ഞാൻ വെറും പോഴൻ

Thursday 1 November 2018

അടിവസ്ത്രമില്ലാതെ മേല്‍വസ്ത്രമിടേണ്ടി വരുന്നവർ........

വികസനം വികസനം എന്ന മന്ത്രം ഉരുക്കൊഴിച്ചാണ് ഈയിടെയായിഎല്ലാ ഭരണാധികാരികളും അധികാരത്തില്‍ ഏറുന്നത്‌. വികസനമെന്നാൽ സഹസ്ര കോടി പദ്ധതികൾ എന്നു മാത്രമാണവർ അർത്ഥമാക്കുന്നത്. ഓരോ ജില്ലയിലും എയർ പോർട്ട്, അതിവേഗ റെയിൽപാതകൾ, എലിവേറ്റഡ് റോഡ് കോറിഡോറുകൾ, എട്ട് വരി - പതിനാറ് വരി ഹൈവേകൾ, വമ്പൻ തുറമുഖങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ അങ്ങനെ അങ്ങനെ. പക്ഷെ, ജനങ്ങൾ പലപ്പോഴും വികസന വാഗ്ദാനങ്ങളെ നിഷ്കരുണം കയ്യൊഴിയുന്നു. ഭരണം തുടങ്ങിക്കഴിഞ്ഞാൽ കൊണ്ട് വരുന്ന പല പദ്ധതികളെയും എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഒരു ജനത വികസനത്തിന്‌ നേരെ പൊതുവേ പുറം തിരിയുന്നത് ? അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നതിനു മുന്‍പ് ഒരു രാജ്യം എന്നാൽ എന്ത് എന്നും എന്തായിരിക്കണം ഒരു രാജ്യത്തെ വികസനം എന്നും കൂടി  അന്വേഷിക്കേണ്ടതുണ്ട്.

ഒരു രാജ്യം എന്നാൽ അടിസ്ഥാന പരമായി അതിന്റെ ഭൂപ്രദേശവും അതിലെ ജനങ്ങളുമാണ്. ഭൂപ്രദേശം എന്ന് പറയുമ്പോൾ ഭൂമി, അതിന്റെ ഫലഭൂയിഷ്ടത, കാട്, വെള്ളം, ഭൂഗർഭ വിഭവങ്ങൾ, വായു, അന്തരീക്ഷം തുടങ്ങിയ പ്രകൃതി വിഭവ സ്രോതസ്സുകളാണ്... ഒറ്റ വാക്കിൽ പരിസ്ഥിതി എന്ന് പറയാം. ജനങ്ങളെന്നാൽ, സമ്പന്നർ എന്ന ന്യൂനപക്ഷവും മദ്ധ്യവർഗ്ഗവും ദരിദ്രരും അടങ്ങുന്ന മഹാഭൂരിപക്ഷവും എന്നാണു മനസ്സിലാക്കേണ്ടത്. ഈ ഘടകങ്ങളുടെ മൊത്തത്തിലുള്ള വികസനമായിരിക്കണം യഥാർത്ഥ വികസനം. വികസനം മുഖ്യമായും രണ്ടു തരത്തിലാവണം ഉണ്ടാവേണ്ടത്. ഒന്നാമത്തേത്, വ്യാവസായിക വികസനം. വ്യാവസായിക നിർമ്മാണ മേഖലയിലെ പുരോഗതിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.  രണ്ടാമത്തേത്, മാനുഷിക വികസനം. എന്ന് വച്ചാൽ രാജ്യത്തെ ജനതയ്ക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധമായ പരിസ്ഥിതി മുതലായവ ലഭ്യമാവുന്ന സാഹചര്യം. മൊത്തത്തിൽ ആ ജനതയുടെ നല്ല നിലവാരത്തിലുള്ള ജീവിതസാഹചര്യം. ഈ രണ്ടു തരം വികസനവും ഒരു പോലെ ഉന്നത നിലവാരത്തിലുള്ള ഒരു രാജ്യത്തെയാണ് വികസിത രാജ്യം എന്ന് പറയുന്നത്. എന്നാൽ മാനുഷിക വികസനം ഉന്നത നിലവാരത്തിലും

വ്യാവസായിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് മനുഷ്യവിഭവ ശേഷി ധാരാളമുണ്ടെങ്കിലും അവർക്ക് അർഹമായ തൊഴിലവസരങ്ങൾ കുറവായിരിക്കും. ഈ സാഹചര്യത്തിൽ ജനതയുടെ ഒരു നല്ല വിഭാഗത്തിന് തൊഴിൽ കണ്ടെത്താൻ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക പോകേണ്ടതായി വരും. ഇതിനൊരു നല്ല ഉദാഹരണമാണ് കേരളം. നേരെ മറിച്ച്, വ്യാവസായിക വികസനം ഉന്നത നിലവാരത്തിലും മാനുഷിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് വ്യവസായങ്ങളും സംരഭകരും ധാരാളം ലാഭം ഉണ്ടാക്കുമെങ്കിലും ജനതയുടെ ജീവിത നിലവാരം വളരെ മോശമായിരിക്കും. ഈ പരിതസ്ഥിയിൽ ധനികർ വീണ്ടും വീണ്ടും ധനികരും ദരിദ്രർ വീണ്ടും വീണ്ടും ദരിദ്രരും ആയി മാറും. മഹാരാഷ്ട്രയിലും ഗുജറാത്തിലും തീരെ മോശമല്ലാത്ത തോതിൽ ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. 

വിവിധ കക്ഷികൾ കാലാകാലങ്ങളിൽ മാറി മാറി ഭരിച്ചിട്ടും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ 
ലഭ്യമാക്കൽഊര്‍ജ്ജ പ്രതിസന്ധി പരിഹരണം, അപാരമ്പര്യ ഊർജോൽപ്പാദനം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പൊതു സൗകര്യങ്ങളുടെ വ്യാപനം, കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ആരോഗ്യ- സൗകര്യങ്ങൾ ലഭ്യമാക്കൽനിലവിലുള്ള റോഡിന്‍റെയും റെയിലിന്റെയും നിലവാരം ഉയര്‍ത്തല്‍, മാലിന്യസംസ്കരണം, പൊട്ടിത്തകര്‍ന്നു വിനാശം വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം, ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിയ്ക്കൽ, ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കൽ, നഗര വികസനം മുതലായ കാര്യങ്ങളിൽ  നമുക്ക് എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശത-സഹസ്ര കോടികൾ ചെലവ് വരുന്ന പദ്ധതികളോടാണ് നമ്മുടെ ഭരണാധികാരികൾക്ക് പ്രേമം. അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും വേണ്ടി മാത്രമായി മാറിയിരിക്കുന്നു നവ വികസന പദ്ധതികൾ. സാധാരണക്കാരന്റെയും സാധുക്കളുടെയും, ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു വാങ്ങി കുത്തകകളുടെ കയ്യിൽ  എത്തിച്ചു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ജാലവിദ്യയായി മാറിയിരിക്കുന്നു പുതിയ കാലത്തിന്റെ വികസന പദ്ധതികൾ. 


ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന ഗാന്ധിയൻ തത്വം ആധുനിക ഗാന്ധി ശിഷ്യന്മാർ തന്നെ വലിച്ചു ദൂരെയെറിഞ്ഞു. ഇടക്കാലത്ത് മാറി ഭരിച്ചവരും ഈ തത്വത്തിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇന്ത്യ പോലെ ഉള്ള, ദരിദ്ര-അവികസിത ഗ്രാമങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് അധികാര വികേന്ദ്രീകൃത വികസനമാതൃകകളാണ് അഭികാമ്യം. ഇത് വഴി, സാധാരണക്കാരന് വേണ്ടി സാധാരണക്കാരൻ ഭരിക്കുന്ന ഒരു സംവിധാനം ഉറപ്പു വരുത്താൻ കഴിയും. ഓരോ ചെറു പ്രദേശത്തിന് ആവശ്യമായ അടിസ്ഥാന വികസനം അങ്ങനെ പൊതു പങ്കാളിത്തത്തോടെയും അവരുടെ മേൽനോട്ടത്തിലും നടപ്പിൽ വരുത്താൻ കഴിയും. അങ്ങനെ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം ഇപ്പോഴുള്ളതിന്റെ പകുതി മതി എന്ന സ്ഥിതി സംജാതമാകും. ഇപ്പോഴുള്ള ഭരണ സംവിധാനങ്ങൾ ഗ്രാമസ്വരാജ് എന്ന സങ്കല്പം ഇന്ത്യയിലെ വികസനമേഖലയിൽ നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാൻ ഒരു വഴിയും കാണുന്നില്ല.

ഓരോ വികസനപദ്ധതികളും  സര്‍ക്കാര്‍  നടപ്പിലാക്കുന്നത് മുഴുവനായും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല.  റോഡും പാലവുമടക്കം സകല പദ്ധതികളും ഇന്ന് ''ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍'' അടിസ്ഥാനത്തിലാണ് പൊതുവെ നിര്‍മ്മിക്കപ്പെടുന്നത്. ബി.ഒ.ടി. പദ്ധതി എന്നാണു ഇതിന്റെ ഓമനപ്പേര്. വന്‍ മുതല്‍ മുടക്കുള്ള പദ്ധതികൾ സര്‍ക്കാര്‍, വമ്പൻ ബി.ഒ.ടി. ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനികളെ ഏൽപ്പിക്കുന്നു. നിര്‍മ്മാണത്തിനു ശേഷം മുടക്കു മുതല്‍ ടോൾ പിരിവിലൂടെ തിരിച്ചു പിടിക്കാൻ ബി.ഒ.ടി. കമ്പനികളെ അധികാരപ്പെടുത്തുന്നു. പദ്ധതി കമ്മീഷൻ ചെയ്യുന്ന അന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നു. ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളോ പാലങ്ങളോ മറ്റു പദ്ധതികളോ ടോള്‍ പിരിവ് അവസാനിപ്പിച്ച് പൊതു ഉടമസ്ഥതിയിലേക്ക് കൈമാറ്റം ചെയ്ത സംഭവങ്ങൾ വിരളമാണ്. ചില സഹസ്ര കോടി പദ്ധതികളിൽ ജനം
ജീവിതകാലം മുഴുവന്‍ ടോള്‍ കൊടുക്കേണ്ടി വരുമെന്നാണ് കേൾക്കുന്നത്. ബി.ഒ.ടി. കമ്പനികള്‍ ഓരോ വര്‍ഷവും ടോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാല്‍ ബി.ഒ.ടി സംവിധാനം വ്യാപകമാകുന്നതോടെ എവിടെ തിരിഞ്ഞാലും ടോള്‍ കൊടുക്കണം എന്ന അവസ്ഥ സംജാതമാകാനിടയുണ്ട്. അതല്ലെങ്കിൽ പി.പി.പി. (പബ്ലിക്ക്  പ്രൈവറ്റ് പാർട്ണർഷിപ്പ്) മാതൃകയിൽ ആണ് വൻ പദ്ധതികൾ കൊണ്ട് വരാറ്. ഇവിടെയും നിസ്സഹായരായ പൊതു ജനമാണ് ഇരയായി തീരാറുള്ളത്. നവ വികസനത്തിന്റെ അപ്പസ്തോലന്മാരായി നിന്ന് കയ്യടി വാങ്ങുന്ന നേതാക്കന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കിട്ടേണ്ട വിഹിതം BOT കമ്പനികളിൽ നിന്ന് കൃത്യമായി കിട്ടുന്നുണ്ടെന്നാണ് കിഴക്കൻ കാറ്റ് പറയുന്നത്. നവ ഹൈ ടെക്ക് വികസനത്തിന്റെ കുഴലൂത്തുകാരായ സര്‍ക്കാരും ടെക്‌നോക്രാറ്റുകളും മാധ്യമങ്ങളും ചേർന്ന്, ഇതിനെയൊക്കെ അനുകൂലിക്കാത്തവരെ വികസനം മുടക്കുന്ന മൂരാച്ചികളായിചിത്രീകരിക്കുമ്പോൾത്തന്നെ  ഇതിനെയെല്ലാം അനുകൂലിക്കുന്നവരെ മിടുക്കന്മാരായി വാഴ്ത്തുന്നു. 

ഭൂരിഭാഗം വരുന്ന ജനതയ്ക്ക് അപ്പിയിടാൻ കക്കൂസില്ലാത്ത ഈ നാട്ടിൽ, ഏഴു ദിവസവും തികച്ചു കുടിവെള്ളം കിട്ടാത്ത ഈ നാട്ടിൽ, വീട്ടിൽ നിന്നിറങ്ങിയാൽ ഒന്ന് പെടുക്കണമെങ്കിൽ മരത്തിന്റെ മറവ് തേടേണ്ട ഈ നാട്ടിൽ, എന്തിന്, സ്വന്തം പൗരന്മാരുടെ കൃത്യമായ എണ്ണം പോലും ഭരണകൂടത്തിന് നിശ്ചയമില്ലാത്ത ഈ നാട്ടിൽ, മുഴുവൻ പൗരന്മാർക്ക് തിരിച്ചറിയൽ രേഖ പോലുമില്ലാത്ത ഈ നാട്ടിൽ, സഹസ്ര കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോൾ രോമാഞ്ചമുണ്ടാവുന്ന ഭരണാധികാരികളും പൗരന്മാരും ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തലയ്ക്കു ഓളം വെട്ടുള്ളവരുടെ എണ്ണം കൂടുന്നു എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം.

ഏതൊരു നവ വികസന പദ്ധതിയെയും പരിസ്ഥിതി വിരുദ്ധം, ജനവിരുദ്ധം എന്നൊക്കെ പറഞ്ഞ് എതിര്‍ത്തിരുന്ന ഇടതുപക്ഷം പോലും ഇപ്പോൾ ഇത്തരം പദ്ധതികളുടെ വക്താക്കൾ ആയിക്കൊണ്ടിരിക്കുന്നു എന്നത് സാധാരണക്കാരായ ജനങ്ങളെ ഒരു അരക്ഷിത മാനസികാവസ്ഥയിലേക്കെത്തിച്ചിട്ടുണ്ട്. 

ഇത്തരം പ്രശ്നങ്ങളെല്ലാം വളരെ സജീവമായി ചർച്ച ചെയ്തിരുന്ന വിപുലമായ സാംസ്കാരിക സമൂഹവും ഇന്നേതാണ്ട് നിശബ്ദമായിരിക്കുന്നു. വികസനത്തിന് ഒരു വിധത്തിലുള്ള മാനുഷിക മുഖവും വേണ്ട എന്ന് തീരുമാനിച്ച് ക്രൂരമായ നീതി നിരാസത്തിലൂടെയാണ്  നമ്മുടെ കൊച്ചു കേരളം പോലും അതിവേഗം നീങ്ങുന്നത്. ഏതൊരു വികസത്തെ മുന്നോട്ടു വയ്ക്കുമ്പോഴും ഒരു വികസന വിരുദ്ധ ന്യൂനപക്ഷം പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന ആക്രോശങ്ങൾക്ക് ശക്തി കൂടി വരുന്നു. ആ പദ്ധതി കൊണ്ട് പിറന്ന മണ്ണിൽ നിന്ന് വേര് പിഴുതെറിയപ്പെടുന്ന ഇരകളും ചുരുക്കം ചില സത്യാന്വേഷികളും പരിസ്ഥിതി വാദികളും മാത്രമാണീ വികസന വിരുദ്ധ ന്യൂനപക്ഷം. 




വികസനം വികസനം എന്ന് ആക്രോശിക്കാന്‍ വളരെ എളുപ്പമാണ്. അതിനു വേണ്ടി കൂടും കുടിയും ഒഴിഞ്ഞു വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും നഷ്ടപ്പെടുന്നത് എന്റെ തറവാടിന്റെ അസ്ഥിവാരവും അല്ലെങ്കില്‍.... മുൻകാലങ്ങളിൽ, മൂലമ്പള്ളിയിലും അത് പോലെ മറ്റു പദ്ധതി പ്രദേശങ്ങളിലും, കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും  ജനങ്ങള്‍ മറന്നിട്ടില്ല. സിംഗൂരിലും നന്ദിഗ്രാമിലും കൂടംകുളത്തും അങ്ങനെ എണ്ണപ്പെട്ടതും പെടാത്തതുമായ കുടിയൊഴിപ്പിക്കലുകളിൽ നടന്ന മനുഷ്യത്വ രാഹിത്യങ്ങളൊന്നും അതിന്റെ ഇരകളും മനസ്സാക്ഷിയുള്ള പൊതുസമൂഹവും ഇപ്പോഴും മറന്നിട്ടില്ല.


ജനതയുടെ ബഹു ഭൂരിപക്ഷത്തിനും ഉപയോഗപ്പെടുന്ന വികസനം അത്യാവശ്യമാണ്? അത് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളില്‍ നിന്ന് തുടങ്ങണം. 
ഒരു ദേശത്ത് ജീവിക്കുന്ന എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടത്തിനു സാധിക്കുന്നിടത്താണ് വികസനത്തിനു ആത്മാവ് ഉണ്ടാവുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാധാരണക്കാരന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ എത്ര വലിയ വ്യവസായശാലകള്‍ വന്നാലും വ്യാപാര സമുച്ചയങ്ങൾ കൊണ്ട് വന്നാലും യഥാർത്ഥ വികസനം യാഥാര്‍ത്ഥ്യമാകില്ല. താഴേത്തട്ട് മുതൽ നടപ്പാക്കേണ്ട ഒഴിവാക്കാനാവാത്ത അടിസ്ഥാന ആവശ്യങ്ങളെ ചിട്ടയായ പഠനങ്ങളിലൂടെ കണ്ടെത്തി അത് നടപ്പാക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കു വേണം. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും നമ്മൾ നേടിയെടുക്കെണ്ടതുണ്ട്. 

ഇതിനെല്ലാം പുറമെ കണ്ടു വരുന്ന പുതിയ വേഷം കെട്ടലാണ് പ്രതിമ നിർമ്മാണം. 3000-ത്തോളം കോടി രൂപ ചിലവാക്കി ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സ്ഥാപിക്കപ്പെട്ട 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വെങ്കലപ്രതിമയുടെയും അനുബന്ധ സ്മാരകത്തിന്റെയും പദ്ധതി ഇന്നലെ "രാജ്യത്തിന് സമർപ്പിക്കപ്പെട്ടതേയുള്ളൂ"!!!. പദ്ധതി പ്രതികൂലമായി ബാധിച്ച 75000-ത്തോളം കര്‍ഷകരുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിമ നിർമ്മാണം പുരോഗമിച്ചത്. പദ്ധതിക്കായി ആയിരക്കണക്കിന് ഏക്കറുകൾ ഏറ്റെടുത്തപ്പോൾ 72 ഗ്രാമങ്ങളെയാണ് അതിന്റെ ആഘാതം ഏൽപ്പിച്ചത്. അതി രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങൾക്കാണ്. അതിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസപ്രവർത്തനം വേണ്ട വിധത്തിൽ നടന്നിട്ടില്ല എന്ന ആരോപണമുണ്ട്.  3600 കോടി ചെലവിട്ടാണ് മഹാരാഷ്ട്രയിൽ മുംബൈ മറൈൻ ഡ്രൈവിൽ നിന്ന്​ ഒന്നരകിലോമറ്റീര്‍ അകലെ​ അറബിക്കടലിൽ ഛത്രപതി ശിവജി സ്മാരകപ്രതിമ സ്ഥാപിക്കാൻ പോകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 15 ഹെക്​ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ്​  210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുന്നത്. ലോകത്തിപ്പോൾ നിലവിലുള്ള ഭീമാകാര പ്രതിമകളുടെ പല മടങ്ങ് വലിപ്പമുള്ള പ്രതിമകളാണ് ഇപ്പോൾ പറഞ്ഞതെല്ലാം. 

ഇപ്പറഞ്ഞതൊക്കെ വിട്ടേക്ക്..... ഈ നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഏകദേശ എണ്ണം പോലും അഞ്ച് പൂജ്യത്തിന് റൌണ്ട് ചെയ്ത് പറയാൻ നമ്മുടെ ഭരണകൂടത്തിന് കഴിയുമോ എന്ന കാര്യം ഒരു സംശയമാണ്. ചേരികളിലും കടത്തിണ്ണകളിലും അന്തിയുറങ്ങി ജീവിക്കുന്ന "ഹിന്ദുസ്ഥാനി" ഏതു കാനേഷുമാരി കണക്കിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഭാരത്തിലെ മൊത്തം പൗരന്മാരുടെ എണ്ണം ഒരു +/- 100000 error factor ഇട്ട് എങ്കിലും പറയാൻ ഇവിടത്തെ ഭരണാധികാരികൾക്ക് കഴിയുമോ.... ഇല്ല.... സഹസ്രകോടികൾ ചിലവഴിച്ചിട്ട് എല്ലാ പൗരന്മാർക്കും ആധാർ കാർഡ് കൊടുക്കാൻ പറ്റിയോ....ഇല്ല ഇല്ല.....അതൊക്കെ വിട്ടോ....ഈ നാട്ടിലെ so called പൗരന്മാർക്ക് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എങ്കിലും ഉറപ്പ് വരുത്താൻ പറ്റിയിട്ടുണ്ടോ...ഇല്ലേയില്ല !!??? ഇവിടത്തെ മനുഷ്യജീവികൾക്കെല്ലാം ഒരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഐ ഡി കാർഡോ മേൽവിലാസമോ ഉറപ്പാക്കിയിട്ട് പോരെ സാർ സഹസ്രകോടികൾ ചിലവഴിച്ചുള്ള ബൃഹത്പദ്ധതികൾ. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിട്ട് അതിൽ അഭിരമിക്കുന്ന ഈ വൃത്തികേട് ആരെ എന്ത് ബോധ്യപ്പെടുത്താനാണ്‌ സാർ.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവർക്ക് ലഭിക്കേണ്ട അടിസ്ഥാന ജീവിത സൗകര്യങ്ങളെ അവഗണിച്ചു കൊണ്ടും നിഷേധിച്ചു കൊണ്ടും ഇല്ലായ്മ ചെയ്തു കൊണ്ടും, ഒരു ക്ഷേമരാഷ്ട്രത്തിൽ ഏറ്റവും അവസാനം മാത്രം നടപ്പിലാക്കേണ്ട നവ ഹൈടെക്ക് വികസന പദ്ധതികളും ഭീമാകാര പ്രതിമകൾ പോലുള്ള കേവല പ്രദർശന പരമായ കപടസമ്പദ് നാട്യങ്ങളും ആദ്യമേ ഇറക്കുമതി ചെയ്യാന്‍ തുനിയുമ്പോൾ അത് അടിവസ്ത്രമില്ലാതെ മേല്‍ വസ്ത്രം ധരിച്ച പോലെ അശ്ളീലം ആയിരിക്കും.


അത് കൊണ്ട്, ഭരിക്കുന്നവർ ഒരു കാര്യം ഓർക്കണം......

കോണകമുടുക്കാതെ പാളത്താറുടുക്കാൻ നിങ്ങൾ ഈ ദരിദ്ര ജനതയെ നിർബന്ധിക്കുന്നത്..... 

അടുത്തിടെ കേട്ട നവ ഹൈടെക് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ താഴെ കൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യുക....


കേരളത്തിന്‌ താങ്ങാനാകുമോ ഒരു അതി വേഗ റെയില്‍ പാത (HIGH SPEED RAIL CORRIDOR - HSRC) ?


ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയായിരുന്നു ?


കോരൻ ഒരു വികസന നായകൻ ആയ കഥ................



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments:

  1. ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു .
    ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു വാങ്ങി കുത്തകകളുടെ കയ്യിൽ എത്തിച്ചു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ജാലവിദ്യയായി മാറിയിരിക്കുന്നു പുതിയ കാലത്തിന്റെ വികസന പദ്ധതികൾ.



    പച്ചപ്പരമാർത്ഥo.

    ReplyDelete