ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Sunday, 9 November 2014

പൊതു ജനത്തിന്റെ വഴി മുടക്കുന്ന നേതാക്കൾ...ദൈവങ്ങൾ....ദൈവ നടത്തിപ്പുകാർ...


" അതിവേഗം ബഹുദൂരം " മന്ത്രമാക്കിയ  മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്  കടന്നു പോകാൻ വേണ്ടി കോഴിക്കോട് ആംബുലൻസ് തടഞ്ഞു നിർത്തിയതിന്റെ വീഡിയോ ദൃശ്യമാണ് മുകളിൽ...
അതിശയകരം...അപമാനകരം...എന്നല്ലാതെ ഒന്നും അതിനെപ്പറ്റി പറയാനില്ല...
 ഈ വാർത്ത അദ്ദേഹം അറിഞ്ഞോ ആവോ. അറിഞ്ഞാൽ തന്നെ " ആ..ബ..ബ..ഗ...പ..ഗ.... നിങ്ങള് കേക്ക്.. നിങ്ങള് മീഡിയക്കാര് കേക്ക്... ഈ സംഭവത്തെ പറ്റി അന്വേഷിക്കേണ്ടതാണ്.. അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം ഐ ജി യെ ഏല്‍പ്പിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുടെ ഉപദേശം കിട്ടിയ ശേഷം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഗവണ്‍മെന്റ് ഗൌരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ്...." എന്ന് പറയുമായിരിക്കും ...ഒടുക്കം, നിവൃത്തികേട് കൊണ്ട്, ഭരിക്കുന്നവന്റെ വിനീത വിധേയനായി ജീവിക്കേണ്ടി വരുന്ന ആ പോലീസുകാരനെ സസ്പെന്റ് ചെയ്ത് അച്ചായൻ മുഖം രക്ഷിക്കും....

ജനാധിപത്യ വ്യവസ്ഥിതിയിൽ പൗരനാണ്‌ എല്ലാം. മന്ത്രിയും എം എൽ എ യും എം പി യും മറ്റു ജനപ്രതിനിധികളും എല്ലാം ഈ പൗരന്റെ നിർവചനത്തിൽ പെടും. സഞ്ചാര സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെ ലഭിക്കേണ്ടതാണ്. ഭരണ ഘടന അനുശാസിക്കുന്ന ജന പ്രതിനിധിയുടെ പ്രിവിലേജ് റോഡ്‌ യാത്രകളിൽ ഇല്ലെന്നാണ് വിശ്വാസം. റോഡ് സുരക്ഷയുടെ കാര്യത്തില്‍ നിയമ നിർമ്മാതാക്കളും നിയമസംരക്ഷകരും മാതൃക കാട്ടേണ്ടവരുമെല്ലാം അത് നിരന്തരം ലംഘിക്കുകയാണെന്ന് ഇവിടെ റോഡിലിറങ്ങി നടക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേ  ഉള്ളൂ.  മന്ത്രിമാരുടെയും വി ഐ പികളുടെയും മരണപ്പാച്ചില്‍ അവസാനിപ്പിക്കേണ്ടതാണെന്ന്  അവർക്കൊഴികെ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. നിലവിലുള്ള നിയമപ്രകാരം അവർക്കും നമുക്കും സ്പീഡ് ലിമിറ്റ് ഒന്നാണ്; എന്നിരുന്നാലും അവരുടെ സ്പീഡ് ചെക്ക് ചെയ്യാനോ നടപടിയെടുക്കാനോ ആരാണ് ധൈര്യപ്പെടുക ? പൈലറ്റിന്റെയും എസ്കോർട്ടിന്റെയും അകമ്പടിയിലും സുരക്ഷിതത്വത്തിലും ശരവേഗത്തിൽ പായുന്ന വി ഐ പി വാഹനങ്ങൾ ഇടിച്ചു മരണത്തിലേക്കും മരണ തുല്യമായ ജീവിതത്തിലേക്കും വീണു പോകുന്നവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടെ ആർക്കും ബാധ്യതയില്ലേ ? പൈലറ്റ്‌ വാഹനത്തിനു പിറകെ പറപ്പിച്ച് ഓടുന്ന വി ഐ പി  വാഹനത്തിനു മുമ്പില്‍പ്പെട്ട് സഡന്‍ബ്രേക്ക് ഇട്ട് അപകടം പറ്റുന്ന എത്രയോ വാഹനങ്ങൾ...അകമ്പടി വാഹനങ്ങളിൽ ഇരുന്നു കൊണ്ട് പൗരനെ തെറിയും മറ്റു അസഭ്യങ്ങളും വിളിക്കുന്ന നീതി പാലകർ...

2013 ഡിസംബറിൽ "പ്രീയപെട്ട ഋഷിരാജ് സിംഗ് അറിയുന്നതിനു…" എന്നാ പേരിൽ നോബിൾ കുര്യൻ എന്നൊരു വ്യക്തി ഇട്ട ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്കാണ് താഴെ. അതിൽ വി ഐ പി വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതിനു ശേഷവും എത്രയോ അപകടങ്ങൾ നടന്നിരിക്കുന്നു എന്നതിന് ഒരു കണക്കുമില്ല. 


വി ഐ പി വാഹനങ്ങളുടെ മരണപ്പാച്ചിൽ, പൊതുജനം റോഡിൽ അനുഭവിക്കുന്ന, ഒരു പ്രശ്നം മാത്രമാണ്. മത രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ നടത്തപ്പെടുന്ന പ്രകടനങ്ങൾ, ജാഥകൾ, വഴി തടയൽ സമരങ്ങൾ, ബന്ദ്, ഹർത്താൽ, സമ്മേളനങ്ങൾ, പൊതു യോഗങ്ങൾ, റാലികൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, നോവേനകൾ, ദീപാരാധന എന്ന് വേണ്ട സകല പരിപാടികളും ജനങ്ങളെ മണിക്കൂറുകളോളം ബന്ദിയാക്കി കൊണ്ട് നടത്തുമ്പോൾ ഇതിന്റെ നടത്തിപ്പുകാർക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എത്ര സമയം റോഡ്‌ ബ്ലോക്ക് ആക്കി; എത്ര സമയം ജനത്തെ പെരുവഴിയിലാക്കി തുടങ്ങിയ അളവ് കോൽ ഉപയോഗിച്ചാണ് ഈ വക പരിപാടികളുടെ വിജയം നിശ്ചയിക്കപ്പെടുന്നത് എന്ന് തോന്നും. ജനങ്ങളെ പൊതുനിരത്തുകളില്‍ തടഞ്ഞിട്ട് ബന്ദികളാക്കി, പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴും, ധൂര്‍ത്തിന്റെയും അഹന്തയുടെയും ഉന്മാദ ലഹരികളുടെയും റോഡിലെ ആഘോഷങ്ങൾ പൊതുജനത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇത്ര കണ്ടു അവഗണിക്കാനും തടയാനും പീഡിപ്പിക്കാനും മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് ആരാണ് അധികാരം നല്‍കിയത് ? ഇത്തരം നഗ്നമായ നിയമലംഘനങ്ങൾക്ക്‌ ജില്ലാ കളക്ടറും പോലീസ് മേധാവികളും അടക്കം ഉത്തരവാദിത്തപ്പെട്ടവർ ചൂട്ടു കാട്ടുക മാത്രമാണ് ചെയ്യാറുള്ളത്. പൊതു ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളവും അടുത്തൂണും പറ്റുന്ന ഈ പബ്ലിക് സെർവന്റ്സ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്? മുന്നോട്ടോ പുറകോട്ടോ ചലിക്കാനാകാതെ വാഹനങ്ങള്‍ വഴികളില്‍ തിങ്ങി നിറയുമ്പോൾ, പാവം വഴി യാത്രക്കാർ ബന്ദികളും ഇരകളും ആവുമ്പോൾ, ക്രമസമാധാനപാലകരും അധികാരികളും പൊതുവെ വേട്ടക്കാരോടോപ്പമാണ് നില കൊള്ളാറുള്ളത്. മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് രാഷ്ട്രീയാധികാരത്തിലും പോലീസ് മേധാവികളിലുമുള്ള അമിതമായ സ്വാധീനത്തെയും അവരോടുള്ള കറ തീർന്ന അടിമത്ത-വിധേയത്വത്തെയും കുറിച്ച് ജനങ്ങൾക്ക്‌ നല്ല അവബോധം ഉണ്ട്. നിങ്ങൾ ഇതെല്ലാം ചെയ്തു കൂട്ടുമ്പോൾ ആരും നിങ്ങളെ ആരാധിക്കുകയോ നെഞ്ചിലേറ്റുകയോ ഒന്നും അല്ല ചെയ്യുന്നത്. നിങ്ങൾ കാണിക്കുന്ന നെറികേടിനെതിരെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഉള്ളിൽ നിരാശയും ക്ഷോഭവും നിറഞ്ഞു, നിങ്ങളെയും നിങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ പ്രിയപ്പെട്ടവരേ ചേർത്ത് തെറികളും ശാപവാക്കുകളും അശ്ലീല പട പ്രയോഗങ്ങളും നടത്തുകയാണ്. ഓരോ വണ്ടികളിലും ബന്ദികൾ ആക്കപ്പെടുന്നത് ചുമ്മാ വിനോദ സഞ്ചാരത്തിനിറങ്ങുന്നവരോ വഴിയോരക്കാഴ്ചകൾ കണ്ടു രസിക്കാനിറങ്ങുന്നവരോ അല്ല; മറിച്ചു് ജോലിക്കും പഠിക്കാനും ചികിത്സക്കും വേണ്ടി പോകുന്ന ആബാലവൃദ്ധം ജനങ്ങള്‍, ജോലികഴിഞ്ഞ് വീടണയാന്‍ തത്രപ്പെടുന്നവർ, ദൂര യാത്ര ചെയ്യുന്നവർ, ചരക്കുവണ്ടികള്‍, ആംബുലൻസുകൾ, ഫയർ എൻജിനുകൾ..... 

എണ്ണിയെടുക്കാവുന്നതല്ല; അവരുടെ തിരക്കുകളും യാത്രാ ലക്ഷ്യങ്ങളും...

ഇത്തരം ജനദ്രോഹ പരിപാടികളുടെ കുഴലൂത്തുകാരിൽ, കരുണ,സഹാനുഭൂതി, മനുഷ്യത്വം മുതലായ അടിസ്ഥാന വികാരങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍, ദയവു ചെയ്തു പൊതു ജനത്തെ ദ്രോഹിക്കരുത്. ജാതി, മതം, രാഷ്ട്രീയം, സമുദായം...എന്തിന്റെ പേരിലായാലും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരവും, അതിന് കാരണക്കാര്‍ ശിക്ഷാര്‍ഹരുമാണ്. പൌരന്, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലീകാവകാശങ്ങളും  സുരക്ഷിതത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന ഭരണാധികാരികളും നിയമപാലകരും മറ്റു സംവിധാനങ്ങളും ജനദ്രോഹപരമായ നടപടികള്‍ക്ക് അകമ്പടി സേവിക്കുന്നതും അംഗീകാരവും നേതൃത്വവും നല്‍കുന്നതും കടുത്ത ഭരണഘടനാ ലംഘനവും അധികാര ദുര്‍വ്വിനിയോഗവുമായി കാണേണ്ടിയിരി്ക്കുന്നു.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 8 November 2014

ബലം പ്രയോഗിച്ചു, എന്നാല്‍ ബലാൽസംഗം അല്ല : നമ്മുടെ കോടതികൾക്കെന്തു പറ്റി ?

2011- ൽ, പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന്,  ജഡ്‌ജിമാരെ ശുംഭന്‍ എന്ന് വിളിച്ചുകൊണ്ട്  ജയരാജന്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. അന്ന് അദ്ദേഹത്തോട് തെല്ലു നീരസമാണ് തോന്നിയത്. പിന്നീട്, ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തിന് ആറു മാസം കഠിന തടവും 2000 രൂപ പിഴയും വിധിക്കുകയും ചെയ്തിരുന്നു. പക്ഷെ, 2013- ൽ സൂര്യനെല്ലി പെൺകുട്ടിക്കെതിരെയുള്ള ജസ്‌റ്റിസ്‌ ബസന്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിക്കവേ, ജസ്‌റ്റിസ്‌ ബസന്ത്‌ ബുദ്ധിമാനായ ശുംഭനാണെന്നും അഭിമാനമുള്ള സ്‌ത്രീകൾ അദ്ദേഹത്തെ കുറ്റിച്ചൂൽകൊണ്ടു നേരിടണമെന്നും ജയരാജൻ പ്രസ്താവിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത സൂര്യനെല്ലി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോള്‍ രാഷ്ട്രീയപരമായും കായികമായും ശക്തരായ പ്രതികളില്‍ നിന്നും അവള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കാതെ ലൈംഗികത ആസ്വദിക്കുകയായിരുന്നെന്നും അവള്‍ ബാല വേശ്യയായിരുന്നതായും നമ്മുടെ ന്യായാധിപന്മാർ മൊഴിഞ്ഞപ്പോൾ അത് കേട്ട് ചുമ്മാ വിടലച്ചിരിയുമായി നിന്ന കേരള സമൂഹത്തിൽ വേറിട്ട്‌ കേട്ട ഒരു ശബ്ദം ഈ ജയരാജന്റെതായിരുന്നു. ജീവിതത്തിൽ ആദ്യമായി സി. പി. എം സംസ്ഥാന സമിതി അംഗം സഖാവ് എം വി ജയരാജനോട് ഒരു മതിപ്പ് തോന്നി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയെ പറ്റി മംഗളം ദിനപത്രത്തിൽ വായിച്ചപ്പോൾ എം വി ജയരാജനെ ചുമ്മാ ഒന്ന് സ്മരിച്ചു.

അറുപതു വയസുകാരിയെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളെ വെറുതെ വിട്ടുകൊണ്ട്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിവാദ വിധി. വിധി പ്രസ്‌താവത്തിലെ ചില പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധത്തിനും തിരികൊളുത്തി. മദ്യലഹരിയില്‍ സ്‌ത്രീയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന്‌ അവര്‍ മരിക്കുകയും ചെയ്‌തെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച അചേയ്‌ ലാല്‍ എന്നയാളെയാണു ഹൈക്കോടതി വിട്ടയച്ചത്‌. " അചേയ്‌ ലാലിനു മേല്‍ മാനഭംഗക്കുറ്റം ആരോപിക്കാമെങ്കിലും കൊലക്കുറ്റം ചുമത്താനാവില്ല. കൊല്ലണമെന്ന ഉദ്ദേശ്യമോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ സ്‌ത്രീ മരിക്കുമെന്ന അറിവോ അയാള്‍ക്കില്ലായിരുന്നു.അതിനാല്‍, ഐ.പി.സി. സെക്‌ഷന്‍ 302 ന്റെ അടിസ്‌ഥാനത്തില്‍ അയാളെ ശിക്ഷിക്കാനാവില്ല.- ഹൈക്കോടതി പറഞ്ഞു. അചേയ്‌ ലാലിന്റെ അപ്പീല്‍ അനുവദിച്ച ഹൈക്കോടതി മാനഭംഗക്കേസിലും അയാളെ വെറുതെ വിട്ടു. സ്‌ത്രീയുടെ സമ്മതമില്ലാതെയായിരുന്നു ലൈംഗിക ബന്ധമെന്നു തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ കുറ്റവിമുക്‌തനാക്കുന്നതെന്നു കോടതി പറഞ്ഞു. 'കൊല്ലപ്പെട്ട സ്‌ത്രീ അറുപതു വയസ്‌ കഴിഞ്ഞയാളും ആര്‍ത്തവിരാമം വന്നയാളുമാണ്‌. ലൈംഗിക ബന്ധത്തില്‍ ബലപ്രയോഗമുണ്ടെങ്കിലും, ബലാല്‍സംഗമോ കൊല്ലപ്പെട്ടയാളുടെ സമ്മതത്തിന്‌ വിരുദ്ധമോ ആയിരുന്നില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദത്തില്‍ കഴമ്പുണ്ട്‌.'-ഹൈക്കോടതി പറഞ്ഞു. ഇതില്‍ പ്രായം സംബന്ധിച്ച പരാമര്‍ശത്തിനെതിരേ സ്‌ത്രീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആര്‍ത്തവ വിരമത്തെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ നിയമവിദഗ്‌ധരും അമ്പരപ്പ്‌ പ്രകടിപ്പിച്ചു. ബലാല്‍സംഗമല്ല നടന്നതെന്ന നിഗമനത്തിന്റെ അടിസ്‌ഥാനമെന്തെന്നു വ്യക്‌തമല്ലെന്നും ആര്‍ത്തവിരാമത്തെപ്പറ്റിയുള്ള പരാമര്‍ശം അപ്രസ്‌കതവും തെറ്റുമാണെന്നും അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ പറഞ്ഞു. വീട്ടു ജോലികള്‍ക്കു പോയിരുന്ന സ്‌ത്രീയെ 2010 ഡിസംബറിലാണ്‌ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തന്നേക്കാള്‍ പ്രായമുള്ള, താന്‍ അമ്മയെന്നു വിളിച്ചിരുന്ന സ്‌ത്രീയെ അചേയ ലാല്‍ ബലാല്‍സംഗം ചെയ്‌തെന്നും തുടര്‍ന്ന്‌ അവര്‍ മരിച്ചെന്നുമുളള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ട്‌ വിചാരണക്കോടതി 2011 ല്‍ ആണ്‌ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്‌. (വാർത്തയ്ക്ക് മംഗളം ദിനപ്പത്രത്തോട്‌ കടപ്പാട്: ബലം പ്രയോഗിച്ചു, എന്നാല്‍ മാനഭംഗമല്ല: ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെച്ചൊല്ലി വിവാദം )

ബലാത്സംഗക്കേസുകളിൽ ഇരകൾ വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്യപ്പെടുന്നത് ഇതാദ്യം ഒന്നുമല്ല. ജീൻസ് വിവാദത്തിൽ യേശുദാസിനെയും ഡോ. രജത് കുമാറിനെയും ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ വായിലെ നാവ് ഒക്കെ ഇപ്പോൾ എവിടെയാണോ ആവോ ?

ജനാധിപത്യ സംവിധാനത്തിൽ പൌരന്റെ അവസാന ആശ്രയമാണ് കോടതികൾ. അവർ അങ്ങേയറ്റം ആദരവോടെയാണ് ന്യായാധിപന്മാരെ നോക്കിക്കാണുന്നത്. ബഹുമാനപ്പെട്ട കോടതി, ന്യായാധിപന്‍, നീതിപതി, നീതിപീഠം, LORD, YOUR HONOUR തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ ജനങ്ങളുടെ അങ്ങേയറ്റത്തെ ആദരവിനെയാണ് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിക്ക് സ്വാതന്ത്ര്യവും അധികാരവും സ്വീകാര്യതയും നല്‍കുന്നത് കേവലം ഭരണഘടനയും നിയമങ്ങളും മാത്രമല്ല; ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള സീമാതീതമായ വിശ്വാസമാണ്. ഒരു ജഡ്ജി ഒരിക്കലും പക്ഷപാതപരമായോ അന്യായമായോ പെരുമാറുകയില്ലെന്നും അനീതിക്ക് കൂട്ടുനില്‍ക്കുകയില്ലെന്നും ഉള്ള ഉത്തമ വിശ്വാസത്തിലാണ് കോടതികളുടെ വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും നിലനില്പ്പ്. ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് മുന്നോട്ടു വയ്ക്കുന്ന ന്യായാധിപധർമ്മം ഇപ്രകാരമാണ് - "മര്യാദപൂര്‍വം കേള്‍ക്കുക, ബുദ്ധിപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനിക്കുക." 

ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയ്ക്ക്  ബഹുമുഖ കടമകൾ ഉണ്ട്. വിവിധ നിയമ നിർമ്മാണ സഭകൾ  നിർമ്മിച്ച്‌ വിടുന്ന  നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാനുള്ള അധികാരത്തോടൊപ്പം നിയമങ്ങള്‍ രീതിയില്‍ത്തന്നെയാണോ  നടപ്പാക്കുന്നതെന്ന് പരിശോധിക്കേണ്ടതും നിലവിലുള്ള നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്ത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട ഭാരിച്ച ചുമതലയും കോടതികള്‍ക്കുണ്ട്.

ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയാൽ കോടതി സംവിധാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നു കൂടി ഓർക്കണം. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഭരണകൂടം  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അധികാരവിമുക്തനാക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുക പോലുമുള്ള സംഭവമുണ്ടായത് ഓർക്കേണ്ടതാണ്. ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് പാകിസ്ഥാനിലെ കോടതികളുടെ അധികാരം പുനഃസ്ഥാപിക്കപ്പെട്ടത്. 

സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആര്‍. സി. ലഹോട്ടിയുടെ ഒരിക്കൽ അഭിപ്രായപ്പെട്ടതനുസ്സരിച്ചു കോടതികൾക്ക് ജനങ്ങളുടെ വിശ്വാസവും അംഗീകാരവും ശാസനകളിലൂടെയോ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചോ നേടിയെടുക്കാന്‍ കഴിയില്ല, അത് സ്വന്തം പ്രവൃത്തിയിലൂടെ നേടിയെടുക്കണം എന്നാണ്. ഈ വിശ്വാസം നേടിയെടുക്കാനാവശ്യമുള്ള സ്വഭാവഗുണങ്ങള്‍ ജഡ്ജിമാര്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടു മിക്ക മതങ്ങളും അഭിപ്രായ വ്യത്യാസമില്ലാതെ പറയുന്ന ഒരു കാര്യമുണ്ട്; " ന്യായാധിപൻ എന്നാൽ ദൈത്തിന്റെ ഇച്ഛ ഭൂമിയില്‍ നടപ്പാക്കുന്ന ഉപകരണമാണ് " എന്നാണത്. പ്രശസ്ത നിയമപണ്ഡിതനായ അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ നിരീക്ഷണത്തിൽ "ജുഡീഷ്യറിക്ക് സ്വത്തിന്‍മേലോ ആയുധങ്ങളുടെ മേലോ യാതൊരു സ്വാധീനവുമില്ല. ജുഡീഷ്യറിക്ക് ആകെയുള്ളത് അതിന്റെ വിധിന്യായങ്ങള്‍ മാത്രമാണ് " 

അതെ, അതാണ്‌ കാര്യം. പുറപ്പെടുവിക്കുന്ന വിധികളിലെ സുതാര്യതയും സത്യസന്ധതയുമാണ് കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം വളർത്തുന്നതും സംരക്ഷിക്കുന്നതും..ശ്രദ്ധേയവും നീതിപൂർവ്വകവും സര്വ്വോപരി മനുഷ്യപക്ഷത്ത് നിൽക്കുന്നതുമായ, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിധികൾ പുറപ്പെടുവിക്കാൻ ഓരോ ന്യായാധിപനും കഴിയട്ടെ. 

Some Other Blogs

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക