ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Wednesday, 7 June 2017

"ആക്ഷൻ ഹീറോ ബിജു"വിന് പിന്നിൽ ഒളിച്ചിരിക്കുന്ന പേപ്പട്ടികൾ ...

(മുൻ‌കൂർ മാപ്പ് : വിശേഷ ദിവസങ്ങളിൽ അവധിയില്ലാതെയും കാക്കത്തണൽ പോലുമില്ലാത്ത ട്രാഫിക് ജംക്ഷനുകളിൽ പൊള്ളിത്തളർന്നും അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ തെറിയും കല്ലേറും ഏറ്റു വാങ്ങിയും വൃത്തി കെട്ട ഹയരാർക്കിയൽ അധികാര ഘടനയുടെ അസ്വസ്ഥത പേറിയും അനാഥജഡത്തിന് കാവൽ നിന്നും ഒക്കെ ചെയ്യുന്ന പോലീസ് സേവനങ്ങളെ ചെറുതായി കാണുകയാണെന്ന് തോന്നരുതേ. ഭൂരിഭാഗം വരുന്ന നന്മ നിറഞ്ഞ പൊലീസുകാരെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. ഇത് വായിച്ച് ആർക്കെങ്കിലും മനോവേദന തോന്നിയാൽ ക്ഷമിക്കുക)


അതി ശക്തനെന്നും ഇരട്ടച്ചങ്കനെന്നും പാണന്മാർ പാടി നടക്കുന്ന മുഖ്യമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. അദ്ദേഹം നമ്മുടെ ആഭ്യന്തര മന്ത്രി കൂടെയാണ്. കാക്കിയിട്ട ക്രൂരതയുടെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ചയാളാണ് അദ്ദേഹവും അദ്ദേഹം ഉൾപ്പെടുന്ന പ്രസ്ഥാനത്തിലെ നല്ലൊരു ശതമാനം അംഗങ്ങളും. അങ്ങനെ ഒരാൾ ഭരിക്കുമ്പോഴും  ഈ കൊച്ചു സംസ്ഥാനത്ത്, ദിനം പ്രതി പോലീസ് ക്രൂരതകളുടെ വാർത്തകൾ, മുൻഗാമികളുടെ കാലത്തേത് പോലെ തന്നെ ആവർത്തിക്കപ്പെടുന്നു. 

പരാതിക്കാരോട് പോലീസുദ്യോഗസ്ഥര്‍ ആര്‍ദ്രതാപൂര്‍ണമായ സമീപനവും അനുകമ്പയും പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ജനങ്ങളോട്, വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും ഏറ്റവും മാന്യമായി പെരുമാറണമെന്നും ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. പോലീസ് ആസ്ഥാനത്ത് ലഭിക്കുന്ന പരാതികളില്‍ വളരെയധികവും ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമല്ലാത്ത പെരുമാറ്റത്തെക്കുറിച്ചുള്ളതായതിനാലാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം. ജനങ്ങളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് ഓരോ ജില്ലയില്‍ നിന്നുമുള്ള പരാതികളുടെ എണ്ണം ആ ജില്ലയിലെ ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യത്തിലെടുക്കുന്ന ശുഷ്‌കാന്തിയുടെ സൂചകമായി കണക്കാക്കും. ജില്ലാതലത്തില്‍ ഏറ്റവും നല്ല രീതിയില്‍ പെരുമാറ്റം ഉറപ്പാക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് ഓരോ വര്‍ഷവും പ്രത്യേകം അനുമോദനങ്ങള്‍ നല്‍കുന്ന കാര്യവും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പരിഗണിക്കാവുന്നതാണെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

കടല്‍ത്തീരത്ത് കുടുംബസമേതം വിശ്രമിക്കാനെത്തിയ സിപിഐ-എം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതി ക്രൂരമായ നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത്  സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് ആവശ്യപ്പെട്ടിട്ട് അധികം കാലമായില്ല. ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലറും മറ്റു മൂന്നു പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിട്ട പേരാമംഗലം സിഐ മണികണ്ഠനെതിരെ നടപടിയെടുത്തത് തും അടുത്ത കാലത്താണ്. കേസിന്റെ തെളിവെടുപ്പിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. നാലു പേര്‍ പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതികളെ ചൂണ്ടിക്കാട്ടി ഇവരില്‍ ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു നിനക്ക് ഏറ്റവും കൂടുതല്‍ സുഖമെന്ന് സിഐ ചോദിച്ചത്രേ. ഇഷ്ടപ്പെട്ട സൈസ് ഏതാണെന്നും പൊലീസ് ചോദിച്ചതായി യുവതി ആരോപിച്ചിരുന്നു. പേരാമംഗലം സിഐ യുടെ അസഭ്യവർഷവും സമ്മർദ്ദവും സഹിക്കാനാവാതെയാണ് കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതെന്നും യുവതി പറഞ്ഞു. മധു അമ്പലത്തൂരെന്ന രാഷ്ട്രീയക്കാരനും പോലീസും കൂടിയിരുന്നാണ് തന്നെ മാറ്റിപ്പറയാനുള്ള മൊഴി പഠിപ്പിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ നിന്ന് കേട്ട ഒരു "ഷോക്കിങ് ന്യൂസ്" ചുമ്മാ വായിച്ചു മറന്ന് കളയാൻ മനസ്സ് സമ്മതിക്കുന്നില്ല. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന കൃഷ്ണകുമാർ എന്ന മധ്യവയസ്‌കൻ; തന്റെ, മകളുടെ മാനത്തിന് സുരക്ഷിതത്വ ഭീഷണി നേരിട്ടപ്പോൾ ഈ നാട്ടിലെ പോലീസ് സംവിധാനത്തെ നീതിക്കും സുരക്ഷയ്ക്കും വേണ്ടി സമീപിച്ചു. പക്ഷെ, അയാളെ കാത്തിരുന്നത് നീതിയോ സുരക്ഷയോ ആയിരുന്നില്ല. ആസൂത്രിതമായ ഭീഷണികൾ ആയിരുന്നു. താൻ കൊടുത്ത പരാതിയുടെ പേരിൽ സ്വന്തം മകന്റെ ജീവനും ജീവിതവും കൂടി അപകടത്തിലാവുന്നു എന്ന പേടിപ്പെടുത്തുന്ന തിരിച്ചറിവ് കൂടി കിട്ടിയ ആ സാധു മനുഷ്യൻ നിയമസംവിധാനങ്ങളുടെ നിസ്സംഗതയെയും മാധ്യമങ്ങളുടെ നിശബ്ദതയെയും പരിഹസിച്ചു കൊണ്ടും വെല്ലു വിളിച്ചു കൊണ്ടും ആത്മഹത്യ ചെയ്തു. ലോക്കൽ പോലീസ് സംവിധാനം നീതിപൂർവ്വകമായി പ്രവർത്തിച്ചിരുന്നെങ്കിൽ അയാൾ ഇന്നും ഈ നാട്ടിൽ ജീവിച്ചിരിക്കുമായിരുന്നു.

ഹെൽമെറ്റില്ലെന്ന കാരണത്താൽ സന്തോഷ് എന്ന യുവാവിനെ പൊലീസുകാരൻ തലയ്ക്ക് വയർലെസ് കൊണ്ട് അടിച്ച വാർത്ത കുറച്ച് നാളുകൾക്ക് മുൻപ് വൈറൽ ആയിരുന്നു. ആശുപത്രിയിൽ കഴിയുന്ന അമ്മയെ കാണുന്നതിനായി, കൈക്കുഞ്ഞുമായി ബൈക്കിൽ പോകുമ്പോഴായിരുന്നു യുവാവിനെതിരായി പൊലീസുകാരന്‍റെ ക്രൂരനടപടി ഉണ്ടായത്. കൊല്ലം, ആശ്രാമം മൈതാനത്തിനു സമീപം ലോറിക്കു മറവില്‍ നിന്നു ഹെല്‍മെറ്റ് പരിശോധന നടത്തുകയായിരുന്ന ആശ്രാമം ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്കിനു മുന്നില്‍ ചാടി വീണു കൈ കാണിച്ചു.  യുവാവ് അല്‍പ്പം മുന്നോട്ടു മാറ്റിയാണു ബൈക്കു നിര്‍ത്തിയത്. ഇതില്‍ പ്രകോപിതനായ പോലീസുകാരൻ, കൈ കാണിച്ചാല്‍ നീ ബൈക്ക് നിര്‍ത്തില്ലേ എന്ന് ആക്രോശിച്ചു വയര്‍ലെസ് സെറ്റുകൊണ്ടു തലയ്ക്കു അടിക്കുകയായിരുന്നു എന്നാണ് സന്തോഷിന്റെ പരാതി. തുടര്‍ന്നു കുട്ടിയുമായി റോഡിലിരുന്നു പ്രതിഷേധിച്ച യുവാവിനെ കൂടുതല്‍ പൊലീസുകാരെത്തി ആശുപത്രിയിലേക്കു മാറ്റി. സന്തോഷിന്റെ ചെവിക്കു മുകളിലായാണ് പരുക്ക്. ചെവിക്കുള്ളിലെ പൊട്ടല്‍ ഗുരുതരമാണെന്നും ഇന്‍ഫെക്ഷനാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഐസിയുവിലേക്കു മാറ്റിയെന്നുമാണ് റിപ്പോർട്ട്. നാടിനെ കലുഷിതമാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും അപക്വവും അക്രമാസക്തവുമായ ഈ പൊലീസുകാരന്‍റെ സമീപനം മൊത്തം പൊലീസ് സേനയ്ക്കും അപമാനകരമാണെന്നും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയ്ക്ക് പറയേണ്ടി വന്നു. 

ജനാധിപത്യഭരണം നില നില്‍ക്കുന്ന കേരളമെന്ന സംസ്ഥാനം നിലവില്‍ വന്ന അന്ന് മുതല്‍ പോലീസ് മൃഗ തുല്യരായി പെരുമാറിയ ഒരു പാട് സംഭവങ്ങള്‍ കേരള ജനത കേട്ടിട്ടുണ്ട്. നക്സല്‍ വര്‍ഗീസിനെ കെട്ടിയിട്ടു വെടി വച്ചു കൊന്നത്, രാജനെ ഉരുട്ടി കൊന്നു ശവം പോലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചത്, തങ്കമണി കൂട്ട ബലാല്‍സംഗം, ആലുവ കീഴ്മാട് അന്ധ വിദ്യാലയത്തിലെ തേർ വാഴ്ച, അങ്കമാലി മുതല്‍ ഒട്ടനവധി വെടി വയ്പ്പുകള്‍, ഉരുട്ടി കൊലപാതകങ്ങള്‍, മറ്റു തരത്തിലുള്ള ലോക്ക് അപ്പ്‌ കൊലപാതകങ്ങള്‍, മലവും മൂത്രവും ഭക്ഷിപ്പിച്ച സംഭവങ്ങള്‍, കേട്ടാലും വായിച്ചാലും കണ്ണും കാതും പൊത്തിപ്പോകുന്ന ന്രിശംസ്യതകള്‍ തുടങ്ങി പ്രജകളെ കൊല്ലാതെ കൊന്ന നിരവധി അനവധി സംഭവങ്ങള്‍. മീശ, പുരികം, കണപീലി മുതലായവ വലിച്ചു പറിച്ച സംഭവങ്ങള്‍ പണ്ടുണ്ടായിട്ടുണ്ട്. സമരക്കാരെയും കസ്റ്റഡിയില്‍ വരുന്നവരെയും ജനക്കൂട്ടത്തെയും നേരിടാന്‍ പോലീസിന് ഒന്നും രണ്ടും മൂന്നും അതിനപ്പുറവും മുറകള്‍ ഉണ്ടായിരുന്നു. “ക്രമ സമാധാന പാലനത്തിന്റെ“ ഭാഗമായി ജനനേന്ദ്രിയം വലിച്ചു പറിക്കാന്‍ നോക്കുക, ഞെരിച്ചുടക്കുക പുതിയ കലാപരിപാടികളും ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ഒട്ടു മിക്കതിനും ഭരിക്കുന്നവരുടെ ഒത്താശയും ആത്മാര്‍ത്ഥ പിന്‍തുണയും വേണ്ടത്ര ഗൂഡാലോചനയുടെ പിന്‍ബലവും  എല്ലാം ഉണ്ടാകാറുണ്ട്. രാഷ്ട്രീയ എതിരാളികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത എന്നും എക്കാലത്തും ഉണ്ടായിരുന്നു. ഭരണകൂടമുണ്ടെങ്കില്‍ അതിന്റെ ഭീകരതയും ഉണ്ടാവും എന്നതിന്റെ എന്നത്തേയും തെളിവുകളായി ഈ സംഭവങ്ങള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടു കൊണ്ടിരുന്നു. ചില സന്ദർഭങ്ങളിൽ പണമോ മറ്റേതെങ്കിലും തരത്തിലോ പോലീസിനെ സ്വാധീനിച്ച് ആളുകളെ കേസിൽ കുടുക്കുകയും ഇടിച്ചു നട്ടെല്ലൊടിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. 

ജോലിക്ക് നിന്നിരുന്ന ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ കസ്റ്റഡിയില്‍ എടുത്ത ചേരാനെല്ലൂർ സ്വദേശിനി ലീബ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ വാർത്ത വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കസ്റ്റഡിയിലെ  ക്രൂര മര്‍ദനത്തെത്തുടർന്ന് ലീബയ്ക്ക് തലയ്ക്കും നട്ടെല്ലിനും മാരകമായ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നും ചികിത്സയിൽ കഴിയുകയാണ്. സംഭവം നടന്ന് രണ്ട് വർഷത്തോളമായിട്ടും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനോ, ലീബയ്‌ക്കെതിരെ കേസ് തെളിയിക്കുന്നതിനോ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ ലീബയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍  പോലീസ് നല്ല ശുഷ്‌കാന്തി കാണിച്ചിരുന്നു. ഒമ്പത് കേസുകളിലായി നൂറോളം പേര്‍ക്കെതിരെ പോലീസ് അടിയന്തിരമായി കേസെടുത്തു. ലീബയുടെ കേസന്വേഷണം ഇഴയുമ്പോഴും നീതിക്കു വേണ്ടി പോരാടിയ നാട്ടുകാര്‍ കോടതി കയറിയിറങ്ങുകയാണ്. 

സ്‌കൂള്‍ ബസ്സില്‍ ഡ്രൈവറായ സുരേഷ് എന്ന ചെറുപ്പക്കാരൻ, ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് കൊച്ചി ഹാർബർ പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന് ഇടിച്ചു നടുവ് തളർത്തിയിട്ടിട്ട് ഒരു മാസം ആവുന്നേ ഉള്ളൂ. കള്ളക്കേസുണ്ടാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കുട്ടിയുടെ പിതാവും സുരേഷും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തായ പോലീസുകാരന്റെ താത്പര്യപ്രകാരമാണ് അറസ്റ്റ് നാടകം നടത്തിയതെന്നും പത്ര റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, ശാരീരിക പീഢന ക്ഷമതയോട് കിട പിടിക്കുന്ന മാനസിക പീഡന ക്ഷമതയും തങ്ങൾക്കുണ്ടെന്ന് പോലീസ് തെളിയിച്ച സംഭവം കഴിഞ്ഞ മാസം ഗുരുവായൂരിൽ സംഭവിച്ചിരുന്നു. ക്ഷേത്രത്തിൽ വിവാഹം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നവദമ്പതികളെ മൂന്നു മണിക്കൂറാണ് പോലീസ്‌സ്റ്റേഷനിൽ പിടിച്ചിരുത്തിയത്. വിവാഹശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവവരൻ തന്നെയാണ് കാർ ഒാടിച്ചിരുന്നത്. കാർ ഒരു ട്രാഫിക് പോലീസുകാരനെ ചെറുതായി തട്ടി. ഭാഗ്യാവശാൽ, അദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല. പക്ഷെ, പോലീസിന്റെ കൃത്യനിർവ്വഹണബോധം സട കുടഞ്ഞെഴുന്നേറ്റു. വൺവേ തെറ്റിച്ചു, വരൻ മൊബൈൽഫോണിൽ സംസാരിച്ചു, പോലീസുകാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങി കാൽ ഡസനോളം  കുറ്റങ്ങൾ ചാർത്തിയാണ് ഈ നവദമ്പതികളെ ബന്ദികളാക്കിയത്. ഈ വരൻ ചെയ്തു എന്ന് പറയപ്പെടുന്ന കാര്യങ്ങൾ എല്ലാം ഗൗരവമായ കുറ്റങ്ങൾ തന്നെയാണ്. അതിന് നിയമം അനുശാസിക്കുന്ന കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം  വരനെയും, ഇതിലൊന്നും പങ്കില്ലാത്ത വധുവിനെയും വിവാഹവേഷത്തിൽ പോലീസ്‌സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തിയ നടപടി തികഞ്ഞ സാഡിസമല്ലാതെ മറ്റെന്താണ്. മതപരമായ വിവാഹചടങ്ങിന്റെ ആചാരപരമായ പ്രസക്തിയിൽ വിശ്വസിക്കുന്നവരും ഇല്ലാത്തവരും എല്ലാം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇതിലെല്ലാം വിശ്വസിക്കുന്നവർക്ക് മുഹൂർത്തവും ഗൃഹപ്രവേശവും എല്ലാം പവിത്രവും പ്രധാനപ്പെട്ടതുമാണ്. ഗുരുവായൂർ സംഭവത്തിൽ വിവാഹ ശേഷമുള്ള ശുഭമുഹൂർത്തത്തിലെ ഗൃഹപ്രവേശം നടത്താൻ പോലീസ് നവദമ്പതികളെ അനുവദിച്ചില്ല. പോലീസ് ആരോപിക്കുന്ന കുറ്റങ്ങളിലൊന്നും പങ്കാളിയല്ലാത്ത ആ വധു തന്റെ ജീവിതത്തിലെ സന്തോഷകരമായ ആ ദിവസത്തിൽ കുറ്റവാളി കണക്കെ പോലീസ്‌സ്റ്റേഷനിൽ മണിക്കൂറുകൾ ചെലവിടേണ്ടി വന്നതിന്റെ മാനസിക ആഘാതത്തിന് എന്ത് പരിഹാരമാണുള്ളത്.

സാന്ദർഭികമായി, മുൻ ആലുവ റൂറൽ എസ് പി യതീഷ് ചന്ദ്രയുടെ സോഷ്യൽ മീഡിയ വൈറൽ അങ്കമാലി ലാത്തിച്ചാർജിന്റെ പശ്ചാത്തലത്തിൽ, അഴിമുഖം.കോം - ൽ ഉണ്ണികൃഷ്ണൻ കാസ്റ്റ് ലെസ്സ് എഴുതിയ ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ കൂടി ചേർക്കുകയാണ്. 

""കാക്കിക്കുള്ളിലെ നായാട്ടുപ്രേമികളുടെ സൈക്കിക് വൈബ്രേഷനുകള്‍ക്ക് ജനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കളും ലൈംഗീക അതിക്രമകേസുകളിലെ ഇരകളും പാവപ്പെട്ടവനും ഇരയായിത്തുടങ്ങിയിട്ട് കാലം കുറച്ചായി. ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ മാത്രം അവശേഷിക്കുന്നു എന്ന് ധരിച്ചിരുന്ന കുട്ടന്‍പിള്ള ( ആ പേരുള്ള നല്ല മനുഷ്യര്‍ എന്നോട് പൊറുക്കട്ടെ) പോലീസ് സംസ്കാരത്തിന്‍റെ ഉത്തരാധുനിക പതിപ്പാണ്‌ യതീഷ് ചന്ദ്ര എന്ന ഐ പി എസ് ഏമാന്‍. ഒരുപക്ഷേ മലയാള സിനിമയ്ക്ക് സുരേഷ് ഗോപിക്ക് ശേഷം ലഭിക്കാന്‍ സാധ്യതയുള്ള ഗര്‍ജിക്കുന്ന സിങ്കം ആയി നാളെ ഇദ്ദേഹം മാറില്ലെന്ന് ആരുകണ്ടു. തലവര നന്നെങ്കില്‍ ബോളിവുഡിലും എത്തിയേക്കാം. ഇനിയൊരവസരം കിട്ടുമ്പോള്‍ ക്യാമറയും തുറന്നുവച്ച് നാല് പൊളപ്പന്‍ ഡയലോഗും പറഞ്ഞ് പാവം ജനങ്ങളുടെ മേലെ മേഞ്ഞ് അരയിലെ തോക്കിലെ നാല് ഉണ്ടയും പൊട്ടിച്ചുകളഞ്ഞാല്‍ ഇന്ന് കിട്ടിയ പതിനായിരം ഫേസ്ബുക്ക് ലൈക്ക് ഒരു ലക്ഷമായി ഉയര്‍ത്താം. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്ടില്‍ മാനസിക വൈകല്യമുള്ള പോലീസുകാര്‍ക്കുമുണ്ടാകും ജയ് വിളിക്കാനും ഫാന്‍സ്‌ ക്ലബ് രൂപികരിക്കാനും ആളുകള്‍. എന്നുകരുതി ഇതുതന്നെ സ്വര്‍ഗരാജ്യമെന്നു കരുതിയാല്‍ പ്ലാന്‍ പാളും. പഴയ ഫ്യൂഡല്‍ മാടമ്പി പോലീസ് ഏര്‍പ്പാടുകള്‍ തട്ടുമ്പുറത്തായിട്ട് കാലമേറെയായി എന്ന് അദ്ദേഹത്തിന് ആര് പറഞ്ഞ്കൊടുക്കും? കാരണം ഹിറ്റ്ലറും മുസ്സോളിനിയും മരിച്ചിട്ട് നാളേറെയായി സാറേ. ജേക്കബ് പുന്നൂസ് അടക്കമുള്ള മനുഷ്വത്വമുള്ള പോലീസുകാര്‍ ഉള്ള കൂട്ടത്തില്‍ തന്നെയാണിതെന്നും അറിയുമ്പോഴാണ് നാനാത്വത്തില്‍ ഏകത്വം എന്നത് പോലീസുകാരെ സംബന്ധിച്ചെങ്കിലും എത്ര നേരാണെന്ന് അറിയുന്നത്. 

എസ് പിയോടാണോ കളി എന്ന് യതീഷ് ചന്ദ്ര ചോദിക്കുന്നത് കേട്ടു. ശരി... കളി അറിയാവുന്ന നിങ്ങള്‍ പോലീസുകാര്‍ നന്നായറിഞ്ഞു കളിച്ച ചില കാര്യങ്ങള്‍ പറയട്ടെ സാര്‍? കുറഞ്ഞത് ഇതൊക്കെ ഉള്ളതാണെന്നെങ്കിലും സമ്മതിക്കുമോ അങ്ങ്?

* ഏറണാകുളത്ത് നിന്നും കഞ്ചാവുമായി അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നും പോലീസ് വിലപേശി കൈക്കൂലി വാങ്ങിയെന്ന പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ താങ്കള്‍ അറിഞ്ഞിരുന്നോ?

*വൻ തട്ടിപ്പ് കേസിലെ പ്രതിയായ കവിത പിള്ളയെ പോലീസുകാര്‍ക്ക് കൈക്കൂലി എത്തിക്കാനും കേസുകള്‍ ഒതുക്കാനുമുള്ള ഇടനിലക്കാരിയായി പോലീസുകാര്‍ തന്നെ 'നിയമിച്ചത്' താങ്കള്‍ അറിഞ്ഞിരുന്നോ?

* പാവം ഒരു സെക്യൂരിറ്റി ജീവനക്കാരനെ വണ്ടി കയറ്റിക്കൊന്ന പണച്ചാക്കായ ക്രിമിനലിനെ രക്ഷിക്കാന്‍ എഫ് ഐആറില്‍ വെള്ളം ചേര്‍ത്തും സെക്യൂരിറ്റി ജീവനക്കാരന്‍റെ മരണമൊഴി എടുക്കാതെയും 'സഹകരിച്ച' പോലീസുകാര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ താങ്കള്‍?

*അതേ ക്രിമിനലിന് ജയിലിനുള്ളില്‍ സകല സഹായവും ചെയ്ത് കൊടുക്കുന്നത് പോലീസുകാര്‍ തന്നെയെന്നു അറിഞ്ഞിട്ടുണ്ടോ താങ്കള്‍?""

ഉണ്ണികൃഷ്ണന്റെ ചോദ്യങ്ങൾ നേരിട്ട് യതീഷ് ചന്ദ്രയോടാണെങ്കിലും അത് ചെന്ന് പതിയ്ക്കുന്നത് മൊത്തം പോലീസ് സംവിധാനത്തിന്റെ ചെവിയിലാണ്. 

കാലാകാലങ്ങളിൽ സ്വീകരിച്ച മനുഷ്യപക്ഷ പരിഷ്‌കാരങ്ങൾ കൊണ്ട്, പോലീസ് മുൻകാലങ്ങളെ അപേക്ഷിച്ച്  കുറച്ചൊക്കെ ജനമൈത്രി ആർജ്ജിച്ചിട്ടുണ്ട്. എന്നാൽ, ആഭ്യന്തര മന്ത്രാലയം, പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ, നീതിപീഠങ്ങൾ മുതലായ നിരീക്ഷണ സംവിധാനങ്ങളുടെയെല്ലാം വ്യക്തമായ നിർദ്ദേശങ്ങളെ തൃണവൽഗണിച്ചു കൊണ്ട് കാക്കിക്കുള്ളിലെ ഏതാനും ചില മൃഗതുല്യർ നിരന്തരം ഏർപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളെ അധികാരികൾ ഇനിയും അവഗണിക്കരുത്. അത് ജനങ്ങളിൽ വീണ്ടും പോലീസിനെ പറ്റി ഭീതിയും അവിശ്വാസവും വളർത്താനേ ഉപകരിക്കൂ. കാട്ടുനീതിയുടെ കാവൽ നായ്ക്കളോടും കറുത്ത ലോകത്തിന്റെ അധിപരോടും സഹവർത്തിത്വവും ഗതികെട്ട സാധാരണ പൊതുജനത്തോട് വിദ്വേഷവും ശത്രുതാ മനോഭാവവുമാണ് പോലീസ് പുലർത്തുന്നതെങ്കിൽ ആ പോലീസ്, നിയമ നീതി സംവിധാനങ്ങളുടെ സംരക്ഷകരല്ല, മറിച്ച് പൗരന്റെ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും അന്തകരാണ്. പോലീസിൽ നവീകരണത്തെക്കാൾ അത്യാവശ്യം മാനവീകരണമാണ്. യൂണിഫോം ഇട്ട എല്ലാ വിഭാഗങ്ങളുടെയും ഒരു ഗതി കേടുണ്ട്. ഒരാൾ കാണിക്കുന്ന മോശം കാര്യത്തിനും ആ കുപ്പായം ഇട്ട മറ്റുള്ളവരും അടച്ചു പഴി കേൾക്കും. അത് പൊലീസോ പട്ടാളമോ വക്കീലോ പള്ളീലച്ചനോ കന്യാസ്ത്രീയോ ആരായാലും....അതിനാൽ കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാതെ നിയമത്തിന്റെ കൈകളിൽ വിട്ടു കൊടുക്കുകയാവും ഭൂരിഭാഗത്തിന് നല്ലത്. അല്ലാതെ, ഒറ്റപ്പെട്ട മോശം സംഭവങ്ങൾ വരുമ്പോൾ വർഗ്ഗബോധം മൂത്ത് തലയിൽ ഓളം വെട്ട് തുടങ്ങിയാൽ പിന്നെ തരവഴി കാണിച്ചവനെ ചുമലിലേറ്റുന്നവർ ഒക്കെ നാറും. ചത്ത ഒറ്റ ഈച്ച വീണാൽ മതി ഒരു കുടം വീഞ്ഞ് മൊത്തം ചീത്തയാവാൻ. പിന്നെ, പോലീസ് മാഫിയ ആണെന്ന് ഒക്കെ പറഞ്ഞാൽ സമ്മതിക്കാൻ തലയ്ക്കു വെളിവുള്ള ആരും വരുമെന്ന് എനിക്കും തോന്നുന്നില്ല. മോശം സംഭവങ്ങൾ എല്ലാം ഒറ്റപ്പെട്ടത് തന്നെയായി കാണാനാണ് എനിക്കും ഇഷ്ടം. പക്ഷെ ഒറ്റപ്പെട്ട സംഭവങ്ങളുടെ എണ്ണം ഏറിവന്നാൽ അതിനെ ഒറ്റപ്പെട്ടത് എന്ന് കാണാൻ യുക്തി അനുവദിക്കില്ല എന്ന സത്യം അവശേഷിക്കുന്നു.

ഓർക്കുക, തമിഴിൽ പൊലീസിന് കാവൽ എന്നാണ് വിളിപ്പേര്. ഇന്ത്യയിൽ ഒരിടത്തും, വിശേഷിച്ചു കേരളത്തിൽ പോലീസിനെ ആ പേരിട്ട് ആത്മാർത്ഥതയോടെ വിളിക്കാനാവുമോ ?  പോലീസ് മേധാവിയുടെ പുതിയ നിർദ്ദേശങ്ങൾ കൊണ്ട് നമ്മുടെ പോലീസ് "കാവൽ" ആകുമെന്ന് പ്രതീക്ഷിക്കാനാകുമോ ? ഇല്ലെന്നാണ് എന്റെ തോന്നൽ... 

(പഴയ പോസ്റ്റ് ആയിരുന്നു;  കാലിക പ്രസക്തി നഷ്ടപ്പെടാത്തത് കൊണ്ട് സമകാലിക സംഭവങ്ങൾ കൂടി ചേർത്ത് ഒന്ന് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

Tuesday, 6 June 2017

മനുഷ്യന് വേണ്ടി സംസാരിക്കാൻ ഇവിടെ ഒരു പട്ടിയുമില്ല !!??


സംസ്ഥാന ഭരണസിരാകേന്ദ്രത്തിനടുത്ത പുല്ലുവിള സ്വദേശി മല്‍സ്യതൊഴിലാളിയായ ജോസ് ക്ലിന്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തി ആഹാരം കഴിച്ചശേഷം, തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ്  ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്.

പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സജി എന്ന ആളെ തെരുവുനായ കടിച്ച വാർത്ത ഒരേ സമയം കൗതുകവും ഞെട്ടലും ഉണ്ടാക്കിയിട്ട് അധിക കാലമായില്ല. ഒരു അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷന്‍ കാന്റീന്‍ സമീപത്ത് കൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നായ സജിയെ കടിച്ചത്.  നായ്ക്കളെ പുനരധിവസിപ്പിക്കാൻ പാര്‍ക്ക് സ്ഥാപിച്ച നഗരസഭയാണ് പാലാ.  ഏഴുലക്ഷം രൂപ മുതൽ മുടക്കിൽ ഒരേസമയം അറുപത് നായ്ക്കളെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് അവകാശപ്പെട്ടാണ് പാലായിൽ അന്ന് നായ് പാർക്ക് തുടങ്ങിയത്.

വര്‍ക്കലയിൽ വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നരാഘവന്‍ എന്ന വൃദ്ധൻ തെരുവു നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും ഒരു വര്ഷമായില്ല. അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് തൊണ്ണൂറുകാരനായ രാഘവന്‍ മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അദ്ദേഹത്തെ ആറോളം നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്.


പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ശിലുവമ്മ (65) എന്ന വയോധിക മരിച്ചത് കഴിഞ്ഞ ആഗസ്റ്റിൽ ആയിരുന്നു. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചു തിന്ന നിലയിലായിരുന്നു അപകടസ്ഥലത്ത് അവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. ഒടുക്കം അയാൾ കടലില്‍ ചാടിയാണ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. പത്ര റിപ്പോർട്ടുകൾ അനുസരിച്ച് നൂറോളം പട്ടികളാണ് ഇവരെ കൂട്ടത്തോടെ ആക്രമിച്ചത്.

അടുത്തയിടെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണീ വാർത്തകളെല്ലാം.......

രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിലെ ശ്രദ്ധേയമായ ചിത്രമായിരുന്ന "ബ്ലാക്കിലെ" മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്-"ആണ്‍ഗുണ്ടയ്ക്ക് പെണ്‍ഗുണ്ടയിൽ ഉണ്ടാകുന്ന വിചിത്ര ജന്മങ്ങൾ ഒന്നുമല്ല ഈ ഗുണ്ടകൾ". ഗുണ്ടകളുടെ കാര്യത്തിൽ സംഭവം സത്യമാണെങ്കിലും തെരുവ് പട്ടികളുടെ കാര്യത്തിലെ സത്യം മറ്റൊന്നാണ്. ഭൂരിഭാഗം തെരുവുപട്ടികളും ഒരു തെരുവ് പട്ടിക്ക് മറ്റൊരു തെരുവ് പട്ടിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ തന്നെയാണ്. ഇവറ്റകളെ കൂട്ടത്തോടെ കാണാത്ത ഒരു തെരുവുകളും ഇന്ന് കേരളത്തിലില്ല. സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും മുരളുകയും കുരക്കുകയും കടിക്കുകയും ചെയ്യുന്ന സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന്റെ സമാധാന ജീവിതത്തിനു നേരെ വെല്ലുവിളി ഉയർത്തുന്നു.  തെരുവ് നായയ്ക്ക് ചെറിയൻ, വലിയവൻ, ഉള്ളവൻ, ഇല്ലാത്തവൻ, പണ്ഡിതൻ, പാമരൻ, സ്ത്രീ, പുരുഷൻ, കുട്ടി, മുതിർന്നയാൾ എന്നൊന്നും ഉള്ള യാതൊരു വ്യത്യാസവും ഇല്ല. അവർ ആരെയും കടിക്കും. പ്രഭാത സവാരിക്കാരും സ്‌കൂള്‍ കുട്ടികളും ഒക്കെ ഇവറ്റകളുടെ പ്രധാന ഇരകളാണ്. മുൻപൊക്കെ വീടുവിട്ടിറങ്ങുന്നവരാണ് നായ്പ്പേടി അനുഭവിച്ചിരുന്നതെങ്കിൽ ഇന്ന് കഥ മാറി. സ്വന്തം വീട്ടുമുറ്റത്തും ക്ലാസ് മുറികളിലും പണി സ്ഥലത്തും കയറി പട്ടികൾ മേയുന്നു. പിഞ്ചുകുഞ്ഞിനെ മുതൽ വയോവൃദ്ധരെ വരെ തെണ്ടിപ്പട്ടികൾ കടിച്ചു കീറിയ കഥകളുമായാണ് ഓരോ ദിവസത്തെയും പത്രങ്ങൾ വരുന്നത്.  കേരളത്തിൽ പെരുകുന്ന തെരുവ് പട്ടികളുടെ ദയാരഹിതമായ ആക്രമണം ഇന്നൊരു സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഈ ഗുരുതരമായ പ്രശ്നത്തെ ഏതെങ്കിലും രീതിയിൽ‍ ഇല്ലാതാക്കാൻ‍ അധികാരികളും ജനങ്ങളും ഒരുപോലെ തല പുണ്ണാക്കുന്നതിനിടയിൽ കുറെ പട്ടി പ്രേമികൾ "പട്ടികളുടെ മനുഷ്യാവകാശം" സംരക്ഷിക്കാൻ ഇറങ്ങി. ഇവിടെയുള്ള അസംഖ്യം തെരുവുപട്ടികളും മേനക ഗാന്ധിയും രഞ്ജിനി ഹരിദാസും ജസ്റ്റിസ് നാരായണക്കുറുപ്പും ലോക്കൽ - ദേശീയ - അന്തർദേശീയ പട്ടിപ്രേമികളും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗന്‍സ്റ്റ് ആനിമല്‍സ് (SPCA)യും തുടങ്ങി, അന്തർ സംസ്ഥാന - ദേശീയ - ആഗോള പട്ടിപ്രേമികൾ പടച്ചു വിട്ട ഹേറ്റ്‌സ് കേരള, ബോയ്‌കോട്ട് കേരള എന്നീ സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും  കൂടിയായപ്പോൾ സംഗതി ഒന്ന് കൂടി കളം മൂത്തു എന്ന് പറഞ്ഞാൽ മതി. സ്ത്രീ ശരീരത്തിന്റെ കച്ചവട സാധ്യതകൾ എല്ലാം വിറ്റു കാശാക്കിയ ആഗോള പോണ്‍ പ്രേമികളുടെ രോമാഞ്ചം സണ്ണി ലിയോണ്‍ മറ്റെല്ലാ മേഖലകളെയും ഉദ്ധരിച്ചു കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ തെണ്ടിപ്പട്ടികളെ ഉദ്ധരിക്കാൻ വേണ്ടി രംഗത്തു വന്നു. 

ഇതിനിടെ ബഹുജനപക്ഷത്ത് നിന്ന് കൊണ്ട് തെരുവ് നായ് ഉന്മൂലന പരിപാടികളുമായി മുന്നോട്ടു വന്ന ചിറ്റിലപ്പിള്ളി കൊച്ചൗസേഫിനെയും ജോസ് മാവേലിയെയും മറ്റു ചില സാധാരണക്കാരെയും പട്ടി പ്രേമികൾ ഒറ്റക്കും കൂട്ടമായും തെരുവ് നായ്ക്കളെക്കാൾ ക്രൂരമായി കടിച്ചു കുടഞ്ഞു കൊണ്ടിരിക്കുകയാണ്. നായ്ശല്യം കൊണ്ട് പൊറുതി മുട്ടിയ, ഇവിടെയുള്ള ഗതികെട്ട പൊതുജനം പരാതികളുമായി അധികാരികളെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾ നേരിട്ട് നായ് നിർമ്മാർജന പരിപാടികൾ തുടങ്ങി. അവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കാൻ തുടങ്ങിയതോടെ ജനം വീണ്ടും വലഞ്ഞു. മേനക ഗാന്ധി, IPC Section 428, 429 എന്നൊക്കെ കേട്ട് നായ്ക്കൾക്ക് കൊട്ടെഷനുമായി ഇറങ്ങിയവർ കിടുങ്ങി. കടിക്കുന്ന പട്ടിയെക്കൊന്ന് ജയിലിൽ പോകേണ്ടി വരുന്ന അവസ്ഥ ഈ ജനാധിപത്യ രാജ്യത്തേ ഉണ്ടാകാൻ വഴിയുള്ളൂ. വിദഗ്ദ്ധാഭിപ്രായത്തിൽ ആറോ അതിലധികമോ ഉള്ള നായ്ക്കൂട്ടങ്ങൾ പൊതുവെ അപകടകാരികൾ ആണ്. മനുഷ്യജീവന്റെ സുരക്ഷക്കു ഭീഷണിയാവുന്ന തെരുവ് നായയെ കൊല്ലരുതെന്ന് ഒരു നിയമവും കോടതിയും ഇവിടെ അനുശാസിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ, ഇവയെ തെരുവിൽ നിന്നും ഇല്ലാതാക്കാൻ ഒന്നുകിൽ പുനരധിവസിപ്പിക്കണം; അല്ലെങ്കിൽ ഉന്മൂലനം ചെയ്യണം. അടിയന്തിര പുനരധിവാസത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്റെ അറിവനുസരിച്ച് ഒരു നായയെ കൊന്നാല്‍ പരമാവധി ശിക്ഷ 50 രൂപ പിഴ മാത്രമാണ്. പിഴയടച്ച പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം എടുക്കാവുന്ന കേസാണിത്. ആവർത്തിച്ചാൽ മാത്രമേ കടുത്ത ശിക്ഷകൾ ഉള്ളൂ. ഓരോ പ്രദേശത്തേയും ജനങ്ങൾ ഒത്തൊരുമിച്ചാൽ തീരാവുന്ന പട്ടി പ്രശ്നമേ ഈ നാട്ടിലുള്ളൂ. യുദ്ധകാലാടിസ്ഥാനത്തിൽ എണ്ണം നിയന്ത്രിച്ച ശേഷം എബിസിയും കാര്യക്ഷമമായ ലൈസൻസിങ്ങും കൊണ്ട് വന്നാൽ വ്യാപകമായ തെരുവ് നായ് ആക്രമണങ്ങൾ  ഇല്ലാതാക്കാവുന്നതേ ഉള്ളൂ. പിന്നെ, നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നികൃഷ്ടമായി പ്രദർശിപ്പിക്കുന്നവരുടെ ഉന്നം വ്യക്തി കേന്ദ്രീകൃതമോ രാഷ്ട്രീയലക്ഷ്യത്തോടെയോ ഉള്ള പബ്ലിസിറ്റിയാവാം. അല്ലെങ്കിൽ,  തെരുവ് നായ്ക്കൾക്ക് വേണ്ടി വീറോടെ വാദിക്കുന്ന നായ്സ്നേഹികളോടുള്ള പ്രതിഷേധപ്രകടനവും ആവാം. എന്ത് തന്നെയായാലും, ഇത്തരം വൈകൃതങ്ങളോട് സാധാരണ മനോനിലയുള്ളവർക്കെല്ലാം 101 % വിയോജിപ്പ് തന്നെയാവാനാണ് സാധ്യത. ക്രമാതീതമായി, എണ്ണത്തിലധികമായ പട്ടികളെ കൊല്ലേണ്ടത് സാഹചര്യവശാൽ ആവശ്യമായിരിക്കാം. പക്ഷെ, ഇത്തരം തറ പബ്ലിസിറ്റി സ്റ്റണ്ടുകൾ തനി കാടത്തവും അങ്ങേയറ്റം സംസ്കാരരഹിതവുമാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചാൽ പോലും തെറ്റില്ല.പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ടെന്നും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് തടസമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനു ഭീഷണിയാകുന്ന ജന്തുക്കളെ ഉന്‍മൂലനം ചെയ്യണമെന്ന് മുന്‍ തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകറും പറഞ്ഞു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാള്‍ ഉപരി പട്ടി സ്നേഹികള്‍ക്കാണ് എതിര്‍പ്പെന്നും അദ്ദേഹം പറയുന്നു. തെരുവിലല്ല നായയെ വളര്‍ത്തേണ്ടത് വീട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ലോബികളാണ് ഇവരെ പിന്തുണണയ്ക്കുന്നത് എന്ന് കൂടി അദ്ദേഹം പറയുന്നു. കേരളാ മെഡിക്കൽ സെർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേധാവിയായിരുന്ന ഇദ്ദേഹത്തിന്റെ ഈ വാക്കുക്കൾ അടിവരയിട്ട് വായിക്കേണ്ടതാണ്.


കേരളത്തില്‍ ഏകദേശം എട്ടു ലക്ഷത്തോളം തെരുവുപട്ടികള്‍ ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കണക്ക്.  ഇതിനും മാത്രം തെരുവ് പട്ടികൾ എങ്ങിനെയാണുണ്ടായത്‌ ? വിപൽക്കരമായ ഈ അവസ്ഥയ്ക്ക് പിന്നിലെ കുറ്റവാളികൾ ആരാണ് ? പ്രതികൾ എന്ന് നാം ആരോപിക്കുന്നവരുടെ നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റേ വിരലുകൾ എല്ലാം നമുക്ക് നേരെ തന്നെ ചൂണ്ടപ്പെടുകയാണ്. ഒരു ജീവിയ്ക്ക് നിലനില്ക്കാൻ ഏറ്റവും ആവശ്യമായ സാധനം ഭക്ഷണമാണ്. യാതൊരു വിധ മാന്യതയും മര്യാദയും ഇല്ലാതെ ഭക്ഷ്യമാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്ന ഓരോ പൌരനുമാണ് തെരുവുപട്ടി പ്രശ്നത്തിലെ ഒന്നാം പ്രതി. ഇപ്പോൾ പട്ടികളുടെ അപ്പസ്തോലന്മാരായി ഇറങ്ങിയിരിക്കുന്ന പട്ടിപ്രേമികൾ തന്നെയാണ് അതേ നിലവാരത്തിലുള്ള കൂട്ട് പ്രതി. കാരണം, പട്ടിപ്രേമികൾ വളർത്തുന്ന നായ്ക്കൾ "ഉപയോഗ യോഗ്യമല്ലാതാകുമ്പോൾ" അവയെ കൊല്ലുന്നത് സഹിക്കാൻ പറ്റായ്കയാൽ കാരുണ്യപൂർവ്വം ഒഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു. അവയാണ് പെറ്റു പെരുകി ഇത് പോലെ സാമൂഹ്യ വിപത്താവുന്നത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഭൂരിഭാഗം പട്ടിപ്രേമികളും ഇങ്ങിനെയാണ്‌ തങ്ങളുടെ വളർത്തുനായ്ക്കളെ ഒഴിവാക്കാറുള്ളത്‌. മാലിന്യ നിർമ്മാർജനവും നായ് സംഖ്യാ നിയന്ത്രണവും നായ് രോഗ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമായി നടത്താത്ത അധികാരികളെ പ്രതി പട്ടികയിൽ അവസാനം ചേർത്താൽ മതിയാകും.  

സ്വാഭാവികമായും Survival of  the fittest തത്വം അനുസരിച്ച് ജീവിക്കുന്ന തെരുവ് ജീവികൾ അക്രമാസക്തർ ആകാനേ തരമുള്ളൂ. പൊതുവെ പട്ടിപ്പേടിയുള്ള മനുഷ്യരിൽ നിന്നും ഏറ്റു വാങ്ങുന്ന കല്ലേറും മറ്റു ക്രൂരതകളും ഇവയെ കൂടുതൽ അക്രമാസക്തർ ആക്കുന്നു. തെരുവ് പട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവർ പോലും ഉണ്ടെന്നത് കൊച്ചി നഗരത്തിലെ ഒരു മനശാസ്ത്ര കൌണ്‍സിലർ പറഞ്ഞ ഞെട്ടിക്കുന്ന അറിവാണ്. 


അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ പണ്ടൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ തെരുവ് പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി ഉണ്ടായിരുന്നു. മുൻപ് സാമൂഹ്യക്ഷേമ സഹമന്ത്രിയായിരിക്കെ മനേകാഗാന്ധിയുടെ കർശന നിർദ്ദേശപ്രകാരമാണ് നായ്പിടുത്തവും നായ് വധവും നിരോധിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ മരുമകളായതിന് ശേഷമാണ് അവർക്ക് മനുഷ്യനേക്കാൾ മൃഗങ്ങളോട് സ്നേഹം കൂടിയതെന്ന് പറഞ്ഞ മറ്റൊരു സ്നേഹിത നേയും ഈ അവസരത്തിൽ ചുമ്മാ ഓർക്കുകയാണ്. ഇപ്പോൾ ആയമ്മ പറയുന്നത് പട്ടി കടിക്കാൻ വന്നാൽ ഓടി മരത്തിൽ കയറിയാൽ മതി എന്നാണ്. പാടത്തോ ബീച്ചിലോ വച്ച് പട്ടി ഓടിച്ചാൽ എന്ത് ചെയ്യണമെന്നോ ഓടാനോ മരം കയറാനോ അറിയാത്തവർ എന്ത് ചെയ്യണമെന്നോ ഈ നിർദേശത്തിൽ വ്യക്തവുമല്ല. നായ്ക്കളെ കൊല്ലുന്നതിനു പകരം പുനരധിവാസം, വന്ധ്യംകരണം മുതലായ മനോഹരമായ ആശയങ്ങളാണ് ചേച്ചിയും മറ്റു പട്ടി പ്രേമികളും മുന്നോട്ടു വയ്ക്കുന്നത്. ഭാഗ്യത്തിന് പട്ടികളെ ബോധവല്ക്കരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരെ ഇത് വരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് തെണ്ടിപ്പട്ടികളെ പുനരധിവസിപ്പിക്കുന്നത്...ത്ഫൂ..... വന്ധ്യം കരണം എളുപ്പത്തിൽ പ്രായോഗികമല്ലെന്ന വാദം അവഗണിച്ചിട്ട്‌ വന്ധ്യംകരണ ആശയവുമായി മുന്നോട്ടു പോയാൽ തന്നെ ഇപ്പോഴുള്ള എട്ടുലക്ഷം തെണ്ടിപ്പട്ടികളും വീണ്ടും ഉപേക്ഷിക്കപ്പെടുന്ന "ഉപയോഗ ശൂന്യമായ" പട്ടികളും ഇവിടെത്തന്നെ ഉണ്ടാകില്ലേ ? വന്ധ്യംകരണത്തിലൂടെ നായപ്പെരുപ്പം തടയാനാകുമെങ്കിലും ഇപ്പോൾ തെരുവുകളിൽ അപകടകരമായി അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ മറ്റു മാർഗങ്ങൾ തേടിയേ പറ്റൂ..... മാത്രവുമല്ല, വന്ധ്യംകരിക്കപ്പെട്ട പട്ടി കടിക്കില്ല എന്നാരാണ് പറഞ്ഞത് ? പട്ടിയുടെ കടിക്കാനുള്ള വാസന അതിന്റെ വൃഷണത്തിലാണോ ഇരിക്കുന്നത് ? അടിയന്തിരാവസ്ഥക്കാലത്ത് ക്വോട്ട നിശ്ചയിച്ച് ആളുകളെ നിർബന്ധപൂർവ്വം വന്ധ്യംകരിച്ച സഞ്ജയ്‌ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ വന്ധ്യംകരണം വന്ധ്യംകരണം എന്ന് പറയുന്നതെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുകയാണ്. പേപ്പട്ടി വിഷ പ്രതിരോധ (ആന്റി റാബീസ്) കുത്തിവയ്പ്പ് എല്ലാ തെരുവ് പട്ടികളടക്കം എല്ലാ പട്ടികൾക്കും നല്കുക എന്നതാണ് അടുത്ത ആശയം. ഘടാഘടിയൻ പ്രചാരണങ്ങൾ നടത്തിയിട്ട് ഇവിടത്തെ മനുഷ്യര് മുഴുവൻ ആധാർ കാർഡും വോട്ടർ കാർഡും ജൻധൻ അക്കൌണ്ടും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകളും ഒന്നും തന്നെ ഇപ്പോഴും എടുത്തു കഴിഞ്ഞിട്ടില്ല. പിന്നെയാണ് പട്ടികൾ !!! ഒരു അറിയിപ്പ് കൊടുത്താൽ ഉടനെ നാട്ടിലെ പട്ടികളെല്ലാം കുത്തി വയ്പ്പെടുക്കാൻ നിരന്നു നിന്നോളുമോ ആവോ ? നടപ്പുള്ള കാര്യം വല്ലതും പറയൂ കൂട്ടരേ... 

സംഗതി വളരെ ലളിതമാണ്; മനുഷ്യ കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് അപകടകരമായ രീതിയിൽ ഭംഗം വരുത്തുന്ന എന്തിനെയും ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ തത്വം വച്ചല്ലേ അക്രമാസക്തരായ കൊടും ഭീകരന്മാരെയും കൊള്ളക്കാരെയും ഗുണ്ടകളെയും സമരക്കാരെയും ഒക്കെ വെടി വച്ച് കൊല്ലുന്നത്. അവരും മനുഷ്യരല്ലേ; അപ്പോൾ പിന്നെ ആ മനുഷ്യർക്ക്‌ കൊടുക്കാത്ത എന്ത് അവകാശമാണ് തെണ്ടിപ്പട്ടികൾക്ക് ഉറപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ? അല്ലെങ്കിൽ ഇവറ്റയെ ഒക്കെ പിടിച്ചു കെട്ടി പട്ടിയെ തിന്നുന്ന നാടുകളിലേക്ക് കയറ്റി അയച്ചാൽ പുതിയൊരു കച്ചവട മേഖല തുറക്കുകയുമാവാം പട്ടി ശല്യം ഒഴിവാക്കുകയുമാവാം. ഗോഡ്സ് ഓണ്‍ കണ്ട്രി "ഡോഗ്സ് ഓണ്‍ കണ്ട്രി" ആയി മാറുമ്പോഴും അത്യന്തം അപകടകാരികൾ ആയ കേവലം തെണ്ടിപ്പട്ടികൾക്ക് വേണ്ടി പോരാടാൻ എത്ര മനുഷ്യരാ....!!! പക്ഷെ മനുഷ്യർക്ക് വേണ്ടി നില കൊള്ളാൻ ഒരു പട്ടിയുമില്ലാതെ പോകുന്നല്ലോ എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു, ഈ നാടിനെ ഓർത്ത്......!!!ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Monday, 5 June 2017

ഊർജ്ജിത സന്താനോൽപ്പാദനവും മതരാഷ്ട്രീയ നേതാക്കളും....

ഉത്തമസന്തതികളെ എങ്ങനെ ഗര്‍ഭം ധരിക്കാം എന്ന പദ്ധതി മുന്നോട്ടു വച്ച് കൊണ്ട് ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ആരോഗ്യഭാരതിയുടെ ശില്പശാലകൾ വാർത്തകളിൽ നിറയുകയാണ്. "ഗര്‍ഭ സംസ്‌കാര പദ്ധതി" എന്ന പേരില്‍, വെളുത്ത, ഉയരം കൂടിയ, ബുദ്ധിയുള്ള കുട്ടികളെ എങ്ങനെ ഉണ്ടാക്കാമെന്ന് നിര്‍ദേശിക്കുന്ന ശില്‍പശാലകള്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാന്‍ പോകുന്ന സാഹചര്യത്തിൽ അതിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടതാണ് വാർത്തയുടെ ഉറവിടം....(http://www.reporterlive.com/2017/05/07/383147.html)

ജീവകാരുണ്യ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സഭയുടെ പോഷക സംഘടനകളുടെ, "വലിയ കുടുംബങ്ങൾക്ക്" വേണ്ടിയുള്ള പദ്ധതികളുടെ വിജയത്തിന് വ്യക്തിയും കുടുംബവും ഇടവകകളും മത്സരബുദ്ധിയോടെ മുന്നോട്ടു വരണമെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആഹ്വാനം ചെയ്തത് ചർച്ചാവിഷയമായിരുന്നു. ക്രിസ്തുമസ്സിന് മുന്നോടിയായി പള്ളികളില്‍ വായിക്കാനുള്ള ഇടയലേഖനത്തിലൂടെയാണ് ബിഷപ്പ് വിശ്വാസികളെ ഇത്തരത്തിൽ ഉദ്ബോധിപ്പിച്ചത്. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനം പറയുന്നു. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുള്ള അവസാന
നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരേയും വിവാഹം കഴിപ്പിക്കുവിന്‍. അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്" എന്ന ബൈബിള്‍വാചകം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇടയലേഖനം അവസാനിപ്പിച്ചത് .

കുറച്ച് കാലമായി, ഹിന്ദു ജനവിഭാഗത്തിന്റെ ജനസംഖ്യാ അനുപാതം കൂട്ടുന്നതിനു വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു കൂടുതലും കേട്ട് കൊണ്ടിരുന്നത്. അതിന് വേണ്ട വിവിധ പരിപാടികൾ ഹിന്ദു ധർമ്മ പോഷക സംഘടനകൾ മുറയ്ക്ക് ആവിഷ്കരിച്ചു നടപ്പാക്കി നടപ്പാക്കിക്കൊണ്ടുമിരുന്നു. ഘർ വാപസി, മത പുന:പരിവർത്തനം മുതലായ പരിപാടികൾക്ക് ശേഷം അടുത്ത ആഹ്വാനം സന്തനോല്പ്പാദന അനുപാതം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് നടന്നിരുന്നത്. 


ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആഗ്രയില്‍ ആർ  എസ് എസിന്റെ ചതുര്‍ദിന സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോൾ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചത് ഈയടുത്ത നാളുകളിലാണ്. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കരുതെന്ന് പറയുന്ന നിയമം ഏതാണെന്നും അങ്ങനെയൊന്നില്ലെന്നും  മറ്റുള്ളവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് എന്താണു ഹിന്ദുക്കളെ തടയുന്നത് എന്നുമൊക്കെയായിരുന്നു മോഹന്‍ ഭഗവതിന്റെ ആശങ്ക കലർന്ന വാക്കുകള്‍.  ഹിന്ദു ദമ്പതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ, ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതിനു മുന്‍പ് മോഹന്‍ ഭാഗവത് പത്തു കുട്ടികളെ നന്നായി വളര്‍ത്തി കാണിക്കുകയാണ് വേണ്ടതെന്ന രൂക്ഷ പ്രതികരണമാണ് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ നടത്തിയത്. നരേന്ദ്ര മോദിയെ  ലക്‌ഷ്യം വച്ച് കൊണ്ട്, മോഹന്‍ ഭാഗവത് ആദ്യം സ്വന്തം നേതാവിനോട് സന്തതികളെ സൃഷ്ടിക്കാന്‍ പറയണമെന്നാണ് അസംഖാന്‍ പറഞ്ഞത്. യുപിയിലെ പ്രതിപക്ഷ നേതാക്കളും ഭാഗവതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ ജോലി നല്‍കുമോ എന്നാണ് ബി.എസ്.പി. നേതാവ് മായാവതി ചോദിച്ചത്. എപ്പോഴും മതത്തെ മാത്രം കൂട്ടുപിടിക്കുന്ന ഭാഗവത് ഇതല്ലാതെ വേറെന്ത് പറയാന്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം. എല്ലാ പ്രസ്താവനകളിലും വര്‍ഗ്ഗീയത പരത്താറുള്ള ഭഗവത് തൊഴിലില്ലായ്മയെ കുറിച്ചും വിലവര്‍ദ്ധനവിനെ കുറിച്ചും ഒരിക്കലും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രവീൺ തൊഗാഡിയ 'അഷ്ട പുത്രോ ഭവ' (എട്ടു കുട്ടികളുണ്ടാവട്ടെ) എന്നത് ഹിന്ദുക്കള്‍ മുദ്രാവാക്യമായി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. രണ്ട് വർഷം മുൻപും തൊഗാഡിയ ഈ ലൈനിൽ ആഹ്വാനം നടത്തിയിട്ടുണ്ട്. എന്നാൽ അന്ന്, ഒരു ഡോക്ടറുടെ ബുദ്ധിവൈഭവം അത്രയും തന്നെ പ്രകടിപ്പിച്ചു കൊണ്ടാണ് പ്രവീണ്‍ തൊഗാഡിയ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത്. കൂടുതൽ സന്താനങ്ങൾ എന്ന ആഹ്വാനം ചെവിക്കൊള്ളാൻ ആളുകൾ മടിക്കും എന്ന തോന്നലിൽ ഊന്നി നിന്ന് കൊണ്ട് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും മറ്റുമാണ് അന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ കഴിഞ്ഞ ദിവസവും അദ്ദേഹം ഇക്കാര്യത്തിൽ വീണ്ടും ചില നിർദ്ദേശങ്ങൾ  മുന്നോട്ട് വച്ചു. ഹിന്ദുക്കള്‍ സന്താനോത്പാദനത്തില്‍ പിറകിലാണെന്നും മുസ്ലീം ജനസംഖ്യ കൂടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലൗ ജിഹാദും ക്രിസ്തു മതത്തിലേക്കുള്ള മതപരിവര്‍ത്തനവും ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ കാരണമാണെന്നും തൊഗാഡിയ നിരീക്ഷിക്കുന്നു. ഹിന്ദുക്കളില്‍ വന്ധ്യത കൂടുകയാണെന്ന് പറഞ്ഞ അദ്ദേഹം അത് പരിഹരിയ്ക്കാന്‍ ചില നിര്‍ദ്ദേശങ്ങളും നല്‍കി. വന്ധ്യതയ്ക്ക് കാരണമാകുന്ന പുകയില ഉപയോഗത്തിൽ നിന്ന് ഹിന്ദുക്കൾ വിട്ടു നില്ക്കണം എന്നും അദ്ദേഹം ഉപദേശിച്ചു. ഒരു ക്യാൻസർ സർജൻ കൂടിയായ തൊഗാഡിയ സന്താനോത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഒരു മരുന്നും കണ്ടെത്തിയിട്ടുണ്ടത്രെ. അത് ഹിന്ദുക്കള്‍ക്ക് വിലക്കുറവില്‍ നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. 

