ഞാൻ വെറും പോഴൻ

Monday, 17 November 2025

സർക്കാർ - എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഉയർന്നു വന്ന രണ്ട് അതുല്യ പ്രതിഭകൾ

സർക്കാർ-എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ പഠിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും തിളക്കമാർന്ന വിജയം കൈവരിക്കാനും വലിയ ശമ്പളമുള്ള ജോലികൾ നേടാനുമൊക്കെ ബുദ്ധിമുട്ടാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. പലപ്പോഴുംഈയൊരു ചിന്താഗതിയാണ്  വലിയ സാമ്പത്തികകച്ചിലവുണ്ടെങ്കിൽക്കൂടി കുട്ടികളെ കേന്ദ്ര സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ഭൂരിഭാഗം പേരും വെമ്പൽ കൊള്ളുന്നത്. പൊതു വിദ്യാലയങ്ങളിൽ പഠിച്ചാലും ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകൾ എത്തിപ്പിടിക്കാമെന്ന് തെളിയിച്ച സമർത്ഥരായ രണ്ട് പേരുടെ കഥയാണിത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ നിസി പൗലോസും P.R. ശ്രീകുമാറുമാണ് ആ പ്രതിഭകൾ. ഇന്ത്യയിൽ, ജയിക്കാൻ ഏറ്റവും പ്രയാസമേറിയ പ്രൊഫഷണൽ പരീക്ഷകളിൽ ഒന്നായാണ് ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ കണക്കാക്കപ്പെടുന്നത്.

എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തുള്ള എളവൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച നിസി പൗലോസ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് എളവൂരിലെ സെയിന്റ് റോക്കീസ് എൽ പി സ്ക്കൂളിൽ നിന്നും സെയിന്റ് ആന്റണീസ് യു പി സ്ക്കൂളിൽ നിന്നുമായിരുന്നു. പൂവ്വത്തുശ്ശേരി സെയിൻറ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് SSLC ജയിച്ച ശേഷം ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജിൽ പ്രീഡിഗ്രി പഠനവും പൂർത്തിയാക്കി. പിന്നീട് നഴ്‌സിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിസി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജിൽ ലെക്ച്ചറർ ആയി ജോലി ചെയ്യുമ്പോഴാണ്, തന്റെ 37-ാം വയസ്സിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ തീരുമാനിച്ചത്. സി എ വിദ്യാർത്ഥിനി എന്ന നിലയിലും സി എ ആർട്ടിക്കിൾഡ് ക്ലർക്ക് എന്ന നിലയിലും കഠിനമായി അധ്വാനിക്കുമ്പോഴും സ്ക്കൂൾ വിദ്യാർത്ഥികളായ മകന്റെയും മകളുടെയും അമ്മ  എന്ന നിലയിലും ഒരു കുടുബനാഥ എന്ന നിലയിലും ചെയ്യേണ്ട കടമകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പഠിച്ച നിസി തന്റെ 41-ാം വയസ്സിൽ ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആയി.

P.R. ശ്രീകുമാർ, തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശമായ പുത്തൻചിറ സ്വദേശിയാണ്. ലോക്കോ മോട്ടാർ ഡിസെബിലിറ്റി എന്ന ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ശ്രീകുമാർ. തുമ്പൂർ S.H.C.L.P.G. സ്ക്കൂളിലും A.U.P. സ്ക്കൂളിലും R.H. സ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകുമാർ മങ്കിടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷമാണ് ശ്രീകുമാർ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സിന് ചേർന്നത്. കൈകാലുകൾക്ക് തീരെ ചലന ശേഷിയില്ലാത്ത ശ്രീകുമാറിന് ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണ്. പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ സാധിക്കാത്തത് കൊണ്ട് പാഠഭാഗങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ ആക്കിയ ശേഷം സ്‌ക്രീനിൽ നോക്കിയാണ് ശ്രീകുമാർ പഠിച്ചിരുന്നത്. അതിന് വേണ്ടി കട്ടിലിലും വീൽ ചെയറിലും പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു. 2020-ലാണ് ശ്രീകുമാർ സി എ പഠനം തുടങ്ങിയത്. പരീക്ഷക്ക്, എഴുതാൻ സാധിക്കാത്തത് കൊണ്ട് ശ്രീകുമാർ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങൾ ഒരു Scriber എഴുതുകയായിരുന്നു ചെയ്തിരുന്നത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ പഠിച്ച ശ്രീകുമാർ 2025-ൽ സി.എ. പരീക്ഷ പാസായി. തന്റെ അച്ഛനും അമ്മയും തരുന്ന നിരന്തര പിന്തുണ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയതെന്നാണ് ശ്രീകുമാർ പറയുന്നത്.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന നിസിയുടെയും ശ്രീകുമാറിന്റെയും തിളക്കമാർന്ന വിജയം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.

നിസിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങളും ആശംസകളും.

No comments:

Post a Comment