കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞു. കേരള രാഷ്ട്രീയം കണ്ട നേതാക്കളിൽ പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനായിരിക്കും. ഒരു നൂറ്റാണ്ടിന് മുകളിൽ ജീവിച്ച വി എസിന്റെ ജീവിതം സമൂഹത്തിന് ആശയും ആവേശവും നൽകിയ എണ്ണമറ്റ സമരങ്ങളുടേതായിരുന്നു. 'സമരം തന്നെ ജീവിതം' എന്നാണ് വി. എസിന്റെ ആത്മകഥയുടെ പേര്. അതിലുമേറെ സത്യസന്ധമായ മറ്റേതൊരു പേരാണ് അതിന് ചേരുക !?? കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച കമ്യൂണിസ്റ്റ് അനുഭാവികളുടെ മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തില്‍ മാത്രം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ക്കശ്യത്തിന്റെ കരിമ്പാറയെ പഞ്ഞി പോലാക്കിയ നേതാവായിരുന്നു വി. എസ്സ്.
ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബർ 20- ണ് ആരാധകരുടെ വി എസ് ജനിച്ചത്. സ്‌കൂളിൽ ഒപ്പം പഠിക്കുന്ന ജാതി വെറി പൂണ്ട സവർണ്ണക്കുട്ടികൾ വി എസിനെ ഉപദ്രവിക്കുമായിരുന്നു. വീട്ടിൽ വന്ന് ഇതിനെപ്പറ്റി പരാതി പറഞ്ഞ അച്യുതാനന്ദന് അച്ഛൻ അയ്യൻ ശങ്കരൻ അരയിൽ പിടിയരഞ്ഞാണം കെട്ടിക്കൊടുത്തിട്ട് പറഞ്ഞു, ഇനി ഉപദ്രവിക്കുന്നവരെ ഇതിന്റെ ബലത്തിൽ ചെറുത്ത് നിൽക്കണം. ആ ആത്മവിശ്വാസത്തിൽ തുടങ്ങിയ ചെറുത്തു നിൽപ്പാവണം വി എസിലെ പോരാളിയെയും നിഷേധിയെയും രൂപപ്പെടുത്തിയത്. ബാല്യത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വി എസ് സഹോദരിയുടെ സംരക്ഷണയിൽ ആയിരുന്നു പിന്നീട് ജീവിച്ചത്. അച്ഛന്‍റെയും അമ്മയുടേയും മരണത്തോടെയാണ് വി എസ്സിനെ ഒരു നിരീശ്വരവാദിയായതെന്ന് പറയപ്പെടുന്നു. ആ കാലഘട്ടത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചേട്ടന്റെ തയ്യൽക്കടയിൽ തുന്നൽപ്പണികൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് കയർ തൊഴിലാളി ആയി മാറുന്നത്. തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടും അനുഭവിച്ചും അദ്ദേഹം മനസിലാക്കുന്നത് ആ കാലത്താണ്.
നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വി എസ് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. കയർ തൊഴിലാളി യൂണിയനിൽ പ്രവർത്തകനായിരിക്കുമ്പോഴാണ് സഖാക്കളുടെ സഖാവായിരുന്ന പി.കൃഷ്ണപിള്ള വി എസിലെ കനൽ തിരിച്ചറിയുന്നത്. കൃഷ്ണപിള്ളയാണ് വി എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു വി എസിൽ വന്നു ചേർന്ന ആദ്യ പാർട്ടി ദൗത്യം. പതിനേഴാം വയസിൽ പാർട്ടി അംഗമായി.
1946 -ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ, കേരളത്തിലെ തൊഴിലാളി വർഗ പോരാട്ടത്തിന്റെ ഇന്നും ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു ആ സായുധ പ്രക്ഷോഭം. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി എസ്സ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്സ്. സമരത്തിന് നേരെ ഉണ്ടായ പട്ടാള വെടി വെപ്പിനെത്തുടർന്ന് ഒളിവില്‍ കഴിയേണ്ടിവന്നു വി എസ്സിന്. പിന്നീട് അറസ്റ്റിലായ വി എസ്സ് അനുഭവിച്ച കൊടിയ പൊലീസ് മർദനങ്ങൾക്ക് കണക്കില്ല. പാര്‍ട്ടി പരിപാടികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു മർദ്ദനം. വി എസിൽ നിന്നൊരു വിവരവും പൊലീസിന് കിട്ടിയില്ല എന്ന് മാത്രമല്ല ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കേണ്ട ഗതികേടിലായി പൊലീസ്.
പിന്നീടിങ്ങോട്ട് സമരം തന്നെ ജീവിതമായി. നിരവധി സമര മുഖങ്ങളിൽ അദ്ദേഹം ഹൈ വോൾട്ടേജ് താരമായി മാറി. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാർലർ സ്ത്രീ പീഡനം, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഏറെക്കുറെ ഒറ്റക്കായിരുന്നു വി എസ് പോരാടിയത്. സൂര്യനെല്ലി കൂട്ട ബലാല്സംഗക്കേസിലെ ഇരക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിലകൊണ്ടു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ അനുഭാവപൂർവ്വം ചേർത്തു പിടിച്ചു. എൻഡോസൾഫാൻ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മതികെട്ടാനിലെ ഭൂമി കൈയേറ്റം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങി എണ്ണിത്തീർക്കാനാവാത്തത്ര ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിറ്റുന്നതിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത ജനസമ്മതി നേടിക്കൊടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഉള്ളതിനേക്കാൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ജനസ്വീകാര്യത വി എസിനെ കേരളം രാഷ്ട്രീയത്തിലെ ഹെവി വെയ്റ്റ് നേതാവാക്കി. ഒരു പക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവർ കണ്ടതിൽ വച്ച് ഏറ്റവും കർക്കശ്യക്കാരനും അതേ സമയം ജനസമ്മതനുമായ രാഷ്‌ടീയ നേതാവ് വി എസ് ആയിരിക്കണം.
പാർട്ടിക്കകത്തും തികഞ്ഞ പോരാളിയായിരുന്നു വി എസ്. പാർട്ടിക്കകത്ത് വിഭാഗീയത ഉണ്ടെന്ന് ഒരു പാർട്ടിക്കാരനും ഉറച്ച് സമ്മതിച്ചു തരില്ലെങ്കിലും പൊതുജനം കണ്ടു മനസിലാക്കിയ വിഭാഗീയതയിൽ, ഒരു ഭാഗത്ത് എന്നും വി. എസ്. ഉണ്ടായിരുന്നു. വിഭാഗീയത എന്ന് മാധ്യമങ്ങളും പൊതുജനവും പറഞ്ഞ നിലപാടുകളെ വി എസ് വിളിച്ചത് പാർട്ടിക്കകത്തെ ആശയ സമരം എന്നായിരുന്നു. പാര്‍ട്ടിക്ക് പിഴക്കുന്നു എന്ന തോന്നലുണ്ടായപ്പോഴെല്ലാം തന്റെ പാര്‍ട്ടി ഇങ്ങനെയല്ലെന്ന് പറയാതെ പറയുന്ന അസ്സൽ കമ്മ്യൂണിസ്റ്റായിരുന്നു അച്യുതാനന്ദന്‍. നിലപാടുകളിലെ വിട്ടു വീഴ്ചയില്ലായ്മ തന്നെയായിരുന്നു പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചത്. ഒരു ഘട്ടത്തിൽ E. K. നായനാർ ആയിരുന്നു പ്രധാന എതിരാളി എങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് പിണറായി വിജയൻ കടന്നു വന്നു. നായനാർ എതിരാളി ആയിരുന്ന കാലത്ത് പിണറായി വി എസിനൊപ്പമായിരുന്നു ഏറെ കൗതുകമുണർത്തുന്ന കാര്യമാണ്.
പാർലിമെന്ററി രാഷ്ട്രീയത്തിൽ ജയവും പരാജയവും പലവട്ടം വി എസിന്റെ വഴിയേ വന്നു. നിരവധി തവണ എം. എൽ.ഏ. ആയി തിരഞ്ഞെടുക്കപ്പെട്ട വി എസ്, പല വട്ടം തോൽവിയെയും മുഖാമുഖം കണ്ടു. രണ്ട് പ്രാവശ്യം പ്രതിപക്ഷനേതാവായപ്പോൾ ഒരേയൊരു പ്രാവശ്യം മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിന് സാധിച്ചു. കേരള നിയമസഭകളിലേക്ക് പൊതു തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പാർട്ടി ജയിക്കുമ്പോൾ വി. എസ്. തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന കൗതുകകരമായ വൈരുദ്ധ്യത്തിനും കേരളം സാക്ഷ്യം വഹിച്ചു. എന്നാൽ ആ തോൽവി സ്വന്തം പാർട്ടിയിലെ ചിലർ ചേർന്ന് ഉണ്ടാക്കിയതാണ് എന്ന തിരിച്ചറിവ് വന്നതോടെ ഇടത് പക്ഷത്തിനു പുറത്തുള്ള ആളുകളുടെയടക്കം ശക്തമായ പിന്തുണ അദ്ദേഹത്തിന് കിട്ടിത്തുടങ്ങി. 2006 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയത കാരണം വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഒടുക്കം, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. എൺപത്തി മൂന്നാം വയസിലാണ് കേരള മുഖ്യമന്ത്രി പദം അദ്ദേഹത്തെ തേടി വന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു തവണ പോലും മന്ത്രിയായിരുന്നിട്ടില്ല എന്നതും ഒരു കൗതുകമാണ്.
2006-ൽ വി.എസിന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ഒരു ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പറഞ്ഞ ഒരു അഭിപ്രായമുണ്ട്; "വി.എസ്. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമാണ്, അതു കൊണ്ടു തന്നെ അതിനെ നിശ്ശബ്ദമാക്കാനാവില്ല"; ഇതായിരുന്നു ആ അഭിപ്രായം. അതെ; അധികാര കസേരയിലിക്കുന്നവർ അവർക്കു തോന്നുമ്പോൾ മാത്രം ജനങ്ങളോട് സംസാരിക്കും; അപ്പോൾ മാത്രം കേൾക്കാൻ അവകാശപ്പെട്ടവരാണ് അവർ എന്ന മനോഭാവത്തിൽ അഭിരമിക്കുന്ന നേതാക്കൾക്ക് ഒരു അപവാദമായിരുന്നു വി എസ്. മിക്കവാറും നീട്ടിയും കുറുക്കിയും വക്രീകരിച്ചും വാക്കുകളും വാചകങ്ങളും ഒരു അർധോക്തിയിൽ നിർത്തി, സത്യങ്ങൾ വിളിച്ചു പറയാനും വിവാദങ്ങളായ പ്രസ്താവന നടത്താനും ധൈര്യം കാണിച്ച നേതാക്കളിൽ വി.എസിനോളം പോന്ന മറ്റൊരാളില്ല എന്ന് തന്നെ പറയാം. മിക്കപ്പോഴും മന്ത്രിസഭായോഗത്തിനുശേഷം സെക്രട്ടേറിയേറ്റിൽ തന്നെ നടത്താറുള്ള വാർത്താസമ്മേളനങ്ങൾ വി എസിന്റെ നിലപാട് തറയായി മാറുന്നത് എത്ര പ്രാവശ്യം കേരളം കണ്ടു എന്നതിന് കണക്കൊന്നുമില്ല. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച ശേഷം പത്ര സമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ മിക്കവാറും പ്രകോപനപരമായ ഒരു കൊസറ കൊള്ളി ചോദ്യം ചോദിക്കുന്നത്. സീറ്റിൽ നിന്നെഴുന്നേറ്റ് നടന്നു കൊണ്ടു തന്നെ ആ ചോദ്യം ശ്രദ്ധിക്കുന്ന അദ്ദേഹം കാതുകൂർപ്പിക്കും വേദിയിൽ നിന്നിറങ്ങി കസേരയിൽ രണ്ടു കൈയും ഊന്നിക്കൊണ്ട് അല്ലെങ്കിൽ ഹാളിന്റെ മൂലയിൽ നിന്ന് കൊണ്ട് പറയുന്ന മറുപടി മിക്കവാറും ഒരു രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമായിരിക്കും. ‘മാധ്യമ സിൻഡിക്കേറ്റ് എന്നുപറയുന്നവർതന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു’ എന്ന പ്രസ്താവന, റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിനെ നെ ‘വെറുക്കപ്പെട്ടവൻ’ എന്ന് വിളിച്ചത്, മൂന്നാറിലെ പാർട്ടി ഓഫീസ് പൊളിക്കലുമായി ബന്ധപ്പെട്ട് സി പി ഐയുമായി ഇടഞ്ഞപ്പോൾ പന്ന്യൻ രവീന്ദ്രനെപ്പറ്റി പറഞ്ഞ 'തലയ്ക്കുപിന്നിൽ താടിയുള്ള ഒരാൾ’ എന്ന പരാമർശം ഒക്കെ ഇതിനുദാഹരങ്ങൾ ആണ്.
1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സമിതി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് കമ്യൂണിസ്റ്റ് മാർക്സിറ്റ് പാർട്ടി (സി പി ഐ എം) ന് രൂപം കൊടുത്ത 32 പേരിൽ ജീവിച്ചിരുന്ന അവസാനത്തെ ആൾ വി.എസ് ആയിരുന്നു. ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നപ്പോഴും സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന് എതിരാളികൾക്കും ശത്രുക്കൾക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അറുപതുകളിലെ നക്‌സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നേരിട്ട ഏറ്റവും വലിയ അഭ്യന്തര പ്രശ്‌നമായിരുന്നു 1980-ലെ ബദല്‍രേഖാ വിവാദം. പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടുകൾക്ക് വിരുദ്ധമായി കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമാകാമെന്നുമായിരുന്നു ബദല്‍ രേഖയുടെ സാരാംശം. എന്ന ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരു വിധ സഖ്യവും പാടില്ലെന്ന പാർട്ടി പരിപാടിയിൽ വെള്ളം ചേർക്കാൻ വി എസ് സമ്മതിച്ചില്ല. എം.വി രാഘവന്‍ ഉള്‍പ്പെടെയുളള ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി വീണ്ടും പിളരുമെന്ന സാധ്യത പോലും ഉയർന്നു വന്നു. ഇ.കെ നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ അതിനെതിരെ പാറ പോലെ ഉറച്ചു നിന്നു. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. അന്ന് പാർട്ടിയെ പിളര്‍പ്പില്‍ നിന്ന് രക്ഷപ്പെടുത്തിയവന്‍ എന്ന വീര പരിവേഷവും വലിയ അംഗീകാരവും വി എസിന് ലഭിച്ചു. പാര്‍ട്ടിയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുയും നടപടി വരുമ്പോള്‍ ഒന്നും മിണ്ടാതെ സ്വീകരിക്കുന്നതും പാര്‍ട്ടി പാര്‍ട്ടി തന്റേതാണെന്ന വി.എസിന്റെ ഉറച്ച വിശ്വാസത്തിന്മേലായിരുന്നു. അത് കൊണ്ട് തന്നെ പല കാലങ്ങളിലായി പാർട്ടി നടപടികൾക്ക് വി എസ് വിധേയനായിക്കൊണ്ടേയിരുന്നു. ഒരു പക്ഷെ സി.പി.എമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി നടപടിയേറ്റ നേതാക്കന്‍മാരില്‍ ഒരാളായിരിക്കണം വി.എസ്.
ഒരർത്ഥത്തിൽ അവസാനിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു വി എസ്. സാർവ്വലൗകികതയുടെയും മാനവികതയുടെയും കൊടി ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ്. അയാൾ കലാപകാരിയാണ്. എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണ്. അയാൾ അയാളുടെ വഴിയിലൂടെ നടക്കുന്നു. കൂടെ എത്ര പേരുണ്ടെന്നത് അയാൾക്കൊരു വിഷയമേയല്ല. അത് കൊണ്ട് തന്നെ ആധുനിക കാലത്ത് അയാൾക്ക് അധികം പിൻഗാമികൾ ഉണ്ടാവണമെന്നില്ല. പിണറായി 2.0 മന്ത്രിസഭയിൽ നോക്കിയാൽ ഇപ്പോൾ പിണറായിഅല്ലാത്ത എല്ലാവരും പുതുമുഖങ്ങളാണ്. അതിൽ ഒരാൾ പോലും വി എസ് അനുയായികൾ അല്ല. പാർട്ടി നേതൃത്വത്തിലും സ്ഥിതി വിഭിന്നമല്ല. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും എതിർക്കപ്പെടേണ്ടതിനോട് അനുരഞ്ജനപ്പെട്ടുമൊക്കെ മുന്നേറുന്നവർക്ക് വി.എസിന്റെ പിന്തുടർച്ചക്കാർ ആവാൻ പറ്റില്ല.
ഒരു നൂറ്റാണ്ടിനടുത്ത് രാഷ്ട്രീയ കേരളത്തെ പ്രചോദിപ്പിച്ച പോരാട്ടവീര്യവും സമരസാന്നിധ്യവുമായിരുന്നു ഒരു പച്ച മനുഷ്യനാണ് ഇന്നില്ലാതായിരിക്കുന്നത്. പ്രായത്തിന്റെ അനിവാര്യമായ മുന്നോട്ട് പോക്കിന് മുമ്പില്‍ മാത്രം പോരാട്ടങ്ങളെ മാറ്റി വെക്കേണ്ടി വന്ന വി.എസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുമ്പോളും മറക്കാനാവില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള ആ തിരുത്തല്‍ ശക്തിയെ, സമര പോരാട്ട മുഖങ്ങളിലെ വി.എസ് എന്ന യുവാവിനെ. തൊഴിലാളിക്കും മനുഷ്യനും മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോര്‍മകള്‍ക്ക് നൂറ് ചുവപ്പൻ അന്ത്യാഭിവാദ്യങ്ങൾ.