എന്നാൽ മോഡി ഭരണം തുടങ്ങിയ ശേഷം, ഊർജ്ജിത സന്താനോൽപ്പാദന സിദ്ധാന്തം, ആദ്യമായി മുന്നോട്ട് വച്ചത്  ബി.ജെ.പി. നേതാവും എം.പി.യുമായ സാക്ഷി മഹാരാജ് ആയിരുന്നു.  ഹിന്ദു മതത്തെ രക്ഷിക്കാനായി  ഹിന്ദു സ്ത്രീകള്‍ക്ക് നാല് മക്കളെങ്കിലും വേണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടു വച്ച നിർദ്ദേശം. പ്രസ്താവന വിവാദത്തിലായതോടെ പാർട്ടി ആദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിനു പിന്തുണയുമായി വി.എച്ച്.പി.യുടെ വനിതാ നേതാവ് സാധ്വി പ്രചി രംഗത്ത് വന്നു. "നാം രണ്ട് നമുക്ക് രണ്ട്" പോലുള്ള പ്രചാരണ മുദ്രാവാക്യങ്ങള്‍ തെറ്റാണെന്നും നാലുമക്കള്‍ വേണമെന്നത് പ്രധാനപ്പെട്ട് സംഗതിയാണെന്നും അവര്‍ പറഞ്ഞു. നാല് കുട്ടികളുണ്ടെങ്കില്‍ അതിര്‍ത്തി കാക്കാന്‍ ഒരാളെ അയയ്ക്കാം. മറ്റൊരാളെ സമൂഹത്തെ സേവിക്കാന്‍ വിടാം. ഒരാളെ സന്ന്യാസിയാക്കാം. രാഷ്ട്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ഒരാളെ വി.എച്ച്.പി.യില്‍ അംഗമാക്കാം. അതു കൊണ്ടു തന്നെ രാഷ്ട്ര പുരോഗതിക്ക് നാലു മക്കളെങ്കിലും വേണമെന്നും രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന യോഗത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. അതിനു പിന്നാലെയാണ്, ബംഗാളിലെ ബിജെപി നേതാവായ ശ്യാമൾ ഗോസ്വാമി ഒരു പടി കൂടി കടന്ന ആഹ്വാനവുമായി രംഗത്തെത്തിയത്.  തിങ്കളാഴ്ച നടന്ന ഒരു പൊതു ചടങ്ങിൽ വച്ച് ഹിന്ദുക്കൾക്ക് അഞ്ച് കുട്ടികൾ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗോസ്വാമി പറഞ്ഞത് ഇപ്രകാരമാണ് ; "എനിക്ക് എന്റെ ഹിന്ദു അമ്മമാരോടും സഹോദരിമാരോടും പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് അഞ്ച് മക്കൾ വീതം ജനിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യക്ക് സന്തുലിതാവസ്ഥ ഉണ്ടാകില്ല. എന്നെ ആരും തെറ്റിദ്ധരിക്കരുത്. എന്റെ ഹിന്ദു അമ്മമാർക്കും സഹോദരിമാർക്കും അഞ്ച് മക്കൾ ഇല്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ഉണ്ടായിരിക്കില്ല. ഹിന്ദു മതത്തെയും സനാതന ധർമ്മത്തെയും സംരക്ഷിക്കാനായി എല്ലാ ഹിന്ദുക്കളും അഞ്ച് കുട്ടികൾക്ക് വീതം ജന്മം കൊടുക്കേണ്ടത് ആവശ്യമാണ്''. 

എന്നാൽ എതിർ വിഭാഗക്കാരുടെ ഉൽപ്പാദനം കുറയ്ക്കണമെന്ന തിയറിക്കാരും ഇവിടെ ഉണ്ട്. സാധ്വി ദേവ ഠാക്കുർ - റൂഷും മസ്കാരയും മിൽക്ക് ക്രീമും പൂശിയ വെണ്ണ തോല്ക്കുന്ന തൊലിയും ബോയ്‌ കട്ട്‌ ചെയ്തു ഷാംപുവിട്ടു മിനുക്കിയ മുടിയും രോമം പറിച്ചു ഷേപ്പ് ചെയ്ത വിൽപ്പുരികവും ഒക്കെ കൂടി ഒരു ഹൈടെക് പോസ്റ്റ്‌ മോഡേണ്‍ സ്വാമിനി എന്നാണു ഇവരെപ്പറ്റി ധരിച്ചിരുന്നത്. പക്ഷെ വായിൽ നിന്ന് വരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള വാക്കുകൾ.....മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പിടിച്ചു നിർബന്ധമായി വരിയുടക്കണമത്രേ....ആലോചിക്കുമ്പോൾ അതും സൂപ്പർ ഐഡിയ തന്നെ. നമ്മുടെ ആളുകൾ ഊർജിത ഉൽപ്പാദനത്തിന് മുതിരുന്നില്ലെങ്കിൽ വേണ്ട. മറ്റവന്മാരുടെ ഉൽപ്പാദന മിഷ്യൻ ഇല്ലാണ്ടാക്കിയാലും അവരുടെ എണ്ണം കുറയുകയും തദ്വാരാ നമ്മുടെ എണ്ണം കൂടുകയും ചെയ്യുമല്ലോ.

മുൻപൊരിക്കൽ ആര്‍.എസ്.എസ് മുഖവാരികയായ കേസരിയിൽ സാരസ്വതന്‍ എഴുതിയ ഒരു ലേഖനം വന്നിരുന്നു. ‘എന്‍െറ മുല്ലപ്പൂക്കള്‍ ആരാണ് ഇറുത്തെടുത്തത്’ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. രണ്ടിലധികം കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന ന്യൂനപക്ഷ കുടുംബങ്ങളെല്ലാം തന്നെ മത-വര്‍ഗീയ ലക്ഷ്യങ്ങളുള്ളവരാണെന്നായിരുന്നു ലേഖനത്തിലെ ഒരു കണ്ടെത്തൽ. മത-വര്‍ഗീയ താല്പര്യങ്ങളുള്ള ന്യൂനപക്ഷ കുടുംബങ്ങളുടെ ഒരു പൊതു പ്രത്യേകതയായി ലേഖനം കണ്ടെത്തുന്നത് അത്തരം കുടുംബങ്ങളിലെ സന്താനങ്ങളുടെ എണ്ണത്തിലുള്ള ബാഹുല്യമാണ്. 

മറ്റു മതക്കാർ അവരുടെ  ജനസംഖ്യ വര്‍ധിപ്പിക്കാനായി വ്യാപകമായി ബോധപൂര്‍വം കുട്ടികളെ പെറ്റു കൂട്ടൂന്നു, ഇന്ത്യയിൽ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു എന്നത് കാലങ്ങളായി തീവ്ര ഹിന്ദു പക്ഷ സംഘടനകള്‍ ഉയര്‍ത്തുന്ന ആശയമാണ്. സാധാരണയായി സെന്‍സസ് കാലത്താണ് ഇത്തരം പ്രചാരണങ്ങള്‍ അതിന്റെ മൂർധന്യത്തിൽ എത്താറുള്ളത്. മറ്റു പല വിഷയങ്ങളിലെന്ന പോലെ അന്യമതസമൂഹങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ പ്രധാന ആയുധമായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിക്കാറുള്ളത്. അറപ്പുളവാക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനു വേണ്ടി ജനസംഖ്യാ വിഷയത്തെ അവര്‍ എടുത്ത് ഉപയോഗിക്കാറുമുണ്ട്.

പക്ഷെ പറയുമ്പോൾ ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പറയുന്നതല്ലേ അതിന്റെ ശരി. സാമാന്യമായി പറഞ്ഞാൽ ഇന്ത്യൻ സാഹചര്യത്തിൽ "മറ്റു മതക്കാർ" എന്ന് പറഞ്ഞാൽ പ്രയോഗത്തിൽ അത് ക്രൈസ്തവരും മുസ്ലിംകളും ആണ്. അവർ ജനസംഖ്യാ വിഷയത്തിൽ പൊതുവെ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്താണ്. മത അനുശാസനകളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ തന്നെ സന്താനപുഷ്ടിയുടെ പിൻബലത്തിൽ പെരുകാൻ നിയോഗിക്കപ്പെട്ട മതാനുയായികൾ ആണ് ഈ രണ്ടു വിഭാഗത്തിലും ഉള്ളത്.  ഇസ്ലാമിക വീക്ഷണത്തില്‍ സന്താനം എന്നത് ദൈവത്തിന്റെ വരദാനവും സര്‍വ്വോപരി ദാമ്പത്യ ജീവിതത്തിലെ അനുപേക്ഷണീയമായ ഘടകവുമാണ്. സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നത് പുണ്യ കര്‍മ്മമായിട്ടാണ് ഇസ്ലാം ഗണിക്കുന്നത്. ഇവര്‍ തന്നെയാണ് ഭാവിയില്‍ കുടുംബശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളായി മാറേണ്ടത്. മാത്രവുമല്ല സല്‍കര്‍മ്മികളായ സന്താനങ്ങള്‍ പരലോകത്തേക്കുള്ള മുതല്‍കൂട്ടാണെന്നാണ് ഇസ്ലാമിക പക്ഷം. ബൈബിളിലെ ഉല്പ്പത്തി പുസ്തകം അനുസരിച്ചു ദൈവം ആദ്യമായി മനുഷ്യന് നല്കുന്ന നിർദ്ദേശവും അതിനു വേണ്ട അനുഗ്രഹവും ഇതുമായി ബന്ധപ്പെട്ടതാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ". മതഗ്രന്ഥങ്ങളിലെ ഈ അനുശാനങ്ങൾ പോരാത്തതിന്, ഈ മതങ്ങളിലെയും മത നേതാക്കന്മാർ പലരും നാഴികയ്ക്ക് നാൽപ്പത് വട്ടം ഒളിഞ്ഞും തെളിഞ്ഞും രഹസ്യത്തിലും പരസ്യത്തിലും തങ്ങളുടെ മതങ്ങളുടെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപദേശിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ക്രൈസ്തവരുടെ ജനസംഖ്യ ആനുപതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ഇടയലേഖനങ്ങൾ പലവട്ടം നമ്മുടെ പള്ളികളിൽ കേട്ടിരുന്നു.  "കൂടുതൽ മക്കൾ, കൂടുതൽ ഭദ്രത" എന്ന ആശയ പ്രചാരണവും സഭ നടത്തിയിരുന്നു. ഈ ശ്രേണിയിൽ ഒടുവിലത്തേതാണ് ഇപ്പോൾ മാർ ആനിക്കുഴിക്കാട്ടിൽ പിതാവ് ഇറക്കിയ ഇടയലേഖനം. "മക്കളിലൂടെ സമ്മാനിതരാകുന്ന മാതാപിതാക്കള്‍" എന്ന പേരിൽ ഒരു ലേഖനം അടുത്തിടെ കത്തോലിക്കാ സഭയുടെ വാരികയായ സത്യദീപത്തിൽ അച്ചടിച്ച്‌ വന്നിരുന്നു. സന്താനോൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനങ്ങളും കൂടുതൽ സന്താനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക ആനുകൂല്യങ്ങളും പ്രലോഭനങ്ങളും ഒക്കെ വിവിധ സഭാ വിഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികൾക്ക് വെച്ച് നീട്ടാറുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. 

മനുഷ്യത്വ രഹിതമായ രാഷ്ട്രീയ അജണ്ടകൾ  ഉള്ളിൽ വച്ചു കൊണ്ട് യാതൊരു ഉത്തരവാദിത്തവും സത്യസന്ധതയും ഇല്ലാതെ നടത്തുന്ന ഈ വക പ്രചാരണങ്ങളും ആഹ്വാനങ്ങളും ഉപദേശങ്ങളും, തങ്ങളുടെ ജാഥകളിലും സമ്മേളനങ്ങളിലും ആളെ നിറക്കാനുള്ള തന്ത്രം മാത്രമാണെന്ന് ആർക്കാണറിയാത്തത്. പൊതുവേദികളിലും ചാനൽ മൈക്കിന്റെ മുന്നിലും അധര വ്യായാമം ചെയ്യുന്ന മത രാഷ്ട്രീയ നേതാക്കൾക്ക് എന്ത് വേണമെങ്കിലും ആഹ്വാനിക്കാം. ആഹ്വാനവും ഉൽപ്പാദനവും വലിയ ചിലവും ബുദ്ധിമുട്ടും ഇല്ലാത്ത കാര്യങ്ങളാണ്. രണ്ടിനും ചില്ലറ സുഖങ്ങളും ഉണ്ടാവും. ഇവരൊക്കെ ആഹ്വാനിക്കുന്നത് കേട്ട് പിള്ളേരെ ഉൽപ്പാദിപ്പിച്ചാൽ പിന്നെ വളർത്താനുള്ള ചെലവ് ഇവര് വഹിക്കുമോ ? അത് പോട്ടെ, പ്രസവം കഴിഞ്ഞു ആശുപത്രി വിടുന്നത് വരെ ഉള്ള ചിലവെങ്കിലും വഹിക്കുമോ ?ഭൂരിപക്ഷം വരുന്ന പൊതുജനത്തിന്, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം, അതിനെ വളർത്തൽ, ചികിത്സ, വിദ്യാഭ്യാസം നൽകൽ തുടങ്ങി അതിനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയിൽ എത്തിക്കുന്നത് വരെ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ ഭാരിച്ച ഉത്തരവാദിത്തത്തെ സംബന്ധിച്ചു നല്ല തിരിച്ചറിവുണ്ടെന്ന് തന്നെ വേണം കരുതാൻ. അല്ലെങ്കിൽ ഇവരൊക്കെ ആഹ്വാനിച്ചു തുടങ്ങിയപ്പോൾ മുതൽ അവർ പരിശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ 200-250 കോടിയെങ്കിലും കവിഞ്ഞേനെ. 

സന്താനോൽപ്പാദനവും സന്താന നിയന്ത്രണം ആയാലും അത് പൌരന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ പെട്ട വിഷയമാണ്; അതിനു ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നൊന്നും മാറ്റമില്ല. അതിൽ കയറി ഇടപെടാൻ നിങ്ങൾക്കൊക്കെ ആരാണ് അനുവാദം തന്നത് ??? ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക്കിൽ ജീവിക്കുന്ന പൌരന്മാർ എന്ന നിലയിൽ ഒരു കാര്യം യാചിക്കുകയാണ്;  "പൊന്നു നേതാക്കന്മാരെ, കുറഞ്ഞ പക്ഷം ഞങ്ങളുടെ കിടപ്പറയിലും പ്രത്യുൽപ്പാദനത്തിലും എങ്കിലും ഞങ്ങൾ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചോട്ടെ....." 

അടിവരയിട്ട് ഇൻവെർട്ടഡ് കോമക്കുള്ളിൽ ==>>  

" പൗരന്റെ പ്രത്യുൽപ്പാദനത്തിൽ ഇടപെടുന്ന എല്ലാവരെയും പറ്റിയാണ് എന്റെ പോസ്റ്റ്. അല്ലാതെ മതമോ രാഷ്ട്രീയമോ അടിസ്ഥാനമാക്കിയുള്ളതല്ല. ഒരു വ്യക്തിയുടെ പ്രത്യുൽപ്പാദനത്തിന്റെ കാര്യത്തിൽ അയാളും പങ്കാളിയുമല്ലാത്ത മറ്റൊരാളും, അത് മാതാപിതാക്കളോ മക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും ഇടപെടാൻ പാടില്ല എന്നാണെന്റെ നിലപാട്. അത് വിട്ട് കുട്ടികളെ കൂടുതൽ ഉൽപ്പാദിപ്പിക്കാനോ ഉൽപ്പാദനം നിയന്ത്രിക്കാനോ ആര് പറഞ്ഞാലും അവരെ കവളം മടല് വെട്ടി അടിക്കുകയാണ് വേണ്ടത്. അത്, ബിഷപ്പോ അച്ചനോ കന്യാസ്ത്രീയോ മുക്രിയോ മുല്ലാക്കയോ സ്വാമിയോ സാധ്വിയോ ആരായാലും...."

വാൽക്കഷണം : 2011- ൽ സംസ്ഥാനത്ത്‌ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ സമിതി ജനസംഖ്യാ നിയന്ത്രണത്തിനു നിയമം നിര്‍മിക്കണമെന്നു സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്തിരുന്നു. കേരള ഫാമിലി പ്ലാനിംഗ്‌ ആന്‍ഡ്‌ ബര്‍ത്ത്‌ കണ്‍ട്രോള്‍ എന്ന പേരില്‍ നിയമം നടപ്പാക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. രണ്ടു കുട്ടികള്‍ മാത്രം മതിയെന്നും കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ പതിനായിരം രൂപ സര്‍ക്കാരിലേക്ക്‌ പിഴ അടയ്ക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. ഈ കുട്ടികള്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിദ്യാഭ്യാസ സഹായങ്ങളോ മറ്റ്‌ ആനുകൂല്യങ്ങളോ നല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍, ആദ്യ കുട്ടികള്‍ക്ക്‌ പരമാവധി സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില സമുദായങ്ങള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിര്‍ദേശം നല്‍കി അംഗസംഖ്യ വര്‍ധിപ്പിച്ചു പലതും കൂട്ടായി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിക്കുമെന്നതിനാലാണ്‌ ഇത്തരമൊരു നിയമ നിര്‍മാണത്തിന്‌ ശിപാര്‍ശ ചെയ്യുന്നതെന്നായിരുന്നു സമിതിയുടെ വിശദീകരണം. ജാതി, മതം, ഉപവിഭാഗങ്ങള്‍, വര്‍ഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍, വ്യക്തികളോ സംഘടനകളോ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെ നിരോധിക്കണമെന്നും കരട്‌ രേഖയില്‍ പറഞ്ഞിരുന്നു. ഈ നിർദ്ദേശങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തരാണോ എന്തോ ??? 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 1 June 2017

1000 കോടിയുടെ "മഹാഭാരതം" - ശശികലയോട് യോജിക്കേണ്ടി വരുമ്പോൾ....

മലയാള സാഹിത്യത്തിലെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം ടി വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ "രണ്ടാമൂഴം" വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിൽ മോഹൻലാലിനെക്കൊണ്ട് നായകവേഷം ചെയ്യിച്ച് 1000 കോടി രൂപ മുതൽ മുടക്കിൽ ബീ. ആർ. ഷെട്ടി എന്ന മുതലാളി "മഹാഭാരതം" എന്ന പേരിൽ സിനിമയാക്കുന്നു എന്ന വാർത്ത പുറത്തു വന്ന ഉടനെ അനുകൂലവും പ്രതിക്കൂലവും ആയ പ്രതികരണങ്ങൾ വന്നെങ്കിലും കുറച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ ജനം ആ ചർച്ച മടക്കി പെട്ടിയിൽ വച്ച് തുടങ്ങിയപ്പോൾ കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചർ സിനിമക്കെതിരെ പൊതുപ്രസ്താവനയുമായി രംഗത്ത് വന്നു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കെയായിരുന്നു ശശികലയുടെ പരാമര്‍ശം. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ല. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ല. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. മഹാഭാരതം എന്ന പേരില്‍ ഇറക്കുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്നും ശശികല പറയുന്നു. അങ്ങനെ 1000 കോടിയുടെ "രണ്ടാമൂഴ മഹാഭാരതം" വീണ്ടും വിചാരണ ചെയ്യപ്പെട്ടു തുടങ്ങി.

എം.ടി വാസുദേവൻ നായർ എന്ന സാഹിത്യകാരനോട് എനിക്കാദരവുണ്ട്. മോഹൻലാൽ എന്ന നടന വൈഭവത്തോടും ആദരവ് തന്നെ. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിനെയും പ്രൊഫഷണൽ ജെലസിയിൽ നീറി സ്വന്തം മകനെ വീതുളി വീഴ്ത്തി കൊന്ന ഐതിഹ്യത്തിലെ പെരുംതച്ചനെയും നെഗറ്റീവ് പ്രതിച്ഛായയിൽ നിന്ന് മോചിപ്പിച്ച് എഴുതിയ കൃതികൾ അദ്ദേഹത്തിന്റെ ക്രാഫ്റ്റ്മാൻഷിപ്പ് ആയി വാഴ്ത്തുന്നതിൽ തെറ്റൊന്നുമില്ല. 

മോഹൻലാലിനെ കുറിച്ച് പറയേണ്ട കാര്യമില്ല. ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭ. അയത്നലളിതമായ അഭിനയ ശൈലിയിലൂടെ കയ്യിൽക്കിട്ടുന്ന ഒട്ടു മിക്ക കഥാപാത്രങ്ങളെയും കയ്യടക്കത്തോടും മെയ്വഴക്കത്തോടും കൂടി അഭിനയിപ്പിച്ചു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ആർക്കാണ് അവഗണിക്കാനാവുക. 

സിനിമയുടെ മറ്റു പ്രധാന അണിയറക്കാർ സംവിധായകനും നിർമ്മാതാവും ആണ്. സംവിധായകൻ ഈ രംഗത്ത് പുതിയ ആളായത് കൊണ്ട് അദ്ദേഹത്തെപ്പറ്റി പ്രത്യേകിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. നിർമ്മാതാവ് മറ്റേത് കച്ചവടക്കാരനെയും പോലെ കച്ചവട താൽപ്പര്യം വച്ച് പുലർത്തുന്ന ആളായത് കൊണ്ട് അദ്ദേഹത്തിനിത് ധനസമ്പാദനമാർഗ്ഗം മാത്രമാണ്.  

ഹിന്ദു ശാക്തീകരണം, ഹൈന്ദവ മുന്നേറ്റം മുതലായ അജണ്ടകകളുടെ നടത്തിപ്പിനൊപ്പം മറ്റു മതങ്ങളെയും അവരുടെ ആചാര്യന്മാരെയും ഇകഴ്ത്താനും പുലയാട്ട് പറയാനും മാത്രം നിലകൊള്ളുന്ന ശശികലയുടെ ആശയഗതികളോട് ഒരു തരിമ്പും താല്പര്യമോ ചായ്‌വോ ഉള്ള ആളല്ല ഞാൻ. കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ വിമർശിച്ച് പോസ്റ്റുകൾ ഇടാറുമുണ്ട്. അവരെ അനുകൂലിച്ച് ഞാനിട്ട ഒരു പോസ്റ്റ് ആർക്കും ചൂണ്ടിക്കാണിച്ച് തരാനുമാവില്ല. എന്നാൽ; രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുമ്പോൾ മഹാഭാരതം എന്ന പേരിലാണ് പുറത്തു വരുന്നതെങ്കിൽ അതിനെ എതിർക്കുമെന്ന അവരുടെ ആഹ്വാനത്തോട് 101 % യോജിപ്പാണെനിക്ക്. യോജിപ്പെന്ന് പറയുമ്പോൾ രണ്ടാമൂഴ സിനിമക്ക് കച്ചവട ഉദ്ദേശത്തോടു കൂടി മാത്രം മഹാഭാരതം എന്ന പേരുപയോഗിക്കുന്നതിനോടുള്ള കേവല എതിർപ്പ് മാത്രമെന്ന് സാരം. അവരുടെ നാലാം കിട സംഘി ഫാസിസ്റ്റു നിലപാടുകളോട് യാതൊരു വിധ യോജിപ്പും ഇല്ലെന്നു കൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 

ഭാരതത്തിന്റെ ഇതിഹാസകൃതിയായി ലോകം കാണുന്ന മഹാഭാരതത്തിലെ ഏതാനും ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും മാത്രം അടർത്തിയെടുത്ത് എം.ടിയുടെ സ്വന്തം ഭാവനയ്ക്കും അഭിരുചിക്കും അനുസരിച്ചു രചിച്ച ഒരു സ്വതന്ത്രകൃതി മാത്രമാണ് രണ്ടാമൂഴം. പഞ്ച പാണ്ഡവരിൽ രണ്ടാമനും ശാരീരിക ശക്തിയാൽ അജയ്യനുമായിരുന്ന ഭീമസേനന്റെ വീക്ഷണകോണിലൂടെ മഹാഭാരതത്തെ നോക്കി കാണുന്ന തികച്ചും സ്വതന്ത്രമായ കൃതി. മഹാഭാരതത്തിൽ ഇല്ലാത്ത ചില സന്ദർഭങ്ങൾ പോലും രണ്ടാമൂഴത്തിലുണ്ട്. 

ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനാണ് മോഹൻലാൽ. മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാൻ അറിയാവുന്ന ഒട്ടേറെ നടന്മാർ ഈ നാട്ടിൽ ഉണ്ടായിരിക്കാം; എന്നാൽ, എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിക്കാൻ മോഹൻലാലിനോളം പോന്ന വേറെ നടൻ ഉണ്ടെന്ന അഭിപ്രായം എനിക്കില്ല. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഗവേഷണങ്ങൾ നടന്ന ഒരു കൃതിയാണ് മഹാഭാരതം എന്ന ഇതിഹാസം. പല ഗവേഷകരുടെയും അഭിപ്രായത്തിൽ ഇത് ഒരു വ്യക്തി എഴുതിയതല്ലെന്നും ഒരു വ്യക്തിയാൽ എഴുതിത്തീർക്കാൻ കഴിയാത്തത്ര വിധത്തിൽ ബ്രഹ്‌മാണ്ഡകൃതിയാണിതെന്നും ഉള്ള അനുമാനങ്ങൾ ഉണ്ട്. ആയിരക്കണക്കിനു കഥാപാത്രങ്ങളും അതിനൊപ്പമോ ഏറെയോ കഥാസന്ദര്‍ഭങ്ങളും ഒട്ടനവധി ഉപകഥകളും ചേർന്ന് ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകൃതികളിൽ ഒന്നാണ് മഹാഭാരതം. ഒരു ലക്ഷത്തോളം ശ്ലോകങ്ങളിൽ ബഹുശാഖിയായി പടർന്നു പന്തലിച്ചു വളർന്നു നിൽക്കുന്ന "മഹാഭാരതം" എന്ന ഇതിഹാസകഥയെ, അതുമായി താരതമ്യം ചെയ്യുമ്പോൾ കേവലം മുന്നൂറോ നാനൂറോ പേജുകളിലൊതുങ്ങുന്ന വെറും ബോൺസായ് മാത്രമായി കരുതാവുന്ന "രണ്ടാമൂഴം" എന്ന നോവലിന്റെ ചട്ടിയിൽ പറിച്ചു നടാൻ ശ്രമിക്കുമ്പോൾ പൊതു സമൂഹത്തിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇടയുണ്ട്. 

ഒരു മതവിഭാഗത്തിന്റെ വിശ്വാസ ധാരയുമായി സമന്വയിച്ചു കിടക്കുന്ന മഹാഭാരതം എന്ന കൃതിയിലെ ചില ഭാഗങ്ങളെയും കഥാപാത്രങ്ങളെയും എടുത്തിട്ട് അതിനെ സാഹിത്യകാരന്റെ ഭാവനക്കനുസരിച്ച് മാറ്റിയെഴുതുന്നത് ആത്മാവിഷ്കാരവും സർഗ്ഗസൃഷ്ടിയും ഒക്കെ ആയിരിക്കും; പക്ഷെ ആ സ്വതന്ത്ര കൃതിക്ക് മഹാഭാരതം എന്ന് പേരിടുന്നത് തികഞ്ഞ പോക്രിത്തരമാണ്. രണ്ടാമൂഴം മറ്റു ഭാഷകളിലേക്ക് വളരെ മുൻപേ വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതിയാണ്. തമിഴിൽ "ഇരണ്ടാം ഇടം" എന്നും കന്നടയിൽ "ഭീമായന" എന്നും ഹിന്ദിയിൽ "ദൂസരി ബാരി" എന്നുമാണ് നോവലിന്റെ പേര്. ഇംഗ്ലീഷിൽ രണ്ടു പരിഭാഷകൾ ഉണ്ട്; ഒന്നിന്റെ പേര് "സെക്കൻഡ് ടേൺ" എന്നും മറ്റൊന്നിന്റേത് "ഭീമ; ദി ലോൺ വാരിയർ" എന്നുമാണ്. ഒരിടത്ത് പോലും "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിച്ചില്ല.

കിടയറ്റ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ എണ്ണമറ്റ ഭാഷകളിൽ ലോകം മുഴുവൻ കാണാൻ സാധ്യതയുള്ള ഭാരതത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ ഒരു അഭിമാന ചിത്രം "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഭാരതത്തിന്റെ ഇതിഹാസകൃതിയോടൊപ്പം എം ടി യുടെ പ്രസിദ്ധമായ രണ്ടാമൂഴം കൂടിയാണ്. 

സത്യത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്, ധർമ്മപക്ഷത്ത് മോഹൻലാലിനെയും എം ടിയെയും അധർമ്മ പക്ഷത്ത് ശശികലയെയും സംഘകുടുംബത്തെയും നിർത്തിക്കൊണ്ട് മോഹൻലാൽ ആരാധകരും ശശികല ആരാധകരും (കൂട്ടത്തിൽ മോഹൻലാൽ വിരുദ്ധരും ശശികല വിരുദ്ധരും) നയിക്കുന്ന അഭിനവ "കുരുക്ഷേത്രയുദ്ധമാണ്". അത് പോലും നെഗറ്റിവ് പബ്ലിസിറ്റി സാധ്യത ആയി കണ്ട് സിനിമയുടെ പിന്നണിക്കാർ ഹർഷം കൊള്ളുകയായിരിക്കും. ഇവിടെ യുദ്ധം ചെയ്യുന്നവരിൽ ഏറെയും പേർ മഹാഭാരതവും രണ്ടാമൂഴവും വായിച്ചിട്ടുള്ളവർ ആണെന്ന് തോന്നുന്നില്ല; പലരുടെയും ധാരണ മഹാഭാരതത്തിന്റെ മലയാള പരിഭാഷയാണ് രണ്ടാമൂഴം എന്നാണ്; ചിലർ പറയുന്നത് ബഹുഭാഷാ ആഗോള റിലീസ് ചിത്രമാകുമ്പോൾ "മഹാഭാരതം" എന്ന് പേരിട്ടാലേ വാണിജ്യവിജയം കിട്ടൂ എന്നാണ് (സത്യത്തിൽ ഈ പേരിനോടുള്ള പ്രേമം അത് തന്നെയാണല്ലോ); അതായത്, ഒരു യോഗ്യനായ യുവാവ് കല്യാണം ആലോചിക്കുന്നു; സ്വന്തം അച്ഛന് "ലുക്ക്" അൽപ്പം കുറവാണ്; അത് കൊണ്ട് കല്യാണം നടക്കാൻ വേണ്ടി പെണ്ണ് കാണാൻ പോയപ്പോൾ സുന്ദരനായ അയല്പക്കക്കാരനെ ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് പയ്യന്റെ അച്ഛൻ എന്ന് പറഞ്ഞു പറ്റിച്ചു കല്യാണം നടത്തുന്നു; അതിലെന്താ തെറ്റ് എന്ന് ചോദിക്കുന്ന വൃത്തികേട് മാത്രമേ ഇവിടെയും ഒള്ളൂ.    


അതുകൊണ്ടു തന്നെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും മലയാള സാഹിത്യത്തിന്റെ പെരുംതച്ചൻ എം ടി യും ഹീനമായ കച്ചവടതന്ത്രത്തിന്റെ ഇരകളാകരുത്. ലോകം കാത്തിരിക്കുകയാണ്... രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യം കാണാൻ.... മോഹൻലാലിന്റെ ഭീമനെ കാണാൻ..... ആ വിസ്മയത്തിന്റെ വിജയം കാണാൻ.... അത് രണ്ടാമൂഴത്തിന്റെ സ്വന്തം ബലത്തിലാവട്ടെ... മഹാഭാരതത്തിന്റെ ഔദാര്യത്തിലാകാതിരിക്കട്ടെ.... 

ജോർജ്ജുകുട്ടി കിളിയന്തറയിൽ എന്നയാൾ FB യിൽ പോസ്റ്റ് ചെയ്തതാണ് ഇത്.... "'രണ്ടാമൂഴം' നോവൽ വലിയ ഹൈപ്പും ആഘോഷവുമായി കലാകൗമുദി സീരിയലൈസ്‌ ചെയ്തിരുന്ന സമയത്ത്‌, അതിലൊന്നും പങ്കെടുക്കാതെ മാറിനിന്ന ഒരാൾ‌ കലാകൗമുദിയുടെ തന്നെ കോളമിസ്റ്റ്,‌ സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായരായിരുന്നു. എഴുത്തുകാരന്റെയോ കൃതിയുടെയോ പേരു പറയാതെ നോവലിനെ വിമർശിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങളെ മാഹാത്മഗാന്ധിയേക്കാൾ സ്വാധീനിച്ച ആളാണു യുധിഷ്ഠിരൻ എന്ന സി. രാജഗോപാലാചാരിയുടെ നിരീക്ഷണം ഉദ്ധരിച്ച കൃഷ്ണൻനായർ, അങ്ങനെയുള്ള യുധിഷ്ഠിരനെ വിഷയലമ്പടനായി ചിത്രീകരിച്ച്‌ മഹാഭാരതം തിരുത്തിയെഴുതുന്നത്‌ തെറ്റാണെന്നാണു പറഞ്ഞത്‌."

ഇത് ആവിഷ്കാരസ്വാതന്ത്ര്യം : എം ടി ബിജുക്കുട്ടൻ എന്ന എന്റെ ഒരു സ്നേഹിതന്റെ കയ്യിൽ ഒരുഗ്രൻ കഥയുണ്ട്. "ദി കംപ്ലീറ്റ് ആക്റ്റർ" അതാണ് കഥയുടെ പേര്. സൂപ്പർ സ്റ്റാർ പൽമശ്രീ വൈദ്യർ ഡി വൈ എസ് പി പാലേട്ടൻ എന്നൊരു നാടക നടന്റെ ജീവിതത്തെപ്പറ്റി ഉള്ള കഥയാണ്. ഗോപാലൻ എന്നാണു ശരിക്ക് പേര്; ആരാധകർ വിളിക്കുന്നതാണ് പാലേട്ടൻ എന്ന്. പാലേട്ടന്റെ ജീവിതം, കൂടെ അഭിനയിച്ച ഒരു നടിയുടെ വീക്ഷണകോണിൽ നിന്നെഴുതിയ സ്വതന്ത്രകൃതി. അദ്ദേഹത്തിന്റെ മാനേജരായ ജോണി പേരാവൂർ എന്നയാളും മുഖ്യകഥാപാത്രമാണ്...ഈ പ്രോജക്ട് 999 കോടി രൂപക്ക് സിനിമയാക്കാമെന്ന് അരി പ്രാഞ്ചിയേട്ടൻ സമ്മതിച്ചിട്ടുണ്ട്...പക്ഷെ ബഹുഭാഷാ ആഗോള മാർക്കറ്റ് പിടിക്കാൻ പടത്തിന് "സണ്ണി ലിയോൺ - പറയാതിരുന്ന കഥകൾ" എന്ന് പേരിടണമെന്നാണ് പ്രാഞ്ചിയേട്ടൻ  പറയുന്നത്. ബിജുക്കുട്ടനും പാലേട്ടനും ഈ പേരുമാറ്റത്തിൽ ഒരു പരാതിയുമില്ല; എന്താല്ലേ !!!???

എന്റെ വ്യക്തിപരമായ അഭിപ്രായം : സിനിമ തിയ്യേറ്റർ കാണില്ല, തിയ്യേറ്റർ കത്തിക്കും മുതലായ നിലപാടുകളോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. പക്ഷെ, ഇത് വിവിധ തരത്തിലുള്ള നിയമപോരാട്ടത്തിന് വഴി വയ്ക്കുമെന്ന അഭിപ്രായമാണെനിക്ക്. അത് കൊണ്ട് തന്നെ, ഈ തർക്കം പരിഹരിക്കാൻ കോടതി വഴിയുള്ള പരിഹാരത്തോടാണെനിക്ക് താൽപ്പര്യം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക