ഞാൻ വെറും പോഴൻ

Wednesday 10 May 2023

ഇങ്ങനെ പോയാൽ അവസാന രക്തസാക്ഷിയാവില്ല Dr. വന്ദനാ ദാസ്


യുദ്ധ സാഹചര്യങ്ങളിൽ പോലും ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ സംവിധാനങ്ങളെയും ആക്രമിക്കരുതെന്നാണ് കീഴ്വഴക്കം. എന്നാൽ, പരിഷ്കൃതരും സാക്ഷരരും എന്ന് പൊങ്ങച്ചമടിച്ച് അതിൽ അഭിരമിച്ച്‌ ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യസംവിധാനങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ നാൾക്ക് നാൾ വർദ്ധിച്ചു വരികയായിരുന്നു. ഒടുവിൽ തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ അത്തരം സംഭവങ്ങൾക്കൊരു രക്തസാക്ഷിയും ഉണ്ടായിരിക്കുന്നു.

ഇത് പോലൊന്ന് സംഭവിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയും IMA കേരള ഘടകം പ്രസിഡന്റ് Dr. സുൽഫി നൂഹുവും പ്രവചനസ്വഭാവമുള്ള രണ്ട് കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് ഈ കഴിഞ്ഞ മാസങ്ങളിൽ ആണ്. അച്ചട്ടമായി  ദുരന്തം പ്രവചിക്കാനുള്ള ദിവ്യത്വമുള്ളത് കൊണ്ടൊന്നുമല്ല അവർ പറഞ്ഞത് പോലെ സംഭവിച്ചത്. വെടിമരുന്നും വിഷവുമൊക്കെ മുൻകരുതലില്ലാതെ കൈകാര്യം ചെയ്‌താൽ അപകടം ഉണ്ടാകാം എന്നുള്ള സാധ്യത ബുദ്ധിയുള്ളവർക്ക് തോന്നുന്നത് പോലെ സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ വിവേചിച്ച അവർ ആശങ്കപ്പെട്ടത് പോലെ സംഭവിച്ചു എന്ന് മാത്രം.  

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടം മുതൽ ഇങ്ങോട്ട് നോക്കിയാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നൂറ് കണക്കിന് കേസുകൾ കണ്ടെത്താൻ കഴിയും. ആരോഗ്യപ്രവർത്തകർക്കെതിരായിട്ടുള്ള അക്രമങ്ങൾക്കെതിരെ “Stop Attack On Doctors” എന്നൊരു ടാഗ് ലൈൻ ക്യാമ്പയിൻ  സോഷ്യൽ മീഡിയയിൽ നടത്തിയിട്ട് അധികം കാലമൊന്നും ആയില്ലെന്നാണ് എന്റെ ഓർമ്മ. ചില സിനിമാതാരങ്ങളും സെലിബ്രിറ്റികളും അതിന് കാര്യമായ പിന്തുണ നൽകിയിരുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായിട്ടുള്ള അക്രമസംഭവങ്ങളിൽ പലപ്പോഴും തീരെ വിദ്യാഭ്യാസമില്ലാത്തവരോ നിയമസാക്ഷരത ഇല്ലാത്തവരോ അല്ല പ്രതികൾ ആകുന്നതെന്നതാണ് ഞെട്ടൽ ഉണ്ടാക്കുന്നത്. രോഗിയുടെ ബന്ധു എന്ന നിലയിൽ എത്തിയ പോലീസ് ഉദ്യാഗസ്ഥൻ പ്രതിയായ കേസ് വരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാ കാലങ്ങളായി ഇവിടെ ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെടുകയും, ആശുപത്രി കെട്ടിടങ്ങളും ഉപകരണങ്ങളും നശിപ്പിക്കപ്പെടുകയും, ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റു രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും വരെ പരിക്ക് പറ്റുകയും ചെയ്ത സംഭവങ്ങൾ സ്വാഭാവികമെന്ന പോലെ നടന്നു പോരുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ പോലും ഒതുങ്ങി നിൽക്കുന്നില്ല. ഫീൽഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മൃഗ ആരോഗ്യ സംരക്ഷണവുമായി പ്രവർത്തിക്കുന്നവർക്കും എതിരെ വരെ ഇവിടെ അക്രമങ്ങൾ നടക്കുന്നു.

ഇത്തരം സംഭവങ്ങളിൽ കർശന നടപടികൾക്കായി സർക്കാർ ഒന്നും ചെയ്യ്തിട്ടില്ല എന്ന് പറയാനാവില്ല. ഇത്തരം ആക്രമണങ്ങളുണ്ടായാൽ അക്രമികളെ പിടികൂടുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്യാറുമുണ്ട്. പക്ഷെ, മിക്കവാറും കേസുകളിലും പെട്ടെന്നുണ്ടായ വികാര വിക്ഷോഭം, സവിശേഷ സാഹചര്യം, ഒറ്റപ്പെട്ട സംഭവം തുടങ്ങിയ ലളിതവൽക്കരണവും ന്യായീകരണയുക്തിയും കൊണ്ട് തുടർ നിയമനടപടികളുടെ ഗൗരവം ചോർന്നു പോകുന്ന കാഴ്ചയാണ് പൊതുവെ കണ്ടു വരുന്നത്. കുറ്റം ചെയ്തവരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കാൻ രാഷ്ട്രീയക്കാരും ജാതി സമുദായ സംഘടനകളും ഒക്കെ സമ്മർദവുമായി ഇടപെടുന്നതും കാണാറുണ്ട്. 

കേരളത്തിൽ വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളെ കൈകാര്യം ചെയ്യാൻ 2012 മുതൽ “ആശുപത്രി സംരക്ഷണ നിയമം” നിലവിലുണ്ട്. ഈ നിയമപ്രകാരം, ഈ ആക്ടിലെ മൂന്നാം വകുപ്പനുസരിച്ച് ആരോഗ്യ പ്രവർത്തകർക്കെതിരെയും ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെയുമുള്ള മുഴുവൻ അക്രമങ്ങളും നിരോധിച്ചിരിക്കുന്നു. ആക്ടിലെ നാലാം വകുപ്പനുസരിച്ച് ഇത്തരം അക്രമം നടത്തുന്നത് മൂന്ന് വർഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മാത്രവുമല്ല, ആരോഗ്യ സ്ഥാപനങ്ങളിലെ നശിപ്പിക്കപ്പെടുന്ന ഉപകരണങ്ങളുടെ ഇരട്ടി തുക നഷ്ടപരിഹാരമായി അക്രമം നടത്തുന്നവർ കോടതിയിൽ കെട്ടി വക്കണം. ഇത് ചെയ്യാതിരുന്നാൽ കോടതിക്ക് റിക്കവറി നടപടികൾ സ്വീകരിക്കാവുന്നതാണ്. ഈ ആക്ടനുസരിച്ചെടുക്കുന്ന കേസുകൾ ജാമ്യമില്ലാ കുറ്റവുമാണ്. എന്നാൽ, പല സന്ദർഭങ്ങളിലും ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാതെ വരുന്നു. ഈ നിയമം മാത്രമല്ല, ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകളും ഇന്ത്യൻ എപിഡമിക് ആക്റ്റിലെ വകുപ്പുകളും ഇത്തരം ആക്രമണങ്ങളെ വളരെ ഗൗരവമായിട്ടാണ് പരിഗണിക്കുന്നത്.  ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സർക്കാരും 2020-ൽ നിയമം പാസാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്നുണ്ട് ഈ നിയമം. കോവിഡോ അല്ലെങ്കില്‍ അത്തരത്തിലുള്ള മഹാമാരിയെയോ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍കരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്. ഇങ്ങനെ പലവിധ നിയമ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിയമ പ്രകാരം നടപടി സ്വീകരിക്കാൻ വേണ്ടി സമരവും മറ്റ് സമ്മർദ്ദങ്ങളും ഒക്കെ പ്രയോഗിക്കണം എന്ന ഗതികേടിലാണ് ആരോഗ്യപ്രവർത്തകർ. ഒരാരോഗ്യ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു വരുമ്പോൾ ഈ നിയമങ്ങൾ അറിയുന്നവരും പാലിക്കേണ്ടവരും കൂടി അതിനെ ഗൗരവമായി കണ്ടാലേ അതിനൊക്കെ അർത്ഥമുണ്ടാവൂ. ഒരു ക്രൈം നടന്നാൽ നിയമ നടപടി സ്വീകരിക്കുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. 

കേവലം ആരോഗ്യ പ്രവർത്തകർക്കെതിരെ എന്നതിൽ നിന്നുപരി ആരോഗ്യ സംവിധാനത്തോടുള്ള ആക്രമണം (Attack on Healthcare) എന്ന നിലക്കാണ് ലോകാരോഗ്യ സംഘടന (WHO) ഈ വിഷയത്തെ സമീപിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ കേവലം ശാരീരിക ആക്രമണങ്ങൾ മാത്രമല്ല; വാക്കാലുള്ള അധിക്ഷേപങ്ങൾ, ആക്രമണോൽസുകതയുള്ള ഭയപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണങ്ങൾ, സൈബർ ലിഞ്ചിങ് & ബുള്ളിയിങ്ങ്, വ്യാജ കേസുകളിൽ പെടുത്തൽ എന്നിങ്ങനെ അനേകം രീതിയിൽ അത് സംഭവിക്കുന്നുണ്ട്. പക്ഷെ, ശാരീരികമായ ആക്രമണങ്ങൾ മാത്രമാണ് പലപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വരാറുള്ളത്. ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ കോഡ് വൈറ്റ്, കോഡ് ഗ്രേ, കോഡ് ബ്ലാക്ക് തുടങ്ങിയ വിവിധ പ്രോട്ടോക്കോളുകൾ പല വിദേശരാജ്യങ്ങളും അവലംബിക്കാറുണ്ട്. ഇത്തരത്തിലുള്ള കോഡുകൾ വിളിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഉടനടി എത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്യും. ഇത്തരം ആക്രമണങ്ങൾക്കെതിരെ സീറോ ടോളറൻസ് ആണ് ഒട്ടു മിക്ക രാജ്യങ്ങളും പുലർത്തുന്നത്. ആക്രമിക്കുന്ന വ്യക്തികൾക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുന്നത് കൂടാതെ ഉയർന്ന കോമ്പൻസേഷൻ നൽകേണ്ടിയും വരും. പല രാജ്യങ്ങളിലും ആക്രമണത്തിന് വിധേയരാകുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ ഉയർന്ന കോമ്പൻസേഷൻ ലഭിക്കാൻ പോലും അർഹതയുണ്ട്.

തൊഴിലിടത്ത്, ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ ജോലി ചെയ്യേണ്ടി വരുന്നത്, ഒരു  ആരോഗ്യപ്രവർത്തകന്റെ മനോനിലയെയും തൊഴിൽപരമായി അടിയന്തിരമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും ഒക്കെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഓരോ ആരോഗ്യപ്രവർത്തകനെ എന്നതിലുപരി, മൊത്തം ആരോഗ്യ പരിപാലന സംവിധാനത്തിന്റെ പ്രവർത്തന മികവിനെയും ശേഷിയെയും തന്നെ പ്രതികൂലമായി ബാധിക്കാം. നിർണ്ണായക ഘട്ടങ്ങളിൽ റിസ്‌ക് പരമാവധി ഒഴിവാക്കി സ്വന്തം സുരക്ഷയ്ക്ക് മുൻഗണന കൊടുത്ത് കൊണ്ട് മാത്രമുള്ള തീരുമാനങ്ങൾ (“ഡിഫെൻസിവ് മെഡിക്കൽ പ്രാക്ടീസ്”) എടുക്കുന്നതിലേക്ക് ആരോഗ്യപ്രവർത്തകർ പോകുന്നുണ്ടെങ്കിൽ അതിന് കാരണം കൂടെക്കൂടെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിത ബോധം കൂടിയാണ്. 

ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ പരിരക്ഷ സമൂഹത്തിന്റെ കൂടെ ആവശ്യമാണ്. ആത്യന്തികമായി, ജീവിക്കാൻ വേണ്ടി തൊഴിലെടുക്കുന്നവരാണ് ഡോക്ടർ, നഴ്‌സ് തുടങ്ങി ഓരോ ആരോഗ്യപ്രവർത്തകരും. തങ്ങൾ നേടിയ അറിവും ആർജ്ജിച്ച പ്രവൃത്തി പരിചയവും ശാസ്ത്ര സാങ്കേതികതയുടെ സഹായവും ഉപയോഗിച്ച് ലഭ്യമായ സൗകര്യങ്ങളുടെ പരിധിയിലും പരിമിതിയിലും നിന്നു കൊണ്ട് ചികിൽസയും അത് വഴി സൗഖ്യവും പ്രദാനം ചെയ്യുക എന്ന തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ മാത്രമാണ് ആരോഗ്യ പ്രവർത്തകർ. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വരുമാനവും സൗകര്യങ്ങളും സുരക്ഷയും  അമിതമായ വിമർശനങ്ങളും ആക്രമണങ്ങളും നിലനിൽക്കുന്ന അന്തരീക്ഷം വിട്ട് നമ്മുടെ മികച്ച ആരോഗ്യപ്രവർത്തകർ ഡോക്ടർമാരും സ്വാഭാവികമായും മെച്ചപ്പെട്ട ജോലി സംവിധാനങ്ങളുള്ള വിദേശത്തുൾപ്പെടെയുള്ള ജോലികൾ തേടി പോവുന്നതിൽ അത്ഭുതപ്പെടാൻ എന്താണുള്ളത് !!???. ഇതൊക്കെ മോശമായി  ബാധിക്കാൻ പോവുന്നത് ഏറെ കൊട്ടിഘോഷിക്കുകയും വല്ലാതെ പൊങ്ങച്ചം പറയുകയും ചെയ്യുന്ന നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തെയും സർവ്വോപരി പൊതുസമൂഹത്തെയും തന്നെ ആണ്.

ആരോഗ്യപ്രവർത്തകർ ദൈവദൂതരാണെന്നോ മാലാഖാമാരാണെന്നോ പോലുള്ള ആത്മാർത്ഥതയില്ലാത്ത അമിത ഗ്ലോറിഫിക്കേഷനോ അർത്ഥശൂന്യമായ കൈയടികളോ അല്ല, അവർക്ക് വേണ്ടത്; മറിച്ച് പ്രാണഭയവും അനാവശ്യ വിമർശനവുമില്ലാതെ, സുരക്ഷിത ബോധത്തോടെയും സമാധാന അന്തരീക്ഷത്തിലും സ്വന്തം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി  നൽകുകയാണ് സർക്കാരും സമൂഹവും ചെയ്യേണ്ടത്. 

PS : മികച്ച ആരോഗ്യ രംഗത്തെപ്പറ്റി പൊങ്ങച്ചം പറയുന്ന നാട്ടിലെ നിയമസഭയിലാണ് "ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന്" മുൻമന്ത്രിയും ആരാധക ലക്ഷങ്ങളുടെ രോമാഞ്ചമായ നടനും MLA യുമായ വ്യക്തി നിയമസഭയിൽ പറഞ്ഞത്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഡോക്ടർമാരുടേതൊഴികെ ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ കക്ഷികളോ അതിനെതിരെ ഒരക്ഷരം പോലും മിണ്ടിക്കേട്ടില്ല; കാരണം അയാൾ പൊതുജനത്തിന്റെ പ്രതിനിധിയാണല്ലോ !! അയാൾ പ്രതിനിധാനം ചെയ്യുന്നത് പൊതുമനോഭാവത്തെ കൂടിയാണല്ലോ !!!

ഈ മനോഭാവം പേറുന്ന സമൂഹത്തിൽ Dr. വന്ദന ദാസ് അവസാന രക്തസാക്ഷിയാകാൻ ഒരു സാധ്യതയുമില്ല...

ആദരാഞ്ജലികൾ Dr. വന്ദന ദാസ്