ഞാൻ വെറും പോഴൻ

Saturday, 7 February 2015

എന്റെ ബ്ലോഗനുഭവപരീക്ഷണകഥ അഥവാ ഒരു ബ്ലോഗൻ വായനക്കാരെ ദ്രോഹിച്ച കഥ

2017 ഫെബ്രുവരി 7 എന്ന ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ നിങ്ങൾക്കൊന്നും ഒരു പ്രത്യേകതയും കാണത്തില്ല. പക്ഷെ ഞാൻ ഒരു ബൂലോഗ ബ്ലോഗൻ ആയതിന്റെ മഹത്തായ മൂന്നാം വാർഷികം ആണിത്. എഴുത്ത് എന്ന മന്ത്രവാദ പ്രപഞ്ചത്തിൽ ഇടം നേടാൻ കഴിയാതെ പോയ എനിക്ക് എഴുതാൻ, സോറി, ടൈപ്പാനും പോസ്റ്റാനും വേദി ഒരുക്കിത്തന്ന ആഭിചാര ലോകമാണ് ബ്ലോഗ്‌. എന്തായാലും സംഗതി കൊള്ളാം.... തീരെ മോശം റെസ്പോണ്‍സ്‌  അല്ല. "ആഗോള വഞ്ചനയുടെ കാലത്തു സത്യം പറയുന്നതുതന്നെ ഒരു വിപ്ലവ പ്രവര്‍ത്തനമാണ്." എന്ന ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ വാക്കുകൾ ആയിരുന്നു മോട്ടോ ആയി ഇടാൻ ഉദേശിച്ചത്. പക്ഷെ, ഒരു ദിവസം വെളുത്ത് ഇരുട്ടുന്നത് വരെ നൂറു നുണയെങ്കിലും കാര്യമായും കളിയായും പറയുന്ന ഞാൻ എന്ത് വിപ്ലവ പ്രവർത്തനം നടത്താൻ. പോസ്റ്റി തുടങ്ങി 365 ദിവസങ്ങൾ കഴിയുമ്പോൾ ഏതാണ്ട് 90 പോസ്റ്റുകളാണ് പബ്ലിഷ് ചെയ്തത്. അവയ്ക്ക് 2,60,000 നു മുകളിൽ ഹിറ്റുകളും കിട്ടി. ഇനിയും ഇത് സജീവമായി തുടരണമെന്നു തന്നെയാണ് ആഗ്രഹം. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച്‌, നല്ലത് കണ്ടാൽ ഒരു നല്ല വാക്ക് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമല്ലോ. 

മലയാള ആക്ഷേപഹാസ്യ ബ്ലോഗ് ലോകത്തെ കുലപതി ബെർളിയുടെ ബെർളിത്തരങ്ങളും  മറ്റ് മഹത്തര ബ്ലോഗുകളായ കൊടകരപുരാണവും വള്ളിക്കുന്നും ഒക്കെ വായിച്ചു തുടങ്ങിയ അന്ന് മുതൽ സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ആശയം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പലവിധ കാരണങ്ങളാല്‍ അത് മനസ്സില്‍ തന്നെ കിടന്നതേ ഉള്ളൂ. യാഥാര്‍ത്ഥ്യമായില്ല. സാബു കാക്കശ്ശേരി എന്ന ഒരു സ്നേഹിതന്‍ എന്നോട് "ചുമ്മാ എഴുതിക്കൂടേ" എന്ന് എപ്പോഴോ തമാശയായി ചോദിച്ചിരുന്നു. എഴുതാനുള്ള വകുപ്പൊന്നും നമ്മുടെ കയ്യിൽ ഇല്ല എന്ന പൂര്‍ണ്ണബോധ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് തന്നെ ബ്ലോഗ്‌ പിറന്നില്ല. അങ്ങനെയിരിക്കെ, ഒരു വർഷം മുൻപ്, ഫേസ്ബുക്കില്‍ ഏതോ വിഷയത്തില്‍ എന്റെ ഒരു സ്നേഹിതനുമായി തുടങ്ങിയ ഒരു വാക്ക്‌യുദ്ധം.... അതിനെ തുടര്‍ന്ന് അദ്ദേഹം അദ്ദേഹത്തിന്റെ വാദഗതികള്‍ കൂട്ടിച്ചേര്‍ത്തു ഒരു ബ്ലോഗ്‌ തുടങ്ങി. അപ്പോള്‍ മലയാളിയുടെ അടിസ്ഥാന സ്വഭാവമായ മത്സരബുദ്ധിയില്‍  നിന്ന്‌ എനിക്കും വന്നു ഒരു ദുഷ്ചിന്ത; "എന്ത് കൊണ്ട് എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടാ?".  ആ ദുഷ്ചിന്തയാണ് തികച്ചും അനവസരത്തിലുള്ള "അച്ചായത്തരങ്ങള്‍" എന്ന ബ്ലോഗിന്റെ പിറവിയുടെ പിന്നിൽ. ബ്ലോഗ്‌ ലോകത്തെ ഹിറ്റ്‌ മേക്കേഴ്സിന്റെ നിലവാരത്തിന്റെ എഴയല്പക്കത്ത് പോലും എന്റെ എഴുത്ത് എത്തുകയില്ല എന്ന് നിങ്ങളെക്കാൾ ബോധ്യമുള്ള ആളാണ്‌ ഞാൻ.  പൊതുവെ ഓഫീസിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയമാണ് ബ്ലോഗ്‌ എഴുത്തിന് വേണ്ടി വിനിയോഗിക്കാറുള്ളത്. തിടുക്കത്തിൽ തല്ലിക്കൂട്ടി ഒരു രണ്ടാം വായന പോലും നടത്താതെയാണ് മിക്കവാറും പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ വാക്യ ഘടനയിലും വ്യാകരണത്തിലും ഉള്ള തെറ്റുകൾക്ക് പുറമേ അക്ഷരത്തെറ്റുകളും വ്യാപകമായി ഉണ്ടാവാറുണ്ട്. അതൊക്കെ കൃത്യമായി ചൂണ്ടിക്കാട്ടാറുള്ള നല്ല കുറെ സുഹൃത്തുക്കളും ഈ സൈബർ ലോകത്ത് ഉണ്ട്. ഇവരെല്ലാം തന്നെയാണ് എന്നെ സജീവമായി ഇതിൽ നില നിർത്തുന്നത്. 

പിന്നെ അച്ചടി മാധ്യമങ്ങളിൽ എന്നതിനേക്കാൾ സ്വന്തം സൃഷ്ടിയെ പറ്റിയുള്ള ഫീഡ്ബാക്ക് ഉടനെ അറിയാം എന്നുള്ളത് ബ്ലോഗിനെ കുറേക്കൂടി ആകർഷകമാക്കുന്നുണ്ട്. ലൈവ് ട്രാഫിക്‌ ഫീഡിൽ നോക്കുമ്പോൾ അതിൽ തെളിയുന്ന വായനക്കാരുടെ ലോക്കെഷനുകളുടെ വൈവിധ്യം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ അറിയാത്തവരും എന്നെ അറിയാത്തവരും ആയി അനേകം പേര്‍. ഒരേ സമയം ഈ ഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നു നമ്മൾ എഴുതിയ ഊളത്തരങ്ങൾ വായിക്കുന്നവരെ പറ്റി ഓർക്കുമ്പോൾ സത്യമായും കൃതജ്ഞത കൊണ്ടെന്റെ ശിരസ്സ്‌ കുനിയുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്ന് വരെ ഞാൻ എഴുതിയത് വായിക്കപ്പെടുന്നു എന്ന തിരിച്ചറിവ് തീർച്ചയായും അതിശയിപ്പിക്കുന്നതായിരുന്നു.  

ബ്ലോഗെഴുത്തിൽ പ്രശംസകളും നല്ല വാക്കുകളും അംഗീകാരങ്ങളും പോലെ തന്നെ, എടുത്തു പറയാവുന്ന മറ്റൊരനുഭവം ഏറ്റു വാങ്ങേണ്ടി വരുന്ന വിമർശനങ്ങളും തെറി വിളിയുമാണ്. അത് ഇതിന്റെ ഒരു ഭാഗം തന്നെ ആണെന്ന തിരിച്ചറിവ് കൊണ്ടാണ് അതിനെ നേരിടാൻ ശ്രമിച്ചിട്ടുള്ളത്. അത്യപൂർവ്വം ചിലപ്പോൾ ആത്മസംയമനം വിട്ട് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.

എന്ത് തന്നെയായാലും ഞാൻ ബ്ലോഗെഴുത്ത് ഇഷ്ടപ്പെടുന്നു. എനിക്ക് എന്റെ ആശയങ്ങളും ആശങ്കകളും പൊതു വിചാരണയ്ക്ക് വയ്ക്കാൻ ആകുമ്പോൾ  തന്നെ, അവയെ എതിർക്കുന്നവരും സ്വീകരിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം ചേർന്ന് നല്കുന്ന ആ ഒരംഗീകാരം; അത് നല്കുന്ന ആത്മസംതൃപ്തി ഇതൊക്കെ തന്നെയാണ് ബ്ലോഗ് എന്ന മാധ്യമത്തെ എന്നിലേക്ക് അടുപ്പിച്ചു നിർത്തുന്നത്.... അല്ലെങ്കിൽ എന്നെ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് അടുപ്പിച്ചു നിർത്തുന്നത്.

ഇനിയുള്ളത് മുൻപൊരു പോസ്റ്റിൽ പറഞ്ഞതിന്റെ ആവർത്തനമാണ്....

ഞാനെഴുതി  വിടുന്ന വധങ്ങള്‍  വായിക്കാനിട വരുന്ന എന്റെ വായനക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു....... അതല്ല, ഞാനെഴുതിയത് പിന്നെയും വായിക്കുന്നവരുണ്ടെങ്കില്‍ അവരോടുള്ള കടപ്പാടും നന്ദിയും ഞാനിവിടെ അറിയിക്കുന്നു...

എല്ലാവരോടും നന്ദി....

നല്ല കമന്റുകള്‍ എഴുതിയവരോട്...
വിമര്‍ശനങ്ങള്‍ ചൊരിഞ്ഞവരോട്...
ഫേസ്ബുക്ക്‌ ഇൻബോക്സിൽ വന്ന് തെറി വിളിച്ചവരോട്....

ബ്ലോഗ്‌ ലിങ്കുകള്‍ പോസ്റ്റ്‌ ചെയ്യാനനുവദിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളോട്, പേജുകളോട്...

ബ്ലോഗിന്‍റെ ഫേസ്ബുക്ക് ലിങ്കുകളും ഫേസ്ബുക്ക്‌ പേജും  ലൈക്‌ ചെയ്തവരോട്, ഷെയര്‍ ചെയ്തവരോട് ....

പ്രത്യക്ഷമായും പരോക്ഷമായും പ്രോല്സാഹിപ്പിച്ചവരോട്...

നിങ്ങളോരോരുത്തരും തരുന്ന പ്രോഹത്സാഹനം കൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴും എഴുതുന്നത്‌..... തുടര്‍ യാത്രക്ക് കരുത്തേകി നിങ്ങള്‍ അത് തുടരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

സസ്നേഹം

ഓനു അച്ചായന്‍.

(അച്ചായൻ എന്ന പേരിനെ ഒരു മതത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണരുതെന്ന്  സ്നേഹപൂർവ്വം അപേക്ഷിക്കുന്നു. സങ്കല്പ്പവും വിശ്വാസവുമായ ഈശ്വരനുമായി അടുപ്പത്തിലായിരിക്കുമ്പോൾത്തന്നെ 101% യാഥാർത്ഥ്യമായ  മതചട്ടക്കൂടുകളിൽ നിന്ന് ബഹുമാന്യമായ അകലം പാലിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് ഞാൻ. ഈ ഓനു അച്ചായന്‍ എന്നത് ഒരു ഫേക്ക് ഐ ഡി അല്ല. അതില്‍  ഓനു എന്നത് സ്കൂള്‍ കാലഘട്ടത്തില്‍ വീണ ഒരു കളിപ്പേര് (ഇരട്ടപ്പേര്) ആണ്. അച്ചായന്‍ എന്നത് വളരെ അടുപ്പമുള്ളവര്‍  എന്നെ വിളിക്കുന്നതാണ്. ഒരർത്ഥത്തിൽ തൂലിക നാമം... ഓ...ബ്ലോഗിൽ എവിടെ തൂലിക..."മൌസികാ നാമം" അല്ലെങ്കിൽ "കീ ബോർഡികാ നാമം" എന്ന് വേണമെങ്കി വിളിക്കാം....എന്താല്ലേ!!! എന്നെക്കൊണ്ട് ഞാൻ തോറ്റു )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. Achayan, your articles are sincere...keep writing...all d best....GOD bless you...

    ReplyDelete
  2. അജ്ഞാതനായി എഴുതിയിട്ടും,വായനക്കാർ വരുന്നെങ്കിൽ അത്‌ എഴുത്തിന്റെ മഹത്വം തന്നെ.മുഴുവൻ പോസ്റ്റുകളും വായിക്കാനുള്ള ശ്രമത്തിലാ.മറുപടി തരുമെന്ന് കരുതുന്നു.

    എന്നെ ബ്ലോഗിൽ പിടിച്ചുനിറുത്തിയ സംഭവങ്ങൾ.

    ReplyDelete
    Replies
    1. ആഹാ...ഇത്രയും ജീവിതബന്ധി ആയ സംഭവങ്ങളുടെ പശ്ചാത്തലം കൂടി ഉണ്ടല്ലേ. Very Interesting.

      സാധാരണയായി, ബ്ലോഗിന്റെ ഫേസ്‌ബുക്ക് ഷെയറുകളുടെ കീഴിൽ നിരവധി കമന്റുകൾ വരാറുണ്ട്. പക്ഷെ, അവയിൽ ഭൂരിഭാഗവും പോസ്റ്റ് വായിക്കാതെ Intro മാത്രം വായിച്ചുള്ളവ ആയിരിക്കും. ബ്ലോഗിന് കീഴിൽ വരുന്ന കമന്റുകൾ തീർച്ചയായും പ്രോത്സാഹനം ആണ്. നന്ദി

      Delete