ഞാൻ വെറും പോഴൻ

Thursday 19 October 2017

കുടവയറന്‍ TV യും മീന്‍ മുള്ള് പോലുള്ള TV ആന്റിനയും അങ്ങനെ ഒരൂട്ടം കാര്യങ്ങളും...


ചാനല്‍ അതി പ്രസരത്തിന്റെ ഈ കാല ഘട്ടത്തിന് ദശാബ്ദങ്ങള്‍ പിന്നിലായിരുന്നു എന്റെ ബാല്യകാലം. അന്നൊന്നും കേബിള്‍ ചാനലുകാരായിരുന്നില്ല ടി വി ചാനലുകള്‍ കാണിച്ചു തന്നിരുന്നത്. വീടിന്റെ മുകളില്‍ മീന്‍ മുള്ളിനോട് രൂപ സാദൃശ്യമുള്ള അലൂമിനിയം TV ആന്റിന ആയിരുന്നു അന്ന് ടി വി സിഗ്നലുകള്‍ ആകാശത്ത് നിന്ന് പിടിച്ചെടുത്തു പഴയ കുട വയറന്‍ ടി വി സെറ്റുകളിലൂടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നത്.  ( ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ്, ഫുള്‍ ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ് ടി വി കള്‍  വന്ന കാലത്ത് ഐശ്വര്യ റായി അഭിനയിച്ച ഒരു പരസ്യമുണ്ടായിരുന്നു. ടി വി യുടെ സ്ക്രീന്‍ അവരുടെ വയര്‍ പോലെ സ്ലിം ആണോ എന്നു ചോദിച്ചു കൊണ്ട് ). അന്നൊക്കെ ഏറ്റവും പ്രതാപമുള്ള വീടുകളില്‍ മാത്രമേ ഈ ആന്റിന ഉണ്ടാവുമായിരുന്നുള്ളൂ. ആന്റിന മാത്രം വീടിനു മുകളില്‍ പിടിപ്പിച്ചിരുന്ന ചിലരും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. 


ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി മരിച്ചത്. അവരുടെ ശവസംസ്കാരം കാണാന്‍ പയസ്‌ എന്ന എന്റെ ഒരു സഹപാഠിയുടെ വീട്ടില്‍ വീട്ടില്‍ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. (ആകെ അവിടെ മാത്രമാണ് ഒരു ബ്ലാക്ക്‌ & വൈറ്റ് ടി വി ഉണ്ടായിരുന്നത്)  മറഡോണ ഹീറോ ആയിരുന്ന ഫുട്‌ബോള്‍ ലോക കപ്പ്‌, ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കേരള സന്ദര്‍ശനം ഇവ എല്ലാം അയല്പക്കക്കാരുടെ സൌജന്യത്തിലാണ് ഞാന്‍ കണ്ടത്.

കസെറ്റ് ഇട്ടു സിനിമ കാണുന്ന വീ സീ ആര്‍, വീ സീ പീ എല്ലാം അത്യപൂര്‍വ്വം ആയിരുന്നു. സ്വന്തമായി ഇല്ലാത്തവര്‍ വാടകക്ക് എടുക്കുന്നതു പോലും അപൂര്‍വ്വം ആയിരുന്നു. അഥവാ വാടകക്ക് എടുത്താല്‍ ഒരു ദിവസം കൊണ്ട് പരമാവധി സിനിമകള്‍ കണ്ടു മുതലാക്കിയിട്ടെ അത് തിരികെ കൊടുക്കുമായിരുന്നുള്ളൂ. കല്യാണങ്ങള്‍ക്കു വീഡിയോ എടുക്കുന്നത് ഒരു അത്യപൂര്‍വ്വ സംഭവം ആയിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് (കോളേജില്‍ പോലും) വീഡിയോ കാസറ്റ്‌ കൈമാറുന്നതും മറ്റും ഒരു സ്റ്റാറ്റസ് സിമ്പല്‍ ആയിരുന്നു.
എന്റെ ബാല്യ കാലത്ത് ആകെ ഉണ്ടായിരുന്ന ചാനല്‍ ദൂരദര്‍ശന്‍ ആയിരുന്നു. വിനോദ ഉപാധി എന്നതിനപ്പുറത്ത് പല വിധ വിവരങ്ങളും അത് പറഞ്ഞു തന്നിരുന്നു. അന്ന് നാഷണല്‍ ചാനല്‍ വഴി ഹിന്ദി സംപ്രേക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയല്പക്കത്തു ടി വി കാണാന്‍ പോവുക എന്നത് ഒരു നിത്യ സംഭവം ആയിരുന്നു. 


 പ്രക്ഷേപണം തുടങ്ങാന്‍ വേണ്ടി അക്ഷമയോടെ കാത്തിരുന്ന ആ നാളുകള്‍. ഈ വീഡിയോ ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾക്ക് കേള്‍ക്കാം ഗൃഹാതുരത്വം നിറഞ്ഞ ആ സിഗ്നേച്ചര്‍ മ്യൂസിക്‌.


അന്ന് ആഴ്ചയില്‍ ഒരിക്കല്‍ അര മണിക്കൂറായിരുന്നു സീരിയല്‍ വധങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീടത് ദിവസത്തില്‍ ഒരിക്കലായി. ഒരു മണിക്കൂറായി. രാമായണം, മഹാഭാരതം,  ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്ന് പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. അന്ന്  സീതയായി അഭിനയിച്ച നടി (ദീപിക ചിഖ്‌ലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, സുരഭി, വേള്‍ഡ്‌ ദിസ്‌ വീക്ക്‌, മാല്‍ഗുഡി ഡേയ്സ്തുടങ്ങിയവ ആ കാലഘട്ടത്തിലെ മറ്റു ജനകീയ പരിപാടികൾ ആയിരുന്നു. ഫൌജി എന്നൊരു പരമ്പരയില്‍ ആണ് ഷാരുക് ഖാന്‍ ആദ്യമായി ടി വി യിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. പക്ഷെ അദ്ദേഹം അഭിനയിച്ച സര്‍ക്കസ് എന്ന സീരിയലായിരുന്നു കുറച്ചു കൂടി ജനപ്രിയമായതു എന്ന് തോന്നുന്നു. 


1985 ലാണ് തിരുവന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം തുടങ്ങിയത്. "സ്വാതി തിരുന്നാള്‍" എന്ന സിനിമയായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്ത മലയാള സിനിമ എന്നാണ് എന്റെ ഓര്‍മ്മ. ചിത്രഗീതം, മലയാള വാര്‍ത്തകള്‍, തിരനോട്ടം, പ്രതികരണം ഇവ വളരെ ജനകീയമായ പരിപാടികള്‍ ആയിരുന്നു. വാര്‍ത്തക്ക് മുന്‍പുള്ള ആ മ്യൂസിക്‌ വേറിട്ടുള്ള ഒരു അനുഭവം തന്നെ ആയിരുന്നു..ഇന്നത്തെപ്പോലെ "വാക് അതിസാരം" (verbal diarrhea) ബാധിച്ച മനുഷ്യനെ മടുപ്പിക്കുന്ന വാര്‍ത്താനുഭാവമായിരുന്നില്ല അന്നത്തേത്. 





അത് പോലെ വേറിട്ടൊരു അനുഭവമായിരുന്നു പരിപാടിക്കിടയില്‍ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങള്‍. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വൈദ്യുതി തടസം വരുമ്പോഴോ പരിപാടിയില്‍ നിന്ന് ഏതെന്കിലും ഭാഗം സെന്‍സര്‍ ചെയ്യേണ്ടതായി വരുമ്പോഴോ ആണ് ഈ ചങ്ങാതി ക്ഷണിക്കാതെ കയറി വരാറ്...


അന്നത്തെ പരസ്യങ്ങള്‍, ഫിലിം ഡിവിഷന്‍ ഡോകുമെന്ററികള്‍, എല്ലാം തന്നെ നൊസ്റ്റാള്‍ജിക് ഫീല്‍ തരുന്നവ ആയിരുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ഗൃഹാതുരമായ ആ കാഴ്ചകൾ വീണ്ടും കാണാം. ...























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday 12 October 2017

സരിത S. നായർ ഒരു ഇരയാണ്.....

സരിത S. നായർ ഒരു ഇരയാണ്. ഒരു ബിംബമാണ്. ഒരു സംരംഭക(കൻ) ഈ നാട്ടിൽ വേര് പിടിക്കണമെങ്കിൽ രാഷ്ട്രീയ യജമാനന്മാരുടെയും ഉദ്യോഗസ്ഥമാടമ്പിമാരുടെയും വിവിധ തരം ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വഴങ്ങിക്കൊടുത്തേ പറ്റൂ എന്ന അലിഖിത നിയമം ഇവിടെ സജീവമാണെന്ന് മീഡിയ മുറികളിലിരുന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചവൾ. തട്ടിപ്പ് അവൾക്ക് മാത്രം അറിയാമായിരുന്ന കാര്യമാണ്; അല്ലെങ്കിൽ അവൾ വന്നു പെട്ട അവസ്ഥാവിശേഷമാണ്. ഇപ്പോൾ ആരോപിതരായവർ ആരും തട്ടിപ്പിന് സഹായിക്കാം എന്ന് പറഞ്ഞല്ല അവളെ ചൂഷണം ചെയ്തത്. സംരംഭം തുടങ്ങാൻ സഹായിക്കുന്നതിലേക്കാണ് സഹായം വാഗ്ദാനം ചെയ്ത് ചൂഷണം നടത്തിയത്. ഈ കേസിൽ തട്ടിപ്പ് എന്ന വശം നിലനിൽക്കുമ്പോൾ തന്നെ അധികാരസ്ഥാനങ്ങളുടെ ജീർണ്ണത എന്ന മറുവശവും നിലനിൽക്കുന്നു.
അവരുടെ ആത്മവിശ്വാസത്തെയാണ് ഞാൻ മാനിക്കുന്നത്. കൂടെ നിൽക്കുമെന്ന് കരുതിയവർ കയ്യൊഴിഞ്ഞപ്പോഴും സദാചാര വാദികളുടെയും പകൽമാന്യന്മാരുടെയും മാധ്യമ ജഡ്ജികളുടെയും വാക്കുകൾ കൊണ്ടുള്ള ആക്രമണത്തിലും തളർന്നില്ല അവർ. സമൂഹത്തിന്റെ പരിഹാസത്തിന് മുൻപിൽ നിന്ന് ഒളിച്ചോടിയില്ല. സൈബർ ആകാശത്തിൽ പാറി നടന്ന അവളുടെ നഗ്‌ന വീഡിയോ പോലും അവളുടെ ആത്മവിശ്വാസം തെല്ല് കുറച്ചില്ല. ചരിത്രത്തിലെ അവസാനത്തെ സ്മാർത്തവിചാരത്തിൽ കുറിയേടത്ത് താത്രി ശരീരം കൊണ്ട് വ്യവസ്ഥിതിയോട് പടപൊരുതിയതിനെ ഓർമ്മിപ്പിക്കുന്നു സരിത എസ് നായർ പലപ്പോഴും. അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണച്ചോ എന്ന്‌ എൻ എൻ പിള്ളയുടെ "കാപാലിക"യിലെ റോസമ്മ വിളിച്ചു പറയും പോലെ സരിതയെന്ന സംരംഭകയെ ഇന്ന് നമ്മളറിയുന്ന സരിതാ നായർ ആക്കിയത് കപട സദാചാരികളുടെ ഈ സമൂഹം തന്നെയാണ്.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക