ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Monday, 11 July 2016

ആരാണീ ശ്രീനാരായണഗുരു ?? ആരാണ് ഗുരുവിനെ അപമാനിക്കുന്നത് ???കേരളം ലോകത്തിന് സംഭാവന നൽകിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവൻ. പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അത് സ്വധർമ്മത്തിന് എതിരാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്റെ പേരിൽ സംസ്കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവർത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തിൽ നടന്നപ്പോൾ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നൽകിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അൻപതാം വർഷത്തിൽ മറ്റൊരു ദേശീയ കൗൺസിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയർത്തുന്നത്. ഏവർക്കും ചതയ ദിനാശംസകൾ. BJP KERALAM ഫേസ്ബുക് പേജിലെ ചതയദിന പോസ്റ്റാണിത്....

ശ്രീനാരായണീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണുന്നതും കേൾക്കുന്നതും ഒക്കെ വിരോധാഭാസങ്ങളും അതിശയജനകവുമായ കാര്യങ്ങളാണ്. പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും ചുമ്മാ കോർണർ ചെയ്യാനാണ് കേരളത്തിൽ ഇടതും വലതും പാർട്ടികളെല്ലാം അഹോരാത്രം വിശ്രമമില്ലാതെ പണി ചെയ്യുന്നതെന്ന് തെളിയിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് നടേശഗുരു ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. അയ്യോ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചേ, ശ്രീ നാരായണീയ പ്രസ്ഥാനത്തെ അപമാനിച്ചേ മുതലായ മുറവിളികൾ ഇദ്ദേഹത്തിന്റെ സ്ഥിരം നമ്പറുകളായിരിക്കുന്നു.

ആരാണീ ശ്രീനാരായണ ഗുരു എന്ന ചോദ്യത്തിന് പറയാവുന്ന ഉത്തരങ്ങൾ വിരലിൽ എണ്ണിത്തീർക്കാവുന്നതല്ല. കേരളത്തിന്റെ മത-സാമുദായിക-സാമൂഹ്യ പരിസരം വളരെയേറെ ദുഷിച്ചിരുന്ന കാലഘട്ടത്തിൽ ആധ്യാത്മികതയിലൂന്നി നിന്ന് കൊണ്ട് അന്നത്തെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരമാര്‍ഗം കാണിച്ചുകൊടുത്ത മഹാത്മാവാണ് ഗുരുദേവൻ. മാനവ പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന, സാമൂഹിക മുന്നേറ്റങ്ങളെ മന്ദീഭവിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വേണ്ടെന്നു വയ്ക്കാൻ അന്നത്തെ തലമുറയെ ബോധവല്ക്കരിക്കാൻ കഴിഞ്ഞ അപൂർവ്വം മനുഷ്യസ്നേഹികളിൽ ഒരാൾ. ആരാധന, പൂജ, ആചാരങ്ങൾ എന്നിങ്ങനെയുള്ള പേരുകളിൽ നടത്തിയിരുന്ന അപരിഷ്‌കൃതങ്ങളായ പല  ചടങ്ങുകൾക്കിടയിലും നേരിട്ട് കടന്നു ചെന്ന് അത് നിർത്തി വയ്പ്പിക്കാൻ പാകത്തിന് ആജ്ഞാശക്തിയുള്ള  ആചാര്യൻ. ആഘോഷങ്ങളിലെ പണത്തിന്റെ ദുർവ്യയത്തെയും ആഡംബരങ്ങളെയും എതിർത്ത ജനസ്വാധീനമുള്ള സാധാരണക്കാരൻ. ചെറുമൻ മുതല്‍ ബ്രാഹ്മണൻ വരെയുള്ള മനുഷ്യരെ തന്റെ മഹാദർശനത്തിന്റെ ഒറ്റനൂലിൽ കോർത്തെടുത്ത മഹാൻ. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അനുഭവിച്ചു മുതുകു വളഞ്ഞു പോയ ഒരു ജനതയെ നട്ടെല്ല് നിവർത്തി നടക്കാൻ ബലം നല്കിയ രക്ഷകൻ. മലയാള മണ്ണ് കണ്ട ഏറ്റവും മഹാനായ സാമൂഹ്യ പരിഷ്കർത്താവ്‌, ആത്മീയാചാര്യന്മാരെയും കവികളെയും സാഹിത്യകാരന്മാരെയും വിസ്മയിപ്പിച്ച ജ്ഞാനസമുദ്രം, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയ വിപ്ലവകാരി എന്നൊക്കെയുള്ള മനോഹരമായ വിശേഷണങ്ങൾക്കൊപ്പം ഗുരു ഒരു ഹിന്ദുസന്ന്യാസിയാണെന്നും ഒരു പ്രത്യേക വിഭാഗക്കാരുടെ ദൈവമാണെന്നും ഒക്കെയുള്ള ശുദ്ധപോഴത്തരങ്ങളും കേൾക്കാറുണ്ട്.  

അങ്ങനെ ഇന്നാട്ടിലെ ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് തലങ്ങും വിലങ്ങും ഗുരുവിനെ വ്യാഖ്യാനിച്ചു; എന്നാൽ ഈ പറഞ്ഞതിനൊക്കെ അപ്പുറം വലിയ ഒരു പ്രതിഭാസം തന്നെയായിരുന്നു ഗുരു എന്ന് തലയ്ക്കു നല്ല വെളിവുള്ള പലരും സമർഥിച്ചിട്ടുണ്ട്; അതാണ്‌ സത്യവും. തൽക്കാലം ഗുരുമാഹത്മ്യ വർണ്ണന അവിടെ നില്ക്കട്ടെ. 


കേരളനവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന സംഭവമായിരുന്നു ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ. സവർണ്ണരുടെ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഈഴവർക്കും മറ്റു അധഃകൃത വിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കാത്ത, എന്തിന് പൊതുവഴിയിൽ കൂടി നടക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത കാലത്തായിരുന്നു ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. 


നിങ്ങൾ സംഘടിച്ചു ശക്തരാകുവിൻ  എന്ന ഗുരുദേവ നിർദേശത്തിന്റെ പൂർത്തീകരണമായിരുന്നു എസ്‌എൻഡിപി രൂപീകരണം. അരുവിപ്പുറം പ്രതിഷ്ഠയുടെ നടത്തിപ്പിനായി രൂപീകരിച്ച അരുവിപ്പുറം ക്ഷേത്രയോഗമാണ്‌ എസ്‌എൻഡിപി യോഗമായി പരിണമിച്ചത്‌. ഈഴവസമുദായത്തിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയ്ക്കും സമുദായാംഗങ്ങൾക്ക് വേണ്ടി അമ്പലങ്ങൾ, ആശ്രമങ്ങൾ, വിദ്യാലയങ്ങൾ, സഹായധനം മുതലായവ ഏർപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും നോക്കി നടത്താനുമെന്ന മുഖ്യ ലക്ഷ്യത്തോടെ 1882 ലെ ആറാം നമ്പർ ഇന്ത്യൻ കമ്പനി നിയമം അനുസരിച്ചാണ് എസ്‌എൻഡിപി യോഗം രജിസ്റ്റർ ചെയ്യപ്പെട്ടത്‌. ഈഴവരുടെ ഉന്നമനത്തിനുവേണ്ടി രൂപം കൊടുത്ത സംഘടനയാണെങ്കിലും എല്ലാ മത-ജന വിഭാഗങ്ങൾക്കും സ്വീകാര്യത ഉള്ള ഒരു പ്രസ്ഥാനമായിരുന്നു. ശ്രീനാരായണഗുരു അവസാനമായി സന്ന്യാസ ദീക്ഷ നൽകിയ സ്വാമി ആനന്ദതീർഥൻ എന്ന അനന്തഷേണായി ഒരു കൊങ്ങിണി   ബ്രാഹ്മണനായിരുന്നു. ഇദ്ദേഹമാണ് പയ്യന്നൂരിൽ ശ്രീനാരായണാലയം സ്ഥാപിച്ചത്‌. നായർ സമുദായത്തിൽപ്പെട്ട സത്യവ്രതൻ ശ്രീനാരായണഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു.  കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു സി.പി. ഐ നേതാവ് എൻ.ഇ. ബാലറാം തലശേരിയിൽ ആദ്യമായി എസ്‌എൻഡിപി യോഗം രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായിരുന്നു. 

കച്ചവടതാൽപര്യക്കാരായ പലരും എസ്‌എൻഡിപി യോഗത്തിന്റെ നടത്തിപ്പ് കൈക്കലാക്കിയതോടെ ഗുരുദേവൻ സന്യാസിസംഘടനയായ ശ്രീനാരായണ ധർമ സംഘം സ്ഥാപിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ പഠിപ്പിച്ച തന്നെ ഈഴവ ജാതിക്കാരുടെ ആത്മീയ നേതാവായും ദൈവമായും ഒക്കെ ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന്‌ അദ്ദേഹം നേരിട്ട് ഇത്തരം ഒരു പ്രസ്താവന പുറപ്പെടുവിച്ചു "  നാം ജാതിഭേദം വിട്ടിട്ട്‌ ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടവരായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിന്‌ വിരുദ്ധമായ ധാരണയ്ക്ക്‌ ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂവെന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു; എന്ന്‌ നാരായണഗുരു". ഇത് പ്രൊഫ. എം കെ സാനു എഴുതിയ നാരായണഗുരു സ്വാമി എന്ന പുസ്തകത്തിൽ ഉള്ളതാണ്. 


ജാതിയുടെ അതിർവരമ്പുകൾ മായ്ച്ച, മാനവികത മാത്രം ലക്‌ഷ്യം വച്ച നന്മയുടെ ദൂതന്റെ മഹത്തായ ദർശനങ്ങളെ അതിന്റെ ഇപ്പോഴത്തെ പ്രചാരകർ (പ്രായോജകർ; അതാണ്‌ ശരി ) തന്നെ മറന്നു എന്നതാണ് യാഥാർത്ഥ്യം. സവർണ്ണ മേൽക്കോയ്മക്കെതിരെയും, സഞ്ചാര സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ട വന്ദ്യഗുരു ഉയർത്തിക്കൊണ്ടു വന്ന പ്രസ്ഥാനത്തെ അപ്പാടെ സവർണ്ണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആർഎസ്‌എസിന്റെയും ബിജെപിയുടെയും ലായത്തിൽ തളയ്ക്കാൻ ഇവർ ശ്രമിക്കുമ്പോൾ ആരാണ് ഗുരുവിനെ അവഹേളിക്കുന്നത് ???. മദ്യവർജ്ജനത്തിന്റെ സന്ദേശം പഠിപ്പിക്കാൻ അക്ഷീണം യജ്ഞിച്ച അദ്ദേഹത്തിൻറെ പ്രസ്ഥാനം നയിക്കുന്നതും ഭരിക്കുന്നതും മദ്യക്കച്ചവടക്കാർ ആകുമ്പോൾ ആരാണ് ഗുരുവിനെ നിന്ദിക്കുന്നത്‌ ??? 


അഴിമുഖം.കോമിൽ M.J. ശ്രീചിത്രന്റെതായി കണ്ടത് => ഗാന്ധിയെ കോണ്‍ഗ്രസുകാരുടെയത്ര തവണ കൊല്ലാന്‍ ആര്‍.എസ്.എസുകാര്‍ക്കായിട്ടില്ല എന്നതുപോലെ ഒരു ലളിതസത്യമാണ് നാരായണഗുരുവിനെ എസ് എന്‍ ഡി പിയോളം കുരിശിലേറ്റാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും. നാരായണഗുരുവിനെ ഇത്രയും കാലം വെള്ളാപ്പള്ളി നടേശന്‍ കുരിശില്‍ തറച്ചതില്‍ കൂടുതല്‍, ഒരു നിശ്ചലദൃശ്യം കൊണ്ട് ഇടതുപക്ഷത്തിനു കഴിയുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ തലയ്ക്ക് ഓളം വെട്ടാണെന്നേ മനസ്സിലാക്കാനുള്ളൂ. നടേശഗുരുവിന്റെ പുത്രനായ തുഷാര തിരുവടികള്‍ ഫോറിന്‍ ലിക്കറിനേപ്പറ്റി ഗുരു ഒരക്ഷരം പറഞ്ഞിട്ടില്ലെന്നു കൂടി കണ്ടെത്തിക്കഴിഞ്ഞു. ഇനി കുറച്ചു കൂടി കാത്തിരുന്നാല്‍ അച്ഛനും മകനും കൂടി ആത്മോപദേശശതകവും വ്യാഖ്യാനിക്കുമായിരിക്കും. അവനവനാത്മസുഖത്തിനാചരിക്കുക എന്നുവെച്ചാല്‍ ഷെയറിടാതെ വിദേശമദ്യം വാങ്ങുക എന്നാണുദ്ദേശിച്ചതെന്നോ, അപരനുസുഖത്തിനായ് വരേണം എന്നാല്‍ സ്വന്തം കാശിനു വാങ്ങിയതാണെങ്കിലും ചക്കാത്തിനു കുടിക്കാന്‍ നില്‍ക്കുന്നവനു ഒരു സ്മാളെങ്കിലും കൊടുക്കണം എന്നാണെന്നോ വ്യാഖ്യാനം വന്നാലും അത്ഭുതപ്പെടാനില്ല.  

“ജാതിയെപറ്റിയും മതത്തെ പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ചു ചിന്താപ്രചരണം നടത്താന്‍പോന്ന ധൈഷണിക മഹത്വവും ശീലശുദ്ധിയും ഉള്ള ആളുകള്‍ ആദ്യകാലത്തെ ശിഷ്യപ്രവര്‍ത്തകര്‍ക്ക് ശേഷം നഷ്ടപ്പെട്ടുപോവുകയും സ്ഥാനമോഹികളും അയോഗ്യരുമായ “പെരുച്ചാഴികള്‍” നേതാക്കളായി വരികയും ചെയ്തതാണ് പൊതുവെ പറഞ്ഞാല്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ദുരന്തം” എന്ന് ഡോ. സുകുമാര്‍ അഴീക്കോട് ഒരിക്കൽ പ്രസ്താവിച്ചതും ഇപ്പോൾ സ്മരണീയമാണ്. 

വെറുതെ ഒരു ഓർമ്മപ്പെടുത്തൽ : 

ഗുരുദേവനെ അപമാനിച്ചു എന്നു പറഞ്ഞു നടേശഗുരു ഉറഞ്ഞു തുള്ളിയ സംഭവമായിരുന്നു സി പി എമ്മിന്റെ "ക്രൂശിതനായ നാരായണഗുരു" ടാബ്ലോ സംഭവം. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ സംഘടിത ശക്തിയെ വര്‍ഗീയശക്തികള്‍ ദുരുപയോഗം ചെയ്യുന്നതും  ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങൾക്ക് ഇന്നത്തെ പ്രചാരകന്മാരുടെ കൈയ്യിൽ സംഭവിച്ച അപചയവും ആണ് അന്ന് സി പി എം നിശ്ചലദൃശ്യത്തിലൂടെ  ചിത്രീകരിക്കാൻ ശ്രമിച്ചതെന്നാണ് ഈ നാട്ടിലെ ചിന്തിക്കുന്നവർ മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ ഈ ടാബ്ലോ വഴി സിപിഎം ഒരു തെറ്റും ചെയ്തു എന്ന് സാമാന്യ വിവരമുള്ള  ആർക്കും തോന്നിയില്ല. പക്ഷെ, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി മത സംബന്ധിയായ ഒരാഘോഷം സംഘടിപ്പിച്ചതും, തുടർന്നുണ്ടായ വിവാദങ്ങളും ഏതാനും പേരുടെ അപ്രിയവും ഒഴിവാക്കാൻ വേണ്ടി ടാബ്ലോയുടെ കാര്യത്തിൽ പാർട്ടിക്ക് തെറ്റ് പറ്റി എന്ന് വിളിച്ചു പറഞ്ഞതും വലിയ തെറ്റായിപ്പോയി... കാരണം, പാർട്ടി മതചടങ്ങുകളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും ടാബ്ലോ വഴി വിളിച്ചു പറഞ്ഞ കാര്യങ്ങൾ വളരെ ശരിയായിരുന്നെന്നും ചിന്തിക്കുന്നവരുടെ എണ്ണം തീരെ ചെറുതല്ല. അവരോട് പാർട്ടി കാണിച്ചത് വലിയ നയവഞ്ചനയായിപ്പോയി... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments: