ഞാൻ വെറും പോഴൻ

Monday 21 December 2015

തെളിവില്ലാത്ത ഭരണാധികാരികളും വെളിവില്ലാത്ത ബുദ്ധിമാന്മാരും വാഴുന്ന നാട്....

പൂനെയിലെ മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റില്‍ അരങ്ങേറിയ നീചവും മനുഷ്യത്വരഹിതവുമായ വിവേചനത്തിന്റെ വാർത്ത വായിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവതി റെസ്റ്റോറന്റില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ദാഹിച്ചുവലഞ്ഞ് വെള്ളത്തിനായി യാചിക്കുന്ന തെരുവുബാലനെ ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവതി, ആ കുട്ടിക്ക് കൂള്‍ ഡ്രിങ്ക് വാങ്ങിക്കൊടുക്കാനായി അവനെയും കൂട്ടി റെസ്റ്റോറന്റിന് മുന്‍വശത്ത്  ക്യൂ നിന്നു. എന്നാല്‍ തെരുവുകുട്ടിയെ കണ്ട മാത്രയില്‍ ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ കുട്ടിയെ പൊക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച യുവതിയോട് അത്തരം ആളുകള്‍ക്ക് മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റിന്റെ അകത്തേക്ക് പ്രവേശനമില്ലെന്നായിരുന്നു ജീവനക്കാരന്‍ പ്രതികരിച്ചത്. യുവതി തന്നെ ഈ സംഭവം തന്റെ ഫേസ്ബുക്കില്‍ ദൃശ്യം പോസ്റ്റു ചെയതതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തെ പറ്റി സോഷ്യല്‍ മീഡിയ പോസ്റ്റുകളും പത്ര വാർത്തകളും  കൂടി വന്നതോടെ ഹോട്ടലധികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. ഒരു തെരുവുകുട്ടിക്കെതിരെ നടന്ന വിവേചനത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കുകയും ചെയ്തു. കുട്ടിക്ക് നേരിട്ട ദുരനുഭവത്തില്‍ എല്ലാ അന്വേഷണവും ഉറപ്പുവരുത്തുമെന്നും ജോലിക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മക്‌ഡോണാള്‍ഡ് ഇന്ത്യ അധികൃതര്‍ നിലപാടെടുത്തു. എല്ലാവരെയും സമഭാവനയോടെ കാണുന്നുവെന്നും ആരെയും വിവേചനത്തോടെ കാണില്ലെന്നും വിശദീകരിച്ചും കുട്ടിയെ ഇറക്കിവിട്ട ജീവനക്കാരനെ പുറത്താക്കിയും ഒരു വിധത്തിൽ മക്‌ഡോണാള്‍ഡ് ഇന്ത്യ തല കഴുത്തിലാക്കി. 

അതൊക്കെ ഗോസ്സായിമാരുടെ നാട്ടിലല്ലേ എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത്‌ ഒരു കഥ പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ കവിയും ഗാനരചയിതാവുമായ മുല്ലനേഴിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുക്കം, കാരണം ചോദിച്ചപ്പോൾ അദ്ദേഹത്തെ കണ്ടിട്ട് ഒരു സ്റ്റാൻഡേർഡ് തോന്നിയില്ല എന്നായിരുന്നത്രേ കസ്റ്റഡിയിലെടുത്ത പോലീസുകാരന്റെ മറുപടി. 

ഈ രണ്ടു സംഭവങ്ങളും ഇപ്പോൾ സ്മരിക്കാൻ കാരണം, കഴിഞ്ഞ ദിവസം, ലോകമെമ്പാടും ആദരിക്കപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയും 2007 ലെ വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകളുടെ ജേതാവും ആയ ദയാബായിയോട് ഒരു ബസിലെ ജീവനക്കാർ പെരുമാറിയ രീതിയുടെ വാർത്ത വായിച്ചപ്പോഴാണ്. 

പ്രസ്തുത സംഭവം ദയാഭായി വിവരിക്കുന്നത് ഇങ്ങനെ : " ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്. ''നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്'' എന്നു ചോദിച്ചുകൊണ്ടായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ''അതവിടെ നില്ക്കട്ടെ'' എന്നുപറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ''അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ'' എന്ന അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ''ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്... അല്ലെങ്കില്‍ ഞാന്‍...'' എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്. ''വാതില്‍ ആഞ്ഞടച്ച്  ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കിനിന്ന എന്റെയടുത്തേക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണു സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്കു മറുപടിപറയാനായില്ല. കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്കു കൈചൂണ്ടിപ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ, നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാനോര്‍ത്തതു മറ്റൊന്നാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവേലചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരു പോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറംമങ്ങിയ തുണിയുടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍... അവരെല്ലാം  എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് എന്റെ അപമാനം ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ തീരുമാനിച്ചത്'' 

''മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടില്‍ സ്‌നേഹത്തിന്റെയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്റെയും വ്യാപാരിയാണു ഞാന്‍. മലയാളിയായ എനിക്ക് ഏറ്റവും അധിക്ഷേപം സഹിക്കേണ്ടിവന്നിട്ടുള്ളത് കേരളത്തിലെ യാത്രകള്‍ക്കിടയിലാണ്. കറുത്തവരും വിലകുറഞ്ഞ വസ്ത്രമുടുക്കുന്നവരും ആത്മാഭിമാനമില്ലാത്തവരാണെന്ന് ഇവിടത്തെ വിദ്യാസമ്പന്നമായ സമൂഹം കരുതുന്നുണ്ടോ?  പാവങ്ങളെ ചൂഷണംചെയ്യുന്നര്‍ എന്നെ കുരയ്ക്കുന്ന പട്ടിയെന്നാണു വിളിക്കുന്നത്. പരിഷ്‌കാരികളും സമ്പന്നരുമായ നിങ്ങള്‍ അധഃകൃതരെന്നുവിളിച്ചു പരിഹസിക്കുന്ന ജനങ്ങള്‍ക്ക് നീതികിട്ടുവോളം ഞാന്‍ കുരച്ചുകൊണ്ടേയിരിക്കും.'' (മാതൃഭൂമിയോട് കടപ്പാട് ). പാലക്കാട്ടെ ഒരു ചടങ്ങില്‍ ദയാബായി ഇതു പറഞ്ഞിട്ട് ഒരാഴ്ച തികയുന്നതിനു മുൻപേ അവർ പറഞ്ഞത് പോലെയുള്ള അനുഭവം അവർക്ക് വീണ്ടും വന്നു ചേരുമ്പോഴുള്ള ആ മാനസികാവസ്ഥ; ആലോചിക്കാൻ വയ്യ. 

കേരളത്തിൽ പാലായിൽ ജനിച്ച മേഴ്സി മാത്യു, ആവശ്യത്തിന് സാമ്പത്തിക സ്ഥിതിയും ഉന്നത വിദ്യാഭ്യാസവും ഒക്കെ ഉണ്ടായിട്ടും, വളരെ എളുപ്പത്തിൽ നേടാമായിരുന്ന ജീവിതസൌകര്യങ്ങളെ പുല്ലു പോലെ വലിച്ചെറിഞ്ഞ് ആദിവാസികളുടെയും ദളിതരുടെയും "ദയാബായി"" ആയ കഥ.... കാറ്റിനൊപ്പം പാറ്റുകയും ഒഴുക്കിനൊപ്പം നീന്തുകയും ചെയ്യുന്ന കേരളത്തിലെ പ്രായോഗിക വാദികൾ  സമയമുള്ളപ്പോൾ ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഒരു അവാര്‍ഡ് ചടങ്ങു കഴിഞ്ഞ് മറ്റൊരു പരിപാടിയിൽക്കൂടി പങ്കെടുത്ത ശേഷം  തൃശ്ശൂരില്‍ നിന്ന് ആലുവയിലേക്ക് പോകാനായിട്ടാണ് ഇവർ  കെ.എസ്.ആര്‍.ടി.സി. ബസ്സില്‍  കയറിയത്. 

പോലീസ് അകമ്പടിയോടെ ബസ്സിൽ കയറിയ ഈ വന്ദ്യ വയോധികയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല എന്നത് ഒരു അപരാധമായി കണക്കാക്കാനാവില്ല. പക്ഷെ, ദയാബായിയോടെന്നല്ല, ഏതൊരു വ്യക്തിയോടും പ്രത്യേകിച്ച് ഏകയായി യാത്ര ചെയ്യുന്ന ഒരു സ്ത്രീയോട് രാത്രി സമയത്ത് ഒരു പൊതു ഗതാഗത സംവിധാനത്തിലെ ജീവനക്കാർ കാണിച്ച ഈ നെറികേട് കൊടിയ അപരാധമാണ്. ഇതെല്ലാം കേട്ടിട്ട് പ്രതികരിക്കാതിരുന്ന സഹയാത്രികരായ മലയാളി മാന്യന്മാരുടെ നിസംഗതയും നിശബ്ദതയും അത്ര തന്നെ അറപ്പുളവാക്കുന്ന തെറ്റാണ്. ദയാബായിയെ അപമാനിച്ച സംഭവത്തിനു പുറമേ മുൻപ് വിവരിച്ച മറ്റു രണ്ടു സംഭവങ്ങളിലും അതിശയകരവും പൊതുവായും ഉള്ള ഒരു കാര്യമുണ്ട്. അങ്ങേയറ്റം മുൻവിധിയോടെയും അസഹിഷ്ണുതയോടെയും സഹജീവികളോട് പെരുമാറിയത് സാമ്പത്തികമായോ തൊഴിൽപരമായോ അത്യുന്നതിയിൽ നിൽക്കുന്നവർ ഒന്നും അല്ലെന്നുള്ളതാണ്. അന്നന്നപ്പത്തിന് പണിയെടുക്കുന്ന തികച്ചും ഇടത്തരക്കാർ ആണവർ. പ്രത്യക്ഷത്തിൽ നമ്മെക്കാൾ താഴ്ന്നവരായി നമുക്ക് തോന്നുന്നവരോട് നമ്മൾ എടുക്കുന്ന മോശപ്പെട്ട നിലപാടുകളുടെ പ്രതിനിധികൾ തന്നെയാണ് മക്‌ഡോണാള്‍ഡിലെ വാച്ച്മാനും മുല്ലനേഴിയെ കസ്റ്റഡിയിലെടുത്ത പോലീസുകാരനും ദയാബായിയെ അപമാനിച്ച ബസ് ജീവനക്കാരും എല്ലാം.

പ്രിയപ്പെട്ട ദയാബായി, തെളിവില്ലാത്ത ഭരണാധികാരികളും വെളിവില്ലാത്ത അതി ബുദ്ധിമാന്മാരും വാഴുന്ന ഈ നാട്ടിൽ നിന്നു കൊണ്ട് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു....

ഞങ്ങൾ ചിലവിനു കൊടുത്തു തീറ്റിപ്പോറ്റുന്ന ഒരു പൊതു സേവകൻ ("PUBLIC SERVANT ") നിങ്ങളെ അറിയാതെ പോയതിനും അപമാനിച്ചതിനും മാത്രമല്ല...

നിങ്ങൾ നികൃഷ്ടമായി അപമാനിക്കപ്പെട്ടപ്പോൾ, ആ വണ്ടിയിലിരുന്ന യാത്രക്കാരുടെ നാവോ കയ്യോ പൊങ്ങാതിരുന്നതിനും അല്ല...

പ്രായോഗികത മിടുക്കായി കൊണ്ടാടപ്പെടുന്ന ഈ കാലത്ത്, ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് ഞാനും ഇങ്ങിനെയൊക്കെത്തന്നെയാണല്ലോ പെരുമാറുന്നത് എന്നോർത്ത്....

നിങ്ങളുടെ മുന്നിൽ ഞാൻ കടപ്പാടോടെ ശിരസ്സ്‌ കുനിക്കുന്നു...

ഒരു ഈരെഴത്തോർത്തു മാത്രമുടുത്ത് കൊണ്ട് ഒരു സാമ്രാജ്യത്തോട് പോരാടി ജയിക്കാൻ ഒരു ജനതയെ നയിച്ച മഹാത്മാവിന്റെ ആശയങ്ങളുടെ പ്രസക്തി ഈ നാട്ടിൽ ഇല്ലാതാവുന്നു എന്ന നഗ്നസത്യം തുറന്നു കാട്ടിയതിന്....

ലളിത ജീവിതം നയിക്കുന്നതും ജീർണ്ണ  വേഷ വിധാനങ്ങളാൽ ദരിദ്രനാണെന്ന് തോന്നിപ്പിക്കുന്നതും കാഴ്ചയിൽ ഒരു "സ്റ്റാൻഡേർഡ്" ഇല്ലാത്തതും ഒക്കെ കടുത്ത അപരാധമാകുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതിന്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

3 comments: