ഞാൻ വെറും പോഴൻ

Thursday 28 January 2016

നുണ പറയുന്ന ശീലം അത്ര മോശം കാര്യമാണോ ???; അല്ലെന്നു പറയാൻ പറഞ്ഞു.....


നുണ പറയരുതെന്ന് ബൈബിൾ അനുശാസിക്കുന്നുണ്ട്. ഒട്ടു മിക്ക മത വിഭാഗങ്ങളുടെയും അനുശാസനങ്ങൾ ഇങ്ങിനെ തന്നെയാണ്. സാമാന്യ സദാചാര സംഹിതകളും അങ്ങിനെ തന്നെയാണ് പറയുന്നത്. എന്നാൽ , നുണ പറയുന്നത്‌ നല്ലതാണെന്ന് അടുത്തിടെ  ഫെഫീൽഡ്‌ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഏഴിനും പതിനൊന്നിനും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളെ നിസാരമായ ചില ടെസ്‌റ്റുകളിലൂടെ പഠന വിധേയരാക്കിയാണ് സൈക്കോളജി വിദ്‌ഗദ്ധർ ഇത്തരം ഒരു അനുമാനത്തിൽ എത്തിയത്. പരീക്ഷണത്തിന്റെ ഭാഗമായി, നുണ പറഞ്ഞ വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷണ വിധേയമാക്കി. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കള്ളത്തരം കാണിച്ച വിദ്യാർത്ഥികൾ രണ്ടാം ഘട്ടത്തിൽ കൂടുതൽ ഓർമ്മ ശക്‌തിയും ചിന്താശേഷിയും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി. നുണ പറയാൻ കൂടുതൽ ആലോചനയും പറഞ്ഞ നുണ ഓർത്തു വയ്‌ക്കാൻ കൂടുതൽ ഓർമ്മ ശക്‌തിയും ആവശ്യമാകുന്നത് കൊണ്ടായിരിക്കാം നുണ പറച്ചിൽ ഗുണകരമായി തീരുന്നതെന്നും പഠനസംഘം പറയുന്നു. ഈ പഠനത്തെക്കുറിച്ച്  ഇപ്പോൾ പറയാനുള്ള കാര്യം പിന്നീടു പറയാം. 


ആദ്യമായി സോളാർ  കേസ്സ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സരിതോർജ്ജകാലത്ത്, സരിത എസ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മചാണ്ടി അസന്നിഗ്ദമായി പ്രസ്താവിച്ചിരുന്നു. തന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾക്കും സഹായികൾക്കും മാത്രമാണ് സരിതയുമായി ബന്ധമുണ്ടായിരുന്നതെന്നും, താൻ ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാട്. പേഴ്‌സണൽ സെക്രട്ടറി ജോപ്പന് എതിരെ അടക്കം നടപടി എടുത്തപ്പോഴും തനിക്ക് കേസുമായി ബന്ധമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. പിന്നീട്, വ്യവസായി ശ്രീധരൻ നായർ, താൻ സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോഴും ഉമ്മൻ ചാണ്ടി അത് നിഷേധിച്ചു. അതിനു ശേഷം, താൻ ശ്രീധരൻ നായരോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറിൽ പോയി എന്നും ഉമ്മൻ ചാണ്ടിയെ കണ്ടു എന്നും നെയ്യാറ്റിൻകര എം എൽ എ സെൽവരാജ് അപ്പോൾ അവിടെ ഉണ്ടായിരുന്നു എന്നും പാലക്കാട്ട് കിൻഫ്രയിൽ ഭൂമി അനുവദിക്കുന്നത് ഉൾപ്പെടെ സോളാർ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തു എന്നുമൊക്കെ സരിത തന്നെ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഗിന്നസ് റെക്കോർഡ് മൊഴി കൊടുക്കലിനിടെ രണ്ടോ മൂന്നോ തവണ സരിതയെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു എന്ന് തോന്നുന്നൂന്നു തോന്നുന്നു എന്ന എങ്ങും തൊടാതെയുള്ള മൊഴി മുഖ്യമന്ത്രി നൽകി. പിന്നീട് കൊടുത്ത തുകയുടെ കണക്കടക്കം കൃത്യമായി പറഞ്ഞു കൊണ്ട് സരിത സോളാർ കമ്മീഷന് മൊഴി കൊടുത്തു. തലേന്ന് ഉമ്മച്ചന്റെ വിശ്വസ്തനായ തമ്പാനൂർ രവി ഫോണിലൂടെ സരിതയോട് ചാണ്ടിച്ചന്റെ മൊഴി ശ്രദ്ധിച്ചു പഠിച്ചു അങ്ങേരു മൊഴിഞ്ഞതിനു സമാനമായി മൊഴിയണമെന്ന് നിർദ്ദേശിക്കുന്നതിന്റെ ശബ്ദ രേഖയും പുറത്തു വിട്ടത്. മൊത്തത്തിൽ കാര്യങ്ങൾ അങ്ങ് സിങ്ക് ആകുന്നില്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും.



പഴയ, റ്റൈറ്റാനിയം കമ്പനി അഴിമതിക്കേസ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോഴും മുഖ്യൻ നുണയാണോ പറയുന്നത് എന്ന് പലരും സംശയിച്ചു. നായനാർ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി മാറ്റി 256 കോടി രൂപയുടെ പദ്ധതിയ്ക്കു രൂപം നൽകി.  കമ്പനിയുടെ ആകെ വരുമാനം കേവലം 120 കോടി രൂപ ഉള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. ഉമ്മൻചാണ്ടിയുടെ ആശീർവാദത്തിൽ, കൊണ്ടു വന്ന ഈ പുതിയ പദ്ധതി പന്ത്രണ്ടു കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അപ്രായോഗികവും നടപ്പാക്കാൻ  പാടില്ലാത്തതാണെന്ന് പൊല്യൂഷൻ കണ്‍ട്രോൾ ബോർഡ് തീർപ്പ് കല്പ്പിച്ചു. ഈ തീർപ്പ് നിലനില്ക്കെ, പൊല്യൂഷന്‍ കണ്‍ട്രോൾ ബോർഡ് പദ്ധതി അംഗീകരിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി, സുപ്രിം കോടതി മോണിറ്ററിംഗ് കമ്മിറ്റി തലവന്‍ ത്യാഗരാജന് കത്തയച്ചു. ഈ കത്ത് എഴുതിയ ദിവസം തന്നെ രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കൽ നിന്ന് പൊല്യൂഷൻ കണ്‍ട്രോൾ ബോർഡിന്റെ ചുമതല എടുത്ത് സുജനപാലിന് നല്‍കി. അന്ന് മുഖ്യമന്ത്രി ഒപ്പിട്ട് അയച്ച കത്ത് കല്ലുവെച്ച നുണ അല്ലെന്ന് എങ്ങനെ വിശ്വസിക്കും !!!???

ഈ അധ്യയനവർഷം, സ്കൂൾ തുറക്കുന്നതിന്റെ തലേന്ന്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പ്രകാരം 90% സ്കൂളുകളിലേക്കുമുള്ള പാഠപുസ്തകങ്ങൾ എത്തിച്ചു കഴിഞ്ഞെന്നും ബാക്കി സ്ക്കൂളുകളിൽ ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകം എത്തുമെന്നും അദ്ദേഹം കുറിച്ചിട്ടു. പറഞ്ഞതിന്റെ പകുതി സ്കൂളുകളിൽ പോലും പാഠപുസ്തകം കിട്ടിയിരുന്നില്ലെന്നു മാത്രമല്ല, സമയത്തിന് പാഠപുസ്തകം കിട്ടാത്തതിന്റെ പുകിലുകൾ ഇപ്പോഴും തീർന്നിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തിലും അദ്ദേഹം പറഞ്ഞത് കള്ളമാണെന്ന് കരുതുന്നവരുടെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്‌ !!!???

വൻ വിവാദം ഭയന്ന് കുറച്ചു നാളുകൾക്കു മുൻപ് സർക്കാർ പിൻവലിച്ച ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെ ഭേദഗതി സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയത് ജൂണ്‍ മാസം ഒന്നിനാണ്. എന്നാൽ, മെയ് 22 ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്, 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങൾക്ക് സർക്കാർ സംരക്ഷണം കിട്ടില്ല എന്നാണ്. കൃത്യമായി പറഞ്ഞാൽ, പരമാവധി കയ്യേറ്റക്കാർക്ക് വഴി വിട്ട സഹായം നൽകാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന ഭേദഗതിയുടെ മുഴുവൻ തീരുമാനവും അന്നേ എടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അല്ലാതെ എങ്ങിനെയാണ് 10 ദിവസം കൊണ്ട് ഇങ്ങനെ ഒരു വെള്ളം ചേർക്കൽ ഈ സുപ്രധാന തീരുമാനത്തിൽ വരുന്നത്. എന്നിട്ടാണ്, പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയത്. ഒന്നുകിൽ മെയ് 22-നും ജൂണ്‍ 1-നും ഇടയ്ക്ക് മറ്റൊരു മന്ത്രിസഭാ യോഗം ഇതിനു വേണ്ടി നടന്നു കാണണം. അല്ലെങ്കിൽ, ഇത്തരം ഒരു ഉത്തരവിറങ്ങിയത് മുഖ്യമന്ത്രി അറിയാതെയാണെന്ന് സമ്മതിക്കേണ്ടി വരും. ഇത് രണ്ടും സമ്മതിക്കാത്ത കാലത്തോളം അദ്ദേഹം നുണ പറഞ്ഞതാണെന്ന് വിശ്വസിക്കേണ്ടി വരും.

ഏതാനും മാസങ്ങൾക്ക് മുൻപ് ഡി ജി പി ജേക്കബ്‌ തോമസ്‌ ഐ പി എസിനെ ഫയർഫോഴ്സ്‌ മേധാവി സ്ഥാനത്തു നിന്ന്‌ മാറ്റിയത്‌ സർക്കാരിന്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശദീകരണം. എന്നാൽ സംഗതി  വസ്തുതാവിരുദ്ധമാണെന്ന്‌ വിവരാവകാശ രേഖകൾ വിളിച്ച് പറഞ്ഞു. ജേക്കബ്‌ തോമസിനെതിരെ രേഖാമൂലമുള്ള പരാതികളൊന്നും സർക്കാരിന്‌ ലഭിച്ചിരുന്നില്ലെന്നാണ്‌ മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി ബി ബിനുവിന്‌ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്‌. ഇത് നോക്കിയാലും മുഖ്യൻ നുണ പറയുകയാണെന്ന് തോന്നാം.

അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധനക്ക് തയ്യാറാണെന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സരിത അറിയിക്കുമ്പോൾ തന്നെ താൻ നുണ പരിശോധനയ്ക്ക് ഒരുക്കമല്ലെന്ന് സംശുദ്ധ ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ ഉമ്മച്ചൻ പ്രസ്താവിച്ചു. ഇതോടെ സോളാർ കേസ് പുറത്തു വന്നത് മുതൽ ഇങ്ങോട്ട് മുഖ്യമന്ത്രി ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു എന്ന് ഉമ്മൻ ചാണ്ടിയുടെ വിമർശകർ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

ഉണ്ണാനും നുണ പറയാനുമേ വാ തുറക്കൂ എന്നായിരുന്നു കേരളത്തിലെ പഴയൊരു മുഖ്യമന്ത്രിയെപ്പറ്റി ഉണ്ടായിരുന്ന ഒരു പൊതുജന സംസാരം. വന്നു വന്നു, ഇപ്പോഴത്തെ മുഖ്യമന്ത്രി സത്യം പറഞ്ഞാൽപ്പോലും അത് നുണയാണെന്ന് തോന്നിപ്പോകുന്നു എന്നിവിടെ പലരും അടക്കം പറയുന്നുണ്ട്. ....


അതിജീവന കലയുടെ ആചാര്യൻ എന്നാന്ന് കുറെ നാൾ മുൻപ് ഒരു വാരിക മുഖ്യനെ വിശേഷിപ്പിച്ചത്‌. നുണ പറയുന്നത് നല്ലതാണെന്ന റിസർച്ച് റിപ്പോർട്ട് തുടക്കത്തിൽ പറഞ്ഞത് എന്തിനാണെന്ന് ഇനി വിവരിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു...

ഇത്രയൊക്കെ ഉണ്ടായിട്ടും തൊലിക്കും തുണിക്കും കോട്ടമില്ലാതെ ജിൽ ജിൽ ന്നു നിക്കണ നിൽപ്പ് കണ്ടാ



പ്പോ

രെ....


അങ്കമാലി ശബരി പാതയെപ്പറ്റി മുഖ്യൻ തള്ളിയ അപാര തള്ളിനെപ്പറ്റി മുൻപൊരിക്കൽ ഇട്ട പോസ്റ്റ്‌ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക....എന്റെ ചാണ്ടിച്ചായാ, നിങ്ങളെന്തു വിടലാണ് വിടണത്‌....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. അച്ചായാ, എന്താണ് പുതിയ ഐറ്റെംസ് ഒന്നും വരാത്തത്..?? JNU , തിരുവമ്പാടി സീറ്റ് , മെത്രാൻ കായൽ, കരുണ എസ്റ്റേറ്റ്‌ ..പിന്നെ നമ്മുടെ കുഞ്ഞൂഞ്ഞിന്റെ ഭരണ നേട്ടങ്ങൾ ..ഒരു പാട് വിഷയങ്ങൾ ഉണ്ട് ..ഞങ്ങൾ ഒക്കെ കാത്തിരിക്കുകയാണ്‌ ..!!

    ReplyDelete
  2. അതെ അതെ വിഷയങ്ങൾക്ക്‌ ഒരു പഞ്ഞവുമില്ല....ഓഫീസിൽ ഭയങ്കര തിരക്കാണ് മാഷെ...എഴുതാൻ ഒട്ടും സമയം കിട്ടുന്നില്ല....

    ReplyDelete
  3. പഴയ പോസ്റ്റുകൾ ഇട്ട്‌ പറ്റിയ്ക്കുവാണല്ലേ???

    ReplyDelete
    Replies
    1. ചില വിഷയങ്ങൾ നമ്മളെ വല്ലാതെ പ്രേരിപ്പിക്കും; എഴുതാൻ. പക്ഷെ, ചിലപ്പോൾ അത് തീരെ സമയം കിട്ടാത്ത അവസരവും ആവും. മാത്രവുമല്ല മുൻപ് ഇട്ടപ്പോൾ ശ്രദ്ധിക്കാതെ പോയവയും ആകാം. സന്ദർഭം ഒത്തു വന്നാൽ പഴയതിൽ മോഡിഫിക്കേഷൻ ചെയ്ത് പോസ്റ്റ് ചെയ്യാറുണ്ട്.

      Delete