ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Sunday, 20 November 2016

കേരളാ ബ്ലാസ്റ്റേഴ്സ് കദനകഥ....ഒരു ചാനൽ ചർച്ച !!!

ചാനൽ ചർച്ചകൾ ആണല്ലോ ഇന്ന് അധികം പേരുടെയും വൈകുന്നേരങ്ങളെ എന്റർടൈൻ ചെയ്യിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)-ൽ കേരളാ ബ്ലാസ്റ്റേർഴ്‌സിന്റെ മുംബൈ സിറ്റിയോടുള്ള 5 - 0 പരാജയം കേരളത്തിലെ ചാനലുകൾ ചർച്ച ചെയ്യുന്നു എന്ന് കരുതുക. നമ്മുടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയാൻ സാധ്യതയുള്ള അഭിപ്രായങ്ങൾ നർമ്മ ഭാവനയിൽ. ഇത് ആരെയും മുറിപ്പെടുത്താനല്ല. നർമ്മത്തെ നർമ്മമായി കാണുമെന്നു വിശ്വസിക്കുന്നു. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മുൻ‌കൂർ മാപ്പ്. മാന നഷ്ടക്കേസിനു പോകരുത്. പിഴ വിധിച്ചാൽ തരാൻ എന്റെ കയ്യിൽ കാശില്ല. 

മുംബൈ സിറ്റി നേടിയ വിജയം തികച്ചും സാങ്കേതികം മാത്രമാണ്. ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോറ്റപ്പോഴും മത്സരത്തിലെ മേധാവിത്വവും ഒരു ടീം എന്ന നിലയിലെ ഒത്തൊരുമയും കേരളാ ബ്ലാസ്റ്റേർഴ്‌സിനായിരുന്നു. ഈ ഒരു മത്സരത്തിലെ പരാജയം കൊണ്ട് ബ്ലാസ്റ്റേർഴ്‌സിന്റെ അടിത്തറ ദുർബലമായി എന്ന് പറയാൻ കഴിയില്ല. ഭൂരിഭാഗം സമയവും ബോൾ പൊസഷൻ ബ്ലാസ്റ്റേർഴ്‌സിനുണ്ടായിരുന്നു. എന്തായാലും പരാജയം അംഗീകരിക്കുന്നു. ഉത്തരവാദിത്വമുള്ള ടീമായി തുടരും. പിന്നെയും പരിഹസിച്ചാൽ ഞങ്ങക്ക് ഒന്ന് പറയാനുണ്ട്. നിങ്ങക്ക് ഈ ടീമിനെ പറ്റി ഒരു ചുക്കുമറിയില്ല. എഡോ ഫോർലാനേ; വേഷം കെട്ട് ഞങ്ങളോട് വേണ്ട. പോയി വേറെ പണി നോക്കടോ  - (പിണറായി വിജയൻ)

ആ..ബ..ബ..ഗ...പ..ഗ.... നിങ്ങള് കേക്ക്.. പത്രക്കാരന്മാര് കേക്ക്... മുംബൈ സിറ്റിക്കുണ്ടായ ജയം ബ്ലാസ്റ്റേർഴ്‌സിനേറ്റ  കനത്ത തിരിച്ചടിയാണെന്നതിൽ തർക്കമില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇങ്ങനെയേ പറ്റൂ. മാത്രമല്ല ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് റഫറിമാർ ഗോൾ വിധിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തിൽ എന്തെങ്കിലും മാറ്റം ആവശ്യപ്പെടണോ  എന്ന് നിയമോപദേശം തേടിയിട്ടുണ്ട്. പാർട്ടി തലത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന് തെന്നലയുടെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുമായി ആലോചിച്ച ശേഷം പാർട്ടിയിൽ ചര്‍ച്ച ചെയ്ത ശേഷം ഹൈക്കമാണ്ടിന്റെ അനുമതിയോടു കൂടി മനഃസാക്ഷിക്കനുസരിച്ച് നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഞങ്ങൾ ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് (ഉമ്മൻ ചാണ്ടി)

93 വയസ്സുള്ള സ്വന്തം അമ്മയേ.......ബാങ്കിൽ ക്യൂ നിർത്തി പാവപ്പെട്ട കളിക്കാരുഡേ....ആത്മവീര്യം നശിപ്പിച്ചവർ ഞാൻ അധികാരത്തിൽ വന്നാൽ എവിടേ...കൽത്തുറുങ്കിൽ...കൽത്തുറുങ്കിൽ...
ബ്ലാസ്റ്റേർഴ്‌സിലേ...പാവപ്പെട്ട കളിക്കാരെ കൊല്ലരുതേ...കൊല്ലരുതേ...കൊല്ലരുതേ... എന്റെ ഓഫീസ് സെക്രട്ടറിയേറ്റിൽ ആയിരുന്നെങ്കിൽ ഇത്ര വീഴ്ച പറ്റില്ലായിരുന്നു...ന്നു..(വീ എസ് അച്യുതാനന്ദൻ)

കോച്ചിന്റെ നയങ്ങൾ ജനം തിരസ്‌ക്കരിച്ചു, മുന്തിയ ക്ളബിൽ നിന്ന് വന്ന കളിക്കാർക്ക് മാത്രം ഗുണം കിട്ടുന്ന നയങ്ങളാണ് കോച്ച് നടപ്പിലാക്കുന്നത്. മിസ്റ്റർ വിജയൻ, നിങ്ങൾ ഈ  സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. നിങ്ങളാണ് ബ്ലാസ്റ്റേർഴ്‌സിന്റെ പ്രതിരോധത്തിൽ വന്ന പിഴവുകൾക്ക് ഉത്തരം പറയേണ്ടത്....ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ സുതാര്യമാണ്. ഞങ്ങളുടെ ഭാഗത്തു നിന്നുള്ള നടപടികൾ എന്തായാലും കുറ്റമറ്റതായിരിക്കും എന്നാർക്കും സംശയം വേണ്ട.   - (രമേശ് ചെന്നിത്തല)

എന്റെ അഭിലാഷേ; ഇതിലും വലിയ മത്സരം ഞാൻ ഒറ്റയ്ക്ക് ജയിച്ചിട്ടുണ്ട്.....മുംബൈ സിറ്റി....അവന്റെ തന്തേടെ...ആ....*#*$&@ #$@%... എന്നെക്കൊണ്ട് കൂടൂതലൊന്നും പറയിക്കരുത് കേട്ടോ. ഇതൊക്കെ ആരോടാ പറയുന്നത്‌. ഞാൻ മീനച്ചിൽ താലൂക്ക്‌ കാരനാ..അവനോടു പോവാൻ പറ....അല്ല പിന്നെ...(പി.സി ജോർജ്)

രണ്ടു ടീമിലെയും പല പ്രമുഖരും സാമ്പത്തികമായും ശാരീരികമായും എന്നെ ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എല്ലാം പറയാൻ തുടങ്ങിയാൽ അത് കേരളം താങ്ങത്തില്ല. എന്റെ ഉറക്കം കെടുത്തിയവരുടെ ഉറക്കവും കുറെ കെടട്ടെ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെ പറ്റി ഇതിൽ കൂടുതൽ പറയാൻ എനിക്ക് ചില പരിമിതികൾ ഉണ്ട്. അടുത്ത ആഴ്ച പത്രസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. (സരിതാ നായർ)

ഒട്ടും മുന്നൊരുക്കങ്ങൾ ഇല്ലാതെ എടുത്ത ടീം തീരുമാനങ്ങൾ കടുത്ത മണ്ടത്തരമായിപ്പോയി. ഇതിവിടത്തെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കളിയിലെ ജയിക്കാനാവശ്യമായ ഘടകങ്ങൾ കറൻസി നോട്ടുകളായാണോ സൂക്ഷിക്കുന്നത്. വിരുതന്മാർ അത് റിയൽ എസ്‌റ്റേറ്റിലും സ്വർണ്ണത്തിലുമാണ് സൂക്ഷിക്കുന്നത്. മുൻ സർക്കാരിന്റെ കടുത്ത കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കാണിച്ച വിമുഖതയും എല്ലാം തിരിച്ചടിയായിട്ടുണ്ട്. മുംബൈ സിറ്റിയുടെ വിജയത്തോടെ എന്റെ നിലപാടുകൾ ശരിയായിരുന്നു എന്ന് തെളിഞ്ഞു. എങ്കിലും കിഫ്ബിയുമായി ചേർന്ന് വരുന്ന അഞ്ചു കൊല്ലം കൊണ്ട് നിങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത ഒരു ബ്ലാസ്റ്റേർഴ്‌സ് ടീം ഞാൻ ഫോം ചെയ്ത് കാണിച്ചു തരാം (തോമസ് ഐസക്ക്)

തോമസ് ഐസക്ക് പറഞ്ഞതിനേക്കാൾ അച്യുതാനന്ദൻ പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്. ഈ ഫോർലാനെ നമുക്ക് ചെറുപ്പം മുതലേ അറിഞ്ഞു കൂടേ. എന്റെ നാടിന്റെ പരിസരക്കാരനാണ് അയാൾ. അയാളുടെ അച്ഛനും കൊച്ചച്ഛനും അമ്മായിയുടെ മകനും എല്ലാവരും കാലങ്ങളായി ബ്ലാസ്റ്റേർഴ്‌സിന് എതിരായിരുന്നു. ഇപ്പോഴും എതിരാണ്; ഇനി തുടർന്ന് കളിക്കുന്നുണ്ടെങ്കിൽ അപ്പോഴും എതിരായിരിക്കും. ഇതിവിടത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. മുംബൈ സിറ്റി ബ്ലാസ്റ്റേർഴ്‌സിനെക്കാൾ കൂടുതൽ ഗോളടിച്ചിട്ടാണ് ജയിച്ചത്‌ എന്ന വാദത്തെ ജനം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിൽ...സത്യത്തിൽ...(പുച്ഛച്ചിരി)  മുംബൈ സിറ്റി ബ്ലാസ്റ്റേർഴ്‌സിനെക്കാൾ കൂടുതൽ ഗോളടിച്ചാൽ മുംബൈ സിറ്റിയേ ജയിക്കൂ എന്ന് ഞാൻ കളി തുടങ്ങുന്ന അന്ന് തന്നെ പറഞ്ഞിരുന്നതാണ്...പിണറായി വിജയനെപ്പോലുള്ളവർ അല്പത്തരം കാണിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കോടിയേരിയും എളമരം കരീമും മൂന്നു ജയരാജന്മാരുമാല്ലാതെ തലയ്ക്കു വെളിവുള്ള ഒരാള് പോലും ഇതിനെ എതിർക്കില്ല. സ്വരാജിനെയും ചിന്താ ജെറോമിനെയും പോലുള്ള ഡിങ്കിരിവാലന്മാർ ഫോർലാന് ജയ് വിളിക്കും. അത് അയാൾ പറഞ്ഞു ചെയ്യിക്കുന്നതാണ്. സീ പീ എമ്മും നടേശ ഗുരുവും പിണറായിയും ഇത് സമ്മതിക്കുമോ എന്നെനിക്കറിയില്ല. എന്തായാലും ഇതൊക്കെ ഇന്നലെ കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി; ഇന്ന് ഈ കാണുന്നത് പുതിയ തൊലിയാണ്. ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന  മനോരമയെ കാണുമ്പോൾ ലജ്ജ കൊണ്ട് എന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു. (അഡ്വ. ജയശങ്കർ)

ബ്ലാസ്റ്റേർഴ്‌സിനു ജയിക്കാൻ വേണ്ട പിൻതുണ ലഭിക്കാത്തതിനാൽ ധാർമികമായി ഒരു ടീം എന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ല. ടീം സ്പിരിറ്റിന്റെ പരിപ്രേക്ഷ്യത്തിൽ നിന്ന് നോക്കുമ്പോൾ ഒരു ചാലകശക്തിയായി പ്രവർത്തിക്കേണ്ടവർ എതിരാളികളോട് ജനങ്ങൾക്ക് ആഭിമുഖ്യം ഉണ്ടാകുന്ന രീതിയിൽ പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ തികച്ചും റാഡിക്കലായിട്ടുള്ള ഒരു മസ്‌തിഷ്‌ക്കപ്രക്ഷാളനം അനിവാര്യതയായി മാറുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകളോട് ക്രിയാത്മകമായി പ്രതികരിക്കാതിരുന്നാൽ അനിവാര്യമായ മാറ്റം നമ്മളെ മാറ്റി മറിക്കാനിടയുണ്ട്.  (എം.എ.ബേബി)

നമസ്തേ....കാലങ്ങളായിട്ടു ഈ മുംബൈ സിറ്റി നമ്മളെ തോല്പ്പിച്ചു കൊണ്ടിരിക്കുകയാണ്. കാലം കുറെയായി നമ്മളിത് സഹിക്കുന്നു. എത്ര ക്ഷമിച്ചാലും വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് തോല്പ്പിക്കപ്പെടുന്നത്. ഇത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ബ്ലാസ്റ്റേർഴ്‌സ് ഉണരണം. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ നമ്മളുടെ കാരുണ്യത്തിൽ ഇവിടെ ചുവടുറപ്പിച്ച് നമ്മളെ തോൽപ്പിക്കുന്ന ഈ ജാതികൾക്കെതിരെ നമ്മളുണർന്നില്ല്യാച്ചാ ഉണർത്താൻ നിർബന്ധിതരാകും നമ്മള്...ഹിന്ദു എന്ന നിലയില്.... .(ശശികല ടീച്ചർ)

തോൽവിയും ജയവും ഇതിൽ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊന്നും ബല്യ ഇശ്യുവാക്കേണ്ടതില്ല (കുഞ്ഞാലിക്കുട്ടി)

തോറ്റു എന്നതല്ല പ്രധാനം; മറിച്ച് പതിനൊന്നു പേരെ സംഘടിപ്പിച്ച് കളിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പതിനൊന്ന് എതിരാളികളെ പിതൃശൂന്യവും തികച്ചും ന്രിശംശ്യവുമായ തരത്തിൽ കളിക്കളത്തിൽ നേരിട്ട രീതി അങ്ങേയറ്റം അപലപിക്കേണ്ടതാണ്. ജാജ്വല്യമാനമായ ഒരു നല്ല നാളെ ബ്ലാസ്റ്റേർഴ്‌സിന്റെ മുൻപിൽ ഉണ്ട്. അതിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അതിനിടയിൽ ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വായിൽ തിരുകുന്നത് ആർക്കും ഭൂഷണമാവില്ല. (എം.സ്വരാജ്)

ഗ്രൂപ്പടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്താതിരുന്നത് വലിയ തിരിച്ചടിയായി. തെറ്റ് ചെയ്തവരെ മനഃപൂർവ്വം സംരക്ഷിക്കുന്ന പ്രശ്നമില്ല. (വി.എം.സുധീരൻ)

എന്റെ അടുത്ത പടത്തിന്റെ പേര് "എട്ടു നിലയിൽ പൊട്ടിയ മഞ്ഞ വീരന്മാർ" : (സന്തോഷ്‌ പണ്ടിറ്റ്)

കളി തീരുന്നവരെ ആത്മ സംയമനം കൈവിടാതെ പിടിച്ചിരുന്ന എല്ലാ ബ്ലാസ്റ്റേർഴ്‌സ് ഫാൻസിനും എന്റെ വക അഞ്ചു ലക്ഷം രൂപ : (ചിറ്റിലപ്പള്ളി മുതലാളി )

ഏകപക്ഷീയമായ ഈ ആക്രമണം വളരേ പൈശാചികവും മൃഗീയവുമായിപ്പോയി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുന്നതോടൊപ്പം മുംബൈ സിറ്റിയോട് ശക്തമായ പ്രതിശേധം അറിയിക്കുന്നു. അതോടൊപ്പം ബ്ലാസ്റ്റേർഴ്‌സിന്റെ പ്രതിരോധത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ മുൻ പ്രതിരോധ മന്ത്രി എന്ന നിലയിൽ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ നടപടികളും എടുക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്.  (എ. കെ. ആന്റണി)


ബ്ലാസ്റ്റേർഴ്‌സ് ടീമംഗങ്ങൾ കോഴ വാങ്ങിയിട്ടുണ്ട്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഞാൻ ഇത്  പറയുന്നത്. രേഖകൾ എല്ലാം എന്റെ കയ്യിൽ ഉണ്ട്. (കെ സുരേന്ദ്രൻ)

എനിക്ക് കാര്യങ്ങൾ പറയാൻ മൂന്നു മിനിട്ട് തരണം...എനിക്ക് മൂന്നു കാര്യങ്ങൾ പറയാനുണ്ട്....മൂന്ന് മിനിറ്റ് മൂന്ന് കാര്യങ്ങൾ....ഒന്ന്...ബ്ലാസ്റ്റേർഴ്‌സ് തോറ്റതു കൊണ്ടാണ് മുംബൈ സിറ്റിക്ക് ജയിക്കാനായത്. അത് നിഷേധിച്ചിട്ട് കാര്യമില്ല....പ്ളീസ്...ഞാൻ പറഞ്ഞോട്ടെ...രണ്ട്...മുമ്പൈ സിറ്റി ജയിച്ചത്‌ കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേർഴ്‌സ് തോറ്റത്...പ്ളീസ്...പ്ളീസ്...പ്ളീസ്... എന്നെ പറയാൻ അനുവദിക്കൂ...നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടില്ലല്ലോ...എനിക്ക് പറയാനുള്ള മൂന്നാമത്തെ കാര്യം ബ്ലാസ്റ്റേർഴ്‌സ് ഗോൾ ഒന്നും അടിക്കാതിരുന്ന സാഹചര്യത്തിൽ മുംബൈ സിറ്റി ഗോൾ അടിച്ചത് കൊണ്ടാണ് മുംബൈ സിറ്റി ജയിച്ചത്‌.... അത് തന്നെ, വർഷങ്ങളുടെ പാരമ്പര്യമുള്ള കാല്പ്പന്തു കളിയെയും ആ കേളീധാരയുടെ നവീന ആചാര്യന്മാരെയും തകർക്കാൻ വേണ്ടി ചില മാധ്യമങ്ങളും സമുദായങ്ങളും ചേർന്ന് നടത്തുന്ന ഭീകരമായ ഗൂഡാലോചനയുടെ ഫലമാണീ തോൽവി...ഇത് എവിടെ വേണമെങ്കിലും വാദിച്ചു ജയിക്കാൻ എനിക്ക് കഴിയും. അത്തരം ഒരു സംവാദത്തിനു ഞാൻ തയ്യാറാണ്..(രാഹുൽ ഈശ്വർ)


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

Friday, 11 November 2016

ഇതാ ആ മനുഷ്യൻ....കള്ളപ്പണവൃക്ഷത്തിന്റെ വേര് 500-ഉം 1000-ഉം വച്ച് വെട്ടാമെന്ന് വിളിച്ചു പറഞ്ഞയാൾ

അത്യന്തം രഹസ്യാത്മകവും നിർണ്ണായകവുമായ നടപടിക്രമങ്ങളോടെ ഭാരതം കണ്ട അത്യപൂർവ്വവും സാഹസികവുമായ നടപടിയിലൂടെ 500-ന്റെയും 1000-ന്റെയും നോട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അസാധുവാക്കിയതിനെ പൊതു സമൂഹം രണ്ടു വിഭാഗമായി തിരിഞ്ഞ് അഭിനന്ദിക്കുകയും എതിർക്കുകയും  ചെയ്യുന്നത് കേട്ടു. വളരെയേറെ ഗൃഹപാഠം ചെയ്തതിന് ശേഷമാവണം ഈ തീരുമാനം കൈക്കൊണ്ടത് എന്ന് വേണം അനുമാനിക്കാൻ. ഈ തീരുമാനം കൊണ്ട് വലിയ തോതിലുള്ള താൽക്കാലിക കഷ്ടപ്പാടുകൾ അനുഭവിക്കുന്ന സാധാരണക്കാരും താൽക്കാലികമല്ലാത്ത ഗുരുതര കഷ്ടപ്പാടുകൾ അനുഭവിക്കുന്ന അസാധാരണക്കാരും സംഭവത്തെ ഇപ്പോഴും ചർച്ച ചെയ്ത് തീർന്നിട്ടില്ല. ഇതിനിടയിൽ ഒട്ടു മിക്കവരും ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു "ഇതാരുടെ ഐഡിയ ആണെന്ന് ???". 

ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചാൽ, ആ അന്വേഷണം ചെന്ന് നിൽക്കുക, അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സംഘടനയിലേക്കും  അതിലെ പ്രധാനിയായ അനിൽ ബോകിൽ എന്ന ഔറംഗാബാദ് സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റിലേക്കും ആണ്. പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാമ്പത്തിക ഉപദേശ സ്ഥാപനമുണ്ട് അര്‍ത്ഥ ക്രാന്തി പ്രതിഷ്ഠാൻ. കുറച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയാണിത്. ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, മീഡിയ റിപ്പോർട്ടുകൾ അനുസരിച്ച് മുകളിലെ ചിത്രത്തിൽ കാണുന്ന ഈ മനുഷ്യന്റെ ഐഡിയ ആണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഡീമോണിറ്റൈസേഷൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് കള്ളപ്പണം ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ അർത്ഥക്രാന്തിയുടേതെന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിലെ ഒരു പ്രധാനനിർദ്ദേശമായിരുന്നു വലിയ ഡിനോമിനേഷൻ നോട്ടുകൾ പിൻവലിക്കുക എന്നത്. അർത്ഥക്രാന്തിയുടെ അഭിപ്രായത്തിൽ രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകളുടെ ആവശ്യമില്ല. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒക്ടോബറിൽ അനിൽ ബോകിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംഘടനയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നതനുസരിച്ച് അവരുടെ നിർദേശമാണ് ഇപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വസ്തുതകൾ എന്ത് തന്നെയായാലും, ഗവണ്മെന്റിന്റെ വിപ്ലവകരമായ ഈ നടപടിക്ക് പിന്നിൽ ഈ കൊച്ചു മനുഷ്യന്റെ നിർദ്ദേശങ്ങൾ പ്രേരകശക്തിയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണധികവും. എന്നാൽ, ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണമുണ്ട്. അർത്ഥക്രാന്തി മുന്നോട്ടു വച്ച വളരെയധികം നിർദ്ദേശങ്ങളിൽ ഒന്ന് മാത്രമാണ് High Value Demontisation. അതെത്രത്തോളം ഉപകാരപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അർത്ഥക്രാന്തി ഉപക്ഷേപത്തിൽ 50 രൂപയാണ് വലിയ നോട്ട്. രണ്ടായിരത്തിന്റെ നോട്ട് ലഭ്യമായിരുന്ന അവസ്ഥയിൽ, കറൻസിയായിരിക്കുന്ന കള്ളപ്പണത്തിന്റെ പുറത്തിറങ്ങുന്ന ഭാഗം ഏതാനും നാളുകൾക്കുള്ളിൽ തന്നെ രഹസ്യനിലവറകളിലേക്ക് തിരോധാനം സംഭവിക്കാനുമുള്ള സാധ്യതകൾ ഉണ്ട്. 

അർത്ഥക്രാന്തിയുടേതെന്ന പേരിൽ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന പോസ്റ്റ് ചുവടെ ചേർക്കുന്നു.

രാജ്യത്ത് ഇൻകം ടാക്സ്, സെയിൽടാക്സ് അടക്കം നിലവിലുള്ള 56 ഇനം ടാക്സുകളും വേണ്ടന്ന് വയ്ക്കാം.....!!! (http://arthakranti.org/proposal)

പൂനെ ആസ്ഥാനമായ അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിർദ്ദേശം കേന്ദ്ര ഗവണ്മെന്റിന് മുൻപിൽ വച്ചിരിക്കുന്നത്.

*ശുപാർശകൾ*

1. എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക

2. 1000, 500, 100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3. വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4. ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1. പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2. നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3. പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4. പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ  ഇല്ലാതാകും.

5. കള്ളനോട്ടുകൾ ഇല്ലാതാകും.  (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് ലാഭകാരമല്ലാത്തതിനാൽ)

6. ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7. തിരഞ്ഞെടുപ്പ് ചെലവ് കുറയും. രാഷ്ട്രിയം അഴിമതി മുക്തമാകും

8. ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9. വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും ഇല്ലാതാകും.

11. ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12. ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.

അനിൽ ബോക്കിൽ മുന്നോട്ട് വച്ച പരിപാടിയുടെ Full Version അല്ലായിരുന്നു നമ്മൾ കണ്ട Demonetisation പരിപാടി. നോട്ട് റദ്ദാക്കൽ വിജയമായിരുന്നോ പരാജയമായിരുന്നോ എന്നൊരു YES or NO ഉത്തരം പറയുക ഒട്ടും സാധ്യമാവില്ല; കുറെയെങ്കിലും തൃപ്തികരമായ ഉത്തരത്തിലേക്കെത്താൻ വർഷങ്ങൾ എടുക്കുകയും ചെയ്യും. ഉത്തരം എന്ത് തന്നെയായാലും കുറേയാളുകൾ Demonetisation കൊണ്ട് അസ്വസ്ഥരായി ഇരിക്കുക തന്നെ ചെയ്യും !!!ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 10 November 2016

ആത്മരതിയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗങ്ങൾ...

ഫെയ്സ്ബുക്കിൽ ഫോട്ടോകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർക്ക്'ഞരമ്പുരോഗ'മാണെന്ന് ബ്രിട്ടനിലെ വോൾവർഹാംപ്ടൺ സർവകലാശാല സൈക്കോളജി വിഭാഗം ഗവേഷകർ നടത്തിയ പഠനം പറയുന്നു. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ യൂസറുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്നും നിരന്തരം സ്വന്തം ഫോട്ടോകൾ അപ് ലോഡ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർ ന്യൂറോട്ടിക്കുകളാണെന്നും ഗവേഷകർ വാദിക്കുന്നു. ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതി പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാറുന്നതതായി അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയുടെ ഒരു പഠന റിപ്പോർട്ടും ഈ അടുത്തിടെയാണ് പുറത്തു വന്നത്. ഈ പഠനമനുസരിച്ച്, ചെറുപ്പക്കാര്‍ ആത്മ പ്രശംസയുടെ പ്രദർശനവേദികളായി ഇത്തരം സൈറ്റുകളെ ഉപയോഗിക്കുമ്പോള്‍ മധ്യവയസ്‌കര്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണത്രെ. ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍ക്കിടയിലും പരിചയക്കാർക്കിടയിലും വ്യത്യസ്തരാകാന്‍ ശ്രമിക്കുമ്പോള്‍ മധ്യവയസ്‌കര്‍ സാമൂഹിക അംഗീകാരം നേടിയെടുക്കാനായാണ് സോഷ്യല്‍ നെറ്റ് വർക്ക് അഭ്യാസങ്ങളിൽ ഏര്‍പ്പെടുന്നതത്രെ. സോഷ്യല്‍ നെറ്റ് വർക്കുകളില്‍ ചെലവഴിക്കുന്ന സമയം കൂടി കണക്കിലെടുത്താണ് പഠനം നടത്തിയിരിക്കുന്നത്. ചെലഴിക്കുന്ന സമയവും ആത്മരതിയും തമ്മില്‍ ബന്ധമുണ്ടോയെന്നും പഠനം വിലയിരുത്തുന്നുണ്ടെങ്കിലും ‘ആത്മരതിയുടെ വ്യാപനം’ സോഷ്യല്‍  നെറ്റ് വർക്കുകളില്‍ ആളെക്കൂട്ടുമോയെന്ന ചോദ്യത്തിന് പഠനത്തില്‍ ഉത്തരമില്ല. എന്തായാലും സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതിയുടെ ഒരു ലോകം തന്നെയാണെന്നാണ് പഠനം അനുമാനിക്കുന്നത്. മണിക്കൂറുകൾ സോഷ്യൽ നെറ്റ് വർക്ക് ആക്ടിവിറ്റികളിൽ മുഴുകാൻ പലർക്കും ഒരു മടുപ്പും ഇല്ലെന്നാണ് മറ്റൊരു കണ്ടെത്തൽ.

സർക്കാരിന്റെ പുകവലി ബോധവല്ക്കരണ പരസ്യം അനുകരിച്ചാൽ ഇങ്ങനെ ഒരു പരസ്യം ചെയ്യാം...

മനുഷ്യന്റെ ശരീരവും ബുദ്ധിയും മനസ്സും രൂപപ്പെടുത്തിയിരിക്കുന്നത് സാമൂഹ്യ ജീവിതത്തിനു പറ്റുന്ന രീതിയിലാണ്. എന്നാൽ ചിലരാകട്ടെ, മണിക്കൂറുകളോളം സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ചിലവഴിച്ചു സാങ്കല്പ്പിക ലോകത്ത് ജീവിതം തള്ളി നീക്കുകയാണ്. അത് നിങ്ങളെ ഒരു രോഗിയാക്കിയേക്കാം....ഒരു വലിയ രോഗി...

അടുത്തിടെ പ്രശസ്ത മെഡിക്കൽ ജേർണൽ ആയ "ദി ലാൻസെറ്റ്" റിപ്പോർട്ട്‌ ചെയ്ത ഒരു സംഭവം ഉണ്ട്. രണ്ടു കൈകളുടെയും പത്തിക്കും വിരലുകൾക്കും അസഹനീയമായ വേദനയുമായി 34 വയസ്സുള്ള ഒരു സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നു. അവരാകട്ടെ ആ ദിവസ്സങ്ങളിൽ സാധാരണയിൽ കവിഞ്ഞ ആയാസമുള്ള ഒരു പ്രവൃത്തികളും ചെയ്തിട്ടില്ലായിരുന്നു. ഒടുവിൽ വിശദമായ പരിശോധനയിൽ തെളിഞ്ഞ കാര്യം ഇതായിരുന്നു. കൈകൾക്ക് പ്രശ്നം വന്നതിന്റെ തലേന്ന് അവർ കുറെ അധികം സമയം അവരുടെ സ്മാർട്ട് ഫോണിൽ നിന്ന് രണ്ടു കൈകളും ഉപയോഗിച്ച് ഒട്ടേറെ വാട്സ് ആപ് സന്ദേശങ്ങൾ അയച്ചിരുന്നു. വാട്സ് ആപ് ഉപയോഗിക്കാനായി, ഒരു പ്രത്യേക ആങ്കിളിൽ കൈകൾ പിടിച്ചു കുറെ അധികം നേരം വിരലുകൾ പല വട്ടം ചലിപ്പിച്ചത് കൊണ്ടാണത്രേ ഈ പ്രശ്നം ഉടലെടുത്തത്. 1990 കളിൽ അമിതമായ വീഡിയോ ഗെയിം ഉപയോഗം കൊണ്ട് കുട്ടികളിൽ വ്യാപകമായി കണ്ടു വന്നിരുന്ന ഒരു രോഗാവസ്ഥയ്ക്ക് സമാനമായ ഈ അസുഖത്തിന് "വാട്ട്സാപിറ്റിസ്" എന്നാണ് ആധുനിക വൈദ്യശാസ്ത്രം പേരിട്ടിരിക്കുന്നത്.

മേൽപറഞ്ഞ അസുഖം ശാരീരികമാണ്. എന്നാൽ കൌതുകകരവും അതേ സമയം അതീവ ഗൗരവവുമായ ചില മാനസിക പ്രശ്നങ്ങളും സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ സമ്മാനിക്കാൻ ഇടയുണ്ട്. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾക്കും സൈബർ ആക്റ്റിവിറ്റികൾക്കും വേണ്ടി അമിതമായും അശാസ്ത്രീയമായും സമയം ചിലവഴിക്കുന്നവർക്ക്  വരാവുന്ന ചില മാനസിക വൈകല്യങ്ങളും തകരാറുകളും താഴെക്കൊടുക്കുന്നു. ഇവയിൽ പലതും, വായിക്കുമ്പോൾ രസകരമായി തോന്നിയേക്കാമെങ്കിലും രൂക്ഷമായാൽ സാധാരണ ജീവിതത്തിനെ പ്രതികൂലമായി ബാധിക്കാവുന്ന ഗുരുതര മാനസിക രോഗാവസ്ഥ ആയിട്ട് തന്നെയാണ് വൈദ്യശാസ്ത്രം കാണുന്നത്. 

റ്റ്വിച്ചസ് : നിത്യ ജീവിതത്തിൽ കാണുന്നതും ചെയ്യുന്നതും എല്ലാം ട്വിറ്റെറിൽ കയറി റ്റ്വീറ്റിടുന്ന സ്വഭാവത്തെ ഒരു വൈകല്യമായാണ് ആധുനിക വൈദ്യ ശാസ്ത്രം കാണുന്നത്. റ്റ്വിച്ചസ് എന്നാണ് ഈ സ്വഭാവ വ്യതിയാനത്തെ വിളിക്കുന്നത്‌. ഈ മാനസിക പ്രശ്നമുള്ളവർ ഏതാണ്ട് ഒരു ലൈവ് കവറേജ് പോലെ ജീവിതത്തിലെ ഓരോ ചെറിയ ചെറിയ സംഭവങ്ങളും റ്റ്വിറ്ററിലും എഫ്ബിയിലും അത് പോലുള്ള സൈറ്റുകളിലും പോസ്റ്റു ചെയ്തു തൃപ്തിയടയുന്നു. 

ഫാന്റം വൈബ്രേഷൻ സിന്റ്രം : എപ്പോഴും തന്റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുകയോ റിംഗ് ചെയ്യുകയോ ഉണ്ടെന്നു തോന്നുകയും അത് ഉറപ്പാക്കാൻ ഇടയ്ക്കിടെ ഫോണ്‍ എടുത്തു നോക്കുകയും ചെയ്യുന്ന ഒരു മാനസീകാവസ്ഥയാണിത്‌.

