ഞാൻ വെറും പോഴൻ

Friday 15 August 2014

കാലടി ശ്രീശങ്കരാ പാലം രക്തസാക്ഷികളെ തേടുന്നുവോ ? ഭരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി...


ജനപ്രിയമായ  'പഞ്ചവടിപ്പാല'വും 'വെള്ളാനകളുടെ നാടും'

പൊതു നിർമ്മാണ രംഗത്തെ അനീതികളുടെയും അന്യായങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടുകളുടെയും കഥ പറയുന്ന വളരെ ജനപ്രിയമായ രണ്ടു സിനിമകളാണ് 'പഞ്ചവടിപ്പാല'വും 'വെള്ളാനകളുടെ നാടും'. പൊതു നിര്‍മാണപ്രക്രിയകളില്‍ അനുവദിക്കപ്പെടുന്ന തുകകളില്‍ തുച്ഛമായ ശതമാനം മാത്രമേ ഉദ്ദേശ്യ പൂർത്തീകരണത്തിനു ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നും ബാക്കിയെല്ലാം ചില"വായീ" പോവുകയാണെന്നും ഓരോ പദ്ധതികളും വരുന്നതിനു പിന്നിൽ കൃത്യമായ കരുനീക്കങ്ങളുണ്ടെന്നും ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കഥ പറഞ്ഞ രണ്ടു സിനിമകൾ. പൊതു നിര്‍മ്മാണരംഗത്തെ നിലവാരക്കുറവിന്റെ മുഖ്യകാരണം കരാറുകാരുടെ മനപൂർവ്വമുള്ള അശ്രദ്ധയാണെന്നത് ഒരു സത്യമായി നിലനിൽക്കെത്തന്നെ രാഷ്ട്രീയ നേതാക്കന്മാർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും കൊടുക്കേണ്ടത് കൊടുക്കുകയും കാണേണ്ടവരെ വേണ്ട വിധത്തിൽ കാണുകയും ചെയ്താല്‍ മാത്രമേ പൊതു നിര്‍മാണപ്രക്രിയകള്‍ എന്തെങ്കിലും നടക്കുകയുള്ളൂ എന്നതാണ് പൊതു നിർമ്മിതികളുടെ നിലവാരം പരിതാപകരവും അപകടകരവും ആക്കുന്നത്. കരാറുകാർക്ക് കിട്ടേണ്ടതായ തുക, ഒരു സര്‍ക്കാറും കൃത്യ സമയത്തിന് കൊടുത്തുതീര്‍ക്കാറില്ല എന്നതാണ് മറ്റൊരു വസ്തുത. ഗതികെട്ട സമ്മതിദായകരുടെ കയ്യിൽ നിന്നും നികുതിയായി പിരിക്കുന്ന പണമാണ് കരാറുകാരും സര്‍ക്കാറും ഒത്തുകളിച്ചുകൊണ്ട് ധൂര്‍ത്തടിക്കുന്നത്. ഈ ഗതികേട് തന്നെയാണ്  ഈ സിനിമകൾ എന്നും പ്രേക്ഷകരെ ആകർഷിക്കാൻ കാരണവും. 

കാലടിയുടെയും കാലടി വഴി കടന്നു പോകുന്നവരുടെയും ദുരിതങ്ങൾ 

എന്നാൽ, ഇപ്പോൾ കാലടിയിലെ പ്രശ്നം ഇതിനേക്കാൾ രൂക്ഷവും ഭീതിജനകവുമാണ്. പൊതു നിർമ്മാണ പദ്ധതികളിൽ ഇത്രയും ജീർണ്ണതയും അഴിമതിയും നടമാടുന്നതിനും മുൻപ് പണി കഴിക്കപ്പെട്ട കാലടി ശ്രീ ശങ്കര പാലത്തിന്റെ അപകടാവസ്ഥയും പരിമിതികളുമാണത്. മണ്‍സൂണ്‍ സീസൺ ആരംഭിച്ചതോടെ പാലത്തില്‍ രൂപംകൊണ്ടിട്ടുള്ള കുണ്ടുംകുഴിയും വെള്ളക്കെട്ടും കാരണം ഇവിടെ സംജാതമാകുന്ന മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഇപ്പോൾ വൻ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ കാലടി പാലം ഒന്ന് കടന്നു കിട്ടാൻ ഒന്നോ രണ്ടോ മണിക്കൂറിലേറെ കാത്തുകിടക്കണം. കേരളത്തിലെ സംസ്ഥാന പാതകളിൽ ഏറ്റവും പ്രാധാന്യമേറിയ എംസി റോഡാണ് ഒരു പാലത്തിന്റെ പേരിൽ മണിക്കൂറുകൾ നിശ്ചലമാവുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്നത് ഈ വഴിയാണ്. എംസി റോഡില്‍ കാലടി പാലത്തില്‍ ഗതാഗത കുരുക്കുമൂലം ദിവസേന പതിനായിരക്കണക്കിന് ജനങ്ങള്‍ കാലടിയിലും MC റോഡിലും ദുരിതമനുഭവിക്കുന്നുണ്ട്.  പെരുമ്പാവൂരിൽ നിന്ന് വരുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം വല്ലം വരെയും അങ്കമാലിയിൽ നിന്ന്  വരുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം മരോട്ടിച്ചോട്  വരെയും നീളുന്ന സ്ഥിതി ഏതാണ്ട് സ്ഥിരമാകുന്നു. സ്വകാര്യ ബസുകളുടെ ട്രിപ്പുകള്‍ പലതും മുടങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വച്ചിരുന്നു. അതോടെ കോരിച്ചൊരിയുന്ന മഴയില്‍ നിരവധി യാത്രക്കാര്‍ പെരുവഴിയിലുമായി. ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടിലായിരുന്ന ബസ് തൊഴിലാളി യൂണിയനുകള്‍ പിന്നീടു ഈ നിലപാടുപെക്ഷിച്ചതോടെ അധികൃതർ വീണ്ടും ഉറക്കത്തിലായി. 

1963-ല്‍ ഉദ്ഘാടനം ചെയ്ത നിലവിലുള്ള പാലം ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലാണ്. കാലടിയില്‍ നിന്ന് പാലത്തിലേക്കുള്ള പ്രവേശന ഭാഗത്തു തന്നെ സ്ലാബിന്റെ വലിയൊരു ഭാഗം അടര്‍ന്നുപോയി ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ, സ്ലാബ് അടര്‍ന്നു പോയ ഭാഗത്ത് കൂടി നോക്കിയാല്‍ പുഴ ഒഴുകുന്നത്‌ കാണാം. പൊട്ടിക്കിടക്കുന്ന സ്ലാബ് ഭാരവാഹനം കയറുമ്പോള്‍ ഇളകുന്നത് ഏറെ ഭീതിയോടെ മാത്രമേ കണ്ടുനില്‍ക്കാനാകൂ. ഏറെ അപകടം സൃഷ്ടിച്ചേക്കാവുന്ന അവസ്ഥയാണിത്. വാഹനത്തില്‍ കടന്നുപോകുന്നവര്‍ക്ക് ഒരുപക്ഷേ, ഇതിന്റെ രൂക്ഷത മനസ്സിലാകണമെന്നില്ല. നടപ്പാതയില്‍ നിന്നാല്‍ അനുഭവപ്പെടുന്ന കുലുക്കം അനുദിനം വര്‍ധിക്കുന്നതായി ഇതിലൂടെ പതിവായി സഞ്ചരിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പാലത്തിലെ  വെള്ളക്കെട്ടും ഗതാഗതക്കുരുക്കും  പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം PWD ഉദ്യോഗസ്ഥര്‍ പാലത്തിലെ ടാറ് ചെയ്ത ഭാഗം ജെ.സി.ബി. ഉപയോഗിച്ച് മാറ്റിയപ്പോഴാണ്‌ സ്ലാബ് അടര്‍ന്നു പോയത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഒരു വിദ്യാർഥിയുടെ കാല് ഈ വിടവിൽ പോയിരുന്നു. ഒടുവിൽ നാടുകാർ ഒത്തിരി കഷ്ടപ്പെട്ടാണ്‌ കാൽ അപകടമില്ലാതെ പുറത്തെടുത്തത്. അത്യാസന്ന നിലയിൽ ആശുപത്രികളിലേക്കുള്ള യാത്രക്കിടെ ബ്ളോക്കിൽ കിടന്നു ജീവൻ വേർപെട്ട് പോയ രക്തസാക്ഷികൾ നിരവധിയാണ്. എയർപോർട്ട്‌, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സമയത്തിനു എത്തിച്ചേരാൻ പറ്റാതെ ഉള്ള തൊഴിലും ഉറപ്പായിട്ടും കിട്ടാമായിരുന്ന തൊഴിലും  നഷ്ടപ്പെട്ടവരും അനവധിയാണ്. 

51 വര്‍ഷത്തെ പഴക്കമുള്ള പാലത്തിന് 1350 അടിയാണ് നീളം. പെരിയാറ്റില്‍ നിന്ന് 39 അടി ഉയരത്തിലാണ് പാലം. 13 കോണ്‍ക്രീറ്റ് തൂണുകളാണ് താങ്ങിനിര്‍ത്തുന്നത്. തൂണുകള്‍ക്ക് അടിയില്‍ നിന്ന് മണല്‍ ഊര്‍ന്നുപോയി. മണലിനടിയില്‍ കിടക്കേണ്ട ഭാഗമെല്ലാം വെള്ളത്തിന് മുകളിലാണിപ്പോള്‍.  തൂണുകളുടെ അടിഭാഗത്തെ മണല്‍ച്ചോര്‍ച്ച തടയാനും ഉറപ്പ് വര്‍ധിപ്പിക്കാനും ചുറ്റും കരിങ്കല്ല് കെട്ടുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ അതെല്ലാം വാക്കുകളിൽ മാത്രമൊതുങ്ങി. പാലത്തിന്റെ താഴ്ഭാഗത്തുള്ള മണ്ണൊലിപ്പും പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ട്. കാൽനടക്കാർ, സൈക്കിളുകൾ, ചെറിയ ടു വീലറുകൾ മുതൽ പത്തിരുപതു മെട്രിക് ടണ്‍ ഭാരം വരുന്ന ടോറസ് ടിപ്പറുകൾ, ട്രെയ്ലർ ലോറികൾ, പല തരം യാത്രാ വാഹനങ്ങൾ  തുടങ്ങി ആയിരക്കണക്കിന് വണ്ടികളാണ് ദിവസേന ഈ പാലത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.  പാലത്തിലൂടെ കടന്നു പോകുമ്പോള്‍ അനുഭവപ്പെടുന്ന കുലുക്കം ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. എന്നാല്‍ അധികൃതര്‍ ഇത് പരിഹരിക്കുന്നതിന്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പത്തു കൊല്ലം മുന്‍പു തന്നെ പാലം ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പാലത്തിന്റെ കേടായ കൈവരികള്‍ നന്നാക്കുക മാത്രമാണ്‌ ഇതുവരെ പാലം സം‌രക്ഷിക്കുന്നതിന്‌ ആകെ ചെയ്തിട്ടുള്ള നടപടി. പാലം അപകടാവസ്ഥയിലാണെന്നും ഭാരവാഹനങ്ങള്‍ നിരോധിക്കണമെന്നും മുമ്പ് റിപ്പോര്‍ട്ടുണ്ട്. ഭാരവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ പാലത്തിലൂടെ അയ്യമ്പുഴ, മലയാറ്റൂര്‍, മഞ്ഞപ്ര ഭാഗങ്ങളിലെ മടകളില്‍ നിന്ന് ടണ്‍ കണക്കിന് ലോഡുമായി ടോറസ്സുകള്‍ പായുന്നു. മലയില്‍ നിന്ന് ഭീമാകാരമായ മരത്തടികളും ലോറികളില്‍ കടന്നുപോകുന്നു. പാലത്തിന്റെ ഉറപ്പിന് കോട്ടം തട്ടാതിരിക്കാനാണ് പാലത്തില്‍ നിന്ന് 100 മീറ്റര്‍ ദൂരപരിധിയില്‍ മണല്‍വാരല്‍ നിരോധിച്ചത്. ശിവരാത്രി മണപ്പുറം കോടികള്‍ മുടക്കി കരിങ്കല്ല് കെട്ടി. എന്നാല്‍, രാപകല്‍ വ്യത്യാസമില്ലാതെ അന്യസംസ്ഥാന െതാഴിലാളികളെ ഇറക്കി ദൂരപരിധിയെല്ലാം മറികടന്ന് മണലൂറ്റ് തകൃതിയായി നടക്കുന്നു. മണല്‍വാരലും പാലത്തിന് ഭീഷണിയാണ്. ഇപ്പോൾ അപകടാവസ്ഥയിൽ ആയിരിക്കുന്ന ഈ ഭാഗത്തിന്റെ താഴെ പുഴയ്ക്കു വളരെ ആഴമുണ്ട്. ഇവിടെയാണ്‌ കഴിഞ്ഞ ഈസ്റ്റർ സമയത്ത് നാല് പേർ മുങ്ങി മരിച്ചത്. അവരുടെ മൃതദേഹങ്ങൾ പൊക്കിയെടുക്കാൻ തന്നെ ഒരു ദിവസത്തെ കഠിന പരിശ്രമം വേണ്ടി വന്നു എന്നത് കാര്യങ്ങളുടെ ഭീകരതയിലേക്ക് വിരല ചൂണ്ടുന്നു. പുതിയ പാലത്തിന്റെ ക്രെഡിറ്റിനായി മല്‍സരിക്കുന്നവര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് കാലടിയുടെ തീരാശാപമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ക്രിയാത്മകമായി ഇടപെടേണ്ട സമയം അതിക്രമിച്ചു. കെ.എസ്.ടി.പി., എം.സി. റോഡ് നവീകരിച്ചപ്പോഴും പാലം പുനരുദ്ധരിച്ചില്ല. ടൗണിലെ റോഡുകള്‍ക്ക് വേണ്ടത്ര വീതി കൂട്ടിയതുമില്ല. ശബരിമല-മലയാറ്റൂര്‍ തീര്‍ത്ഥാടകരും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഏറ്റവും കൂടുതല്‍ കടന്നുപോകുന്ന പാതയിലെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്നും കാലങ്ങളായി ജനം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. 

കാലങ്ങൾ നീണ്ട മുറവിളികൾക്കൊടുവിൽ, പുതിയ പാലത്തിനു വേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കുറച്ചു തുക ഗവണ്മെന്റ് ഇതിനു വേണ്ടി വകയിരുത്തിയിട്ടുമുണ്ട്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ കൂടി പുതിയ പാലം എന്ന് ഏകദേശം ധാരണയും ആയിട്ടുണ്ട്‌. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് അപ്രോച്ച് റോഡുകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധനയോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭരണാനുമതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പാലത്തിന്റെയും റോഡിന്റെയും ദിശ നിര്‍ണയിച്ച് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടില്ല പക്ഷേ, കരയിലൂടെ അതിന്റെ അപ്പ്രോച്ച്  റോഡ്‌ ഏതു ഭാഗങ്ങളിലൂടെ വേണമെന്ന് ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. കാലടി ബസ് സ്റ്റാൻഡിനു പുറകിൽ എത്തുന്നതാണ് ഒരു അലൈൻമെന്റ്. അതല്ല, എയർപോർട്ട് റോഡിലേക്കു വേണമെന്നു ചിലർ നിർദേശിക്കുന്നു. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ചില ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സ്ഥാപിത താത്പര്യങ്ങള്‍ മൂലം പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തുകയാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. എവിടെയാണെങ്കിലും പുതിയ പാലമില്ലാതെ കാലടി കടന്നു കിട്ടുക എളുപ്പമല്ല. അത് കാലടി ടൌണിനൊരു ബൈപാസ് റോഡിനൊപ്പമാണെങ്കിൽ ഏറെ നന്ന്. നാടിന്റെ ഭാവിയെയും യാത്രക്കാരുടെ സുരക്ഷിതത്വത്തെയും മുന്നിൽ കണ്ട് ഈ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണം എന്നും പാലത്തില്‍  അടിയന്തിരമായി ടാറിങ്ങ് നടത്തി വാഹനഗതാഗതം സുഗമമാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. 


അതല്ല, തകർന്ന് വീഴുന്ന പാലത്തിൽ നിന്ന് പുഴയിൽ വീണു ഭൂതിയാവുന്ന രക്തസാക്ഷികളുടെ തണുത്ത് വിറങ്ങലിച്ച ശവങ്ങൾ  കണ്ടിട്ടേ ഇതെല്ലാം നടക്കൂ എന്നാണു അധികാരികൾ തീരുമാനിക്കുന്നതെങ്കിൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ല.



ഭരണ തലത്തിൽ പല തീരുമാനങ്ങളും രക്തസാക്ഷികളുടെ ശവങ്ങൾക്ക്‌ പുറത്തു നിന്നാണല്ലോ നമ്മുടെ ഭരണാധികാരികൾ തീരുമാനിക്കാറുള്ളത്. 



കൊള്ളപ്പലിശക്കാരെ പിടിച്ചു കെട്ടാൻ വേണ്ടി ഓപറേഷൻ കുബേരക്ക് തുടക്കം കുറിക്കാൻ തിരുവനന്തപുരത്തെ അഞ്ചംഗ കുടുംബം...



അമിത വേഗത്തിലോടുന്ന സൂപ്പർ ബൈക്കുകളെ പിടിച്ചു കെട്ടാൻ ഒരു ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെയും കൊച്ചിയിലെ ഒരു പിഞ്ചു കുഞ്ഞിന്റെയും മരണം....

വേഗപ്പൂട്ടും ഹെൽമെറ്റും നിർബന്ധമാക്കാൻ കുറെയധികം മനുഷ്യ ജീവനുകൾ....

ഇനി, കാലടിപ്പാലവും സമാന്തരറോഡും യാഥാർത്ഥ്യമാവാൻ ഒരു "കാലടി ശ്രീ ശങ്കരപ്പാലം അപകടം"; അത് കൂടി വേണ്ടി വരുമോ ???

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 1

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 2

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 3


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക





അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

10 comments:

  1. Good one .valare nannayittundu


    ..keep writing

    ReplyDelete
  2. Very Good...ഇതുപോലുള്ള ലേഖനങ്ങള്‍ ജനങ്ങളുടെയും അധികാരികളുടെയും കണ്ണ് തുറപ്പിക്കുവാന്‍ സഹായകരമാകട്ടെ...

    പാലം തകരുന്ന സമയം അതിനു മുകളില്‍ നില്‍ക്കുന്നത് നമ്മള്‍ അല്ലെങ്കില്‍ അത് നമ്മെ ബാതിക്കുന്ന വിഷയം അല്ല എന്നു കരുതുന്ന ഒരു സമൂഹം ആണു കേരളത്തിലേത്. അതിനു മാറ്റം വരാത്തിടത്തോളം കാലം ചെയ്യുന്നതെല്ലാം വെറും ഏച്ചുകെട്ടലുകള്‍ മാത്രമാകും...

    PS : രണ്ടു വര്‍ഷം മുന്‍പ് മുല്ലപെരിയാര്‍ സമരം കത്തി നില്‍ക്കുന്ന സമയത്ത് ഒരു നോട്ടിസ് നല്‍കിയത് തിരികെ തന്നുകൊണ്ട് ഒരു അപരിചിതന്‍ പറഞ്ഞത് ആണ് ഓര്‍മവന്നത് "ഞാന്‍ കോഴിക്കോട്ടുകാരന്‍ ആണ് ഡാം പൊട്ടിയാല്‍ വെള്ളം ഞങ്ങളുടെ നാട്ടില്‍ വരില്ല".

    ReplyDelete
  3. കാലടി ശ്രീ ശങ്കര പാലം അതീവ ഗുരുതരാവസ്ഥയിൽ!

    കാലടി നിവാസികളുടെയും കാലടി വഴി യാത്ര ചെയ്യുന്ന നിരവധി ജനങ്ങളുടെയും പേടി സ്വപ്നം എന്തായിരുന്നോ അത് ഇന്ന് രാവിലെ സംഭവിച്ചു! ശ്രീ ശങ്കര പാലത്തിന്റെ കാലടിയോടു ചേര്ന്നുള്ള വശത്ത് പാലത്തിന്റെ സ്ലാബിന്റെ ഒരു ഭാഗം അടർന്നു പെരിയാറ്റിലേക്ക് വീണു. പതിറ്റാണ്ടുകളായി കാലടി വഴി യാത്ര ചെയ്യുന്ന എത്രോയോ ലക്ഷം ജനങ്ങളുടെ ആവശ്യമായ കാലടി പാലത്തിന്റെ പുനർനിർമ്മാണം ഇടതു-വലതു രാഷ്ട്രീയ കോമരങ്ങൾ തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുകൊണ്ടിരുന്നു. ഒരു പക്ഷെ അവർ ഒരു ദുരന്തത്തിനുവേണ്ടി കാത്തിരിക്കുവായിരിക്കണം! ജനങ്ങളുടെ ഹിതമല്ലല്ലൊ ഇത്തരം രാഷ്ട്രീയ നപുംസകങ്ങളുടെ താല്പ്പര്യം. എന്തോ ഭാഗ്യവശാൽ ഒരുവലിയ ദുരന്തം ഒഴിവായി എന്ന് കരുതാം. വരേണ്ടിയിരുന്ന ഒരു ദുരന്തത്തിനെ ഒഴിവാക്കാനുള്ള ഒരു ലക്ഷണമായി ഇനിയെങ്കിലും ഇതിനെ കാണണം. പുര കത്തുമ്പോൾ വാഴ വെട്ടണം എന്ന മനോഭാവത്തിൽ ചുവപ്പും വെളുപ്പും കൊടികളുമായി തൊഴിലില്ലാത്ത കുറെ ആൾക്കാർ കാലടിയിൽ പട്ടണ പ്രദിക്ഷണം നടത്തുന്നത് വിരോധാഭാസമല്ല, വലിയ ആഭാസമായിത്തന്നെയാണ് തോന്നിയത്. ഇവരുടെ നേതാക്കൾ തന്നെയല്ലേ ഈ നാട് ഭരിച്ചുകൊണ്ടിരുന്നത്? നാണക്കേടുള്ളതുകൊണ്ടാവാം ത്രിവർണ്ണമൊന്നും കണ്ടില്ല. ഇതിനിടയിൽ പണ്ട് മന്ത്രിയും ഇപ്പോൾ 'ഉത്തരവാദിത്ത്വ'മുള്ള ജന പ്രധിനിധിയുമായ ആൾ എത്തി. കുറച്ചു ജനങ്ങൾ 'അദ്ദ്യ'ത്തെ ചീത്തവിളിക്കാൻ ശ്രമിച്ചെങ്കിലും ജനാധിപഥ്യത്തിന്റെ 'കാവൽ' ഭടനെ പോലീസുകാർ ഇടപെട്ടു 'മുഖം' രക്ഷിച്ചു. നേതാവിന്റെ 'തൊലി' രജിസ്റ്റെർഡു ട്രേഡ് മാർക്ക്‌ ആണെന്ന് മുൻപേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

    എന്തായാലും, ഈ സംഭവം ഒരു നിമിത്തമായികണ്ടു എത്രയും പെട്ടന്ന് തന്നെ പാലം പുതുക്കി പണിയുവാനുള്ള ആർജവം നമ്മുടെ വ്യവസ്ഥിതിയുടെ അമരത്തുള്ളവ്ർക്ക് തോന്നണമേയെന്നു പ്രാർഥിക്കുന്നു.

    ReplyDelete
  4. ഈ പാലത്തിലെ ഗതാഗത കുരുക്ക് മൂലം ആശുപത്രിയിലെ ക്ക് പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾ ഒഴിച്ച് മറ്റെല്ലവാരും നന്നായി അനുഭവിക്കട്ടെ .....വഴിയിൽ പെട്ടിരിക്കുമ്പോൾ ജന പ്രതിനിധികളെ തെറിവിളിക്കട്ടെ....എന്നിട്ടും വീണ്ടും വീണ്ടും പോയി അവരെ തന്നെ വോട്ടു ചെയ്തു ജയിപ്പിച്ചു വിടുന്ന കഴുതകൾ ആയ വോട്ടര്മാർ ഇനി കാലടി പുഴ നീന്തി കടക്കട്ടെ

    ReplyDelete
    Replies
    1. ജനപ്രതിനിധികൾ ഇപ്പോഴും പരസ്പരം വിഴുപ്പലക്കുന്നു. ജനം റോഡിൽ കുരുങ്ങുന്നു...ഇവനെയൊക്കെ തിരണ്ടി വാല് കൊണ്ടടിക്കണം...

      Delete
  5. കുറെ പ്രമാണിമാര്‍ക്ക് ഇനി കാലടി ശ്രീ ശങ്കരാ പാലം വക കയ്യിട്ടുവാരല്‍ കൂടിയാകും ... എന്തായാലും ഇനിയെങ്കിലുംകാലടി പുതിയ പാലമെന്ന സ്വപ്നം സത്യമായെന്ഗില്‍..........

    ReplyDelete
  6. ഗതികെട്ട സമ്മതിദായകരുടെ കയ്യിൽ നിന്നും നികുതിയായി പിരിക്കുന്ന പണമാണ് കരാറുകാരും സര്‍ക്കാറും ഒത്തുകളിച്ചുകൊണ്ട് ധൂര്‍ത്തടിക്കുന്നത്.

    ReplyDelete