ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Tuesday, 1 November 2016

അവന്‍, അവള്‍, അത്.........മൂന്നാം ലൈംഗികതയും നെറ്റി ചുളിയുന്ന കുറച്ചു കാര്യങ്ങളും.......

കുറച്ച് നാളുകൾക്ക് മുൻപ് ഞാന്‍ കുടുംബവുമായി തിരുച്ചിറപ്പിള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അറുപത്തഞ്ചു വയസ്സ് കഴിഞ്ഞ എന്റെ അമ്മ മുതല്‍ അനിയന്റെ രണ്ടര വയസ്സുള്ള കുട്ടിയും ഞങ്ങളോടൊപ്പം ഉണ്ട്. പൊടുന്നനെ ഒരു ഹിജഡ (ഹിജറ) സംഘം ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് വന്നു. അവര്‍ ഭിക്ഷ ചോദിച്ചു. ഞാന്‍ അഞ്ചു രൂപ കൊടുത്തു. അതിന്റെ നേതൃ സ്ഥാനം വഹിക്കുന്ന ഹിജഡ പത്തു രൂപയാണ് മിനിമം എന്ന് പറഞ്ഞു. ഞാന്‍ അതിനോട് പ്രതികരിക്കാതെ ഇരുന്നപ്പോള്‍ ഉടനെ എന്റെ പ്രായം ചെന്ന അമ്മയെയും രണ്ടര വയസ്സുള്ള കൊച്ചു കുഞ്ഞിനേയും അയാളുടെ (അതിന്റെ) നഗ്നത കാണിക്കാന്‍ ഒരുങ്ങി. അരുതാത്ത കാഴ്ച ഒഴിവാക്കാന്‍ ഞാന്‍ പത്തു രൂപ കൊടുത്തു അവരെ പായ്ക്ക് അപ്പ്‌ ചെയ്തു. തിരികെ വരുമ്പോഴും ഇതേ സംഘം വന്നു ഇത് പോലെ തന്നെ പിരിവെടുത്തിട്ട് പോയി. ഈ പറഞ്ഞ സംഭവം നടക്കുമ്പോള്‍ വണ്ടിയില്‍ ടീ ടീ ഇ യും റെയില്‍വേ പ്രോട്ടെക്ഷന്‍ ജവാന്മാരും ഒക്കെ ഉണ്ടായിരുന്നു. ഒരുത്തരും ഇതിനെതിരെ ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു.  

ഒരു ജീവിത മാര്‍ഗ്ഗം എന്ന നിലയിൽ അവർക്ക് എന്തെങ്കിലും കൊടുക്കുന്നതിനോടൊന്നും എനിക്ക് എതിർപ്പില്ല. പക്ഷെ, ഞാൻ വിവരിച്ച അനുഭവം അതല്ല. ഞാൻ കൊടുത്ത 5 രൂപ പോരാ എന്നും 10 രൂപ തന്നെ വേണം എന്നും ശഠിച്ചു, അതിനു വേണ്ടി നഗ്നതാപ്രദർശനത്തിനെ ഒരു ആയുധമാക്കുന്ന രീതിക്ക് ഞാന്‍ പൂര്‍ണ്ണമായും എതിരാണ്. ആ അർത്ഥത്തിൽ കത്തി കാണിച്ചു പണം വാങ്ങുന്ന കൊള്ളക്കാരനെയും ബ്ലാക്ക്‌ മെയിൽ ചെയ്തു ജീവിക്കുന്ന മഞ്ഞ പത്രക്കാരനെയും എങ്ങിനെയാണ് തെറ്റുകാരനായി കാണാനാവുക. സമൂഹത്തിൽ വേണ്ടത്ര സ്വീകാര്യത ഇല്ലാത്തവർ തന്നെയാണ് ആണ്, അവരും.

ഈ സംഘം വന്നപ്പോള്‍ വിദഗ്ധമായി അപ്രത്യക്ഷനായിട്ട് അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൃത്യമായി പ്രത്യക്ഷപ്പെട്ട ടീ ടീ ഇ യോട് ഞാന്‍ ഇതിനെപ്പറ്റി തിരക്കി. അദ്ദേഹം പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു. അവര്‍ വന്നപ്പോള്‍ അദ്ദേഹം അവിടെ നിന്ന് വലിഞ്ഞതു തന്നെയാണെന്നും അദ്ദേഹത്തിന് ഈ റൂട്ടില്‍ എന്നും ജോലി ചെയ്യേണ്ടതാണെന്നും  യാത്രക്കാരുടെ പരാതിപ്പുറത്തു ഇതില്‍ ഇടപെട്ടാല്‍ അത് അദ്ദേഹം വിളിച്ചു വരുത്തുന്ന അപകടമായിരിക്കുമെന്നും ഈ വന്നവര്‍ വലിയൊരു ക്രിമിനല്‍ മാഫിയയുടെ ഏറ്റവും താഴത്തെ കണ്ണികള്‍ ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതില്‍ യഥാര്‍ത്ഥ ഹിജഡകള്‍ ഒന്നോ രണ്ടോ ഉള്ളൂ എന്നും ബാക്കിയെല്ലാം  ഇവരെ മുന്‍ നിറുത്തി കളക്ഷന്‍ എടുപ്പിച്ചു അതില്‍ നിന്നു പങ്കു പറ്റുകയും ഇവരുടെ കയ്യിൽ നിന്ന് "സൗജന്യ സേവനം" പറ്റുകയും ഒക്കെ ചെയ്യുന്ന നികൃഷ്ടരായ വ്യക്തികള്‍ ആണെന്നുമാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്. യാത്രക്കാരെ സംരക്ഷിക്കാന്‍ ചുമതലയുള്ള ആളുകള്‍ പോലും ഇവരില്‍ നിന്ന് പണവും സേവനവും പറ്റുന്നുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന അറിവായിരുന്നു.

സൃഷ്ട്ടി വൈകല്യം സംഭവിച്ചു പോയ നിസ്സഹായരായ വ്യക്തികളുടെ കൂട്ടം എന്ന നിലയിലോ പാർശ്വവല്ക്കരിക്കപ്പെട്ട് സമൂഹത്തിന്റെ വിളുമ്പിലേക്ക് തള്ളപ്പെട്ട ഒരു വിഭാഗം എന്ന നിലയിലോ എനിക്ക് ഈ പറഞ്ഞ ഭിന്നലിംഗസംഘത്തോട് യാതൊരു വിധത്തിലുള്ള വിരോധവും ഇല്ല. സമൂഹം അവരോടു മാനുഷിക നീതിയോ സ്ഥിതി സമത്വമോ പുലർത്തുന്നില്ല എന്ന ശക്തമായ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. പക്ഷെ, മേൽ വിവരിച്ച സംഭവത്തിന്‌ ശേഷമായിരുന്നു ഞാന്‍ ഇവരെ പറ്റിയും ഇവരുടെ ജീവിതത്തെ പറ്റിയും കൂടുതല്‍ അറിയാൻ ശ്രമിച്ചത്. ഇത്തരക്കാരുടെ പുനരധിവാസ - ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു പൊതു പ്രവർത്തകനിൽ നിന്ന് കേട്ട വസ്തുതകൾ ഞെട്ടിക്കുന്നതായിരുന്നു. 

ഏതോ "നല്ല" അപ്പനും അമ്മയ്ക്കും ഉണ്ടായിട്ടു, ശാരീരികമായും സ്വഭാവപരമായും ഇത്തരത്തില്‍ ഒരു വ്യത്യസ്തത കണ്ടപ്പോള്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ഒക്കെ ചെയ്യപ്പെട്ട വ്യക്തികളുടെ ഒരു കൂട്ടമാണവര്‍. ഈ കൂട്ടത്തിന്റെ ഭാഗമാകാന്‍ വേണ്ടി പല തരത്തിലുളള പ്രാകൃത ആചാരങ്ങള്‍ക്ക് വിധേയര്‍ ആയിട്ടാണ് ഇവര്‍ ലൈംഗിക തൊഴിലിനും ഭിക്ഷാടനത്തിനും ഇറങ്ങുന്നതത്രേ. ഇവരുടെ ഇടയിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർ ഹമാം എന്നറിയപ്പെടുന്ന താവളങ്ങളിൽ ഒന്നിച്ചു താമസിച്ചാണ് ഒറ്റപ്പെടലിൽ നിന്ന് ആശ്വാസം തേടാറുള്ളത്. ചില പ്രദേശങ്ങളിൽ മൂന്നാം ലിംഗക്കാരെ വിവാഹം പോലുള്ള മംഗളവേളകളിൽ അനുഗ്രഹമേകാൻ വിളിക്കാറുണ്ട്. ഇവർക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്ന് വടക്കേ ഇന്ത്യയിൽ ഒരു വിശ്വാസമുണ്ട്‌. അതൊഴിച്ചാൽ  അവർക്ക് എവിടെയും യാതൊരു സ്വീകാര്യതയുമില്ല. പുരാണ കാലങ്ങളിൽ ഇവർക്ക് നൽകിയിരുന്ന പരിഗണന പോലും ആധുനിക സമൂഹം ഇവർക്ക് നൽകുന്നില്ല. ശാസ്ത്രീയമായി നോക്കിയാല്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളും അതിനോട് ബന്ധപ്പെട്ടു വരുന്ന ശാരീരിക പ്രത്യേകതകള്‍ക്കും അപ്പുറത്ത് ഒരു സാധാരണ വ്യക്തിയാണ് “അതും”.  മനുഷ്യരില്‍ അവനും അവളും ഉള്ള പോലെ “അതും” ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവന്റെയോ അവളുടെയോ ഏറ്റക്കുറച്ചിലുകളെ ഞാന്‍ അടങ്ങുന്ന സമൂഹം “അത്” ആക്കുകയാണ്.

ഒരാളുടെ ലൈംഗികത അയാളുടെ സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് വിവിധ ജൈവഘടകങ്ങളുടെയും വളർച്ചയിലെ ചുറ്റുപാടുകളുടെയും‌ (പ്രത്യേകിച്ച് പ്രാരംഭ ഭ്രൂണാവസ്ഥയിലേത്) സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിശ്വസിക്കുന്നു. ഈയൊരവസ്ഥ 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' വിശ്വസിക്കുന്നവരുണ്ടെങ്കിലും, മനുഷ്യലൈംഗികതയിലെ വളരെ സാധാരണമായ ഒരു വ്യതിയാനം മാത്രമാണ് അതെന്നും മനസ്സിനെ ദോഷമായ രീതിയിൽ‌ ബാധിക്കുന്ന ഒന്നല്ലെന്നും ശാസ്ത്രീയ പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്. എന്നാൽ‌ ഈ വിഭാഗത്തോട് സമൂഹം വച്ചുപുലർത്തുന്ന മുൻധാരണകളും വെറുപ്പും വിവേചനവും അത്തരം വ്യക്തികൾക്ക് മാനസികസമ്മർദ്ദം മാത്രമേ ഉണ്ടാക്കൂ. പ്രകൃതിയുടെ ഈയൊരു വികൃതി ആരുടെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കാവുന്നത് ആണ്. ഒമ്പത്, ച്ഛക്ക, ചാന്തു പൊട്ട്, ഷണ്ഡൻ, ഖുസ്ര, യൂനക്, അറവാണി, കോത്തി, സീ ഡി, പാവയ്യ, യെല്ലമ്മ, സ്റ്റെപ്പിനി എന്നിങ്ങനെയുള്ള വിവിധ വിളിപ്പേരുകളിൽ അവർ സമൂഹത്തിൽ പരിഹാസ്യരായും ഒറ്റപ്പെട്ടും ജീവിക്കുന്നു. 


ഇത്തരത്തില്‍ ഒരു ജന്മം വീട്ടില്‍ ഉണ്ടായിപ്പോയി എന്നത് കൊണ്ട് മാത്രം പൊതു സമൂഹത്തില്‍ ഒറ്റപ്പെടുന്ന കുടുംബങ്ങള്‍ പോലും നമുക്കിടയില്‍ ഉണ്ട്. അങ്ങനെ ജനിച്ചു പോയ ഒരാളെ ശരിപ്പെടുത്തി എടുക്കാം എന്ന് കരുതി വിവാഹ ബന്ധത്തില്‍ കുരുക്കിയിട്ട്, നീറി നീറി ജീവിക്കുന്നവരും അവരുടെ പങ്കാളികളും ഉണ്ട്. സമൂഹം അവരോട് ചെയ്യേണ്ടിയിരുന്നത്, അവരെ കൂടെ മുഖ്യധാരയിലേക്ക്‌ സ്വീകരിക്കുക എന്നതായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ മൂന്നാം ലൈംഗികത പേറുന്നവര്‍ സമൂഹത്തിന്റെ മുന്നില്‍ എന്തോ അപരാധികളായോ അല്ലെങ്കില്‍ മോശപ്പെട്ടവരായോ ആണ് ഇന്നും കണക്കാക്കപ്പെടുന്നത്. ഒരു ആണ്‍ ഹിജഡയ്ക്കു പെണ്‍ഹിജഡയില്‍ ഉണ്ടായ വിചിത്ര ജന്മം ഒന്നും അല്ല ഇവര്‍.  കുറ്റവാളികളെ പോലെ പരിഗണിക്കപ്പെടുവാന്‍ അവര്‍ ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കുവാന്‍ സമൂഹത്തിനാകുകയുമില്ല. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്ന നിലയില്‍ത്തന്നെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലൈസന്‍സും അടക്കമുള്ളവ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രാജ്യത്തെ പൗരന്മാരായ ഹിജഡകള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉറപ്പുവരുത്തണം.  ലൈംഗിക ന്യൂനപക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ  സർക്കാരും പൊതു സമൂഹവും ഒത്തൊരുമിച്ചു പ്രവര്ത്തിക്കേണ്ടതുണ്ട്. എന്തായാലും, യൂത്ത് ഡയലോഗ്, കേരളീയം, ജനനീതി, വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ, സംഗമ ബംഗളൂർ, ദേശ് പ്രൊജക്റ്റ്, സഹയാത്രിക തുടങ്ങി ഇവർക്ക് പിന്തുണ നൽകുന്ന സംഘടനകളുടെ എണ്ണം ഏറി വരുന്നത് ശുഭകരമാണ്. 
ആണ്‍ ലൈംഗികതയെയും പെണ്‍ ലൈംഗികതയെയും അംഗീകരിക്കുന്ന പൊതുസമൂഹം ഈ മൂന്നാം ലൈംഗികതയെ കൂടി അംഗീകരിച്ചിരുന്നെന്കില്‍ സാമൂഹ്യ വിപത്താവുന്ന തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഹിജഡക്കൂട്ടങ്ങള്‍ ഈ നാട്ടില്‍ ഉണ്ടാവില്ലായിരുന്നു. ഇതിപ്പോള്‍ ജീവിക്കാനുള്ള പണ സമ്പാദന ഉപാധി എന്നതിനൊപ്പം മുഖ്യധാരാ സമൂഹത്തോടുള്ള പക പോക്കല്‍ കൂടി ആയി നഗ്നത അനാവരണത്തെ അവര്‍ എടുത്ത് പ്രയോഗിക്കുന്നു. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

16 comments:

 1. അവഗണനയുടെ മറ്റൊരു കൂട്ടര്‍.. അത് കൊണ്ട് സാമൂഹിക 'വിപതാക്കപ്പെട്ടു"

  ReplyDelete
  Replies
  1. അതെ, അവഗണന...അത് തന്നെയാണ് ക്രിമിനലുകള്‍ അവരെ മുതലെടുക്കുന്നതിനു കാരണം.

   Delete
 2. ശ്രദ്ധിക്കപ്പെടേണ്ടതായ ഒരു വിഷയം തന്നെ.

  ReplyDelete
 3. പകലില്‍ ഒമ്പതെന്നും ഹിജഡയെന്നും ചാന്തുപൊട്ടെന്നും പറഞ്ഞു കളിയാക്കുന്നവര്‍ രാത്രികളിലും ഇരുണ്ട തിയേറ്ററിനുള്ളിലും ഇവരുടെ വദനത്തിന്റെ ചൂടറിയാന്‍ പോകും എന്നത് വലിയൊരു യാഥാര്‍ത്ഥ്യം ആണ്...

  ReplyDelete
 4. തീര്‍ച്ചയായും.
  ഇനിയും ഇത്തരം വ്യക്തികളെ ഒറ്റപ്പെടുത്തുന്നത് കൊടിയ ക്രൂരത തന്നെയാണ്.

  എച്ചുമുക്കുട്ടി എന്ന ബ്ലോഗര്‍ ഇപ്പോള്‍ തുടരുന്ന തുടര്‍ക്കഥ ഇവരുടെ ജീവിതത്തെക്കുറിച്ചാണ്.
  ആ തുടര്‍ക്കഥയുടെ ആദ്യഭാഗത്തിന്റെ പേരും "അവന്‍ അവള്‍ അത് "എന്ന് തന്നെയാണെന്ന് തോന്നുന്നു. ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ.
  അവന്... അവള്‍ ... അവ.. അത്..

  ReplyDelete
  Replies
  1. ചെന്നൈയില്‍ പ്രമുഖ ചാനലിലെ സീനിയര്‍ വാര്‍ത്താ ലേഖകനും കവിയും ചെറുകഥാകൃത്തുമായ എസ്.ബാലഭാരതിയ്ക്ക് ഹിജഡകളുടെ നൊമ്പരങ്ങള്‍ വെറും വാര്‍ത്തയിലൊതുക്കാന്‍ കഴിഞ്ഞില്ല. ശാരീരികമായി ഒരു ലിംഗത്തിലും മാനസികമായി എതിര്‍ ലിംഗത്തിലും ജീവിക്കുന്നവര്‍ക്കും ജീവിതത്തോട് തീരാത്ത സ്‌നേഹമുണ്ടെന്ന് ബാലഭാരതിയ്ക്ക് മനസ്സിലായി. അവരുടെ ഒപ്പം നടന്ന് അവരുമായി സംസാരിച്ച് അദ്ദേഹം ഒരു നോവല്‍ രചിച്ചു. തമിഴ് ഭാഷയില്‍ ഒരു നൂതന പരീക്ഷണമായിരുന്നു അത്. അവന്‍- അത്=അവള്‍ എന്ന ആ കൃതി ഒട്ടേറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. എന്നാല്‍ ഒരു സാഹിത്യരൂപം എന്ന നിലയില്‍ പതിനായിരക്കണക്കിന് വായനക്കാരെ നോവല്‍ ആകര്‍ഷിച്ചു.
   ഈ നോവലിന്റെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഈ പേര് തിരഞ്ഞെടുത്തത്. ഒരു പക്ഷെ എച്ചുമുക്കുട്ടിയെ സ്വാധീനിച്ചതും ഈ നോവല തന്നെയായിരിക്കണം.
   എന്തായാലും എച്ചുമുക്കുട്ടിയെന്ന ബ്ലോഗറെ പരിചയപ്പെടുത്തിയതിനും പോസ്റ്റിനു അഭിപ്രായം പറഞ്ഞതിനും നന്ദി...

   Delete
 5. ഞാന്‍ പറയാന്‍ വന്നതും ഇതുതന്നെ.എച്ച്മുക്കുട്ടിയുടെ അവൻ അവൾ അതു വായിക്കുമ്പോൾ ഇവരുടെ നൊമ്പരം സൂക്മമായി അറിയാം.

  ReplyDelete
 6. Replies
  1. എന്ത് കൊണ്ട് എന്ന് മാത്രം മനസ്സിലാവുന്നില്ല ?

   Delete