ഞാൻ വെറും പോഴൻ

Thursday 6 January 2022

'കൊ.തി.'കല്ല് അവഗണിക്കപ്പെടുന്ന അമൂല്യ ചരിത്രശേഷിപ്പ്


രാജഭരണകാലത്ത് കൊച്ചി--തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചിരുന്നതാണ് ഈ 'കൊ തി' കല്ല്. മൈൽക്കുറ്റി പോലെ കാണപ്പെട്ടിരുന്ന ഇവ പൊതുവെ നാല് വശങ്ങളുള്ള അതിർത്തികല്ലുകളാണ്. കൊച്ചി രാജ്യത്തെ അഭിമുഖികരിക്കുന്ന ഭാഗത്ത് "കൊ" എന്നും തിരുവിതാംകൂറിനെ അഭിമുഖികരിക്കുന്ന ഭാഗത്ത് "തി" എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇത് "കൊതിക്കല്ല്" എന്നറിയപ്പെട്ടത്. ചില കല്ലുകളിൽ ഒരു ഭാഗത്ത് C.S. എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളും മറുഭാഗത്ത് തിരുവിതാംകൂറിന്റെ ഔദ്യോഗിക ശംഖുമുദ്രയും ആണ് മുദ്രണം ചെയ്തു കാണുന്നത്. C.S. എന്നത് കൊച്ചി സംസ്ഥാനം എന്നതിനെയും ശംഖുമുദ്ര തിരുവിതാംകൂറിനെയും സൂചിപ്പിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. രണ്ട് നാട്ടുരാജ്യങ്ങൾക്കും സ്വതന്ത്രമായ അധികാരമില്ലാത്ത പാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലായിരുന്നു അക്കാലത്ത് കൊതിക്കല്ലുകൾ സ്ഥാപിച്ചിരുന്നതത്രെ. 

തൃശൂർ ജില്ലയിലെ മുസിരിസ് പദ്ധതിയുടെ ഭാഗമായ കോട്ടപ്പുറം കോട്ടയി കൊ.തി. കല്ല് കാണാവുന്നതാണ്. എറണാകുളം ജില്ലയിലെ മാമല, തിരുവാങ്കുളം, വെള്ളൂർ, വടവുകോട് പുതിയകാവ്, ഇല്ലത്തുംവെളി, അരൂക്കുറ്റി, ഉദയം‌പേരൂർ, ചിറ്റാറ്റുകര, ചെറായി, തൃപ്പൂണിത്തുറ, കാലടി, എളവൂർ, തൃശൂർ ജില്ലയിലെ മാമ്പ്ര, അന്നമനട, കൊരട്ടി, പുത്തൻചിറ എന്നിവിടങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിലും പ്രമാണങ്ങളിലും റെഫറൻസ് പോയന്റായി കൊതിക്കല്ലുകൾ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്.  ഇതിൽ പല സ്ഥലങ്ങളിലും ഇത്തരം കല്ലുകളെ  നാശമൊന്നുമില്ലാതെ ഇപ്പോഴും കാണാനാവും. ചിലയിടങ്ങളിൽ പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഒക്കെ ചേർന്ന് ഇവയെ പ്രത്യേകം സംരക്ഷിച്ചു പരിപാലിക്കുന്നുമുണ്ട്.  

കറുകപ്പിള്ളി ചങ്ങാടംപോക്ക് തോട്ടിലെ കൊച്ചി-തിരുവിതാംകൂർരാജ്യാതിർത്തി തിരിക്കുന്ന 'കൊ-തി'ക്കല്ല് അവിടെ കാനക്കുള്ളിൽ ഇപ്പോഴും നിൽക്കുന്നതായി അടുത്തിടെ വാർത്ത വന്നിരുന്നു (ആ വാർത്തയിലെ ചിത്രമാണിത് ) ===>


തൃപ്പൂണിത്തുറ പുതിയകാവ് പടിഞ്ഞാറെ വളവില്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് കാനയ്ക്കു മുകളിൽ നടപ്പാതയായി ചരിത്ര സ്മാരകശിലയായ 'കൊതി'ക്കല്ലുപയോഗിച്ചത് വിവാദ വാർത്തയായത് മൂന്ന് നാല് വർഷങ്ങൾക്ക് മുൻപാണ്. 





























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക