ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Friday, 19 May 2017

സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി വിദ്യാർത്ഥിനികൾ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വൻ എതിർപ്പിനെത്തുടർന്ന് ഉത്തരവ് രായ്ക്ക് രാമാനം പിൻവലിച്ചിട്ട് അധികം കാലമായില്ല. ഏതാണ്ട് അതേ കാലയളവിലാണ് കായംകുളത്തുനിന്നുള്ള സി പി എമ്മിന്റെ വനിതാ എം എല്‍ എ ആയ പ്രതിഭാ ഹരി ലെഗ്ഗിൻസ് ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു എന്ന "ആക്ഷേപം" മാധ്യമങ്ങൾ വെണ്ടക്കയാക്കിയത്.

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയ സംഭവം എല്ലാവർക്കും ഓർമ്മ കാണും. പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാദ്ധ്യമങ്ങളായ എൻ.ഡി.ടി.വി, ഐ.ബി.എൻ. ലൈവ്, ഇന്ത്യൻ എക്‌സ്‌പ്രസ് തുടങ്ങിയവയെക്കൂടാതെ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. വരെ ആ സംഭവം മത്തങ്ങയും വെണ്ടക്കയും ഒക്കെ ആക്കിയിരുന്നു. ജീൻസ് ധരിച്ച് പിൻഭാഗം പ്രദർശിപ്പിച്ചു നിൽക്കുന്ന യുവതിയുടെ വലിയ പോസ്റ്ററിന് സമീപത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ബി.ബി.സി അന്ന് വാർത്ത നൽകിയത്. യേശുദാസിന്റെ പരാമർശവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ബി.ബി.സി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പരാമർശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചു. മരുമകളോട് വേണം ഇക്കാര്യം ആദ്യം ഉപദേശിക്കേണ്ടിയിരുന്നത് എന്ന് ചിലർ പ്രതികരിച്ചപ്പോൾ, യേശുദാസ് പാടാൻ മാത്രമല്ലാതെ മൈക്ക് കൈ കൊണ്ട് തൊടരുത് എന്നാണ് ചിലർ പറഞ്ഞത്.


തിരുവന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്ന വിഷയം കടന്നുവന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി. അദ്ദേഹത്തിൻറെ പരാമർശത്തിന്റെ ഏകദേശ മുഴുവൻ രൂപം താഴെക്കൊടുക്കുന്നു. 'പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ 18 വയസ് പ്രായമാകുമ്പോഴേക്കും സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങും. സ്വന്തം അധ്വാന ഫലം കൊണ്ടാണ് ഓരോകുട്ടിയും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നത്. തണുപ്പേറിയ സ്ഥലമായതിനാല്‍ പാശ്ചാത്യനാടുകളില്‍ ആ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്വന്തം അധ്വാനഫലമായതിനാല്‍ വസ്ത്രം അല്‍പ്പം കീറിയാലും അവരത് ഉപയോഗിക്കും. എന്നാല്‍ കേരളത്തിലോ.... സ്വന്തം മാതാപിതാക്കളുടെ അധ്വാനഫലമാണ് പ്രായമായ മക്കളെപ്പോലും തീറ്റിപ്പോറ്റുന്നത്. എത്ര വളര്‍ന്നാലും സ്വന്തം വസ്ത്രം സ്വയം കഴുകാത്തവരാണ് കേരളത്തിലെ കുട്ടികള്‍. അവര്‍ക്ക് വസ്ത്രം വാങ്ങുന്നതും അത് അലക്കി കൊടുക്കുന്നതും പ്രായമായ അമ്മമാരാണ്. കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോഴും ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ശരീരം പ്രദര്‍ശിക്കുന്ന തരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം". എന്റെ അഭിപ്രായത്തിൽ, യേശുദാസിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധം എന്നതിലുപരി പുരുഷ വിരുദ്ധം ആണ്. സ്ത്രീയുടെ അശ്രദ്ധമായ വസ്ത്രധാരണം കണ്ടാലുടനെ വേണ്ടാതീനം ചെയ്യാൻ പാകത്തിൽ നഷ്ടപ്പെടുന്ന ദുർബലമായ കണ്ട്രോളാണ് അദ്ദേഹം ഉൾപ്പെടുന്ന പുരുഷ സമൂഹത്തിനുള്ളത് എന്നാണു ആദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ. അങ്ങിനെ നോക്കുമ്പോൾ സ്ത്രീകൾക്ക് മുൻപേ വാളെടുക്കേണ്ടത് പുരുഷന്മാരല്ലേ. തല്ക്കാലം യേശുദാസ് എന്ന വ്യക്തിയും അങ്ങേരുടെ അഭിപ്രായങ്ങളെയും അതിന്റെ പാട്ടിനു വിടാം... 

നമ്മുടെ മാധ്യമ സാമൂഹ്യ രംഗത്ത് കുറെയധികം കാലമായി ചർച്ച ചെയ്യുന്ന വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണം. ഏതു ടി വി ചാനല്‍ എടുത്തു നോക്കിയാലും സ്ത്രീയുടെ വേഷവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ സ്ത്രീ വസ്ത്രധാരണത്തിനു നേരെ പുരുഷ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരം താഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയില്പ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടന്നിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ   മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ വീടിനകത്താണെങ്കിലും പൊതു ഇടങ്ങളിലാണെങ്കിലും പ്രദർശിപ്പിക്കാൻ നിർബന്ധിതരാവുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ മായാവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും അടുത്തിടെ വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം കൂടിയെത്തിയിരിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കുന്നതും.

ലോകത്തിന്റെ വിവിധ കോണുകളിൽ നൂറ്റാണ്ടുകളുടെ ഇടയിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്‌. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും തീർച്ചയായും സ്വാംശീകരിക്കുന്നുണ്ട്. ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുകയാണ് എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. നല്ല വസ്ത്ര ധാരണത്തിലൂടെ തങ്ങളുടെ ആത്മവിശ്വാസം ഒരുപരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദർഭം എന്നിവയ്ക്കനുസരിച്ചാവണം വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കാൻ.  ജോലിക്ക് ഇന്റർവ്യൂവിനു പോകുമ്പോഴും അറേഞ്ച്ഡ് വിവാഹത്തിന് മുന്നോടിയായി പെണ്ണ്  കാണാൻ വരുമ്പോഴും അധികമാരും "അവരവർക്ക് സൗകര്യമുള്ള" ഡ്രസ്സ്‌ ധരിക്കുന്നത് കാണാറില്ല. ആ സന്ദർഭങ്ങളിലെല്ലാം അലിഖിത പൊതു സമൂഹ സദാചാര സംഹിതകൾ അംഗീകരിച്ച ഡ്രസ്സ്‌ കോഡ് ആണ് പിന്തുടരാറുള്ളത്. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും അവിടെ നിഷ്കർഷിച്ചിട്ടുള്ള വസ്ത്രമാണ് പരാതിയൊന്നുമില്ലാതെ ധരിക്കാറുള്ളത്. ഇതിൽ നിന്നൊക്കെ തന്നെ സന്ദർഭമാണ് വസ്ത്രം തിരഞ്ഞെടുക്കാനുള്ള അളവുകോൽ എന്ന് ഊഹിക്കാം. ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും  നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. കേരളത്തിലെ ചില കൌമാരക്കാരായ പയ്യന്മാരുടെ ലോ വെയിസ്റ്റ് ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടപ്പോള്‍ പോലീസ് കേസെടുത്തതായി പത്ര വാർത്ത വന്നിരുന്നു. സ്ട്രീക്കിംഗ് നടത്തിയത്തിനു ഒരു പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു കസ്റ്റഡിയിൽ എടുത്തത് കേരളത്തിലെ ഏറ്റവും പുരോഗമനം പറയുന്ന കൊച്ചി നഗരത്തിലാണ്. അപ്പോൾ വസ്ത്ര ധാരണത്തിലെ മാന്യതയ്ക്കും സംസ്കാരത്തിനും സ്ത്രീ പുരുഷൻ എന്ന വ്യത്യാസം ഒന്നും വേണ്ട. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്നും തോന്നുന്നില്ല. സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ  അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുന്നത് പാപമോ അപരാധമോ ഒന്നുമല്ല; പക്ഷെ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിക്കുന്ന പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല എന്ന് മാത്രം. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് വളരെ ആവശ്യമായി വരുന്നത്. 

അങ്ങുമിങ്ങും എത്താത്ത, വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ ചെറു കാറ്റിൽപ്പോലും ഉയർന്നു പൊങ്ങുമ്പോഴും, ശരീരത്തോട് ഇറുകിച്ചേർന്ന വസ്ത്രങ്ങളിലൂടെയും തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും ക്യാമറക്കണ്ണുകൾക്കും ഇരയാകുന്നുണ്ട്‌ എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നു. ഈപ്പറഞ്ഞതിന്റെ സത്യാവസ്ഥ  ഇന്റർ നെറ്റ് ബ്രൗസിങ്ങിൽ അത്യാവശ്യം പിടിപാടുള്ളവർക്ക് ഒരു മൗസ് ക്ലിക്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നത് സത്യം തന്നെയാണ്. തൊടാൻ പോയിട്ട്  പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ലെന്നതും പച്ച പരമാർത്ഥവുമാണ്. പക്ഷെ ഇതൊക്കെ സാമാന്യം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കല്ലെ ഗ്രഹിക്കാനാവൂ; മാലാഖമാരും മാന്യന്മാരും മാത്രമല്ലല്ലോ സമൂഹത്തിൽ ഉള്ളത്; ഗോവിന്ദച്ചാമിമാരും അമീറുൽ ഇസ്‌ലാംമാരും സുലഭമാണ് എന്ന് കൂടി ഓർക്കേണ്ടതുണ്ട്. പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ കാത്തിരിക്കുന്ന അപകടങ്ങളെ പറ്റി നമ്മുടെ സ്ത്രീകൾ ബോധവതികളാകുന്നത് നല്ലതാണ്.

സ്ത്രീകള്‍ക്കെതിരായ അക്രമം കൂടിയ തോതിൽ പുറത്തു വരുന്ന അവസരങ്ങളിൽ എല്ലാം തന്നെ, വസ്ത്രധാരണ രീതിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നത് കേൾക്കാം. എന്നാല്‍ “ഞങ്ങളുടെ വസ്ത്രങ്ങളെപ്പറ്റി പറയാതെ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ" എന്നുള്ള പ്രതിരോധങ്ങളും പ്രതിഷേധ സ്വരങ്ങളും പരക്കെ ഉയരാറുണ്ട്. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക്‌ നേരെയും അതിക്രമം നടക്കുന്നില്ലേ എന്ന ചോദ്യവും കേൾക്കാറുണ്ട്. എന്നാൽ; ലൈംഗിക ശാസ്ത്രപരമായി സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വൈകാരിക പ്രവർത്തനങ്ങൾ വളരെ വ്യത്യസ്തമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ അടിവരയിട്ടു പറയുന്നുണ്ട്. മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞു മുതൽ എണീറ്റ്‌ നില്ക്കാൻ ത്രാണിയില്ലാത്ത വൃദ്ധയെ വരെ; മൃഗങ്ങളെ മുതൽ മോർച്ചറിയിൽ നിന്നും കല്ലറയിൽ നിന്നും എടുക്കുന്ന ശവശരീരത്തെ വരെ കാമപൂർത്തിക്കായുപയോഗിക്കുന്ന പുരുഷൻ എന്ന ജന്തുവിനെ വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടി സമീപിക്കുന്നതാണ് സാമാന്യ ബുദ്ധി. കഠിന തപസ്സിലൂടെ ഇന്ദ്രിയനിഗ്രഹം സാധിച്ച, വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ പരാശരമുനി പോലും മൽസ്യഗന്ധി എന്ന കടത്തുകാരിയുടെ മേനിയഴകിൽ മയങ്ങി ലൈംഗിക വികാരത്തിനു അടിപ്പെട്ട കാര്യം പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും, പെണ്ണിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയം തന്നെയാണ്. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ അവരുടെ കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നു. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അവർ ഈ നോട്ടം നേരിടാനാവാതെ ചൂളിച്ചുരുങ്ങുന്നു. എന്നാൽ, തന്റെ അഴകളവുകൾ പുരുഷന്‍ കാണണമെന്നും കണ്ട് ആസ്വദിക്കണമെന്നും കരുതുന്ന, ഈ നയനഭോഗം ആസ്വദിക്കുന്ന ഒരു ചെറിയ വിഭാഗവും കാണുമായിരിക്കാം. 

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ തേടുന്ന പുരുഷന്റെ ആർത്തിക്കണ്ണുകളെയും ഇവരുടെ ദർശനപാത്രങ്ങളാവാൻ ഒരുമ്പെട്ടിറങ്ങുന്ന ചില തരുണീ മണികളുടെ സന്നദ്ധതയുമാണ്‌ സിനിമ, സീരിയൽ, പരസ്യം, മോഡലിംഗ് തുടങ്ങി ഒട്ടനവധി വ്യവസായങ്ങളുടെ നില നില്പ്പ്. പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയുടെ ശരീരമെന്ന്  സ്ത്രീകൾ സ്വയം പ്രഖ്യാപിച്ചു നടക്കുന്നിടത്തോളം സ്ത്രീയായി പിറന്ന ഒരാൾക്കും വിമോചനം ഉണ്ടാവില്ല. പുരുഷന്റെ ആസക്തികളെ തൃപ്തിപ്പെടുത്താൻ വിവസ്ത്രയാവുകയും അൽപ വസ്ത്ര ധാരിണിയാവുകയും ചെയ്യുന്ന സ്ത്രീ വിമോചിതയാവുന്നതിനു പകരം അവന്റെ അടിമ ആവുകയാണെന്നാണെന്റെ തോന്നൽ. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രൊഫഷണൽ മോഡലുകളുടെ വെളുത്തു കൊലുന്നനെയുള്ള കാലുകളുടെയും മറ്റു അഴകളവുകളുടെയും ആകാരവടിവിൽ ഭംഗിയോടെ ചേർന്നിരിക്കുന്ന ലെഗിൻസും ടൈറ്റ് ജീൻസും ടീ ഷർട്ടും കണ്ട് അതിനെ അനുകരിക്കാൻ തോന്നുന്നതിൽ നമ്മുടെ സഹോദരിമാരെ  ഞാൻ തെറ്റ് പറയുന്നില്ല. അവർ ഇതെല്ലാം അണിഞ്ഞു പാറി പറന്നു നടക്കുന്നത് ബൈക്കിലും പൊതുവാഹനങ്ങളിലും അല്ല. മിക്കവാറും എസ്കോർട്ടിന് ആളുകളുമായി സ്വകാര്യ വാഹനങ്ങളിൽ വന്ന് ആൾക്കൂട്ടത്തിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ വിരാജിക്കുന്ന അവരെ അനുകരിച്ച്‌, ബൈക്കിലും തിരക്കേറിയ പൊതു വാഹനങ്ങളിലും ആൾക്കൂട്ടങ്ങൾക്കിടയിലും പൊതു നിരത്തുകളിലും എക്സ്പോസ് ചെയ്യപ്പെടുമ്പോൾ ഇറുക്കമുള്ള വസ്ത്രങ്ങൾക്കപ്പുറത്തേക്ക് ആരെങ്കിലും തുറിച്ചു നോക്കിയാൽ അമർഷം കടിച്ചമർത്തി ഉള്ളിൽ തെറി വിളിച്ചിട്ട് കടന്നു പോകാം എന്നല്ലാതെ എന്താണ് നമ്മുടെ സഹോദരിമാർക്ക് ചെയ്യാനാവുക. 

പുരുഷന്റെ കണ്ണിനു ഇമ്പമാകാനോ അവനെ ആകർഷിക്കാനോ വേണ്ടി സ്വന്തം മേനി പ്രദർശിപ്പിക്കുന്നതിനു പകരം സ്വന്തം ഐഡന്റിറ്റി മനസ്സിലാക്കി, താന്‍ വെറുമൊരു ചരക്കല്ല, മറിച്ചു പുരുഷന് തുല്യമായ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന തിരിച്ചറിവിലേക്ക് സ്ത്രീ വളരുമ്പോൾ മാത്രമേ യഥാർത്ഥ സ്ത്രീ വിമോചനം സാധ്യമാവൂ എന്നാണ്‌ ഈയുള്ളവന്റെ എളിയ ചിന്ത.   


മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സംവാദ വിഷയങ്ങൾ ആണ്. സംവാദങ്ങൾ സാധാരണയായി സമവായത്തിൽ എത്താറും ഇല്ല. പിന്നെ ആകെ ഉരുത്തിരിയാറുള്ളത് ചില നീക്ക് പോക്കുകൾ മാത്രമാണ്... അതിലേക്കായി ചില നിർദേശങ്ങൾ... പുതിയ കാര്യം ഒന്നും അല്ല.... മുകളിൽ പറഞ്ഞതിൽ നിന്ന് ചിലത് അടിവരയിട്ടു പറയുന്നു എന്ന് മാത്രം...
  • സംസ്കാരത്തിനൊത്ത രീതിയിൽ മാന്യമായി വസ്ത്രം ധരിക്കണം എന്നത് പുരുഷന്മാര്‍ക്കും സ്ത്രീകൾക്കും ഒരു പോലെ ബാധകമാണ്.
  • ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് ധരിക്കാൻ പുരുഷനുള്ളത് പോലെ തന്നെ സ്ത്രീക്കും 101% സ്വാതന്ത്ര്യം ഉണ്ട്.
  • ഒരു സ്ത്രീ, അർദ്ധനഗ്നയോ പരിപൂർണ്ണ നഗ്നയോ ആയി പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ തൊടാൻ പോയിട്ട്  ഒന്ന് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ല.
  • തങ്ങളുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ വായിനോക്കികൾക്ക് നോക്കി ഒലിപ്പിക്കാനുള്ളതല്ല  എന്ന  തിരിച്ചറിവ് ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ സഹോദരിമാർക്കാണ്.
  • ഏത് സാഹചര്യത്തിലാണെങ്കിലും ബാലാൽസംഗം, സ്ത്രീപീഡനം മുതലായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവന് ഒട്ടും തന്നെ കാലതാമസമില്ലാതെ പരമാവധി ശിക്ഷ നിർദാഷണ്യം നല്കാൻ ഈ നാട്ടിലെ നിയമങ്ങൾക്ക് ശക്തിയും വേഗതയും ഉണ്ടാകണം. വധശിക്ഷ ചെറിയ ശിക്ഷയായിട്ടാണ് തോന്നുന്നത്; ഇളവുകളില്ലാത്ത ജീവപര്യന്ത ജയിൽവാസം, ഉപകരണ ഛേദനം ഒക്കെ തന്നെയാണ് ഉത്തമശിക്ഷകൾ എന്ന് തോന്നുന്നു.

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 11 May 2017

അവൾക്ക് അഴിച്ചു മാറ്റേണ്ടി വന്നത് ബ്രാ മാത്രമല്ലായിരുന്നു; ആത്മാഭിമാനം കൂടിയായിരുന്നു…..

സിബിഎസ്ഇയുടെ മേൽനോട്ടത്തിൽ നടന്ന മെഡിക്കല്‍ പ്രവേശന ദേശീയ പൊതു പ്രവേശനപരീക്ഷ (നീറ്റ്) എഴുതാൻ വന്ന വിദ്യാര്‍ത്ഥിനികളെ പരീക്ഷാചട്ടങ്ങളുടെ കർശനമായ നടപ്പാക്കൽ വഴി അപമാനിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ഈ ദിനങ്ങളിലെ ചൂട് പിടിച്ച ചർച്ചാവിഷയം. അഖിലേന്ത്യ തലത്തിൽ നോക്കുമ്പോൾ ഒറ്റപ്പെട്ടതെന്ന് പറയാവുന്ന സംഭവങ്ങൾ ഉണ്ടായത് കണ്ണൂർ മേഖലയിലാണ്. ഡോക്ടറാവാന്‍ മോഹിച്ച് പരീക്ഷ എഴുതാന്‍ വന്ന പെൺകുട്ടികളിൽ ചിലരുടെ ജീന്‍സുകളും പാൻറ്സുകളും ഊരി മാറ്റിച്ചു; മുഴുക്കൈ ഉടുപ്പുകളിട്ടു വന്ന പെൺകുട്ടികളുടെ ഉടുപ്പിന്റെ കൈ മുറിച്ചു; പാന്റിന്റെയും ജീൻസിന്റെയും ബട്ടണുകളും കീശകളും മുറിച്ചു കളഞ്ഞു; ഒരു വിദ്യാർത്ഥിനിക്ക് അവൾ ഇട്ടിരുന്ന അടിവസ്ത്രം അഴിച്ചു കൊണ്ട് പോയി അവളുടെ അമ്മയെ ഏൽപ്പിച്ചിട്ട് പരീക്ഷക്കിരിക്കേണ്ട ഗതികേടുണ്ടായി.....ആരോപണങ്ങൾ നിരവധിയാണ്. പരീക്ഷാ നടത്തിപ്പ് കേന്ദ്ര ഏജൻസി ആയതു കൊണ്ട് കേന്ദ്രഭരണത്തെ എതിർക്കുന്നവരും സംഭവങ്ങൾ ഉണ്ടായത് കേരളത്തിൽ, വിശിഷ്യാ കണ്ണൂർ ആയതുകൊണ്ട് ഇടത് വിരോധികളും അവരവർക്ക് വേണ്ട നിറം നൽകി സംഭവങ്ങളെ ഊതിവീർപ്പിച്ച് വിവാദമാക്കി. നീറ്റ് പരീക്ഷാ സംവിധാനം വരുന്നതിന് മുൻപ് അഡ്മിഷൻ വിറ്റും പ്രവേശന പരീക്ഷാചോദ്യങ്ങൾ ചോർത്തി വിറ്റും കോടികൾ സമ്പാദിച്ചിരുന്ന സ്ഥാപിത താൽപ്പര്യക്കാരാണ് സംഭവങ്ങളെ ഇത്രക്ക് പെരുപ്പിച്ചു വിവാദമാക്കിയതെന്ന ആരോപണവും നിലവിലുണ്ട്. സംഭവങ്ങളെ വര്‍ഗീയവത്കരിക്കാനും സമുദായവൽക്കരിക്കാനുമുള്ള ദുർബലശ്രമങ്ങളും ഇവിടെ ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ കേസെടുത്തു; സംസ്ഥാന ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി; മുഖ്യമന്ത്രിയടക്കം പ്രമുഖർ സംഭവത്തെ അപലപിച്ചു; നാല് പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് അധ്യാപകർ സസ്‌പെൻഷനും കൈപ്പറ്റി. ഇവിടെ തെറ്റ് പൂർണ്ണമായും ആരുടെ പക്ഷത്താണ് എന്ന് കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. 

സി ബി എസ് ഇ അധികൃതരുടെ ഭാഷ്യമനുസരിച്ച്, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ നിബന്ധകള്‍ ആണ് വരുന്നത്. അത് വായിച്ച് മനസിലാക്കി എന്ന ധാരണയിൽ AGREE ബട്ടൺ ക്ലിക്ക് ചെയ്ത ശേഷമായിരിക്കണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ടാകുക. ഗൈഡ്‌ലൈൻ അനുസരിച്ച് ഒരു തരത്തിലുമുള്ള ലോഹഭാഗങ്ങളും പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് പരീക്ഷാർത്ഥികൾ അറിഞ്ഞിരിക്കണം. അത് പോലെ തന്നെ, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍, ശിരോവസ്ത്രം, ആഭരണങ്ങള്‍, പാന്റ്‌സ്, ഷൂ, വലിയ ബട്ടൻസ് എന്നിവ ധരിക്കരുതെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. അനുവദനീയമായ, മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടക്കുമ്പോൾ ബീപ്പ് ശബ്ദം കേട്ടാല്‍ അത് അവഗണിക്കാൻ പരീക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുകയുമില്ല. 

നിർദ്ദേശങ്ങളും നിയമങ്ങളും ഇങ്ങനെയൊക്കെയാണെന്നിരിക്കെ എന്ത് കൊണ്ടാണ് ഇത്ര കർശന നിയന്ത്രണം ഈ പരീക്ഷയിൽ വന്നതെന്ന് കൂടി ഓർക്കേണ്ടതുണ്ട്. മുൻകാലഘട്ടങ്ങളിൽ ഉടുപ്പിന്റെ നീണ്ട കൈക്കുള്ളിലും സോക്‌സിലും പോക്കറ്റിലും ഒക്കെ തുണ്ട് വച്ച് കോപ്പിയടിച്ചത് കണ്ടു പിടിക്കപ്പെട്ടതോടെയാണ് ഇവക്കെല്ലാം നിയന്ത്രണം കൊണ്ട് വന്നത്. ഇലക്ട്രോണിക്ക് സാങ്കേതികവിദ്യയുടെ സാധ്യതകൾ അതിരില്ലാത്തതായതോടെ ഏറെക്കുറെ അദൃശ്യമെന്നു തന്നെ പറയാവുന്ന തരത്തിൽ ചെറുതും വിവിധ ആകൃതികളിലും ഉള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വലിയ പണച്ചിലവില്ലാതെ ലഭ്യമാകുന്ന അവസ്ഥ പരീക്ഷാ നടത്തിപ്പുകളുടെ സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും വലിയ ഭീഷണിയാണ്. ബട്ടൻസ്, പേന, വാച്ച്, കാൽക്കുലേറ്റർ, ഷാർപ്പ്നർ, ഹെയർ ക്ലിപ്പ്, ആഭരണങ്ങൾ തുടങ്ങി നൂതനമായ രൂപത്തിലും ഭാവത്തിലും നിറങ്ങളിലും ഇത് സുലഭമാണ്. പല ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിലും ഇത്തരം ഉപകരണങ്ങളുടെ ഉപയോഗമായിത്തന്നെ പറഞ്ഞിരിക്കുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ സഹായകമാണെന്ന നിലയിലാണ്. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള കർശനപരിശോധനകൾ കൊണ്ട് വരാൻ അധികൃതർ നിർബന്ധിതർ ആയത്. 

നീറ്റ് പരീക്ഷ മാത്രമല്ല; ഏത് പൊതുപരീക്ഷയുടെയും നടത്തിപ്പ് കുറ്റമറ്റതാവേണ്ടതുണ്ട്. നാളെ ഡോക്റ്ററായും എഞ്ചിനീയറായും മറ്റു പ്രൊഫഷണലുകളായും സർക്കാർ ഉദ്യോഗസ്ഥരായും മറ്റും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികൾ ആവേണ്ടവരാണ് പൊതുപരീക്ഷകൾ എഴുതുന്നത്. അല്ലെങ്കിൽ, രാജ്യത്തിന്റെ ഐഡന്റിറ്റിയും പേറി മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യേണ്ടവർ ആണവർ. അത് കൊണ്ട് തന്നെ പൊതുപരീക്ഷകളുടെ കടമ്പ അനർഹർ നിയമ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ചാടിക്കടക്കുന്നത് പരമാവധി തടയേണ്ടതുണ്ട്. അതിനാൽ തന്നെ നിയമങ്ങളും അത് നടപ്പാക്കാനുള്ള സംവിധാനങ്ങളും കർശനവും പഴുതില്ലാത്തതും ആവണം എന്നതിൽ തർക്കമില്ല.   

പക്ഷെ, ഇത് പറയുമ്പോൾ തന്നെ പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കർശന മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നവരും അത് നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും മനുഷ്യത്വവും സാമാന്യയുക്തിയും നഷ്ടപ്പെടുത്തിക്കൊണ്ടാകരുത് പ്രായോഗികതലത്തിൽ പെരുമാറേണ്ടത്. അവിടെ സാമാന്യമാനുഷിക നീതി ഉറപ്പാക്കുന്ന തരത്തിൽ നിയമത്തിനകത്ത് നിന്ന് പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്. നീറ്റ് പരീക്ഷ എന്നല്ല, ഏതൊരു പരീക്ഷയിലും പരീക്ഷാർത്ഥിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും സംരക്ഷിച്ചു നിർത്താൻ ഉത്തരവാദിത്തപ്പെട്ട ഏതൊരു വ്യക്തിക്കും കടമയുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട സ്വാഭാവികമായ പിരിമുറുക്കങ്ങൾക്ക് പുറമെ അനുഭവിക്കേണ്ടി വരുന്ന അപ്രതീക്ഷിതമായ ഇത്തരം പിരിമുറുക്കങ്ങൾ കൂടി സഹിച്ചു കൊണ്ട് ഏതു വിദ്യാർത്ഥിക്കാണ് സമചിത്തതയോടു കൂടി ഒരു മത്സരപരീക്ഷ എഴുതി വിജയിക്കാനാവുക. സാങ്കേതികവിദ്യ അഭൂതപൂർവ്വമായ പുരോഗതി നേടിയ ഇക്കാലത്ത് പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ സാങ്കേതിക വിദ്യകളെക്കൂടി ഉപയോഗപ്പെടുത്താനാവണം. "ജാമർ" പോലെയുള്ള ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാൻ സാധിക്കും. ക്യാമറകളുടെ സാന്നിധ്യം അറിയാനുള്ള ഡിറ്റക്ടറുകളും ലഭ്യമാണ്. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. ശരീരപരിശോധന നടത്താൻ സുരക്ഷിതമായ ഇടങ്ങൾ ഉള്ള കേന്ദ്രങ്ങളേ പരീക്ഷാനടത്തിപ്പിന് തിരഞ്ഞെടുക്കാനും പാടുള്ളൂ.  

ഇപ്പോൾ നടന്ന സംഭവങ്ങളിൽപ്പോലും മനുഷ്യത്വപരമായ സമീപനങ്ങൾ ഇല്ല എന്ന് പൂർണ്ണമായും പറഞ്ഞു കൂടാ. കൈനീളമുള്ള വസ്ത്രം ഡിസ്ക്വാളിഫിക്കേഷൻ ആണെന്നിരിക്കെ അതിന്റെ കൈ മുറിച്ചു മാറ്റി പരീക്ഷ എഴുതാൻ അനുവദിച്ചതിനെ മനുഷ്യത്വപരമായി കാണാനാണ് എനിക്കിഷ്ടം. ബട്ടണുകളുടെ കാര്യത്തിൽ അവയിൽ ക്യാമറയോ തുണ്ടുകടലാസുകളോ ഇല്ല എന്നുറപ്പാക്കി അവരെ പരീക്ഷക്ക് പ്രവേശിപ്പിക്കാം എന്ന കുറച്ച് തർക്കസാധ്യതയുള്ള പോംവഴിയും ഉണ്ടായിരുന്നു. പക്ഷെ, അടിവസ്ത്രത്തിന്റെ മെറ്റൽ ഹുക്ക് കാരണം മെറ്റൽ ഡിറ്റക്റ്റർ ബീപ്പ് ചെയ്ത ഉടനെ അടിവസ്ത്രം ഉപേക്ഷിച്ചു പരീക്ഷ എഴുതണം എന്ന കാർക്കശ്യം തീർത്തും നീതികേടും മനുഷ്യത്വരഹിതവും ആയിപ്പോയി. നിയമത്തിന്റെ കാർക്കശ്യം അടിവസ്ത്രത്തിന്റെ കൊളുത്തിനോട്‌ കാണിച്ചപ്പോൾ അവൾക്ക്‌  അഴിച്ചു പുറത്തു വയ്‌ക്കേണ്ടി വന്നത് വെറും അടിവസ്ത്രം മാത്രമായിരുന്നില്ല; അവളുടെ ആത്മാഭിമാനവും ആത്മ വിശ്വാസവും ആയിരുന്നു എന്നോർക്കണം. അത്‌ ചെയ്യിപ്പിച്ചത് സ്ത്രീകൾ ആണെന്നോർക്കുമ്പോൾ അരിശം കൂടുന്നു. ജീരകം തോട് കളഞ്ഞു കാമ്പെടുക്കുന്ന സൂക്ഷ്മതയിൽ നിയമം പാലിക്കാൻ വ്യഗ്രതപ്പെടേണ്ട കാര്യമായിരുന്നു അതെന്ന് സാമാന്യബുദ്ധിയുള്ള ആരും ചിന്തിക്കാൻ ഇടയില്ല. മാത്രവുമല്ല, പത്തു ലക്ഷത്തിനു മേൽ പേർ എഴുതിയ ഈ പരീക്ഷയിൽ കണ്ണൂരിലെ നാലും മൂന്നും ഏഴ് കുട്ടികളേ ഇത്തരം "നിയമലംഘനങ്ങൾ" നടത്തിയുള്ളൂ എന്ന് പറയുമ്പോൾ അത് വിശ്വസിക്കാൻ എന്റെ യുക്തി അനുവദിക്കുന്നില്ല. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക
അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 2 May 2017

ജനാധിപത്യകാലത്തെ ഫ്യൂഡൽ മാടമ്പികൾ....

ചങ്ങനാശ്ശേരിയിൽ മണിക്കൂറുകൾ വഴിമുടക്കിയ ഘോഷയാത്രക്കെതിരെ പ്രതികരിച്ച ഗര്‍ഭിണിയായ വനിതാ ഡോക്ടറുടെ ഞെട്ടിക്കുന്ന അനുഭവം വായിച്ചു....കഷ്ടം !!! ( https://goo.gl/2MJzmc )

കുറച്ചു നാളുകൾക്ക് മുൻപ്, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ബൈപ്പാസ് റോഡില്‍ സിഗ്നല്‍ ലൈറ്റുകള്‍ അണച്ച് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ ഉണ്ടായ വാഹനാപകടത്തിൽ ഒരാള്‍ക്ക് പരിക്ക് പറ്റി. ചേരമാന്‍ ജുമാ മസ്ജിദിന് പടിഞ്ഞാറുഭാഗത്തുള്ള സിഗ്നല്‍ പോസ്റ്റില്‍ വച്ചാണ് കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബൈപ്പാസ് റോഡിലൂടെ കടന്നുപോകുന്നതിന് സിഗ്നല്‍ തടസ്സമാകാതിരിക്കുന്നതിനാണ് 10.30 ഓടെ സിഗ്നല്‍ ഓഫാക്കി ഗതാഗതനിയന്ത്രണം പോലീസ് ഏറ്റെടുത്തത്. എന്നാല്‍, സിഗ്നല്‍ ഇല്ലാതായതോടെ വാഹനങ്ങള്‍ പോലീസ് നിയന്ത്രണം ഗൗനിക്കാതെ തലങ്ങും വിലങ്ങും പായുന്നതിനിടയിലാണ് അപകടം.

കായംകുളത്ത് ദേശീയപാതയില്‍, മന്ത്രി കെ.ബാബുവിന്റെ ഔദ്യോഗിക വാഹനം, ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ചീറിപ്പാഞ്ഞു പോയതിനെ വിമർശിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായിരുന്നു.  സിഗ്നല്‍ ലൈറ്റ് തെളിയുന്നതിന് മുന്‍പ് ക്യൂവില്‍ കിടന്ന മറ്റ് വാഹനങ്ങള്‍ മറികടന്ന് മന്ത്രിയുടെ കാര്‍ കടന്നുപോകാനായി മുന്നോട്ട് നീങ്ങി. ഹോണടിച്ചിട്ടും മുന്നില്‍ ബൈക്കില്‍ നിന്നിരുന്ന യുവാവ് മാറാന്‍ തയ്യാറായില്ല. മന്ത്രിയുടെ വാഹനത്തിന് നിയമം ബാധകമല്ലേ എന്ന് യുവാവ് ചോദിക്കുകയും ചെയ്തു. എന്നിട്ടും സിഗ്നല്‍ ലഭിക്കും മുന്‍പ് കടന്നുപോയ മന്ത്രിയുടെ ഗണ്‍മാന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കായംകുളം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി യുവാവിനെ കസ്‌ററഡിയിലെടുത്തു. മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തി ഡ്രൈവറെ അസഭ്യം പറഞ്ഞെന്നാരോപിച്ചാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. മന്ത്രിയുടെ കാര്‍ പോയതിന് പിന്നാലെ പോലീസ് സിഗ്നല്‍ ലൈറ്റ് ഓഫാക്കിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. അകാരണമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാതെ തന്നെ രാത്രിയില്‍ യുവാവിനെ വിട്ടയച്ച് പോലീസ് തല കഴുത്തിലാക്കി. 


"അതിവേഗം ബഹുദൂരം" മന്ത്രമാക്കിയ  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അകമ്പടി വാഹനങ്ങള്‍ക്കും കടന്നു പോകാൻ വേണ്ടി പോലീസ്, കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ആംബുലൻസ് തടഞ്ഞു നിർത്തിയതിന്റെ വാർത്ത വായിച്ചതും അതിന്റെ ദൃശ്യങ്ങൾ കേരളം കണ്ടതും കഴിഞ്ഞ വർഷം അവസാനത്തിലാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഈ ലിങ്കിൽ ലഭ്യമാണ് ==> https://www.youtube.com/watch?v=JfcI2ETPodQ

ജനാധിപത്യ വ്യവസ്ഥിതിയിൽ പൗരനാണ്‌ എല്ലാം. മന്ത്രിയും എം.എൽ.എ യും എം.പി. യും മറ്റു ജനപ്രതിനിധികളും എല്ലാം ഈ പൗരന്റെ നിർവചനത്തിൽ പെടും. സഞ്ചാര സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെ ലഭിക്കേണ്ടതാണ്. ഭരണ ഘടന അനുശാസിക്കുന്ന ജന പ്രതിനിധിയുടെ പ്രിവിലേജ് റോഡ്‌ യാത്രകളിൽ ഇല്ലെന്നാണ് വിശ്വാസം. റോഡ് സുരക്ഷയുടെ കാര്യത്തില്‍ നിയമ നിർമ്മാതാക്കളും നിയമസംരക്ഷകരും മാതൃക കാട്ടേണ്ടവരുമെല്ലാം അത് നിരന്തരം ലംഘിക്കുകയാണെന്ന് ഇവിടെ റോഡിലിറങ്ങി നടക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേ  ഉള്ളൂ.  മന്ത്രിമാരുടെയും വി ഐ പികളുടെയും മരണപ്പാച്ചില്‍ അവസാനിപ്പിക്കേണ്ടതാണെന്ന്  അവർക്കൊഴികെ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. നിലവിലുള്ള നിയമപ്രകാരം അവർക്കും നമുക്കും സ്പീഡ് ലിമിറ്റ് ഒന്നാണ്; എന്നിരുന്നാലും അവരുടെ സ്പീഡ് ചെക്ക് ചെയ്യാനോ നടപടിയെടുക്കാനോ ആരാണ് ധൈര്യപ്പെടുക ? പൈലറ്റിന്റെയും എസ്കോർട്ടിന്റെയും അകമ്പടിയിലും സുരക്ഷിതത്വത്തിലും ശരവേഗത്തിൽ പായുന്ന വി ഐ പി വാഹനങ്ങൾ ഇടിച്ചു മരണത്തിലേക്കും മരണ തുല്യമായ ജീവിതത്തിലേക്കും വീണു പോകുന്നവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടെ ആർക്കും ബാധ്യതയില്ലേ ? പൈലറ്റ്‌ വാഹനത്തിനു പിറകെ പറപ്പിച്ച് ഓടുന്ന വി ഐ പി  വാഹനത്തിനു മുമ്പില്‍പ്പെട്ട് സഡന്‍ബ്രേക്ക് ഇട്ട് അപകടം പറ്റുന്ന എത്രയോ വാഹനങ്ങൾ...അകമ്പടി വാഹനങ്ങളിൽ ഇരുന്നു കൊണ്ട് പൗരനെ തെറിയും മറ്റു അസഭ്യങ്ങളും വിളിക്കുന്ന നീതി പാലകർ...

2013 ഡിസംബറിൽ "പ്രീയപെട്ട ഋഷിരാജ് സിംഗ് അറിയുന്നതിനു…" എന്ന പേരിൽ നോബിൾ കുര്യൻ എന്നൊരു വ്യക്തി ഇട്ട ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്കാണ് താഴെ. അതിൽ വി ഐ പി വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതിനു ശേഷവും എത്രയോ അപകടങ്ങൾ നടന്നിരിക്കുന്നു എന്നതിന് ഒരു കണക്കുമില്ല. 


വി ഐ പി വാഹനങ്ങളുടെ മരണപ്പാച്ചിൽ, പൊതുജനം റോഡിൽ അനുഭവിക്കുന്ന, ഒരു പ്രശ്നം മാത്രമാണ്. മത രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ നടത്തപ്പെടുന്ന പ്രകടനങ്ങൾ, ജാഥകൾ, വഴി തടയൽ സമരങ്ങൾ, ബന്ദ്, ഹർത്താൽ, സമ്മേളനങ്ങൾ, പൊതു യോഗങ്ങൾ, റാലികൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, നോവേനകൾ, ദീപാരാധന എന്ന് വേണ്ട സകല പരിപാടികളും ജനങ്ങളെ മണിക്കൂറുകളോളം ബന്ദിയാക്കി കൊണ്ട് നടത്തുമ്പോൾ ഇതിന്റെ നടത്തിപ്പുകാർക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എത്ര സമയം റോഡ്‌ ബ്ലോക്ക് ആക്കി; എത്ര സമയം ജനത്തെ പെരുവഴിയിലാക്കി തുടങ്ങിയ അളവ് കോൽ ഉപയോഗിച്ചാണ് ഈ വക പരിപാടികളുടെ വിജയം നിശ്ചയിക്കപ്പെടുന്നത് എന്ന് തോന്നും. ജനങ്ങളെ പൊതുനിരത്തുകളില്‍ തടഞ്ഞിട്ട് ബന്ദികളാക്കി, പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴും, ധൂര്‍ത്തിന്റെയും അഹന്തയുടെയും ഉന്മാദ ലഹരികളുടെയും റോഡിലെ ആഘോഷങ്ങൾ പൊതുജനത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇത്ര കണ്ടു അവഗണിക്കാനും തടയാനും പീഡിപ്പിക്കാനും മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് ആരാണ് അധികാരം നല്‍കിയത് ? ഇത്തരം നഗ്നമായ നിയമലംഘനങ്ങൾക്ക്‌ ജില്ലാ കളക്ടറും പോലീസ് മേധാവികളും അടക്കം ഉത്തരവാദിത്തപ്പെട്ടവർ ചൂട്ടു കാട്ടുക മാത്രമാണ് ചെയ്യാറുള്ളത്. പൊതു ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളവും അടുത്തൂണും പറ്റുന്ന ഈ പബ്ലിക് സെർവന്റ്സ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്? മുന്നോട്ടോ പുറകോട്ടോ ചലിക്കാനാകാതെ വാഹനങ്ങള്‍ വഴികളില്‍ തിങ്ങി നിറയുമ്പോൾ, പാവം വഴി യാത്രക്കാർ ബന്ദികളും ഇരകളും ആവുമ്പോൾ, ക്രമസമാധാനപാലകരും അധികാരികളും പൊതുവെ വേട്ടക്കാരോടോപ്പമാണ് നില കൊള്ളാറുള്ളത്. മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് രാഷ്ട്രീയാധികാരത്തിലും പോലീസ് മേധാവികളിലുമുള്ള അമിതമായ സ്വാധീനത്തെയും അവരോടുള്ള കറ തീർന്ന അടിമത്ത-വിധേയത്വത്തെയും കുറിച്ച് ജനങ്ങൾക്ക്‌ നല്ല അവബോധം ഉണ്ട്. നിങ്ങൾ ഇതെല്ലാം ചെയ്തു കൂട്ടുമ്പോൾ ആരും നിങ്ങളെ ആരാധിക്കുകയോ നെഞ്ചിലേറ്റുകയോ ഒന്നും അല്ല ചെയ്യുന്നത്. നിങ്ങൾ കാണിക്കുന്ന നെറികേടിനെതിരെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഉള്ളിൽ നിരാശയും ക്ഷോഭവും നിറഞ്ഞ്, നിങ്ങളെയും നിങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ പ്രിയപ്പെട്ടവരേയും ചേർത്ത് തെറികളും ശാപവാക്കുകളും അശ്ലീല പദപ്രയോഗങ്ങളും നടത്തുകയാണ്. ഓരോ വണ്ടികളിലും ബന്ദികൾ ആക്കപ്പെടുന്നത് ചുമ്മാ വിനോദ സഞ്ചാരത്തിനിറങ്ങുന്നവരോ വഴിയോരക്കാഴ്ചകൾ കണ്ടു രസിക്കാനിറങ്ങുന്നവരോ അല്ല; മറിച്ചു് ജോലിക്കും പഠിക്കാനും ചികിത്സക്കും വേണ്ടി പോകുന്ന ആബാലവൃദ്ധം ജനങ്ങള്‍, ജോലികഴിഞ്ഞ് വീടണയാന്‍ തത്രപ്പെടുന്നവർ, ദൂര യാത്ര ചെയ്യുന്നവർ, ചരക്കുവണ്ടികള്‍, ആംബുലൻസുകൾ, ഫയർ എൻജിനുകൾ..... 

എണ്ണിയെടുക്കാവുന്നതല്ല; അവരുടെ തിരക്കുകളും യാത്രാ ലക്ഷ്യങ്ങളും...

ഇത്തരം ജനദ്രോഹ പരിപാടികളുടെ കുഴലൂത്തുകാരിൽ, കരുണ, സഹാനുഭൂതി, മനുഷ്യത്വം മുതലായ അടിസ്ഥാന വികാരങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍, ദയവു ചെയ്തു പൊതു ജനത്തെ ദ്രോഹിക്കരുത്. ജാതി, മതം, രാഷ്ട്രീയം, സമുദായം...എന്തിന്റെ പേരിലായാലും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരവും, അതിന് കാരണക്കാര്‍ ശിക്ഷാര്‍ഹരുമാണ്. പൌരന്, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലീകാവകാശങ്ങളും  സുരക്ഷിതത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന ഭരണാധികാരികളും നിയമപാലകരും മറ്റു സംവിധാനങ്ങളും ജനദ്രോഹപരമായ നടപടികള്‍ക്ക് അകമ്പടി സേവിക്കുന്നതും അംഗീകാരവും നേതൃത്വവും നല്‍കുന്നതും കടുത്ത ഭരണഘടനാ ലംഘനവും അധികാര ദുര്‍വ്വിനിയോഗവുമായി കാണേണ്ടിയിരി്ക്കുന്നു.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക