെ ജീവിതവും പെരുമാറ്റരീതികളും വസ്ത്രധാരണത്തിലെ പ്രത്യേകതകളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ 15 വർഷത്തിനിടക്ക് ഒരു കടപ്പുറത്തും ചെമ്മീനിലെപ്പോലെ വേഷമിട്ടു നടക്കുന്ന ഒരു പെണ്‍കുട്ടിയെപ്പോലും ഞാൻ കണ്ടിട്ടില്ല. അറുപതുകളുടെ മധ്യകാലത്ത് പുറക്കാട്ട് കടപ്പുറത്ത് ജീവിച്ചിരുന്ന മരക്കാത്തികളുടെ അതേ രീതിയിലാണ് ഇന്നും എല്ലാ കടപ്പുറത്തുമുള്ള സ്ത്രീകൾ ജീവിക്കുന്നത് എന്ന് ധരിച്ചു വച്ചിരിക്കുന്ന സിനിമാക്കാരുടെ കാലത്ത് ചെമ്മീൻ എന്ന വലിയ സിനിമയെ ഓർക്കുമ്പോൾ ഒരു വല്ലാത്ത സുഖം....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday 20 October 2016

ഈ ബ്ലഡി മലയാളീസ് എന്തിനാണിങ്ങനെ ഹോണടിക്കുന്നത്....!!!????


ഞാന്‍ വള്ളി നിക്കറിട്ടു നടക്കുന്ന പ്രായത്തില്‍; ഇതിന്റെ അര്‍ഥം ഞാന്‍ വള്ളി നിക്കര്‍ ഇട്ടിട്ടുണ്ട് എന്നല്ല. അതൊരു പ്രയോഗമാണ്. എന്റെ ബാല്യത്തില്‍ എന്നേ അര്‍ത്ഥമുള്ളു. ഇനി ഇനിയെങ്കിലും ഞാന്‍ ഒരു സത്യം പറയട്ടെ; ഞാന്‍ ഇന്നേ വരെ വള്ളി നിക്കര്‍ ഇട്ടിട്ടില്ല എന്ന് മാത്രമല്ല ഞാന്‍ സിനിമയില്‍ അല്ലാതെ അങ്ങനെ ഒരു സാധനം അന്നൊന്നും കണ്ടിട്ടില്ല. ഇപ്പൊ തീരെ ചെറിയ കുട്ടികളെ ഇടീച്ചു കൊണ്ട് നടക്കുന്നത് കാണാറുണ്ട്. അതൊക്കെ പോട്ടെ, ഞാന്‍ അത് പറയാനല്ല തുടങ്ങിയത്.  എന്റെ ബാല്യ കാലത്ത് എന്റെ ഒരു ആന്റിയുടെ വീടിനടുത്ത് കവലയിലെ  നിത്യസാന്നിധ്യമായിരുന്ന ഒരു അപ്പാപ്പന്‍ ഉണ്ടായിരുന്നു. നമ്മള്‍ എന്തെങ്കിലും ആവശ്യത്തിന് കടയില്‍ പോയാല്‍ അപ്പാപ്പന്‍ തടഞ്ഞു നിര്‍ത്തും. എന്നിട്ടൊന്നു മൂളും "ഊം". എങ്ങോട്ടാണ് പോകുന്നത് എന്നാണതിന്റെ അര്‍ത്ഥം. ഒന്ന് കട വരെ എന്ന് ഞങ്ങള്‍ (ഞങ്ങള്‍ എന്നാല്‍ ഞാനും ആന്റിയുടെ മകനും) മറുപടി പറഞ്ഞു. ഉടനെ അദ്ദേഹം അടുത്ത മൂളല്‍ റിലീസ് ചെയ്തു "ഊം".  എന്തിനാണ് കടയില്‍ പോകുന്നത് എന്നാണു ഇത്തവണത്തെ മൂളലിന്റെ അര്‍ത്ഥം. താറാവ് വാങ്ങാന്‍ എന്ന് ഞങ്ങളുടെ മറുപടി. ദാണ്ടെ വരുന്നു, അടുത്ത മൂളല്‍. "ഊം". താറാവ് വാങ്ങാന്‍ എന്താണ് പ്രത്യേക വിശേഷം എന്നാണ് ഇത്തവണത്തെ മൂളലിന്റെ പൊരുള്‍. വല്ല്യപ്പച്ചനും വല്യമ്മച്ചിയും വരുന്നുണ്ട്. അപ്പോള്‍ വരുന്നു അപ്പാപ്പന്റെ വക അഞ്ചാമത്തെ മൂളല്‍ "ഊം". എന്തിനാണ് അവര്‍ വരുന്നത് എന്നാണ് ഇപ്പോഴത്തെ മൂലളിന്റെ ധ്വനി. അവര്‍ ഇവിടെ വന്നിട്ട് കുറച്ചു നാളായി; വെറുതെ വരുന്നതാ... ചോദ്യങ്ങള്‍ തീര്‍ന്നല്ലോ എന്നാശ്വസ്സിച്ചപ്പോള്‍ ദേ വരുന്നു, ആറാം മൂളല്‍... "ഊം"...... ഭാഗ്യം: എല്ലാം മനസ്സിലായി, പോയി താറാവിനെ വാങ്ങിക്കോ എന്ന അനുവാദം ആയിരുന്നു ആ ഒടുക്കത്തെ മൂളല്‍. എങ്ങനെയുണ്ട് മൂളല്‍ പരിപാടി. അങ്ങേരുടെ ആറു മൂളല്‍ കൊണ്ട് ഞങ്ങള്‍ ഒരു ചെറുകഥ തന്നെ അങ്ങേരെ പറഞ്ഞു കേള്‍പ്പിക്കേണ്ടി വന്നു. ഓരോ മൂളലിനും ഓരോ അര്‍ത്ഥമുണ്ടെന്നത് സത്യമായും എനിക്കൊരു അതിശയമായിരുന്നു.

