ഞാൻ വെറും പോഴൻ

Thursday 15 December 2022

സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സ്റ്റാമ്പുകൾ



സ്വതന്ത്ര ഇന്ത്യ ആദ്യമായി ഇറക്കിയ സ്റ്റാമ്പിലെ ചിത്രം നമ്മുടെ ദേശീയ പതാകയുടേതായിരുന്നു. 1947 നവംബർ 21-നാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.  
മൂന്നര അണ ആയിരുന്നു  സ്റ്റാമ്പിന്റെ മുഖവില. 










പിന്നീട്, 1947 ഡിസംബർ 15 - ന് ഇന്ത്യ അതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സ്റ്റാമ്പുകൾ പുറത്തിറക്കി. 
വിമാനവും ദേശീയ ചിഹ്നവും ആയിരുന്നു ആ സ്റ്റാമ്പുകളിലെ ചിത്രങ്ങൾ. 12 അണയും ഒന്നര അണയുമായിരുന്നു പിന്നീടിറങ്ങിയ സ്റ്റാമ്പുകളുടെ മുഖവില.



ഈ മൂന്ന് സ്റ്റാമ്പുകളും "ജയ് ഹിന്ദ്" എഡിഷൻ എന്നാണ് അറിയപ്പെടുന്നത്. ഈ സ്റ്റാമ്പുകളിൽ "ജയ് ഹിന്ദ്" എന്ന് പ്രിന്റ് ചെയ്തിട്ടുള്ളത് കൊണ്ടാണ് ഇവയെ ജയ് ഹിന്ദ് എഡിഷൻ എന്ന് വിളിച്ചത്. 






ഏതെങ്കിലും തരത്തിലുള്ള പിശകുകളോ തെറ്റുകളോ സംഭവിച്ച എറർ (Error) സ്റ്റാമ്പുകൾ സ്റ്റാമ്പ് ശേഖരണക്കാർക്ക് വളരെ പ്രിയപ്പെട്ടതാണ്. ദേശീയ പതാകയുടെ  പടമുള്ള ആദ്യ ജയ് ഹിന്ദ് സ്റ്റാമ്പിൽ വാട്ടർ മാർക്ക് തല തിരിഞ്ഞു പോയ ഒരു Error സംഭവിച്ചിരുന്നു. അത് കൂടാതെ ചില സ്റ്റാമ്പുകളിൽ 1947 എന്ന് പ്രിന്റ് ചെയ്തപ്പോൾ 4 നും 7 നും ഇടക്ക് അൽപ്പം മുകളിലായി "കോമ" പോലൊരു അടയാളം കാണപ്പെട്ടു. പ്രിന്റിങ് അച്ചിൽ വന്ന എന്തോ കുഴപ്പമായിരുന്നു ഇത്തരം എറർ സ്റ്റാമ്പ് ഉണ്ടാകാൻ കാരണം. ഒരേ സമയം തല തിരിഞ്ഞ വാട്ടർ മാർക്കും കോമയും ഉള്ള Error സ്റ്റാമ്പ് വളരെ rare ആയ സ്റ്റാമ്പാണ്. ജയ് ഹിന്ദ് സ്റ്റാമ്പുകളും അതിലെ എറർ സ്റ്റാമ്പുകളും സ്റ്റാമ്പ് ശേഖരണക്കാരുടെ ഇഷ്ടപ്പെട്ട സ്റ്റാമ്പുകളാണ്. 

Tuesday 15 November 2022

മരിച്ച കത്തുകൾക്ക് വേണ്ടി ഒരു ഓഫീസോ !?? കത്തെങ്ങനെയാ മരിക്ക്യാ !!???


മരിച്ച കത്തുകൾക്ക് 
വേണ്ടി ഒരു ഓഫീസോ !?? മരിച്ച കത്തോ !!??? എന്തായീ പറയണേ... കത്തെങ്ങനെയാ മരിക്ക്യാ !!??? അത്ഭുതപ്പെടേണ്ട. കത്ത് മരിക്കാൻ സാധ്യത ഒന്നുമില്ലെങ്കിലും "മരിച്ച കത്തുകൾക്കുള്ള ഓഫീസ്" ഉണ്ടായിരുന്നു; അതായിരുന്നു  Dead Letter Office (DLO). നമ്മുടെ രാജ്യത്തെ എല്ലാ തപാൽ സർക്കിളുകളിലും ഒരു ഡെഡ് ലെറ്റർ ഓഫീസ് ഉണ്ടായിരുന്നു; ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട്. ഡെഡ് ലെറ്റർ ഓഫീസ് (DLO) എന്ന് പറയുന്നതിൽ ഒരു അശുഭ സൂചനയോ നെഗറ്റിവിറ്റിയോ ഒക്കെ ഉണ്ടെന്ന് കണ്ട് അധികാരികൾ അതിന്റെ പേര് റിട്ടേൺഡ് ലെറ്റർ ഓഫീസ് (RLO) എന്നാക്കി മാറ്റിയിട്ടുണ്ടെന്ന് മാത്രം. 

രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ കത്തോ പാഴ്‌സലോ മറ്റ് തപാൽ ഉരുപ്പടികളോ മേൽവിലാസക്കാരനെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യാം !?? സ്വാഭാവികമായും അയച്ചയാളുടെ വിലാസത്തിലേക്ക് റിട്ടേൺ അയക്കാം. ആ വിലാസവും ഇല്ലാതെ വന്നാലോ !!??? അങ്ങനെ ഡെലിവറി ഒരു തരത്തിലും നടക്കാതെ വരുന്ന കത്തുകളെ ആയിരുന്നു ആലങ്കാരികമായും ഔദ്യോഗികമായും "മരിച്ച കത്ത് - Dead Letter" എന്ന് പറഞ്ഞിരുന്നത്. പല കാര്യങ്ങൾ കൊണ്ട് കത്തുകൾ "മരിക്കാം". ശരിയായ പേരും വിലാസവും എഴുതുതാത്തതോ, മേൽ വിലാസക്കാരൻ പോസ്റ്റ് ഓഫീസിൽ ഡെലിവറി ഇൻസ്‌ട്രക്ഷൻ കൊടുക്കാത്തതോ, മേൽ വിലാസക്കാരൻ ഫോർവേഡിംഗ് വിലാസം പോസ്റ്റ് ഓഫിസിൽ അറിയിക്കാതെ വിലാസം മാറ്റിയതോ, മേൽ വിലാസക്കാരൻ തപാൽ സ്വീകരിക്കാൻ വിസമ്മതിച്ചാലോ ഒക്കെയാണ് സാധാരണയായി കത്തുകൾ മരിക്കാറുള്ളത്. 

അത്തരത്തിലുള്ള "മരിച്ച" കത്തുകൾ അതത് പോസ്റ്റൽ സർക്കിളിൽ പ്രവർത്തിക്കുന്ന RLO (ആദ്യകാല DLO)യിലേക്ക് അയക്കും. അടിസ്ഥാനപരമായി വിലാസക്കാരനെയോ അയച്ചയാളെയോ കണ്ടെത്തി ഈ ഉരുപ്പടി കൈമാറുക എന്നതാണ് RLO-യുടെ ചുമതല. അവിടെ എത്തുന്ന കത്തുകളും പാഴ്സലുകളും തുറന്ന് പരിശോധിക്കാൻ അവർക്ക് അധികാരമുണ്ട്. വിലാസക്കാരന്റെയോ അയച്ചയാളുടെയോ ശരിയായ പേരും വിലാസവും സംബന്ധിച്ച് ഏതെങ്കിലും സൂചനകൾ ആ തപാൽ ഉരുപ്പടിയുടെ ഉള്ളടക്കത്തിൽ നിന്ന് ലഭ്യമാണോ എന്ന് RLO ഉദ്യോഗസ്ഥർ പരിശോധിക്കും. കൃത്യമായ വിലാസം കണ്ടെത്താനും സാധനങ്ങൾ വിലാസക്കാരനെ കണ്ടെത്തി കൈമാറാനും സാധ്യമായ എല്ലാ മാർഗങ്ങളും സവർ സ്വീകരിക്കും. ചിലപ്പോൾ പേര് നോക്കി ആ പേരിലുള്ള വ്യക്തികളെ ഫോണിലൂടെയും കണ്ടെത്താൻ ശ്രമിക്കുന്നു. വ്യക്തിയോ സ്ഥാപനമോ വിലാസം മാറിപ്പോയെങ്കിൽ ഇപ്പോഴുള്ള വിലാസം കണ്ടെത്താൻ ശ്രമിക്കും. ചില അവസരങ്ങളിൽ കിട്ടേണ്ടയാളുടെ കൃത്യമായ വിലാസം പാക്കറ്റിന്റെ ഉള്ളിൽ എഴുതിയിരിക്കും. അങ്ങനെയെങ്കിൽ അത് അയാൾക്ക് അയച്ചു കൊടുക്കും. അതല്ലാതെ അയച്ചയാളുടെ വിലാസം അകത്ത് ഉണ്ടെങ്കിൽ അയാൾക്ക് അയച്ചു കൊടുക്കും. അയാൾ അത് കൈപ്പറ്റാൻ വിസമ്മതിച്ചാൽ ആ ഉരുപ്പടി വീണ്ടും RLO യിൽ വരും. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പോലും ആ ഉരുപ്പടി ഒരു വർഷമെങ്കിലും RLO യിൽ സൂക്ഷിക്കും.

കൃത്യമായ Standard Operating Procedure അനുസരിച്ച് വേണ്ടത്ര രേഖകൾ സൂക്ഷിച്ചാണ് ഇന്ത്യൻ തപാൽ വകുപ്പിന്റെ Lost & Found വിഭാഗമെന്നു വിശേഷിപ്പിക്കാവുന്ന India Post Visibility System ത്തിന്റെ ഭാഗമായി RLO കൾ പ്രവർത്തിക്കുന്നത്. നിർബന്ധമായും സൂക്ഷിച്ചു വയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാൽ അവകാശികളില്ലാത്ത കത്തുകൾ കത്തിച്ചു കളയുകയും പാഴ്‌സലിലുള്ള സാധനങ്ങൾ ലേലത്തിൽ വിൽക്കുകയും ആയിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ അവകാശികളില്ലാത്ത കത്തുകൾ കീറി കഷണങ്ങളാക്കി (Shredding) ശേഷം അതും പാഴ്‌സലിനകത്തെ സാധനങ്ങളും അംഗീകൃത ലേലക്കാർ വഴി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുകയും തപാൽ അധികാരികളിൽ നിന്ന് യുക്തമായ അനുമതികൾ വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നു. ലേലത്തിൽ നിന്നുള്ള വരുമാനം തപാൽ വകുപ്പിന്റെ തരം തിരിക്കപ്പെടാത്ത രസീതു (Un Classified Credit) കളിൽ നിക്ഷേപിക്കുന്നു. ചിലപ്പോൾ പണവും ചെക്കുകളും ഡ്രാഫ്റ്റുകളും അവകാശികളില്ലാത്ത കത്തുകളിൽ നിന്ന് ലഭിക്കും. അവയും മേൽപ്പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ഈയിനത്തിൽ തപാൽ വകുപ്പിലേക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.   


















Tuesday 4 October 2022

താമര പോലൊരു പോസ്റ്റ് ഓഫീസ്


പറുദീസയിൽ ഒരു പോസ്റ്റ് ഓഫീസോ !? അതും വിശാലമായ തടാകത്തിൽ ജലനിരപ്പിനു മേൽ താമര കണക്ക് പൊങ്ങിക്കിടക്കുന്ന ഒരു പോസ്റ്റ് ഓഫീസ്. അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്; അങ്ങനെ ഒരു പോസ്റ്റ് ഓഫീസേ ഉള്ളു താനും. അത് നമ്മുടെ സ്വന്തം ഭാരതത്തിലാണ്. ഭൂമിയിലെ പറുദീസയെന്ന്  ജവഹർലാൽ നെഹ്‌റു വിളിച്ച സ്ഥലമാണ് കശ്മീർ. അവിടത്തെ അതി മനോഹരമായ ദാൽ തടാകത്തിലാണ് ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പോസ്റ്റ് ഓഫീസുള്ളത്. പോസ്റ്റ് ഓഫീസിന്റെ പേര് നെഹ്‌റു പാർക്ക് പോസ്റ്റ് ഓഫീസ് എന്നാണ്. എണ്ണിയാൽ തീരാത്തത്ര ഹൗസ്‌ ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്ന ദാൽ തടാകക്കരയിലെ ഒരു ഹൗസ് ബോട്ടിലാണ് 190001 എന്ന പോസ്റ്റൽ ഇൻഡക്സ് നമ്പർ (പിൻ കോഡ്) ഉള്ള ലോകത്ത് ഒന്ന് മാത്രമുള്ള ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് ഉള്ളത്.

തടാകക്കരയിലെ റോഡിലൂടെ പോകുന്നവർക്കും തടാകത്തിൽ ശിക്കാര വള്ളത്തിൽ സവാരി നടത്തുന്നവർക്കും ഭാരതീയ തപാൽ വകുപ്പിന്റെ ചുവപ്പും വെള്ളയും നിറത്തിലുള്ള ഔദ്യോഗിക മുദ്രയും ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ്, നെഹ്‌റു പാർക്ക് - 190001, ദാൽ തടാകം എന്ന ബോർഡും കാണാം. ഒരു വശത്ത് മഞ്ഞണിഞ്ഞ ഒരുവശത്ത് മഞ്ഞണിഞ്ഞ് മനോഹരിയായ ഹിമാലയൻ മലനിരകളും ചുറ്റും നീലത്തടാകത്തിൽ തെന്നിയൊഴുകുന്ന ശിക്കാര വള്ളങ്ങളും ഗംഭീരൻ ഹൗസ് ബോട്ടുകളും എല്ലാം ചേർന്ന് ഈ പോസ്റ്റ് ഓഫീസ് വേറിട്ടൊരു അനുഭവലോകമാണ്. 
കേവലമൊരു പോസ്റ്റ് ഓഫീസെന്നതിൽ ഉപരി കാശ്മീർ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ഇതൊരു സന്ദർശനകേന്ദ്രമാണ്. ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന ചെറിയ പോസ്റ്റൽ മ്യൂസിയത്തിൽ അപൂർവ്വങ്ങളായ തപാൽ രേഖകളുടെ ശേഖരമുണ്ട് കാണാനും അറിയാനും. ഭൂരിഭാഗം സഞ്ചാരികളും തങ്ങളുടെ കാശ്മീർ സന്ദർശനത്തിന്റെ ഓർമ്മക്കായി ഇവിടെനിന്ന് തങ്ങളുടെ
പ്രിയപ്പെട്ടവർക്ക് കത്തുകളയക്കുന്ന ഒരു പതിവുണ്ട്. ആ കത്തുകളിലെ സ്റ്റാമ്പ് റദ്ദ് ചെയ്യുന്നതിനായി കശ്മീരിന്റെ അടയാളമായ ദാൽ തടാകത്തിലെ ശിക്കാര തോണിയുടെ ചിത്രമാണ് സ്‌പെഷ്യൽ ക്യാൻസലേഷൻ സീൽ ആയി ഉപയോഗിക്കുന്നത്. തപാൽ സേവനത്തിനു പുറമേ ഇന്റർനാഷണൽ ഫോൺകോളുകൾ വിളിക്കാനുള്ള സൗകര്യവും ഇന്റർനെറ്റ് ബൂത്തും ഇവിടെയുണ്ട്. പ്രദേശവാസികൾക്ക് ബാങ്കിങ് സേവനവും ഇവിടെ നിന്ന് ലഭിക്കും. പ്രതിമാസം ശരാശരി ഒരു കോടിയിലേറെ രൂപ ഇവിടെ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ പറയപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് 1854-ൽ ഡൽഹൗസി പ്രഭുവിനാൽ സ്ഥാപിക്കപ്പെട്ടതാണ് ഇന്ത്യയിലെ തപാൽ സംവിധാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ ശൃംഖലയാണ് ഇന്ത്യയിലേത്. ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫീസുകളും മൂന്നര ലക്ഷത്തിനടുത്ത് ജീവനക്കാരുമുള്ളതാണ് ഇന്ത്യൻ തപാൽ ശൃംഖല. ലോകത്തിലെ തന്നെ തികച്ചും വേറിട്ടൊരു പോസ്റ്റ് ഓഫീസായ ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് അതിന്റെ ഭാഗമാണെന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒന്നാണ്. 

Thursday 1 September 2022

യുദ്ധവെറിയുടെയും സമാധാനത്തിന്റെയും കഥ പറയുന്ന മുത്തശ്ശി ബോൺസായ്


വാഷിംഗ്ടൺ ഡി.സി.യിലെ യു.എസ്. നാഷണൽ അർബോറേറ്റത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ ജാപ്പനീസ് ബോൺസായ് പൈൻ മരത്തിന് ഒരു കഥ പറയാനുണ്ട്. വെറുമൊരു കഥയല്ല; അനുപമമായ ഒരു അതിജീവനത്തിന്റെ കഥ; രണ്ടാം ലോകമഹായുദ്ധത്തെയും അതിലേറ്റവും ഭീകരമായ അണുബോംബിനെയുമാണ് ഈ കുഞ്ഞൻ മര മുത്തശ്ശി അതിജീവിച്ചത്. 

1945 ഓഗസ്റ്റ് 6 - ന് രാവിലെ 8 മണിക്ക്, ബോൺസായ് മാസ്റ്റർ മസാരു യമാകി തന്റെ വീടിനുള്ളിൽ ഇരിക്കുകയായിരുന്നു. ശക്തമായ എന്തോ ഒന്ന് ജനൽച്ചില്ലുകളിൽ വന്നിടിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി. അതേ സമയം കുറെ ചില്ലുകഷങ്ങൾ അദ്ദേഹത്തെ മുറിവേൽപ്പിച്ചു കൊണ്ട് മുറിക്കകത്ത് കൂടി പാഞ്ഞു പോയി. കാര്യമെന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല; "എനോല ഗേ" എന്ന് വിളിപ്പേരുള്ള യു.എസ്. ബി-29 ബോംബർ  ലോകത്തെ ആദ്യത്തെ അണുബോംബ് ഹിരോഷിമ നഗരത്തിന് മുകളിൽ ഇട്ടതിന്റെ പ്രഭാവമായിരുന്നു, ആ ബോംബ് വീണതിന്റെ ഏകദേശം രണ്ട് മൈൽ അകലെയുള്ള  യമാകി കുടുംബത്തിന്റെ ജനൽച്ചില്ലുകളെ ചിതറിത്തെറിപ്പിച്ചത്. "ലിറ്റിൽ ബോയ്" എന്ന വിളിപ്പേരുണ്ടായിരുന്ന ആ ന്യൂക്ലിയർ ഫിഷൻ ബോംബ് നഗരത്തിന്റെ 90 ശതമാനവും നശിപ്പിച്ചു, ഒരു ലക്ഷത്തിനടുത്ത് മനുഷ്യർ ആ മണിക്കൂറുകളിലും ദിവസങ്ങളിലുമായി കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് പേർ അണുവികിരണത്തിന്റെ ഫലമായി പിന്നീട് മരിക്കുകയും മൃത തുല്യരായി ജീവിക്കുകയും ചെയ്തു. പൊട്ടിത്തെറിച്ച ചില്ലുകളിൽ നിന്നുള്ള പരിക്കുകൾ ഉണ്ടായെങ്കിലും, യമാക്കിയും കുടുംബവും മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. അവരുടെ നഴ്‌സറിയുടെ ഉയരമുള്ള ചുറ്റുമതിലുകൾ അവരുടെ അമൂല്യങ്ങളായ ബോൺസായ് മരങ്ങളെയും വൻ സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷിച്ചു. 

1976-ൽ യമാകി കുടുംബം അമേരിക്കയും ജപ്പാനും തമ്മിലുള്ള സൗഹാർദ്ദത്തിന്റെ പ്രതീകമായി യു എസ് നാഷണൽ അർബോറെറ്റത്തിന് സമ്മാനിച്ചതാണ് ഈ ബോൺസായ്. ഇന്ന് ഈ കുഞ്ഞൻ മരം നാഷണൽ അർബോറേറ്റത്തിലെ ബോൺസായ് ആൻഡ് പെൻജിംഗ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 

1976-ൽ അർബൊറേറ്റത്തിൽ എത്തിയെങ്കിലും 25 വർഷങ്ങൾക്ക് ശേഷം മാത്രമാണ് ഹിരോഷിമയുമായുള്ള ഈ പൈൻ ബോൺസായിയുടെ ബന്ധം വെളിപ്പെട്ടത്. ഒരു ജാപ്പനീസ് വിവർത്തകനി(Translator)ൽ നിന്ന് യമാക്കിയുടെ പേരക്കുട്ടികൾ അവരുടെ മുത്തച്ഛന്റെയും ഈ ബോൺസായ് വൃക്ഷത്തിന്റെ അത്ഭുതകരമായ അതിജീവനത്തിന്റെയും കഥ അറിഞ്ഞു. 2001-ൽ അവർ ഈ വൃക്ഷം കാണാനായി അർബൊറേറ്റത്തിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് ഈ വൃക്ഷത്തിന്റെ കഥ അധികൃതർ അറിയുന്നത്. പിന്നീട് , യമാക്കിയുടെ മകളായ തകാക്കോ യമാകി തത്സുസാക്കിയും തന്റെ പിതാവിന്റെ മരം കാണാനായി മ്യൂസിയം സന്ദർശിച്ചു.

തന്റെ കുടുംബത്തിലെ ആറ് തലമുറകളെങ്കിലും പരിപാലിച്ചിരുന്ന വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഈ അമൂല്യ വൃക്ഷത്തെ ശത്രുരാജ്യത്തിന് സംഭാവന ചെയ്ത യമാക്കിയുടെ പ്രവർത്തിയിലൂടെ, രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുള്ള വർഷങ്ങളിൽ രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത സൗഹാർദ്ദ പരമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ വൃക്ഷം. 4 നൂറ്റാണ്ടുകൾക്ക് ശേഷവും അതിജീവനത്തിന്റെയും പ്രത്യാശയുടെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും ജീവനുള്ള പ്രതീകമായി "ഹിബാക്കു ജുമോകു" എന്ന് വിളിക്കപ്പെടുന്ന അതി മനോഹരമായ ഈ ബോൺസായ് നിലനിൽക്കുന്നു. 

ഈ ബോൺസായ് മരത്തെപ്പറ്റി Sandra Moore എഴുതിയ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകമാണ് "The Peace Tree from Hiroshima: The Little Bonsai with a Big Story". 1625-ൽ, ഇറ്റാരോ യമാകി എന്നയാൾ കാട്ടിൽ നിന്ന് കണ്ടെത്തി ഭംഗിയുള്ള ബോൺസായ് മരമാക്കിയതും പിന്നീട് യമാക്കി കുടുംബത്തിലെ വരും തലമുറകൾ അതിനെ പരിപാലിച്ചതും ഒടുവിൽ അതിനെ യു എസ് അർബൊറേറ്റത്തിലേക്ക് സമ്മാനിച്ചതുമെല്ലാം ആ ബോൺസായ് മരം തന്നെ ആത്മകഥ പറയുന്ന ശൈലിയിൽ എഴുതപ്പെട്ട ഒരു ചിത്രകഥാ പുസ്തകമാണിത്. ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പുസ്തകമാണിത്.



2012-ൽ US Post പുറത്തിറക്കിയ ബോൺസായ് സ്റ്റാമ്പുകളിൽ ഒന്നിന്റെ പേര് Black Pine എന്നാണെങ്കിലും അതിന് യമാക്കി സമ്മാനിച്ച White Pine
Bonsai യോട് രൂപസാദൃശ്യമുണ്ടായിരുന്നു 



Sunday 14 August 2022

ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനവും അന്നത്തെ ചില പത്ര റിപ്പോർട്ടുകളും...

ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ്. അപൂർവ്വം ചില അപവാദങ്ങൾ ഒഴിച്ച് നിർത്തിയാൽ, പൊതുവെ സമാധാനത്തിന്റെയും സത്യാഗ്രഹത്തിന്റെയും സഹനസമരത്തിന്റെയും ബലത്തിലാണ് ഒരു ജനത വൈദേശികാധിപത്യത്തോട് പോരാടി സ്വാതന്ത്ര്യം നേടിയെടുത്തത്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഏറെക്കുറെ നിരായുധരായ ജനതയോട് മുട്ടു മടക്കിയതിന്റെ പിന്നിൽ എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും വേദനകളുടെയും കഥകളുണ്ട്. 

ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആഗസ്റ്റ് 15 അർദ്ധരാത്രി തിരഞ്ഞെടുത്തത് എന്ത് കൊണ്ടാണ് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. അതിനെപ്പറ്റി വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുമുണ്ട്. അതിലൊന്ന് ഇങ്ങനെയാണ് …

1948 ജൂൺ 30-നകം ഇന്ത്യക്ക് സ്വാതന്ത്ര്യവും അധികാരവും കൈമാറാൻ ഇന്ത്യയിലെ അവസാന വൈസ്രോയിയും ഗവർണ്ണർ ജനറലുമായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് ബ്രിട്ടീഷ് പാർലമെന്റ് അനുമതി നൽകിയിരുന്നു. പക്ഷേ, രക്തച്ചൊരിച്ചിലും കലാപവും ഒഴിവാക്കാൻ ഒരു വർഷം മുന്നേ തന്നെ സ്വാതന്ത്ര്യ പ്രഖ്യാപനവും അധികാരക്കൈമാറ്റവും നടത്താൻ അദ്ദേഹം തീരുമാനിച്ചു. അതനുസരിച്ച്, 1947 ജൂലൈ 4-ന് ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ, ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കുകയും രണ്ടാഴ്ചയ്ക്കുള്ളിൽ പാസാക്കുകയും ചെയ്തു. പിന്നെ ഔപചാരികമായി ഒരു തീയതി തിരഞ്ഞെടുക്കുക എന്നതു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഹിരോഷിമ, നാഗസാക്കി അണുബോംബ് വിസ്ഫോടനങ്ങൾക്കു ശേഷം 1945-ലെ ഓഗസ്റ്റ് 15-ന് ജപ്പാൻ, സഖ്യകക്ഷികൾക്ക് കീഴടങ്ങിയിരുന്നു; ആ കീഴടങ്ങലോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്. സിംഗപ്പൂരിൽ വച്ച് നടന്ന ഈ കീഴടങ്ങൽ അംഗീകരിച്ചതാകട്ടെ, അക്കാലത്ത് തെക്ക്-കിഴക്കൻ ഏഷ്യയിലെ സഖ്യകക്ഷികളുടെ പരമോന്നത മേധാവിയായിരുന്ന മൗണ്ട് ബാറ്റൺ ആയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലുതും സമ്പന്നവുമായ കോളനി നഷ്ടപ്പെടുന്നുവെന്ന യാഥാർഥ്യബോധം മനസിലുള്ളത് കൊണ്ട് അതിന്റെ നഷ്ടബോധം കുറക്കാനും മറയ്ക്കാനും വേണ്ടിയായിരുന്നു ബ്രിട്ടീഷ് വിജയ ദിനം തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ അദ്ദേഹം തിരഞ്ഞെടുത്തതെന്ന് പറയുന്നവരുണ്ട്. രാജ്യമെമ്പാടുമുള്ള ജോത്സ്യന്മാർ ഈ തീയതി ശുഭമല്ലെന്നും വെള്ളിയാഴ്ച്ച ഏതൊരു തുടക്കത്തിനും പറ്റിയ ദിനമല്ലെന്നുമൊക്കെ പറഞ്ഞിട്ടും മൗണ്ട് ബാറ്റൺ തന്റെ തീരുമാനം മാറ്റാൻ കൂട്ടാക്കിയില്ല. അങ്ങനെ പാതിരാത്രി 12 മണിയ്ക്ക് സ്വാതന്ത്ര്യ പ്രഖ്യാപനവും, ത്രിവർണ പതാക ഉയർത്തലും നടത്താമെന്നു ധാരണയായി. ഹിന്ദു പഞ്ചാംഗ സമ്പ്രദായം അനുസരിച്ച് സൂര്യോദയത്തോടെയാണ് ദിനം ആരംഭിക്കുന്നതെങ്കിലും ഇംഗ്ലീഷുകാർക്ക് 12 മണിക്കാണല്ലോ ദിനം തുടങ്ങുന്നത്. പാക്കിസ്ഥാന്റെ ഭരണാധികാരം കൈമാറേണ്ടത് കറാച്ചിയിൽ വച്ചായിരുന്നു. പക്ഷേ രണ്ട് സ്ഥലങ്ങളിലും ഒരേ സമയം മൗണ്ട് ബാറ്റണ് ഹാജരാകാൻ കഴിയാത്തതിനാൽ കറാച്ചി സന്ദർശനം ഒരു ദിവസം മുന്നേ നടത്തി. ആഗസ്റ്റ് 13-ന് കറാച്ചിയിലെത്തിയ അദ്ദേഹം ആഗസ്റ്റ്-14 ന് പാകിസ്താൻ നിയമസഭയെ അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളിലും ഒരേ സമയം പ്രാബല്യത്തിൽ വരുന്ന അധികാര കൈമാറ്റം പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14 മുസ്ലീങ്ങൾക്ക് വളരെ പവിത്രമായ തീയതി ആയിരുന്നത് കൊണ്ട് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 14 നാണ്.

1947 ആഗസ്റ്റ് 15 വെള്ളിയാഴ്‌ച (കൊല്ലവർഷം 1122 കർക്കിടകം 30) പുറത്തിറങ്ങിയ ചില മലയാളപത്രങ്ങളിലും രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് ഭാഷാ ദിനപത്രങ്ങളിളിലും ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് വന്ന വാർത്തകൾ കാണുന്നത് വളരെ കൗതുകകരമായിരിക്കും...












Monday 4 July 2022

ചക്ക പുരാണവും പുരാണത്തിലെ ചക്കയും !!!


ജൂലൈ 4 ലോക ചക്ക ദിനമാണ്. 

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഔദ്യോഗിക പഴമാണ് ചക്ക. അത് പോലെ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ദേശീയ ഫലമാണ് ചക്ക. ആർട്ടോകാർപസ് ഹെറ്ററോഫില്ലസ് എന്ന ശാസ്ത്രീയ നാമമുള്ള ചക്കക്ക് ഇംഗ്ലീഷിൽ JACKFRUIT എന്നാണ് പേര്. മലയാളത്തിലെ ചക്ക എന്ന വാക്കിൽ നിന്ന് പോർച്ചുഗീസ് ഭാഷ ഉൾക്കൊണ്ട ജാക്ക എന്ന വാക്കിൽ നിന്നാണ്  നിന്നാണ് വന്നത് , ഇത് മലയാള ഭാഷാ പദമായ ചക്ക ( മലയാളം: ചക്ക പഴം ) എന്നതിൽ നിന്നാണ് JACKFRUIT എന്ന പേര് ഉരുത്തിരിഞ്ഞത്. പോർച്ചുഗീസ് പ്രകൃതിശാസ്ത്രജ്ഞനും പണ്ഡിതനുമായ ഗാർസിയ ഡ ഒർട്ട 1563-ൽ എഴുതിയ ഒരു പുസ്തകത്തിലാണ് 'ജാക്ക്ഫ്രൂട്ട്' എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചതത്രെ. വിഖ്യാത ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസിൽ ചക്കയെപ്പറ്റി പ്രതിപാദ്യമുണ്ട്. 

സഹസ്രാബ്ദങ്ങളായി മനുഷ്യർ കഴിക്കുന്ന ഒരു പ്രകൃതി വിഭവമാണ് ചക്ക. പഴത്തിന്റെ ജന്മദേശം എവിടെയാണെന്ന് ആർക്കും കൃത്യമായി അറിയില്ലെങ്കിലും, ഇത് ഇന്ത്യയുടെ പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. നിത്യഹരിതമായ പ്ലാവ് ചൂടുള്ളതും ഈർപ്പമുള്ളതുമായ ഉഷ്ണമേഖലാ ചുറ്റുപാടുകളിൽ നന്നായി വളരുന്നു. ചക്ക പ്രധാനമായും ഏഷ്യയിലാണ് കൃഷി ചെയ്യപ്പെടുന്നത്. കോളണി സാമ്രാജ്യത്വത്തിന്റെ വ്യാപനത്തോടെ ചക്ക ലോകമെമ്പാടും വ്യാപിച്ചു. അങ്ങനെ, ലോകമെമ്പാടുമുള്ള പാചകരീതികളിൽ ചക്ക വിവിധ രൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. സാധാരണയായി പഴമായോ പുഴുക്കായോ ഒക്കെ ഉപയോഗിക്കപ്പെടുന്ന ചക്ക ജാം, അച്ചാറുകൾ, ഐസ്ക്രീമുകൾ, മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ ഭക്ഷണ പദാർത്ഥങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. 

ചക്കയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2016-ൽ jackfruitday.com ആണ് "Declare your independence from meat on 4th July ! Celebrate Jackfruit Day !" എന്ന മുദ്രാവാക്യവുമായി ജാക്ക്ഫ്രൂട്ട് ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. 

ചക്ക പുരാണം അവസാനിപ്പിക്കുന്നതിന് മുൻപ് ചക്കയുമായി ബന്ധപ്പെട്ട് പുരാണവും നാടോടിസാഹിത്യവും ഒക്കെ ചേർത്തൊരു കഥ കേട്ടിട്ടുണ്ട്. ബ്രഹ്മാവ് അതീവസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ചു. അവളെ “അഹല്യ” എന്നു വിളിച്ചു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വര മഹാരാജാവിന്‍റെ മകളായിരുന്നു അഹല്യ എന്ന് പറയുന്ന ചില ചിന്താധാരകളും ഉണ്ട്. മഹാതപസ്വിയും ഉത്തമനുമായ ഗൗതമ മഹര്‍ഷിയുടെ ഭാര്യയായി അഹല്യ സന്തോഷപൂര്‍വ്വം ആശ്രമത്തില്‍ ജീവിച്ചു പോരുന്ന അവസരത്തിലൊരിക്കല്‍ ദേവേന്ദ്രന്‍ അഹല്യയെ കാണാനിടയായി. അഹല്യയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ചു മോഹപരവശനായ ഇന്ദ്രന്‍ അഹല്യയെ പ്രാപിക്കാനായി ഒരു ഉപായം കണ്ടെത്തി. ഒരു രാത്രി ഇന്ദ്രൻ ഗൗതമമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് തന്‍റെ മായാജാലത്താല്‍ പതിവ് സമയത്തിന് മുൻപേ പ്രഭാതമായത് പോലൊരു മായാ അന്തരീക്ഷം സൃഷ്ടിച്ചു. പ്രഭാതമായി എന്ന് തോന്നിയ ഗൗതമമഹര്‍ഷി പ്രഭാതപൂജകൾക്കായി ആശ്രമം വിട്ടിറങ്ങിയ ഉടനെ ഇന്ദ്രൻ മുനിയുടെ രൂപത്തില്‍ ആശ്രമത്തില്‍ കയറിപ്പറ്റി. പ്രഭാതത്തില്‍ പുറത്തുപോയ ഭര്‍ത്താവ് തിരികെ വന്നതെന്തിനെന്ന്  ചോദ്യഭാവേന അഹല്യ ഗൗതമവേഷത്തില്‍ എത്തിയ ഇന്ദ്രനെ നോക്കിയെങ്കിലും ഇന്ദ്രന്റെ മായ അഹല്യക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഇന്ദ്രന്റെ മോഹവലയത്തില്‍ വീണു പോയ അഹല്യ ഗൗതമമുനിയെന്ന തെറ്റിദ്ധാരണയിൽ  ഇന്ദ്രനുമായി രമിച്ചു.ഇതേ സമയംപ്രഭാതസ്നാനത്തിനായി നദിയിൽ എത്തിയ ഗൗതമന്‍ താൻ കണ്ട പ്രഭാതം ഒരു മായയാണെന്ന് തിരിച്ചറിഞ്ഞു. താന്‍ കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞ ഗൗതമന്‍ ആശ്രമത്തിലേക്ക് തിരികെയെത്തി. അവിടെ വേഷപ്രച്ഛന്നനായി തന്‍റെ ഭാര്യയുമായി രമിച്ച ഇന്ദ്രനെ മുനി ശപിച്ചു. “കാമാര്‍ത്തനും വഞ്ചകനും ആയ നീ ഷണ്ഡനും ദേഹം നിറയെ ആയിരം ലിംഗങ്ങൾ* ഉള്ളവനായി നടക്കാന്‍ ഇട വരട്ടെ…”. കോപത്താൽ ജ്വലിച്ച മുനി, ഇന്ദ്രനുമായി രമിച്ചതിന് അഹല്യയെ “ഭര്‍ത്താവിനെ അറിയാതെ പോയ നീ ശിലയായി തീരട്ടെ” എന്ന് ശപിച്ച് ഒരു ശിലയാക്കി മാറ്റി. താന്‍ അറിയാതെ ചെയ്തു പോയ തെറ്റിന് മാപ്പിരന്ന അഹല്യയോടു അലിവ് തോന്നിയ ഗൗതമന്‍, “ശ്രീരാമപാദം സ്പര്‍ശിക്കുന്ന മാത്രയില്‍ നിനക്ക് ശാപമുക്തി ലഭിക്കും” എന്ന ശാപമോക്ഷവും അരുള്‍ ചെയ്തു. ചെയ്ത് പോയ തെറ്റിന് മാപ്പും ശാപമോക്ഷവും ചോദിച്ച ഇന്ദ്രനും മുനി ശാപമോക്ഷം കൊടുത്തു. അങ്ങനെ ഇന്ദ്രന്റെ ശരീരത്തിൽ മുളച്ച ആയിരം ലിംഗങ്ങൾ ആയിരം കണ്ണുകൾ ആയി മാറിയെന്നും ഇന്ദ്രശരീരത്തിൽ നിന്നും വേറിട്ട ലിംഗങ്ങൾ ഒരു പ്ലാവിൽ ചെന്ന് ചേർന്നെന്നും അതാണ് ഇപ്പോൾ കാണുന്ന ചക്ക എന്നുമാണ് ചക്കയുമായി ബന്ധപ്പെട്ട് കേട്ട കൗതുക കഥ.  (*ആയിരം ഭഗങ്ങൾ എന്നും കേട്ടിട്ടുണ്ട്)

"ചക്ക സ്ക്കൂൾ" എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ സ്കൂളുണ്ട് കേരളത്തിൽ. മലപ്പുറം തിരൂര്‍ ഗവണ്‍മന്റ് യു.പി. സ്ക്കൂൾ ആണ് ഈ പേരിൽ അറിയപ്പെടുന്നത്. സ്കൂള്‍ മുറ്റം നിറയെ പ്ലാവും അതിലെല്ലാം  ചക്കകളും ഉള്ളത് കൊണ്ടായിരുന്നു ഇങ്ങനെ ഒരു വിളിപ്പേര് വരാൻ കാരണം. മലയാളം മീഡിയം മാത്രം പഠിപ്പിക്കുന്ന ജില്ലയിലെ ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്. ഓരോ വര്‍ഷം കഴിയും തോറും കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അതോടെ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ചില പ്ലാവുകൾ വെട്ടേണ്ടി വന്നു. എന്നാലും മുറ്റത്ത് അവശേഷിക്കുന്ന പ്ലാവിലെല്ലാം സീസൺ മുഴുവൻ നിറയെ ചക്കകളാണ്. കുട്ടികളുടെ പഠനവും ഈ മരങ്ങള്‍ക്കിടയിലാണ് നടക്കുന്നത്.

Sunday 3 July 2022

ഇന്ത്യൻ തപാൽ സ്റ്റാമ്പിലെ തോമാ ശ്ലീഹ (St. Thomas)


പോൾ നാലാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് 1964 ഡിസംബർ 2-ന് യേശുക്രിസ്തുവിന്റെ ഇന്ത്യയിലെ അപ്പോസ്തലനായ "സെന്റ് തോമസിന്റെ" ചിത്രമുള്ള ഒരു സ്റ്റാമ്പ് ഇന്ത്യാ പോസ്റ്റ് പുറത്തിറക്കി. പിന്നീട്, അദ്ദേഹത്തിന്റെ മരണത്തിന്റെ 19-ാം ശത വാർഷികത്തോടനുബന്ധിച്ച്, ചെന്നൈ സെന്റ് തോമസ് മൗണ്ടിൽ അദ്ദേഹം തന്നെ കൊത്തുപണി ചെയ്ത് രൂപപ്പെടുത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കുരിശ്  ചിത്രീകരിക്കുന്ന മറ്റൊരു സ്റ്റാമ്പും ഇന്ത്യാ പോസ്റ്റ് പുറത്തിറക്കി. 1973 ജൂലൈ 3-ന്, ആയിരുന്നു ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.

പുരാതന മതങ്ങളിൽ ഒന്നായ ക്രിസ്തുമതം സ്ഥാപിക്കപ്പെട്ടിട്ട് 2000-ൽ അധികം വർഷത്തിലേറെയായി. ബൈബിളിന്റെ പഴയനിയമത്തിൽ പ്രവചിക്കപ്പെട്ട മിശിഹാ ആയി അവതരിച്ച യേശുക്രിസ്തു ദൈവപുത്രനും മനുഷ്യരാശിയുടെ രക്ഷകനുമാണെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ജറുസലേമിനടുത്തുള്ള ഒരു യഹൂദ കുടുംബത്തിൽ ജനിച്ച യേശു രക്ഷയുടെ സുവിശേഷം പ്രസംഗിച്ചും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചും ജീവിച്ചു. ഒടുക്കം പാടുപീഡകൾ സഹിച്ച് കുരിശിൽ മരിക്കുന്നതിന് മുൻപേ സുവിശേഷം ലോകമെങ്ങും എത്തിക്കാനായി, യേശു 12 ശിഷ്യന്മാരെ അപ്പോസ്തലന്മാരായി തിരഞ്ഞെടുത്തു. ഇവരിൽ ഒരാളായിരുന്ന തോമസ് ആണ് ഇന്ത്യയിൽ ക്രിസ്തുമതത്തിന് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. സെന്റ് തോമസ് ഇന്ത്യയിൽ വന്ന് തദ്ദേശീയരെ ക്രിസ്തു മാർഗ്ഗം സ്വീകരിപ്പിച്ചു എന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ ഇവിടെ എന്നും സജീവമായിരുന്നു.

സെന്റ് തോമസിന്റെ ഭാരത പ്രവേശനം നവംബർ 21-നായിരുന്നു മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസം. അവരുടെ വിശ്വാസമനുസരിച്ച് കൊടുങ്ങല്ലൂർ (മുസ്സിരിസ്) തുറമുഖത്തിനടുത്തുള്ള മാല്യങ്കരയിലാണ് തോമസ് എത്തിയത്. ഇന്നത്തെ തെക്കേ ഇന്ത്യയിലെങ്ങും സഞ്ചരിച്ച് അദ്ദേഹം നടത്തിയ  സുവിശേഷ വേലയുടെ ഫലമായി ഇവിടെ താമസിച്ചിരുന്ന യഹൂദരെയും തദ്ദേശീയരായ വിവിധ ജാതിക്കാരെയും മത പരിവർത്തനം ചെയ്തു. അവർക്ക് വേണ്ടി അദ്ദേഹം ഏഴര പള്ളികൾ (വിശ്വാസി സമൂഹങ്ങൾ) സ്ഥാപിക്കുകയും ചെയ്തത്രെ. കൊടുങ്ങല്ലൂർ (ക്രാങ്ങനൂർ), പാലയൂർ, കോട്ടയ്ക്കാവ് (പറവൂർ), കോക്കമംഗലം, നിരണം , കൊല്ലം, ചായൽ (നിലയ്ക്കൽ) എന്നിവയാണ് ആ പള്ളി സമൂഹങ്ങൾ. അതിനുശേഷം അദ്ദേഹം  തമിഴ്നാട്ടിൽ ഇന്നത്തെ ചെന്നൈയുടെ ഭാഗമായ മൈലാപൂരിലെത്തിത്തി.

മൈലാപ്പൂർ രാജാവുമായി സെന്റ് തോമസ് സൗഹൃദത്തിലായിരുന്നു എങ്കിലും ബഹുജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തതിലുള്ള വിരോധത്താൽ രാജാവിന്റെ ഏതാനും കൊട്ടാര കാര്യക്കാർ സെന്റ് തോമസിനെ കൊല്ലാൻ പദ്ധതിയിട്ടത്രേ.  അദ്ദേഹം, വനത്താൽ ചുറ്റപ്പെട്ട ചിന്നമല -Little Mount- യിൽ പോയി മറഞ്ഞെങ്കിലും ശത്രുക്കൾ അദ്ദേഹത്തെ കണ്ടെത്തുകയും കുന്തം കൊണ്ട് കുത്തി കൊല്ലുകയും ചെയ്തു.  എ.ഡി. 72 ജൂലൈ 3-നാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടതെന്നു കരുതപ്പെടുന്നു. രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ മൃതദേഹം മൈലാപ്പൂരിൽ കൊണ്ടു വന്ന് അവിടെ  പണിയപ്പെട്ട പള്ളിക്കുള്ളിൽ സംസ്‌കരിച്ചെന്ന് പറയപ്പെടുന്നു. തോമായുടെ രക്തം വീണ മണ്ണ് അടങ്ങിയ ഒരു പാത്രവും അവനെ കുത്തിയ കുന്തവും അവന്റെ ശവകുടീരത്തിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 

എ.ഡി. മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട "തോമസിന്റെ പ്രവൃത്തികൾ" എന്ന പുസ്തകം തോമസിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കേരളത്തിൽ പ്രചാരത്തിലിരുന്ന "റമ്പാൻ പാട്ട്", ആദ്യകാല ക്രൈസ്തവ സഭാ പിതാക്കന്മാരായ അപ്രേം, ഗ്രിഗറി, ജെറോം, അംബ്രോസീസ്, ഇസിദോർ തുടങ്ങിയവരുടെ കൃതികളിലും മറ്റ് ചില രക്തസാക്ഷി ചരിതങ്ങളിലും (Martyrology) സെന്റ് തോമസിന്റെ ഇന്ത്യ സന്ദർശനത്തെപ്പറ്റിയും മൈലാപ്പൂരിൽ വച്ചുള്ള രക്തസാക്ഷിത്വത്തെയും പറ്റിയുള്ള പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ കൂടാതെ വേറെയും ചില രേഖകൾ തോമസിന്റെ ഇന്ത്യ സന്ദർശനത്തെയും രക്തസാക്ഷിത്വത്തെയും സാധൂകരിക്കാനായി പരാമർശിച്ചു കാണാറുണ്ട്.  







Friday 10 June 2022

അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ല; അങ്കമാലിക്കല്ലറയിൽ....

ഈ ചിത്രത്തിൽ കാണുന്നതാണ് ചരിത്രപ്രസിദ്ധമായ "അങ്കമാലിക്കല്ലറ". 

അതെ; "അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല" എന്നും "അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരാണെങ്കിൽ ആ കല്ലറയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും” എന്നുമൊക്കെയുള്ള ഉശിരൻ മുദ്രാവാക്യങ്ങൾക്ക് കാരണമായ അങ്കമാലിക്കല്ലറ. 1959-ൽ കേരള രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു അങ്കമാലി വെടിവയ്പ്പ്. അതാകട്ടെ, ഒരു സമരമെന്ന രീതിയിൽ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന "വിമോചന സമര"മെന്നറിയപ്പെടുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗവും. അങ്കമാലി വെടിവയ്പ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളെ അടക്കം ചെയ്ത മണ്ണിൽ അവരുടെ സ്മാരകമെന്ന നിലയിൽ പണികഴിപ്പിച്ച വലിയ ഈ ഒറ്റക്കല്ലറയാണ് അങ്കമാലിക്കല്ലറ എന്നറിയപ്പെടുന്നത്.

ലോകചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ് സർക്കാരിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകളും അവരെ പിന്തുണക്കുന്ന മത സാമുദായിക സംഘടനകളും ചേർന്ന് 1959 ജൂൺ 12-നായിരുന്നു വിമോചനസമരം ആരംഭിച്ചത്. വിമോചന ദിനം എന്ന പേരിൽ തുടങ്ങിയ പ്രതിഷേധപരിപാടികളോടനുബന്ധിച്ച് സമര സംഘാടകർ നാടൊട്ടുക്ക് പിക്കറ്റിങ്ങും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ട് പിറ്റേ ദിവസമാണ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ അടയാളപ്പെടുത്തിയ അങ്കമാലി പൊലീസ് വെടിവയ്‌പ്പ് നടന്നത് 1959 ജൂൺ 13-ന് ആയിരുന്നു. സമരത്തോടനുബന്ധിച്ച് നടന്ന ഒരു കള്ള് ഷാപ്പ് പിക്കറ്റിങ്ങിനിടയിൽ കുഞ്ഞപ്പൻ എന്ന തൊഴിലാളി അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കാലടി, കൊറ്റമം, മറ്റൂർ പ്രദേശങ്ങളിലുള്ളവർ അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് വെടിവയ്പ്പിൽ കലാശിച്ചത്. രാത്രിയിൽ നടന്ന ആ വെടിവെയ്പിൽ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു.
അങ്ങനെ മൊത്തം ഏഴ് പേരായിരുന്നു അങ്കമാലി വെടിവയ്പ്പിൽ, നേരിട്ട് ജീവനഷ്ടം സംഭവിച്ചവർ. പരിക്ക് പാട്ടി ദീർഘകാലം ശാരീരിക ബുദ്ധിമുട്ടുകളുമായി ജീവിച്ച് മരിച്ചവർ വേറെയുമുണ്ട്. കാലടി സ്വദേശി മാടശ്ശേരി ദേവസ്സി, കൈപ്പട്ടൂര്‍ക്കാരന്‍ കോച്ചാപ്പിള്ളി പാപ്പച്ചന്‍, കൊറ്റമത്തു നിന്നുള്ള കോലഞ്ചേരി കുഞ്ഞവിര പൗലോസ്, മുക്കടപ്പള്ളന്‍ വറീത്, മറ്റൂര്‍ സ്വദേശികളായ ചെമ്പിശ്ശേരി വറീത്, കൊഴുക്കട്ട പുതുശ്ശേരി പൗലോ, കുര്യപ്പറമ്പന്‍ വറീത് എന്നിവരായിരുന്നു അങ്കമാലി വെടിവെപ്പിന്റെ രക്തസാക്ഷികൾ. ഇതിൽ കുഞ്ഞവിര പൗലോസ് വിദ്യാർത്ഥിയും മറ്റുള്ളവർ കൂലിപ്പണി, കാളവണ്ടി ഓടിക്കൽ, പനമ്പുനെയ്ത്ത്, മരം വെട്ട് മുതലായ എന്നിവ കൊണ്ട് കുടുംബം പുലർത്തിയിരുന്ന സാധാരണക്കാരുമായിരുന്നു. അവസാന മൂന്ന് പേരുകാർ ഞങ്ങളുടെ അയല്പക്കക്കാർ ആയിരുന്നു. ഇവരുടെ എല്ലാം പിൻതലമുറക്കാർ ഇപ്പോഴും ഞങ്ങളുടെ സ്വന്തം ഇടവകയിലും പഞ്ചായത്തിലും ഒക്കെ ജീവിക്കുന്നുണ്ട്. 

രാഷ്ട്രീയക്കാരും മത സാമുദായിക സംഘടനകളും അന്നും പിൽക്കാലത്തും ഈ സംഭവം കൊണ്ട് നേട്ടമേറെ ഉണ്ടാക്കിയെങ്കിലും രക്തസാക്ഷികളുടെയോ അന്ന് പ്രക്ഷോഭത്തിൽ പരിക്കേറ്റവരുടെയോ കുടുംബങ്ങൾക്ക് ഇവരിൽ നിന്നൊന്നും കാര്യമായൊരു സഹായവും കരുതലും കിട്ടിയില്ല എന്നതാണ് ഈ രക്തസാക്ഷിത്വത്തിന്റെ മനുഷ്യത്വ വിരുദ്ധ വശം. രക്തസാക്ഷികളെ ആദ്യം ഏറ്റെടുത്തത് സഭയും കോൺഗ്രസുമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ അവരെ സഭയും കോൺഗ്രസും ഒരരികത്തേക്ക് മാറ്റി വച്ചു. പിന്നെ കുറേക്കാലം കേരള കോൺഗ്രസ് അവരെ ഏറ്റെടുത്തു. ശേഷം കാലത്തിന്റെ ഒഴുക്കിനിടയിൽ കോൺഗ്രസും കേരള കോൺഗ്രസുമൊക്കെ കമ്യൂണിസ്റ്റുകളുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെ ഭാഗമായി. അതോടെ രാഷ്ട്രീയക്കാർ അങ്കമാലിക്കലാറയെ മറന്നു. സഭയ്ക്കും രക്തസാക്ഷികളെക്കൊണ്ട് വലിയ ആവശ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട് അവരും കല്ലറയും തീർത്തും വിസ്മൃതിയിലായി. പിന്നെ എം എ ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് കൊണ്ട് വന്ന വിദ്യാഭ്യാസ പരിഷ്കരണ ബില്ലിനെ എതിർത്ത് തോൽപ്പിക്കാൻ രണ്ടാം വിമോചന സമര ആഹ്വാനമൊക്കെ ഉണ്ടായി. അപ്പോഴാണ് അങ്കമാലി കല്ലറക്ക് വീണ്ടുമൊരു ശാപമോക്ഷം കിട്ടിയത്. അതിന് ശേഷം അങ്കമാലി പള്ളി പുതുക്കി പണിതപ്പോൾ കല്ലറ ഗ്രാനൈറ്റ് ഒക്കെ ഇട്ട് മനോഹരമാക്കി. മിക്കവാറും വിസ്മൃതിയിൽ കാടു പിടിച്ചു കിടക്കുന്ന കല്ലറയെപ്പറ്റി രക്തസാക്ഷി അനുസ്മരണ ദിനത്തിൽ മാത്രമാണ് ചിലരെങ്കിലും ഓർക്കാറുള്ളത്. ചടങ്ങിന് പള്ളിയിൽ നിന്ന് ഒരു ഒപ്പീസും ഏതെങ്കിലും ചില സംഘടനകളുടെ നാമമാത്ര അനുസ്മരണയോഗവും നടന്നാലായി. ഇതൊന്നും നടക്കാതിരുന്ന വർഷങ്ങളും ഉണ്ടെന്നാണ് ഈ പ്രദേശത്തുള്ളവർ പലരും പറയുന്നത്. മത സാമുദായിക ശക്തികള്‍ കേരള രാഷ്ട്രീയത്തിൽ നേരിട്ടിടപെടുന്നതിന് അവസരം തുറന്നു നല്‍കിയ സംഭവപരമ്പരയായിരുന്നു വിമോചന സമരവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും. അതായിരുന്നു വിമോചനസമരം രാഷ്ട്രീയ കേരളത്തോട് ചെയ്ത ഏറ്റവും വലിയ പാതകവും. മതവും സമുദായവും പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരെ നിലകൊണ്ട അന്നത്തെ പുരോഗമന പക്ഷവും ഇപ്പോൾ മതസാമുദായിക ശക്തികളെ ഉൾക്കൊള്ളുകയും അവരോടു രാജിയാവുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തതാണ് ഇതിലെ കറുത്ത ഫലിതം. 

സ്വയവും മറ്റുള്ളവരെയും വഞ്ചിച്ചു ജീവിക്കുന്ന മത-സമുദായ-രാഷ്ട്രീയ പരാന്ന ജീവികൾക്ക് വേണ്ടി ജീവൻ ത്യജിച്ച പാവം രക്തസാക്ഷികൾക്ക് മുൻപിൽ ഒരു പിടി ചുവന്ന പൂക്കൾ സമർപ്പിക്കുന്നു...

(അങ്കമാലി പള്ളി പുതുക്കി പണിയുന്നതിന് മുൻപുണ്ടായിരുന്ന അങ്കമാലിക്കല്ലറയുടെ ചിത്രം 👇👇👇)



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday 23 May 2022

മട്ടാഞ്ചേരിയിലെ "ചാപ്പ"യുടെ കഥ; കൊച്ചി തുറമുഖത്തിന്റെയും...


നിവിൻ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രത്തിന്റെ ട്രെയിലറിൽ "ഇനി മുതൽ മൂപ്പന്മാരില്ല; ചാപ്പയേറില്ല; ചാപ്പ ആർക്കൊക്കെ കൊടുക്കണമെന്ന് യൂണിയൻകാർ തീരുമാനിക്കും" എന്ന് പറയുന്നത് കേൾക്കാം. എന്താണീ ചാപ്പയെന്ന് അറിയാമോ !? നാട്ടിൻപുറങ്ങളിൽ കോയിൻ ടോസ് ചെയ്യുമ്പോൾ ചാപ്പ/കുരിശ് എന്ന ഓപ്‌ഷൻ ചോദിക്കാറുണ്ട്. ആ ചാപ്പയല്ല ഈ ചാപ്പ. 

പതിറ്റാണ്ടുകൾക്ക് മുൻപ്, സ്വാതന്ത്ര്യലബ്ധിക്കും മുന്നേ, കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന തികച്ചും മനുഷ്യത്വ വിരുദ്ധവും പ്രാകൃതവും ആയ ഒരു സമ്പ്രദായമായിരുന്നു ചാപ്പ സമ്പ്രദായം. തുറമുഖത്തെ തൊഴിലവസരങ്ങളേക്കാൾ തൊഴിലാളികളുടെ എണ്ണം കൂടുതലായിരുന്ന കാലത്ത് തൊഴിൽ വിഭജിച്ചു നൽകുന്നതിന് വേണ്ടിയുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. കപ്പലുകളില്‍നിന്ന് ചരക്കിറക്കുന്നതിനും ചരക്കുകയറ്റുന്നതിനും കരാര്‍ എടുത്തിരുന്നത് സ്റ്റീവഡോര്‍മാര്‍ എന്ന കോണ്‍ട്രാക്ടര്‍മാരാണ്. സ്റ്റീവ്ഡോർസ് ആയിരുന്നു തൊഴിലുടമകൾ. ഇവര്‍ക്കുവേണ്ടി തൊഴിലാളികളെ തിരഞ്ഞെടുത്ത് എത്തിച്ചിരുന്നത് മൂപ്പന്മാര്‍ / തണ്ടേലാൻമാർ എന്നൊക്കെ അറിയയപ്പെട്ടിരുന്ന കങ്കാണിമാർ ആയിരുന്നു. ഈ കങ്കാണിമാർ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ ഉപയോഗിച്ചിരുന്ന ചെമ്പ് കൊണ്ടുണ്ടാക്കിയ ഒരു ടോക്കണാണ് "ചാപ്പ". വൃത്താകൃതിയിലും സമചതുരാകൃതിയിലും ഷഡ്‌ഭുജാകൃതിയിലും ചാപ്പ ഉണ്ടായിരുന്നു. ചിത്രത്തിലുള്ളത് വൃത്താകൃതിയിലുള്ള ചാപ്പയാണ്. 



(Diameter : 30.4 mm    Weight : 9.43 gm)

ചാപ്പ കയ്യിലുള്ളവർക്കേ തുറമുഖത്ത് ജോലിക്ക് കയറാൻ സാധിക്കുമായിരുന്നുള്ളൂ. ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്ന അസംഖ്യം തൊഴിലാളികൾക്കിടയിലേക്ക് തണ്ടേലാന്മാർ ചാപ്പ എറിയും. എറിയപ്പെടുന്ന ചാപ്പകൾ തൊഴിലാളികൾ എത്തിപ്പിടിച്ചും തമ്മിലടിച്ചും പിടിവലി നടത്തിയും തട്ടിപ്പറിച്ചുമൊക്കെ കൈക്കലാക്കും. കങ്കാണികളുടെ വീട്ടിൽ ദാസ്യവേല ചെയ്തും, കൈക്കൂലി നൽകിയും മറ്റും ചിലർ ചാപ്പ മുൻകൂട്ടി വാങ്ങുന്ന പതിവുമുണ്ടായിരുന്നു. കൈവശമുള്ള ചാപ്പ തണ്ടേലാന്മാർക്ക് കൈമാറുന്നവർക്ക് മാത്രം പണിക്ക് കയറാൻ സാധിക്കും. തുച്ഛമായ കൂളിയല്ലാതെ കാര്യമായ യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ഒരു ദിവസത്തെ തൊഴിലിന് വേണ്ടി തങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയാണ് അന്ന് ഓരോ തുറമുഖത്തൊഴിലാളിയും ചാപ്പയും അത് വഴി തൊഴിലും നേടിയിരുന്നത്. ഇത് ഓരോ ദിവസവും ആവർത്തിക്കുന്ന ദുരാചാരം പോലൊരു നടപടിക്രമമായിരുന്നു. ഒരു ചാപ്പ നേടിയെടുക്കുന്നതിനായി തത്രപ്പെടുകയും പരാക്രമം  കാണിക്കുകയും തമ്മിലടിക്കുകയും ഒക്കെ ചെയ്യുന്ന തൊഴിലാളികളെ കണ്ട് ആസ്വദിക്കുന്നതിനായി ഏറെ ആളുകൾ തുറമുഖത്ത് വന്നു കൂടുമായിരുന്നുവത്രെ. 

തൊഴിലവകാശം എന്ന് പറയാവുന്ന ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ഏകദേശം അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു തുറമുഖത്തൊഴിൽ. അന്നത്തെ രണ്ട് രൂപ കൂലിക്ക് വേണ്ടി പണിയെടുക്കേണ്ട ഒരു തൊഴിൽ ദിനത്തിന്റെ ദൈർഘ്യം 12 മണിക്കൂർ ആയിരുന്നു. ഓവർടൈം പോലെ ഒരു 12 മണിക്കൂർ കൂടി പണിയെടുത്താൽ മൊത്തം 24 മണിക്കൂറിന് 5 രൂപയായിരുന്നു കൂലി. കൽക്കട്ട, ബോംബെ പോലുള്ള തുറമുഖങ്ങളിൽ 25 പേരടങ്ങുന്ന ഗാങ്ങ് ചെയ്യുന്ന ജോലി കൊച്ചിയിൽ 16 പേർ ചേർന്ന് ചെയ്തു തീർക്കണമായിരുന്നു. ഈ വക ചൂഷണത്തിന്റെ ഭാഗമായിരുന്നു ചാപ്പ സമ്പ്രദായം. 

സ്വാഭാവികമായും പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ ചെറിയ ചെറുത്തു നിൽപ്പുകളും പ്രതിഷേധങ്ങളും തുറമുഖത്ത് ഉടലെടുത്ത് തുടങ്ങി. തൊഴിലിടത്തെ നീതി നിഷേധത്തിനും ചൂഷണത്തിനും ഒരു അറുതി വരുത്തണമെന്ന് അന്നത്തെ തൊഴിലാളി പ്രവർത്തകർ തീരുമാനിച്ചതിനെത്തുടർന്ന് 1946 മെയ് 12-ന് തുറമുഖ തൊഴിലാളികൾ ചേർന്ന് ഒരു യൂണിയൻ ഉണ്ടാക്കി, ‘കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയൻ’ എന്നായിരുന്നു അതിന്റെ പേര്.

യൂണിയൻ വന്നത് തൊഴിലാളികളിൽ ആത്മവിശ്വാസവും അവകാശബോധവും ഒത്തൊരുമയും സൃഷ്ടിച്ചതോടെ ചൂഷണത്തിന്റെ തോത് വളരെ കുറഞ്ഞു. ഇതോടെ തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനായിതൊഴിലുടമകളുടെ ശ്രമം. തൊഴിലുടമകൾ സർക്കാറിൽ സ്വാധീനം ചെലുത്തിയും കങ്കാണികൾ വഴിയും തൊഴിലാളികളിലെ ഐക്യം തകർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി ചാപ്പ വിതരണം ചെയ്യാനുള്ള അവകാശം യൂണിയൻ നേതാക്കൾക്ക് നൽകാമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഈ പ്രലോഭന ശ്രമത്തെ പ്രതിരോധിച്ച നേതാക്കൾ ചാപ്പ സമ്പ്രദായം നിർത്തലാക്കണമെന്നും പകരം തൊഴിലാളികളെ മസ്റ്റർ റോൾ ചെയ്യണമെന്നും ഇതിനായി ഡോക്ക് ലേബർ ബോർഡ് രൂപീകരിക്കണമെന്നുമുള്ള ആവശ്യം മുന്നോട്ട് വച്ചു. അതേ സമയം അന്നത്തെ കേന്ദ്ര സർക്കാറിൽ നിർണായക സ്വാധീനമുണ്ടായിരുന്ന യൂണിയൻ ചാപ്പ കൊടുക്കാനുള്ള അവകാശം സ്റ്റീവ്ഡോർസിൽ നിന്നും സ്വന്തമാക്കി. ഇതിലൂടെ തുറമുഖ തൊഴിലാളികൾക്കിടയിലെ ഐക്യം തകർത്ത് അവരെ വിഭജിച്ചെടുക്കുന്നതിൽ തൊഴിലുടമകൾ വിജയിക്കാനായി. 1953 ജൂലൈയിൽ ചാപ്പ സമ്പ്രദായത്തിനെതിരെ കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. സമരം 75 ദിവസം പിന്നിട്ട അവസരത്തിൽ നേതാക്കളെ സമരമുഖത്തു നിന്ന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പൊലീസ് വാഹനത്തിനു മുൻപിൽ നിലയുറപ്പിച്ച തൊഴിലാളികൾക്കു നേരെ പൊലീസും പട്ടാളവും ചേർന്നു വെടിയുതിർത്തു. വെടിവെയ്പ്പിൽ സെയ്ദ്, സെയ്ദാലി എന്നീ തൊഴിലാളികൾ മരണമടഞ്ഞു. കസ്റ്റഡിയിലായ അബുവിന്റെ വിവരം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ സമരപ്രവർത്തകൻ ആന്റണിയെ പോലീസ് മർദ്ദിക്കുകയും വൈകാതെ മരിക്കുകയും ചെയ്തു. സെപ്റ്റംബർ 15-നാണു ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇതേ തുടർന്നു ചില വിട്ടുവീഴ്ചകൾക്കു തയ്യാറായ സ്റ്റീവ്ഡോറുമാർ, ചാപ്പ എറിയുന്ന കങ്കാണിപ്പണി യൂണിയന്റെ നേതാക്കൾക്കു നൽകാമെന്ന ഉവീണ്ടും മുന്നോട്ട് വെച്ചു. ചില യൂണിയനുകൾ ഈ ഉപാധി പ്രകാരം സമരത്തിൽനിന്നും പിന്മാറി. എന്നാൽ നിശ്ചയ ദാർഢ്യമുള്ള നേതാക്കൾ ചാപ്പ സമ്പ്രദായം നിർത്തലാക്കണമെന്ന നിലപാടിൽതന്നെ ഉറച്ചു നിന്നതിനെത്തുടർന്ന് ചാപ്പസമ്പ്രദായത്തിനു അല്പം ഇളവു വന്നു. പിന്നെയും ഒൻപതു വർഷങ്ങൾക്കു ശേഷമാണു കൊച്ചി തുറമുഖത്തു നിന്നു "ചാപ്പ" അപ്രത്യക്ഷമായത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ 1963-ൽ കൊച്ചി പോർട്ട് ലേബർ ബോർഡ് സ്ഥാപിതമാവുകയും തൊഴിലാളികൾ ഈ ബോർഡിൽ രജിസ്റ്റർ ആവുകയും ചെയ്തു. ഡോക്ക് ലേബർ ബോർഡ് പിന്നീട് കൊച്ചിൻ പോർട്ടിന്റെ ഭാഗമാക്കിയപ്പോൾ ബോർഡ്, ലേബർ ഡിവിഷൻ എന്നാണ് അറിയപ്പെടുന്നത്.

ചാപ്പ സമ്പ്രദായത്തെ ചിത്രീകരിക്കുന്ന ഒരു ചലച്ചിത്രം മുൻപും മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1982-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പേര് തന്നെ "ചാപ്പ" എന്നായിരുന്നു. ചിത്രം ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 20 April 2022

ഒരു ചെറ്യേ വല്ല്യ പുസ്തകം

ഏപ്രിൽ 23 ലോക പുസ്തക ദിനമാണ്. World Book and Copyright Day എന്നാണ് ഈ ദിനം ഔപചാരികമായി അറിയപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട UNESCO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന United Nations Educational, Scientific and Cultural Organization ആണ് ഈ ദിനം തിരഞ്ഞെടുത്തത്. വില്യം ഷേക്സ്പിയറിന്റെ ചരമവാർഷികവും മറ്റ് നിരവധി പ്രമുഖ എഴുത്തുകാരുടെ ജനനത്തിൻ്റെയോ മരണത്തിന്റെയോ വാർഷികവുമായി വരുന്ന തിയ്യതിയാണ് ഏപ്രിൽ 23.


ഈ അവസരത്തിൽ വളരെ പെരുമയുള്ള ഒരു പുസ്തകം പരിചയപ്പെടുത്താമെന്നു കരുതി. ഇതിന്റെ പെരുമയെന്താണെന്ന് ചോദിച്ചാൽ അതിന്റെ വലിപ്പമാണതിന്റെ പെരുമ. ലോകത്തിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങൾക്കിടയിൽ ഏറ്റവും ചെറിയ പുസ്തകങ്ങളിൽ ഒന്നാണിത്.  ക്രൈസ്തവ വിശ്വാസികൾ "Lord's Prayer - കർത്തൃപ്രാർത്ഥന" എന്ന് വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയാണ് ഈ "പുസ്തക"ത്തിന്റെ ഉള്ളടക്കം. ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഏഴ് ഭാഷകളിൽ Lord's Prayer ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിൽ അച്ചടിച്ചതിൽ വച്ചേറ്റവും ചെറിയ Polyglot Book (ബഹുഭാഷാ പുസ്തകം) ഇത് തന്നെയാവാനാണ് സാധ്യത. പരമ്പരാഗത രീതിയിൽ അച്ച് ഉപയോഗിച്ച് മുദ്രണം ചെയ്ത ഈ പുസ്തകം നൂൽ കൊണ്ട് തുന്നി തുകൽച്ചട്ടയിട്ട് ബയൻറ് ചെയ്ത രൂപത്തിലാണുള്ളത്. 

ഈ പുസ്തകത്തിന് ഒരു ഷർട്ട് ബട്ടനേക്കാൾ വലിപ്പം കുറവാണ്. അളന്ന്
പറഞ്ഞാൽ കഷ്ടിച്ച് 5 മില്ലീമീറ്ററിൽ താഴെ 
നീളവും അത്രയും തന്നെ വീതിയുമേ ഇതിനുള്ളൂ. അച്ചടിച്ച പേജുകളുടെ വലിപ്പം 3.5 mm മാത്രമേയുള്ളൂ. ആധുനിക ഡി. ടി. പി. (Desk Top Publishing) സംവിധാനങ്ങൾ ഉപയോഗിച്ച് Reprographic Reduction നടത്തി ഇത്രയും ചെറിയ പേജുകൾ പ്രിന്റ് ചെയ്തെടുക്കൽ അത്ര ശ്രമകരമായ  കാര്യമല്ല. പക്ഷെ, 1952-ൽ പരമ്പരാഗത മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ഇത്തരമൊരു ബുക്ക് ഉണ്ടാക്കിയെടുക്കുക എന്നത് തീരെ നിസാര കാര്യമല്ലായിരുന്നു. ഇത്ര ചെറിയ പുസ്തകത്തിൽ Lord's Prayer-ലെ വാചകങ്ങൾ ഞെരുക്കി കൊള്ളിച്ചു എന്നത് വിസ്മയകരമാണ്. 


ഇതിൽ അച്ചടിച്ചിരിക്കുന്ന കാര്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയില്ല. ശക്തമായ ഒരു മാഗ്നിഫയിങ് ഗ്ലാസ് ഉപയോഗിച്ച് മാത്രമേ ഈ പുസ്തകം വായിക്കാനാവൂ. പ്ളെക്സിഗ്ലാസ് എന്നറിയപ്പെടുന്ന ചെറിയ അക്രിലിക് പേടകത്തിൽ ആക്കിയാണ് ഇത് വിൽപ്പനക്ക് വച്ചിരുന്നത്. ആ പേടകത്തിന്റെ അടപ്പിൽ തന്നെ ഒരു മാഗ്നിഫയിങ് ഗ്ലാസ് സെറ്റ് ചെയ്തിട്ടുണ്ട്. അച്ചടിയുടെ പിതാവായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ജർമൻകാരനായ ജൊഹാൻ ഗുട്ടൻബർഗിന്റെ സ്മരണാർത്ഥം ജർമ്മനിയിലെ മൈൻസിൽ പ്രവർത്തിക്കുന്ന ഗുട്ടൻബർഗ് മ്യൂസിയം ആണ് ഈ പുസ്തകം അച്ചടിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗുട്ടൻബെർഗ് മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ വേണ്ടി ഉരുത്തുരിഞ്ഞ ആശയമായിരുന്നു ഇത്തരമൊരു കുഞ്ഞൻ ബുക്ക് പ്രസിദ്ധീകരിക്കുക എന്നത്. ആകെ നൂറ് കണക്കിന് പുസ്തകങ്ങൾ മാത്രമേ ഇത്തരത്തിൽ അച്ചടിച്ച് വിറ്റിട്ടുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്. 












ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 1 April 2022

SBT - മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി ലോൺ അനുവദിച്ച ബാങ്ക് !!???


മലയാളികളുടെ സ്വന്തം SBT (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) ഓർമ്മയായത് 2017 ഏപ്രിൽ 1-നായിരുന്നു. അന്ന് SBT, ഭാരതീയ സ്റ്റേറ്റ് ബാങ്കി (SBI) ൽ ലയിച്ചതോടെ ഇല്ലാതായത് ബാങ്കിങ്ങിലെ മലയാളിയുടെ പ്രിയപ്പെട്ട ട്രാവൻകൂർ ലെഗസിയാണ്. മലയാളിയെ സംബന്ധിച്ച് ഒരു പ്രത്യേക ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന പേരിൽ തുടങ്ങപ്പെട്ട ഒരു സ്ഥാപനമോ ഒരു സുപ്രഭാതത്തിൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിൽ രൂപം കൊണ്ട് കാലക്രമത്തിൽ എസ്‌.ബി.ഐ. ആയി മാറിയ ഒന്നിൽ ചുമ്മാ  ലയിച്ച ഒരു സ്ഥാപനമോ അല്ല അത്; മറിച്ച് കേരളത്തിനും മലയാളിക്കും ബാങ്കിങ്ങുമായി ബന്ധപ്പെട്ട് ഗൃഹാതുരതയേറ്റുന്ന ഒരുകൂട്ടം ഓർമ്മകൾ കൂടിയാണ്.

സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപ് രാജഭരണത്തിലായിരുന്നു 
തിരുവിതാംകൂർ സംസ്ഥാനത്ത് ഒരു കോടി രൂപ മൂലധനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ ധനകാര്യ സ്ഥാപനമാണ് SBT യുടെ പ്രാഗ്‌രൂപം. കമ്പനി കാര്യ വകുപ്പിന്റെ പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 1945 സെപ്തംബർ 12-നാണ് ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിതമായത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ ബാങ്ക് എന്നത്. ഇതിന് മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ ആണ് അനുമതി നൽകിയത്. തിരുവനന്തപുരത്ത് അന്നത്തെ സെക്രട്ടറിയേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഹജൂർ കച്ചേരി കെട്ടിടമാണ് ബാങ്കിന്റെ പ്രധാനപ്രവർത്തനങ്ങൾക്കായി ലഭിച്ചത്. ആന കച്ചേരി എന്നും ഈ കെട്ടിടത്തിന് വിളിപ്പേരുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമായിരുന്ന രണ്ട് ആനകൾ ഉൾപ്പെട്ട ഒരു എംബ്ളമായിരുന്നു ട്രാവൻകൂർ ബാങ്കിന്റേതും എന്ന് കരുതപ്പെടുന്നു. ട്രാവൻകൂർ ബാങ്ക് ആരംഭിക്കുന്ന കാലത്ത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ദേശീയ ബാങ്കുകൾ മാത്രമായിരുന്നു തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്നത്. പിന്നെ ഉണ്ടായിരുന്നത് അടൂർ ബാങ്ക് പോലെയുള്ള പ്രാദേശിക ബാങ്കുകളായിരുന്നു.

1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി. ശേഷം, ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ SBI Subsidiary Banks Act, 1959 പ്രകാരം 1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി.ഐ) യുടെ സബ്സിഡിയറി ബാങ്കായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ട്രാവൻകൂർ ബാങ്ക്, അതോടെ കേരളത്തിലെ  ബാങ്കിങ് മേഖലയുടെ നെടുംതൂണായി മാറി. തുടർന്ന് ഒട്ടേറെ പ്രാദേശിക ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ലയിപ്പിക്കപ്പെട്ടു. 1961-ൽ മോറട്ടോറിയത്തിലായിരുന്ന ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ എന്നിവ റിസർവ് ബാങ്ക് നിർദേശ പ്രകാരം എസ്‌ബിടിയിൽ ലയിപ്പിക്കുന്നു. തുടർന്ന് അടൂർ ബാങ്ക്, വാസുദേവ വിലാസം ബാങ്ക്, കൊച്ചിൻ നായർ ബാങ്ക്, ലാറ്റിൻ ക്രിസ്‌ത്യൻ ബാങ്ക്, ചമ്പക്കുളം കാത്തലിക്ക് ബാങ്ക്, ബാങ്ക് ഓഫ് ആൽവേയ് (ആലുവ), കാൽഡിയൻ സിറിയൻ ബാങ്ക്, ഇന്റോ-മർക്കന്റയിൽ ബാങ്ക് തുടങ്ങിയവയൊക്കെ SBT-യിൽ  ലയിച്ചു. 1975-ൽ SBT-ക്ക് എസ്‌ബിഐയുടെ അനുബന്ധ ബാങ്ക് (അസോഷ്യേറ്റ് ബാങ്ക്) എന്ന പദവി ലഭിച്ചു. 1992-ൽ NRI ഡിവിഷനും NRI ശാഖകളും ആരംഭിച്ചു. 1997-ൽ SBT-ക്ക് സ്വന്തമായി വെബ്സൈറ്റ് ഹോം പേജ് നിലവിൽ വന്നു. അതേ വർഷം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്‌പൂർ എന്നിവയ്‌ക്കൊപ്പം എസ്‌ബിടിക്കും സ്വയംഭരണാവകാശവും ലഭിച്ചു. 1998-ൽ എസ്‌ബിടി ഓഹരികളുടെ പ്രഥമ പൊതു വിൽപന (IPO) നടന്നു. 100 രൂപ മുഖവിലയുള്ള ഓഹരികൾ 500 രൂപ പ്രീമിയത്തോടെ ആയിരുന്നു IPO യ്ക്ക് വച്ചത്. 2000 - ൽ നെറ്റ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക് തൊട്ടടുത്ത വർഷം മൊബൈൽ ബാങ്കിങ് സൗകര്യവും കൊണ്ടു വന്നു. 2004 -ൽ ടോൾ ഫ്രീ ഇൻഫോലൈൻ സേവനവും ഇന്റർനെറ്റ് അധിഷ്ഠിത പണം കൈമാറ്റ സേവനവും തുടങ്ങി. 2016-ൽ 2016: എസ്‌ബിടി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും എസ്‌ബിഐയിൽ ലയിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. 

വളരെയേറെ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ചെറുത്തു നിൽപ്പുകൾക്കും ശേഷം 2017 ഏപ്രിൽ ഒന്നിന് ബാങ്കിങ് രംഗത്ത് മലയാളിയുടെ അഭിമാനസ്തംഭമായ SBT ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു. 

ടൈറ്റിലിൽ പറഞ്ഞിരിക്കുന്ന "മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി  ലോൺ  അനുവദിച്ച ബാങ്കാണ് SBT" എന്നത് പലരും പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ്.  അതിന്റെ സത്യം എന്ത് തന്നെയായാലും, ജനക്ഷേമം ലക്ഷ്യമിട്ട് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാപിച്ച SBT-യുമായി ബന്ധപ്പെട്ട ഒട്ടേറെ അറിവുകൾ നമുക്കും വരും തലമുറകൾക്കും പകർന്നു നൽകാൻ കഴിയുന്ന ഒരിടം തിരുവനന്തപുരത്തുണ്ട്. കവടിയാറിലെ ഗോൾഫ്ക്ലബിലേക്കുള്ള വഴിയിൽ ടെന്നീസ് ക്ലബിന് സമീപത്താണ് "ഫൂട്ട്പ്രിന്റ്സ്" എന്ന പേരിലുള്ള ബാങ്കിംഗ് മ്യൂസിയമുള്ളത്. നിലവിൽ സമീപവാസികൾക്ക് പോലും ഏറെ പരിചിതമല്ലാത്ത  ഈ സ്ഥാപനം ഓരോ മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന SBT ഇന്ന് ഓർമ്മയാണെങ്കിലും SBT വഴി നമുക്ക് സ്വന്തമായ ബാങ്കിങ്ങിന്റെ കേരള പാരമ്പര്യം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.

(ബാങ്ക് കൗണ്ടറിൽ ഇടപാടുകൾക്ക് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിച്ച് കൊണ്ടിരുന്ന ടോക്കൺ)


(സർ സി പി രാമസ്വാമി അയ്യരും ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും) 


(ആന കച്ചേരിയുടെ മാതൃക) 


Wednesday 2 March 2022

ലൂ ഓട്ടൻസ് - ശബ്ദത്തെ കാസറ്റെന്ന വിസ്മയച്ചെപ്പിലൊതുക്കിയ പ്രതിഭ


നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇഷ്ടമുള്ള പാട്ട് കേൾക്കുക, ശബ്ദം റെക്കോർഡ് ചെയ്യുക, അത് വീണ്ടും കേൾക്കുക എന്നത് വളരെ ചിലവ് കുറഞ്ഞതും ലളിതവുമായ ഒരു കാര്യമാണ്. ഇലക്ട്രോണിക്ക് - ഡിജിറ്റൽ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ മൊബൈൽ ഫോണുകളും മറ്റ് ആധുനിക ഉപകരണങ്ങളും ഇത്തരം കാര്യങ്ങൾ വളരെ ജനകീയവും എളുപ്പവും ആക്കി. എന്നാൽ കുറച്ച് കാലം മുൻപ് വരെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും ആവർത്തിച്ചു റീപ്ളേ ചെയ്തു കേൾക്കാനും ഉപയോഗിച്ചിരുന്നത് മാഗ്നറ്റിക്ക് ടേപ്പ് കാസറ്റുകൾ ആയിരുന്നു. പുതു തലമുറയിലെ കുട്ടികൾ പലരും ഇത് കണ്ടിട്ട് പോലുമുണ്ടാകില്ല; എന്നാൽ കുറെ പേർക്കെങ്കിലും അവ മനസിൽ നൊസ്റ്റാൾജിയ നിറക്കുന്ന ഓർമ്മച്ചെപ്പുകളാണ്.

മുകളിലെ ചിത്രത്തിൽ ഉള്ള ആളുടെ പേര് ലൂ ഓട്ടന്‍സ് എന്നാണ്. 1926 ജൂൺ 21-ന് നെതർലൻഡ്സിലെ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് മിടുക്കനായ ഒരു എൻജിനീയറായിരുന്നു. 1952-ൽ ബെൽജിയത്തിലെ ഫിലിപ്സ് ഫാക്ടറിയിലാണ് ഇദ്ദേഹം ജോലി തുടങ്ങുന്നത്. 1960-ൽ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടന്‍സ് ചുമതലയേറ്റു. ഫിലിപ്സ് കമ്പനിക്ക് വേണ്ടിയാണ് ലോകത്തെ വിസ്മയിപ്പിച്ച കാസറ്റ് സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തത്. 1963 ഓഗസ്റ്റ് 30-നാണ് അദ്ദേഹം മുന്നോട്ട് വച്ച കാസറ്റ് ഉപകരണം പൊതുജനശ്രദ്ധയിലെത്തുന്നത്. സി.ഡി. എന്ന ചുരുക്കപ്പേരിൽ ജനപ്രിയമായ കോംപാക്ട് ഡിസ്കുകൾ രൂപകല്‍പന ചെയ്ത ടീമിലും ഓട്ടന്‍സ് അംഗമായിരുന്നു. 1979-ലാണ് സിഡി പുറത്തിറങ്ങിയത്. 1986-ൽ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു. 2021 മാർച്ച് 6-ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 

റീൽ റ്റു റീൽ ടേപ്പുകൾ എന്നറിയപ്പെട്ടിരുന്ന വലിയ റീലുകളിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന പാട്ടുകളും മറ്റ് ശബ്ദങ്ങളും കേൾക്കുക സാധാരണക്കാർക്ക് അപ്രാപ്യവും അസൗകര്യം നിറഞ്ഞതും ആയിരുന്നു. അത്തരം ഉപകരണങ്ങൾ വലുതും ഭാരം കൂടിയതും വിലയേറിയതും ആയിരുന്നു. കുറഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കാൻ കഴിയുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്ന ഓട്ടൻസിന്റെ ആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്. ''സംഗീതം എല്ലാ ആളുകൾക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോർഡുകൾ വേണം എന്ന ആഗ്രഹം ഓട്ടൻസിന് കലശലായുണ്ടായിരുന്നു. അദ്ദേഹം ഫിലിപ്സിനോട് കാസറ്റുകളുടെ ഈ പുതിയ ഫോർമാറ്റ് മറ്റ നിർമാതാക്കൾക്ക് സൗജന്യമായി ലൈസൻസ് ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുട്ടിരുന്നു. കാസറ്റുകൾ ഒരു ലോകോത്തര സ്റ്റാൻഡേർഡ് ആയി മാറാൻ അത് വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.'' ഓട്ടൻസിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത സാക്ക് ടെയ്‌ലർ പറയുന്നതാണിന്.

ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയിലാണ് ഓഡിയോ കാസറ്റുകള്‍ ആദ്യമായി അവതരിപ്പിച്ചത്. അത് വരെ ഉണ്ടായിരുന്ന സങ്കേതങ്ങളെക്കാൾ ഒട്ടേറെ അനുകൂല സാധ്യതകൾ ഉണ്ടായിരുന്ന കാസറ്റുകള്‍ വളരെ എളുപ്പത്തിൽ ജനമനസുകൾ കീഴടക്കി. ആ വര്‍ഷം ഏറ്റവും പ്രചാരം നേടിയ ഉല്‍പന്നങ്ങളിലൊന്നായി കാസറ്റുകള്‍ മാറി. കോടികണക്കിന് കാസറ്റുകളാണ് അക്കാലത്ത് ലോകം മുഴുവനുമായി വിറ്റഴിഞ്ഞത്. ഓഡിയോ കാസറ്റുകള്‍ വികസിപ്പിച്ചെടുത്തതിന് അമ്പതാം വാര്‍ഷികവേളയിൽ "വരവറിയിച്ച ആദ്യ ദിനം മുതല്‍ ‘സെന്‍സേഷന്‍’ ആയ കണ്ടെത്തല്‍" എന്നായിരുന്നു ബി.ബി.സി കാസറ്റുകളെ വിശേഷിപ്പിച്ചത്. കാസറ്റുകളുടെ വരവ് ജനങ്ങളുടെ സംഗീതാസ്വാദനത്തില്‍ അടിമുടി മാറ്റം വരുത്തി. സംഗീതം ഇപ്പോഴുള്ളത് പോലെ ജനപ്രിയമാകുവാൻ കാസറ്റുകൾ വഹിച്ച പങ്ക് ചെറുതല്ല.

കാലത്തിനനുസരിച്ച് കാസറ്റുകൾക്ക് വിവിധ വകഭേദങ്ങള്‍ വന്നു. ആധുനിക സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ പല കണ്ടുപിടിത്തങ്ങള്‍ ഉണ്ടായെങ്കിലും കാസറ്റിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് ഉറപ്പിച്ചു പറയാം. സാങ്കേതികവിദ്യയുടെ പുരോഗതിയോടെ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ നിന്നും ഏറെക്കുറെ പുറത്തായെങ്കിലും ഈ അടുത്ത കാലത്തും കാസറ്റിന് ആവശ്യക്കാര്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേഡി ഗാഗ, ദ കില്ലേര്‍സ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ തങ്ങളുടെ പുതിയ ആല്‍ബങ്ങള്‍ കാസറ്റിലും ഇറക്കിയിരുന്നു. വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ - കല്യാണി പ്രിയദർശൻ ചിത്രമായ "ഹൃദയം" സിനിമയിലെ പാട്ടുകൾ അതിന്റെ അണിയറക്കാർ കാസറ്റിൽ ലഭ്യമാക്കിയപ്പോൾ അതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 

ഇതിനായി കേരളത്തിൽ പല സ്ഥലങ്ങളിലും മുംബൈയിലും കൊൽക്കത്തയിലുമൊക്കെ അന്വേഷിച്ചെങ്കിലും കാസറ്റുകൾ കിട്ടാതിരുന്നതിനെ തുടർന്ന് ജപ്പാനിൽ നിന്നാണ് കാസറ്റുകൾ ഇറക്കുമതി ചെയ്തത്. വിശ്വവിഖ്യാതരായ ഒട്ടനവധി പ്രതിഭകളുടെ പാട്ടുകളും ശബ്ദസൃഷ്ടികളും ചരിത്രപുരുഷന്മാരുടെയും മഹാന്‍മാരുടെയും പ്രസംഗങ്ങളും അഭിമുഖങ്ങളും ആലേഖനം ചെയ്യപ്പെട്ട നിരവധി കാസറ്റുകൾ പല ലൈബ്രറികളിലെയും വിലമതിക്കാനാവാത്ത ആർക്കൈവുകളാണ്... 

താഴെ കാണുന്ന വീഡിയോയിലെ പ്ലേ ബട്ടൺ ക്ലിക്ക് ചെയ്‌താൽ  കാസറ്റ് പാടുന്നത് കേൾക്കാം.


 
പോസ്റ്റിലെ കാസറ്റുകളും (ഹൃദയത്തിന്റെ ഒഴികെ) കാസറ്റ് പ്ലെയറുകളും എന്റെ സ്വകാര്യ ശേഖരത്തിലുള്ളതാണ്...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക