ഞാൻ വെറും പോഴൻ

Wednesday 22 June 2016

ഒൻപതാം നമ്പർ സ്റ്റേറ്റ് കാറും ചില പോലീസ് ചെക്കിങ്ങ് അനുഭവങ്ങളും....


ഞാന്‍, കഴിഞ്ഞ  പതിനെട്ടു വര്‍ഷം കൊണ്ട് ഏകദേശം 70,000 കിലോമീറ്റര്‍ ദൂരം മോട്ടോര്‍ ബൈക്കും 1,80,000 കിലോമീറ്റര്‍ ദൂരം കാറും കേരളത്തിന്റെ റോഡുകളിലൂടെ ഓടിച്ചു. ഇത് പറഞ്ഞത് അത്മപ്രശംസ നടത്താന്‍ വേണ്ടിയല്ല. ഇത്രയും ഓട്ടലിനിടയില്‍ അഞ്ചു പ്രാവശ്യം മാത്രമാണ് ട്രാഫിക്‌ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വന്നത്. കൃത്യമായി പറഞ്ഞാല്‍ മൂന്നെണ്ണത്തിനു പിഴയും രണ്ടെണ്ണത്തിനു കൈക്കൂലിയും ആയിരുന്നു ഒടുക്കേണ്ടി വന്നത്. ബാക്കിയെല്ലാം നാക്കിന്റെ ബലത്തില്‍ ധനനഷ്ടവും മാനഹാനിയും ഇല്ലാതെ ഊരി എടുത്തു. മൂന്നു പ്രാവശ്യം വണ്‍ വേ തെറ്റിക്കല്‍, ഒരു പ്രാവശ്യം മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കി പാര്‍ക്ക്‌ ചെയ്യല്‍, ഒരു പ്രാവശ്യം ഓവര്‍ സ്പീഡ്‌ എന്നിവയായിരുന്നു കുറ്റകൃത്യങ്ങള്‍. 

മീശ പോലീസ് സിംഹവും ലഡ്ഡു പോലീസ് ഏമാനും ട്രാഫിക് കമ്മീഷണർമാരായി വരുന്നതിനു മുന്‍പും, ചില  ഇടവേളകളില്‍ പോലീസ്, ജനതയുടെ തലയുടെ വിലയെ പറ്റി ബോധവാന്മാരാവാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ഹെല്‍മെറ്റ്‌ വേട്ടക്കിറങ്ങും. (സര്‍ക്കാരിന് പെട്ടിയില്‍ കാശില്ലാതാകുമ്പോള്‍ പെറ്റി അടിച്ചു വരുമാനം കൂട്ടാന്‍ ഇറങ്ങുന്നതാണ് എന്ന് ചില കുബുദ്ധികള്‍ പറയുന്നുണ്ട്; ഹെൽമെറ്റ് കമ്പനിക്കാരിൽ നിന്നും ഉന്നത തല കോഴ കൈപ്പറ്റിയിട്ടാണ് ചില ഏമാന്മാർ ഹെൽമെറ്റ് വേട്ടക്ക് ഓർഡർ ഇടുന്നതെന്നും ചില കുബുദ്ധികൾ പറയാറുണ്ട്) എന്നാൽ പൗരന്റെ വിലപ്പെട്ട തല സംരക്ഷിക്കാനാണ് എന്ന തിയറിയിലാണ് സത്യമായും ഞാൻ വിശ്വസിക്കുന്നത്. എന്റെ തല സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്ക് മാത്രമാണെന്നും അതില്‍ പോലീസ് കൈ കടത്തുന്നത് ഭരണകൂട ഭീകരത ആണെന്നും ഉള്ള അതീവ വിപ്ലവകരമായ ആശയത്തിന്റെ ശക്തനായ വക്താവായിരുന്നു ഞാന്‍. പക്ഷെ, എന്റെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതും ഞാന്‍ തന്നെ ആയതിനാല്‍, എപ്പോഴും ബൈക്ക്‌ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഒരെണ്ണം കൈയില്‍ കെട്ടിത്തൂക്കി ഇടും. പോലീസ് ചെക്കിംഗ് കണ്ടാല്‍ ഉടനെ അവനെ തലയില്‍ പ്രതിഷ്ഠിക്കും. 


ഏതാനും വർഷങ്ങൾക്ക് മുൻപാണ്... ഒരു ദിവസം ഞാന്‍ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട്‌ പരിസരത്ത് കൂടെ ബൈക്കില്‍ വരികയായിരുന്നു. സാമാന്യം നല്ല സ്പീഡ്‌ ഉണ്ട്. ഹെല്‍മെറ്റ്‌ ആണെങ്കില്‍ കയ്യലങ്കാരവും. പോലീസ് എന്നെ കണ്ടു എന്നുറപ്പായി. ഇനി എന്ത് ചെയ്യും. നൊടിയിടയില്‍, ഒരു മഹാമന്ത്രികന്റെ കയ്യടക്കത്തോടെ ഹെൽമെറ്റ് ഞാൻ കൈത്തണ്ടയിൽ നിന്നൂരി തലയിൽ പ്രതിഷ്ഠിച്ചു.  പിന്നെ, പതിനെട്ടാമത്തെ അടവ് പുറത്തെടുത്തു. പോലീസുകാരുടെ അടുത്ത് വന്നപ്പോള്‍ അവരുടെ അടുത്തേക്ക്‌ നോക്കാതെ നേരെ ഒരു പോക്ക്. പക്ഷെ എനിക്കൊരു സംശയം ; പോലീസ് കൈ കാണിച്ചോന്ന്.....

എന്തായാലും ഞാന്‍ അത്താണി ലക്ഷ്യമാക്കി കുതിച്ചു. സംശയ നിവാരണത്തിന് റിയര്‍വ്യൂ മിററിലൂടെ നോക്കിയ ഞാന്‍ ഒന്ന് ഞെട്ടി. വെറുതെ ഒന്ന് ഞെട്ടുക മാത്രമല്ല; ഞെട്ടിക്കൊണ്ടേയിരുന്നു എന്ന് പറയുകയാവും ശരി. എന്റെ പിറകെ ആ പോലീസ് വണ്ടി പാഞ്ഞു വരുന്നു. ഉള്ളില്‍ പൈലോ പൈലോ എന്ന് പെരുമ്പറ കൊട്ടുകയാണെങ്കിലും, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന് പറഞ്ഞു ഞാന്‍ ബൈക്ക് ഓടിക്കുകയാണ്. ഒടുവില്‍ അനിവാര്യമായ ആ നിമിഷം എത്തി. ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന താരതമ്യേന വേഗം കുറഞ്ഞ വസ്തുവിനെ വേഗം കൂടിയ വസ്തു മറികടക്കും എന്ന തിയറി സത്യമാണെന്നു തെളിയിച്ചു കൊണ്ട് പോലീസ് ജീപ്പ് എന്നെ മറി കടന്നു. അതിന്റെ സൈഡ് സീറ്റിലിരിക്കുന്ന ഏമാന്‍ എന്നെ നോക്കി വണ്ടി ഒതുക്കെഡാ.... മോനേ എന്ന് ആക്രോശിച്ചു. പിന്നെ, ആ മോനേ വിളിക്ക് മുന്‍പില്‍ ഒരു "നിഘണ്ടുവില്‍ ഇല്ലാത്ത" പദം കൂടി ഉണ്ടായിരുന്നു. ഞാന്‍ വണ്ടി ഒതുക്കി നിര്‍ത്തി. പക്ഷെ പോലീസ് ജീപ്പ് പിടി വിട്ടു പോവുകയാണ്. ഞാന്‍ അത്ഭുതപ്പെട്ടു. ഇതെന്തു പറ്റി. അപ്പോഴുണ്ട്, വേറെ ഒരു ജീപ്പും അതിന്റെ പിറകില്‍ അന്നത്തെ മന്ത്രി പി ജെ ജോസെഫിന്റെ കേരള സ്റ്റേറ്റ് ഒന്‍പതാം നമ്പര്‍ വണ്ടിയും പോകുന്നു. മന്ത്രിക്കു പൈലറ്റ് പോകാന്‍ കിടന്ന ലോക്കല്‍ സ്റ്റേഷന്‍ വണ്ടിയാണ് ഞാന്‍ ചെക്കിംഗ് ആയി തെറ്റിദ്ധരിച്ചത്. എന്തായാലും അതോടെ ഞാന്‍ മനസമാധാനം കഴുത്തിലാക്കി ഹെല്‍മെറ്റ്‌ കയ്യിട്ടു വീണ്ടും യാത്ര തുടര്‍ന്നു.


ഇപ്പോള്‍ ഞാന്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നതും സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നതും ഒരു ശീലമാക്കിയ വളരെ നല്ല കുട്ടിയാണ് സോറി പൌരനാണ്. ഈയിടെ കേട്ടു, ഇനി ഹെല്‍മെറ്റ്‌ വച്ചാലും പോര, സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മെറ്റ്‌ വച്ചില്ലെങ്കില്‍ പെറ്റി കിട്ടും. ഇപ്പോള്‍, എന്റെ അഭിപ്രായത്തില്‍ ഒരു ഹെല്‍മെറ്റ്‌ പോരാ. കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കണം. പക്ഷെ അപ്പോള്‍ കുറെ സന്ദേഹങ്ങള്‍.


പുറകില്‍ യാത്ര ചെയ്യുന്നവനും ഹെല്‍മെറ്റ്‌ വേണ്ടേ; അവന്റെ തലയെന്താ വിലയില്ലാത്ത വല്ല പേട്ടുതേങ്ങയോ മറ്റോ ആണോ ?


വണ്ടിയില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഹെല്‍മെറ്റ്‌ വേണ്ടേ; കുഞ്ഞുങ്ങള്‍ ആണെന്ന് വച്ച് അവരുടെ തലക്കും വിലയില്ലേ ?


ഹെല്‍മെറ്റുകള്‍ വണ്ടിയില്‍ ഞാത്തിയിട്ടിട്ടു പോകുമ്പോള്‍ മോഷണം പോകാതെ പോലീസ് നോക്കിക്കൊള്ളുമോ ?

കുട്ടികള്‍ക്ക് പറ്റിയ ഹെല്‍മെറ്റ്‌ സര്‍ക്കാര്‍ സപ്ലൈ ചെയ്യുമോ ?

ചെക്കിങ്ങിനു നടക്കുന്ന ബൈക്ക് പോലീസുകാര്‍ രണ്ടു പേരും ഹെല്‍മെറ്റ്‌ വയ്ക്കുമോ ?

ഹെൽമെറ്റ്‌ വയ്ക്കാതെ ബൈക്ക് ഓടിക്കുന്ന പോലീസുകാരും ബെൽറ്റ്‌ ഇടാതെ യാത്ര ചെയ്യുന്ന പോലീസുകാരും കുറ്റക്കാർ അല്ലെ ? അവരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ നിയമത്തിനു വേദന ഇല്ലേ ?

ഹെല്‍മെറ്റ്‌ ഇല്ലായ്മ  മാത്രമല്ലല്ലോ റോഡില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് ?

ഓവര്‍ സ്പീഡില്‍  പോകുന്ന മന്ത്രി വാഹനങ്ങളും വി ഐ പി വാഹനങ്ങളും അപകടത്തില്‍ പെട്ടാല്‍ ജീവന്‍ ശരീരം വിട്ടു പോവില്ലേ ?

ഇത് വരെ ഒരു ട്രാഫിക്‌ ചെക്കിങ്ങിലും ബെന്‍സ്‌, ബി എം ഡബ്ല്യു, ഓഡി, ഫെറാറി മുതലായ മുന്തിയ വാഹനങ്ങള്‍ കൈ കാണിക്കപ്പെട്ടു കിടക്കുന്നത് കണ്ടിട്ടില്ല. പോകുന്ന വേഗം വച്ച് നോക്കുമ്പോള്‍ കൊച്ചിയില്‍ വച്ച് ബ്രേക്ക്‌ ചവിട്ടിയാല്‍ കൊയിലാണ്ടിയിലെ ആ വണ്ടികള്‍ നില്‍ക്കൂ എന്ന് ഉറപ്പുള്ളത് കൊണ്ടാണോ ആ വണ്ടികള്‍ക്ക് കൈ കാണിക്കാത്തത് ?

സ്വകാര്യ ബസ്സുകളും KSRTC ബസ്സുകളും ടിപ്പര്‍ ലോറികളും ചേര്‍ന്ന് കൊന്നൊടുക്കുന്നവരെ സംരക്ഷിക്കാന്‍ ആര് വരും ?

അതൊക്കെ പോട്ടെ, റോഡിലെ ഗട്ടെറില്‍ വീണു ചാവുന്നവര്‍, റോഡരികില്‍ സ്ലാബ് പോയി  വാ തുറന്നിരിക്കുന്ന കാനകളില്‍ വീണു ഭൂതിയാവുന്നവര്‍, മേനക ഗാന്ധിയുടെ റോഡില്‍ അലയുന്ന പട്ടികളുടെ കടി കൊണ്ട് സിദ്ധി കൂടുന്നവര്‍...ഇവരുടെ ഒക്കെ ജീവന് വിലയില്ലേ....?

പൊതുജന സേവകര്‍ (Public Servants); എന്ന് വച്ചാല്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് കൊടുക്കുന്ന ശമ്പളം കൈപ്പറ്റുന്നവർ; പൊതു ജനങ്ങളെ ഏതു പരിതസ്ഥിതിയിലാണെങ്കിലും തെറി വാക്കുകള്‍ കൂട്ടി വിളിക്കാന്‍ പാടുണ്ടോ ? 

ട്രാഫിക്കിൽ നിൽക്കുന്ന പോലീസുകാരും മന്ത്രിക്ക് പൈലറ്റ്‌ പോകുന്ന ഏമാന്മാരും സാധാരണ ഗതിയിൽ മോനെ എന്നാണു ജനങ്ങളെ വിളിക്കാറ് ? പിന്നെ ആ "മോനെ" വിളിക്ക് മുൻപ് ചില ആലങ്കാരിക പദങ്ങളും മേമ്പൊടിയായി ഉണ്ടാകാറുണ്ട്!!!

ഇതൊക്കെ ആരോട് ചോദിക്കാന്‍...!!!

ഇരുചക്രവാഹനമായാലും മറ്റ് വാഹങ്ങളായാലും ഡ്രൈവർമാരുടെ അറിവിലേക്ക് ചില കാര്യങ്ങൾ.....  

നിയമപ്രകാരമുള്ള രസീതില്ലാതെ ഒരു ട്രാഫിക് പൊലീസുകാരന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ സാധിക്കില്ല. 

മദ്യപിച്ചോ പുകവലിച്ചോ വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക, എന്നിവയില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ മാത്രമേ നിങ്ങളുടെ ലൈസന്‍സ് പിടിച്ചെടുക്കാന്‍ ട്രാഫിക് പൊലീസിന് അധികാരമുള്ളു.

ഡ്രൈവർ ഒരു സ്ത്രീ ആണെങ്കില്‍, വെകുന്നേരം ആറ് മണിക്ക് ശേഷമാണ് തടഞ്ഞു നിര്‍ത്തുന്നതെങ്കില്‍ നിര്‍ബന്ധമായും ട്രാഫിക് പൊലീസിന്റെ കൂടെ വനിതാ പൊലീസ് ഉണ്ടായിരിക്കണം. 

വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സ്ത്രീകളെ പരിശോധിക്കാനോ നിയമനടപടികളിലേക്ക് നീങ്ങുവാനോ പൊലീസിന് കഴിയുകയുള്ളു.

നിങ്ങളില്‍ നിന്നും പൊലീസ് പിഴ ഈടാക്കുന്നുണ്ടെങ്കില്‍ ചലാന്‍ബുക്ക്, അല്ലെങ്കില്‍ ഇലക്ട്രോണിക് ചലാന്‍ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും പൊലീസിന്റെ പക്കലുണ്ടായിരിക്കണം. 

ട്രാഫിക് ലംഘനത്തിന്റെ പേരില്‍ നിങ്ങളുടെ വണ്ടി കെട്ടിവലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയ സമയത്ത് മാത്രമേ പൊലീസ് അതിന് മുതിരാന്‍ പാടുള്ളു. 

ഗതാഗത നിയമം നിങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് പേപ്പര്‍ എന്നിവ പരിശോധനയ്ക്കായി പൊലീസിന് കാണിച്ച് കൊടുക്കണം. എന്നാല്‍ ഈ രേഖകള്‍ പൊലീസിന് കൈമാറേണ്ട ആവശ്യമില്ല. 

പരിശോധനയ്‌ക്കെത്തുന്ന പൊലീസുകാരന്‍ അവരുടെ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിട്ടുണ്ടാവണം. മാത്രമല്ല യുണിഫോമില്‍ വ്യക്തമായ രീതിയില്‍ പേരും ബക്ക്ള്‍ നമ്പറും എഴുതിയിട്ടുണ്ടോ എന്നും ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ പക്കലുള്ള പേപ്പറുകളോ പിഴയായി ഈടാക്കുന്ന തുകയോ കൈമാറേണ്ടതില്ല. 

നിങ്ങള്‍ വണ്ടിയില്‍ ഇരിക്കുകയാണെങ്കില്‍ പ്രകോപനം കൂടാതെ വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കുകയോ ബലമായി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാനോ പൊലീസിന് അധികാരമില്ല. നിയമലംഘനത്തിന്റ പേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോവുകയും 24 മണിക്കൂറിനകം കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്യണം.


(ഈ ലോ പോയിന്റുകൾക്ക്  കടപ്പാട് :  http://www.reporterlive.com/2016/08/11/283884.html)


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക




5 comments:

  1. ഉത്തരമില്ലാത്ത ചോദ്യങ്ങൾ

    ReplyDelete
  2. റോഡിലെ ഗട്ടെറില്‍ വീണു ചാവുന്നവര്‍, റോഡരികില്‍ സ്ലാബ് പോയി വാ തുറന്നിരിക്കുന്ന കാനകളില്‍ വീണു ഭൂതിയാവുന്നവര്‍, മേനക ഗാന്ധിയുടെ റോഡില്‍ അലയുന്ന പട്ടികളുടെ കടി കൊണ്ട് സിദ്ധി കൂടുന്നവര്‍...ഇവരുടെ ഒക്കെ ജീവന് വിലയില്ലേ....?

    obesity is the major killer for people.. stop candy/chocolate sales :)

    ReplyDelete
    Replies
    1. Porotta....Water supplied by KWA....List has no end.....

      Delete
  3. chirippikkunna choedyangaL!!

    ചിരിപ്പിക്കുന്ന ചോദ്യങ്ങൾ!!



    ReplyDelete