ഏതാണ്ട് ഈ കഥയിലെ അപ്പാപ്പന്റെ മൂളല്‍ പോലെ പല അര്‍ഥങ്ങള്‍ ഉള്ളതാണ് മലയാളി (ഇന്ത്യക്കാര്‍ എന്നും വേണമെങ്കില്‍ വായിക്കാം), വണ്ടി ഓടിക്കുമ്പോള്‍ അടിക്കുന്ന ഹോണ്‍ ശബ്ദവും. സന്ദര്‍ഭത്തിനു അനുസ്സരിച്ച് അര്‍ഥങ്ങള്‍ മാറുന്നതാണ് ആ പീ പീ/പോം പോം/കീ കീ/പ്രോം പ്രോം ശബ്ദം. (പഴയ ബ്ലോ എയര്‍ ഹോണ്‍ നിരോധിച്ചത് കൊണ്ട് പ്രോം പ്രോം ഇപ്പോള്‍ കേള്‍ക്കാറില്ല; മറ്റു ശബ്ദങ്ങള്‍ ഓര്‍മ്മ വരുന്നുമില്ല. ക്ഷമിക്കണം )

വഴിയില്‍ ഒരാള്‍ വട്ടം കടന്നാല്‍ ഹോണ്‍ അടിക്കുന്നത് "ഒന്ന് വഴീന്നു മാറു ചേട്ടാ/പെങ്ങളേ/എഡോ" എന്ന് പറയാന്‍ വേണ്ടിയാണെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം.

വളവില്‍ ഹോണ്‍ അടിക്കുന്നത് "ഞാനിതാ വരുന്നേ, എന്നെ വന്നു മുട്ടിയേക്കല്ലേ" എന്ന അഭ്യര്‍ത്ഥനയോ "ഞാന്‍ വരുന്നുണ്ട്; മാറിയില്ലെങ്കില്‍ നിന്റെ ഇടപാട് തീരും" എന്നാ ഭീഷണിയോ ആണെന്നും അറിയാത്തവര്‍ കാണില്ല. (രസകരമായ കാര്യം ഈ വിഭാഗത്തില്‍ പെട്ട ഹോണ്‍ അടി ഇപ്പോള്‍ പൊതുവേ കുറവാണ് എന്നുള്ളതാണ്; മിക്കവാറും വളവുകളില്‍ ഹോണ്‍ അടി കേള്‍ക്കുന്നത് അപൂര്‍വ്വമായിട്ടുണ്ട്)

നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പിറകില്‍ കൊണ്ട് പോയി ചേര്‍ത്ത് നിര്‍ത്തിയിട്ട് മുന്‍പിലെ വണ്ടിയെങ്ങാന്‍ അല്‍പ്പം പിറകോട്ടിറങ്ങിയാല്‍ ഒരടി ഉണ്ട് " അയ്യോ, വന്നെന്റെ മടിയില്‍ ഇരിക്കല്ലേ " എന്നാണതിന്റെ അര്‍ത്ഥം.

ഇനിയാണ് വിചിത്രമായ അടികള്‍ വരുന്നത്. 

നമ്മള്‍ ട്രാഫിക്‌ സിഗ്നലില്‍ ഒരു ലോറിയുടെ പിറകില്‍ കിടക്കുന്നു. ലോറി കാരണം സിഗ്നല്‍ പച്ചയായത് നമ്മള്‍ കാണുന്നില്ല. നമ്മളെക്കാള്‍ മുന്‍പേ പച്ച കണ്ട, നമ്മുടെ പിറകില്‍ കിടക്കുന്ന വണ്ടികള്‍ നിറുത്താതെ ഹോണ്‍ അടിക്കുന്നു. എന്താ അര്‍ത്ഥം " എടാ പൊട്ടന്‍ കൊണാപ്പാ, സിഗ്നല്‍ പച്ചയായി; എടുത്തിട്ട് പോ പണ്ടാരം". അത്രേയുള്ളൂ.  ചില സമയത്ത് തോന്നും നമ്മുടെ വണ്ടിക്കു എന്‍ജിന്‍ പവര്‍ പോരാഞ്ഞിട്ട് അവന്‍ സൌണ്ട് എനര്‍ജി കൂടി തന്നു വണ്ടി എടുത്തു നീക്കാന്‍ സഹായിക്കുകയാണ് എന്ന്.

നമ്മള്‍ സിഗ്നലില്‍ ഏറ്റവും മുന്‍പില്‍, അല്ലെങ്കില്‍ ഒരു റെയില്‍ ലെവല്‍ ക്രോസില്‍ ആണെന്ന് കരുതുക. പച്ച കിട്ടിയാല്‍ ഏതാണ്ട് കാല്‍ മിനിറ്റില്‍ താഴെ (അതായത് പതിനഞ്ചു സെക്കന്റില്‍ താഴെ) എടുക്കും ഗീര്‍ ഷിഫ്റ്റ്‌ ചെയ്തു മുന്നോട്ടെടുക്കാന്‍. അപ്പോള്‍ കേള്‍ക്കാം ഒരു ചെറിയ "പീ". ഒറ്റ അര്‍ത്ഥമേ ഉള്ളൂ; ഹലോ ഒന്നെടുക്കാമോ. പക്ഷെ അപ്പോഴേക്കും, ചെറിയ "പീ" അടിച്ച ചേട്ടന്റെ പിറകില്‍ നിന്ന് വിവിധ തരം ഹോണുകളുടെ ഉന്മത്ത സംഗീതം ഉച്ചസ്ഥായിയില്‍ തന്നെ കേള്‍ക്കാം; ഒരു കടലിരമ്പം പോലെ.

ഇനി, മേല്‍ പറഞ്ഞ കേസില്‍ ഏറ്റവും മുന്‍പിലെ വണ്ടി ഓട്ടുന്നത് ഒരു തരുണീമണിയാണെങ്കില്‍ ഇതേ ഹോണിന്റെ അര്‍ത്ഥം മറ്റൊന്നാണ്; "ആഹാ, ഞങ്ങള്‍ ഭരിക്കേണ്ട റോഡില്‍ നീ വണ്ടിയുമായി വന്നിരിക്കുന്നോ, എടുത്തു മാറ്റെടി" എന്ന്. ഓടിക്കുന്നത് പെണ്ണാണു എന്നു തിരിച്ചറിയുന്ന നിമിഷം കുഞ്ഞു പീ ശബ്ദം അതി ഭീകരമായ നീണ്ട ഹോണ്‍ ശബ്ദത്തിന് വഴി മാറിക്കൊടുക്കും. 

ഒരു പെണ്ണെങ്ങാന്‍ നമ്മുടെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്‌താല്‍ പിന്നെ ഹോണ്‍ അടിച്ചു പിടിച്ചു കൊണ്ടാണ് അതിനെ നമ്മള്‍ ഓവര്‍ ടേക്ക് ചെയ്യുന്നത്. ആ ഹോണിന്റെ അര്‍ത്ഥം "ധിക്കാരി അത്രക്കായോ, ഒരു ആണിന്റെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്യാന്‍ മാത്രം അഹങ്കാരമോ നിനക്ക്" എന്നാണ്.

അത് പോലെ, നമ്മള്‍ വണ്ടി ഓടിക്കുന്നു;  വളരെ തിരക്കിലാണ്. മുന്‍പിലെ ചേട്ടന്‍ അമ്മി കാറ്റത്ത്‌ ഇട്ട പോലെ  വളരെ പതുക്കെയാണ്. ഇത്തവണ ഹോണിന്റെ അര്‍ഥം "ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും, പഴങ്കഞ്ഞിയും കുടിച്ചിട്ട്. ഒന്ന് സൈഡ് മാറിത്താടാ *#@*@#$%&" എന്ന് മാത്രമാണ്.

അടുത്തത്; നമ്മള്‍ വണ്ടി ഓടിക്കുന്നു. മുന്‍പില്‍ പോകുന്ന വണ്ടിക്കാരനെ നമുക്കറിയാം. ഒരു ഹോണ്‍ അടിച്ചു. ഒപ്പം കയറി ചെന്ന് ഒരു ഹോര്ന്‍ കൂടി അടിച്ചു. പിന്നെ നീട്ടി ഒരു അടിയാണ്. ഇതേതു 
*#@*@#$%& ആടാ ഇത് പോലെ മരിച്ചു ഹോണ്‍ അടിക്കുന്നത് എന്നവന്‍ നോക്കുമ്പോള്‍ നമ്മളെ കാണുന്നു. ഇപ്പോള്‍ സംഗതികള്‍ ആകെ മാറി.  ഇപ്പോഴാണ്‌ മറ്റേ വണ്ടിക്കാരന് മനസ്സിലായത് "ഹോണ്‍ അടിച്ചു നമ്മള്‍ ഹായ് പറയുകയായിരുന്നു" എന്ന്. എങ്ങനെ ഒണ്ട് ഹോണിന്റെ കളി ??

ഒരു വണ്ടി മുന്‍പില്‍ പോകുന്നു, നമ്മള്‍ പുറകില്‍. ഒരു മുന്നറിയിപ്പും സിഗ്നലും ഇല്ലാതെ മുന്‍പിലെ ചേട്ടന്‍ വണ്ടി ഒതുക്കുന്നു. നമ്മള്‍ ഹോണ്‍ നീട്ടി അടിക്കുന്നു. എന്ത് മനസ്സിലാക്കണം . So Simple; "ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ നിന്റെ അപ്പന്‍ വരുമോടാ *#@*@#$%&" എന്ന് മാത്രം.

ഒരുത്തന്‍ നമ്മള്‍ ഓടിക്കുന്ന വണ്ടിയുടെ ഇടതു വശത്ത് കൂടി ഓവര്‍ ടേക്ക് ചെയ്തിട്ട് നമ്മുടെ കണ്ണിന്റെ ബ്ലൈന്റ് സ്പോട്ടില്‍ ചെന്നിട്ട് ഹോണ്‍ അടിക്കുന്നു. നമ്മള്‍ ലെഫ്റ്റ് ഒതുക്കുന്നു. കാര്‍ന്നോന്മാരുടെ ദൈവനുഗ്രഹത്തിനു അപകടം ഒഴിവാകുന്നു. നമ്മള്‍ ഇരച്ചു കയറിച്ചെന്നു അവന്റെ ഒപ്പമാക്കി ഒരു ഹോണ്‍ മുഴക്കുന്നു. അര്‍ത്ഥം ഇതാണ്; "ഏതു *#@*@#$%& ക്കാടാ ഇടതു വശത്ത് കൂടി ഹോണ്‍ അടിച്ചിട്ട് കേറിപ്പോകുന്നത്" എന്ന്.

രാവിലെ പത്രക്കാരന്‍ ഹോണ്‍ അടിക്കുന്നത്, "ദേ ഇട്ടേക്കുന്നു. കൊണ്ട് പോയി വായിച്ചു നിര്‍വൃതി അടയൂ "എന്ന് അറിയിക്കാനാണ്. പാല്‍ക്കാരനും ഇതേ പോലെ തന്നെ "കൊണ്ട് പോയി തിളപ്പിച്ച്‌ കുടിക്കൂ; തന്റെ പള്ള നിറയട്ടെ" എന്നാണ് ഹോണിലൂടെ വിളിച്ചു പറയുന്നത്.

അടുത്തത്‌, സ്കൂള്‍ ബസ്‌/വാന്‍/ഓട്ടോ ക്കാരന്റെ വകയാണ്. കൊണ്ട് പോകാനുള്ള കുട്ടിയെയും കൊണ്ട് അവന്റെ അമ്മ/ അപ്പൂപ്പന്‍/ അമ്മൂമ്മ ഇറങ്ങി വരുന്നത് വരെ അടി തുടരും. "ഞാന്‍ എത്തിയിട്ടും ഇറങ്ങി വരാരായില്ലേ തള്ളെ/മൂപ്പീന്നെ/ചേച്ചീ" എന്നാണവന്റെ നീട്ടിയുള്ള ഹോണടി ചോദിക്കുന്ന ചോദ്യം.

ചില വാഹന ഓട്ടന്മാര്‍ (ഡ്രൈവ് ചെയ്യുന്നവര്‍)  പേ പേ എന്ന് എപ്പോഴും ഹോണില്‍ ഞെക്കി കളിച്ചു കൊണ്ടിരിക്കും. അതിന്റെ അര്‍ത്ഥം മറ്റൊന്നുമല്ല " എനിക്ക് യാതൊരു കോണ്‍ഫിഡെന്‍സുമില്ല; ആകെ എനിക്കറിയാവുന്നത് ഈ വണ്ടി കഷ്ടിച്ച് ഉരുട്ടാനും ഹോണ്‍ അടിക്കാനും ആണ്. നിങ്ങള്‍ വേണേല്‍ ഓടി മാറിക്കോ " എന്നാണ്.

പോലീസുകാര്‍ മന്ത്രിമാരെയും വി ഐ പി കളെയും കൊണ്ട് പറക്കുമ്പോള്‍ നിര്‍ത്താതെ അടിക്കുന്ന ഹോണിന്റെ അര്‍ത്ഥം " മണ്ടന്മാരെ മാറിക്കോ; ഈ നാട്ടില്‍ ജീവിക്കാന്‍ പഠിച്ചവര്‍ കടന്നു പോകട്ടെ , ഞങ്ങള്‍ അവര്‍ക്ക് വഴിച്ചൂട്ട് കാണിക്കട്ടെ" എന്നാണ്.

ഇനി വണ്ടി ഓടിക്കുന്ന ശൃംഗാരമൂരി ചേട്ടന്‍ വഴിവക്കില്‍ കൂടി ഒരു ലലനാമണി നടന്നു പോകുന്നത് കണ്ടാല്‍ അടിക്കും ഒരു കൊച്ചു "പീ". അതിന്റെ അര്‍ത്ഥം "ചെല്ലക്കിളീ നമ്മളെക്കൂടി ഒന്ന് കടാക്ഷിക്കൂ" എന്നാണ്.

അവസാനിപ്പിക്കുന്നതിനു മുന്‍പ് മറ്റൊരു "പീ" പുരാണം കൂടി.... ഞാന്‍ ആലുവയില്‍ നിന്ന് പെരുമ്പാവൂര്‍ക്ക് പോകുന്നു. തോട്ടുംമുഖം ഭാഗത്തെത്തിയപ്പോള്‍ പിന്നില്‍ നിന്ന് താളഭദ്രമായ അനേകം "പീ പീ" വിളികള്‍. ഒരു പറ്റം ബൈക്കുകള്‍ ആണ്. എല്ലാ ബൈക്കിന്മേലും ഒരു സംഘടനയുടെ കൊടികളും കെട്ടി വച്ചിട്ടുണ്ട്. ഞാന്‍ വണ്ടി നിര്‍ത്തി  ആ ബൈക്കുകളെ കടന്നു പോകാന്‍ അനുവദിച്ചു. അപ്പോഴാണ് മനസ്സിലായത്‌ ഞാന്‍ കേട്ട ഹോണ്‍ അടി മുദ്രാവാക്യം വിളിയായിരുന്നു എന്ന്.


ലൈറ്റ് കോഷന്‍ സിഗ്നല്‍ കൊടുക്കാന്‍ സാധിക്കുന്ന പാതി രാത്രിക്കും ഹോണ്‍ അടിക്കുന്ന മലയാളിക്ക് നല്ല നമസ്കാരം പറഞ്ഞു കൊണ്ട് ഞാനും അടിക്കട്ടെ ഒരു ഹോണ്‍. പോം...പോം.... ഇതിന്റെ അര്‍ത്ഥം, കൂടുതല്‍ എഴുതാന്‍ ഒന്നും തന്നെ എന്റെ തലയില്‍ തെളിയുന്നില്ല എന്നാണ്.


വാല്‍ക്കഷണം: ഇപ്പോള്‍ മിക്കവാറും എല്ലാ വണ്ടികളുടെയും ചില്ലില്‍ "HORN NOT OK", PLEASE NO HONKING" എന്നെഴുതിയ സ്റ്റിക്കറുകള്‍ കാണാറുണ്ട്. (ഇതൊക്കെ ഒട്ടിച്ച വണ്ടികളും ഹോണ്‍ അടിക്കുന്നതിനു ഒരു കുറവും വരുത്തുന്നില്ല കേട്ടോ) 

പണ്ട് റോഡില്‍ കാണാമായിരുന്ന ലോറികളുടെയും ചരക്കുവണ്ടികളുടെയും എല്ലാം പിന്നില്‍  SOUND HORN PLEASE, SOUND HORN OK, HORN PLEASE OK, BLOW HORN OK എന്നൊക്കെ എഴുതി വച്ചതായി കണ്ടിട്ടുണ്ട്. (മലയാള സിനിമയില്‍ ബാലന്‍ കെ നായരും അച്ചന്‍കുഞ്ഞും ജോസ് പ്രകാശുമെല്ലാം ജയന്‍, നസീര്‍, മധു, സുകുമാരന്‍, സോമന്‍ തുടങ്ങി പഴയകാല നായകന്മാരെ കൊല്ലാന്‍ വില്ലന്മാരെ വിട്ടിരുന്നത് ഇത്തരം ലോറികളില്‍ ആയിരുന്നു). തികച്ചും അബദ്ധനിര്‍ഭരമായ ഈ എഴുത്തിന്റെ ഗുട്ടന്‍സ്‌ അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്.

പണ്ട് പണ്ട് പണ്ട്, വളരെ പണ്ട് ലോറികളില്‍  ഇന്ധനമായിട്ട്  മണ്ണെണ്ണ ഉപയോഗിച്ചിരുന്നത്രേ. കുഞ്ഞു കുഞ്ഞു തട്ട് മുട്ട്  അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും വന്‍ തീ പിടിത്തവും നാശനഷ്ടങ്ങളും ഈ വണ്ടികള്‍ വഴി ഉണ്ടാവുമായിരുന്നു. അന്നൊക്കെ പിന്നില്‍ വരുന്ന വണ്ടികളോട് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ്  മണ്ണെണ്ണ ഉപയോഗിച്ച് ഓടുന്ന വണ്ടികളുടെ പിന്നില്‍

HORN PLEASEOKEROSENE 
BLOW HORNOKEROSENE

എന്നൊക്കെ എഴുതിവെക്കാന്‍ തുടങ്ങിയത്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍  "ഈ വണ്ടീടെ പള്ള നിറച്ചും മണ്ണെണ്ണയാണ്, ഹോണടിക്കാതെ കേറി വന്നു മുട്ടി തീ പിടിക്കരുത്, പിടിപ്പിക്കരുത് " എന്നാണ് ആ എഴുതി പിടിപ്പിച്ചതിന്റെ അര്‍ത്ഥം.

പിന്നെ പിന്നെ ലോറി ബോഡി പണിയുന്നവര്‍ അവരുടെ ഭാവനക്കും സര്‍ഗ പ്രതിഭക്കും അനുസരിച്ച് മേല്‍ പറഞ്ഞവയുടെ എല്ലാ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും എടുത്തു പ്രയോഗിക്കാന്‍ തുടങ്ങിയത്രേ. ഇന്റര്‍നെറ്റ്‌ തന്ന അറിവാണിത്. ആധികാരികതയെ പറ്റി നിങ്ങളെപ്പോലെ എനിക്കും സംശയം ഉണ്ട്....പീ പീ കീ കീ പ്രോം പ്രോം .......


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക