ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി, രാമനാരായണൻ ഭയ്യാർ, വളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച വാർത്ത വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു മനോവേദന എന്നെ ഗ്രസിച്ചിരുന്നു. പിന്നീടാണ് അക്രമികൾ അയാളെ മർദ്ദിക്കുന്ന ചില ദൃശ്യശകലങ്ങൾ എന്റെ ഫീഡിലേക്ക് തള്ളിക്കയറി വന്നത്. അതിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ ശാരീരിക പീഡനമായിരുന്നു റാംനാരായണിനേറ്റതെന്ന് അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദ്ദനവുമാണ് അരങ്ങേറിയതെന്ന് പോലീസും പറയുന്നു. ഇപ്പോൾ സംഭവത്തിലെ പ്രതികളെന്ന് പറയപ്പെടുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ കണ്ടത് കൊണ്ടാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചതെന്ന് പറയപ്പെടുന്നു. ജോലിക്കായി ഏതാനും ദിവസം മുൻപ് മാത്രമാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലിയോട് പൊരുത്തപ്പെടാനാകാതെ നാട്ടിലേക്ക് തിരികെപ്പോകാനുള്ള പരിപാടിയിലായിരുന്നു ഇയാൾ. കേവലം 31 വയസ് മാത്രം പ്രായമുള്ള കുടുംബസ്ഥനായ ഇയാൾക്ക് എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്ന് അറിയാൻ കഴിയുന്നു. മദ്യലഹരിയിൽ ആയത് കൊണ്ടോ സ്ഥലം നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരിക്കണം സംഭവം നടന്ന സ്ഥലത്ത് ഇയാൾ എത്തിപ്പെട്ടത്. എന്ത് തന്നെയായാലും "ദൈവത്തിന്റെ സ്വന്തം നാടെ"ന്ന് കേട്ട് അവിടെ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയ ഒരു മനുഷ്യനെ ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ചെയ്ത് ഉയിരെടുത്ത് വിട്ടപ്പോൾ എല്ലാ അവന്മാർക്കും സമാധാനമായി.
എനിക്കും ഇപ്പോൾ പുച്ഛവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്... നമ്മളെങ്ങനെ നമ്മളായെന്ന് പോലും ഓർക്കാത്ത മലയാളിയെ കുറിച്ചോർക്കുമ്പോൾ...
പ്രിയ റാംനാരായൺ മാപ്പ്.... അയാളുടെ ആത്മാവ് പൊറുത്താലും എട്ടും പത്തും വയസ്സ് മാത്രമുള്ള ആ കുഞ്ഞുങ്ങളും അവരുടെ അമ്മയും നമ്മളോട് പൊറുക്കുമോ !?