ഒബ്സസീവ് റിഫ്രെഷ് ഡിസ് ഓർഡർ : തന്റെ പ്രൊഫൈൽ ഇൻബോക്സിൽ എന്തെങ്കിലും പുതിയ മെസ്സേജ് ഉണ്ടോ എന്നറിയാൻ കൂടെക്കൂടെ റിഫ്രെഷ് ബട്ടണ്‍ ടാപ്പ്‌ ചെയ്യുന്ന പ്രത്യേക മാനസികാവസ്ഥയാണ് ഇത്. റിഫ്രെഷ് ചെയ്യാത്തത് കൊണ്ടാണ് തനിക്കു പുതിയ സന്ദേശങ്ങൾ കിട്ടാത്തത് എന്നാണ് ഈ പ്രശ്നമുള്ളവർ ചിന്തിക്കുന്നത്. പുതിയ സന്ദേശങ്ങൾ ഇല്ലെന്നു കാണുന്നത് മുതൽ ഇയാൾ അസ്വസ്ഥനാകും. ഒരു പുതിയ മെസ്സേജ് കിട്ടിയാലേ പിന്നെ സ്വസ്ഥത കിട്ടൂ.

ഹ്യുമണ്‍ ആന്റിന : മൊബൈൽ ഫോണിനു അല്പ്പമെങ്കിലും റേഞ്ച് കിട്ടാനോ, ഉള്ളതിനേക്കാൾ അധികം റേഞ്ച് കിട്ടാനോ വേണ്ടി ഫോണ്‍ കയ്യില നീട്ടിയോ ഉയർത്തിയോ പിടിച്ചു കൊണ്ട് നടക്കുന്ന ശീലത്തിനാണ് ഇങ്ങനെ പറയുന്നത്.

നോമോ ഫോബിയ : മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ ജീവിക്കാൻ പറ്റാതെ വരുന്ന ഒരു അവസ്ഥയാണിത്. ആഗോള തലത്തിൽ മൊബൈൽ ഉപയോഗിക്കുന്ന മൂന്നിൽ രണ്ടു പേർക്കും ഏറിയോ കുറഞ്ഞോ അളവിൽ ഈ രോഗമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

പോക്കറ്റ് പാറ്റർ : മൊബൈൽ ഫോണ്‍ പോക്കറ്റിൽ തന്നെയുണ്ടോ എന്ന് ഇടയ്ക്കിടെ തപ്പി നോക്കുന്ന മാനസികാവസ്ഥയാണ് പോക്കറ്റ് പാറ്റർ.

സോഷ്യൽ നെറ്റ് വർക്ക് അടിമത്വം ഉണ്ടോ എന്ന് സ്വയം പരിശോധിക്കാം...
ഒരു കടലാസ് എടുത്തു താഴെക്കൊടുത്ത ചോദ്യങ്ങള്‍ക്ക് “വളരെ അപൂര്‍വമായി”, “അപൂര്‍വമായി”, “ചിലപ്പോഴൊക്കെ”, “മിക്കപ്പോഴും”, “ഒട്ടുമിക്കപ്പോഴും”എന്നിവയില്‍നിന്ന് ഒരുത്തരം തെരഞ്ഞെടുത്തു എഴുതുക:

  1. നിങ്ങള്‍ ഫേസ്ബുക്കിനെക്കുറിച്ചോ മറ്റു സോഷ്യൽ നെറ്റ് വർക്കുകളെ കുറിച്ചോ ചിന്തിക്കുകയോ അത് എങ്ങിനെ ഉപയോഗിക്കണമെന്ന ആസൂത്രണത്തില്‍ മുഴുകുകയോ ചെയ്യാറുണ്ടോ ?
  2. നിങ്ങള്‍ക്ക് കൂടുതല്‍ക്കൂടുതലായി ഏതെങ്കിലും നെറ്റ് വർക്ക് വെബ്‌ സൈറ്റ്  ഉപയോഗിക്കണമെന്ന ആസക്തി അനുഭവപ്പെടാറുണ്ടോ?
  3. ജീവിതപ്രശ്നങ്ങള്‍ മറക്കാനായി നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലെ ആക്ടിവിറ്റികളിൽ മുഴുകാറുണ്ടോ?
  4. നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് ആക്റ്റിവിറ്റീസ് കുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ?
  5. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയോ വിഷമമോ തോന്നാറുണ്ടോ?
  6. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗം നിങ്ങളുടെ പഠനത്തിനോ ജോലിക്കോ എന്തെങ്കിലും വിഘാതം സൃഷ്ടിച്ചിട്ടുണ്ടോ?
ഏതെങ്കിലും അഞ്ചോ ആറോ ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം കിട്ടിയവര്‍ക്ക് ഗുരുതരമായ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷൻ ഉണ്ടെന്നു ഉറപ്പിക്കാം.  ഏതെങ്കിലും നാലു ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം പറഞ്ഞവര്‍ക്ക് ചെറിയ തോതിൽ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷന്‍ തുടങ്ങിയിട്ടുണ്ട് എന്നനുമാനിക്കാം. 

വാൽക്കഷണം : ഈ ടെസ്റ്റ്‌ ഒന്നും ചെയ്യാതെ തന്നെ ഞാൻ ഒരു കൊടും ഭീകര സോഷ്യൽ നെറ്റ് വർക്ക് അഡിക്റ്റ് ആണെന്ന് എന്റെ ഭാര്യ പറയുന്നു. നമ്മൾക്കൊരു കുഴപ്പവും നമ്മൾക്കല്ലേ അറിയൂ..... 

(പല ശ്രോതസ്സുകളിൽ നിന്ന്  വായിച്ചറിഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ കുറിപ്പ്. അതിനാല്‍ ഇതെന്റെ ബൌദ്ധിക സ്വത്തല്ല)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 1 November 2016

അവന്‍, അവള്‍, അത്.........മൂന്നാം ലൈംഗികതയും നെറ്റി ചുളിയുന്ന കുറച്ചു കാര്യങ്ങളും.......

കുറച്ച് നാളുകൾക്ക് മുൻപ് ഞാന്‍ കുടുംബവുമായി തിരുച്ചിറപ്പിള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അറുപത്തഞ്ചു വയസ്സ് കഴിഞ്ഞ എന്റെ അമ്മ മുതല്‍ അനിയന്റെ രണ്ടര വയസ്സുള്ള കുട്ടിയും ഞങ്ങളോടൊപ്പം ഉണ്ട്. പൊടുന്നനെ ഒരു ഹിജഡ (ഹിജറ) സംഘം ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് വന്നു. അവര്‍ ഭിക്ഷ ചോദിച്ചു. ഞാന്‍ അഞ്ചു രൂപ കൊടുത്തു. അതിന്റെ നേതൃ സ്ഥാനം വഹിക്കുന്ന ഹിജഡ പത്തു രൂപയാണ് മിനിമം എന്ന് പറഞ്ഞു. ഞാന്‍ അതിനോട് പ്രതികരിക്കാതെ ഇരുന്നപ്പോള്‍ ഉടനെ എന്റെ പ്രായം ചെന്ന അമ്മയെയും രണ്ടര വയസ്സുള്ള കൊച്ചു കുഞ്ഞിനേയും അയാളുടെ (അതിന്റെ) നഗ്നത കാണിക്കാന്‍ ഒരുങ്ങി. അരുതാത്ത കാഴ്ച ഒഴിവാക്കാന്‍ ഞാന്‍ പത്തു രൂപ കൊടുത്തു അവരെ പായ്ക്ക് അപ്പ്‌ ചെയ്തു. തിരികെ വരുമ്പോഴും ഇതേ സംഘം വന്നു ഇത് പോലെ തന്നെ പിരിവെടുത്തിട്ട് പോയി. ഈ പറഞ്ഞ സംഭവം നടക്കുമ്പോള്‍ വണ്ടിയില്‍ ടീ ടീ ഇ യും റെയില്‍വേ പ്രോട്ടെക്ഷന്‍ ജവാന്മാരും ഒക്കെ ഉണ്ടായിരുന്നു. ഒരുത്തരും ഇതിനെതിരെ ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു.  

ഒരു ജീവിത മാര്‍ഗ്ഗം എന്ന നിലയിൽ അവർക്ക് എന്തെങ്കിലും കൊടുക്കുന്നതിനോടൊന്നും എനിക്ക് എതിർപ്പില്ല. പക്ഷെ, ഞാൻ വിവരിച്ച അനുഭവം അതല്ല. ഞാൻ കൊടുത്ത 5 രൂപ പോരാ എന്നും 10 രൂപ തന്നെ വേണം എന്നും ശഠിച്ചു, അതിനു വേണ്ടി നഗ്നതാപ്രദർശനത്തിനെ ഒരു ആയുധമാക്കുന്ന രീതിക്ക് ഞാന്‍ പൂര്‍ണ്ണമായും എതിരാണ്. ആ അർത്ഥത്തിൽ കത്തി കാണിച്ചു പണം വാങ്ങുന്ന കൊള്ളക്കാരനെയും ബ്ലാക്ക്‌ മെയിൽ ചെയ്തു ജീവിക്കുന്ന മഞ്ഞ പത്രക്കാരനെയും എങ്ങിനെയാണ് തെറ്റുകാരനായി കാണാനാവുക. സമൂഹത്തിൽ വേണ്ടത്ര സ്വീകാര്യത ഇല്ലാത്തവർ തന്നെയാണ് ആണ്, അവരും.

ഈ സംഘം വന്നപ്പോള്‍ വിദഗ്ധമായി അപ്രത്യക്ഷനായിട്ട് അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൃത്യമായി പ്രത്യക്ഷപ്പെട്ട ടീ ടീ ഇ യോട് ഞാന്‍ ഇതിനെപ്പറ്റി തിരക്കി. അദ്ദേഹം പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു. അവര്‍ വന്നപ്പോള്‍ അദ്ദേഹം അവിടെ നിന്ന് വലിഞ്ഞതു തന്നെയാണെന്നും അദ്ദേഹത്തിന് ഈ റൂട്ടില്‍ എന്നും ജോലി ചെയ്യേണ്ടതാണെന്നും  യാത്രക്കാരുടെ പരാതിപ്പുറത്തു ഇതില്‍ ഇടപെട്ടാല്‍ അത് അദ്ദേഹം വിളിച്ചു വരുത്തുന്ന അപകടമായിരിക്കുമെന്നും ഈ വന്നവര്‍ വലിയൊരു ക്രിമിനല്‍ മാഫിയയുടെ ഏറ്റവും താഴത്തെ കണ്ണികള്‍ ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതില്‍ യഥാര്‍ത്ഥ ഹിജഡകള്‍ ഒന്നോ രണ്ടോ ഉള്ളൂ എന്നും ബാക്കിയെല്ലാം  ഇവരെ മുന്‍ നിറുത്തി കളക്ഷന്‍ എടുപ്പിച്ചു അതില്‍ നിന്നു പങ്കു പറ്റുകയും ഇവരുടെ കയ്യിൽ നിന്ന് "സൗജന്യ സേവനം" പറ്റുകയും ഒക്കെ ചെയ്യുന്ന നികൃഷ്ടരായ വ്യക്തികള്‍ ആണെന്നുമാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്. യാത്രക്കാരെ സംരക്ഷിക്കാന്‍ ചുമതലയുള്ള ആളുകള്‍ പോലും ഇവരില്‍ നിന്ന് പണവും സേവനവും പറ്റുന്നുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന അറിവായിരുന്നു.

സൃഷ്ട്ടി വൈകല്യം സംഭവിച്ചു പോയ നിസ്സഹായരായ വ്യക്തികളുടെ കൂട്ടം എന്ന നിലയിലോ പാർശ്വവല്ക്കരിക്കപ്പെട്ട് സമൂഹത്തിന്റെ വിളുമ്പിലേക്ക് തള്ളപ്പെട്ട ഒരു വിഭാഗം എന്ന നിലയിലോ എനിക്ക് ഈ പറഞ്ഞ ഭിന്നലിംഗസംഘത്തോട് യാതൊരു വിധത്തിലുള്ള വിരോധവും ഇല്ല. സമൂഹം അവരോടു മാനുഷിക നീതിയോ സ്ഥിതി സമത്വമോ പുലർത്തുന്നില്ല എന്ന ശക്തമായ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. പക്ഷെ, മേൽ വിവരിച്ച സംഭവത്തിന്‌ ശേഷമായിരുന്നു ഞാന്‍ ഇവരെ പറ്റിയും ഇവരുടെ ജീവിതത്തെ പറ്റിയും കൂടുതല്‍ അറിയാൻ ശ്രമിച്ചത്. ഇത്തരക്കാരുടെ പുനരധിവാസ - ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു പൊതു പ്രവർത്തകനിൽ നിന്ന് കേട്ട വസ്തുതകൾ ഞെട്ടിക്കുന്നതായിരുന്നു. 

ഏതോ "നല്ല" അപ്പനും അമ്മയ്ക്കും ഉണ്ടായിട്ടു, ശാരീരികമായും സ്വഭാവപരമായും ഇത്തരത്തില്‍ ഒരു വ്യത്യസ്തത കണ്ടപ്പോള്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ഒക്കെ ചെയ്യപ്പെട്ട വ്യക്തികളുടെ ഒരു കൂട്ടമാണവര്‍. ഈ കൂട്ടത്തിന്റെ ഭാഗമാകാന്‍ വേണ്ടി പല തരത്തിലുളള പ്രാകൃത ആചാരങ്ങള്‍ക്ക് വിധേയര്‍ ആയിട്ടാണ് ഇവര്‍ ലൈംഗിക തൊഴിലിനും ഭിക്ഷാടനത്തിനും ഇറങ്ങുന്നതത്രേ. ഇവരുടെ ഇടയിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർ ഹമാം എന്നറിയപ്പെടുന്ന താവളങ്ങളിൽ ഒന്നിച്ചു താമസിച്ചാണ് ഒറ്റപ്പെടലിൽ നിന്ന് ആശ്വാസം തേടാറുള്ളത്. ചില പ്രദേശങ്ങളിൽ മൂന്നാം ലിംഗക്കാരെ വിവാഹം പോലുള്ള മംഗളവേളകളിൽ അനുഗ്രഹമേകാൻ വിളിക്കാറുണ്ട്. ഇവർക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്ന് വടക്കേ ഇന്ത്യയിൽ ഒരു വിശ്വാസമുണ്ട്‌. അതൊഴിച്ചാൽ  അവർക്ക് എവിടെയും യാതൊരു സ്വീകാര്യതയുമില്ല. പുരാണ കാലങ്ങളിൽ ഇവർക്ക് നൽകിയിരുന്ന പരിഗണന പോലും ആധുനിക സമൂഹം ഇവർക്ക് നൽകുന്നില്ല. ശാസ്ത്രീയമായി നോക്കിയാല്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളും അതിനോട് ബന്ധപ്പെട്ടു വരുന്ന ശാരീരിക പ്രത്യേകതകള്‍ക്കും അപ്പുറത്ത് ഒരു സാധാരണ വ്യക്തിയാണ് “അതും”.  മനുഷ്യരില്‍ അവനും അവളും ഉള്ള പോലെ “അതും” ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവന്റെയോ അവളുടെയോ ഏറ്റക്കുറച്ചിലുകളെ ഞാന്‍ അടങ്ങുന്ന സമൂഹം “അത്” ആക്കുകയാണ്.

ഒരാളുടെ ലൈംഗികത അയാളുടെ സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് വിവിധ ജൈവഘടകങ്ങളുടെയും വളർച്ചയിലെ ചുറ്റുപാടുകളുടെയും‌ (പ്രത്യേകിച്ച് പ്രാരംഭ ഭ്രൂണാവസ്ഥയിലേത്) സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിശ്വസിക്കുന്നു. ഈയൊരവസ്ഥ 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' വിശ്വസിക്കുന്നവരുണ്ടെങ്കിലും, മനുഷ്യലൈംഗികതയിലെ വളരെ സാധാരണമായ ഒരു വ്യതിയാനം മാത്രമാണ് അതെന്നും മനസ്സിനെ ദോഷമായ രീതിയിൽ‌ ബാധിക്കുന്ന ഒന്നല്ലെന്നും ശാസ്ത്രീയ പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്. എന്നാൽ‌ ഈ വിഭാഗത്തോട് സമൂഹം വച്ചുപുലർത്തുന്ന മുൻധാരണകളും വെറുപ്പും വിവേചനവും അത്തരം വ്യക്തികൾക്ക് മാനസികസമ്മർദ്ദം മാത്രമേ ഉണ്ടാക്കൂ. പ്രകൃതിയുടെ ഈയൊരു വികൃതി ആരുടെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കാവുന്നത് ആണ്. ഒമ്പത്, ച്ഛക്ക, ചാന്തു പൊട്ട്, ഷണ്ഡൻ, ഖുസ്ര, യൂനക്, അറവാണി, കോത്തി, സീ ഡി, പാവയ്യ, യെല്ലമ്മ, സ്റ്റെപ്പിനി എന്നിങ്ങനെയുള്ള വിവിധ വിളിപ്പേരുകളിൽ അവർ സമൂഹത്തിൽ പരിഹാസ്യരായും ഒറ്റപ്പെട്ടും ജീവിക്കുന്നു. 


ഇത്തരത്തില്‍ ഒരു ജന്മം വീട്ടില്‍ ഉണ്ടായിപ്പോയി എന്നത് കൊണ്ട് മാത്രം പൊതു സമൂഹത്തില്‍ ഒറ്റപ്പെടുന്ന കുടുംബങ്ങള്‍ പോലും നമുക്കിടയില്‍ ഉണ്ട്. അങ്ങനെ ജനിച്ചു പോയ ഒരാളെ ശരിപ്പെടുത്തി എടുക്കാം എന്ന് കരുതി വിവാഹ ബന്ധത്തില്‍ കുരുക്കിയിട്ട്, നീറി നീറി ജീവിക്കുന്നവരും അവരുടെ പങ്കാളികളും ഉണ്ട്. സമൂഹം അവരോട് ചെയ്യേണ്ടിയിരുന്നത്, അവരെ കൂടെ മുഖ്യധാരയിലേക്ക്‌ സ്വീകരിക്കുക എന്നതായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ മൂന്നാം ലൈംഗികത പേറുന്നവര്‍ സമൂഹത്തിന്റെ മുന്നില്‍ എന്തോ അപരാധികളായോ അല്ലെങ്കില്‍ മോശപ്പെട്ടവരായോ ആണ് ഇന്നും കണക്കാക്കപ്പെടുന്നത്. ഒരു ആണ്‍ ഹിജഡയ്ക്കു പെണ്‍ഹിജഡയില്‍ ഉണ്ടായ വിചിത്ര ജന്മം ഒന്നും അല്ല ഇവര്‍.  കുറ്റവാളികളെ പോലെ പരിഗണിക്കപ്പെടുവാന്‍ അവര്‍ ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കുവാന്‍ സമൂഹത്തിനാകുകയുമില്ല. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്ന നിലയില്‍ത്തന്നെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലൈസന്‍സും അടക്കമുള്ളവ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രാജ്യത്തെ പൗരന്മാരായ ഹിജഡകള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉറപ്പുവരുത്തണം.  ലൈംഗിക ന്യൂനപക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ  സർക്കാരും പൊതു സമൂഹവും ഒത്തൊരുമിച്ചു പ്രവര്ത്തിക്കേണ്ടതുണ്ട്. എന്തായാലും, യൂത്ത് ഡയലോഗ്, കേരളീയം, ജനനീതി, വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ, സംഗമ ബംഗളൂർ, ദേശ് പ്രൊജക്റ്റ്, സഹയാത്രിക തുടങ്ങി ഇവർക്ക് പിന്തുണ നൽകുന്ന സംഘടനകളുടെ എണ്ണം ഏറി വരുന്നത് ശുഭകരമാണ്. 
ആണ്‍ ലൈംഗികതയെയും പെണ്‍ ലൈംഗികതയെയും അംഗീകരിക്കുന്ന പൊതുസമൂഹം ഈ മൂന്നാം ലൈംഗികതയെ കൂടി അംഗീകരിച്ചിരുന്നെന്കില്‍ സാമൂഹ്യ വിപത്താവുന്ന തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഹിജഡക്കൂട്ടങ്ങള്‍ ഈ നാട്ടില്‍ ഉണ്ടാവില്ലായിരുന്നു. ഇതിപ്പോള്‍ ജീവിക്കാനുള്ള പണ സമ്പാദന ഉപാധി എന്നതിനൊപ്പം മുഖ്യധാരാ സമൂഹത്തോടുള്ള പക പോക്കല്‍ കൂടി ആയി നഗ്നത അനാവരണത്തെ അവര്‍ എടുത്ത് പ്രയോഗിക്കുന്നു. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക