ഞാൻ വെറും പോഴൻ

Monday 31 October 2016

അമ്പത് വർഷങ്ങൾ പിന്നിട്ട "ചെമ്മീനും" അൻസിബയുടെ "ഉത്തര ചെമ്മീനും"...


"പരീക്കുട്ടി : കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ; ഇത് വരെ നാം ഒരു മിച്ചായിരുന്നു, ഇനി ഞാൻ ഒറ്റയ്ക്കാണ്.
കറുത്തമ്മ : എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ
പരീക്കുട്ടി  : കറുത്തമ്മ പോയാലും ഈ കടപുറത്തീന്നു ഞാൻ പോവില്ല
കറുത്തമ്മ : എന്റെ കൊച്ചു മുതലാളീ, എന്തിനാ നമ്മൾ കണ്ടു മുട്ടിയത് ?
പരീക്കുട്ടി  : ദൈവം പറഞ്ഞിട്ട് ...ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും.
കറുത്തമ്മ : ഞാനതോർത്തു തൃക്കുന്ന പുഴയിലിരുന്നു ഓർത്തോർത്തു നിലവിളിക്കും.
പരീക്കുട്ടി  : അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും.
കറുത്തമ്മ : അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും.
പരീക്കുട്ടി  : എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടി പിടിച്ചു ഈ കടപ്പുറതൊക്കെ പാടി പാടി നടക്കും.

കറുത്തമ്മ : എന്റെ കൊച്ചു മുതലാളീ...."

സിനിമ കാണുന്ന ശീലമുള്ള ഓൾഡ്‌ ജെനറേഷനിലും മിഡിൽ ജെനറേഷനിലും പെട്ട ഏതൊരു വ്യക്തിയും മറക്കാത്ത ഒന്നായിരിക്കും ചെമ്മീൻ സിനിമയിലെ ഈ സംഭാഷണ ശകലം. മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ "ചെമ്മീൻ" എന്ന മലയാള നോവലിന് ഈ വർഷം 60 വയസ്സ് തികയുകയാണ്. ചെമ്മീൻ നോവലിന്, എസ്.എല്‍.പുരം സദാനന്ദന്‍ തിരക്കഥയെഴുതി ചലച്ചിത്രകാരൻ രാമു കാര്യാട്ട് ചലച്ചിത്രഭാഷ്യം രചിച്ചു അതേ പേരിൽ പുറത്തിറക്കിയപ്പോൾ മലയാള സിനിമാ ശാഖയിൽ ഒരു പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. മലയാളി സിനിമാ പ്രേമികൾ നെഞ്ചിലേറ്റുവാങ്ങിയ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയകഥ സിനിമാകൊട്ടകയിൽ ആദ്യ പ്രദർശനത്തിനെത്തിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. 1965 ആഗസ്ത് 19 നാണ് ചെമ്മീന്‍ സിനിമ റിലീസ് ചെയ്തത്. 

ഹിന്ദുസമുദായത്തിൽപ്പെട്ട ദരിദ്രമത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം സമുദായത്തിൽപ്പെട്ട മത്സ്യമൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ഈ സിനിമ പറഞ്ഞത്. കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായി നിലനിന്നിരുന്നു എന്ന് കഥാകാരൻ സമർത്ഥിക്കുന്ന, സ്ത്രീചാരിത്ര്യശുദ്ധിയുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെയും സിനിമയുടെയും ത്രെഡ്. ചെമ്മീനിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രസംസ്കാരവും യാഥാർത്ഥ്യവുമായി ഒട്ടും ഒത്തുപോകുന്നില്ലെന്നും തകഴിയുടെ സ്വന്തം കൽപ്പനകൾ ഏറെ തെറ്റിദ്ധാരണാജനകമാണെന്നും അന്നേ വിമർശനമുണ്ടായിരുന്നു. എന്നാൽ, വിവാഹിതയായ ഒരു സ്ത്രീ ദാമ്പത്യ അവിശ്വസ്തത കാട്ടിയാൽ, അവളുടെ ഭർത്താവിനെ കടലമ്മ കൊണ്ടുപോകും എന്ന വിശ്വാസത്തെ ഈ ചിത്രം ഊട്ടി ഉറപ്പിച്ചു എന്ന് ഈ അടുത്തകാലത്ത് കൂടി മുക്കുവ സമുദായത്തിൽപ്പെട്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞതോർക്കുമ്പോൾ, ഒരു കലാരൂപം മനുഷ്യന്റെ ജീവിതപരിസരങ്ങളെ എത്രത്തോളം സ്വാധീനിക്കാം എന്നതിന് വേറെ എന്ത് ഉദാഹരണമാണ് വേണ്ടത്. 

മലയാളത്തിലെ പതിവ് സിനിമാ രീതികളിൽ നിന്ന് മാറി, ഏറെ സാങ്കേതിക മികവോടെ പുറത്തിറങ്ങിയ ഈ ചിത്രം, ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ കമലം പുരസ്കാരം നേടി. ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് സുവര്‍ണ കമലം ലഭിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനു വിട ചൊല്ലി ഈസ്റ്റ്മാന്‍ കളറില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളില്‍ ഒന്നായിരുന്നു ചെമ്മീന്‍. മലയാളത്തിന്റെ പ്രിയ കവി വയലാർ രചിച്ച് സലില്‍ ചൗധരി ഈണം നല്കിയ മാനസ മൈനേ വരൂ..., പെണ്ണാളേ പെണ്ണാളേ..., കടലിനക്കരെ പോണോരേ..., പുത്തന്‍വലക്കാരേ... തുടങ്ങിയ  പാട്ടുകള്‍ ഒരു തവണയെങ്കിലും മൂളാത്ത മലയാളികള്‍ ആരും തന്നെ ആ തലമുറയില്‍ ഉണ്ടാകാൻ വഴിയില്ല. ഇന്നും ആ പാട്ടുകള്‍ കാലാതിവർത്തികളായി  നില നില്‍ക്കുന്നു. മധു, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സത്യന്‍,  എസ്.പി. പിള്ള, അടൂര്‍ ഭവാനി എന്നിവർ പ്രധാന വേഷങ്ങളില്‍ മത്സരിച്ച് അഭിനയിച്ച ഈ ചിത്രത്തിലെ അനശ്വര അഭിനയമുഹൂര്‍ത്തങ്ങള്‍ പഴയ തലമുറക്കാരുടെ മനസ്സില്‍ നിന്ന് തീർച്ചയായും മാഞ്ഞിട്ടുണ്ടാവില്ല. 

കഥാകാരൻ കഥ എഴുതിയ കാലവും ചലച്ചിത്രകാരൻ സിനിമയെടുത്ത കാലവും തമ്മിൽ പത്തു വർഷത്തിന്റെ വിടവുണ്ടായിരുന്നെങ്കിൽ കൂടി കടപ്പുറ ജീവിതത്തെപ്പറ്റി മലയാളിക്ക് ഒരു ധാരണ ഉണ്ടാക്കിയെടുത്ത ചിത്രമായിരുന്നു ചെമ്മീൻ. ചെമ്മീന്‍ കഴിഞ്ഞിങ്ങോട്ട് മലയാളത്തിലിറങ്ങിയ അമരം, പുതിയ തീരങ്ങൾ തുടങ്ങി അപൂർവ്വം ചിത്രങ്ങൾ ഒഴികെ, ഒട്ടുമിക്ക കടപ്പുറചിത്രങ്ങളും ചെമ്മീനിന്റെ പ്രേതം (വസ്ത്രധാരണത്തിലും സംഭാഷണ ശൈലിയിലും മാത്രം) ആവേശിച്ച പടങ്ങളായിരുന്നു എന്ന് നിരീക്ഷിക്കാം. മാത്രവുമല്ല, അവയെല്ലാം തന്നെ നിലവാരം കുറഞ്ഞ പ്രേമവും പ്രതികാരവും മാത്രം പ്രമേയമാക്കി പടച്ചു വിട്ടവയും ആയിരുന്നു. ഇപ്പോഴും പ്രകൃതിയോടു മല്ലടിച്ച് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ പരക്കെ അവഹേളിക്കുന്നതിന് പുറമേ,  സ്ത്രീ കഥാപാത്രങ്ങൾ സ്ത്രി ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും കാണിക്കുന്ന തരത്തിൽ മാറിടം വലിഞ്ഞുമുറുകിയ ബ്ലൗസും പൊക്കിളിനേക്കാൾ താഴ്ത്തി കുത്തിയ മുണ്ടും ആയിരിക്കണം ധരിക്കേണ്ടത് എന്ന് ഇത്തരം സിനിമകളുടെ സ്രഷ്ടാക്കൾക്ക് നിർബന്ധമുള്ളത്‌ പോലെ തോന്നാറുണ്ട്. ഇപ്പോഴും ഒറ്റക്കും തെറ്റക്കും കടാപ്പുറചിത്രങ്ങൾ ഇറങ്ങുന്നതിൽ അതിശയം ഒന്നും തോന്നിയില്ലെങ്കിലും, ദൃശ്യം ഫെയിം അൻസിബ നായികയാ "ഉത്തര ചെമ്മീൻ" എന്ന ചിത്രം ശരിക്കും അതിശയിപ്പിച്ചു. ഇന്റർനെറ്റിലും ചാനലുകളിലുമായി ഒളിഞ്ഞും തെളിഞ്ഞും പല X നിലവാരത്തിലുള്ള തുണ്ടുകൾ പാറിനടക്കുന്ന ഈ കാലത്തും പ്രേക്ഷകനെ രസിപ്പിക്കാനും തിയ്യെറ്ററിലേക്ക് ആളെ കയറ്റാനുമായി നായികയുടെയും സഹ നടിമാരുടെയും കൊഴുത്ത ശരീരത്തിന്റെ പടം വച്ച് പോസ്റ്ററടിക്കുന്ന പുത്തൻ തലമുറ സിനിമക്കാർ, ചെമ്മീൻ എന്ന ചിത്രം അതെടുത്ത കാലഘട്ടവും പശ്ചാത്തലവും മനസ്സിൽ വച്ച് കൊണ്ട്, ഒന്ന് രണ്ടാവർത്തി കൂടി കണ്ടു പഠിക്കുന്നത് നന്നായിരിക്കും. കൂടാതെ, ഇത്തരം ചിത്രങ്ങളുടെ അണിയറപ്രവർത്തകർ ഒരു വട്ടമെങ്കിലും കടലോരത്ത് പോയി അവിടത്തുകാരുടെ ജീവിതവും പെരുമാറ്റരീതികളും വസ്ത്രധാരണത്തിലെ പ്രത്യേകതകളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ 15 വർഷത്തിനിടക്ക് ഒരു കടപ്പുറത്തും ചെമ്മീനിലെപ്പോലെ വേഷമിട്ടു നടക്കുന്ന ഒരു പെണ്‍കുട്ടിയെപ്പോലും ഞാൻ കണ്ടിട്ടില്ല. അറുപതുകളുടെ മധ്യകാലത്ത് പുറക്കാട്ട് കടപ്പുറത്ത് ജീവിച്ചിരുന്ന മരക്കാത്തികളുടെ അതേ രീതിയിലാണ് ഇന്നും എല്ലാ കടപ്പുറത്തുമുള്ള സ്ത്രീകൾ ജീവിക്കുന്നത് എന്ന് ധരിച്ചു വച്ചിരിക്കുന്ന സിനിമാക്കാരുടെ കാലത്ത് ചെമ്മീൻ എന്ന വലിയ സിനിമയെ ഓർക്കുമ്പോൾ ഒരു വല്ലാത്ത സുഖം....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment