ഞാൻ വെറും പോഴൻ

Friday, 11 November 2016

ഇതാ ആ മനുഷ്യൻ....കള്ളപ്പണവൃക്ഷത്തിന്റെ വേര് 500-ഉം 1000-ഉം വച്ച് വെട്ടാമെന്ന് വിളിച്ചു പറഞ്ഞയാൾ

അത്യന്തം രഹസ്യാത്മകവും നിർണ്ണായകവുമായ നടപടിക്രമങ്ങളോടെ ഭാരതം കണ്ട അത്യപൂർവ്വവും സാഹസികവുമായ നടപടിയിലൂടെ 500-ന്റെയും 1000-ന്റെയും നോട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അസാധുവാക്കിയതിനെ പൊതു സമൂഹം രണ്ടു വിഭാഗമായി തിരിഞ്ഞ് അഭിനന്ദിക്കുകയും എതിർക്കുകയും  ചെയ്യുന്നത് കേട്ടു. വളരെയേറെ ഗൃഹപാഠം ചെയ്തതിന് ശേഷമാവണം ഈ തീരുമാനം കൈക്കൊണ്ടത് എന്ന് വേണം അനുമാനിക്കാൻ. ഈ തീരുമാനം കൊണ്ട് വലിയ തോതിലുള്ള താൽക്കാലിക കഷ്ടപ്പാടുകൾ അനുഭവിക്കുന്ന സാധാരണക്കാരും താൽക്കാലികമല്ലാത്ത ഗുരുതര കഷ്ടപ്പാടുകൾ അനുഭവിക്കുന്ന അസാധാരണക്കാരും സംഭവത്തെ ഇപ്പോഴും ചർച്ച ചെയ്ത് തീർന്നിട്ടില്ല. ഇതിനിടയിൽ ഒട്ടു മിക്കവരും ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു "ഇതാരുടെ ഐഡിയ ആണെന്ന് ???". 

ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചാൽ, ആ അന്വേഷണം ചെന്ന് നിൽക്കുക, അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സംഘടനയിലേക്കും  അതിലെ പ്രധാനിയായ അനിൽ ബോകിൽ എന്ന ഔറംഗാബാദ് സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റിലേക്കും ആണ്. പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാമ്പത്തിക ഉപദേശ സ്ഥാപനമുണ്ട് അര്‍ത്ഥ ക്രാന്തി പ്രതിഷ്ഠാൻ. കുറച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയാണിത്. ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, മീഡിയ റിപ്പോർട്ടുകൾ അനുസരിച്ച് മുകളിലെ ചിത്രത്തിൽ കാണുന്ന ഈ മനുഷ്യന്റെ ഐഡിയ ആണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഡീമോണിറ്റൈസേഷൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് കള്ളപ്പണം ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ അർത്ഥക്രാന്തിയുടേതെന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിലെ ഒരു പ്രധാനനിർദ്ദേശമായിരുന്നു വലിയ ഡിനോമിനേഷൻ നോട്ടുകൾ പിൻവലിക്കുക എന്നത്. അർത്ഥക്രാന്തിയുടെ അഭിപ്രായത്തിൽ രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകളുടെ ആവശ്യമില്ല. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒക്ടോബറിൽ അനിൽ ബോകിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംഘടനയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നതനുസരിച്ച് അവരുടെ നിർദേശമാണ് ഇപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വസ്തുതകൾ എന്ത് തന്നെയായാലും, ഗവണ്മെന്റിന്റെ വിപ്ലവകരമായ ഈ നടപടിക്ക് പിന്നിൽ ഈ കൊച്ചു മനുഷ്യന്റെ നിർദ്ദേശങ്ങൾ പ്രേരകശക്തിയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണധികവും. എന്നാൽ, ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണമുണ്ട്. അർത്ഥക്രാന്തി മുന്നോട്ടു വച്ച വളരെയധികം നിർദ്ദേശങ്ങളിൽ ഒന്ന് മാത്രമാണ് High Value Demontisation. അതെത്രത്തോളം ഉപകാരപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അർത്ഥക്രാന്തി ഉപക്ഷേപത്തിൽ 50 രൂപയാണ് വലിയ നോട്ട്. രണ്ടായിരത്തിന്റെ നോട്ട് ലഭ്യമായിരുന്ന അവസ്ഥയിൽ, കറൻസിയായിരിക്കുന്ന കള്ളപ്പണത്തിന്റെ പുറത്തിറങ്ങുന്ന ഭാഗം ഏതാനും നാളുകൾക്കുള്ളിൽ തന്നെ രഹസ്യനിലവറകളിലേക്ക് തിരോധാനം സംഭവിക്കാനുമുള്ള സാധ്യതകൾ ഉണ്ട്. 

അർത്ഥക്രാന്തിയുടേതെന്ന പേരിൽ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന പോസ്റ്റ് ചുവടെ ചേർക്കുന്നു.

രാജ്യത്ത് ഇൻകം ടാക്സ്, സെയിൽടാക്സ് അടക്കം നിലവിലുള്ള 56 ഇനം ടാക്സുകളും വേണ്ടന്ന് വയ്ക്കാം.....!!! (http://arthakranti.org/proposal)

പൂനെ ആസ്ഥാനമായ അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിർദ്ദേശം കേന്ദ്ര ഗവണ്മെന്റിന് മുൻപിൽ വച്ചിരിക്കുന്നത്.

*ശുപാർശകൾ*

1. എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക

2. 1000, 500, 100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3. വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4. ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1. പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2. നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3. പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4. പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ  ഇല്ലാതാകും.

5. കള്ളനോട്ടുകൾ ഇല്ലാതാകും.  (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് ലാഭകാരമല്ലാത്തതിനാൽ)

6. ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7. തിരഞ്ഞെടുപ്പ് ചെലവ് കുറയും. രാഷ്ട്രിയം അഴിമതി മുക്തമാകും

8. ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9. വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും ഇല്ലാതാകും.

11. ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12. ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.

അനിൽ ബോക്കിൽ മുന്നോട്ട് വച്ച പരിപാടിയുടെ Full Version അല്ലായിരുന്നു നമ്മൾ കണ്ട Demonetisation പരിപാടി. നോട്ട് റദ്ദാക്കൽ വിജയമായിരുന്നോ പരാജയമായിരുന്നോ എന്നൊരു YES or NO ഉത്തരം പറയുക ഒട്ടും സാധ്യമാവില്ല; കുറെയെങ്കിലും തൃപ്തികരമായ ഉത്തരത്തിലേക്കെത്താൻ വർഷങ്ങൾ എടുക്കുകയും ചെയ്യും. ഉത്തരം എന്ത് തന്നെയായാലും കുറേയാളുകൾ Demonetisation കൊണ്ട് അസ്വസ്ഥരായി ഇരിക്കുക തന്നെ ചെയ്യും !!!



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment