ഞാൻ വെറും പോഴൻ

Monday 27 February 2023

എന്താണ് കുതിരപ്പവൻ !??


ഒരു പക്ഷെ മോഹൻലാൽ നായകനായി അഭിനയിച്ച "സ്ഫടികം" സിനിമയിലൂടെ ആയിരിക്കണം "കുതിരപ്പവൻ" എന്ന വാക്ക് കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും പരിചിതമായത്. സിനിമയിൽ നടൻ ശ്രീരാമന്റെ പൂക്കോയ ഒരു നാണയം വച്ച് നീട്ടിക്കൊണ്ട് മോഹൻലാലിൻറെ ആട് തോമയോട് പറയുന്ന ഒരു ഡയലോഗുണ്ട്.. "അനക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ". ആ സിനിമയിൽ തന്നെ മറ്റൊരു രംഗത്തിലും "കുതിരപ്പവൻ" റെഫറൻസ് വരുന്നുണ്ട്. പക്ഷെ ഭൂരിഭാഗം ആളുകൾക്കും ഇന്നും അറിയില്ല; കുതിരപ്പവൻ എന്താണെന്ന്....

Sovereign (സോവറിൻ) അഥവാ പവൻ എന്നത് ഒരു ബ്രിട്ടീഷ് സ്വർണ്ണ നാണയമാണ്. ഗ്രേറ്റ് ബ്രിട്ടന്റെ (ഇംഗ്ലണ്ടിന്റെയും) പാലകവിശുദ്ധനായ ഗീവർഗ്ഗീസ് പുണ്യാള (St George) നെയാണ് ഇത്തരം നാണയങ്ങളുടെ ഒരു വശത്ത് ചിത്രീകരിച്ചിരുന്നത്. ഒരു കുതിരപ്പുറത്തിരുന്ന് കൊണ്ട് ഒരു വ്യാളിയോട് പോരാട്ടം നടത്തുന്ന രീതിയിലാണ് St George നെ ചിത്രീകരിക്കാറുള്ളത്. ഗീവർഗ്ഗീസ് പുണ്യാളന്റെ കുതിരയെ ചിത്രീകരിച്ച പവൻ എന്ന അർത്ഥത്തിലാവണം മലയാളത്തിൽ ഇതിനെ കുതിരപ്പവൻ എന്ന് വിളിച്ചത്. 

ആദ്യകാല പവൻ നാണയം "കുതിരപ്പവൻ" ആയിരുന്നില്ല. ഹെൻറി ഏഴാമന്റെ ഭരണകാലത്താണ് ആദ്യത്തെ സ്വർണ്ണ പവൻ അടിച്ചിറക്കിയത്. 1489 ഒക്ടോബർ 28-ന് രാജാവ് തന്റെ റോയൽ മിന്റ് ഓഫീസർമാരോട് "ഒരു പുതിയ സ്വർണ്ണപ്പണം" ഉണ്ടാക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ഇറക്കിയ നാണയങ്ങളാണ് ആദ്യ പവൻ നാണയങ്ങൾ. ബ്രിട്ടനിൽ അതിനു മുൻപും സ്വർണ്ണ നാണയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു ബ്രിട്ടീഷ് ഭരണാധികാരി ആദ്യമായി ഇറക്കിയ സ്വർണ്ണ നാണയം ആയിരുന്നില്ല പവൻ. എന്നിരുന്നാലും, അക്കാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും വലുതും മൂല്യമുള്ളതുമായിരുന്നു പവൻ. ആ പവൻ നാണയത്തിന്റെ മുൻവശത്ത് കിരീടവും രാജകീയ വസ്ത്രങ്ങളും ധരിച്ച് സിംഹാനസ്ഥനായ ഹെൻറി ഏഴാമന്റെ ചിത്രീകരമാണ് ഉണ്ടായിരുന്നത്. മറുവശത്ത് വാർസ് ഓഫ് ദി റോസസിന് ശേഷം യോർക്കിന്റെയും ലങ്കാസ്റ്ററിന്റെയും ഐക്യത്തെ പ്രതീകവൽക്കരിക്കുന്ന ഇരട്ട റോസാപ്പൂക്കളോട് കൂടിയ രാജകീയ ചിന്ഹമായിരുന്നു ചിത്രീകരിച്ചിരുന്നത്. വലുതും മനോഹരവുമായ ഈ നാണയങ്ങളെ തന്റെ പരമാധികാരവും അന്തസ്സും പ്രദർശിപ്പിക്കാനുള്ള ഉപാധി എന്ന നിലയിലാണ് രാജാവ് കണ്ടിരുന്നത്. 

ഹെൻറി ഏഴാമന്റെ പിൻഗാമികളായ രാജാക്കന്മാരെല്ലാം പവൻ നാണയങ്ങളുടെ പുതിയ പതിപ്പുകൾ അടിച്ചിറക്കിയിരുന്നു. 1603-ൽ ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലൻഡിന്റെയും രാജാവായി കിരീടമണിഞ്ഞ ജെയിംസ് ഒന്നാമന്റെ ഭരണകാലഘട്ടത്തിൽ ഈ സമ്പ്രദായം ഇല്ലാതായി. 

1815-ലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെട്ടതിനു ശേഷം, ഇംഗ്ലീഷ് ഭരണാധികാരികൾ രാജ്യത്തെ നാണയ വ്യവസ്ഥയെപ്പറ്റി ഒരു അവലോകനം നടത്തി. 21 ഷില്ലിംഗ് ഗിനിയ വീണ്ടും അവതരിപ്പിക്കാൻ ആലോചിച്ചെങ്കിലും, ഇരുപത് ഷില്ലിംഗിന്റെയും പത്ത് ഷില്ലിംഗിന്റെയും മൂല്യമുള്ള സ്വർണ്ണ കഷണങ്ങളുടെ രൂപത്തിലുള്ള നാണയഘടനക്ക് അനുകൂലമായിരുന്നു പൊതുജന വികാരം. അതിൻ പ്രകാരം 20 ഷില്ലിംഗ് മൂല്യമുള്ള ഒരു സ്വർണ്ണനാണയം രൂപം കൊള്ളുകയും ചെയ്തു. അതിന് മുമ്പുപയോഗിച്ചിരുന്ന Sovereign (സോവറിൻ) അഥവാ പവൻ എന്ന പേര് തന്നെ നൽകുകയും ചെയ്തു. 1817- ൽ അടിച്ചിറക്കാൻ തുടങ്ങിയ പുതിയ സ്വർണ്ണ നാണയം ആദ്യ Sovereign (സോവറിൻ) നാണയത്തിന്റെ പകുതിയോളം ഭാരവും വ്യാസവുമുള്ളതായിരുന്നു. എന്നാൽ ഇതും ആദ്യ സോവറിനോളം തന്നെ മനോഹരമായിരുന്നു. അക്കാലത്തെ പ്രശസ്തനായ രത്ന പണിക്കാരിൽ ഒരാളായ ബെനഡെറ്റോ പിസ്ട്രൂച്ചി (Benedetto Pistrucci) യാണ് ഈ നാണയം  രൂപകല്പന ചെയ്തത്. ആ രൂപ കൽപ്പനയിലാണ് സെന്റ് ജോർജിന്റെ ചിത്രം ആദ്യമായി സ്ഥാനം പിടിച്ചതും അതിന് കുതിരപ്പവൻ എന്ന വിളിപ്പേര് കിട്ടിയതും. 

വീണ്ടും 1825 - ൽ സെന്റ് ജോർജിന്റെ ചിത്രത്തിന് പകരം സോവറിൻ നാണയത്തിൽ രാജകീയ ചിഹ്നം സ്ഥാനം പിടിച്ചു. പക്ഷെ ഈ നാണയ രൂപകൽപ്പന ജനങ്ങളുടെ വ്യാപക വിമർശനത്തിന് പാത്രമായി. അതോടെ, വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്ത് സെന്റ് ജോർജ്ജ് ഡിസൈൻ വീണ്ടും ഉപയോഗിച്ച് തുടങ്ങി. 1871 മുതൽ, വിശുദ്ധ ഗീവർഗ്ഗീസും വ്യാളിയും പവൻ നാണയങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മറുവശത്ത് യുവ രാജ്ഞിയായ വിക്ടോറിയയുടെ ചിത്രമായിരുന്നു ആലേഖനം ചെയ്തിരുന്നത്. വിക്ടോറിയ രാജ്ഞിയുടെ ഭരണകാലം മുതൽ എല്ലാ ഭരണാധികാരികളുടെയും കാലത്തിറങ്ങിയ പവൻ നാണയങ്ങളിൽ പിസ്ട്രൂച്ചിയുടെ കുതിര ഡിസൈൻ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രിട്ടന്റെ കോളനികൾ ആയിരുന്ന വിവിധ രാജ്യങ്ങളിലെ കമ്മട്ടങ്ങളിൽ കുതിരപ്പവൻ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ, പെർത്ത്, കാനഡയിലെ ഒട്ടാവ, ഇന്ത്യയിലെ മുംബൈ, ദക്ഷിണ ആഫ്രിക്കയിലെ പ്രിട്ടോറിയ കമ്മട്ടങ്ങളിൽ ആണ് കുതിരപ്പവൻ മുദ്രണം ചെയ്തിരുന്നത്. വേറെ ഏതൊക്കെ നാണയങ്ങൾ എടുത്താലും കുതിരപ്പവന്റെ ഭംഗിയും കുലീനതയും അതിനൊന്നും ഇല്ലെന്ന് വിശ്വസിക്കുന്ന ഏറെ നാണയ ശേഖരണക്കാർ ഉണ്ട്. 



Monday 13 February 2023

റേഡിയോ - ഗൃഹാതുരതകൾ നിറച്ച ചതുരപ്പെട്ടി


ഇന്ന് ഫെബ്രുവരി 13. ലോക റേഡിയോ ദിനം 

1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓർമ്മയെന്ന നിലയിലാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1920 കളുടെ ആരംഭത്തോടെ പല രാജ്യങ്ങളിലും പ്രേക്ഷേപണം ആരംഭിച്ചു. 

1923-ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം തുടങ്ങിയത്. എന്നാൽ, ഇന്ത്യയിൽ തുടർച്ചയായതും ക്രമവുമായതുമായ പ്രേക്ഷേപണം ആരംഭിക്കുന്നത് 1927-ൽ ആണ്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട്, 1927 ജൂലൈ 23-ന് ഇത് ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ്‌ കമ്പനിയായി മാറി. 1956 വരെ ഓൾ ഇന്ത്യ റേഡിയോ എന്നറിയപ്പെട്ടിരുന്ന ഓൾ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക നാമം 1957-ൽ ആകാശവാണി എന്നാക്കി. "ബഹുജൻ ഹിതായ; ബഹുജൻ സുഖായ" എന്ന ആപ്തവാക്യത്തോടെ ഇത് കോടിക്കണക്കിന് ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. 

വാർത്തകൾക്കും വിജ്ഞാനപരിപാടികൾക്കും പുറമെ വിനോദപരിപാടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ സ്വകാര്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1993-ലാണ്. ആദ്യ ഘട്ടത്തിൽ ഒരു ദിവസം കേവലം രണ്ട് മണിക്കൂറുകൾ മാത്രമായിരുന്നു പ്രൈവറ്റ് ഷോകൾക്ക് സർക്കാർ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി കൂടുതൽ സ്വകാര്യ FM സ്റ്റേഷനുകൾക്ക് സർക്കാർ അനുമതി നൽകി. 2002-ൽ കമ്മ്യൂണിറ്റി റേഡിയോകളും ഇന്ത്യയിൽ പ്രചാരത്തിലായി.

പ്രതിപക്ഷത്തുള്ള ആളെ കേൾക്കാതെ ഒരു ഭാഗത്ത് നിന്ന് മാത്രം സംസാരിക്കുന്നവരെ വിശേഷിപ്പിക്കാൻ "റേഡിയോ പോലെ" എന്നൊരു പ്രയോഗം പോലും നമുക്കുണ്ട്. റേഡിയോ പറയുന്നു, ശ്രോതാവ് കേൾക്കുന്നു; ജനങ്ങൾക്ക്​ അങ്ങോട്ട്​ പറയാനുള്ള പരിമിതികളായിരുന്നു ആ [പ്രയോഗത്തിന് കാരണം. റേഡിയോ പരിപാടികളെപ്പറ്റിയുള്ള പ്രേക്ഷകന്റെ അഭിപ്രായം കത്തായി വായിക്കുന്നതും ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ മുതലായ പരിമിത INTERACTION മറന്നു കൊണ്ടല്ല ഇത് പറയുന്നത്. ഇപ്പോൾ സ്വകാര്യ FM ചാനലുകൾ വന്നതോടെ ശ്രോതാക്കൾക്ക് റേഡിയോ പ്രക്ഷേപകരുമായി നേരിട്ട് സംവദിക്കാനുള്ള വേദികൾ സംജാതമായി. 

കാലാനുസൃതമായി വന്ന പുത്തൻ സാങ്കേതിക വിദ്യകൾ ഏറെ വാർത്താവിനിമയ വിതരണ സാദ്ധ്യതകൾ മനുഷ്യന് നൽകിയെങ്കിലും നല്ലൊരളവ്‌ മനുഷ്യർക്കിന്നും അസ്തമിക്കാത്ത ഗൃഹാതുരതയാണ് റേഡിയോ. ഒരു പക്ഷെ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ച ദൃശ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ റേഡിയോയിൽ നിന്ന് കുറെ പേരെ അകറ്റിയെങ്കിലും കുറെയധികം ആളുകൾക്ക് ഇന്നും പ്രിയപ്പെട്ടതാണ് റേഡിയോ നൽകുന്ന കേൾവിയുടെ ലോകം. 

ഏതാനും പതിറ്റാണ്ടുകൾ മുൻപ് വരെ നമ്മുടെ നാട്ടിൽ റേഡിയോ ഉണ്ടായിരുന്ന മിക്കവാറും വീടുകളിലെയും സമയക്രമം ആകാശവാണിക്കൊപ്പമായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. AIR മ്യൂസിക് ഡയറക്ടർ ആയിരുന്ന Walter Kaufmann ചിട്ടപ്പെടുത്തിയ ആ സിഗ്നേച്ചർ മ്യൂസിക് കേട്ട് തുടങ്ങുന്ന ദിനചര്യ സുപ്രഭാതം, സുഭാഷിതങ്ങൾ, പ്രഭാതഭേരി, വാർത്തകൾ, ചലച്ചിത്രഗാനങ്ങൾ, കൃഷിപാഠം, യുവവാണി, രശ്മി, രഞ്ജിനി, വയലും വീടും, പ്രകാശധാര, മഹിളാലയം, തമിഴ്ചൊൽമാല, കൗതുകവാർത്തകൾ, സംസ്കൃതവാർത്തകൾ, കർണ്ണാടക സംഗീതപാഠം, ലളിത സംഗീതപാഠം, ഹിന്ദി പാഠം, കഥകളിപ്പദങ്ങൾ, ചലച്ചിത്ര ശബ്ദരേഖ, കമൻറ്​സ്​ ഫ്രം ദ പ്രസ്സ്, ടു ഡേ ഇൻ പാർലമെൻ്റ്, റേഡിയോ നാടകങ്ങൾ... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രിയ പരിപാടികളുടെ അകമ്പടിയിലാണ് അവസാനിച്ചിരുന്നത്. അക്കാലങ്ങളിലൊക്കെ വാച്ചുകളും ക്ളോക്കുകളും കീ കൊടുത്ത ശേഷം സമയം സെറ്റ് ചെയ്യുന്നത് പോലും റേഡിയോയെ ആശ്രയിച്ചായിരുന്നു. റേഡിയോയിൽ ഒരു ദിവസത്തിൽ പല പ്രാവശ്യം സമയം അനൗൺസ് ചെയ്യുമായിരുന്നു. ഇന്ത്യ കളിക്കുന്ന ക്രിക്കറ്റ് കളികളുടെ ഇംഗ്ലീഷ് കമന്ററിയും സന്തോഷ് ട്രോഫി ഫുട്​ബാൾ, ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളം കളി മുതലായവയുടെ മലയാളം കമന്ററികൾ എത്ര ആവേശത്തോടെയാണന്ന് റേഡിയോയിൽ കേട്ടിരുന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോൾ, ‘‘പുന്നമടക്കായലിന്റെ പൊന്നോളങ്ങളെ കീറി മുറിച്ച് ജവഹർ തായങ്കരിയാണോ കാരിച്ചാൽ ചുണ്ടനാണോ, അതെ..... ഒരു വള്ളപ്പാടകലെ ഫിനിഷ് ചെയ്ത് കൊണ്ട് അത് ജവഹർ തായങ്കരി തന്നെ...’’ എന്നും "ഈയം ആകാശവാണി സമ്പ്രതി വാർത്താഹാ ശ്രൂയന്താ, പ്രഭാഷകാ  ബല ദേവാനന്ദ സാഗരഹ" എന്നുമൊക്കെ ചെവികളിൽ ഫീൽ ചെയ്യുന്നത് എനിക്ക് മാത്രമാണോ !? വാർത്തകൾ വായിക്കുന്നത്..... രാമചന്ദ്രൻ, ഗോപൻ, സുഷമ, വെണ്മണി വിഷ്ണു എന്നൊക്കെ ഓർക്കുമ്പോൾ തന്നെ അന്നത്തെ പല വാർത്തകളും ഓരോ വാർത്താ വായനക്കാരുടെയും ശബ്ദവും ശൈലിയും കാതിൽ ഇപ്പോഴും അലയടിക്കുന്നു. സിനിമ കണ്ടാൽ മാത്രമേ ആസ്വദിക്കാനാവൂ എന്ന ധാരണയുള്ളവർ പണ്ട് ആകാശവാണിയിൽ ചലച്ചിത്ര ശബ്ദരേഖ കേട്ടിട്ടുള്ളവരോട് ചോദിച്ചാലറിയാം അത് കെട്ടും ആസ്വദിക്കാമെന്ന്. വെള്ളിത്തിരയിൽ സീൻ ബൈ സീൻ ഓർഡറിൽ വന്നു പോകുന്ന ദൃശ്യങ്ങളെ ആറ്റിക്കുറുക്കി ശബ്​ദരൂപത്തിൽ അവതരിപ്പിച്ച ആകാശവാണി അന്നൊക്കെ ആയിരക്കണക്കിന് വീടുകളെ തിയ്യറ്ററുകളാക്കി. വിവിധ്​ ഭാരതി, സിലോൺ റേഡിയോ മുതലായവയും മറക്കാനാവില്ല.

കാലാവസ്ഥ പ്രവചനമായിരുന്നു രസകരമായ മറ്റൊരു പരിപാടി. ആകാശം ഭാഗികമായി മേഘാവൃതമാണ്; ഇന്നു മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നായിരിക്കും മിക്കപ്പോഴും റേഡിയോയിൽ പറയുക. കമ്പോള വില നിലവാര ബുള്ളറ്റിനും നൊസ്റ്റാൾജിയ നിറഞ്ഞ ഓർമ്മകളാണ്;  ചുക്ക് ക്വിന്റലിനു 600 രൂപ, ജാതിക്ക തൊണ്ടോടെ 200 രൂപ, തൊണ്ടില്ലാതെ 500 രൂപ, കുരുമുളക്  നാടൻ ക്വിന്റലിനു 280 രൂപ... അങ്ങനെ തുടങ്ങി ഗാർബിൾഡ് , അൺഗാർബിൾഡ്, അവധിവില, ലാറ്റക്സ് , R.S.S  1 , R.S.S  4  തുടങ്ങി മനുഷ്യന് മനസിലാവാത്ത കുറെ കാര്യങ്ങൾ ഇതിൽ കേൾക്കാമായിരുന്നു. അനിക്സ്പ്രേ പാൽപ്പൊടി, സെൻറ് ജോർജ്ജ് കുട, ഇദയം നല്ലെണ്ണ, നിജാം പാക്ക്, റീഗൽ തുള്ളിനീലം, ഉജാല, പോൺസ്​ ഡ്രീം ഫ്ളവർ ടാൽക്, ലൈഫ്ബോയ് മുതലായവയുടെ പരസ്യങ്ങളും ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് അധികാരത്തിൽ വന്ന രാജീവ്ഗാന്ധി സർക്കാറിന്റെ കാലത്ത് ലൈസൻസിങ് നിർത്തലാക്കുന്നത് വരെ ഇന്ത്യയിൽ റേഡിയോ ഉപയോഗിക്കാൻ BROADCAST RECEIVER LICENCE FEE (BRL FEE) അടക്കേണ്ടിയിരുന്നു.

അധികമാർക്കും അറിയാത്ത കഥ 

റേഡിയോ കണ്ടു പിടിച്ചത് മാർക്കോണി ആണെന്നാണ് ഞാനും നിങ്ങളുമൊക്കെ സ്‌കൂളിൽ പഠിച്ചത്. എന്നാൽ അത് പൂർണ്ണമായി ശരിയാണോ !?. ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെയേറെ  കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഇറ്റാലിയൻ ശാസ്ത്രജ്ഞനായിരുന്ന ഗൂഗ്ലിയെൽമോ മാർക്കോണിയാണ് റേഡിയോയുടെ ഉപജ്ഞാതാവായി പരക്കെ പ്രചരിക്കപ്പെടുന്നത് എന്നത് വസ്തുതയാണ്. എന്നാൽ അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. 1895-ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപ്പിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി. ഇതിന്റെ തൊട്ടടുത്ത വർഷം തന്നെ 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ചെയ്തു. തുടർന്ന് ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തു. എന്നാൽ മാർക്കോണിയുടെ ഈ കണ്ടുപിടിത്തം ടെസ്ല കോയിൽ എന്ന ടെസ്ലയുടെ തന്നെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത് എന്നതിനാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് മാർക്കോണി നല്കിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടു. എങ്കിലും, മാർക്കോണിയുടെ നിരന്തര ശ്രമങ്ങളെ തുടർന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം, ഈ പേറ്റൻറ് അദ്ദേഹം തന്നെ നേടിയെടുത്തു. ഈ കണ്ടുപിടിത്തത്തിന് 1909-ൽ മാർക്കോണി നോബൽ സമ്മാനവും നേടി. ഇത് ടെസ്ലയിൽ വാശിയുണ്ടാക്കുകയും മാർക്കോണിയുമായി ഒരു നിയമയുദ്ധത്തിന് ഇറങ്ങി പുറപ്പെടുന്നതിലേക്ക് ടെസ്‌ലയെ നയിക്കുകയും ചെയ്തു. തുടർന്നു നടന്ന കുറെ രാഷ്ട്രീയ-നിയമ കോലാഹലങ്ങളെ തുടർന്നു അമേരിക്കൻ സുപ്രീം കോടതി 1943-ൽ ടെസ്ലയെ തന്നെ ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പൊഴും പലരും മാർക്കോണിയെയാണ് റേഡിയോയുടെ പിതാവായി കരുതുന്നത്. ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉൾപ്പെടെ മറ്റ് പല പ്രമുഖശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാൾവഴിയിൽ മുഖ്യസംഭാവനകൾ നല്കിയിട്ടുണ്ട് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാംസ്‌കാരിക പുരോഗതിയുടെ ചരിത്രത്തിൽ ശാസ്ത്രം നൽകിയ മികച്ച സംഭാവന ആണ് റേഡിയോ എന്ന ഉപകരണത്തിന്റെ കണ്ടുപിടിത്തം. 

റേഡിയോ ഉപയോഗിക്കണമെങ്കിൽ ഇന്ത്യയിൽ ലൈസൻസ് വേണ്ടിയിരുന്നു എന്ന് അറിയാമോ !??

ഈ പോസ്റ്റിലുള്ള ചിത്രങ്ങളെല്ലാം എന്റെ സ്വകാര്യ ശേഖരത്തിലുള്ള റേഡിയോകളുടെ ആണ്