ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Tuesday, 13 December 2016

ദേശീയ പതാകയും ദേശീയ ഗാനവും; ജയിലിൽ പോകേണ്ടി വരുമോ ?

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ചിതമല്ലാത്ത ഏതൊരു വസ്തുക്കളിലും ദേശീയ പതാക പതിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ദേശീയ പതാകയെ അപമാനിച്ചു എന്ന് ഒളിമ്പിക്ക് ബോക്സിങ് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിനെതിരെയും ദേശീയ ഗാനം തെറ്റിച്ചു പാടി എന്ന് സണ്ണി ലിയോണിനെതിരെയും ആരോപണങ്ങൾ പത്രത്താളുകളിൽ കണ്ടത് ഈ കഴിഞ്ഞ മാസങ്ങളിൽ ആണ്.

ദേശീയ പതാകയോട് അനാദരവ് കാണിച്ചു എന്ന കുറ്റത്തിന് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. തന്‍റെ ചിത്രമായ ‘ഡേര്‍ട്ടി പൊളിറ്റിക്സി’ന്‍റെ പോസ്റ്ററില്‍ ദേശീയ പതാക വസ്ത്രമായി അണിഞ്ഞു പ്രത്യക്ഷപ്പെട്ടതാണ് താരത്തിനെ വെട്ടിലാക്കിയത്. ഇത് ദേശീയ പതാകയെ നിന്ദിക്കലാണെന്നു ചൂണ്ടിക്കാണിച്ച് ബിസിനസുകാരായ അബ്ദുള്‍ ക്വാദിര്‍ മുക്രം,
സാമിയുദ്ദീന്‍ എന്നിവര്‍ നല്കിയ പരാതിയിലായിരുന്നു കേസ്. മല്ലിക ഷെരാവത്ത് ദേശീയ പതാകയെ അപമാനിച്ചുവെന്നും കേസെടുക്കണമെന്നും കാണിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. ഇതിനെത്തുടർന്ന് പരാതിക്കാർ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. ഒടുവില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഹൈദരാബാദ് പോലീസ് നടിക്കെതിരെ കേസെടുത്തു. മനുഷ്യവകാശ പ്രവര്‍ത്തകനായ ടി. ധനഗോപാല്‍ റാവോയും ഈ വിഷയത്തിൽ ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ കൂടാതെ ചിത്രത്തിൻറെ നിർമ്മാതാവ് കസ്തൂര്‍ ചന്ദ് ബോഗാടിയക്കെതിരെയും  കേസുണ്ട്. ചിത്രത്തിൻറെ ആദ്യ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ അതിൽ നഗ്നയായ മല്ലിക ത്രിവര്‍ണ്ണപതാക പുതച്ചുകൊണ്ട് കാറിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണുണ്ടായത്. ഈ പോസ്റർ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ഇക്കാര്യം വൻ ചർച്ചയായിരുന്നു.

തിരുവനന്തപുരത്തെ ഒരു സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂവി അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത സല്‍മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കാണാന്‍ നിള തിയറ്ററില്‍ പോയ സല്‍മാന്‍ അവിടെ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നും ആലാപന സമയത്ത് കൂവി എന്നുമായിരുന്നു ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യദിനത്തെ വിമര്‍ശിച്ച് അവന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ പോസ്റ്റും അറസ്റ്റിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

മുൻപ്,ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്‍ ദേശീയ പതാകയെ അപമാനിച്ചതായി പരാതിപ്പെട്ട് ലോക്ജ നശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ പൊലിസീനെ സമീപിച്ചിരുന്നു. 2011 ഏപ്രില്‍ ര­ണ്ടിന് അപ് ലോഡ് ചെയ്ത് യൂട്യൂബ് വഴി പ്രചരിച്ചിരുന്ന ഒരു വീഡിയോയിലാണ് ഷാരൂഖ് ദേശീയപതാകയെ അപമാനിച്ചതായി പരാതിയില്‍ പറയുന്നത്. അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യ്യി­ലു­ണ്ടാ­യി­രു­ന്ന പ­താ­ക­യില്‍ കു­ങ്കു­മനി­റം താ­ഴെയും പ­ച്ച­നി­റം മു­ക­ളി­ലു­മാ­യി­രുന്നു. ഇ­ത് അ­വ­ഗ­ണി­ച്ച് ഷാ­രൂ­ഖ് ഖാന്‍ പതാ­ക വീ­ശി അ­നാ­ദര­വ് കാ­ട്ടി­യെ­ന്നാ­യിരുന്നു ര­വി­ന്ദ്ര­ബ്ര­ഹ്മെയു­ടെ പ­രാ­തി­. ഷാരൂഖിനെതിരെ പൂനെയിലെ ചതുഷ്രിംഗി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഷാ­രൂ­ഖ് ഖാന്‍ കൊല്‍ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്‌­സ് ഉ­ട­മയും ഇ­ന്ത്യ­യു­ടെ റോള്‍ മോ­ഡ­ലു­മാ­ണെ­ന്ന് ര­വി­ന്ദ്ര പ­റ­യുന്നു. യു­വാക്ക­ളെ ഏ­റെ ഇ­ഷ്ട­പ്പെ­ടു­ന്ന ഷാ­രൂ­ഖി­ന് ചി­ല ഉ­ത്ത­ര­വാ­ദി­ത്വം ആവശ്യമാണ്‌. ഇ­ത്ത­ര­ത്തി­ലു­ള്ള ഷാ­രൂ­ഖിന്റെ ശീ­ല­ങ്ങള്‍ യു­വ­ജ­ന­ങ്ങള്‍ അ­നു­ക­രി­ക്കു­മെന്നും ര­വി­ന്ദ്ര ചൂ­ണ്ടി കാട്ടി.

ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി ലോക് ജനശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ നേരത്തെയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ദേശീയപതാകയുടെ രൂപകല്‍പനയിലുള്ള ബിക്കിനി അണിഞ്ഞ മുംബയ് മോഡല്‍ ഗെഹ്ന വഷിഷ്ഠിനെതിരെയാണ് ബ്രഹ്മെ നേരത്തെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെയിലെ ഡെക്കാന്‍ ജിംഖാന പൊലീസ് ഗെഹ്ന വഷിഷ്ഠിനെ അറസ്റ്റ് ചെയ്തിരുന്നു.

ദേശീയ ഗാനം ആലപിച്ചപ്പോള്‍ ശശി തരൂര്‍, അമേരിക്കക്കാർ ചെയ്യുന്നത് പോലെ നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ചു എന്നൊരു പുലിവാല് നേരത്തെ പിടിച്ചിരുന്നു. ലാലു പ്രസാദും ഭാര്യയും ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ഒരു ഫോട്ടോയും നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത , സ്വാതന്ത്ര്യ സമരത്തില്‍ ജയിലില്‍ പോയ , ഗാന്ധിജി സ്നേഹപൂര്‍വ്വം "നേപ്പാളി " എന്ന് വിളിച്ച, സഹജയോഗ എന്ന പ്രസ്ഥാനത്തിന്റെ ഉടമസ്ഥ, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആശ്രമങ്ങള്‍ ഉള്ള നിര്‍മ്മലാദേവിയും ദേശീയ പതാകയെ നിലം വിരിപ്പായി ഉപയോഗിക്കുന്ന പടം നെറ്റിൽ കണ്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആയിരുന്നു

ദേശീയപതാകയെ അവഗണിച്ചു എന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുക്കാന്‍ മധ്യപ്രദേശിലെ ബിന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. രാജേന്ദ്ര മിശ്ര എന്നയാളാണ് കെജ്‌രിവാളിനും അനുയായികള്‍ക്കും എതിരെ പരാതി നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍ ദേശീയ പതാകയ്‌ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ചതാണ് പരാതിയ്ക്ക് കാരണമായത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കൈയില്‍ ചൂല് കൊണ്ട് നിലം തൂത്തതിനു ശേഷം ആ ചൂല് ദേശീയ പതാകയ്‌ക്കൊപ്പം വീശികാണിക്കുന്നു എന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ദില്ലിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ആചാരപ്രകാരം മുഖ്യമന്ത്രി ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം അതിനെ സല്യൂട്ട് ചെയ്യാന്‍ മറന്നു പോയതും വിവാദത്തിനു ഇടയാക്കിയിരുന്നു. 

റിപ്പബ്ലിക് ദിനത്തിൽ  ദേശീയപതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ഗവര്‍ണര്‍ ജെ. ബി പട്‌നായിക്കും കേസ്സിൽ പെട്ടിരുന്നു. 

2011-ലെ ലോകകപ്പ് മത്സരത്തിനിടെ നടന്ന സ്വകാര്യ പാര്‍ട്ടിക്കിടെ സച്ചിന്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചെന്നും ഇതിലൂടെ സച്ചിന്‍ ദേശീയ പതാകയെ അപമാനിച്ചെന്നും അതിനാല്‍ സച്ചിന്റെ രാജ്യസഭാംഗത്വം പിന്‍‌വലിക്കണമെന്നും 1971-ലെ നിയമം അനുസരിച്ച് ദേശീയപതാകയുടെ ദുരുപയോഗം എന്ന വകുപ്പിലും 1950 ലെ നിയമം അനുസരിച്ച് ക്രിമിനല്‍ കേസും ചാര്‍ജ്ജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വക്കെറ്റ് എ ബെനിറ്റോ എന്നയാൾ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

2004 ജനുവരി നാലിന് നടന്ന ഫാഷന്‍ ഷോയില്‍ നടിയും മോഡലുമായ ശ്വേതാ മേനോന്‍ ത്രിവര്‍ണ പതാക ധരിച്ച് റാമ്പില്‍ നടന്നതിനു അവർക്കെതിരെയും ഫാഷന്‍ ഷോ സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്റെ പ്രദേശിക തലവന്‍ ആശിഷ് ഗുപ്തക്കെതിരെയും കേസുണ്ടായിരുന്നു.  അന്ന് ശ്വേത മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആല്‍വാര്‍ ജില്ലാ കോടതി ജഡ്ജി എച്ച്.എസ്.സക്‌സേന തള്ളിയത് വാർത്തയായിരുന്നു. 

ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിപ്പിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന പ്രതീകങ്ങള്‍; ആ രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും കൂടി ചിഹ്നങ്ങളാണ്. ഇവ രാഷ്ട്രത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ഐകമത്യവും ദേശീയതയും പ്രകടമാക്കുന്നവയാണ്. ഓരോ രാഷ്ട്രത്തിനും അതതിന്റേതായ ദേശീയ അടയാളങ്ങള്‍ നിലവിലുണ്ട്. രാഷ്ട്ര സമൂഹത്തിന് പരമാധികാരം ഇല്ലെങ്കില്‍പ്പോലും ഇത്തരം ദേശീയ ചിഹ്നങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ പൗരൻ ആയിരുന്നു കൊണ്ട് അതിന്റെ ദേശീയതയും ദേശീയതാ ചിഹ്നങ്ങളെയും ബഹുമാനിക്കെണ്ടതും സംരക്ഷിക്കേണ്ടതും ഒരോ പൌരന്റെയും കടമയാണ്. അത് ദേശീയ പതാകയായാലും ദേശീയ ഗാനമായാലും. വലിപ്പ ചെറുപ്പ ഭേദമില്ലാതെ ഓരോ പൗരനും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു ആർക്കും സംശയവും വേണ്ട. 

ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളും പാരമ്പര്യങ്ങളും മറ്റു രാഷ്ട്രക്കാരെ അറിയിക്കുന്നതിനുള്ള പ്രതീകമാണ് ദേശീയ പതാക. 1947 വരെ ഇന്ത്യയില്‍ ഒരു പൊതു ദേശീയ പതാക ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടിഷ് പ്രവിശ്യകളില്‍ ബ്രിട്ടിഷ് പതാകയും ഓരോ നാട്ടുരാജ്യത്തിനും അതിന്റേതായ പതാകയുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച്, 1947 July 22-ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ചു പാസ്സാക്കിയ ത്രിവര്‍ണ പതാക പാര്‍ലമെന്റ് മന്ദിരത്തില്‍ ഉയര്‍ത്തിക്കൊണ്ടാണ് 1947 August 15-ന് ഇന്ത്യന്‍ സ്വാതന്ത്ര്യക്കൈമാറ്റം നടന്നത്. ഓരോ രാഷ്ട്രത്തിനും അതിന്റേതായ പതാകയുണ്ട്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് പരാജയപ്പെട്ട രാഷ്ട്രത്തിന്റെ പതാകയെ മാറ്റിയിട്ട് അവിടെ വിജയിച്ച രാഷ്ട്രത്തിന്റെ പതാക നാട്ടുകയെന്നതാണ്. ഒരു രാഷ്ട്രത്തോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ രാഷ്ട്രത്തിലെ ദേശീയ പതാകയെ അപമാനിക്കുക എന്നത്. ഓരോ രാഷ്ട്രത്തിലെയും ദേശീയ പതാകയുടെ വലുപ്പം, പതാക ഉയര്‍ത്തുമ്പോള്‍ അനുഷ്ഠിക്കേണ്ട ചിട്ടകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ അതത് ഗവണ്മെന്റുകള്‍ നിയമമാക്കിയിട്ടുണ്ട്. മുകളില്‍ കുങ്കുമനിറം, മധ്യത്തില്‍ വെള്ളനിറം, താഴെ പച്ചനിറം എന്നീ വര്‍ണങ്ങളോടുകൂടിയ ത്രിവര്‍ണ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക. പതാകയുടെ കൃത്യം മധ്യഭാഗത്ത് ഇരുപത്തിനാല് ആരക്കാലുകളോടുകൂടിയ ധര്‍മചക്രവും നീലനിറത്തില്‍ കൊടുത്തിട്ടുണ്ട്. സാരാനാഥം എന്ന സ്ഥലത്ത് അശോക ചക്രവര്‍ത്തി സ്ഥാപിച്ച സ്തൂപത്തിലുള്ള ധര്‍മചക്രത്തിന്റെ മാതൃകയിലാണ് നമ്മുടെ ദേശീയ പതാകയിലെ ധര്‍മചക്രം പകര്‍ത്തേണ്ടത്. ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു.  'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു.

പൗരന്മാര്‍ക്ക് ദേശീയ പതാക പോലെതന്നെ പരമപ്രധാനമായ ഒന്നാണ് ദേശീയ ഗാനം. ഓരോ രാഷ്ട്രത്തിനും സ്വന്തമായ ദേശീയ ഗാനം ഉണ്ടായിരിക്കും. മുമ്പ് രാജവാഴ്ച നിലനിന്നകാലത്ത് രാജാവിനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു ദേശീയ ഗാനങ്ങള്‍. 1949 വരെ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന 'വഞ്ചീശമംഗളം' ഇതിന് ഉദാഹരണമാണ്. ഇംഗ്ലണ്ട് ഒരു ജനാധിപത്യരാജ്യമാണെങ്കിലും അവിടെ ഇപ്പോഴും രാജവാഴ്ച നിലവിലുള്ളതുകൊണ്ട് ഇപ്പോഴും 'God save the King' എന്നു തുടങ്ങുന്ന ഗാനം ദേശീയ ഗാനമായി ഉപയോഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ രചിച്ച 'ജനഗണമന അധിനായക ജയഹേ' എന്നാരംഭിക്കുന്ന ബംഗാളി ഗാനത്തിന്റെ ഹിന്ദിരൂപമാണ് ദേശീയ ഗാനമായി ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ബങ്കിംചന്ദ്രചാറ്റര്‍ജി രചിച്ച 'വന്ദേമാതരം' എന്ന ഗാനത്തെയും ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ട്. ദേശീയ പതാക കാണുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ അഭിമാനം വിടരുന്നതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ ദേശസ്നേഹം വളരുന്നു. പലതരം ഭാഷക്കാരും മതക്കാരും താമസിക്കുന്ന രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ തമ്മിലുള്ള ഐകമത്യം നിലനിര്‍ത്തുവാന്‍ ദേശീയ പതാക പോലെതന്നെ ദേശീയ ഗാനത്തിനും കഴിയുന്നു. ചില ഘട്ടങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നത് വാച്യരൂപത്തിലായിരിക്കുകയില്ല, പ്രത്യുത ബാന്റ് മേളമായിട്ടോ, മറ്റേതെങ്കിലും വാദ്യോപകരണ ശബ്ദമായിട്ടോ ആയിരിക്കും. അതിനാല്‍ തങ്ങളുടെ ദേശീയ ഗാനത്തിന് മധുരമായ രാഗവും താളവും നല്കുവാന്‍ ഓരോ രാഷ്ട്രവും ശ്രമിക്കുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'യില്‍ അര്‍ഥസമ്പുഷ്ടി മാത്രമല്ല, കര്‍ണാനന്ദകരമായ രാഗവും താളവും ഉണ്ട്. ഓരോ ദേശീയ ഗാനവും ആ രാഷ്ട്രത്തിന്റെ ചരിത്രവും പാരമ്പര്യങ്ങളും ജനതയുടെ സ്വാതന്ത്ര്യവും പ്രതിഫലിക്കുന്നതാകാം. ഓരോ ഗാനവും രചിച്ചിട്ടുള്ളത് ഏതെങ്കിലും പ്രശസ്ത കവിയായിരിക്കാം. ജനങ്ങളുടെ നാടോടിഗാനങ്ങളില്‍നിന്ന് ഉടലെടുത്തിട്ടുള്ള ദേശീയ ഗാനങ്ങളും ഉണ്ട്. ദേശീയോത്സവങ്ങള്‍, ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങിയ പ്രധാന സന്ദര്‍ഭങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നു. ദേശഭക്തിപ്രകടനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓരോ ദിവസവും ദേശീയ ഗാനം ആലപിക്കാറുണ്ട്. ഒളിമ്പിക്ക് മത്സരവേദികളില്‍ ഒരു വ്യക്തിക്ക് മെഡല്‍ സമ്മാനിക്കുമ്പോള്‍ ആ രാഷ്ട്രത്തിലെ ദേശീയ ഗാനം ആലപിക്കുന്നു.

ലേഖനത്തിന്റെ ആദ്യ ഭാഗത്ത്‌ പരാമർശിക്കപ്പെട്ട എല്ലാ വ്യക്തികളും നിയമത്തിന്‍റെ വിടവുകളിലൂടെയും നിയമ വ്യാഖ്യാനത്തിന്റെ ഇന്ദ്രജാലത്തിലൂടെയും ശിക്ഷിക്കപ്പെടാതെ പുറത്തു വന്നേക്കാം. പക്ഷെ, ദേശീയ ഗാനത്തേയും ദേശീയ പതാകയേയും അത് പോലുള്ള ദേശീയ ചിഹ്നങ്ങളെയും സർവ്വോപരി ദേശീയതെയെയും മനപൂർവ്വവും ബോധപൂർവ്വവും അപമാനിക്കുകയെന്നത് തികച്ചും അപക്വവും ജനാധിപത്യസംസ്കാരത്തിന് വിരുദ്ധവുമായ സ്വഭാവരീതിയാണെന്നതില്‍ ഒരു സംശയവും വേണ്ട. ഈ ദേശീയതയ്ക്കും അതിന്റെ ചിഹ്നങ്ങൾക്കും ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും കണ്ണീരിന്റെ ചുവയും ചോരയുടെ നിറവും ഉണ്ട്. ഏതു സ്വതന്ത്ര ചിന്തയുടെ പേരിലാണെങ്കിലും,  അതിനെ അവമതിക്കുന്നവരെയും അവഗണിക്കുന്നവരേയും യഥാർത്ഥ രാഷ്ട്രസ്നേഹി ഒറ്റപ്പെടുത്തും.  നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനും വെറുക്കാനും നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ നിങ്ങൾക്ക് അനഭിമതനായ വ്യക്തിയുടെ മുഖത്ത് തുപ്പുന്നത് തികച്ചും സംസ്കാര ശൂന്യമാണ്; പിതൃ ശൂന്യമാണ്; ശുദ്ധ തെമ്മാടിത്തരമാണ്. 

സ്റ്റോപ്പ്‌ പ്രസ് : ദേശീയ ഗാനം കേൾക്കുമ്പോൾ, കൂടെപ്പാടാൻ താൽപ്പര്യം ഇല്ലാത്തവർക്ക്  അതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യയില്‍ ഉണ്ട്. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേക ബഞ്ച്, പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി (ബിജോയ് ഇമ്മനുവേൽ Vs. കേരളാ സ്റ്റേറ്റ്). ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ കേസ്. ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നീ കാഴ്ചപ്പാടുകൾ വ്യാഖ്യാനിക്കുകയായിരുന്നു സുപ്രീംകോടതി ഈ കേസിൽ ചെയ്തത്. വീണ്ടും, കരൺ ജോഹർ V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി തന്നെ സിനിമാ ഹാളിൽ ദേശീയഗാനം കേൾപ്പിക്കുന്നതും അതിനു ജനം എഴുന്നേറ്റു നിൽക്കുകയും ചെയ്യുന്നതും ദേശീയഗാനത്തിന്റെ മഹത്വത്തിന് കോട്ടം വരുത്തും എന്നും ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കേണ്ടതല്ല ദേശസ്നേഹം എന്നും കോടതി കൃത്യമായി നിരീക്ഷിച്ചിട്ടുള്ളതാണ്. 

പക്ഷെ, ഇപ്പോഴത്തെ ഉത്തരവനുസരിച്ച് മൂന്നാം കിട A റേറ്റഡ് പടം കാണിക്കുന്നതിന് മുൻപും തിയ്യേറ്ററിൽ ദേശീയഗാനം നിർബന്ധമായും കേൾപ്പിക്കണം; സിനിമ കാണാൻ ചെന്നവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കുകയും വേണം. ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന് ഇപ്പോൾ പറഞ്ഞ അതേ സുപ്രീം കോടതി തന്നെയാണ് ബിജോയ് ഇമ്മാനുവൽ കേസിൽ കുഴപ്പമില്ല എന്നും കരൺ ജോഹർ കേസിൽ എഴുന്നേറ്റ് നിൽക്കുന്നത് അനാവശ്യം ആണെന്നും പറഞ്ഞത്. ദേശീയചിഹ്നങ്ങളെ കാണുമ്പോൾ ആദരിക്കേണ്ടതിനെപ്പറ്റി മാത്രമല്ലേ നിയമങ്ങൾ പറയുന്നുള്ളൂ. ആദരിക്കാൻ വേണ്ടി പ്രദർശിപ്പിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല; അതും വളരെയേറെ ലാഘവത്തോടും അലക്ഷ്യമായും സിനിമ കാണാൻ വരുന്ന ഇടങ്ങളിൽ.

ഇപ്പോൾ ബാക്കിയാവുന്ന ഒരു സംശയം; പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിജോയ് ഇമ്മാനുവൽ കേസിന്റെയും കരൺ ജോഹർ കേസിന്റെയും വിധികൾ അസ്ഥിരപ്പെട്ടിട്ടുണ്ടോ ? അസ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ, ദേശീയ ചിഹ്നങ്ങളെ അപമാനിച്ചു എന്ന പേരിൽ കോടതിയും പോലീസ് സ്റ്റേഷനും കയറുന്നവരുടെ എണ്ണം ഇനി ചെറുതായിരിക്കില്ല. 

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 6 December 2016

അത്രമേൽ സ്നേഹിക്കയാൽ ഒരു ജനത കരയുകയാണ്; അവരെ പുച്ഛിക്കരുത്.

കുറെ കാലമായി മാധ്യമങ്ങളും നികൃഷ്ടമനസുള്ള ചിലരും ആർത്തിയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആ വാർത്ത ഇന്നലെ രാത്രിയോടെ സ്ഥിരീകരിക്കപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ ജയലളിത (തമിഴ്‍നാട്ടിലെ ഏഴകളുടെ അമ്മ) ചരിത്രത്തിന്റെ ഭാഗമായി. 

തമിഴ് വെള്ളിത്തിരയിലെ ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന താരം; തമിഴ്ജനതയുടെ "മക്കൾ തിലകം" എംജിആറിന്റെ "ഇദയക്കനി"; "പുരട്ച്ചി തലൈവർ" എംജിആറിന്റെ പിൻഗാമി "പുരട്ച്ചി തലൈവി"; ക്രിമിനൽ ഗൂഢാലോചന കേസ്സിൽ ശങ്കരാചാര്യരെ ജയിലിലടക്കാനും റോഡ് കൈയേറിയും തടസ്സം സൃഷ്ടിച്ചും നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുമാറ്റാനും തക്ക ധീരത പ്രകടിപ്പിച്ചവൾ; ആരൊക്കെ അവർക്കെതിരെ നിലകൊള്ളുമ്പോഴും ജനമനസ്സുകളെ ജയിക്കാൻ സാധിച്ചവൾ; തമിഴക രാഷ്‌ടീയത്തിൽ അധികമാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത തരത്തിലുള്ള ജനപ്രീതി സ്വന്തമാക്കിയവൾ. കൈവെച്ച മേഖലയിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അന്തരിച്ച ജയലളിത.......മാധ്യമങ്ങളുടെ വക വാഴ്ത്തുപാട്ടുകൾ നിരവധിയാണ്.

അധികം ആളുകൾക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. പത്താം ക്ലാസ്സിൽ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം നിർത്തിയ ജയലളിത ഒന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസ് ആയത്. അടുത്ത സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പഴയ സിനിമാക്കാർക്കും ഇടയിൽ "അമ്മു" എന്ന് വിളിക്കപ്പെട്ടിരുന്ന ഇവർ നല്ലൊരു സംഗീതജ്ഞ ആയിരുന്നു. സംഗീതം കൂടാതെ ഭരത നാട്യം, മോഹിനിയാട്ടം, മണിപ്പൂരി, കഥക് തുടങ്ങിയ വിവിധ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിരുന്നു. തമിഴ്, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അടക്കം പല ഭാഷകൾ അവർ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. നിരീശ്വരവാദത്തിലധിഷ്ഠിതമായ ദ്രാവിഢപാർട്ടിയുടെ നേതാവായിരുക്കുമ്പോഴും മതവിശ്വാസിയും ആത്മീയവാദിയുമായിരുന്നു അവർ. ഒരു ദ്രാവിഢ മുന്നേറ്റ പാർട്ടിയുടെ എതിരില്ലാ മേധാവിയായി ജീവിച്ചു മരിച്ച ബ്രാഹ്മണസ്ത്രീ (ജാതി പറഞ്ഞതല്ല; മുൻപോ ഇനിയൊ ആ സ്ഥാനത്ത് ഒരു ബ്രാഹ്മണ സ്‌ത്രീ വരാനുള്ള സാധ്യത വളരെ വിരളമാണ്; കാരണം എളുപ്പത്തിലൊന്നും, ബ്രാഹ്മണ്യത്തിന് കീഴ്വഴങ്ങാൻ തയ്യാറുള്ള മനസ്സല്ല ദ്രാവിഢഗോത്രങ്ങളിൽ പിറന്നവർക്ക്)

പെരിയോരും അണ്ണാദുരൈയും വിഭാവനം ചെയ്ത ദ്രാവിഡ മുന്നേറ്റ രാഷ്ട്രീയത്തിന്റെ മൂല്യങ്ങളോട് ഒരു തരത്തിലും നീതി പുലർത്താത്ത നേതാവ്, ഏകാധിപത്യത്തിലധിഷ്ഠിതമായ സംഘടനാശൈലിയുടെ പ്രയോക്താവ്, പൊതു മുതല്‍ കവർന്ന് കോടീശ്വരിയായ രാഷ്ട്രീയക്കാരി, മൃദുഹിന്ദുത്വത്തിന്റെ വക്താവ് അങ്ങനെ എതിർ വിശേഷണങ്ങൾക്കും ഒരു കുറവുമില്ല.

എന്നാൽ, കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലെ ഭൂരിപക്ഷം പൗരന്മാരും, തമിഴന്മാരുടെ (ആക്ഷേപ ഭാഷയിൽ പാണ്ടികളുടെ) വിവരക്കേടിനെയും "അമ്മ" മരിച്ചാൽ തമിഴന്മാർ ചെയ്തു കൂട്ടാൻ സാധ്യതയുള്ള അക്രമങ്ങൾ, അതിക്രമങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ വിവരമില്ലായ്മകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പോസ്റ്റുകളും ട്രോളുകളും അയക്കുന്നതിൽ മാത്രം വ്യാപൃതരായിരുന്നു. ഒരാളുടെ മരണം ട്രോൾ വിഷയമാക്കി ആസ്വദിക്കുന്ന മനോഭാവത്തോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കുന്നില്ല.

എനിക്കറിയാവുന്ന തമിഴ്‌നാട് സ്വദേശികളിൽ കുറെ പേർ ഉന്നതവിദ്യാഭ്യാസമുള്ള ആളുകളാണ്. അത്രയ്ക്ക് ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത കുറച്ച് പേരെയും എനിക്കറിയാം. ഒന്നാമത്തെ വിഭാഗത്തിൽ പെട്ട ഒന്നോ രണ്ടോ പേർക്കൊഴികെ, ഈ രണ്ടു കൂട്ടർക്കും ജയലളിതയോട് അതിയായ ബഹുമാനമുണ്ട്. അതവരുടെ ഭരണ നൈപുണ്യത്തോടും ആജ്ഞാശക്തിയോടും ഉള്ള ആദരവാണ്. ഭൂരിഭാഗം സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അവരോട് ആദരവും സ്നേഹവും ചേർന്ന ഒരു തരാം ഭയഭക്തിബഹുമാനമാണ്. 

അത് തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്മാരായത് കൊണ്ടാണെന്നു തോന്നുന്നത് നമ്മെ സംബന്ധിച്ച് സ്വാഭാവികമാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗത്തിന്റെയും ഉപരിവർഗ്ഗത്തിന്റെയും ജീവിതശൈലിയും കണ്ടു ശീലിച്ച നമുക്ക് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവനെ മനസിലാക്കാൻ എളുപ്പമല്ല. പക്ഷെ, അവരുടെ നോട്ടത്തിൽ അമ്മ അവർക്ക് വേണ്ടി ചെയ്യുന്ന സൗജന്യങ്ങൾക്ക് പരിധിയോ പരിമിതിയോ ഇല്ല. 500 മദ്യവില്പനശാലകൾ അടച്ചും മദ്യവില്പനസമയം കുറച്ചുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 2016ൽ തുടർച്ചയായ രണ്ടാംഭരണത്തിനു തുടക്കമിട്ടത്. മദ്യക്കടകളുടെ പ്രവർത്തനസമയം ഉച്ചയ്ക്കു 12 മുതൽ രാത്രി പത്തുവരെയാക്കിക്കുറച്ചു. ഗാർഹിക ഉപയോക്‌താക്കൾക്കു രണ്ടുമാസം കൂടുമ്പോൾ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകി. ചെറുകിട– ഇടത്തരം കർഷകർ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും നിന്നെടുത്ത വിള വായ്പകളും ഹ്രസ്വ– ദീർഘകാല വായ്പകളും എഴുതിത്തള്ളി. അമ്മ കാന്റീൻ, അമ്മ കുടിവെള്ളം, സൗജന്യ അരി, വിലകുറച്ച് പച്ചക്കറികൾ, അമ്മ ഉപ്പ്, കർഷകർക്ക് സൗജന്യ വൈദ്യുതി, കുട്ടികൾക്ക് സൗജന്യ ലാപ്‌ടോപ്, സൈക്കിളുകൾ, സ്കൂളുകളിൽ പ്രഭാതഭക്ഷണം.... വീടുകളിലേക്ക് ടി വി, മിക്സർ ഗ്രൈൻഡർ....അമ്മ സിമന്റ് മുതൽ അമ്മ തിയ്യേറ്റർ വരെ തന്റെ ജനതയ്ക്ക് സമ്മാനിക്കാൻ അവർ തയ്യാറായി. ആരോഗ്യ രംഗത്ത് അവർ ആവിഷ്ക്കരിച്ച പദ്ധതികൾ അമ്പരപ്പിക്കുന്നതാണ്. രോഗികൾക്ക് കൈത്താങ്ങായി അമ്മ മെഡിക്കൽ സ്റ്റോർ, ആശുപത്രിയിൽ ജനിക്കുന്ന ഒരു കുട്ടിക്ക്‌ സോപ്പ്‌, പൗഡർ, കുട്ടിയുടുപ്പ്‌, ടവൽ, നാപ്കിൻ, ഓയിൽ, ഷാമ്പു മുതൽ ഒരു നവജാത ശിശുവിനു വേണ്ട സകലതും നൽകുന്ന അമ്മ ന്യൂ ബോൺ ബേബി കെയർ കിറ്റ്, ആശുപത്രികളിൽ സൗജന്യപ്രസവ ശുശ്രൂഷ, മികച്ച പ്രസവാവധി ആനുകൂല്യങ്ങൾ, ജനിക്കുന്ന പെൺ കുഞ്ഞുങ്ങൾക്ക് വേണ്ടി വിവാഹ ചിലവിനായുള്ള ധനസഹായപദ്ധതി, ദരിദ്ര പെൺകുട്ടികൾക്കു വിവാഹാവസരത്തിൽ എട്ടു ഗ്രാം സ്വർണം നൽകുന്ന പദ്ധതി....സഹായങ്ങളും സൗജന്യങ്ങളും എണ്ണിത്തീർക്കാനാവില്ല. പാവപ്പെട്ട ഒരു തമിഴന്റെ നിത്യ ജീവിതത്തെ സ്വാധീനിക്കാനിടയുള്ള എന്തിലും ഏതിലും അവരുടെ കരുണാസ്പർശം തുടർന്നു. 

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ നേരിട്ട് പ്രതിഫലിക്കുന്ന വിധത്തിൽ ജയലളിത നടപ്പിലാക്കിയ എണ്ണമില്ലാത്ത ജനപ്രിയ പദ്ധതികളാണ് അവരെ തമിഴകത്തിന്റെ ആരാധനാമൂർത്തിയാക്കിയത്. തൊണ്ണൂറുകളിൽ അഴിമതിക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയലളിത ജയിലിൽ കിടന്നപ്പോൾ പറയത്തക്ക ചലനങ്ങൾ ഒന്നുമില്ലാതെ പോയ തമിഴകമായിരുന്നില്ല 2014-ൽ അവർ ജയിലിൽ പോയപ്പോൾ നമ്മൾ കണ്ടത്. ഇരുനൂറോളം പേരാണ് അന്ന് ജീവനൊടുക്കിയത്. .  

ഈയൊരു കോണിൽ നിന്ന് വീക്ഷിച്ചാൽ, ഒരു പാവം സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത്‌ കേവലമൊരു മുഖ്യമന്ത്രിയോ ഭരണാധികാരിയോ  അല്ല. അവരുടെ ദൈനം ദിന ജീവിതത്തിലെ ഐശ്വര്യത്തിന്റെ നിറസാന്നിധ്യമാണ്. അവരുടെ ജീവിതസുരക്ഷയെ പൊതിഞ്ഞു പിടിച്ചിരുന്ന ഒരമ്മ തന്നെയാണ്. പൊതുവിൽ തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏത് കടുത്ത നിലപാടും സ്വീകരിക്കാൻ യാതൊരു മടിയുമില്ലാത്ത ധീരഭരണാധികാരിയെ ആണ്. ഈയൊരവസരത്തിൽ നാം ഒരു കാര്യം കൂടി ആലോചിക്കണം. ഇവിടെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാൽ ഒരു മനുഷ്യക്കുഞ്ഞെങ്കിലും ഇത് പോലെ കണ്ണീരൊഴുക്കാനോ വിതുമ്പാനോ ഉണ്ടാകുമോ എന്ന്. 

അത് കൊണ്ട് ഹൃദയം തകർന്നു നെഞ്ച് തല്ലുന്നവരെയും കണ്ണീരൊഴുക്കുന്നവരെയും പുച്ഛിക്കാതെയും പരിഹസിക്കാതെയും അധിക്ഷേപിക്കാതെയും ഇരിക്കുക. കാരണം, ആ ജനത അവരെ അത്രമേൽ സ്നേഹിച്ചിരുന്നു. 

ഒരു കുഞ്ഞിനെ പോലും പ്രസവിക്കാതെ ഒരു ജനതയുടെ മുഴുവൻ അമ്മയായ സ്ത്രീ... ഇന്ത്യമഹാരാജ്യം കണ്ട  കഴിവുറ്റ  ഭരണാധികാരി എന്ന് പറയിപ്പിച്ചവൾ... രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ചാൽ പരക്കെ അംഗീകരിക്കപ്പെട്ട  ഭരണനൈപുണ്യം... തമിഴ്നാട്ടിലെ ഏഴകളുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ....

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 1 December 2016

ലാലേട്ടാ, ഇത് മറ്റൊരു ലാലിസമായിപ്പോയി...!!!

മോദി എന്ന വ്യക്തിയോടോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാരത്തോടോ അവരുടെ നിലപാടുകളോടോ അര% പോലും യോജിപ്പോ പ്രതിപത്തിയോ ഉള്ള ആളല്ല ഞാൻ. ഈ പരിഷ്‌കാരം നടപ്പിൽ വരുത്തുന്നതിന് മുൻപ് വേണ്ടത്ര മുന്നൊരുക്കങ്ങളും മതിയായ പ്ലാനിങ്ങും ഇല്ലാതെ പോയെന്നും അത് കൊണ്ട് തന്നെയാണ് താൽക്കാലികമായാണെങ്കിലും സാധാരണയിൽ സാധാരണക്കാർ കുറെയേറെ ബുദ്ധിമുട്ടുകളും യാതനകളും സഹിക്കേണ്ടി വന്നതെന്നും ആശുപത്രിവാസം, ചികിത്സ, കല്യാണം,മരണം തുടങ്ങി ഭാരിച്ച പണച്ചിലവ് വേണ്ടി വരുന്ന കാര്യങ്ങൾ നടത്തിയവർ അനുഭവിച്ച ദുരിതം വിവരിക്കാനാവാത്തത് ആണെന്നും ഉള്ള അഭിപ്രായം നിലനിർത്തിക്കൊണ്ടു തന്നെ, നോട്ട് നിരോധന കാര്യത്തിൽ മോദിയെ അനുകൂലിക്കുന്ന ആളാണ് ഞാനും. 


പക്ഷെ, നോട്ട് പിൻവലിക്കൽ വിഷയത്തിൽ മോദിയെ പിന്തുണക്കാൻ വേണ്ടി ലാലേട്ടൻ എഴുതിയ ബ്ലോഗിലെ ചില കാര്യങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ പാവങ്ങളുടെയും സാധാരണ പൗരന്മാരുടെയും സംരക്ഷകരും മധ്യസ്ഥരുമായി മേനി നടിക്കുന്ന വി ഡി സതീശനും വി ടി ബല്‍റാമും അത് പോലുള്ള രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും പ്രകടിപ്പിച്ച രീതിയിലുള്ള വിയോജിപ്പ് അല്ല അത്. 

മോദിയുടെ ഈ സർജിക്കൽ സ്ട്രൈക്ക് കള്ളപ്പണത്തിനും വ്യാജനോട്ടുകൾക്കും അഴിമതിക്കും എതിരെയാണെന്നാണ് മോദി തന്നെ തിന്റെ പ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. പക്ഷെ, താങ്കളുടെ ബ്ലോഗ് ഈ സർജിക്കൽ സ്ട്രൈക്കിനെ വാഴ്ത്തുന്നത് അഴിമതിക്കെതിരായ ധീരനടപടി എന്ന നിലയ്ക്കാണ്. അഴിമതി, വ്യവസ്ഥിതിയുടെ ജീർണ്ണത ആണെന്ന് സ്ഥാപിക്കാൻ വില്ലേജ് ഓഫീസിലെയും പഞ്ചായത്ത് ഓഫീസിലെയും കൈക്കൂലിയെ എടുത്ത് ഉദാഹരിക്കുന്ന താങ്കൾ, മോദിയുടെ കള്ളപ്പണനിർമ്മാർജ്ജനം എന്ന ലക്ഷ്യത്തെ കാണാതെ പോയതാണോ മനഃപൂർവ്വം തമസ്കരിച്ചതാണോ ? വ്യാജനോട്ടിന്റെയും അഴിമതിയുടെയും ആത്യന്തിക ലക്‌ഷ്യം കള്ളപ്പണസമാഹരണമാണ് എന്ന വസ്തുതയുടെ വെളിച്ചത്തിൽ ഡീമോണിറ്റൈസേഷനിലൂടെ മോദിയുടെ യഥാർത്ഥ ലക്‌ഷ്യം കള്ളപ്പണനിർമ്മാർജ്ജനമാണെന്ന് വ്യക്തം. 

കള്ളപ്പണത്തിന് ഓരോ വ്യക്തിയും കൊടുക്കുന്ന നിർവ്വചനങ്ങൾ കാണുമായിരിക്കും. രാജ്യത്തെ നിയമം അനുസരിച്ചുള്ള നിർവ്വചനം അതാവണമെന്നില്ല.  സർക്കാർ ഖജനാവിലേക്ക് (കേന്ദ്രമായാലും സംസ്ഥാനമായാലും തദ്ദേശഭരണസ്ഥാപനങ്ങളായാലും) എത്തേണ്ട തുക വെട്ടിച്ചു നടത്തുന്ന ഏതൊരു ഇടപാടിൽ നിന്നുണ്ടാകുന്ന നേട്ടവും കള്ളപ്പണമാണ്. അത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വാങ്ങുന്ന കോഴയും കിമ്പളവും മാത്രമല്ല; ബില്ല് വാങ്ങാത്തത് മൂലം വിൽപ്പന നികുതി, സേവന നികുതി  മുതലായവ അടക്കാതെ പോകുന്ന ചെറുതും വലുതുമായ സാധനങ്ങളും സേവനങ്ങളും, യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ വില ആധാരത്തിൽ കാണിച്ചുള്ള വസ്തു രജിസ്ട്രേഷൻ, വളരെ ലളിതമായി വെട്ടിക്കപ്പെടുന്ന പഞ്ചായത്ത് മുനിസിപ്പൽ ലെവികൾ, ആദായ നികുതി അടക്കാതെ നേടുന്ന വരുമാനങ്ങൾ, ധനനികുതി അടക്കാതെ സ്വരുക്കൂട്ടുന്ന സമ്പാദ്യങ്ങൾ, ബിനാമി ഇടപാടുകളിലൂടെയുള്ള വരുമാനങ്ങളും സ്വത്തുക്കളും, നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ചു കൂട്ടിയ സ്വത്തുവകകൾ, നിയമപരമായ മാർഗ്ഗത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് കൊണ്ടാണെങ്കിലും പണമോ സ്വാധീനമോ ഉപയോഗിച്ച് കൈവശമാക്കിയതോ സമ്പാദിച്ചതോ ആയ നിയമവിരുദ്ധമായ വസ്തുക്കളോ ആനുകൂല്യങ്ങളോ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇടവഴികളിലൂടെ നേടിയ എന്തും ഏതും കള്ളപ്പണത്തെ സഹായിക്കുന്നവയാണ്...... കള്ളപ്പണം സൃഷ്ട്ടിക്കുന്നവയാണ്..... കൃത്യമായി നോക്കിയാൽ കള്ളപ്പണം ഉണ്ടാക്കുകയോ അതിനു കൂട്ട് നിൽക്കുകയോ ചെയ്യാത്ത ആളുകൾ ഇവിടെ വിരളമായിരിക്കും. അതിന്റെ വലിപ്പച്ചെറുപ്പങ്ങളിലേ വ്യത്യാസമുള്ളൂ.  

താങ്കൾ പ്രതിനിധാനം ചെയ്യുന്ന, താങ്കൾ ബ്ലോഗിൽ തന്നെ പറഞ്ഞിരിക്കുന്ന വളരെയധികം പണച്ചിലവുള്ള സിനിമാ മേഖലയിൽ കള്ളപ്പണം ഉപയോഗിക്കുന്നില്ലേ ? സിനിമാ മേഖല കള്ളപ്പണക്കാരെ സൃഷ്ടിക്കുന്നില്ലേ ? നിങ്ങൾ അടക്കം ചെറുതും വലുതുമായ താരങ്ങളും ടെക്‌നീഷ്യന്മാരും മറ്റു സിനിമാ പ്രവർത്തകരും മുഴുവൻ പ്രതിഫല (Remuneration) ത്തിൽ നിന്നും TDS പിടിക്കാൻ സമ്മതിക്കാറുണ്ടോ ? മുഴുവൻ പ്രതിഫലവും ബാങ്ക് വഴി (കറൻസി നോട്ടുകൾ ആയിട്ടല്ലാതെ) സ്വീകരിക്കാനും തയ്യാറാകാറുണ്ടോ ? ഏതാനും വർഷങ്ങൾക്ക് മുമ്പ് താങ്കളെയും മമ്മൂട്ടിയെയും ഇൻകം ടാക്സ് റെയ്‌ഡ് ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് നടപടി എടുത്തിരുന്നില്ലേ ? പിടിച്ച കണക്കില്ലാപ്പണത്തിന്റെ ടാക്‌സും പിഴയും അടച്ച് തല കഴുത്തിലാക്കി എന്നാണ് അന്നത്തെ വാർത്തകളിൽ കണ്ട വിവരം. അനുമതിയില്ലാതെ ആനക്കൊമ്പ് കയ്യിൽ വച്ചിരുന്ന കേസ് ഉണ്ടായിരുന്നില്ലേ ? ഉമ്മൻ ചാണ്ടി സർക്കാർ അതൊക്കെ റെഗുലറൈസ് ചെയ്ത് നൽകിയെങ്കിലും അതിന്റെ പുറത്ത് ഒരു വിജിലൻസ് കേസും കോടതി വ്യവഹാരങ്ങളും ഇപ്പോഴും ലൈവ് ആണെന്നാണ് എന്റെ അറിവ്. അങ്ങയുടെ ഡ്രൈവർ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവും ഹൈടെക്ക് സിനിമാ കൊട്ടകകളുടെ ഉടമസ്ഥനും ആയത് ബിനാമി ഇടപാടുകളിലൂടെ അല്ലെന്ന് ഞാനും വിശ്വസിച്ചോട്ടെ ? മൂന്നു പതിറ്റാണ്ടോളം സംസ്ഥാന ദേശീയ ബഹുമതികൾ അടക്കം കരസ്ഥമാക്കി മലയാള സിനിമയിലെ അതുല്യനായി വിരാജിക്കുമ്പോഴും ഈ രാജ്യം പൗരന് നൽകുന്ന ഉന്നത ബഹുമതികൾ പലതും അണിഞ്ഞു നടക്കുമ്പോഴും ഇവിടത്തെ സർവ്വകലാശാലകൾ ഉന്നത ബിരുദങ്ങൾ നൽകി നിങ്ങളെ ആദരിക്കുമ്പോഴും നാട്ടുപട്ടാളത്തിന്റെ ഓഫിസർ പദവി അലങ്കരിക്കുമ്പോഴും തന്നെ ആണ് നിങ്ങൾ ഇത്തരം വീഴ്ചകൾ വരുത്തിയതെന്ന് ഓർക്കണം. ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം, സത്യസന്ധമായ ഇന്ത്യക്ക് വേണ്ടിയാണെന്നും രാജ്യ നന്‍മക്ക് വേണ്ടി നിലകൊള്ളുന്ന പൗരന്‍ എന്ന നിലയില്‍ ഞാന്‍ സഹിക്കും എന്നും അത് വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ കൂടിയാണെന്ന് ബ്ലോഗിൽ പറയുന്ന താങ്കൾ, പഴയ കേസുകൾ ആളുകൾ മറന്നു പോയി എന്നാണോ കരുതുന്നത്. 

വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി : പുലിമുരുകന്റെ റിലീസ് ആഘോഷിക്കാൻ നിങ്ങളുടെ ആരാധകക്കൂട്ടം വഴി തടഞ്ഞപ്പോൾ അതിൽ ഖേദിക്കുന്നു എന്ന് കുറിച്ച ഒരു വരി പോലും നിങ്ങളുടെ ബ്ലോഗിൽ കണ്ടില്ല. പുലിമുരുകനെ പറ്റി അനുകൂലമല്ലാത്ത അഭിപ്രായങ്ങൾ എഴുതിയ സ്ത്രീകളടക്കമുള്ളവരെയും അവരുടെ പൂർവ്വ മാതാപിതാക്കളെയും നിങ്ങളുടെ ആരാധകർ അശ്ലീലവും ആഭാസവും നിറഞ്ഞ കമന്റുകൾ കൊണ്ട് അഭിഷേകം ചെയ്തപ്പോഴും അരുതെന്നൊരു വെറും വാക്ക് പോലും നിങ്ങൾ ഉരിയാടിയതായി കേട്ടില്ല. 

ആധുനിക മലയാള സാഹിത്യത്തിലെ, എം. ടി. എന്ന പ്രതിഭാസം, 'താഴ്‌വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോംബെയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് പറഞ്ഞത്‌ ഇപ്രകാരമാണ്; "മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍". അങ്ങിനെയൊന്നും പറയാൻ എനിക്ക് തോന്നുന്നില്ലെങ്കിലും, നിങ്ങളുടെ അയത്നലളിതമായ അഭിനയം കണ്ടു നിങ്ങളോടെനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. സിനിമ ആണെങ്കിലും നാടകം ആണെങ്കിലും അഭിനയമികവിൽ നിങ്ങൾ ഒരു മഹാസംഭവം ആണെന്നതിന് ഒരു തർക്കവും ഇല്ല. സിനിമയിൽ, ഉപരി കലയുടെ വിവിധ മേഖലകളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന് കൂടിയാണ് ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത്; പ്രത്യേകിച്ച് സംഗീതത്തെ. സിനിമാ ഗാനങ്ങളിൽ കുടുങ്ങിക്കിടന്ന സാധാരണ പ്രേക്ഷകന്റെ സഗീതാഭിരുചിയെ അർദ്ധ ശാസ്ത്രീയ - ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തിലേക്ക് നയിക്കാൻ താങ്കൾ നിർമ്മിച്ചതും തകർത്ത് അഭിനയിച്ചതുമായ പല ചിത്രങ്ങളും സഹായിച്ചിട്ടുണ്ട് എന്നതും സ്തുത്യർഹമാണ്‌. പക്ഷെ, ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിൽ പൊരുത്തമില്ലാതെ വന്നാൽ പിന്നെ ആ വ്യക്തി, അത് സാർ ആയാലും ഞാൻ ആയാലും ചെയ്യുന്നത് താങ്കൾക്ക് നന്നായി ചെയ്യാൻ അറിയാവുന്ന കാര്യമാണ് - "അഭിനയം". താങ്കളുടെ തന്നെ ഭാഷയിൽ " ART OF MAKING BELIEF".

ഞാൻ ഒരു മമ്മൂട്ടി ആരാധകൻ ആയതു കൊണ്ടാണ് ഈ പോസ്റ്റ്‌ എന്ന് കരുതുന്നവർക്ക് താഴെയുള്ള ലിങ്ക് വായിച്ച് നിർവൃതി അടയാം...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


ചുവപ്പുനിറം നീലയാക്കിയാൽ ചെകുത്താൻ മാലാഖയാവില്ല...!!!

കലൂരിലും തേവരയിലുമായി, ഞാൻ എറണാകുളം നഗരത്തിൽ പത്തു വർഷത്തോളം താമസ്സിച്ചിട്ടുണ്ട്. മൊത്തം പതിനഞ്ചു വർഷത്തോളം തൊഴിൽ ചെയ്തിട്ടുമുണ്ട്. ഈ കാലഘട്ടത്തിൽ കൊച്ചി നഗരത്തിൽ, ഏറ്റവും ഭീതിജനകമായി അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങൾ ചുവന്ന ചെകുത്താന്മാർ (ഇപ്പോൾ നിറം മാത്രം നീല ആയിട്ടുണ്ട്) ആയി വിശേഷിപ്പിക്കപ്പെടുന്ന സിറ്റി ബസുകാർ, മുച്ചക്ക്ര ഭീകരന്മാർ ആയ ഓട്ടോക്കാർ, കൊതുകുകൾ എന്നിവരാണ്. അതിൽ തന്നെ കൊടും ഭീകരന്മാർ സ്വകാര്യ ബസ്സുകളും അതിലെ തൊഴിലാളികളും ആണ്. ഓട്ടോക്കാരെ കൊണ്ടുള്ള ശല്യം പൊതുവെ അത് സവാരിക്ക് വിളിക്കുന്നവരിൽ പരിമിതപ്പെടുന്നു. കൊതുകുകൾ എല്ലാ വിഭാഗം ജനങ്ങളെയും ഉപദ്രവിക്കുന്നുണ്ടെങ്കിലും കൊച്ചി കോർപറേഷന്റെ "ഔദ്യോഗിക പക്ഷി" എന്ന നിലയിൽ അതിനോട് ക്ഷമിക്കാം. യാത്ര ചെയ്യുന്നവരോടും കാൽ നടക്കാരോടും മറ്റു വാഹനങ്ങളോടും എല്ലാം അതിക്രമം കാണിക്കുന്നവർ എന്ന നിലയിൽ ആണ് ബസുകാരെ കൊടും ഭീകരന്മാർ എന്ന് വിശേഷിപ്പിച്ചത്‌. (ഭീകരന്മാരല്ലാത്ത ചുരുക്കം നല്ല മനുഷ്യരെയും ഇക്കൂട്ടത്തിൽ കണ്ടിട്ടുണ്ട്. അവർ എന്നോട് ക്ഷമിക്കുക; കൂടുതലും മോശം അനുഭവങ്ങളാണ് കിട്ടിയിട്ടുള്ളത്) 

ഇത് രണ്ട് വർഷം  മുൻപെഴുതിയ പോസ്റ്റാണ്. ഇപ്പോൾ ഇത് അപ്‌ഡേറ്റ് ചെയ്തിടാൻ കാരണം, മെട്രോ നഗരമാകാൻ കുതിക്കുന്ന കൊച്ചിയുടെ രാജനഗരിയിൽ നടന്ന ഒരു ദാരുണ സംഭവത്തെക്കുറിച്ച്  ഇന്ന് കേട്ട ഒരു വാർത്തയാണ്.....

എറണാകുളം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന യുവദമ്പതികൾക്ക് ഉണ്ടായ ദയനീയ അനുഭവത്തിന്റെ വാർത്തയാണിത്. തൃപ്പൂണിത്തുറ ഭാഗത്തു വച്ച് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത് കയറി വന്ന "ഗാനം" എന്ന സ്വകാര്യബസിടിച്ച് അപകടത്തിൽപ്പെട്ട ഹരീഷും ഗുരുതരമായി പരിക്കേറ്റ ഭാര്യ കസ്തൂരിയുമാണ് ഈ നിസ്സഹായരായ ദമ്പതികൾ. അപകടത്തെത്തുടർന്ന് ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേവലം 25 വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടിയുടെ ഒരു കാൽ മുറിച്ചു നീക്കേണ്ടി വന്നേക്കും എന്ന വാർത്തയാണ് ഇന്ന് രാവിലെ എന്നെ അലോസരപ്പെടുത്തുന്നത്. അപകടശേഷം ഇവരെ സഹായിക്കാനോ സംഭവത്തിന് സാക്ഷി പറയാനോ കൂട്ടം കൂടിയവരിൽ ആരുമുണ്ടായില്ല എന്നത് കൂടുതൽ ഞെട്ടലുളവാക്കുന്നു. പിന്നീടുള്ള അന്വേഷണത്തിൽ അറിഞ്ഞത് വൈറ്റില മുതൽ തന്നെ അമിത വേഗവുമായി ബന്ധപ്പെട്ട് യാത്രക്കാർ പലരും ഈ സംഭവത്തിലെ ഡ്രൈവറുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ്. അതിനൊക്കെ പുല്ലുവില പോലും കൽപ്പിക്കാതെയാണ് അയാൾ ഈ പാവം മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തമായി പാഞ്ഞു കയറിയത്. കേവലം 11 മാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിന് സ്വന്തം അമ്മയുടെ പരിലാളനകളാണ് തികച്ചും നിരുത്തരവാദപരമായി തൊഴിൽ ചെയ്യുന്ന ഒരു ബസ് ഡ്രൈവറുടെ ക്രൂരവികൃതിയിൽ നഷ്ടപ്പെട്ടത്. 


സ്വകാര്യ ബസ്സുകളുടെ അമിത വേഗം മൂലം നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒരു പുതിയ സംഭവം ഒന്നുമല്ല. വളരെ കുറഞ്ഞ സമയത്തിൽ, കൂടുതല്‍ യാത്രക്കാരെ കിട്ടാനുള്ള മരണപ്പാച്ചിലില്‍ നിരത്തില്‍ പൊലിയുന്നത് സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെ ജീവിതങ്ങളും സ്വപ്നങ്ങളുമാണ്. ദാരുണമായ അസംഖ്യം സംഭവങ്ങളിൽ, ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രണ്ടു വർഷം മുൻപ്, സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടയില്‍ കാൽനട യാത്രക്കാരി, തോപ്പുംപടി സ്വദേശിനി ഫാത്തിമബീവി ബസിടിച്ചു മരിച്ചു. ഇതേ അപകടത്തിൽ പരിക്കേറ്റ ഇവരുടെ സഹോദരി  നഫീസ ബീവി ആശുപത്രിയില്‍ വച്ചു മരിച്ചു. ഫോർഷോർ റോഡിലെ ഗാന്ധി സ്‌ക്വയറിനടുത്തായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോ കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് അന്ന് റോഡ് ഉപരോധിച്ചു. അടിയന്തിരമായി കർശന നടപടികൾ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും, റോഡിൽ സ്വകാര്യബസ് ചെകുത്താന്മാരുടെ       മരണപ്പാച്ചില്‍ നിര്‍ബാധം തുടരുക തന്നെ ആണ്. 

ആപത്തിനെ സൂചിപ്പിക്കുന്ന ചുവപ്പ് നിറമായിരുന്നു എറണാകുളം സിറ്റിയിലെ ബസുകൾക്ക് മുൻകാലങ്ങളിൽ അനുവദിച്ചിരുന്നത് എന്നത് യാദൃശ്ചികമായിട്ടായിരുന്നോ എന്നറിയില്ല. അത് എന്തായാലും, എറണാകുളത്ത് കുറച്ചു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ആർക്കും ഈ സ്വകാര്യബസ് എന്ന ഭീകരനെ പറ്റി നടുക്കുന്ന ഒരനുഭവം എങ്കിലും ഓർത്ത് പറയാൻ ഉണ്ടാകും. മിക്കവാറും സമയങ്ങളിൽ ഈ വണ്ടികൾ നഗര നിരത്തിലൂടെ കൊലവിളിയും വിളിച്ചു പായുകയായിരിക്കും. "ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ" എന്നൊരു നാട്ടു പ്രയോഗമുണ്ട്. ഈ മനോഭാവമാണ് ഇവിടത്തെ ബസ് തൊഴിലാളികൾക്ക്. ഇവർക്ക് നിയമങ്ങളെ പേടിയില്ല; സിഗ്നലുകളെ പരിഗണനയില്ല; ട്രാഫിക് വാർഡൻമാരെ പോലും ബഹുമാനമില്ല; മറ്റു വാഹനങ്ങൾ ഒരു പ്രശ്നമല്ല; മനുഷ്യ ജീവൻ ഒരു വിഷയമേയില്ല. റോഡ്‌ ഇവന്റെ മുതലാളിയും ഇവന്റെയൊക്കെ പൂർവ പിതാക്കന്മാരും കൂടി ഇവനൊക്കെ വിളയാടാൻ വേണ്ടി വാങ്ങിയിട്ടിരിക്കുന്നതാണ് എന്ന ഭാവത്തിലാണ് ഇവരുടെ പെരുമാറ്റം. ആരെങ്കിലും ഇതെങ്ങാൻ ചോദ്യം ചെയ്‌താൽ രൂക്ഷമായ നോട്ടം, അസഭ്യ വർഷം, പച്ചത്തെറിയഭിഷേകം, കയ്യേറ്റം മുതലായവ നേരിടേണ്ടി വരും.

നിലം തൊടാതെ പറക്കുന്ന കൊച്ചി സിറ്റി ബസുകളെ പറ്റി ചുമന്ന കളറിൽ പറന്നു വരുന്ന വിമാനം ആണെന്ന്  തോന്നി പോകുമെന്നും അത്തരത്തിൽ നോക്കിയാൽ കൊച്ചിയിലെ ഓരോ ബസ്‌ സ്റ്റാന്റുകളും  ഓരോ മിനി എയർപോട്ട് ആണെന്ന് പറഞ്ഞാലും തെറ്റില്ലെന്നും ഒരാൾ ഒരിക്കൽ ബ്ളോഗിൽ എഴുതിയത് ഓർക്കുന്നു. 'പടച്ചോനെ ഇങ്ങള് കാത്തോളീ...'ന്നും പറഞ്ഞാണ് ഓരോരുത്തരും ബസിൽ കയറുന്നതെന്നും ബസ്‌ സ്റ്റോപ്പിൽ നിന്നുള്ള കയറൽ, വെറും കയറൽ അല്ലെന്നും, 'ചാടി മറിഞ്ഞു തൂങ്ങി വലിഞ്ഞു കയറൽ' എന്ന് ആലങ്കാരികമായി പറയണം എന്നും എഴുതി, ആ വിദ്വാൻ. അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങിനെയാണ്‌; ബസ്‌ വന്നു നിർത്തിയാൽ, (നിർത്തുന്നത്  പോലെ തോന്നും; നിർത്തുന്നുണ്ടോ എന്ന് ഇതു വരെ മനസിലായിട്ടില്ല) ഒന്നോ രണ്ടോ സെക്കന്റിനുള്ളിൽ എല്ലാം തീർന്നിരിക്കണം. ആദ്യം റോഡിൽ നിന്ന് ബസിന്റെ ഏതെങ്കിലും കമ്പിയിൽ മുറുക്കെ പിടിക്കണം; അല്ലെങ്കിൽ ചിലപ്പോൾ പണി പാളും. അവസാനം കയറുന്നവന്റെ കാര്യം മിക്കവാറും അതി ഭീകരമാം വിധം സാഹസികമായിരിക്കും; വണ്ടി വിടും. അവൻ കമ്പിയിൽ ഇങ്ങനെ തൂങ്ങി കിടക്കും. പിന്നെ എങ്ങനെയെങ്കില്ലും  ഉള്ളിൽ കയറിക്കോളണം. ബസിന്റെ  ഉള്ളിൽ കയറിയാൽ പിന്നെ വണ്ടർ ലാ എഫക്റ്റ് ആണ് (പഴയ ലിപിയിൽ വീഗാ ലാൻഡ്‌ എഫക്റ്റ് എന്നും പറയാം); ചാട്ടം, ഓട്ടം,  അലറൽ, കൂവൽ; വല്ലാത്തൊരു അനുഭൂതി തന്നെ. ഇതൊക്കെ അനുഭവിക്കാൻ നിങ്ങൾ  പ്രത്യേകിച്ച് എഫെർട്ട്  ഒന്നും എടുക്കണ്ട കാര്യമില്ല. ഡ്രൈവറിന്റെ അതി മനോഹരമായ ലീലാവിലാസങ്ങൾ കൊണ്ട് അതൊക്കെ മുറ പോലെ  നടന്നോളും. ശ്രീ കൊച്ചി ബസ്‌ ഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ! എന്ന ആശംസയോടെയാണദ്ദേഹം ആ കുറിപ്പ് നിർത്തിയിരിക്കുന്നത്.

മറ്റൊരു ബ്ളോഗിൽ വിവരിക്കപ്പെട്ട ഒരു സംഭവം ഉണ്ട്. മത്സരയോട്ടത്തിനിടെ റോഡ് വിട്ട് ഫുട്പാത്തിനു നേരെ പാഞ്ഞടുക്കുന്ന സിറ്റി ബസ്. റോഡിനൊപ്പം നിരപ്പുള്ള ഫുട്പാത്തിലൂടെ നടന്നു വരുന്ന പത്തോളം വിദേശ വിനോദ സഞ്ചാരികള്‍. റോഡില്‍ മര്യാദമാത്രം കണ്ടു ശീലിച്ചിട്ടുള്ള വിദേശികള്‍ തങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന ബസ് കണ്ട് പരിഭ്രമിച്ച് തിരിഞ്ഞോടുന്നു. ആ ഓട്ടം പോലും വക വയ്ക്കാതെ ബസ് അവരുടെ പിന്നാലെ പാഞ്ഞു. തന്നെ മറികടക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ബസിനെ എങ്ങനെ മുന്നില്‍ കയറ്റിവിടാതിരിക്കാം എന്ന ചിന്ത മാത്രമായിരുന്നിരിക്കാം ആ ബസ് ഡ്രൈവറുടെ മനസില്‍. വേട്ടമൃഗങ്ങളെപ്പോലെ പായുന്ന ബസുകാർ, അവന്റെ മുന്നിലൂടെ ജീവനും കൊണ്ടോടുന്ന വഴിയാത്രക്കാരന്‍ അവന്റെ കണ്ണില്‍പ്പോലും പെടുന്നില്ല. ലോകത്തില്‍ മറ്റൊരു രാജ്യത്തും പതിവില്ലാത്ത ഈ മത്സരയോട്ടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട് വിദേശികള്‍ ഒരു ബേക്കറിയില്‍ ഓടിക്കയറി. ചുറ്റും നിന്ന നാട്ടുകാര്‍ ഇതെല്ലാം കണ്ട് ഊറിച്ചിരിച്ചു. അക്രമികളോട് പ്രതികരിക്കാന്‍ കഴിവില്ലാത്ത ഭീരുക്കളുടെ ചിരി !. ഇങ്ങനെയാണ് ആ വിവരണം അവസാനിപ്പിച്ചിരിക്കുന്നത്. 

ഇതെല്ലാം അത് എഴുതിയവർ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചത് കൊണ്ട് മാത്രം കാര്യങ്ങൾ അത്ര കണ്ടു ലളിതവും രസകരവുമല്ല. അരയില്‍ തിരുകിയ കത്തിയും വണ്ടിയുടെ ജാക്കി ലിവറും ഹാൻസും പാൻ മസാലയും കഞ്ചാവും മയക്കു മരുന്നുകളും കുത്തി നിറച്ച മസിൽ ബോഡിയും കൊണ്ട് യാത്രക്കാരെയും കാൽ നടക്കാരെയും ഒതുക്കാൻ സദാ റെഡി ആയിരിക്കുന്ന ക്രിമിനലുകൾ പോലും ബസ് തൊഴിലാളികൾക്കിടയിലുണ്ട്. മുതലാളിയുടെ പൂത്ത പണവും പോലീസിലും വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ പിടി പാടും പിൻബലമാക്കി ഇവർ റോഡുകളെ കുരുതിക്കളമാക്കുന്നു. സ്വകാര്യ ബസുകളിലെല്ലാം തന്നെ അമിത വേഗം കുറയ്ക്കാന്‍ വേണ്ടി സ്പീഡ് ഗവേണര്‍ എന്ന പേരിൽ ഒരുപകരണം ഘടിപ്പിച്ചിരിക്കുന്നത്‌ കാണാമെങ്കിലും അതൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു ബസുകളുടെ അമിത വേഗം കണ്ടാല്‍ മനസിലാകുമെന്നു യാത്രക്കാര്‍ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം കാര്യമാത്രമായി ഇടപെടുന്ന ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പ്രഹസനമാക്കുന്നു. പരിശോധന കാലയളവില്‍ മാത്രം സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുക, അതു കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയെന്നതാണ് ബസുകളില്‍ കണ്ടു വരുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

കാതടപ്പിക്കും ശബ്ദവുമായി നിരോധിക്കപ്പെട്ട എയര്‍ഹോണുകള്‍ മിക്കവാറും ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഹോണിൽ ഞെക്കി പിടിച്ചാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത് തന്നെ. മറ്റു വാഹനങ്ങളിലുള്ളവരേയും കാല്‍നടയാത്രക്കാരേയും ഹോണടിച്ച് പേടിപ്പിക്കുന്ന ഡ്രൈവര്‍മാരെക്കൂടാതെ വണ്ടിയുടെ ബോഡിയിൽ തട്ടി ഭീകര ശബ്ദം ഉണ്ടാക്കുന്ന കിളികളും ഒരു പേടി സ്വപ്നം തന്നെയാണ്. ഇരുചക്രവാഹനങ്ങളുടെ തൊട്ടുപിന്നിലെത്തി കാതടപ്പിക്കും വിധം എയര്‍ഹോണ്‍ മുഴക്കുന്ന ബസുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. പെട്ടന്ന് പിന്നിലെത്തി പേടിപ്പിക്കും വിധം ഹോണ്‍ ബസുകളും വലിയ വാഹനങ്ങളും എയര്‍ഹോണ്‍ മുഴക്കുമ്പോള്‍ പരിഭ്രമത്താല്‍ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ ഇടമില്ലാത്ത കുപ്പി കഴുത്തു പോലെയുള്ള റോഡിലൂടെ ഈ  ബസ്സുകള്‍ 60 ഉം 70 ഉം KM വേഗതയില്‍ ഓവര്‍ ടേക്ക് ചെയ്യും.ആ വരവ് കണ്ടു റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്ന ആളുകള്‍ ഓടി മാറുന്നത് എറണാകുളത്തെ സ്ഥിരം കാഴ്ചയാണ്. ഒരു വണ്ടികൾക്കും സൈഡ് കൊടുക്കാതെ റോഡിന്റെ വലതു വശം ചേര്‍ന്നേ അവര്‍ ഓടിക്കൂ. അത് വരെ വലതു വശം ചേര്‍ന്നു പോയ ബസ്, സ്റ്റോപ്പിലോ സ്റ്റാന്റിലോ എത്തുമ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇടതു വശത്തേക്ക്‌  ഒറ്റ ചേര്‍ക്കലാണ്‌. മറ്റു ബസ്സുകള്‍ ഓവർടേക്ക് ചെയ്ത് കയറിപ്പോകാതിരിക്കാന്‍ റോഡിന്റെ നടുക്ക് നിര്‍ത്തി ആളെ ഇറക്കുക, സിഗ്നലില്‍ ആളുകള്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ പറ്റാത്ത തരത്തിലും വാഹനങ്ങള്‍ക്ക് ഇടത്തേക്ക് തിരിക്കാൻ പറ്റാത്ത തരത്തിലും കയറ്റി നിര്‍ത്തുക, ആൾ ഇറങ്ങുകയോ കയറുകയോ ചെയ്തു തീരുന്നതിനു മുൻപ് വണ്ടി വിടുക തുടങ്ങി ഇവർ കാണിക്കുന്ന അതിക്രമങ്ങൾ എണ്ണിയാൽ തീരാത്തതാണ്.

ഇതെല്ലാം കൂടാതെ വനിതാ യാത്രക്കാരോടും വിദ്യാർത്ഥികളോടുമുള്ള നെറി കെട്ട പെരുമാറ്റങ്ങൾ വേറെയും.  


പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ആലുവ – പനങ്ങാട് റൂട്ടിലോടുന്ന ‘സിറ്റിസണ്‍’ ബസ്സില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബസ്സുടമയുടെ മകനും അറസ്റ്റിലായതും വൻ വാർത്തയായിരുന്നു. ഇയാള്‍ക്കൊപ്പം യുവതിയെ ഉപദ്രവിച്ച കണ്ടക്ടറും കൂട്ട് പ്രതിയായിരുന്നു. കളമശ്ശേരി മുതല്‍ ഇവർ പിന്‍സീറ്റില്‍ വന്നിരുന്ന് ഉപദ്രവിച്ചതായും യുവതി ശക്തമായി പ്രതിഷേധിച്ചെങ്കിലും നോര്‍ത്ത് കഴിഞ്ഞതോടെ ഇവര്‍ കയറിപിടിക്കാന്‍ ശ്രമിച്ചു എന്നുമാണ് അന്ന് യുവതി പോലീസിനു കൊടുത്ത പരാതിയിൽ പറഞ്ഞത്.

ബസില്‍ ചില്ലറ നല്‍കുന്നതിനെ ചൊല്ലി, മാമംഗലത്തുനിന്നും സിറ്റി ബസില്‍ യാത്ര ചെയ്ത ഹൈക്കോടതി അഭിഭാഷകയെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതിയുയർന്നിരുന്നു. കൊച്ചി എളമക്കര സ്വദേശിയായ അഡ്വ. പത്മകുമാരി, ബസുകാരിൽ നിന്ന് മര്‍ദ്ദനമേറ്റ കാര്യം കാണിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക് വേണ്ടി വണ്ടി നിർത്തിക്കൊടുക്കാതിരിക്കുക, സീറ്റുണ്ടെങ്കിലും വിദ്യാർത്ഥികളെ ഇരുത്താതിരിക്കുക, അവരോടു കയർത്ത് സംസാരിക്കുക, ശാരീരികമായി പീഡിപ്പിക്കുക...അങ്ങനെ പോകുന്നു വിദ്യാർത്ഥികളോടുള്ള അതിക്രമങ്ങൾ  

മൂന്ന് വര്‍ഷം മുന്‍പ് വരിയായുള്ള ഗതാഗത സംവിധാനം നടപ്പാക്കിയിട്ടും കൊച്ചി നഗരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സ്വകാര്യ ബസുകളുടെ നിയമലംഘനം മൂലം വിലപ്പെട്ട എത്ര ജീവനകള്‍  റോഡുകളില്‍ പൊലിഞ്ഞാലും വാഹനാപകടങ്ങള്‍ ഇടയ്ക്ക് സംഭവിക്കാനുള്ളതല്ലേ എന്ന മട്ടാണ് അധികാരികള്‍ക്ക്. പല സംഭവങ്ങളിലും അപകടമുണ്ടാക്കുന്ന ബസുകൾ നാട്ടുകാർ കത്തിച്ച സംഭവം വരെ ഉണ്ട്. അധികാരികൾ നോക്ക് കുത്തികൾ ആകുമ്പോൾ ജനം പോലീസിന്റെയും കോടതിയുടെയും പണി എടുത്തു തുടങ്ങിയാൽ നാടിന്റെ ക്രമ സമാധാനം അവതാളത്തിൽ ആവും. ഒരിക്കൽ അഡ്വ. ഷൈജു ഇരട്ടക്കുളം എന്നയാളാണ്‌  മാതൃഭൂമി പത്രത്തിനയച്ച ഒരു കത്തില്‍ കൊച്ചിയിലെ ബസുകളെ ചുവന്ന ചെകുത്താന്മാര്‍ എന്നു വിശേഷിപ്പിച്ചത്. ഈ ചുവന്ന ചെകത്താന്മാരും (ഇപ്പോൾ നീല) ഇതിനെല്ലാം നേരെ കണ്ണടക്കുന്ന അധികാരികളും കൈ കോർക്കുമ്പോൾ, സ്വന്തം കുഞ്ഞിനെയും അമ്മയേയും അച്ഛനേയും ഭാര്യയെയും കഷണങ്ങളാക്കി പഴം പായയിൽ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുപോകാനാണ് കൊച്ചിക്കാരുടെ യോഗമെങ്കിൽ "പടച്ചോനേ, ഇങ്ങള്  കാത്തോളീ" എന്ന് എപ്പോഴും ഉരുവിട്ട് കൊണ്ട് മാത്രം നഗര യാത്ര ചെയ്യുക....അത് ബസിലായാലും മറ്റു വാഹനത്തിലായാലും കാൽ നടയാണേലും....

ബസുകളുടെ മരണപ്പാച്ചിലിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ ആണ് താഴെ ....


ഈ വീഡിയോയുടെ യുട്യൂബ് ലിങ്ക് =>   https://www.youtube.com/watch?v=x-97d6h71O4


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക