ഞാൻ വെറും പോഴൻ

Thursday 19 May 2016

"സീറോ" രാജഗോപാൽ ഇപ്പോൾ ശരിക്കും ഹീറോ രാജഗോപാൽ

O. രാജഗോപാൽ എം എൽ ഏ

"O" രാജഗോപാൽ എന്നതിനെ എതിർ ചേരിക്കാർ പരിഹാസം ചേർത്തു വിളിച്ചിരുന്നതാണ് "സീറോ" രാജഗോപാൽ എന്ന്.  എന്നാൽ ഇനിമേൽ  നിസ്സംശയം അദ്ദേഹത്തെ ഹീറോ രാജഗോപാൽ എന്ന് വിളിക്കേണ്ടിയിരിക്കുന്നു.


ഓ രാജഗോപാല്‍, പാലക്കാട്‌ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിലാണ് ജനിച്ചത്‌. സാധാരണ ഗ്രാമീണ പള്ളിക്കൂടത്തില്‍ നിന്നും പാലക്കാട് വിക്റ്റോറിയ കോളേജിൽ നിന്നുമായി  അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിൽ നിന്നു നിയമബിരുദം നേടി. 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ദീൻ ദയാൽ ഉപാധ്യായയുടെ രാഷ്ട്രീയ പ്രവര്‍ത്തന രീതികളില്‍ പ്രചോദിതനായിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നത്. ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഇപ്പോള്‍ ബി ജെ പി ദേശീയ നേതാവാണ്. ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. ഇദ്ദേഹം  1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ആർ.എസ്സ്.എസ്സിന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. ഇഷ്ടമുള്ളവര്‍ രാജേട്ടന്‍ എന്ന് വിളിക്കുന്ന ഓ രാജഗോപാല്‍ കക്ഷി ഭേദമെന്യേ ജനസമ്മതനായിരുന്നു (തിരഞ്ഞെടുപ്പുകളില്‍ ഒഴികെ). അദ്ദേഹം റെയില്‍വേ സഹമന്ത്രി ആയിരുന്ന കാലയളവില്‍ മറ്റേതൊരു ഭരണ കാലത്തേക്കാളും റെയില്‍വേ വികസനം കേരളത്തില്‍ ഉണ്ടായി എന്നത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.  

ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന ഒരു ഗുണം എന്നത്  ഇതൊന്നും അല്ല. സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന "ഫ്ലക്സ്‌" രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഉറപ്പായും അദ്ദേഹം വ്യത്യസ്ഥന്‍ ആയിരുന്നു. ഇപ്പോഴത്തെ താമരയുടെ ആദിരൂപങ്ങളുടെ പിറകെ അദ്ദേഹം ഇറങ്ങി പുറപ്പെടുന്ന കാലത്ത്, ആ വിചാരധാരക്കോ അതിന്റെ രാഷ്ട്രീയ പോഷക സംഘടനകൾക്കോ ആ വിചാരധാരക്കോ അതിന്റെ രാഷ്ട്രീയ പോഷക സംഘടനകൾക്കോ കേരളത്തിൽ കാര്യമായ വേരോട്ടമുണ്ടാകുമെന്ന്  വിഡ്ഢികള്‍ പോലും പ്രതീക്ഷിക്കില്ലായിരുന്നു. അങ്ങനെ നോക്കിയാല്‍ സ്വന്തമായി ഒരു രാഷ്ട്രീയ നേട്ടവും ഉണ്ടാവില്ല എന്ന് തീര്‍ച്ചപ്പെടുത്തി ഉള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്ന് മനസ്സിലാക്കാം. അത് തന്നെ അദ്ദേഹത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ഇന്നേ വരെ തരാം താണ ഒരു വാക്കോ പ്രവൃത്തിയോ അദ്ദേഹത്തില്‍ നിന്നു വരുന്നത് രാഷ്ട്രീയ കേരളം കണ്ടിട്ടില്ല. സ്വന്തം ബോധ്യത്തിൽ നിന്ന് ഉരുത്തിരിയുന്ന നിലപാടുകൾ ഉയർത്തിപ്പിടിക്കാനും ഉറക്കെ വിളിച്ചു പറയാനും വിമുഖത കാണിക്കാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വം അഭിനവ സംഘകുടുംബാംഗങ്ങൾക്ക് പോലും ഭാവിയിൽ ബാധ്യതയാവാൻ സാധ്യതയുണ്ട്. 

ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവുമില്ലാത്തവർ പോലും സമ്പത്തിന്റെയും ജാതി രാഷ്ട്രീയത്തിന്‍റെയും ഉപജാപ രാഷ്ട്രീയത്തിന്‍റെയും പിൻബലത്തിൽ ജനപ്രതിനിധികളായും മന്ത്രിമാരായും വിലസ്സുന്ന കേരള രാഷ്ട്രീയ സാഹചര്യത്തിൽ ശ്രീ. ഒ. രാജഗോപാലിനെപ്പോലുള്ള സംശുദ്ധ പൊതുപ്രവർത്തകനെ ജനപ്രതിനിധിയായി ജയിക്കാൻ കേരളത്തിലെ ഒരു മണ്ഡലവും ഇത് വരെ സമ്മതിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അദ്ദേഹം വിജ യ സോപാനം ഏറുക തന്നെ ചെയ്തു. 

രാഷ്ട്രീയത്തിലെ സംശുദ്ധത, ലാളിത്യം, സുതാര്യത എന്നിവയ്ക്ക് ഒടുവിൽ ജനങ്ങളുടെ അംഗീകാരം....

ബി ജെ പി ക്ക് വഴി കാട്ടാൻ ഇതിലും നല്ലൊരു വ്യക്തി ആ കൂട്ടത്തിലില്ല........

കേരളത്തിലെ ബി ജെ പി യുടെ കന്നി എം എൽ ഏ യ്ക്ക് അഭിവാദ്യങ്ങൾ...

രാജേട്ടന്റെ വിജയത്തെ രാഷ്ട്രീയ വിജയം എന്നതിലുപരി ഒറ്റപ്പെട്ട വ്യക്തിപരമായ വിജയം എന്ന് പലരും വിശേഷിപ്പിക്കുന്നത് കേട്ടു. അതിൽ കുറച്ച് സത്യം ഉണ്ടെങ്കിൽപ്പോലും അതിനെ അത്രയ്ക്ക് ലളിതവൽക്കരിക്കാതിരിക്കുന്നതാണ് എല് ഡി എഫിനും യു ഡി എഫിനും നല്ലത്. ആറേഴ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് ബി ജെ പി നേതൃത്വം നല്കുന്ന എൻ ഡി ഏ ആണ്.  വോട്ടു സമാഹരണത്തിൽ, ബി ഡി ജെ എസിന്റെ സഹായത്തോടെയും അല്ലാതെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ ബഹുദൂരം മുന്നേറ്റം നടത്തിയ ബി ജെ പി യുടെ പ്രകടനമാണ് മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കേണ്ടത്. തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നതും ഇപ്പോൾ കിട്ടിയതുമായ വോട്ടുകളുടെ എണ്ണം രണ്ടു കൂട്ടരും മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്. യാഥാർത്ഥ്യങ്ങളെ  ഉൾക്കൊണ്ടു ആത്മാർഥമായി ആത്മശോധന ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഓഫീസുകൾ തെരുവ് പട്ടികളുടെ അഭയസ്ഥാനമാകുന്ന കാലം വിദൂരമല്ല. ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങളുടെ വോട്ടുപെട്ടിയിൽ വീഴിക്കാൻ പണ്ട് ഒരു പക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത് കൃത്യമായി തങ്ങളുടെ കൂടെ പെട്ടിയിൽ വീഴിക്കാൻ ബി ജെ പിക്കു കഴിയുന്നു എന്നത് കേരള രാഷ്ട്രീയത്തിൽ താമരക്ക് ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ വിളിച്ചു പറയുന്നു. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില് നിന്ന് ഒരു നല്ല പങ്കും അതോടൊപ്പം പുതിയതായി പോൾ ചെയ്ത വോട്ടുകളിൽ നിന്ന് ഒരു ഗണ്യമായ പങ്കും ബി ജെ പിയുടെ പെട്ടിയിലേക്കാണ് വീണത് എന്ന് വേണം മനസ്സിലാക്കാൻ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ ഇത്രയും നാൾ ബി ജെ പി അനുഭവിച്ചിരുന്ന രാഷ്ട്രീയ തൊട്ട് കൂടായ്മയുടെയുടെയും അസ്പൃശ്യതയുടെയും കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇവിടെ യു ഡി എഫും എൽ ഡി എഫും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ബഹുദൂരം അകലത്താണ്. മിക്കവാറും അവരുടെ ഗ്രൂപ്പ് താല്പ്പര്യങ്ങളും കീശ വിപുലീകരണവും ആമാശയ സംരക്ഷണവും മാത്രമാണ് ഇവിടെ നടപ്പാകുന്നത്. ബി ജെ പി ഇതിൽ നിന്നും ഏറെ മെച്ചമാണെന്നല്ല; എന്നാലും ഒരു മാറ്റി പരീക്ഷണം ആകാമല്ലോ എന്ന് ജനം ചിന്തിച്ചാൽ, ശക്തമായ ഒരു ജനകീയബദൽ ലഭ്യമല്ലാത്ത രാഷ്ട്രീയ പരിതസ്ഥിതിയിൽ, ബി ജെ പിയ്ക്ക് ഭാവിയിൽ നല്ല സാധ്യതയുണ്ട്.  എന്തായാലും, രാത്രി കഴിഞ്ഞാല് പകലെത്തും, പകലൊടുങ്ങുമ്പോള് രാത്രിയും എന്ന മട്ടിൽ കാലാകാലങ്ങളിൽ മാറി മാറി എൽ ഡി എഫും യു ഡി എഫും കേരളം ഭരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ബി ജെ പി അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന ചുവരെഴുത്താണ് ഈ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുടെ എണ്ണം പതിയെ പതിയെ കൂടി വരുന്നു എന്ന തിരിച്ചറിവും. ഇത് എന്തായാലും ഈ തിരഞ്ഞെടുപ്പിൽ മാത്രം കാണുന്ന പ്രതിഭാസമായി അവസാനിക്കാൻ ഒരു സാധ്യതയും കാണുന്നില്ല.

തുടർന്നങ്ങോട്ട് കേരളത്തിൽ താമരയുടെ ഭാവി എന്ത് തന്നെയായാലും പാർട്ടിക്കതീതമായി രാജേട്ടന് കിട്ടിയ പൊതു സ്വീകാര്യതയും സ്‌നേഹവും ആദരവും ബിജെപിക്കും അതിന്റെ മറ്റൊരു നേതാവിനും കിട്ടുമോ എന്ന് എനിക്ക് സംശയമുണ്ട്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment