ഞാൻ വെറും പോഴൻ

Tuesday 17 September 2019

അവർ പറയുന്നു ഷേണിയല്ലടാ "മൈരേ"


സാഹചര്യങ്ങൾ വളരെ പ്രതികൂലമായി വന്നാൽ (അനുകൂലമായി വരുമ്പോഴും) തങ്കപ്പൻ-പൊന്നപ്പൻ ഇമേജ് വലിച്ച് തോട്ടിലെറിഞ്ഞിട്ട് തനിക്കൊണം പുറത്തെടുക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും; പ്രത്യേകിച്ച് മലയാളികൾ. അതല്ലെങ്കിൽ സാഹചര്യം ഒത്തു വരാത്തത് കൊണ്ടും നിയമത്തെ പേടിച്ചും തനിക്കൊണം പുറത്തെടുക്കാതെ തങ്കപ്പനും പൊന്നപ്പനുമൊക്കെയായി ജീവിതത്തിൽ അഭിനയിക്കുന്നവരാണ് മിക്ക മാന്യന്മാരും. നിയമത്തിന്റെ ബാധ്യതകളിലും സമൂഹത്തിന്റെ മുൻപിലുള്ള പ്രതിച്ഛായ നിവൃത്തികേടും സാഹചര്യക്കുറവിന്റെ ഗതികേടുകളിലും പെട്ട് പലപ്പോഴും സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കാൻ  കഴിയാതെ, ജീവിവർഗ്ഗമെന്ന നിലയിലുള്ള അടിസ്ഥാനപരമായ സഹജവാസനകളെ അടക്കി വച്ച് അനുസരണയോടെയും വിധേയത്വത്തോടെയും ജീവിക്കാൻ വിധിക്കപ്പെട്ട പാവം സംസ്കൃത വാനരൻ ആണ് മനുഷ്യൻ. ഈ അഭിനയ ജീവിതത്തിൽ ഏറ്റവും ഞെളിപിരി കൊള്ളുന്ന വാക്കുകളാണ് തെറികൾ. പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു' എന്നെഴുതിയത് കവി കെ.ജി.എസ്സാണ്. തെറി പ്രയോഗം മോശമായ കാര്യമാണെന്നും സംസ്കാരവിരുദ്ധമാണെന്നുമുള്ള വ്യക്തിപരമായ അഭിപ്രായമാണെനിക്ക്; എന്ന് കരുതി തീരെ തെറി പറയാത്ത ഒരാളല്ല ഞാൻ. എന്റെ ഒരു നിരീക്ഷണത്തിൽ പരക്കെ പണ്ഡിത-പാമര ദരിദ്ര-ധനിക ഭേദമെന്യേ അക്ഷരത്തെറ്റ് വരുത്താതെ ഉപയോഗിക്കാറുള്ള പദങ്ങളാണ് തെറികൾ. തെറിയെപ്പറ്റി ഇത്രയും എഴുതിയത് ചുമ്മാ തെറിയെപ്പറ്റി പറയാനല്ല. തെറിയെ ഒരു ചെറുകുറിപ്പിൽ പറഞ്ഞവസാനിപ്പിക്കാൻ എളുപ്പമല്ല. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. ഡി സി ബുക്ക്സ് പുറത്തിറക്കിയ "വിശ്വ വിഖ്യാത തെറി - ക്യാമ്പസ് യുവത്വത്തിന്റെ പ്രതിഷേധാരവങ്ങൾ" വായിച്ചാൽ തെറിയുടെ രാഷ്ട്രീയത്തെപ്പറ്റി അടിസ്ഥാനപരമായ ചില കാഴ്ചപ്പാടുകൾ കിട്ടും. 

പറയാനുദ്ദേശിച്ചത് ജന സാമാന്യത്തിന്റെ തെറി ആയത് കൊണ്ട് പേര് മാറ്റേണ്ടി വന്ന ഒരു നാടിൻറെ കഥയാണ്. നിങ്ങളിൽ പലർക്കും അറിയാവുന്ന കഥയായിരിക്കുമത്. പ്രദേശങ്ങൾ മാറുന്നതനുസരിച്ചും കാലം മാറുന്നതനുസരിച്ചും സന്ദർഭങ്ങൾ മാറുന്നതനുസരിച്ചും വാക്കുകൾക്ക് അർത്ഥം മാറാറുണ്ട്. കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലത്തിനാണ് ഈ ഗതികേട് വന്നത്. "മൈരെ" എന്നാണ് ആ സ്ഥലത്തിന്റെ പേര്. ആണ് എന്നല്ല, ആയിരുന്നു എന്നാണ് ഇപ്പോൾ പറയേണ്ടത്. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കി മാറ്റിക്കഴിഞ്ഞു. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍, ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെട്ടിരുന്നു.സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോഡിന്റെ ഈ അതിർത്തിപ്രദേശം ശരിക്കും തുളുനാടാണ്. തുളു കന്നഡ ഭാഷകളിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇവിടത്തുകാർ, തങ്ങളുടെ പ്രദേശത്തെ മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നർത്ഥത്തിൽ "മയൂരപ്പാറ" എന്നും അതിനെ ചെറുതാക്കി "മൈരെ" എന്നും വിളിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസർക്കാരിന്റെയും രേഖകളിൽ ഈ പേര് തന്നെയാണ് ഉണ്ടായിരുന്നത്. ആ നാട്ടുകാർക്ക് ഇത് ഒരു തെറി വാക്കായിരുന്നില്ല. പ്രകൃതി എത്രത്തോളം ജീവനോട് ചേർന്നിരിക്കുന്നു എന്ന് വർണ്ണിക്കാൻ അവർ ഉപയോഗിച്ച നിഷ്കളങ്കമായ പേര്.

പേര് മാറ്റത്തിന് കാരണമായി പറയുന്ന കഥ രസകരമാണ്. കേരളത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഒരു മാഡം ഈ വില്ലേജ് ഓഫീസിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫറിൽ എത്തി. എവിടെയാണ് പുതിയ ജോലിസ്ഥലം എന്ന് ചോദിക്കുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ ഇവർ സത്യസന്ധമായി സ്ഥലത്തിന്റെ പേര് പറയുമ്പോൾ അത് അവരെ തെറി വിളിക്കുന്നതായി ചോദിച്ചവർക്ക് തോന്നിയത്രേ. സംഗതി ഗുലുമാലാകുമെന്ന് മനസിലായ മാഡം അവിടെ ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽ തന്നെ സ്ഥലത്തിന്റെ പേര് മാറ്റം ആവശ്യപ്പെട്ട് മേലാവിലേക്ക് കടലാസുകൾ അയച്ചു. കൂട്ടത്തിൽ സ്ഥലവാസികളായ ചില കുലം കുത്തികളുടെ ഒപ്പു വച്ച നിവേദനവും ചേർത്തു. പകരം വയ്ക്കാൻ ഒരു സ്ഥലപ്പേരും ചേർത്ത്; അതായിരുന്നു "ഷേണി". സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയായിരുന്നു തഹസില്‍ദാറും. ഫയൽ പ്രോപ്പർ ചാനലിൽ സഞ്ചരിച്ച് തഹസില്‍, കളക്ടർ, അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി പക്കൽ വരെ എത്തി. അവിടെ നിന്ന് മന്ത്രി സഭ വഴി കേന്ദ്രത്തിന്റെ പരിഗണനക്ക് അയച്ചു. ആദ്യ ഘട്ടത്തിൽ തുളു പറയുന്നവന്റെ നല്ല വാക്ക് നിങ്ങൾക്ക് തെറിയായി തോന്നുന്നു എന്നത് കൊണ്ട് മാത്രം പേര് മാറ്റാൻ കഴിയില്ല എന്ന റിമാർക്കോടെ കടലാസുകൾ തിരികെ വന്നു. എന്നാലും പേര് പരിഷ്കാരക്കാർ വെറുതെ ഇരുന്നില്ല. അവരുടെ നിരന്തര ശ്രമത്തിനൊടുവിൽ 2012 ഡിസംബർ 17 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഔദ്യോഗിക രേഖകളിൽ "മൈരേ" "ഷേണി"യായി മാറി. വില്ലേജ് ഓഫീസിന്റെയും പോസ്റ്റ് ഓഫീസിന്റെയും ബോർഡുകളിൽ മൈരേ പോയി ഷേണി വന്നു.

ഒരു ഘട്ടത്തിൽ പഞ്ചായത്ത് തന്നെ പേര് മാറ്റത്തിന് വേണ്ടി നിലപാടെടുത്തിരുന്നു. രവീന്ദ്രനാഥ് നായക് എന്നൊരാളായിരുന്നു പേര് മാറ്റത്തിന് വേണ്ടി നേതൃസ്ഥാനത്ത് നിലകൊണ്ട ഒരു നാട്ടുകാരൻ. അക്കാലത്ത് പേര് മാറ്റത്തിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉണ്ടായിരുന്നു. കന്നഡ സംഘടനയായ കന്നഡ സമന്വയ സമിതിയുടെ പ്രസിഡന്റ് ബി പുരുഷോത്തമ പേര് മാറ്റ നീക്കങ്ങൾക്കെതിരെ പറഞ്ഞതിപ്രകാരമായിരുന്നു; "കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള തികഞ്ഞ അവഗണനയുടെ ഭാഗമാണ് പേരു മാറ്റ ശ്രമം. പേര് മാറ്റം നാട്ടുകാരുടെ ആവശ്യമല്ല, അടിച്ചേൽപ്പിക്കപ്പെട്ടതാണ്".

ഔദ്യോഗിക രേഖകളിലും ബോർഡുകളിലും പേര് മാറ്റം സംഭവിച്ചെങ്കിലും, ഇപ്പോഴും സ്വന്തം ഭാഷയെ സ്നേഹിക്കുന്ന തദ്ദേശ വാസികൾക്ക് അവരുടെ നാട് "മൈരേ" തന്നെയാണ്; അവരോട് അവരുടെ നാടിൻറെ പേര് ഷേണി എന്ന് പറഞ്ഞാൽ അവർ ഒരു ഊറിച്ചിരിയോടെ തിരുത്തി പറഞ്ഞു തരും "ഷേണി അല്ല മൈരേ"