ഞാൻ വെറും പോഴൻ

Monday 27 March 2017

ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.


ആണിനും പെണ്ണിനും പിന്നാലെ സദാചാരഭൂതക്കണ്ണാടിയും താങ്ങിപ്പിടിച്ച് സർവ്വരും കുന്തവും കുറുവടിയുമായി നടക്കുന്ന വർത്തമാനകാലമാണിത്. സദാചാര പോലീസിങ്ങിനെപ്പറ്റി ആവർത്തിച്ച് സംസാരിക്കുന്ന കാലവുമാണ്. പ്രാദേശിക സദാചാര പോലീസിങ് കൂടാതെ ശരിക്കും പൊലീസുകാരുടെ വക സദാചാരപ്പോലീസിങ്, രാഷ്ട്രീയപാർട്ടികളുടെ വക സദാചാര പൊലീസിങ്... അങ്ങനെ എണ്ണമില്ലാത്ത  സദാചാരപ്പോലീസിങ് വാർത്തകൾക്കിടയിൽ ഇതാ മറ്റൊരു സദാചാര പോലീസിങ്. അതെ, മാധ്യമങ്ങളുടെ വക സദാചാര പോലീസിങ്. 

മംഗളം ചാനൽ അതിന്റെ ലോഞ്ചിങ്ങിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്ത ഒരു ടെലിഫോൺ സംഭാഷണമാണിന്ന് കേരളം സമൂഹം ചർച്ച ചെയ്യുന്നത്. മന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തിയ ഒരു സ്ത്രീയോട് മന്ത്രി ലൈംഗികച്ചുവയുള്ള ടെലിഫോൺ സംഭാഷണം നടത്തി എന്നതാണ് ആരോപണം. തെളിവായി സ്ത്രീയുടെ സംഭാഷണഭാഗങ്ങൾ ഇല്ലാത്ത, മന്ത്രിയുടെ ശബ്ദമെന്ന് ആരോപിക്കപ്പെടുന്ന, ലൈംഗികകാര്യങ്ങൾ പരാമർശിക്കുന്ന കോൾ റെക്കോർഡ്. ഒരു മ്യൂട്ടിങ്ങോ ബീപ്പ് മാസ്‌ക്കോ ഇല്ലാതെ ചാനൽ ചർച്ചക്കിരിക്കുന്ന മഹതികളുടെ ക്ളോസ് അപ്പ് ഷോട്ട് കാണിച്ചു കൊണ്ട് കേരളത്തിലെ സ്വീകരണമുറികളിലേക്ക് മംഗളം ചാനൽ തുറന്നു വിടുന്നു. ഇതെല്ലാം കേൾപ്പിച്ച് കഴിഞ്ഞിട്ട് നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഇതൊന്നും കേൾപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. 

ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമങ്ങൾ ഏറെക്കുറെ ഇങ്ങിനെയാണ്‌. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുവാന്‍ നിയമതടസ്സമില്ല എന്നാണെന്റെ എന്റെ അറിവ്. എന്നാല്‍, ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഇമ്മോറല്‍ ട്രാഫിക്കിങ് നിരോധന നിയമത്തിലെ ചില വകുപ്പുകള്‍. ഇത് ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്ത അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒന്നിച്ചു കണ്ട സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇമ്മോറല്‍ ട്രാഫികിങ് നിരോധന നിയമത്തിലെ വകുപ്പ് 6(ബി) പ്രകാരം, ഒരുമിച്ചു ഒരു വീട്ടിലോ, റൂമിലോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഗൃഹപരിസരത്തോ കഴിയുന്ന സ്ത്രീയെയും പുരുഷനെയും, അവര്‍ വിവാഹിതര്‍ അല്ലെങ്കില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്. ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് പോലും. സൌകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം...ഇതില്‍ സ്ത്രീയുടെ സമ്മതം ഇല്ലെങ്കില്‍ സംഗതി പീഡനമാകും...ഐ.പി.സി. 497 അനുസരിച്ച് പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ എന്നതാണ് അടുത്ത തമാശ. പുരുഷനെ പ്രലോഭിപ്പിച്ചത് സ്ത്രീ ആയാല്‍ പോലും സ്ത്രീയെ ശിക്ഷിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ പുരുഷവിരുദ്ധമാണ് എന്ന് തോന്നിയേക്കാവുന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണ് എന്നാണു നിയമ വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ഭര്‍ത്താവ് വഞ്ചിച്ചാല്‍ (ഇങ്ങേര്‍ക്ക് പരസ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതം മതിയല്ലോ) വഞ്ചിക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പില്ല. എന്നാല്‍ സ്വന്തം ഭാര്യ വഞ്ചിച്ചാല്‍ ഭാര്യയുടെ ജാരനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവിന് കഴിയും (കാരണം ജാരന്‍ സമ്മതം വാങ്ങിയില്ലല്ലോ). അതുപോലെ സ്വന്തം ഭര്‍ത്താവ് വിവാഹിത അല്ലാത്ത ഒരു സ്ത്രീയുമായി ഗമിച്ചാലും ഭാര്യക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഐ.പി.സി. 497 പ്രകാരം അത് വ്യഭിചാരമല്ല. ഇവിടെയും ഭാര്യ കബളിപ്പിക്കപ്പെടുകയാണ്. ലൈംഗികബന്ധത്തിന്റെ കാര്യത്തിൽപ്പോലും നിയമത്തിനു ഇത്രയുമേ പറ്റുകയുള്ളൂ എങ്കിൽ, പ്രായപൂർത്തിയായ മന്ത്രിയും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം, ഇനി അത് തെറിപ്പാട്ട് തന്നെയായാലും എങ്ങനെയാണ് പൊതു സമൂഹത്തെ ബാധിക്കുക....മനസ്സിലാവുന്നില്ല.

ഇവിടെ ഉയരുന്ന കുറെ ചോദ്യങ്ങളുണ്ട് .

ചാനലിൽ മുഴത്തിനു മുഴം പരാതിക്കാരി പരാതിക്കാരി എന്ന പരാമർശം കേട്ടിരുന്നു; എന്തായിരുന്നു ഇവരുടെ പരാതി ?

പരാതിക്കാരിയായ വന്ന അശരണയും നിസ്സഹായയും ആയ സ്ത്രീയോടാണ് മന്ത്രി ഇത് ചെയ്തതെന്ന് മാധ്യമം പറയുന്നത് ഏതേത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ?
എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ സമീപിച്ചത് ?

ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?...

മുഖം മറച്ചോ വോയ്‌സ് ബൈറ്റ് ആയോ ഇവരുടെ പരാതി ചാനലിന് കേൾപ്പിക്കാമായിരുന്നില്ലേ ?

പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?

സംഭവം പുറത്തു വന്നു 24 മണിക്കൂർ കഴിഞ്ഞിട്ടും അദൃശ്യയായിരിക്കുന്ന സ്ത്രീ പേരിന് വാക്കാലെങ്കിലും ഒരു പരാതി എവിടെയെങ്കിലും സമർപ്പിച്ചിട്ടുണ്ടോ ?

മന്ത്രി തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ സ്ത്രീയെ വശത്താക്കിയതാണോ; എങ്കിൽ അതിനെന്ത്  തെളിവാണുള്ളത് ?

ഈ സ്ത്രീ പ്രായപൂർത്തി ആകാത്ത വ്യക്തിയാണോ ?

ഈ ശബ്ദം മന്ത്രിയുടേത് തന്നെയാണോ ?

മംഗളത്തിന്റെ റിപ്പോർട്ടിൽ എവിടെയാണ്  പൊതുസമൂഹത്തെ ബാധിക്കുന്ന വാർത്തയുള്ളത് ?

പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?

സ്വകാര്യമായി മന്ത്രിയും സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയും നടത്തിയ സംഭാഷണം (ദൃശ്യവും ?) റെക്കോഡ് ചെയ്യാൻ ആർക്കാണ് അവകാശം?

ഒരു മന്ത്രി (എം എൽ ഏ) യുടെ ഫോൺ ചോർത്തിയത് ആരാണ് ?

തികച്ചും വ്യക്തിപരമായ ഒന്ന് വാർത്തയാക്കാൻ ആർക്കാണ് അവകാശം?

പൊതു പ്രവർത്തകനോ മന്ത്രിയോ ആയിപ്പോയാൽ നിലവിലുള്ള നിയമങ്ങൾക്കെതിരല്ലാത്ത രീതിയിൽ ലൈംഗിക ബന്ധമോ വ്യക്തി ബന്ധമോ പുലർത്താൻ ഒരു വ്യക്തിക്ക് അവകാശമില്ലേ ?

അശ്ലീലത്തിന്റെയും കുറ്റകൃത്യങ്ങളുടെയും വിവരണങ്ങൾ ഉള്ള പരിപാടികൾ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദ്ദേശം മംഗളം ചാനലിന് ബാധകമല്ലേ ?

സ്ത്രീ പക്ഷത്തെന്ന് അവകാശപ്പെട്ട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ ഒരു മറയുമില്ലാതെ കേൾപ്പിച്ച് ചർച്ചക്കിരുന്ന സ്ത്രീകളെക്കൊണ്ട് പോലും ചെവിപൊത്താൻ നിർബന്ധിച്ച ചാനലല്ലേ സത്യത്തിൽ സ്ത്രീവിരുദ്ധത കാണിച്ചത് ?

തികച്ചും അശ്ലീലമായ സംഭാഷണങ്ങൾ പ്രായപൂർത്തി മുന്നറിയിപ്പില്ലാതെ ചാനലിലൂടെ ഉറക്കെക്കേൾപ്പിച്ചതിന് ചാനലിനെതിരെ നടപടിയെടുക്കേണ്ടതല്ലേ ?

വാർത്ത വായിച്ച അവതാരകയെപ്പോലും അപമാനിക്കുന്ന ചീഞ്ഞ പണിയല്ലേ "മഞ്ഞളം T V" ചെയ്തത് ? 

ഉദ്ഘാടന ദിവസം ഇങ്ങനെയാണെങ്കിൽ, പ്രാകൃതമായ സദാചാര പോലീസിങ്ങ് മനോഭാവം വച്ച് പുലർത്തുന്ന ഈ മാധ്യമം ഭാവിയിൽ സമൂഹത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകില്ലേ ?

സഖാവ് സ്വരാജിന്റെ ഭാഷയിൽ ഇത്തരം പിതൃശൂന്യമാധ്യമപ്രവർത്തനത്തെ വെറുതെ വിട്ടാൽ, വരും നാളുകളിൽ മാധ്യമപ്രവർത്തനത്തിന്റെ കൂടുതൽ അധാർമികരീതികൾ നമ്മൾ കാണേണ്ടി വരില്ലേ ?


ഉത്തരങ്ങൾ എന്ത് തന്നെയായാലും, ഇത് മാധ്യമപ്രവർത്തനമോ മാധ്യമ ധർമ്മമോ ഒന്നുമല്ല. ഇത് സദാചാരഗുണ്ടായിസമാണ്; ഇത് ഒളിഞ്ഞുനോട്ടമാണ്; ഇത് ന്യൂസ് പോണോഗ്രഫി ആണ്; ഇത് ബ്ലാക്ക് മെയിലിങ് ആണ്; സർവ്വോപരി മാതൃകാപരമായി കഠിനശിക്ഷ കൊടുക്കേണ്ട ഒരു ക്രൈം ആണ്. മറൈൻ ഡ്രൈവിൽ സദാചാരപ്പോലീസിങ് നടത്തിയ ശിവസേനക്കാരെ പിടിച്ചു ജയിലിലിട്ട അതേ ആർജ്ജവം പിണറായിയുടെ പൊലീസ് ഈ ഒളിഞ്ഞുനോട്ട മാധ്യമക്കാർക്ക് നേരെയും കാണിക്കേണ്ടതുണ്ട്. 

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും വേണ്ടി സാഹചര്യങ്ങൾക്കനുസരിച്ച് സൗകര്യപൂർവ്വം വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും കൃത്രിമവാർത്തകൾ നൽകുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടതല്ലേ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു. 

ഇക്കിളി വാർത്തകൾ കൊണ്ട് പ്രേക്ഷകരെയും വായനക്കാരെയും പിടിച്ചു നിർത്താനും റേറ്റിങ് കൂട്ടാനും വെമ്പുന്ന മാധ്യമചവറുകളോട് പൊതു ജനത്തിനും ചിലത് പറയാനുണ്ട്. അത് നമ്മുടെ വെള്ളിത്തിര നായകന്മാർ തന്നെ പറയട്ടെ അല്ലെ........




ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday 24 March 2017

പിന്നണി ഗായകൻ കെ. ബേബി ജോസഫ് അഥവാ ജോസ് പ്രകാശ്, The legendery Villain of Molywood

 


മാർച്ച് 24 - ജോസ് പ്രകാശ് ഓർമ്മയായിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. ജോസ് പ്രകാശ് എന്ന് വിളിപ്പേരുള്ള വളരെ പ്രതിഭാശാലിയായ ഈ നടനെ മലയാള സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. വില്ലനായും പക്വമതിയായ കാരണവരായും ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറായുമൊക്കെ വേഷപ്പകർച്ച നടത്തി ഇദ്ദേഹം സിനിമാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് പോലും ഇദ്ദേഹത്തിന്റെ "ഹെലോ മിസ്റ്റർ പെരേര", "എന്റെ മുതലക്കുഞ്ഞുങ്ങൾ", "വെൽ ഡൺ മൈ ബോയ്", "ബൈ ദി ബൈ" മുതലായ ഡയലോഗുകൾ സുപരിചിതമാണ്. 

ചങ്ങനാശേരിയിൽ കുന്നേൽ കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തയാളായി 1926 ഏപ്രിൽ 16-നാണ് ബേബി ജോസഫ്‌ ജനിച്ചത്. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം തുടങ്ങിയത്. ഇദ്ദേഹം എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബേബി ജോസഫ്‌ ചെറിയ ബിസിനസുകളുമായി കഴിച്ചു കൂട്ടി. കലാപ്രവർത്തനങ്ങളോടുള്ള താല്പര്യം സമാന ചിന്താഗതിക്കാർ ചേർത്ത് കോട്ടയം കേന്ദ്രമാക്കി "കോട്ടയം ആർട്ട്സ് ക്ലബ്ബ്" എന്നൊരു കലാ കൂട്ടായ്മ ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനാവുകയും ചെയ്തു. ഗായകൻ എന്ന നിലയിലായിരുന്നു "കോട്ടയം ആർട്ട്സ് ക്ലബ്ബി"ൽ അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 

സിനിമയിലും അദ്ദേഹത്തിന്റെ എൻട്രി, ഗായകൻ എന്ന നിലയിലായിരുന്നു. കോട്ടയം ജോസഫ്‌ എന്നറിയപ്പെട്ടിരുന്ന സി. ജോസഫെന്നൊരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സി. ജോസഫിന്‌ കോട്ടയത്ത്‌ "ചാൻസൺ സൗണ്ട്‌ എക്വിപ്മെന്റ്സ്‌" എന്നൊരു സ്ഥാപനമുണ്ടായിരുന്നു. ബേബി ജോസഫും ചാൻസൺ ജോസഫും ഒഴിവുള്ളപ്പോഴെല്ലാം വൈകുന്നേരങ്ങളിൽ ചാൻസൺ സൗണ്ട്‌ എക്വിപ്മെന്റ്സിൽ ഒത്തു ചേരുമായിരുന്നു. ആ അവസരങ്ങളിൽ കടയിലെ മൈക്കിലൂടെ ബേബി ജോസഫ് പാട്ടുകൾ പാടുമായിരുന്നു. സി. ജോസഫും സുഹൃ ത്തുക്കളായ വാസുവും (മംഗളം പിക്ചേഴ്സ്‌) അഡ്വ. കെ.കെ.ജോർജ്ജും പ്രശസ്ത നടൻ അന്തരിച്ച തിക്കുറിശി സുകുമാരൻ നായരും ചേർന്നാണ്‌ അക്കാലത്ത് "ശരിയോ തെറ്റോ" എന്ന സിനിമ നിർമ്മിച്ചത്‌. "ശരിയോ തെറ്റോ" സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങുന്ന സമയത്ത് തന്നെ കോട്ടയത്തെ കടയിൽ വച്ച്‌ ബേബിയുടെ പാട്ട്‌ തിക്കുറിശിയെ നേരിട്ട്‌ കേൾപ്പിച്ചത് സി.ജോസഫായിരുന്നു. സിനിമയിൽ ബേബിയെക്കൊണ്ട്‌ പാടിച്ചാലോ എന്ന് നിർദ്ദേശിച്ചതും അദ്ദേഹത്തെക്കൂട്ടിക്കൊണ്ട്‌ തിക്കുറിശിയോടൊപ്പം മദിരാശിയിലേക്ക്‌ പോയതും ഇതേ ജോസഫ് തന്നെ ആയിരുന്നു. 

സംഗീതം ശാസ്ത്രീയമായൊന്നും പഠിച്ചിട്ടില്ലെങ്കിലും പാടണമെന്നുള്ള ആഗ്രഹവും സ്വതസിദ്ധമായി ഉണ്ടായിരുന്ന സംഗീത വാസനയും അൻപതിലധികം സിനിമാ പാട്ടുകൾ പാടാൻ ബേബിയെ സഹായിച്ചു. ഗായകനെന്ന നിലയിൽ വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, പി ലീല എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  ഇതിനിടയിൽ ചെറുവേഷങ്ങളിൽ തുടങ്ങിയ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കും വിലയുമുള്ള താരമായി. പിന്നീടുള്ള ആറു പതിറ്റാണ്ടുകൾ മലയാള സിനിമാലോകത്തെ പ്രമുഖ വ്യക്തിത്വമായി ബേബി ജോസഫ് തിളങ്ങി. അത് "ജോസ് പ്രകാശ്" എന്ന പേരിലായിരുന്നു എന്ന് മാത്രം. മലയാളത്തിലെ ഒട്ടനവധി നടീ നടന്മാർക്ക് പേര് മാറ്റം നിർദ്ദേശിച്ച തിക്കുറിശ്ശി തന്നെയാണ് ബേബി ജോസഫിന് "ജോസ്‌ പ്രകാശ്"‌ എന്ന പേര് നൽകിയത്. 

ജോസ് പ്രകാശ് കുറച്ചു കാലം നാടകങ്ങളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2011-ലെ ജെ സി ദാനിയേൽ പുരസ്കാരമടക്കം വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

വാർദ്ധക്യകാലത്ത് പ്രമേഹരോഗ ബാധയെത്തുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. 2012 മാർച്ച് 24-ന് അസുഖം കലശലായതിനേത്തുടർന്ന് എറണാകുളം കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 87 വയസായിരുന്നു. 

ജോസ് പ്രകാശിനോട് സംവിധാനം ചെയ്യാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ട സിനിമയാണ് 1974-ൽ ഇറങ്ങിയ "ശാപമോക്ഷം" എന്ന സിനിമ. എന്നാൽ ആ ഓഫർ സ്വീകരിക്കാതെ ജോസ് പ്രകാശ് നിർദ്ദേശിച്ച സംവിധായകനാണ് പിന്നീട് ശ്രദ്ധേയമായ പല സിനിമകളും സംവിധാനം ചെയ്ത "ജേസി". പ്രകാശ്‌ മൂവി ടോണിന്റെ ബാനറിൽ പിതൃസഹോദരനായ പ്രേം പ്രകാശുമായി ചേർന്ന് കൂടെവിടെ, ഈറൻ സന്ധ്യ, ഉപഹാരം, ആയിരം കണ്ണുകൾ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിച്ചു. ആർമിയിൽ ജോലിചെയ്തിരുന്ന ഇന്ത്യാ വിഭജനകാലത്ത്‌ മഹാത്മാ ഗാന്ധിയുടെ അംഗരക്ഷകനായി ജോസ്‌ പ്രകാശ്‌ ജോലി നോക്കിയിട്ടുണ്ടെന്നത് കൂടി അറിയുമ്പോൾ അദ്ദേഹം മലയാളി കൃത്യമായി മനസിലാക്കാതെ പോയ ഒരു ബഹുമുഖ വ്യക്തിത്വമാണെന്ന് നിസ്സംശയം പറയാം...

അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലികൾ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday 23 March 2017

ചേട്ടത്തിയുടെ ചത്ത്‌ പോയ മുട്ടനാടും ചില ദുഃഖവെള്ളിയാഴ്ച കോമഡികളും.......

ഇംഗ്ലീഷിലെ ഗുഡ് ഫ്രൈ ഡേ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ നല്ല വെള്ളിയാഴ്ച എന്നതിന് പകരം എങ്ങിനെയോ ദുഃഖ വെള്ളിയാഴ്ച ആയിപ്പോയി. രണ്ടായിരത്തിച്ചില്ല്വാൻ വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസ്സം യേശു യഹൂദന്മാരിൽ നിന്ന് മഹാപീഡകൾ സഹിച്ച് കുരിശില്‍ തറക്കപ്പെട്ട് മരിച്ച് ലോക രക്ഷ സാധിച്ചു എന്നാണു ക്രൈസ്തവ വിശ്വാസം. ആ അര്‍ത്ഥത്തില്‍ എന്ത് കൊണ്ടും ഗുഡ് ഫ്രൈ ഡേ തന്നെ ആയിരുന്നു ദുഃഖ വെള്ളിയേക്കാള്‍ നല്ല പ്രയോഗം. എന്തായാലും പേര് ദുഃഖവെള്ളി എന്ന് ആയത് കൊണ്ട് ആ ദിവസ്സം കടുത്ത ഒരു ദുഃഖ മൂഡ് പള്ളികളില്‍ ഖനീഭവിച്ചു നില്‍ക്കും; മൊത്തത്തിൽ ഒരു വിഷാദ നിർഭര അന്തരീക്ഷം. അന്ന് അച്ചന്മാര്‍ വിവിധ മോഡുലേഷനുകളിൽ പീഡാനുഭവത്തെപ്പറ്റി പ്രസംഗിച്ച് ആളുകളെ കരയിക്കും. പാട്ടുകാര്‍ വയലിനും ഹാര്‍മോണിയവും മീട്ടി ആളുകളെ കരയിക്കും. മാതാപിതാക്കൾ ആണെങ്കിൽ, ഇതിന്റെ ഒന്നും പൊരുളറിയാതെ പള്ളി മുറ്റത്തു കളിച്ചു നടക്കുന്ന കുട്ടികളുടെ വായില്‍ നിര്‍ബന്ധിച്ചു കയ്പ്പ് നീര് ഒഴിച്ച് കൊടുത്തു അതുങ്ങളെയും കരയിപ്പിക്കും. മൊത്തത്തില്‍ ദുഃഖമയം. പക്ഷെ, ദുഃഖവെള്ളിയാഴ്ചകളിൽ ചിരിക്കാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ....ഇഷ്ടം പോലെ; ചിലത് പങ്കു വയ്ക്കാം....

പ്രസംഗശിരോമണി എന്ന് പേര് കേൾപ്പിച്ച ഒരച്ചന്‍ ദുഃഖവെള്ളിയാഴ്ച പ്രസംഗം തുടങ്ങി. മുന്നില്‍ വന്നു പെട്ട ഇരകളോട് യാതൊരുവിധ ദയാ ദാഷിണ്യങ്ങളുമില്ലാതെ അച്ചന്‍ പീഡാനുഭവ പ്രസംഗം വച്ച് പെരുക്കുകയാണ്. പക്ഷെ, എത്രയൊക്കെ ശ്രമിച്ചിട്ടും അച്ചന്റെ ആവേശം കുഞ്ഞാടുകളിലേക്ക് എത്തുന്നില്ല. എല്ലാവരുടെയും മുഖം പഴയ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ പോലെ നിര്‍വികാരമായിരിക്കുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെ കരളുരുക്കുന്ന വിവരണം എടുത്തു പ്രയോഗിച്ചിട്ടും ഒരുത്തനും ഒരു വികാരവും ഇല്ല. ഇതെല്ലാം കണ്ടു മനം മടുത്ത് അച്ചന്‍ കരയുമെന്ന ഘട്ടം വന്നു. അപ്പോഴുണ്ട്, പള്ളിയുടെ മുന്നിലിരിക്കുന്ന ഒരു വല്യമ്മച്ചി മാത്രം കണ്ണ് തുടക്കുന്നു. അച്ചന് സന്തോഷമായി. ഒരാള്‍ക്കെങ്കിലും എല്ക്കുന്നുണ്ട്. അദ്ദേഹം വല്ല്യമ്മച്ചിക്ക് കാണാവുന്ന വിധത്തില്‍ തിരിഞ്ഞു നിന്ന് പ്രസംഗം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി ഏന്തി ഏന്തി കരഞ്ഞു തുടങ്ങി. അത് കണ്ടും കേട്ടും പലരും ചെറുതായി കരഞ്ഞു തുടങ്ങി. എന്തായാലും അച്ചന് സന്തോഷമായി. പ്രസംഗം തീര്‍ത്തു പുറത്തിറങ്ങി; വാതില്‍ക്കല്‍ കാത്തു നിന്നു. വലിയൊരു പ്രതിസന്ധിയിൽ നിന്ന് തന്നെ രക്ഷിച്ച വല്ല്യമ്മച്ചിയെ ഒന്ന് കാണണം; അതാണ് ഉദേശ്യം. ഒടുവില്‍ വല്യമ്മച്ചിയും അച്ചനും കണ്ടു മുട്ടി. അച്ചനെ കണ്ടതും വല്യമ്മച്ചിക്ക് വീണ്ടും കരച്ചിൽ വന്നു. അച്ചന്‍ വല്ല്യമ്മച്ചിയോട് ആകാംഷയോടെ ചോദിച്ചു. എന്റെ പ്രസംഗത്തിലെ ഏതു ഭാഗമായിരുന്നു വല്യമ്മച്ചിയെ ഇങ്ങനെ കരയിപ്പിക്കുന്നത് !!??? ഉടനെ വന്നു അവരുടെ മറുപടി; "അച്ചന്റെ പ്രസംഗം അതിനാര് കേട്ടു ? അച്ചന്റെ ഈ ഊശാന്‍ താടി കണ്ടപ്പോള്‍ ഞാനെന്റെ ചത്ത്‌ പോയ മുട്ടനാടിനെ ഓര്‍ത്തു പോയി. അതിന്റെ സങ്കടത്തില്‍ കരഞ്ഞതായിരുന്നെന്റെ പൊന്നച്ചോ" ഇത്തവണ ശരിക്കും കരഞ്ഞു പോയത് നമ്മുടെ അച്ചനാണ്.

റോമൻ കത്തോലിക്കാ പള്ളികളിൽ ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ഒരു രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഗായകസംഘം ദുഃഖഭരിതമായ പാട്ടുകൾ പാടിക്കൊണ്ടിരിക്കും; ആളുകൾ വന്നു ഈ രൂപത്തെ വണങ്ങി തൊട്ടു മുത്തി തൊട്ടടുത്തിരിക്കുന്ന കാണിക്കപ്പെട്ടിയിൽ നേർച്ചപ്പണം നിക്ഷേപിച്ചു നിർവൃതിയിൽ മടങ്ങും. അതാണ് ചടങ്ങ്. ദുഃഖവെള്ളിയാഴ്ച്ചക്കൊരു പ്രത്യേകതയുണ്ട്. സാധാരണ ദിവസങ്ങളിലൊന്നും പള്ളിയിൽ പോകാത്തവർ പോലും പള്ളിയിൽ പോകും. അത് കൊണ്ട് തന്നെ പള്ളികളിൽ ജനത്തിരക്ക് വളരെ കൂടുതലായിരിക്കും. സ്വാഭാവികമായി രൂപം വണങ്ങൽ ചടങ്ങിനും തിക്കും തിരക്കും കൂടുതലായിരിക്കും. പൊതുവെ കുട്ടികൾക്കായിരിക്കും കൂടുതൽ ആവേശം. ഈ തിരക്കിനിടെ ഒരപ്പാപ്പൻ രൂപത്തിനടുത്തേക്ക് കഷ്ടപ്പെട്ട് എത്തും; കുട്ടികൾ തിക്കിത്തിരക്കി അപ്പാപ്പനെ പുറകോട്ട് തള്ളി വിടും. ഒടുക്കം അപ്പാപ്പനിലെ പോരാളി ഉണർന്നു; ഇതിലും വലിയ ഉന്തും തള്ളും കണ്ട അപ്പാപ്പനോടാണ് പിള്ളേരുടെ കളി; അപ്പാപ്പൻ മുണ്ടു മടക്കിക്കുത്തികൊണ്ടു പറഞ്ഞു "ആഹാ പിള്ളേര് ഇത്രക്കായോ; എന്നാ ഈ ________ ഇന്ന് മുത്തിയിട്ടൊള്ളു വേറെ കാര്യം". ______ സ്ഥാനത്ത് കൊള്ളാവുന്ന ഒരു തെറിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആഞ്ഞ് ഇടിച്ചു കയറുന്നതിനിടയിൽ ആവേശത്തിൽ പറഞ്ഞപ്പോൾ നിൽക്കുന്നത് പള്ളിയിലാണെന്നും കിടക്കുന്നത് കർത്താവാണെന്നും പറയുന്നത് ഉറക്കെയാണെന്നും അപ്പാപ്പൻ ഒരു നിമിഷം വിട്ടുപോയി. അപ്പാപ്പന്റെ ഈ ഡയലോഗ് കേട്ട് പള്ളിയിലുണ്ടായിരുന്ന കർത്താവിന്റെ രൂപം ഒഴികെ എല്ലാവരും ചിരിച്ച് ഊപ്പാടിളകി.

ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി നടത്താറുള്ള മറ്റൊരു പരിപാടിയാണ് വിലാപയാത്ര. നേരത്തെ സൂചിപ്പിച്ച, പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ആ  രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ച് പൊതുവഴിയിലൂടെ ഒരു പ്രദക്ഷിണമായി കുറെ ദൂരം നടന്ന് തിരിച്ച് പള്ളിയിൽ വരും. മിക്കവാറും അത് കുറച്ചധികം ദൂരം ഉണ്ടാകും; പാപ പരിഹാര പ്രദക്ഷിണം എന്നാണതിനെ പറയാറ്. പ്രദക്ഷിണവഴിയിലും പ്രദക്ഷിണത്തിനകത്തും സാധാരണയായി കർത്താവിന്റെ പീഡാനുഭവരംഗങ്ങൾ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും പ്രച്ഛന്നവേഷങ്ങളും ഒക്കെ ഉണ്ടാവാറുണ്ട്. പലപ്പോഴും ഇതൊക്കെ ഫാമിലി യൂണിറ്റാടിസ്ഥാനത്തിലോ ഭക്ത സംഘടനാടിസ്ഥാനത്തിലോ മത്സരമെന്ന നിലയിലും നടത്താറുണ്ട്. അങ്ങനെ ഒരു ലോറി ടാബ്ലോ മുന്നോട്ട് പോവുകയാണ്; കർത്താവ് കുരിശിൽ തൂങ്ങി നിൽക്കുകയാണ്. പടയാളി കുന്തം കൊണ്ട് മരിച്ചു കിടക്കുന്ന കർത്താവിന്റെ നെഞ്ചിൽ കുത്താൻ പോകുന്ന രംഗമാണ് ടാബ്ലോയുടെ തീം. ഇതിനിടെ ടാബ്ലോ ലോറി ഗട്ടർ നിറഞ്ഞ റോഡിലെ ഒരു കുഴിയിൽ കയറി ഇറങ്ങി; വണ്ടി ഒന്നുലഞ്ഞപ്പോൾ പടയാളിയുടെ കയ്യിലിരുന്ന കുന്തം "കുരിശിൽ മരിച്ചു കിടന്ന കർത്താവി"ന്റെ നെഞ്ചിൽ ചെന്ന് കൊണ്ടു. വേദന സഹിക്കാതെ "മരിച്ചു കിടന്ന കർത്താവ്" കണ്ണ് തുറന്ന് ഒന്ന് പിടഞ്ഞു. അത് കണ്ട ഭക്തജനം ദുഃഖവെള്ളിയാഴ്ച്ച ആണല്ലോ എന്നോർത്ത് ചിരി ഉള്ളിലൊതുക്കി. അപ്പോഴുണ്ട് ലോറി അതിനേക്കാൾ വലിയ ഒരു കുഴിയിൽ കയറി ഇറങ്ങി. പടയാളിയുടെ കുന്തം കർത്താവിന്റെ നെഞ്ചിൽ ശക്തിയായി അമർന്നു. ഇത്തവണ കർത്താവ് മരിച്ചു കിടക്കുകയാണെന്ന കാര്യം മറന്നു കൊണ്ട് അലറി " എടാ ________ മോനെ കുന്തം മര്യാദക്ക് പിടിക്കടാ; നീയിപ്പോ എന്നെ കുത്തിക്കൊല്ലുമല്ലോ", ഇത്തവണ ജനത്തിന്റെ കൺട്രോൾ പോയി; എല്ലാവരും ആർത്തു ചിരിച്ചു; അത് കണ്ട പടയാളിക്ക് ചിരി പൊട്ടി; ഇതെല്ലാം കണ്ട "കർത്താവും ചിരിച്ചു പോയി. അങ്ങനെ വിലാപ യാത്ര കോമഡി ഷോ പോലെയായി. 

മറ്റൊരു പള്ളിയിൽ ഫാമിലി യൂണിറ്റടിസ്ഥാനത്തിൽ പൊരിഞ്ഞ ടാബ്ലോ മത്സരമാണ്; ടാബ്ലോക്ക് വേണ്ടി മേക്കപ്പിട്ട് നിന്നവർ കടുത്ത വേനൽച്ചൂടിൽ വിയർത്തു മടുത്ത് നിൽക്കുകയാണ്. വിലാപയാത്രയ്ക്കുള്ള  സമയമായി. ടാബ്ലോകൾ നിരന്നു. ടാബ്ലോകൾക്ക് മാർക്കിട്ടിട്ട് വേണം വിലാപയാത്ര തുടങ്ങാൻ. ജഡ്ജസ് ഓരോ ടാബ്ലോകൾ നിരീക്ഷിച്ച് മാർക്കിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ടാബ്ലോയിലെ കുരിശിൽ കിടക്കുന്ന കർത്താവ് വലിയ ശബ്ദത്തോടെ വാള്** വയ്ക്കുന്നു. കൊടും ചൂടിൽ സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതി ഭക്തജനം സഹതാപത്തോടെ നിൽക്കുമ്പോൾ ആ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റ് വാള് വച്ച "കർത്താവിനോട്" വിളിച്ചു പറയുന്നത് കേട്ടാണ് ആളുകൾ ഞെട്ടിയതും പൊട്ടിചിരിച്ചതും.."നിന്നോട് അപ്പോഴേ പറഞ്ഞതാ; ഒള്ള സോഡാ മുഴുവനും കൂടി കുടിക്കരുതെന്ന്; ഇതിന്റെ പേരിൽ സമ്മാനം എങ്ങാൻ പോയാൽ, കർത്താവാണേ നിന്നെ ഞാൻ തല്ലിക്കൊല്ലും". അപ്പോൾ ആ കർത്താവിന്റെ മുഖത്ത് വന്ന ഭാവം മനസ്സിൽ സങ്കല്പ്പിക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു...  

(ഒരു പക്ഷേ ഇതൊന്നും ശരിക്കും സംഭവിച്ചതാകാൻ വഴിയില്ല; പ്രസംഗത്തിന്റെ വിരസതയകറ്റാൻ അച്ചന്മാർ തന്നെ പ്രസംഗമദ്ധ്യേ പറയാറുള്ള നുറുങ്ങ് ഫലിതങ്ങൾ ആണ്)   

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 10 March 2017

ഇത് മാത്രമല്ല അങ്കമാലി; പക്ഷെ തീർച്ചയായും ഇത് കൂടിയാണ് അങ്കമാലി


(മുൻ‌കൂർ ജാമ്യം : ഞാനൊരു സിനിമാ നിരൂപകനല്ല; അത് കൊണ്ട് ഇതൊരു നിരൂപണവും അല്ല; സിനിമയെപ്പറ്റിയുള്ള റിവ്യൂ ഒക്കെ ആ പണി നന്നായി അറിയാവുന്നുന്നവർ എഴുതട്ടെ. സിനിമയുടെ സാങ്കേതിക വശങ്ങളെപ്പറ്റി തീരെ വിവരമില്ലാത്ത ഒരു ആളുടെ അഭിപ്രായം മാത്രമാണിത്.)

അങ്കമാലി ഡയറീസിനെക്കുറിച്ച് എഴുതണമെന്ന് തോന്നാൻ കുറച്ചു കാരണങ്ങൾ ഉണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചെമ്പൻ (വിനോദ്) എന്റെ സ്ക്കൂൾ സഹപാഠി ആണെന്നത് മാത്രമല്ല എന്റെ പ്രൊഫഷണൽ ക്ലയന്റ് കൂടി ആണ്. ചെമ്പൻ ഈ പ്രോജക്ടിനെപ്പറ്റിയും കൺസെപ്റ്റിനെപ്പറ്റിയും അവന്റെ ആദ്യത്തെ പടം (നായകൻ) കഴിഞ്ഞ സമയത്ത് പറഞ്ഞതെന്റെ ഓർമ്മയിലുണ്ട്. പിന്നീട് നേരിൽ കാണുമ്പോൾ എല്ലാം ഇതിനെപ്പറ്റി ചോദിക്കുമ്പോൾ അവൻ പറയാറുള്ളത് "ചെയ്യണം; എനിക്ക് സമയം കിട്ടുമ്പോൾ ലിജോ തിരക്കിലായിരിക്കും; ലിജോ ഫ്രീ ആകുമ്പോൾ ഞാൻ തിരക്കിലാവും" എന്നൊക്കെയാണ്. കൂടെക്കൂടെ ഇത് കേട്ടപ്പോൾ ഇത് വെറും തള്ളാണോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. കഴിഞ്ഞ വർഷം ഇവർ രണ്ടാളുടെയും കൂടെ ഒരു ഡിസ്കഷനിൽ ഇരുന്നപ്പോഴാണ് സംഭവം ഒരു ഫൈനൽ സ്റ്റേജിൽ എത്തിയെന്നും ഫ്രൈഡേ ഫിലിംസ് പ്രൊഡ്യൂസ് ചെയ്യാം എന്ന് സമ്മതിച്ചു എന്നും പറയുന്നത്. ഇതിനകം തന്നെ സിനിമയിൽ സ്വന്തം സ്ഥാനങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ ഒരു സംവിധായകനും നടനും അമരക്കാരായി ഒരു പടം ചെയ്യുമ്പോൾ അത് നിർമ്മിക്കാൻ വിജയ് ബാബു എന്ന ബ്രില്ല്യന്റ് നിർമ്മാതാവ് തയ്യാറായി എന്നത് വലിയ അതിശയം ഒന്നും ഉണ്ടാക്കിയില്ല.  പക്ഷെ, മുഴുവൻ കഥാപാത്രങ്ങളെയും പുതുമുഖങ്ങളെ വച്ചാണ് പടം ചെയ്യാൻ പോകുന്നതെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടി. ടീം ഇതായത് കൊണ്ട് സംഭവം എറിക്കുമെന്ന് മനസ്സ് പറഞ്ഞെങ്കിലും അങ്കമാലി എന്ന ഒരു ചെറുപ്രദേശത്തിന്റെ കഥ കേരളം മുഴുവൻ എങ്ങനെ മാർക്കറ്റ് ചെയ്യും എന്ന സംശയം നേരിട്ട് തന്നെ ചെമ്പനോട് ചോദിച്ചു. സംവിധായകനും നിർമ്മാതാവിനും ഇല്ലാത്ത ടെൻഷൻ എന്തിനാടാ മച്ചാ നിനക്കെന്നു ചോദിച്ചു കൊണ്ട് ചെമ്പൻ അവന്റെ സ്വതസിദ്ധമായ ചിരിയിൽ എന്റെ ആ ആശങ്കയെ പുറംകാലിനടിച്ച് തെറിപ്പിച്ചു. അത് കൊണ്ട് തന്നെ പടത്തിന്റെ റിലീസിനായി ആകാംഷാപൂർവ്വം കാത്തിരിക്കുകയായിരുന്നു ഞാൻ. അഭിപ്രായം എഴുതാനല്ല രണ്ടാമത്തെ കാരണം ഞാൻ ഒരു അങ്കമാലിക്കാരൻ ആണെന്നുള്ളതാണ്. അതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാരണം, പടമിറങ്ങിക്കഴിഞ്ഞു പൊതുവെ നല്ല അഭിപ്രായമാണ് പടത്തെപ്പറ്റി കേട്ടതെങ്കിലും ഒറ്റപ്പെട്ട ചില എതിരഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു; അതും അങ്കമാലിയോടടുത്ത് ജീവിക്കുന്ന ചില സുഹൃത്തുക്കളിൽ നിന്ന്. അതിനൊക്കെ അപ്പുറം കേരളത്തിൽ വർഗീയത വച്ച് വിളമ്പുന്ന ഒരു ചാനൽ സിനിമക്കെതിരെ ക്രിസ്തുമത പ്രകീര്‍ത്തനം നടത്തുന്നു എന്ന ഗുരുതരമായ ഒരു വർഗ്ഗീയ ആരോപണവും നടത്തിക്കണ്ടു. മതത്തിന്റെയും വർഗീയതയുടെയും കാവികണ്ണട വയ്ക്കാത്തവർ ചാനലിന്റെ പതംപറച്ചിലിനെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞോളും എന്നത് കൊണ്ട് ആ റിപ്പോർട്ടിനെ ഞാനും അവഗണിക്കുന്നു. 

Joseph Sunny Mulavarickal എന്നൊരു സ്നേഹിതൻ FB യിൽ കുറിച്ചത്. "അങ്കമാലി ഡയറീസ് കണ്ടു, അതിന്റെ മുന്നണിയിലും പിന്നണിയിലും തിളങ്ങിയ അങ്കമാലിക്കാരായ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. പിന്നെ അങ്കമാലി ഡയറിസിനെ കുറിച്ച്... നാടിന്റെ പേരിൽ സിനിമ ഇറങ്ങിയതും. അങ്കമാലിക്കാരായ സുഹൃത്തുക്കൾ അഭിനയിച്ചതും കൊണ്ടും ആണ് ബഹുഭൂരിപക്ഷം അങ്കമാലിക്കാരും, ഞാനും സിനിമ കണ്ടത്. കുറെ പോർക്കും തല്ലും വെട്ടും ഗുണ്ടായിസവും അല്ല അങ്കമാലി. സിനിമക്ക് യാഥാർഥ്യത്തിന് വലിയ സ്ഥാനം ഉണ്ട് എന്ന് തോന്നണില്ല, കച്ചവട താൽപര്യമാണ് മുഖ്യം, എന്നാലും ഇത് തീർത്തും നിരാശപ്പെടുത്തി . ശരിയാണ് നമ്മൾ കുറച്ച് കൂടുതൽ പോർക്കിറച്ചി കഴിക്കും, നമ്മുടെ മാത്രം മാങ്ങാക്കറിയും, ആഘോഷങ്ങളും മതേതരത്വവും നമ്മുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്; എന്നാലും സിനിമ കാണുന്ന അങ്കമാലിക്കാർക്ക് അഭിമാനിക്കാനും, ഓർത്തിരിക്കാനും എന്ത് നൽകി ? അങ്കമാലിക്കാർ ഈ സിനിമയിലെ പോലെ അല്ല എന്ന് സിനിമ കണ്ട ഓരോ അങ്കമാലിക്കാരനും തിരുത്തി പറയണ്ട വരില്ലെ ?? സിനിമയുടെ ഇതിവൃത്തം. അങ്ങനെയാണ്; സമ്മതിക്കുന്നു. എന്നാലും കുറച്ച് വയലൻസ് ഒഴിവാക്കാമായിരുന്നു, അങ്കമാലിയെയും പരിസര പ്രദേശങ്ങളെയും നന്നായി സ്ക്രീനിൽ പകർത്തിയെടുത്തത് അഭിനന്ദനാർഹമാണ്. അങ്കമാലിക്കാരോട്ഒരുവാക്ക്: ഞാൻ ഈ സിനിമക്ക് എതിരല്ല. കുറെ പ്രതീക്ഷിച്ചതിന്റെ നിരാശയുണ്ട്; സ്വാഭാവികമായും തോന്നാവുന്ന ഒരു വികാരം പങ്ക് വെച്ചു എന്നെ ഉള്ളു ക്രൂശിക്കരുത് പ്ലീസ്. അങ്കമാലിക്കാരല്ലാത്തവരോട്: അങ്കമാലി അത്ര കട്ട ലോക്കൽ അല്ല."

Pallissery Antu എന്ന സുഹൃത്ത് FB യിൽ കുറിച്ചത്. "മലയാറ്റൂരിന്റെ സ്പർശനമേറ്റു കിടക്കുന്ന അങ്കമാലിയേയും ആദിശങ്കരന്റെ ജന്മനാടിനെയും അടച്ചാക്ഷേപിക്കുന്ന "അങ്കമാലി ഡയറി" എന്ന മലയാള സിനിമ കാണുവാൻ ഇടയായി . എന്റെ 56 വയസ്സ് ജീവിത കാലത്തു ഇത്രയും മോശമായി ഒരു നാടിന്റെ സംസ്കാരത്തെ തെറ്റായി ചിത്രീകരിക്കുന്ന സിനിമ ഞാൻ കണ്ടിട്ടില്ല . അങ്കമാലി ആകെ ഗുണ്ടാ വിളയാട്ടവും, സ്ത്രീകളെ വശീകരിക്കുന്നവരും , ചേട്ടത്തിയമ്മയെ കല്യാണം കഴിക്കുന്നവരും ആണെന്നും , സ്ത്രീകൾ പോലും മദ്യപിച്ചു അങ്കമാലി പെരുന്നാൾ കൂടുന്നതായും ആണ് ഇ ചിത്രം സമൂഹമനസ്സിനു നൽകുന്ന സന്ദേശം. നൂറ്റാണ്ടുകൾക്കു മുൻപത്തെ ചില ഇരുട്ടു ഇപ്പോഴത്തെ വെളിച്ചത്തിലും പ്രകാശിപ്പിക്കുന്നത് തീരെ ശരിയല്ല. ചിന്തയുള്ളവർ എല്ലാവരും ഉടനെ പ്രതികരിക്കണം" 

പിന്നെയും ഇത് പോലെ കുറച്ച് സ്വാഭാവികവും ന്യായവും തികച്ചും ദുരുദ്ദേശ്യങ്ങൾ ഇല്ലാത്തതുമായ പ്രതികരണങ്ങൾ. എഴുതിയവരുടെ ആശങ്ക ഒട്ടും അസ്ഥാനത്തല്ല എന്നത് കുറച്ച് സത്യമാണ്; നല്ല അങ്കമാലിക്കാരെ നേരിട്ടറിയാത്ത NON അങ്കമാലിക്കാർ അങ്കമാലിക്കാരെപ്പറ്റി മോശമായിക്കരുതാനുള്ള ഒരു ചെറിയ സാധ്യത ഉണ്ട്; ചില സിനിമകളും മാധ്യമങ്ങളും വരച്ചിട്ട കൊച്ചിക്കാരെപ്പോലെ; കടാപ്പുറക്കാരെപ്പോലെ; കണ്ണൂരുകാരെപ്പോലെ . 

പക്ഷെ അവഗണിക്കാനാവാത്ത മറ്റൊരു കാര്യമുണ്ട്. എയർപോർട്ട് നൽകിയ പുത്തൻ പ്രസിദ്ധിയും റിയൽ എസ്റ്റേറ്റ് പണത്തിന്റെ മിനുക്കവും ന്യൂ ജനറേഷൻ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അതിപ്രസരവും വരുന്നതിന് മുൻപ്, എന്റെയും ചെമ്പന്റെയും ഒക്കെ സ്ക്കൂൾ - കോളേജ് കാലഘട്ടത്തിൽ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ മാർക്ക് ചെയ്യാവുന്ന നിരവധി കഥാപാത്രങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. സ്ക്കൂൾ സീനിലെ യൂണിഫോമിന് ഞങ്ങൾ പഠിച്ച കിടങ്ങൂർ സ്‌കൂളിലെ യൂണിഫോമിന്റെ നിറമായിരുന്നു എന്നത് യാദൃശ്ചികമല്ലെന്നാണ് ഞാൻ കരുതുന്നത്. സ്ക്കൂളിലെയും അയൽപക്കത്തെ പറമ്പിലേയും വഴിവക്കിലെയും മാങ്ങയും ജാതിക്കയും പേർക്കാണ് ഒക്കെ പറിച്ചു തിന്ന ഓർമ്മയില്ലാത്ത എത്ര അങ്കമാലിക്കാർ കാണും. ചെമ്പന് നേരനുഭവമുള്ള കഥാപാത്രങ്ങൾ ആണ് സിനിമയിൽ വന്നു പോകുന്നതെന്നാണ് എന്റെ ഉത്തമബോധ്യം. ചില കഥാപത്രങ്ങളുടെ പേര് പോലും ജീവിച്ചിരുന്നവരുടേതാണ്. വിശാലമായ ലോക പരിചയമൊന്നുമില്ലാത്ത; അങ്കമാലി മാർക്കറ്റും പള്ളിയും പരിസരപ്രദേശങ്ങളും മാത്രം ലോകമായിക്കാണുന്ന; അങ്കമാലിക്ക് പുറത്തേക്ക് അപൂർവ്വമായി മാത്രം പോയി വരുന്ന; സുഹൃത്ബന്ധത്തിന്റെ ആത്മാർത്ഥതയിൽ ഏതപകടത്തിലേക്കും എടുത്തു ചാടാനും ജീവിതവും സ്വത്തും പണയപ്പെടുത്താൻ ഒരു മടിയുമില്ലാത്ത; ഇറച്ചിക്കൂട്ടാനും മാങ്ങാക്കൂട്ടാനും കുറച്ചു സ്‌മോളും കിട്ടിയാൽ ആഘോഷമാക്കുന്ന; ഒരു പെരുന്നാളിൽ നിന്ന് മറ്റൊരു പെരുന്നാളിലേക്ക് ജീവിതത്തിലെ വർഷങ്ങൾ ക്രമപ്പെടുത്തുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്ന കാലഘട്ടത്തെയാണ് ഡയറീസിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തിൽ അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും ജീവിച്ചിരുന്ന ഒട്ടേറെ വ്യക്തികളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കുറച്ചു കഥാപാത്രങ്ങളിലേക്ക് സമന്വയിപ്പിച്ച് നടത്തിയ കഥാപാത്രസൃഷ്ടിക്ക് ചെമ്പന് ഒരു ബിഗ് സല്യൂട്ട്; അതിൽ ചെമ്പനുണ്ട്; ഞങ്ങളുടെ പല സുഹൃത്തുക്കളുണ്ട്; നിങ്ങൾക്കും എനിക്കും നേരിട്ടറിയാൻ സാധ്യതയുള്ള പലരുമുണ്ട്. അത് കൊണ്ട് തന്നെ അങ്കമാലി ഡയറീസിൽ കാണുന്ന ഒന്നല്ല അങ്കമാലി എന്ന നിരീക്ഷണത്തെ അംഗീകരിക്കുമ്പോൾ തന്നെ തീർച്ചയായും പറയേണ്ടി വരും; "അങ്കമാലി ഡയറീസിൽ കാണുന്ന ഒന്ന് കൂടിയാണ് അങ്കമാലി". ചുരുക്കത്തിൽ, ഒരു ദിശയിൽ നിന്ന് നോക്കുമ്പോഴുള്ള അങ്കമാലിയുടെ ഒരു നേർചിത്രം തന്നെയാണ് ഡയറീസ് വരച്ചു വയ്ക്കുന്നത്; ആ ദിശയിൽ നിന്നല്ലാതെ നോക്കുന്നവർക്ക് അലോസരമുണ്ടാകുന്നത് സ്വാഭാവികം.

നെയ്ത്തുണ്ടം :  സിനിമ ഒരു വ്യവസായവും അതിന്റെ ഉദ്ദേശം ലാഭവും ആകുമ്പോൾ കുറച്ച് കച്ചവട ഘടകങ്ങൾ സിനിമയിൽ  ഉണ്ടാകാൻ ഇടയുണ്ട്; അതിനെ അതിന്റെ പാട്ടിന് വിടാതെ എന്ത് ചെയ്യാനാ ? പക്ഷെ, ഈ സിനിമയിലെ പ്രകടനം കൊണ്ട് മാത്രം മലയാളസിനിമയിലേക്ക് ഒരു ഡസൻ പുതിയ കലാകാരന്മാർ എങ്കിലും കടന്നു വരാൻ ഇടയുണ്ട്. 



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക