ഞാൻ വെറും പോഴൻ

Monday 23 May 2022

മട്ടാഞ്ചേരിയിലെ "ചാപ്പ"യുടെ കഥ; കൊച്ചി തുറമുഖത്തിന്റെയും...


നിവിൻ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രത്തിന്റെ ട്രെയിലറിൽ "ഇനി മുതൽ മൂപ്പന്മാരില്ല; ചാപ്പയേറില്ല; ചാപ്പ ആർക്കൊക്കെ കൊടുക്കണമെന്ന് യൂണിയൻകാർ തീരുമാനിക്കും" എന്ന് പറയുന്നത് കേൾക്കാം. എന്താണീ ചാപ്പയെന്ന് അറിയാമോ !? നാട്ടിൻപുറങ്ങളിൽ കോയിൻ ടോസ് ചെയ്യുമ്പോൾ ചാപ്പ/കുരിശ് എന്ന ഓപ്‌ഷൻ ചോദിക്കാറുണ്ട്. ആ ചാപ്പയല്ല ഈ ചാപ്പ. 

പതിറ്റാണ്ടുകൾക്ക് മുൻപ്, സ്വാതന്ത്ര്യലബ്ധിക്കും മുന്നേ, കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന തികച്ചും മനുഷ്യത്വ വിരുദ്ധവും പ്രാകൃതവും ആയ ഒരു സമ്പ്രദായമായിരുന്നു ചാപ്പ സമ്പ്രദായം. തുറമുഖത്തെ തൊഴിലവസരങ്ങളേക്കാൾ തൊഴിലാളികളുടെ എണ്ണം കൂടുതലായിരുന്ന കാലത്ത് തൊഴിൽ വിഭജിച്ചു നൽകുന്നതിന് വേണ്ടിയുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. കപ്പലുകളില്‍നിന്ന് ചരക്കിറക്കുന്നതിനും ചരക്കുകയറ്റുന്നതിനും കരാര്‍ എടുത്തിരുന്നത് സ്റ്റീവഡോര്‍മാര്‍ എന്ന കോണ്‍ട്രാക്ടര്‍മാരാണ്. സ്റ്റീവ്ഡോർസ് ആയിരുന്നു തൊഴിലുടമകൾ. ഇവര്‍ക്കുവേണ്ടി തൊഴിലാളികളെ തിരഞ്ഞെടുത്ത് എത്തിച്ചിരുന്നത് മൂപ്പന്മാര്‍ / തണ്ടേലാൻമാർ എന്നൊക്കെ അറിയയപ്പെട്ടിരുന്ന കങ്കാണിമാർ ആയിരുന്നു. ഈ കങ്കാണിമാർ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ ഉപയോഗിച്ചിരുന്ന ചെമ്പ് കൊണ്ടുണ്ടാക്കിയ ഒരു ടോക്കണാണ് "ചാപ്പ". വൃത്താകൃതിയിലും സമചതുരാകൃതിയിലും ഷഡ്‌ഭുജാകൃതിയിലും ചാപ്പ ഉണ്ടായിരുന്നു. ചിത്രത്തിലുള്ളത് വൃത്താകൃതിയിലുള്ള ചാപ്പയാണ്. 



(Diameter : 30.4 mm    Weight : 9.43 gm)

ചാപ്പ കയ്യിലുള്ളവർക്കേ തുറമുഖത്ത് ജോലിക്ക് കയറാൻ സാധിക്കുമായിരുന്നുള്ളൂ. ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്ന അസംഖ്യം തൊഴിലാളികൾക്കിടയിലേക്ക് തണ്ടേലാന്മാർ ചാപ്പ എറിയും. എറിയപ്പെടുന്ന ചാപ്പകൾ തൊഴിലാളികൾ എത്തിപ്പിടിച്ചും തമ്മിലടിച്ചും പിടിവലി നടത്തിയും തട്ടിപ്പറിച്ചുമൊക്കെ കൈക്കലാക്കും. കങ്കാണികളുടെ വീട്ടിൽ ദാസ്യവേല ചെയ്തും, കൈക്കൂലി നൽകിയും മറ്റും ചിലർ ചാപ്പ മുൻകൂട്ടി വാങ്ങുന്ന പതിവുമുണ്ടായിരുന്നു. കൈവശമുള്ള ചാപ്പ തണ്ടേലാന്മാർക്ക് കൈമാറുന്നവർക്ക് മാത്രം പണിക്ക് കയറാൻ സാധിക്കും. തുച്ഛമായ കൂളിയല്ലാതെ കാര്യമായ യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ഒരു ദിവസത്തെ തൊഴിലിന് വേണ്ടി തങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയാണ് അന്ന് ഓരോ തുറമുഖത്തൊഴിലാളിയും ചാപ്പയും അത് വഴി തൊഴിലും നേടിയിരുന്നത്. ഇത് ഓരോ ദിവസവും ആവർത്തിക്കുന്ന ദുരാചാരം പോലൊരു നടപടിക്രമമായിരുന്നു. ഒരു ചാപ്പ നേടിയെടുക്കുന്നതിനായി തത്രപ്പെടുകയും പരാക്രമം  കാണിക്കുകയും തമ്മിലടിക്കുകയും ഒക്കെ ചെയ്യുന്ന തൊഴിലാളികളെ കണ്ട് ആസ്വദിക്കുന്നതിനായി ഏറെ ആളുകൾ തുറമുഖത്ത് വന്നു കൂടുമായിരുന്നുവത്രെ. 

തൊഴിലവകാശം എന്ന് പറയാവുന്ന ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ഏകദേശം അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു തുറമുഖത്തൊഴിൽ. അന്നത്തെ രണ്ട് രൂപ കൂലിക്ക് വേണ്ടി പണിയെടുക്കേണ്ട ഒരു തൊഴിൽ ദിനത്തിന്റെ ദൈർഘ്യം 12 മണിക്കൂർ ആയിരുന്നു. ഓവർടൈം പോലെ ഒരു 12 മണിക്കൂർ കൂടി പണിയെടുത്താൽ മൊത്തം 24 മണിക്കൂറിന് 5 രൂപയായിരുന്നു കൂലി. കൽക്കട്ട, ബോംബെ പോലുള്ള തുറമുഖങ്ങളിൽ 25 പേരടങ്ങുന്ന ഗാങ്ങ് ചെയ്യുന്ന ജോലി കൊച്ചിയിൽ 16 പേർ ചേർന്ന് ചെയ്തു തീർക്കണമായിരുന്നു. ഈ വക ചൂഷണത്തിന്റെ ഭാഗമായിരുന്നു ചാപ്പ സമ്പ്രദായം. 

സ്വാഭാവികമായും പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ ചെറിയ ചെറുത്തു നിൽപ്പുകളും പ്രതിഷേധങ്ങളും തുറമുഖത്ത് ഉടലെടുത്ത് തുടങ്ങി. തൊഴിലിടത്തെ നീതി നിഷേധത്തിനും ചൂഷണത്തിനും ഒരു അറുതി വരുത്തണമെന്ന് അന്നത്തെ തൊഴിലാളി പ്രവർത്തകർ തീരുമാനിച്ചതിനെത്തുടർന്ന് 1946 മെയ് 12-ന് തുറമുഖ തൊഴിലാളികൾ ചേർന്ന് ഒരു യൂണിയൻ ഉണ്ടാക്കി, ‘കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയൻ’ എന്നായിരുന്നു അതിന്റെ പേര്.

യൂണിയൻ വന്നത് തൊഴിലാളികളിൽ ആത്മവിശ്വാസവും അവകാശബോധവും ഒത്തൊരുമയും സൃഷ്ടിച്ചതോടെ ചൂഷണത്തിന്റെ തോത് വളരെ കുറഞ്ഞു. ഇതോടെ തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനായിതൊഴിലുടമകളുടെ ശ്രമം. തൊഴിലുടമകൾ സർക്കാറിൽ സ്വാധീനം ചെലുത്തിയും കങ്കാണികൾ വഴിയും തൊഴിലാളികളിലെ ഐക്യം തകർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി ചാപ്പ വിതരണം ചെയ്യാനുള്ള അവകാശം യൂണിയൻ നേതാക്കൾക്ക് നൽകാമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഈ പ്രലോഭന ശ്രമത്തെ പ്രതിരോധിച്ച നേതാക്കൾ ചാപ്പ സമ്പ്രദായം നിർത്തലാക്കണമെന്നും പകരം തൊഴിലാളികളെ മസ്റ്റർ റോൾ ചെയ്യണമെന്നും ഇതിനായി ഡോക്ക് ലേബർ ബോർഡ് രൂപീകരിക്കണമെന്നുമുള്ള ആവശ്യം മുന്നോട്ട് വച്ചു. അതേ സമയം അന്നത്തെ കേന്ദ്ര സർക്കാറിൽ നിർണായക സ്വാധീനമുണ്ടായിരുന്ന യൂണിയൻ ചാപ്പ കൊടുക്കാനുള്ള അവകാശം സ്റ്റീവ്ഡോർസിൽ നിന്നും സ്വന്തമാക്കി. ഇതിലൂടെ തുറമുഖ തൊഴിലാളികൾക്കിടയിലെ ഐക്യം തകർത്ത് അവരെ വിഭജിച്ചെടുക്കുന്നതിൽ തൊഴിലുടമകൾ വിജയിക്കാനായി. 1953 ജൂലൈയിൽ ചാപ്പ സമ്പ്രദായത്തിനെതിരെ കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. സമരം 75 ദിവസം പിന്നിട്ട അവസരത്തിൽ നേതാക്കളെ സമരമുഖത്തു നിന്ന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പൊലീസ് വാഹനത്തിനു മുൻപിൽ നിലയുറപ്പിച്ച തൊഴിലാളികൾക്കു നേരെ പൊലീസും പട്ടാളവും ചേർന്നു വെടിയുതിർത്തു. വെടിവെയ്പ്പിൽ സെയ്ദ്, സെയ്ദാലി എന്നീ തൊഴിലാളികൾ മരണമടഞ്ഞു. കസ്റ്റഡിയിലായ അബുവിന്റെ വിവരം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ സമരപ്രവർത്തകൻ ആന്റണിയെ പോലീസ് മർദ്ദിക്കുകയും വൈകാതെ മരിക്കുകയും ചെയ്തു. സെപ്റ്റംബർ 15-നാണു ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇതേ തുടർന്നു ചില വിട്ടുവീഴ്ചകൾക്കു തയ്യാറായ സ്റ്റീവ്ഡോറുമാർ, ചാപ്പ എറിയുന്ന കങ്കാണിപ്പണി യൂണിയന്റെ നേതാക്കൾക്കു നൽകാമെന്ന ഉവീണ്ടും മുന്നോട്ട് വെച്ചു. ചില യൂണിയനുകൾ ഈ ഉപാധി പ്രകാരം സമരത്തിൽനിന്നും പിന്മാറി. എന്നാൽ നിശ്ചയ ദാർഢ്യമുള്ള നേതാക്കൾ ചാപ്പ സമ്പ്രദായം നിർത്തലാക്കണമെന്ന നിലപാടിൽതന്നെ ഉറച്ചു നിന്നതിനെത്തുടർന്ന് ചാപ്പസമ്പ്രദായത്തിനു അല്പം ഇളവു വന്നു. പിന്നെയും ഒൻപതു വർഷങ്ങൾക്കു ശേഷമാണു കൊച്ചി തുറമുഖത്തു നിന്നു "ചാപ്പ" അപ്രത്യക്ഷമായത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ 1963-ൽ കൊച്ചി പോർട്ട് ലേബർ ബോർഡ് സ്ഥാപിതമാവുകയും തൊഴിലാളികൾ ഈ ബോർഡിൽ രജിസ്റ്റർ ആവുകയും ചെയ്തു. ഡോക്ക് ലേബർ ബോർഡ് പിന്നീട് കൊച്ചിൻ പോർട്ടിന്റെ ഭാഗമാക്കിയപ്പോൾ ബോർഡ്, ലേബർ ഡിവിഷൻ എന്നാണ് അറിയപ്പെടുന്നത്.

ചാപ്പ സമ്പ്രദായത്തെ ചിത്രീകരിക്കുന്ന ഒരു ചലച്ചിത്രം മുൻപും മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1982-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പേര് തന്നെ "ചാപ്പ" എന്നായിരുന്നു. ചിത്രം ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക