ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Monday, 31 October 2016

പോണിന് മുൻപേ നിരോധിക്കേണ്ടത് ഇത്തരം മാധ്യമങ്ങളെയാണ്‌....

കേരളത്തിൽ വളരെ പ്രചാരത്തിലിരിക്കുന്ന മിക്കവാറും പത്രങ്ങളിലൊക്കെ വലിയ പ്രഗത്ഭന്മാരാണ് എഡിറ്റ് ചെയ്യുന്നതെന്ന് തോന്നുന്നു. അമേരിക്കയിലെ ഹോട്ട് ഡോഗ് തീറ്റ മത്സരത്തെ ചൂടൻ പട്ടി തീറ്റയാക്കിയതും കേന്ദ്ര മന്ത്രിസഭയിലെ ദൈവങ്ങളെ പട്ടികളാക്കിയതും ഒക്കെ വലിയ പ്രചാരം അവകാശപ്പെടുന്ന മുൻനിര പത്രങ്ങൾ ആണ്. ഇതൊക്കെ ലാഘവത്തോടെ പണി ചെയ്യുന്നത് കൊണ്ടു സംഭവിക്കുന്ന അബദ്ധങ്ങൾ ആണ്. പത്രത്തിന്റെ യശസ്സ് നശിപ്പിക്കുന്നതിനപ്പുറം വലിയ കുഴപ്പം ഇതിനുണ്ടെന്ന് തോന്നുന്നില്ല. 

പൊതുവെ മനോഹരവും കുറിക്കു കൊള്ളുന്നതും വായനക്കാരനെ തലക്കെട്ടിനപ്പുറത്തേക്ക് വായിക്കാൻ പ്രേരിപ്പിക്കുന്നതുമായ തലക്കെട്ട്‌ എഴുതുന്നതിൽ ഒരു പ്രത്യേക വൈഭവം പ്രകടിപ്പിക്കാറുള്ള പത്രമാണ് മാതൃഭൂമി. പത്രത്തോടൊപ്പം ഒരു സംസ്കാരവും വളർത്തുന്നു എന്നാണു മാതൃഭൂമി അവകാശപ്പെടാറുള്ളത്. എന്നാൽ ഒരു ഹർത്താൽ പിറ്റേന്ന് കണ്ട ഒരു തലക്കെട്ട്‌ വെറുപ്പിച്ചു കളഞ്ഞു എന്ന് പറയാതെ വയ്യ.  .

സംഭവം ഇതാണ്; വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഗര്‍ഭപാത്രത്തില്‍ മൂന്നു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ  കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു കഴിഞ്ഞ ദിവസം മാനന്തവാടിയില്‍  നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. 

വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടാണ് ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസിയുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമി കൊടുത്ത നാലാം കിട അശ്ലീലമെഴുത്ത്. വിമർശകർ ആഘോഷിച്ചത് റിപ്പോർട്ടിങ്ങിലെ ആദിവാസി വിരുദ്ധത മാത്രമാണ്. ഇത് ആദിവാസി വിരുദ്ധം മാത്രമല്ല; സ്ത്രീ വിരുദ്ധമാണ്; സർവ്വോപരി മനുഷ്യത്വവിരുദ്ധമാണ്. മാതൃത്വം, ജനനം, നിസ്സഹായത, മരണം, ദുഃഖം, അപമാനം തുടങ്ങി എണ്ണമറ്റ വികാരനിർഭര മുഹൂർത്തങ്ങൾ ഒരുമിച്ചു അഭിമുഖീകരിക്കേണ്ടി വന്ന ഒരു പാവം പെണ്ണിന്റെ അത്മാഭിമാനത്തെയാണ് ഈ തലക്കെട്ടിലൂടെ മാതൃഭൂമി ചതച്ചരച്ചത്. ജനിച്ചയുടന്‍ മരിച്ചു പോകാൻ വിധിക്കപ്പെട്ട അവരുടെ പിഞ്ചുകുഞ്ഞുങ്ങളുടെ നിസഹായതയെയാണ് നിങ്ങൾ ഉത്തരവാദിത്തബോധമില്ലാതെ സമീപിച്ചത്. 

ഈ പാവം സ്ത്രീയുടെ സ്ഥാനത്ത് ഇവന്റെയൊക്കെ അമ്മയോ പെങ്ങളോ കെട്ടിയവളോ ആയിരുന്നു എങ്കിൽ അവർ ഈ രീതിയിൽ എഴുതുമായിരുന്നോ...? ഇല്ല എന്ന് മാത്രമാണ് ഉത്തരം; കാരണം ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ മാത്രമേ കണ്ടു നില്ക്കാൻ രസമുള്ളൂ. ഇനി, ഈ ഗതികെട്ട പെണ്ണിന്റെ സ്ഥാനത്ത് ഉമ്മഞ്ചാണ്ടിയുടെയോ പിണറായിയുടെയോ വീട്ടിലെ പണിക്കാരിയായിരുന്നെങ്കിൽ പോലും ഒരു പത്രക്കാരനും ഇത് പോലെ നെറികെട്ട എഴുത്ത് എഴുതുമായിരുന്നില്ല. അതിനു കാരണങ്ങൾ രണ്ടാണ്; ഒന്ന് : സർക്കാർ ആശുപത്രിക്കാർ അവരെ  ഇങ്ങനെ നിഷ്കരുണം കയ്യൊഴിയില്ലായിരുന്നു... രണ്ട് : ഇത് പോലൊരു എഴുത്ത് എഴുതുന്നതിനു മുൻപ് സ്വന്തം ജോലിയുടെ നിലനില്പ്പിനെക്കുറിച്ചും ഇപ്പോഴുള്ള സുന്ദരമായ മുഖത്തിന്റെ വികൃതമായ ഷേപ്പിനെക്കുറിച്ചും രണ്ടോ മൂന്നോ വട്ടം ആലോചിക്കുമായിരുന്നു.  ഇതിപ്പോ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരുടെ കാര്യമാകുമ്പോൾ എന്ത് തരവഴിയും എഴുതിപ്പിടിപ്പിക്കാം. 

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ എങ്കിലും ശ്രമിച്ചു കൂടെ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment