ഞാൻ വെറും പോഴൻ

Thursday 31 March 2016

ഡൽഹിയിൽ നിന്ന് പെരുമ്പാവൂരിലേക്കും നിന്റെ വീട്ടിലേക്കും ഉള്ള ദൂരം കുറയുന്നതെന്ത്‌ കൊണ്ട് ?

ഡൽഹി  ബലാത്സംഗം പോലെ ദേശീയ അന്തർദേശീയ തലത്തിൽ  പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. രാത്രിയിൽ സുഹൃത്തിനോടൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഓടുന്ന ബസ്സിൽ വെച്ച് ക്രൂരമായി ബലാൽസംഗം ചെയ്തിട്ട് മൃതപ്രായയാക്കി റോഡിൽ വലിച്ചെറിഞ്ഞ സംഭവം മുൻപെങ്ങുമില്ലാത്ത വിധം പൊതുസമൂഹം ചർച്ച ചെയ്യുകയും വൻ തോതിലുള്ള ജനകീയ പ്രക്ഷോഭത്തിന് തിരി കൊളുത്തുകയും ചെയ്തു. സത്യം പറഞ്ഞാൽ, ഈ സംഭവത്തിന്റെ മൈലേജിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ജനങ്ങൾക്കിടയിൽ വന്‍ സ്വാധീനം ഉണ്ടാക്കിയത് പോലും. ഇത്തരം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ചെകുത്താന്മാർക്കു വധശിക്ഷ തന്നെ കൊടുക്കാൻ പോന്ന അതിശക്തമായ നിയമം ഉണ്ടാക്കി ബലാൽസംഗക്കാരെ ഒക്കെ "ഇപ്പൊ ശരിയാക്കിത്തരാം" എന്ന് പറഞ്ഞിട്ട് ഒന്നും നടന്നു കണ്ടില്ല. വധശിക്ഷയ്ക്ക് പകരം ബലാത്സംഗവീരന്മാരുടെ 'പീഡന ഉപകരണം' മുറിച്ചു കളയണം എന്ന അഭിപ്രായം പോലും ചാനൽ ചർച്ചകളിൽ കേട്ടിരുന്നു. മരിച്ചു പോയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വരെ ഏതാണ്ടിതേ മട്ടിൽ പ്രതികരിച്ചിരുന്നു. എന്തായാലും, ഈ സംഭവത്തോടെ രാജ്യത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന ഓരോ സ്ത്രീയുടെയും പ്രതീകമായി "നിർഭയ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡൽഹി പെണ്‍കുട്ടി. 

ഡൽഹി സംഭവത്തോടെ ഇന്ത്യയിൽ ബലാത്സംഗം എന്ന ക്രൈമിനു വംശനാശം സംഭവിച്ചു പോകും എന്ന് പേടിച്ചവർക്ക് തുടർന്ന് വന്ന വാർത്തകൾ വലിയ ആശ്വാസമായി. ക്രൂരവും വ്യത്യസ്തവുമായ ബലാത്സംഗങ്ങൾ രാജ്യമൊട്ടാകെ നടന്നു. മറ്റെല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കി ഉത്തർപ്രദേശ്‌ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. രാജ്യത്തെ സ്ത്രീ സുരക്ഷ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വളരെയേറെ അപകടത്തിലാണെന്ന ചുവരെഴുത്താണ് വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി പോലും ഉണ്ടായിരുന്നു. വേട്ടക്കാരുടെ പട്ടികയിൽ രാഷ്ട്രീയക്കാർ, സമുദായ നേതാക്കൾ, സന്യാസിമാർ, പുരോഹിതർ, പട്ടാളക്കാർ, പോലീസുകാർ, അധ്യാപകർ, പ്രായപൂർത്തി തികയാത്ത പയ്യന്മാർ മുതൽ തെരുവ് തെണ്ടികൾ വരെ ഉണ്ടായിരുന്നു. അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, സഹോദരൻ, മകൻ തുടങ്ങി ആരെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക സുരക്ഷയിൽ ഊന്നിയ പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്.  ഈ സംഭവങ്ങള്‍ ഇവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. വൈകുന്ന വിചാരണകളും നിയമത്തിന്റെ പഴുതുകളും ആധുനികവല്ക്കരിക്കപ്പെടുന്ന ജയിൽ സൌകര്യങ്ങളും ഒക്കെ നല്കുന്ന സുഖജീവിതം ആസ്വദിച്ചു തിന്നു കൊഴുക്കുന്ന ഈ കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും നോക്കി പരസ്യമായി പല്ലിളിച്ചു കാണിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഇപ്പോൾ, വികസനത്തിന്റെയും കരുതലിന്റെയും സ്വന്തം  നാടെന്ന് മേനി നടിക്കുന്ന കേരളത്തിൽ ഡൽഹി സംഭവത്തെ കവച്ച് വയ്ക്കുന്ന ക്രൂര ബലാത്സംഗവും കൊലപാതകവും അരങ്ങേറിയിരിക്കുന്നു. നിർഭയ ചീന്തിയെറിയപ്പെട്ടത്‌ രാത്രിയിൽ തെരുവിൽ വച്ചാണെങ്കിൽ ഇവിടെ ഒരു അരപ്പട്ടിണിക്കാരി മാനം നഷ്ടപ്പെട്ട് മരിച്ചത് സ്വന്തം വീട്ടിൽ വച്ച് പട്ടാപ്പകൽ ആണെന്നോർക്കണം. ഈ പൈശാചിക കൃത്യം പുറം ലോകമറിഞ്ഞത് തന്നെ നാലഞ്ച് ദിവസങ്ങൾക്ക് ശേഷമാണെന്ന വസ്തുത എത്ര ഭീകരമാണ്. പോലീസും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും എല്ലാം വളരെ അവധാനതയോടെയാണീ സംഭവത്തെ കണ്ടതെന്ന യാഥാർത്ഥ്യം ഭീതിജനകമാണ്. ഈ വാര്‍ത്ത കേട്ട ഞെട്ടിത്തരിപ്പ് മാറുന്നതിനു മുന്‍പേയാണ് വര്‍ക്കലയില്‍ നിന്നും നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പീഡിപ്പക്കപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം.

എന്തുകൊണ്ടായിരിക്കും സ്ത്രീയുടെ അരക്ഷിതാവസ്ഥയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്ന് പെരുമ്പാവൂരിലേക്കും അവിടെ നിന്ന് എന്റെയും നിങ്ങളുടെയും വീടുകളിലേക്കുമുള്ള കേവലദൂരം അപകടകരമായ തോതിൽ കുറയുന്നത് ? 

നമ്മുടെ നിയമ-നീതി നിർവ്വഹണ-പാലന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും വേഗതയില്ലായ്മയും ഒരു കാരണമായെടുക്കാം. ഇത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവും വിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. 'പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നത് ?' എന്നാണ് ദൽഹി സംഭവം നടക്കുന്ന സമയത്തെ ദൽഹിയുടെ വനിതാ മുഖ്യമന്ത്രി ഷീല ദീക്ഷിത് ചോദിച്ചത്!!! 'പെണ്‍കുട്ടി മാന്യമായി വസ്ത്രം ധരിച്ചാൽ ആണ്‍കുട്ടികൾ അവളെ തെറ്റായ രീതിയിൽ നോക്കുമോ ?' എന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ  ലാൽ ഖട്ടർ ചോദിച്ചപ്പോൾ, 'സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് തന്നെ നിർഭയക്ക് സിനിമയ്ക്ക് പോകണമായിരുന്നോ? ശക്തി മിൽ കേസിലെ പെണ്‍കുട്ടി വൈകിട്ട് ആറിന് എന്തിന് അതു പോലൊരു സ്ഥലത്തു പോയി?' എന്നൊക്കെയാണ് എൻ.സി.പി. നേതാവ് ആഷ മിർജെ ചോദിച്ചത്. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടത് മുൻ കേന്ദ്രമന്ത്രിയും മുൻ യു പി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനും ആയ മുലായം സിംഗ് യാദവ് ആണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ,  തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. അന്ന്, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കിയിരുന്നു. ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍, പത്തു പുത്തനും  രാഷ്ട്രീയ പിന്‍ബലവും ഉള്ള ഏതു ഞരമ്പ്‌ രോഗിക്കും ആരോടും എന്ത് നെറികേടും കാണിക്കാം എന്ന അവസ്ഥയുള്ള നാട്ടില്‍, ആകെ ഉള്ള ചുള്ളിക്കമ്പ് പോലെ ദുർബ്ബലമായ നിയമങ്ങള്‍ കൂടി എടുത്ത് അടുപ്പില്‍ വച്ചാല്‍ എന്തായിരിക്കും ഇവിടത്തെ നിയമ വാഴ്ചയുടെ അവസ്ഥ. എന്തായാലും, ദൈവാനുഗ്രഹത്താലോ വോട്ടർമാരുടെ മനോ ഗുണത്താലോ ഇദ്ദേഹവും മുന്നണിയും തിരഞ്ഞെടുപ്പിൽ പച്ച തൊട്ടില്ല എന്നത് വലിയ ഒരാശ്വാസം തന്നെ ആണ്.  

മുലായംജിയുടെ പ്രസ്താവന ഉണ്ടാക്കിയ ഞെട്ടൽ മാറും മുൻപ്, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രമാണത്തെ സാർത്ഥകമാക്കിക്കൊണ്ട് മുലായംജിയുടെ വിശ്വസ്ത അനുയായിയും മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷനുമായ അബു അസ്മി മുലായംജിയുടെ പ്രസ്താവനയെക്കാള്‍ കടുത്ത ഒരു വിവാദ പ്രസ്താവനയുമായി എത്തിയത്. ബലാൽസംഗത്തിനിരയാകുന്നവരടക്കം വിവാഹേതര ലൈംഗിക ബന്ധം പുലർത്തുന്ന സ്ത്രീകളെ തൂക്കിക്കൊല്ലണമെന്നായിരുന്നു അസ്മിയുടെ ആവശ്യം. ബലാൽസംഗം കുറയ്ക്കാനുളള അതീവ നൂതന മാർഗമായാണ് അസ്മി ഈയൊരു നിർദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതപ്രകാരം ബലാൽസംഗത്തിനിരയാകുന്നവരും തൂക്കിക്കൊല്ലേണ്ട കുറ്റം ചെയ്തവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രേരണയോ അനുമതിയോ ഇല്ലാതെ ബലാല്‍സംഗം നടക്കില്ല എന്നാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ ഇവിടെ ഈ കുറ്റം ചെയ്യുന്ന പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന അരാജകത്വം ആണ് നിലനില്‍ക്കുന്നതെന്നും അസ്മി കണ്ടെത്തി. 'പരപുരുഷനുമായി സമ്മതിച്ചും അല്ലാതെയും നടത്തുന്ന ലൈംഗിക ബന്ധം ഇസ്ലാമിൽ വലിയ തെറ്റാണ്. അതിനാൽ ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീയും കുറ്റക്കാരിയാണ്. അവരും ശിക്ഷിക്കപ്പെടണം.' പക്ഷേ ഇന്ത്യയിൽ അതല്ല സ്ഥിതി എന്നുമായിരുന്നു അബു അസ്മിയുടെ നിരീക്ഷണങ്ങൾ. 

മുലായംജിയുടെ മകനും മോശമാക്കിയില്ല. ബദൗനിൽ രണ്ട് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു മാദ്ധ്യമ പ്രവർത്തകയോട് തട്ടിക്കയറിയത് ഇങ്ങനെയാണ് - ''നിങ്ങൾ സുരക്ഷിതയല്ലേ,​ പിന്നെന്തിന് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു !!??"

ന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിൽ, ദൽഹി കേസില്‍ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ് പറയുന്ന അഭിപ്രായങ്ങൾ ഡൽഹി സംഭവത്തെ വീണ്ടും പൊതു ചർച്ചയ്ക്കു വിധേയമാക്കിയിരുന്നു. "ഇന്ത്യാസ് ഡോട്ടര്‍" എന്നപേരില്‍ ലെസ്ലി ഉഡ്വിന്‍ ആണ് ഡോക്യുമെന്ററി ഒരുക്കിയത്. സംഭവസമയത്ത് ബസിന്റെ ഡ്രൈവറായിരുന്നു മുകേഷ് സിങ്. സംഭവത്തില്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കു തന്നെയാണെന്നായിരുന്നു മുകേഷിന്റെ അഭിപ്രായം. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതുമണിക്കുശേഷം പുറത്തിറങ്ങി നടക്കില്ലെന്നും പെണ്‍കുട്ടികളാണ് ബലാത്സംഗത്തില്‍ ആണുങ്ങളെക്കാള്‍ സംയമനം കാണിക്കേണ്ടതെന്നും അയാൾ പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും തുല്യരല്ല. രണ്ടുകൈയും മുട്ടാതെ ഒച്ചയുണ്ടാവില്ല. വീട്ടുജോലികളും വീടുനോക്കലുമാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. മോശം വസ്ത്രങ്ങള്‍ ധരിച്ച് രാത്രി ഡിസ്‌കോത്തെക്കുകളിലും ബാറുകളിലും കറങ്ങിനടക്കരുത്. ബലാത്സംഗം ചെയ്യണമെന്ന് നേരത്തേ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആകസ്മികമായി സംഭവിച്ചതാണ്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാഠം പഠിപ്പിക്കാനാണു മര്‍ദിച്ചത്. ചെറുത്തുനില്‍ക്കാനും ആക്രമിക്കാനും ശ്രമിച്ചതാണ് ഒപ്പമുണ്ടായിരുന്നവരെ പ്രകോപിപ്പിക്കാന്‍ കാരണമെന്നുമാണ് മുകേഷ് പറഞ്ഞത്. മുകേഷിന്റെ സഹോദരന്‍ രാംസിങ് കേസില്‍ വിചാരണനടക്കവെ തിഹാര്‍ ജയിലില്‍ ആത്മഹത്യചെയ്തിരുന്നു. നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തിൽ സമൂഹത്തിൽ കൂസലില്ലാതെ ജീവിക്കുന്നു. മറ്റ് പ്രതികൾ സർക്കാർ ചിലവിൽ ഉണ്ടുറങ്ങി സസുഖം ജയിലിൽ കഴിയുന്നു.

