ഞാൻ വെറും പോഴൻ

Tuesday 17 January 2017

സ്വാശ്രയ-സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫ്യൂഡൽ നാട്ടുരാജ്യങ്ങളോ !!!???

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ നിന്ന് കേൾക്കുന്നത് ഒട്ടും സുഖകരമായ വാർത്തകളല്ല. തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്റു കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ്‌ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങളുടെ കുടം തുറന്ന് വിട്ടത്. കേരളമൊട്ടുക്കുള്ള വിദ്യാര്‍ഥിസമൂഹവും പൊതു സമൂഹവും ഒരു പോലെ ഞെട്ടുകയും ആശങ്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന പുതിയ പുതിയ വിവരങ്ങളിൽ തെക്കു വടക്ക് ഭേദമില്ലാതെ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ഥികളും ഇപ്പോൾ പഠിക്കുന്നവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കോളജുകളിലെ വിവിധ തരം പീഡനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥി സംഘടനകള്‍ വിഷയം ഏറ്റെടുത്തതോടെ ഏറെക്കാലത്തിന് ശേഷം കേരളം ശക്തമായ വിദ്യാര്‍ഥി സമരത്തിന് വേദിയായി. സോഷ്യൽ മീഡിയയും വിഷയത്തെ ഗൗരവത്തോടെ ചർച്ച ചെയ്യുന്നു. 

ജിഷ്ണുവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചത്‌ കോളജ്‌ അധികൃതരുടെ പീഡനമാണെന്നും അത് കൊണ്ട് തന്നെ ഈ പ്രേരിത ആത്മഹത്യയെ കൊലപാതകമായി കണ്ട് നടപടി എടുക്കണമെന്നും കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി വിദ്യാർഥി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ആദ്യമെല്ലാം ജിഷ്ണു പരീക്ഷയ്ക്ക്‌ തുണ്ട് ഉപയോഗിച്ച് കോപ്പി അടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച കോളേജ് അതിന് തെളിവില്ലെന്ന് വന്നപ്പോൾ അടുത്ത വിദ്യാർഥിയുടെ ഉത്തരക്കടലാസ്‌ നോക്കി എഴുതിയതിനാണ് ശാസിച്ചത് എന്ന പ്രതിരോധത്തിലേക്ക് മാറി. ഇതിനിടെ ജിഷ്ണു കോപ്പിയടിച്ചതായി തങ്ങൾക്ക്‌ പരാതി ലഭിച്ചിട്ടില്ലെന്ന്‌ സർവകലാശാല പരീക്ഷ കൺട്രോളർ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.ജിഷ്ണുവിനെയും മറ്റു ചില വിദ്യാർഥികളെയും പരസ്യമായി ശാസിക്കുകയും ബെഞ്ചിൽ കയറ്റിനിർത്തി അപമാനിക്കുകയും ചെയ്തതായി വിദ്യാർഥി സംഘടനകൾ പറയുമ്പോൾ ജിഷ്ണുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും അയാളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ആത്മഹത്യാശ്രമം നടത്തിയ ജിഷ്ണുവിനെ സമയത്തിന് ആശുപത്രിയിൽ എത്തിക്കാനും കോളേജ് അധികൃതർ തയ്യാറായില്ലെന്നും മറ്റൊരു വിദ്യാർഥി കൊണ്ട് വന്ന കാറിലാണ്‌ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്. നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ കോളജിൽ അച്ചടക്കം നടപ്പാക്കുന്നതിന്റെ പേരിൽ അധികൃതരിൽ നിന്നും വിദ്യാർഥികൾക്കുനേരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഒരു ഒറ്റപ്പെട്ട കാര്യമല്ലെന്നും ഇവിടെ ഇതൊക്കെ പതിവാണെന്നും പൂർവവിദ്യാർഥികളും വിദ്യാർഥി സംഘടനാ പ്രവർത്തകരും പറയുമ്പോൾ കേരളം പൊതുസമൂഹം അന്തം വിട്ട് നിൽക്കുകയാണ്. പെൺകുട്ടികളെ മുറിക്കുള്ളിൽ അടച്ചുപൂട്ടിയ ശേഷം അവരുടെ ബാഗുകളും സ്വകാര്യ വസ്തുക്കളും പരിശോധിക്കാറുണ്ടെന്നും കുട്ടികൾ വെളിപ്പെടുത്തുന്നു. കുട്ടികളെ നിലക്ക് നിർത്താൻ ഇടിമുറികളിൽ കയറ്റി മർദ്ദിക്കൽ, മാനേജ്‌മെന്റിന് നടപടിയെടുക്കാനാവാത്ത രീതിയിൽ കോളേജിന് പുറത്തുനിന്ന് വരുന്നവരുടെ നഗ്നതാ പ്രദർശനങ്ങൾ, രാത്രി പോലും പെൺകുട്ടികളെയടക്കം ഹോസ്റ്റലിനു പുറത്താക്കൽ, വിചിത്രവും ഭീമവുമായ ഫൈനുകൾ.....ആരോപണങ്ങൾക്ക് അന്തമില്ല.  

ഇതിനൊക്കെ പിന്നിലെ സത്യങ്ങൾ എന്തൊക്കെയാണെങ്കിലും, സമർത്ഥനായ ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നത് യാഥാർഥ്യമായി അവശേഷിക്കുന്നു. സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ട്‌ നൽകാൻ സാങ്കേതിക സർവകലാശാല അധികൃതരോട്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയിട്ടുമുണ്ട്‌. 

ജിഷ്ണുവിനു മുമ്പ് എത്രയോ വിദ്യാർഥികൾ ജീവിതവും സ്വപ്നങ്ങളും സ്വയം അവസാനിപ്പിച്ചിട്ടുമുണ്ടാവാം. പലതും നമ്മൾ അറിഞ്ഞില്ല; ചിലത് നമ്മൾ അറിഞ്ഞെന്നു നടിച്ചുമില്ല. ഇവിടെ നെഹ്‌റു കോളേജ് ഒരു പ്രതീകം മാത്രമാണ്. മറ്റ്‌ പല സ്വകാര്യ സ്വാശ്രയ കോളേജുകളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ തീർത്തും അസ്വസ്ഥജനകമാണ്‌. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റക്കര ടോംസ് കോളേജ്, തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിൽ കത്തോലിക്കാ പുരോഹിതർ നടത്തുന്ന ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജ്, പെരുമ്പാവൂര്‍ കെ.എം.പി കോളേജ്, ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്...... ആരോപണ മുനയിൽ നിൽക്കുന്ന കോളേജുകളുടെ എണ്ണം ഉയരുകയാണ്. പ്രശസ്ത പാചക വിദഗ്‌ദ്ധയും ചാനൽ അവതാരകയുമായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ സമരം നടന്നു കൊണ്ടിരിക്കുകയാണ്. കേരള ലോ അക്കാദമി ലോ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചതായുള്ള ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ലക്ഷ്മിനായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലിചെയ്യിച്ചെന്നാണ് മറ്റൊരു ആരോപണം. ഇതിനിടയിൽ ലക്ഷ്മി നായര്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നു. ആരോഗ്യപ്രശ്നമുള്ള വിദ്യാര്‍ത്ഥിയെ ഹാജര്‍ പ്രശ്നത്തില്‍ ഇയര്‍ ഔട്ട് ആക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥി കുരിശാണെന്ന് ലക്ഷ്മി നായര്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്. നിന്റെ തന്ത ഇവിടെ കയറിയിറങ്ങിയാണ് അഡ്മിഷന്‍ വാങ്ങിയതെന്നും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ LLB ക്ക് ചേരാതെ വേറെ വല്ല ഡിഗ്രിക്കും ചേർന്ന് കൂടായിരുന്നോ എന്നും ചോദിച്ച പ്രിന്‍സിപ്പല്‍ ഈ കുട്ടി സമർപ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വലിച്ചെറിഞ്ഞുവെന്നും പരാതിയുണ്ട്.

വിദ്യാർത്ഥികൾക്ക് പഠനമികവ് പ്രകടിപ്പിക്കാനും അച്ചടക്കത്തിലൂന്നിയ വ്യക്തിത്വവികസനം നടത്താനും സഹായിക്കേണ്ട കലാലയങ്ങൾ വിദ്യാർഥികളുടെ കൊലക്കളങ്ങളാവുന്നത് പ്രബുദ്ധ കേരളത്തിന് അഭിലഷണീയമല്ല. സ്വകാര്യമേഖലയിൽ ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് പ്രഗത്ഭരായ പ്രൊഫഷണലുകളെ വാർത്തെടുത്ത മികച്ച സ്ഥാപനങ്ങളെകൂടി സംശയത്തിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൂന്നാം കിട കച്ചവട താൽപ്പര്യങ്ങൾ മാത്രം പരിപാലിച്ചു പോരുന്ന ഒരുവിഭാഗം സ്വാശ്രയ കോളേജുകൾ സാങ്കേതികവിദ്യാഭ്യാസത്തിന്റെ നിലവാരത്തെയും വിശ്വാസ്യതയെയും അപ്പാടെ കളഞ്ഞുകുളിച്ചു. എൻജിനീയറിങ് വിജയശതമാനം മൂന്നിലൊന്നിൽ താഴെ ആയതിനെത്തുടർന്ന് നിലവാരമില്ലാത്ത കോളേജുകൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതാണ്. എന്നാൽ അവയൊക്കെ അടച്ചു പൂട്ടുന്നതിനുപകരം മെച്ചപ്പെടാൻ അവസരം നൽകുകയായിരുന്നു അന്നത്തെ സർക്കാർ ചെയ്തത്. മിക്കവാറും കോളേജുകളിൽ അക്കാദമിക വിദഗ്ധരായ പ്രിൻസിപ്പൽമാർ വെറും റബ്ബർ സ്റ്റാമ്പുകൾ മാത്രമാണ്. ട്രസ്റ്റ് ചെയർമാന്മാരും മാനേജ്‌മെന്റിന്റെ പ്രതിനിധികളുമാണ് ഇത്തരം കോളേജുകളെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. ചിലവ് ചുരുക്കലിന്റെ ഭാഗമായി അക്കാദമിക മാനദണ്ഡങ്ങൾ പാലിക്കാത്ത അധ്യാപകരാണ് മിക്കയിടത്തും പഠിപ്പിക്കുന്നത്. ലാഭം കൂട്ടാനായി മികച്ച പഠന പഠ്യേതര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഇവർ പിശുക്ക് കാണിക്കുന്നു. ഇന്റേണൽ അസ്സസ്മെന്റ് എന്ന ആയുധം ഉപയോഗിച്ച് നിലക്ക് നിർത്തുക, വിദ്യാർഥികളെ മർദ്ദിക്കുക, ഹോസ്റ്റൽ മുറികളിൽ ഉൾപ്പെടെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുക, ആൺ പെൺ സൗഹൃദങ്ങൾക്ക് വിലക്കേർപ്പെടുത്തുക, ഇഷ്ടപ്പെട്ട വസ്ത്ര ധാരണ സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ മനുഷ്യാവകാശധ്വംസനങ്ങൾക്ക് കയ്യും കണക്കുമില്ല. പഠനമികവും അച്ചടക്കവും ഉറപ്പുവരുത്താൻ നെന്ന നാട്യത്തിൽ ഗ്വാണ്ടനാമോ ജയിലുകളെയും കോൺസെൻട്രേഷൻ ക്യാമ്പുകളെയും ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഏർപ്പെടുത്തിയിട്ടുള്ള  ശിക്ഷണമാതൃകകളും ശിക്ഷാരീതികളുമാണ് വിവിധ റിപ്പോർട്ടുകളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 

ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായതെങ്ങനെ എന്ന് വിമർശനബുദ്ധ്യാ ആത്മപരിശോധന നടത്തേണ്ടതുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾ നല്ല നിലയിൽ കോഴ്സ് പൂർത്തിയാക്കാനും കാമ്പസ് പ്ളേസ്മെന്റിലൂടെയോ അല്ലാതെയോ മികച്ച തൊഴിൽ കണ്ടെത്താനും കർശനമായ ശിക്ഷാ ശിക്ഷണ രീതികൾ അത്യാവശ്യമാണെന്ന് കരുതുന്ന മാതാപിതാക്കൾക്ക് ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തമുണ്ട്. ലാഭം മാത്രം ലക്‌ഷ്യം വച്ച് വിദ്യാഭ്യാസത്തെ കച്ചവടമാക്കി ജീവിക്കുന്ന കോളേജ്‌ മുതലാളിമാരുടെ കയ്യിൽ തങ്ങളുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന് കൃത്യമായി അന്വേഷിക്കാത്ത ദുസ്ഥിതി നിലവിലിരുന്നു എന്ന് തന്നെയാണ് ഈ സംഭവങ്ങൾ കാണിച്ചു തരുന്നത്. അല്ലാത്ത പക്ഷം രക്ഷിതാക്കൾക്ക് ഇത്തരം രാവണൻ കോട്ടകളിലേക്ക് കടന്നു ചെല്ലാനോ അവയുടെ ദൈനംദിന നടത്തിപ്പിനെ ചോദ്യം ചെയ്യാനോ പറ്റാത്ത അവസ്ഥ നിലവിലുണ്ടെന്ന് സമ്മതിക്കേണ്ടി വരും. വസ്തുത. മാനേജ്മെന്റുകളുടെ കർശന ശിക്ഷാ ശിക്ഷണ രീതികൾക്ക് പുറമെ അവരുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമെതിരെ ചെറുവിരലനാക്കാൻ അധികം രക്ഷിതാക്കളൊന്നും നാളിതു വരെ മുന്നോട്ടു വന്നിരുന്നില്ല എന്നാണ് ഇപ്പോഴത്തെ ചർച്ചകൾ വ്യക്തമാക്കുന്നത്. അഥവാ പ്രതികരിക്കാൻ സധൈര്യം മുന്നോട്ടു വന്ന അപൂർവ്വം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹ വിദ്യാർത്ഥികളുടെയോ സഹ രക്ഷിതാക്കളുടെയോ പിന്തുണയോ സഹകരണമോ ലഭിച്ചില്ലെന്ന് പല മാതാപിതാക്കളും ചാനലുകളിൽ വന്നിരുന്ന് പറയുന്നത് കേട്ടു. സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ സംഘടിത മുഷ്കിനു മുന്നിൽ സർവ്വകലാശാലകളും സർക്കാരും നിയമ നീതി പാലന സംവിധാനങ്ങളും നോക്ക് കുത്തിയായതിന് പിന്നിലെ കാരണങ്ങൾ തേടി കണ്ടെത്തേണ്ടതുണ്ട്. അഡ്മിഷന്റെയും ഫീസിന്റെയും വിഷയത്തിൽ സർക്കാരുകൾ മാനേജ്‌മെന്റുകളുടെ സമ്മർദത്തിന് വഴിപ്പെടുന്നതാണ് ഇവരുടെ കൊള്ളരുതായ്മകൾക്ക് വളം വച്ച് കൊടുക്കുന്നത്. ഒരു കാരണാവശാലും സർക്കാർ ഇവരുടെ മുൻപിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. 

ഈ അവസരത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം സാമൂഹ്യവീക്ഷണവും രാഷ്ട്രീയ ബോധവുമുള്ള ഒരു യുവ തലമുറയെ സംഭാവന ചെയ്ത വിദ്യാർഥി സംഘടനാ പ്രവർത്തനം കാമ്പസുകളിൽ നിന്ന് പിഴുതെറിയപ്പെട്ടു എന്നതാണ്. ഒറ്റപ്പെട്ട ചില അക്രമ സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ തമസ്കരിച്ച് സ്വകാര്യമുതലാളിമാരുടെ ഇച്ഛക്കനുസരിച്ച് കോടതികളുടെ സഹായത്തോടെ ഭരണകൂടം തന്നെ വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തെ ഇല്ലായ്മ ചെയ്തതോടെ വിദ്യാർത്ഥി സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണ ശേഷി ഇല്ലാതാവുകയായിരുന്നു. 

വിദ്യാർത്ഥിരാഷ്ട്രീയത്തെ ചവിട്ടുപടിയായി ഉപഭോഗിച്ച് ഭരണസിംഹാസനങ്ങളിൽ ഉപവിഷ്ടനായ "പരമസാത്വികൻ" ഏ.കെ.ആന്റണി തന്നെയാണ് ഇവിടത്തെ സ്വാശ്രയ കൊള്ളസംഘങ്ങൾക്ക് ചുവടുറപ്പിക്കാൻ ഇടം നൽകിയതെന്നും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യാൻ ചൂട്ടു കാട്ടിയതെന്നു കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വാശ്രയകോളേജുകൾ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീക്ഷ്ണസമരങ്ങൾ  സംഘടിപ്പിച്ച ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളും പിന്നീട് സ്വാശ്രയസ്ഥാപനങ്ങളോട് സമരസപ്പെട്ടു എന്നതും ചരിത്രമാണ്. കോഴ്സ് കഴിഞ്ഞാൽ നമ്മുടെ കുട്ടികളും അവരുടെ മാതാപിതാക്കളും സ്വപ്നം കാണുന്ന തൊഴിലിടങ്ങളുടെ യജമാനന്മാർക്കും പ്രതികരണ ശേഷിയോ അവകാശ ബോധമോ ഇല്ലാത്ത ബ്രോയിലര്‍ ഉദ്യോഗാർത്ഥികളെയും തൊഴിലാളികളെയുമാണ് ആവശ്യമെന്നിരിക്കെ അരാഷ്ട്രീയ കാമ്പസുകളിൽ നിന്ന് കൂടുതലെന്താണ് പ്രതീക്ഷിക്കാനുള്ളത്. ഇപ്പോൾ കാണുന്ന പ്രതിഷേധങ്ങൾ എല്ലാ കാലത്തെയും പോലെ ഒരാവേശത്തിന് ഉയര്‍ന്നണഞ്ഞു പോകുന്ന വെറും പ്രതിഷേധ "പ്രകടനങ്ങള്‍" മാത്രമായി ഒടുങ്ങാതിരിക്കട്ടെ.

മേലിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഒരു കോളേജിലും ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ എത്രയും വേഗം ഗവൺമെൻറ് തലത്തിലും സർവ്വകലാശാലാ തലത്തിലും ആരംഭിക്കണം. നെഹ്‌റു കോളജിലെ സംഭവങ്ങളെപ്പറ്റി സാങ്കേതിക സർവകലാശാല നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ കേരളത്തിലെ സ്വാശ്രയ കോളജുകളുടെ ദൈനംദിന നടത്തിപ്പിന്റെ ഇരുളറകളിലേക്ക് വെളിച്ചം വീശട്ടെ എന്ന് പ്രത്യാശിക്കാം. കുറ്റവാളികളായ അധ്യാപകരെയും കോളജ്‌ നടത്തിപ്പുകാരെയും തുറന്നു കാട്ടാനും ഏറ്റവും മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കാനും നിയമസംവിധാനങ്ങൾക്ക് കഴിയട്ടെ. നഷ്ടപരിഹാരം ഒരു പരിഹാരമേയല്ലെങ്കിലും ജിഷ്ണുവിന്റെ കുടുംബത്തിന്‌ അർഹമായ മാന്യമായ നഷ്ടപരിഹാരം കോളജ്‌ മാനേജ്മെന്റിൽ നിന്നും പിടിച്ചെടുത്ത് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. എല്ലാ സ്വാശ്രയ സ്ഥാപനങ്ങളുടെയും നടത്തിപ്പ് സർക്കാർ മേൽനോട്ടത്തിൽ ആക്കണം. അനഭിലഷണീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി നിഷേധിക്കാനും അവ അടച്ചുപൂട്ടാനും സർക്കാർ ആർജ്ജവം കാണിക്കണം. സ്വാശ്രയ കോളേജുകളെ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും ഓംബുഡ്‌സ്മാനെയും ചുമതലപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം ഇതിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം ഏജൻസികളുടെ പരിശോധനയിൽ വിജയിക്കാത്ത സ്ഥാപനങ്ങൾ ഒരു സമ്മർദ്ദത്തിനും കീഴ്‌വഴങ്ങാതെ നിർദ്ദാക്ഷിണ്യം അടച്ചു പൂട്ടാൻ സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ നമുക്ക് മുന്നില്‍  വെമൂലമാരും ജിഷ്ണുമാരും രജനി എസ് ആനന്ദുമാരും ഇനിയുമുണ്ടാകുമെന്നതില്‍ സംശയമില്ല. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Friday 13 January 2017

ഒട്ടും ചീപ്പല്ല ആർട്ടിസ്റ്റ് അലൻസിയർ.....നിങ്ങൾ മുത്താണ്; മുത്ത്

ഇന്നലെ ഉച്ചയ്ക്കാണ് അലന്‍ ചേട്ടന്‍ നാടകത്തിന്റെ കാര്യം പറയുന്നത്. പ്ലാനിംഗ് നടക്കുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞു, അലന്‍ ചേട്ടാ RSSന്റെ strong area ആണ് കാസര്‍ഗോഡ്‌, ചിലപ്പോ തല്ല് വരെ കിട്ടും. അപ്പൊ പുള്ളി പറഞ്ഞു, ”തല്ലട്ടെടി, എനിക്കതൊന്നും ഒരു വിഷയമേ അല്ല. എനിക്കിപ്പോ ഈ ഹോട്ടല്‍ മുറിയില്‍ വാതിലടച്ചു കുറ്റിയിട്ട് AC ഓണ്‍ ചെയ്ത് മൂടിപ്പുതച്ച് സുഖമായി കിടക്കാം. പക്ഷെ ഉറങ്ങാന്‍ പറ്റൂല. അത്രേം ഭീകരമായ കാലത്തും ലോകത്തുമാണ് നമ്മള്‍ ജീവിക്കുന്നത്. ആരും അത് മനസിലാക്കുന്നില്ല.” എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടിട്ടാവണം പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,കൊണ്ട് പറഞ്ഞു, “എടീ അവന്മാര്‍ക്ക് ഇതൊന്നും കണ്ടാല്‍ മനസിലാവൂല്ല. അതിന് ബുദ്ധി വേണ്ടേ?” കാസര്‍ഗോഡ്‌ ബസ്‌ സ്ടാന്റില്‍ അദേഹം നിറഞ്ഞാടുകയായിരുന്നു. അലന്‍സിയര്‍ എന്ന സിനിമാ നടനെ മാത്രമേ നമ്മളില്‍ പലര്‍ക്കും അറിയുള്ളൂ, അദേഹത്തിലെ ശക്തനായ തിയേറ്റര്‍ ആര്ടിസ്ടിനെ ആദ്യമായി കാണുകയായിരുന്നു. നാടകം അവസാനിക്കുമ്പോ പരിപാടി conlude ചെയ്ത് സംസാരിക്കാനുള്ള ദൗത്യം എന്നെ ഏല്‍പ്പിചത് M A Rahman മാഷാണ്. അലന്‍ ചേട്ടന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് ആകെ കിറുങ്ങി നില്‍ക്കുവാരുന്നു ഞങ്ങള്‍. വരാന്‍ പോകുന്ന ആസുരകാലത്തിനെതിരെയുള്ള അപൂര്‍വ്വം ചില പ്രതിരോധങ്ങളില്‍ ഒന്നാണ് ഇന്നലെ അലന്‍ ചേട്ടന്‍ നിര്‍വഹിച്ചത്. ആ ചരിത്ര നിമിഷത്തിന് സാക്ഷി ആയി എന്നതിലാണ് സന്തോഷം. ആര്‍ടിസ്റ്റ് ബേബി ഒട്ടും ചീപ്പ് അല്ലാ മുത്താണ് മുത്ത്...

മനീഷാ നാരായണന്‍ (Maneesha Narayan) എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ കണ്ടതാണ് മുകളിൽ കാണുന്ന ടെക്സ്റ്റ്. 

"മഹേഷിന്റെ പ്രതികാരം" സിനിമയിലെ ആർട്ടിസ്റ്റ് ബേബിച്ചേട്ടനെ അവതരിപ്പിച്ചതോടെയാണ് ഇദ്ദേഹം മലയാളി സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ ആയതെങ്കിലും നാടക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സുപരിചിതനായിരുന്നു അലന്‍സിയര്‍ എന്ന പ്രതിഭാശാലിയായ കലാകാരൻ. കാൽ നൂറ്റാണ്ട് പിന്നിട്ട നാടകജീവിതത്തിനിടയിൽ ഭരത് ഗോപി, കാവാലം നാരായണപ്പണിക്കർ, നരേന്ദ്രപ്രസാദ്, വിനയചന്ദ്രന്‍, മുരളി, എം. ആർ. ഗോപകുമാർ എന്നിവരോടൊക്കെ ഒപ്പം പ്രവർത്തിച്ചയാളാണ് അലൻസിയർ. ഏഷ്യാനെറ്റിന്റെ ക്യാപ്‌സ്യൂള്‍ സറ്റയറായ മുന്‍ഷിയില്‍ കോൺഗസ് നേതാവായി ഇദ്ദേഹം കുറേക്കാലം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ദയ, ജഗപൊക, മാര്‍ഗം എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നെങ്കിലും അതെല്ലാം പൊതുവെ ശ്രദ്ധിക്കപെടാതെ പോവുകയായിരുന്നു. അടുത്ത കാലത്ത് "മഹേഷിന്റെ പ്രതികാര"ത്തിന് മുൻപേ  അന്നയും റസൂലും, വെടിവഴിപാട്, ഞാൻ സ്റ്റീവ് ലോപ്പസ്, കന്യക ടാക്കീസ്, നാളെ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽക്കൂടി അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോൾ സംവിധായകന്‍ കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ തിട്ടൂരമിറക്കിയ സംഘ്പരിവാര്‍ ഫാസിസ്റ്റ് നിലപാടിനെതിരെ തനിക്കേറ്റവും കൈത്തഴക്കമുള്ള നാടകമെന്ന കലാരൂപം മാധ്യമമാക്കി അവതരിപ്പിച്ച  ഏകാംഗ പ്രതിഷേധ പ്രകടനമാണ് അലൻസിയറെ കേരള പൊതുസമൂഹത്തിന് മുന്നിൽ കുറേക്കൂടി ശ്രദ്ധേയനാക്കിയത്. 

മലയാള സിനിമയിലെ പ്രഗത്ഭനായ ഒരു സംവിധായകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഭീഷണിയും ഉയരുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ താരങ്ങള്‍ നിശബ്ദരായി ഇരുന്നു. ഒരാള്‍ പോലും കമലിനെ പിന്തുണച്ചോ ആക്രമണങ്ങളെ എതിര്‍ത്തോ രംഗത്ത് എത്തിയില്ല. ഈ സമയത്താണ് അലൻസിയർ ലെ ലോപ്പസ് എന്ന യഥാർത്ഥ കലാകാരൻ അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ചത്. കാസർകോട്‌ പുതിയ ബസ് സ്റ്റാൻന്റിലെ ലോക്കൽ ബസ്സുകാരോട് അമേരിക്കയിലേക്ക്‌ പോകാന്‍ ടിക്കറ്റ് വേണമെന്ന് ചോദിച്ചായിരുന്നു അലന്‍സിയർ തന്റെ പ്രതിഷേധകലാപരിപാടി തുടങ്ങിയത്. “വരു, നമുക്ക്‌ പോകാം അമേരിക്കയിലേക്ക്‌…” ഒറ്റമുണ്ടുടുത്ത്‌ ഷർട്ടിടാത്ത ഒരാൾ കണ്ടക്ടറോട്‌ അമേരിക്കയിലേക്ക്‌ ഒരു ടിക്കറ്റ്‌ ആവശ്യപ്പെടുമ്പോൾ ഇത്‌ കേട്ട എല്ലാവരും ആകാംക്ഷയോടെ പരസ്പരം നോക്കുന്നു. ആൾ തന്റെ സംഭാഷണം തുടരുകയാണ്; “ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ്‌ നമ്മുടെ ധാരണ. അതാണ്‌ അടുത്തകാലത്തായി ഭരണാധികാരികളിൽ നിന്ന്‌ കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ നൽകുന്ന സൂചന. നമ്മൾ നിശബ്ദരായാൽ രാജ്യം അപകടാവസ്ഥയിലേക്ക്‌ നീങ്ങുന്ന നാൾ വിദൂരമല്ല.” പതിയെ ആളുകൾക്ക് പ്രതിഷേധിക്കുന്ന വ്യക്തിയെ മനസ്സിലാകുന്നു. രാജ്യസ്നേഹത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ കലാകാരൻമാർക്കും സാധാരണക്കാരനുമെതിരെ ഉയരുന്ന പരാമർശങ്ങൾക്കും അക്രമങ്ങൾക്കുമെതിരെയാണ് തന്റെ പ്രതിരോധമെന്നും പലരും നിശബ്ദരാകുന്നെങ്കിലും തന്നെ പോലുള്ളവർക്ക്‌ നിശബ്ദരായിരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. പേരും ജാതിയും വച്ച്‌ നാടുകടത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ബ്രിട്ടീഷുകാരുടെ ഏറാംമൂളികളായിരുന്ന ആർഎസ്‌എസുകാരാണ്‌ ഇന്ന്‌ നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വീകരിക്കുന്ന ഭാരത സംസ്ക്കാരത്തെ കാവിയിൽ പുതപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹിയുടെ സര്‍ട്ടിഫിക്കറ്റ് തേടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അമേരിക്കയിലേക്കോ പോര്‍ച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും തന്റെ കൂടെയാരെങ്കിലും വരുന്നുണ്ടോയെന്ന് ബസുകളില്‍ കയറി യാത്രക്കാരോട് ആരാഞ്ഞപ്പോൾ അലന്‍സിയറിനെ അറിയാത്തവര്‍ ഇതാരാണെന്ന് തിരക്കാൻ തുടങ്ങി. ആളാരാണെന്ന് അറിഞ്ഞപ്പോള്‍ അവരും കൗതുകത്തോടെ ഒപ്പം  കൂടി.

ബിജെപിയിൽ മാത്രമല്ല എല്ലാ കക്ഷികളിലും ഫാസിസം ഉണ്ടെന്ന അഭിപ്രായമാണ് അലൻസിയർക്കുള്ളത്. അദ്ദേഹത്തിന്റെ  അഭിപ്രായത്തിൽ ബി ജെ പി യിലെ ഒരു വിഭാഗം മാത്രമാണ് പ്രശ്‌നക്കാര്‍. കോണ്‍ഗ്രസുകാരിലും കമ്മ്യൂണിസ്റ്റുകാരിലും ഫാസിസ്റ്റു മനോഭാവക്കാർ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അധികാരം ദുഷിപ്പിക്കുമെന്നത് തിരിച്ചറിഞ്ഞത് തന്നെ ഇടതുപക്ഷത്തെ ആള്‍ക്കാരില്‍ നിന്നാണെന്നും ഇടതുപക്ഷം ദുഷിക്കുന്നിടത്തുനിന്നാണ് ഫാസിസം ആരംഭിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 

മഹാഭാരത്തില്‍ ജനിച്ച തനിക്ക് ഇവിടെത്തന്നെ ജീവിക്കാനുള്ള പ്രതിരോധമാണ് ഈ പ്രതിഷേധമെന്നും നടനായ താന്‍ നടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നും ഫാസിസത്തിന്റെ ആജ്ഞക്കനുസരിച്ച് ജീവിക്കാനാകില്ലെന്നും മറ്റുള്ളവര്‍ മിണ്ടാതിരുന്നാലും താന്‍ തന്റേതായ രീതിയില്‍ പ്രതിരോധിക്കുമെന്നും പറഞ്ഞിട്ടാണ് അലന്‍സിയര്‍ മടങ്ങിയത്. 

ഈ പ്രതിഷേധത്തോടെ സിനിമാ രംഗത്ത് നിന്ന് കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ജോയ് മാത്യു, ടോവിനോ തോമസ് തുടങ്ങി പലരും അലൻസിയറെ പ്രകീർത്തിച്ചു മുന്നോട്ടു വരാൻ തയ്യാറായി. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രസിദ്ധനായ ഡോ. ബിജു ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്. "അഭിവാദ്യങ്ങള്‍ പ്രിയ അലന്‍സിയര്‍….മലയാള സിനിമയിലെ നടന്മാരില്‍ കലാകാരന്മാര്‍ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ചതിന്..താരങ്ങള്‍ എന്ന പേരില്‍ ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒട്ടേറെ ആളുകള്‍ മലയാള സിനിമയില്‍ ഉണ്ട്..പക്ഷെ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാര്‍ വളരെ വളരെ കുറവാണ്…കലാകാരന്‍ എന്ന വാക്കിന് ഒട്ടേറെ മാനങ്ങള്‍ ഉണ്ട്..കേവലം സിനിമയില്‍ അഭിനയിക്കുന്നു, കോടികള്‍ പ്രതിഫലം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം നല്ല കലാകാരന്‍ ആവുന്നില്ല ആരും..സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരന്‍ എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്… നന്ദി അലന്‍സിയര്‍ ഈ ആര്‍ജ്ജവത്തിനും.. പ്രതികരണത്തിനും…"

കമലിന്റെ പടത്തിൽ ഒരു റോൾ കിട്ടും എന്ന് മോഹിച്ചാണ് അലൻസിയർ ഇത് ചെയ്തത് എന്ന് പറയുന്നവവരോട്...... ആർട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തെയോ അതവതരിപ്പിച്ച അലൻസിയർ എന്ന നടനെയോ മാത്രമേ നിങ്ങൾക്കറിയൂ. ഉള്ളിൽ കത്തുന്ന ജാഗ്രതയുടെ കനൽ കൊണ്ട് നടക്കുന്ന അലൻസിയർ എന്ന പോരാളിയെ തീർച്ചയായും നിങ്ങൾക്കറിയില്ല. സ്വന്തം വീടിനടുത്തുള്ള പള്ളിയിലെ കരിസ്മാറ്റിക് ധ്യാനത്തിനിടയിൽ ആ പരിപാടിയിലെ തട്ടിപ്പിനെതിരായി നാടകം ചെയ്തയാളാണ് അലൻസിയർ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടർന്ന് നിരോധനാജ്ഞ നിലവിലിരിക്കുമ്പോൾ ‘അള്ളാഹു അകബര്‍ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍ പോകുന്നു’ എന്നലറിക്കരഞ്ഞു കൊണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും ആറു തവണ ഓടി പ്രതിഷേധിച്ചവനാണ് അലൻസിയർ. ഗുലാം അലിയെ ഇന്ത്യയിൽ പാടാനനുവദിക്കില്ലെന്നു ശിവസേന പറഞ്ഞപ്പോൾ ഗുലാം അലി പാടും എന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധപരിപാടിയില്‍ സ്വന്തം മക്കളോടൊപ്പം പങ്കെടുത്തവനാണ് അലൻസിയർ. 

നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവ്വതി (Maala Parvathi T) ഫേസ്‌ബുക്കിൽ കുറിച്ചത് കൂടി ഇവിടെ ചേർക്കുന്നു..... "എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളെ പോലുള്ളവർക്ക് അദ്ദേഹത്തെ മനസ്സിലാവാൻ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകർത്തപ്പോൾ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലൻസിയർ. നാടകക്കാരൻ ആയത് കൊണ്ട് അന്ന് അത് ആരും ചർച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാർത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവർ കലയാക്കും അലൻസിയർ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകൾ ഈ മണ്ണിൽ ശേഷിക്കുന്നു എന്നാണ്. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലൻ. ചിലർക്കെങ്കിലും ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവർ ഈ കാലയളവിൽ കണ്ടിട്ടുണ്ടാവില്ല"

സത്യം അത് തന്നെയാണ്.... 
ലാഭനഷ്ടങ്ങൾ അളന്നു കുറിച്ച് വിശകലനം ചെയ്ത് മനുഷ്യർ തമ്മിൽ ഇടപഴകുന്ന,
ഒഴുക്കിനനുസരിച്ച് നീന്തുന്ന പ്രായോഗിക ബുദ്ധി രാക്ഷസന്മാരുടെ ഈ ലോകത്ത്,
തെല്ലും ലാഭേച്ഛയില്ലാതെ ഒഴുക്കിനെതിരെ നീന്തുന്ന ഇത്തരം പച്ചയായ മനുഷ്യർ അപൂർവ്വജീവികളോ അന്യഗ്രഹജീവികളോ ആയി മാറിക്കഴിഞ്ഞു. 

ഈ പ്രതിഷേധപരിപാടിയുടെ പേരിൽ ഭൂരിഭാഗം ആളുകളും അലൻസിയറെ അഭിനന്ദിക്കുമ്പോൾ പ്രതിഷേധപരിപാടിയിലെ അർദ്ധനഗ്നതയെ കൂട്ട് പിടിച്ച് വിമർശിക്കുന്ന ഒരു വിഭാഗവും ഉണ്ട്. മുണ്ടു മാത്രം ധരിച്ചു കൊണ്ട് തുടങ്ങുന്ന ഏകാംഗ പ്രകടനം പുരോഗമിക്കുമ്പോൾ തന്റെ മുണ്ടൂരി അമേരിക്കന്‍ പതാക അടിവസ്ത്രമാക്കി നിൽക്കുന്ന രംഗമാണ് ഈ വിമർശനത്തിനാധാരം. പക്ഷെ, വിമർശിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ മനസ്സിലാകും അർദ്ധനഗ്‌നതയല്ല; മറിച്ച് അലൻ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം തന്നെയാണ് വിമർശകരുടെ കുരു പൊട്ടിക്കുന്നതെന്ന്. 

അവരോട് പറയാൻ ഒന്നേയുള്ളൂ......
ശരീരം രാഷ്ട്രീയ ആയുധമാക്കിയ തീക്ഷ്ണപ്രതിഷേധങ്ങൾ ഇവിടെ ആദ്യമായല്ല ഉയർന്നു വന്നിട്ടുള്ളത്. മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ മുതൽ നാടക പ്രവർത്തകയായ മല്ലിക താനേജ വരെ ആ ശ്രേണിയിലുണ്ട്. സണ്ണി ലിയോണിനെയും പോൺ സ്റ്റാറുകളെയും മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ശരീരങ്ങൾ മാത്രമേ കാണാനാകൂ. 
നഗ്നതയ്ക്കപ്പുറമുള്ള ശരീരത്തിന്റെ രാഷ്ട്രീയം മനസ്സിലാവില്ല.

അലൻസിയറെ മനോരോഗി എന്ന് വിളിക്കുന്നവരോടും ഒരു വാക്ക്.... അബ്‌നോർമലായ ഭൂരിപക്ഷത്തിനിടയിൽ നോർമലായി ചിന്തിക്കുന്ന ഒരാൾ മനോരോഗി എന്ന് വിളിക്കപ്പെടുന്നതിൽ ഒട്ടും തന്നെ അത്ഭുതപ്പെടേണ്ടതില്ല . 

ജന്മസിദ്ധമായ അഭിനയ സിദ്ധിയോടൊപ്പം ചലച്ചിത്രപ്രേമികളുടെ സ്നേഹവും ആദരവും ആരാധനയും മൂലധനമാക്കി അളവറ്റ ധനവും സ്വത്തും പ്രശസ്തിയും നേടിക്കഴിയുമ്പോൾ അവാർഡുകൾക്കും അധികാരങ്ങൾക്കും അതിന്റെ അലങ്കാരങ്ങൾക്കും ആലഭാരങ്ങൾക്കും വേണ്ടി നിലപാടുകൾ മാറ്റുന്ന മികച്ച "നടന്മാർക്ക്" നടുവിൽ അലൻസിയറെപ്പോലെ ചിലരെ മാത്രമേ തലച്ചോറുള്ളവർ "ഹീറോ" ആയിക്കാണുന്നുള്ളൂ. ബാക്കിയെല്ലാവരും സന്ദർഭത്തിനനുസരിച്ചു വേഷപ്പകർച്ച നടത്തുന്ന "വെറും നടന്മാർ" മാത്രം. ഇത്തരം യഥാർത്ഥ  ഹീറോകൾക്കെതിരെ തലക്കുള്ളിൽ ചാണകവും ചതുപ്പ് ചേറും മാത്രമുള്ള കില്ലപ്പട്ടികളുടെ കുര ആര് ഗൗനിക്കുന്നു. അത്തരം കുരകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനുള്ള പ്രബുദ്ധതയൊക്കെ ഇവിടത്തെ ചിന്തിക്കുന്ന ഭൂരിപക്ഷത്തിനുണ്ട്. 


നഗ്ന പ്രതിഷേധങ്ങളെപ്പറ്റി മുൻപെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം ==>> നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല... 

  
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday 12 January 2017

നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല...

പ്രതിഷേധപ്രകടനങ്ങള്‍ പല വിധത്തിലാവാം. പണിമുടക്ക്‌, പഠിപ്പ് മുടക്ക്, വഴി തടയല്‍, നിരാഹാര സത്യാഗ്രഹം, ബന്ദ്‌, ഹര്‍ത്താല്‍, ഇറങ്ങിപ്പോക്ക്, പിക്കറ്റിങ്ങ്, ഘരാവോ, മെല്ലെപ്പോക്ക്, ടൂള്‍ ഡൌണ്‍, കോലം കത്തിക്കല്‍, സാങ്കല്പിക നാട് കടത്തല്‍ അങ്ങിനെ അങ്ങിനെ എന്തെല്ലാം മാര്‍ഗങ്ങള്‍. ഇതല്ലാതെയും ഈ ലോകത്ത് പലവിധ പ്രതിഷേധ പ്രകടനമാര്‍ഗങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ പരക്കെ പ്രചാരത്തില്‍ ഇല്ലാത്തതും വിദേശ രാജ്യങ്ങളില്‍ വളരെ പ്രചാരത്തില്‍ ഉള്ളതുമായ ഒന്നാണ് നഗ്ന പ്രതിഷേധം.

എല്ലാവരും നോക്കി നില്‍ക്കെ നഗ്നയായ ഒരു പെണ്‍കുട്ടി ആ മുറിയിലേക്ക് കടന്ന് വരുന്നു. തനിക്ക് നേരേ വന്ന കണ്ണുകളെ ആദ്യമവള്‍ പുഞ്ചിരിയോടെ നേരിടുന്നു. നോട്ടത്തിന്റെ ഭാവം മാറുന്നതോടെ അവളുടേയും ഭാവത്തിൽ മാറ്റം വരുന്നു. തുറിച്ചു നോക്കുന്ന കണ്ണുകളെ സാക്ഷിയാക്കി അവള്‍ വസ്ത്രങ്ങള്‍ ഓരോന്നായി എടുത്തണിഞ്ഞു. ഒന്നിനുമുകളില്‍ ഒന്നായി. ഒടുവില്‍ തലയില്‍ ഹെല്‍മ്മറ്റും ധരിച്ചു. സ്ത്രീകള്‍ നേരിടുന്ന തുറിച്ചുനോട്ടം, വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള മല്ലിക തനേജയുടെ ശക്തമായ പ്രതികരണമായിരുന്ന "തോഡ ധ്യാന്‍ സേ" (BE CAREFUL) എന്ന ഈ നാടകം. ശരീരം തന്റെ ടൂളാണെന്ന് വിശ്വസിക്കുന്ന തനേജ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശമാണ് നാടകത്തിലൂടെ നല്‍കുന്നത്. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് പ്രശസ്ത നാടക നടിയായ തനേജ കോളേജില്‍ എത്തിയത്. ലോകം മുഴുവന്‍ ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനേജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്റെ നാടകം അവതരിപ്പിക്കുന്നത്. നഗ്നത ഒരു കലാരൂപത്തിലൂടെ പ്രതിഷേധത്തിനുള്ള ആയുധമാക്കുന്ന രീതിയുടെ തുടക്കം കൂടിയാവാം ഇത്.

ഡീമോണിറ്റൈസേഷനും തുടർന്ന് വന്ന നോട്ടുക്ഷാമവുമായി ബന്ധപ്പെട്ട്, ഒരു എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്ന ഒരു യുവതി പ്രകോപിതയായതും ആളുകള്‍ നോക്കിനില്‍ക്കെ അണിഞ്ഞിരുന്ന ടീ ഷർട്ട് ഊരി പ്രതിഷേധിച്ചതും ദില്ലി മയൂര്‍ വിഹാറിലായിരുന്നു. ഇത് ക്യൂവിലുണ്ടായിരുന്ന ബാക്കിയുള്ളവരെയും പരിസരത്തുണ്ടായിരുന്നവരെയും ഒരു വേള ഞെട്ടിച്ചു. സ്വന്തം അക്കൗണ്ടിലുള്ള പണത്തിനായി എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ നിന്ന് മടുത്തപ്പോള്‍ യുവതി ചെയ്ത ഉടുപ്പ് ഊരി പ്രതിഷേധം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ "മാർക്കറ്റ്" ചെയ്തു. സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയില്‍ എടുത്ത് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒടുവിൽ, യുവതിയെ അടുത്തുള്ള മറ്റൊരു എടിഎമ്മിൽ കൊണ്ടുപോയി അവിടെ നിന്നും പണം പിന്‍വലിച്ച ശേഷം വിട്ടയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം ജനങ്ങളെ വല്ലാതെ വലച്ചിരിക്കുന്നതിനെയും ജനങ്ങൾ ദിവസങ്ങളായി ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും മണിക്കൂറുകളോളം ക്യൂ ബുദ്ധിമുട്ടുന്നതിനെയും റിപ്പോർട്ട് ചെയ്യാൻ ഉത്സാഹിക്കുന്ന മാധ്യമങ്ങൾക്ക് വീണു കിട്ടിയ ഒരു ചാകരയായിരുന്നു ഈ വാർത്ത.

സദാചാര പോലീ‍സിന്റെ നടപടികള്‍ക്ക് എതിരെ തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മ  നഗ്നത  അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് 2012-ല്‍ പ്രതിഷേധിച്ചിരുന്നു. സദാചാര പോലീസിന്റെ ഇടപെടലുകള്‍ക്കെതിരെ ബോധവല്‍ക്കരണം എന്ന നിലയിലായിരുന്നു  ദേശീയ പതാകയുടെ നിറത്തില്‍ ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ചില സംഘടനകളും പോലീസും ചേര്‍ന്ന് സ്വകാര്യതയില്‍ നടത്തുന്ന ഇടപെടലുകളോടുള്ള പ്രതിഷേധത്തോടെ നഗ്ന ചിത്രങ്ങള്‍ അധികൃതര്‍ക്കും അയച്ചു കൊടുത്തു അവര്‍. മുംബൈയില്‍ സ്വകാര്യ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നെന്നും ഒപ്പം ഫ്രീസെക്സ് നടത്തുന്നു എന്നുമായിരുന്നു പോലീസ് ഭാഷ്യം. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ പോലീസും സദാചാര പോലീസുമെല്ലാം ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് ആരോപിച്ചാണ് നടി ഈ പ്രതിഷേധത്തിന് മുതിര്‍ന്നത്.


2007 ല്‍ രാജ്കോട്ടില്‍ പൂജ ചൌഹാന്‍ എന്ന 21 കാരിയും നീതി നടപ്പാക്കി കിട്ടാന്‍ വേണ്ടി  അര്‍ദ്ധനഗ്നതാ പ്രദര്‍ശന സമരം നടത്തിയിരുന്നു.

2004 ജൂലൈ 15-നാണ്‌ മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ പട്ടാളത്തിനെതിരെ ഐതിഹാസികമായ സമരം നടത്തിയത്‌. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌. മണിപ്പൂരില്‍ നിലവിലുള്ള ആര്‍മ്‌ഡ്‌ ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958-ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം. തുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു ആ അമ്മമാരുടെ പ്രതിഷേധം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂപെണ്‍മക്കളെ വെറുതെ വിടൂ... എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണം കെടുത്തിയത്‌. 

രാഷ്ട്രീയക്കാരുടെ വിവിധ തരം പ്രതിഷേധങ്ങള്‍ കണ്ടു മടുത്ത കേരളത്തിൽ
പോലും അര്‍ദ്ധനഗ്ന പ്രതിഷേധ പരിപാടി നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ബാലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീ കൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു തുണി ഉരിയൽ സമരം സംഘടിപ്പിച്ചത്. സംഘടനയിലെ മുപ്പതോളം അംഗങ്ങളാണ് കൊച്ചി ഹൈക്കോടതിക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന് എത്തിയത്. മണിപ്പൂര്‍ മോഡല്‍ സമരം എന്നാണു പൊതുവേ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്തായാലും ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ ശരീരത്തില്‍ പുതച്ച്‌ എത്തിയ വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു. 

സാമ്പ്രദായികവും സാധാരണവുമായ പ്രതിഷേധങ്ങളെ കാണേണ്ടവർ കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുമ്പോഴാണ് തികച്ചും പുതുമയുള്ളതും അത്യന്തം ജനശ്രദ്ധ ആകർഷിക്കാൻ പോന്നതുമായ പ്രതിഷേധരീതികൾ ജനം തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെ, പ്രതിഷേധത്തിലെ നഗ്‌നത (അർദ്ധനഗ്നത) ക്കപ്പുറത്തേക്ക്, സമരത്തിന് പിന്നിലുള്ള വസ്തുതകളിലേക്ക് വേണ്ടപ്പെട്ടവരുടെ  ശ്രദ്ധ തുടക്കത്തിലേ പതിയുകയാണ് വേണ്ടത്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക