ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി, രാമനാരായണൻ ഭയ്യാർ, വളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച വാർത്ത വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു മനോവേദന എന്നെ ഗ്രസിച്ചിരുന്നു. പിന്നീടാണ് അക്രമികൾ അയാളെ മർദ്ദിക്കുന്ന ചില ദൃശ്യശകലങ്ങൾ എന്റെ ഫീഡിലേക്ക് തള്ളിക്കയറി വന്നത്. അതിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ ശാരീരിക പീഡനമായിരുന്നു റാംനാരായണിനേറ്റതെന്ന് അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദ്ദനവുമാണ് അരങ്ങേറിയതെന്ന് പോലീസും പറയുന്നു. ഇപ്പോൾ സംഭവത്തിലെ പ്രതികളെന്ന് പറയപ്പെടുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ കണ്ടത് കൊണ്ടാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചതെന്ന് പറയപ്പെടുന്നു. ജോലിക്കായി ഏതാനും ദിവസം മുൻപ് മാത്രമാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലിയോട് പൊരുത്തപ്പെടാനാകാതെ നാട്ടിലേക്ക് തിരികെപ്പോകാനുള്ള പരിപാടിയിലായിരുന്നു ഇയാൾ. കേവലം 31 വയസ് മാത്രം പ്രായമുള്ള കുടുംബസ്ഥനായ ഇയാൾക്ക് എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്ന് അറിയാൻ കഴിയുന്നു. മദ്യലഹരിയിൽ ആയത് കൊണ്ടോ സ്ഥലം നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരിക്കണം സംഭവം നടന്ന സ്ഥലത്ത് ഇയാൾ എത്തിപ്പെട്ടത്. എന്ത് തന്നെയായാലും "ദൈവത്തിന്റെ സ്വന്തം നാടെ"ന്ന് കേട്ട് അവിടെ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയ ഒരു മനുഷ്യനെ ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ചെയ്ത് ഉയിരെടുത്ത് വിട്ടപ്പോൾ എല്ലാ അവന്മാർക്കും സമാധാനമായി.
ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളിൽ ചിലർ ബിജെപി പ്രവർത്തകർ ആണെന്നും "നീ ബംഗ്ലാദേശുകാരനാണോ?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ ഈ സംഭവത്തെ കടുത്ത വംശീയവെറിയുടെയും തീവ്ര ദേശീയവാദത്തിന്റെയുമൊക്കെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്ന വിധത്തിലുള്ള ആഖ്യാനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭവത്തിൽ ഉറപ്പായും കണ്ടെത്താനാകുന്ന മറ്റൊരു വസ്തുത ഉണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. ഇതര സംസ്ഥാന തൊഴിലാളികളോട് "പ്രബുദ്ധ മലയാളി"ക്ക് സ്നേഹമോ കരുണയോ അനുഭാവമോ പോലും ഇല്ല എന്നത് പോട്ടെ; അവരോട് പലപ്പോഴും അസഹിഷ്ണുതയോടും ശത്രുതാ മനോഭാവത്തോടും മുൻവിധിയോടുമൊക്കെ പെരുമാറുന്നവരാണ് തീരെ ചെറുതല്ലാത്ത വിഭാഗം മലയാളികൾ. ഇപ്പോഴത്തെ ഈ ക്രൂര സംഭവത്തിന് പിന്നിൽ ഈയൊരു മനോഭാവം ഉണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്.
കേരളത്തിന് ഇന്ന് ഒരു വിധത്തിലും ഒഴിവാക്കാനാവാത്ത ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ ചെയ്യുന്ന സേവനങ്ങൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്ന് എണ്ണമറ്റ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന അവർക്കെല്ലാം നമുക്കൊരു വിളിപ്പേരേ ഉള്ളൂ... ഭായ്. തനിക്കും കുടുംബത്തിനും അന്നം കണ്ടെത്തുന്നതിനും കിട്ടുന്നതിൽ നിന്ന് എന്തെങ്കിലുമൊക്കെ മിച്ചം പിടിച്ച് കുറച്ചൊക്കെ സ്വത്ത് സമ്പാദിക്കാനും വേണ്ടി അവർ ചെയ്യുന്ന അത്യധ്വാനം കൊണ്ടാണ് കേരളത്തിന്റെ മിക്കവാറും തൊഴിൽ മേഖലകൾ ചലിക്കുന്നത്. എന്നാൽ അവരെ നമ്മുടെ സമൂഹത്തിലേക്ക് ഉൾച്ചേർക്കാനോ അവരെ നമ്മുടെ സഹജീവിയായി കാണാനോ പ്രബുദ്ധ മലയാളിക്ക് പൊതുവെ വലിയ വിരക്തിയാണ്. അന്യ സംസ്ഥാന തൊഴിലാളി, അതിഥി തൊഴിലാളി എന്നൊക്കെയുള്ള പ്രയോഗങ്ങൾ പോലും അവരെ ഉൾച്ചേർക്കാനും സ്വീകരിക്കാനുമുള്ള മാനസിക ബുദ്ധിമുട്ടിൽ നിന്നുണ്ടാകുന്നതാണെന്നാണ് ആഭ്യന്തര കുടിയേറ്റ (Internal Migration) മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്. നമ്മുടെ പൊതു ഗതാഗത സംവിധനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും തെരുവുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഇവർ രണ്ടാം തരം പൗരന്മാരായി ഗണിക്കപ്പെടുന്നത് മേൽപ്പറഞ്ഞ പ്രശ്നം കൊണ്ട് തന്നെയാണ്. വിദ്യാഭ്യാസവും സാമ്പത്തികവും കുറവുള്ള ഇതര സംസ്ഥാനക്കാരോട് മാത്രമേ കേരളത്തിലുള്ളവർക്ക് അസ്പൃശ്യത ഉള്ളൂ എന്നതാണ് അതിവിചിത്രമായ കാര്യം. പാർലമെന്റിലേക്ക് മൃഗീയ ഭൂരിപക്ഷത്തിൽ ഇതര സംസ്ഥാനക്കാരെ ജയിപ്പിക്കാനും സർക്കാരുദ്യോഗത്തിന്റെ ഉയർന്ന സിംഹാസനങ്ങളിൽ വിഹരിക്കുന്ന ഇതര സംസ്ഥാനക്കാരെ ആദരിക്കാനും ബഹുമാനിക്കാനും നാം കാണിക്കുന്ന ഉത്സാഹം കണ്ടാൽ മൂക്കത്തു വിരൽ വച്ച് പോകും.
ഒരു വിധത്തിൽ പറഞ്ഞാൽ ആരാണ് പ്രവാസി അല്ലാത്തത് ? പാലക്കാടുള്ളവൻ കൊച്ചിയിൽ വന്നാൽ പ്രവാസിയാണെന്നേ. എറണാകുളത്തുള്ളവൻ തിരുവനന്തപുരത്തെത്തിയാലും അങ്ങനെ തന്നെ. എന്തിന് ഒരു ഗ്രാമത്തിലുള്ളവൻ മറ്റൊരു ഗ്രാമത്തിലെത്തുമ്പോൾപ്പോലും അവിടെ ഈ പ്രശ്നമുണ്ട്. പിന്നെ ഒരേ ഭാഷ സംസാരിക്കുന്നത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകാൻ പറ്റുന്നു എന്ന് മാത്രം. ഒരേ ഭാഷ പറയുന്ന മറ്റൊരു നാട്ടിൽ ചെന്ന് അബദ്ധത്തിലെങ്ങാനും ഒരു കുഴപ്പത്തിൽ ചാടി നോക്കണം; അപ്പോൾ കാണാം "വരത്തൻ ഇരുത്തൻ തിയറി"കളിൽ ബലം വച്ച് നീളുന്ന വരുന്ന കൊമ്പുകളും പല്ലുകളും നഖങ്ങളുമൊക്കെ.
പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഒരു കാലത്ത് മണി ഓർഡർ ഇക്കോണമി എന്ന് വിളിക്കപ്പെട്ടിരുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. ഏതെങ്കിലും വിധത്തിൽ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ എത്തിപ്പെട്ട് എന്തെങ്കിലും ഒരു ജോലി ഒക്കെ കണ്ടു പിടിച്ച് നല്ലത് പോലെ അദ്ധ്വാനിച്ച് കിട്ടുന്നത് കൊണ്ട് അന്തസ്സായി കുടുംബം പുലർത്തുകയും സ്വത്ത് സമ്പാദിക്കുകയും ഒക്കെ ചെയ്ത മലയാളിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറ ആയപ്പോഴേക്കും എല്ലിന്റെ ഇടയിൽ കുത്താൻ തുടങ്ങി. അവനിപ്പോൾ വേറെ ഭാഷ സംസാരിക്കുന്ന നമ്മുടെ തന്നെ നാട്ടുകാരനെ കാണുമ്പോൾ തല്ലാനും കൊല്ലാനും കൈ തരിക്കുന്നു. ഇവിടെ സ്ഥിരമായി ജീവിക്കുന്നവർക്ക് മാത്രമല്ല, ഇവിടെ നിന്ന് വിദേശങ്ങളിൽ പോയി "സെറ്റിൽ" ചെയ്ത ചിലർക്ക് പോലുമുണ്ട് നാട് വിട്ട് പണിയെടുത്ത് തിന്നുന്നവനോട് പുച്ഛവും വെറുപ്പും ശത്രുതയും.... !!!
എനിക്കും ഇപ്പോൾ പുച്ഛവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്... നമ്മളെങ്ങനെ നമ്മളായെന്ന് പോലും ഓർക്കാത്ത മലയാളിയെ കുറിച്ചോർക്കുമ്പോൾ...
പ്രിയ റാംനാരായൺ മാപ്പ്.... അയാളുടെ ആത്മാവ് പൊറുത്താലും എട്ടും പത്തും വയസ്സ് മാത്രമുള്ള ആ കുഞ്ഞുങ്ങളും അവരുടെ അമ്മയും നമ്മളോട് പൊറുക്കുമോ !?