"ഇന്ത്യാസ് ഡോട്ടർ" ഡോക്യുമെന്ററിയിൽ മുകേഷ് സിങ്ങ് ഛർദ്ദിച്ച് വച്ച അറപ്പും വെറുപ്പും ഉളവാക്കുന്ന നീചവും നിന്ദ്യവും ആയ വാക്കുകളേക്കാൾ വിഷം പുരണ്ടാവയയിരുന്നു, ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ അഭിഭാഷകരായ എം.എൽ.ശർമ, എ.കെ. സിംഗ് എന്നിവരുടെ വാക്കുകൾ. 'നിങ്ങൾ മധുരപലഹാരങ്ങൾ വഴിയിൽ വിതറിയാൽ എന്താണ് സംഭവിക്കുക. തെരുവ് നായ്ക്കൾ വരികയും അവർ അത് ഭക്ഷിക്കുകയും ചെയ്യും. കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ മാതാപിതാക്കൾ എന്തിനാണ് രാത്രി ഒരു ആണിനൊപ്പം പുറത്ത് പോവാൻ അനുവദിച്ചത്. പെൺകുട്ടി ആരുടെ കൂടെ എപ്പോൾ എവിടെ പോവുന്നു എന്നത് അന്വേഷിക്കാനുള്ള ബാദ്ധ്യത മാതാപിതാക്കൾക്കല്ലേ ? എന്നുമൊക്കെയായിരുന്നു ഇവരുടെ ചോദ്യങ്ങൾ. മതിയായ സുരക്ഷയില്ലാതെ പെൺകുട്ടികൾ പുറത്ത് പോയാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്. ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലെന്നും അഭിമുഖത്തിലൊരിടത്ത് "മഹാന്മാരായ ആ സുപ്രീം കോടതി അഭിഭാഷകർ" പറയുന്നു.

ഉദ്യോഗസ്ഥ തലത്തിലും കാര്യങ്ങൾ മോശമല്ല. “ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കുന്നതാണ് നല്ലത്” എന്ന് നിരീക്ഷിച്ച അന്നത്തെ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയും “നാലഞ്ചു ആണുങ്ങള്‍ ഒരുമിച്ചു ബലാല്‍സംഗം ചെയ്യാന്‍ വന്നാല്‍ ഒരുവള്‍ കീഴടങ്ങുന്നതാണ് ബുദ്ധി. കാരണം, അവര്‍ അത് നടത്തിയിരിക്കും. അപ്രകാരം കീഴടങ്ങിയിരുന്നുവെങ്കില്‍ ആന്തരാവയവങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ഒഴിവാക്കാമായിരുന്നു. പിന്നീട് കോടതിയെ സമീപിച്ചു കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാമല്ലോ” എന്ന് ഉപദേശിച്ച കൃഷി ശാസ്ത്രജ്ഞ ഡോ. അനിതാ ശുക്ലയും സൂര്യനെല്ലി കേസിലെ ഇരയെ "ബാലവേശ്യ" എന്ന് വിശേഷിപ്പിച്ച ന്യായാധിപനും എല്ലാം ഈ ശ്രേണിയുടെ ഭാഗം തന്നെ.

അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാൽസംഗം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും പെണ്ണുള്ളിടത്ത് പെൺ വാണിഭവവും ഉണ്ടാകും എന്ന് പറഞ്ഞ നേതാവും ഒക്കെ ഈ സാക്ഷര സാംസ്കാരിക കേരളത്തിലും ഉണ്ടായിരുന്നു. 

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ദല്‍ഹി മാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്ന് ചോദിച്ചിരുന്നു. ഇവരെപ്പോലെയുള്ളവർക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഒരു തരത്തിലും അധികാരത്തിൽ ഇരിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ജിഷയുടെ ഘാതകനെ നിയമത്തിനു വിടാതെ ജനങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ഏറണാകുളം ഷൊറണൂർ ട്രെയിന്‍ യാത്രയ്ക്കിടെ പീഡന ശ്രമത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. തന്റെ മകളുടെ കൊലപാതകി ഗോവിന്ദച്ചാമി ജയിലില്‍ തിന്നു കൊഴുത്ത് സുഖമായി കഴിയുന്നത് സങ്കടമുണ്ടാക്കുന്നു എന്നും ശക്തമായ നിയമം കൊണ്ട് വന്നില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കണമെന്നും നിർഭാഗ്യവതിയായ ആ അമ്മ രോഷം കൊള്ളുന്നു. ഏറെക്കുറെ, പൊതു സമൂഹവും ഇതേ രീതിയിൽ തന്നെയാണ് ചിന്തിക്കുന്നത്.

കുറച്ചു കാലമായി മാധ്യമ വാർത്തകൾ നിരീക്ഷിച്ചാൽ ഒരു കാര്യം കാണാം; "ബലാല്‍സംഗം" എന്ന വാക്ക് അന്യം നിന്ന് പോയിരിക്കുന്നു. പകരം 'മാനഭംഗം', 'പീഡനം' എന്നീ വാക്കുകൾ ആണ് പരക്കെ പ്രയോഗിക്കപ്പെടുന്നത്. ബലാല്‍ക്കാരമായി, അത് ശാരീരിക ശക്തി കൊണ്ടാണെങ്കിലും മാനസിക പ്രേരണ കൊണ്ടാണെങ്കിലും,  ചെയ്യുന്ന ഒന്നിനെ 'മാനഭംഗം', 'പീഡനം' തുടങ്ങിയ വെണ്ണ പുരട്ടി മയപ്പെടുത്തിയ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നത് പോലും ക്രൈം ആയി കരുതണം.  

ഇത്തരം പ്രസ്താവനകളിലൂടെയും ലളിത വൽക്കരണത്തിലൂടെയും കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉത്തരവാദിത്തപ്പെട്ടവരെല്ലാം ചെയ്യുന്നത് എന്ന് തന്നെയാണ് വ്യാപകമായ പൊതുജനാഭിപ്രായം. 

എന്നാൽ ഇതോടു ചേർത്ത് വയ്ക്കേണ്ട മറ്റൊരു അഭിപ്രായം കൂടി എനിക്കുണ്ട്. സംവിധാനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, വ്യക്തികൾ കൂടുന്നതാണല്ലോ സമൂഹം...സമൂഹത്തിൽ നിന്നല്ലേ ഭരണാധികാരികളും മാധ്യമങ്ങളും നിയമ സംവിധാനങ്ങളും ഉണ്ടാവുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ടാങ്കില്‍ ഉള്ളതല്ലേ ടാപ്പില്‍ വരൂ. ഹൃദയത്തിന്റെ നിറവില്‍ മനസ്സ് തീരുമാനിക്കുന്നു...അധരങ്ങള്‍ മൊഴിയുന്നു...കരങ്ങളും ശരീരവും പ്രവർത്തിക്കുന്നു...അത്രേ ഒള്ളൂ കാര്യം....നമുക്ക് നമ്മെ മാത്രമേ നിയന്ത്രിക്കാനാവൂ. ഡൽഹിയിൽ നിന്നും യു പി യിൽ നിന്നും പെരുമ്പാവൂരിലേക്കും അവിടെ നിന്ന് നിന്റെയും എന്റെയും വീടുകളിലേക്കുമുള്ള ദൂരം അപകടകരമായ വിധത്തിൽ കുറഞ്ഞു വരികയാണ്....ജാഗ്രതൈ....  

**ചിത്രത്തിന് കടപ്പാട് : മാതൃഭൂമി 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക