ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Thursday, 1 June 2017

1000 കോടിയുടെ "മഹാഭാരതം" - ശശികലയോട് യോജിക്കേണ്ടി വരുമ്പോൾ....

മലയാള സാഹിത്യത്തിലെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം ടി വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ "രണ്ടാമൂഴം" വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിൽ മോഹൻലാലിനെക്കൊണ്ട് നായകവേഷം ചെയ്യിച്ച് 1000 കോടി രൂപ മുതൽ മുടക്കിൽ ബീ. ആർ. ഷെട്ടി എന്ന മുതലാളി "മഹാഭാരതം" എന്ന പേരിൽ സിനിമയാക്കുന്നു എന്ന വാർത്ത പുറത്തു വന്ന ഉടനെ അനുകൂലവും പ്രതിക്കൂലവും ആയ പ്രതികരണങ്ങൾ വന്നെങ്കിലും കുറച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ ജനം ആ ചർച്ച മടക്കി പെട്ടിയിൽ വച്ച് തുടങ്ങിയപ്പോൾ കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചർ സിനിമക്കെതിരെ പൊതുപ്രസ്താവനയുമായി രംഗത്ത് വന്നു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കെയായിരുന്നു ശശികലയുടെ പരാമര്‍ശം. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ല. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ല. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. മഹാഭാരതം എന്ന പേരില്‍ ഇറക്കുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്നും ശശികല പറയുന്നു. അങ്ങനെ 1000 കോടിയുടെ "രണ്ടാമൂഴ മഹാഭാരതം" വീണ്ടും വിചാരണ ചെയ്യപ്പെട്ടു തുടങ്ങി.

എം.ടി വാസുദേവൻ നായർ എന്ന സാഹിത്യകാരനോട് എനിക്കാദരവുണ്ട്. മോഹൻലാൽ എന്ന നടന വൈഭവത്തോടും ആദരവ് തന്നെ. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിനെയും പ്രൊഫഷണൽ ജെലസിയിൽ നീറി സ്വന്തം മകനെ വീതുളി വീഴ്ത്തി കൊന്ന ഐതിഹ്യത്തിലെ പെരുംതച്ചനെയും നെഗറ്റീവ് പ്രതിച്ഛായയിൽ നിന്ന് മോചിപ്പിച്ച് എഴുതിയ കൃതികൾ അദ്ദേഹത്തിന്റെ ക്രാഫ്റ്റ്മാൻഷിപ്പ് ആയി വാഴ്ത്തുന്നതിൽ തെറ്റൊന്നുമില്ല. 

മോഹൻലാലിനെ കുറിച്ച് പറയേണ്ട കാര്യമില്ല. ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭ. അയത്നലളിതമായ അഭിനയ ശൈലിയിലൂടെ കയ്യിൽക്കിട്ടുന്ന ഒട്ടു മിക്ക കഥാപാത്രങ്ങളെയും കയ്യടക്കത്തോടും മെയ്വഴക്കത്തോടും കൂടി അഭിനയിപ്പിച്ചു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ആർക്കാണ് അവഗണിക്കാനാവുക. 

സിനിമയുടെ മറ്റു പ്രധാന അണിയറക്കാർ സംവിധായകനും നിർമ്മാതാവും ആണ്. സംവിധായകൻ ഈ രംഗത്ത് പുതിയ ആളായത് കൊണ്ട് അദ്ദേഹത്തെപ്പറ്റി പ്രത്യേകിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. നിർമ്മാതാവ് മറ്റേത് കച്ചവടക്കാരനെയും പോലെ കച്ചവട താൽപ്പര്യം വച്ച് പുലർത്തുന്ന ആളായത് കൊണ്ട് അദ്ദേഹത്തിനിത് ധനസമ്പാദനമാർഗ്ഗം മാത്രമാണ്.  

ഹിന്ദു ശാക്തീകരണം, ഹൈന്ദവ മുന്നേറ്റം മുതലായ അജണ്ടകകളുടെ നടത്തിപ്പിനൊപ്പം മറ്റു മതങ്ങളെയും അവരുടെ ആചാര്യന്മാരെയും ഇകഴ്ത്താനും പുലയാട്ട് പറയാനും മാത്രം നിലകൊള്ളുന്ന ശശികലയുടെ ആശയഗതികളോട് ഒരു തരിമ്പും താല്പര്യമോ ചായ്‌വോ ഉള്ള ആളല്ല ഞാൻ. കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ വിമർശിച്ച് പോസ്റ്റുകൾ ഇടാറുമുണ്ട്. അവരെ അനുകൂലിച്ച് ഞാനിട്ട ഒരു പോസ്റ്റ് ആർക്കും ചൂണ്ടിക്കാണിച്ച് തരാനുമാവില്ല. എന്നാൽ; രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുമ്പോൾ മഹാഭാരതം എന്ന പേരിലാണ് പുറത്തു വരുന്നതെങ്കിൽ അതിനെ എതിർക്കുമെന്ന അവരുടെ ആഹ്വാനത്തോട് 101 % യോജിപ്പാണെനിക്ക്. യോജിപ്പെന്ന് പറയുമ്പോൾ രണ്ടാമൂഴ സിനിമക്ക് കച്ചവട ഉദ്ദേശത്തോടു കൂടി മാത്രം മഹാഭാരതം എന്ന പേരുപയോഗിക്കുന്നതിനോടുള്ള കേവല എതിർപ്പ് മാത്രമെന്ന് സാരം. അവരുടെ നാലാം കിട സംഘി ഫാസിസ്റ്റു നിലപാടുകളോട് യാതൊരു വിധ യോജിപ്പും ഇല്ലെന്നു കൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 

ഭാരതത്തിന്റെ ഇതിഹാസകൃതിയായി ലോകം കാണുന്ന മഹാഭാരതത്തിലെ ഏതാനും ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും മാത്രം അടർത്തിയെടുത്ത് എം.ടിയുടെ സ്വന്തം ഭാവനയ്ക്കും അഭിരുചിക്കും അനുസരിച്ചു രചിച്ച ഒരു സ്വതന്ത്രകൃതി മാത്രമാണ് രണ്ടാമൂഴം. പഞ്ച പാണ്ഡവരിൽ രണ്ടാമനും ശാരീരിക ശക്തിയാൽ അജയ്യനുമായിരുന്ന ഭീമസേനന്റെ വീക്ഷണകോണിലൂടെ മഹാഭാരതത്തെ നോക്കി കാണുന്ന തികച്ചും സ്വതന്ത്രമായ കൃതി. മഹാഭാരതത്തിൽ ഇല്ലാത്ത ചില സന്ദർഭങ്ങൾ പോലും രണ്ടാമൂഴത്തിലുണ്ട്. 

ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനാണ് മോഹൻലാൽ. മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാൻ അറിയാവുന്ന ഒട്ടേറെ നടന്മാർ ഈ നാട്ടിൽ ഉണ്ടായിരിക്കാം; എന്നാൽ, എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിക്കാൻ മോഹൻലാലിനോളം പോന്ന വേറെ നടൻ ഉണ്ടെന്ന അഭിപ്രായം എനിക്കില്ല. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഗവേഷണങ്ങൾ നടന്ന ഒരു കൃതിയാണ് മഹാഭാരതം എന്ന ഇതിഹാസം. പല ഗവേഷകരുടെയും അഭിപ്രായത്തിൽ ഇത് ഒരു വ്യക്തി എഴുതിയതല്ലെന്നും ഒരു വ്യക്തിയാൽ എഴുതിത്തീർക്കാൻ കഴിയാത്തത്ര വിധത്തിൽ ബ്രഹ്‌മാണ്ഡകൃതിയാണിതെന്നും ഉള്ള അനുമാനങ്ങൾ ഉണ്ട്. ആയിരക്കണക്കിനു കഥാപാത്രങ്ങളും അതിനൊപ്പമോ ഏറെയോ കഥാസന്ദര്‍ഭങ്ങളും ഒട്ടനവധി ഉപകഥകളും ചേർന്ന് ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകൃതികളിൽ ഒന്നാണ് മഹാഭാരതം. ഒരു ലക്ഷത്തോളം ശ്ലോകങ്ങളിൽ ബഹുശാഖിയായി പടർന്നു പന്തലിച്ചു വളർന്നു നിൽക്കുന്ന "മഹാഭാരതം" എന്ന ഇതിഹാസകഥയെ, അതുമായി താരതമ്യം ചെയ്യുമ്പോൾ കേവലം മുന്നൂറോ നാനൂറോ പേജുകളിലൊതുങ്ങുന്ന വെറും ബോൺസായ് മാത്രമായി കരുതാവുന്ന "രണ്ടാമൂഴം" എന്ന നോവലിന്റെ ചട്ടിയിൽ പറിച്ചു നടാൻ ശ്രമിക്കുമ്പോൾ പൊതു സമൂഹത്തിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇടയുണ്ട്. 

ഒരു മതവിഭാഗത്തിന്റെ വിശ്വാസ ധാരയുമായി സമന്വയിച്ചു കിടക്കുന്ന മഹാഭാരതം എന്ന കൃതിയിലെ ചില ഭാഗങ്ങളെയും കഥാപാത്രങ്ങളെയും എടുത്തിട്ട് അതിനെ സാഹിത്യകാരന്റെ ഭാവനക്കനുസരിച്ച് മാറ്റിയെഴുതുന്നത് ആത്മാവിഷ്കാരവും സർഗ്ഗസൃഷ്ടിയും ഒക്കെ ആയിരിക്കും; പക്ഷെ ആ സ്വതന്ത്ര കൃതിക്ക് മഹാഭാരതം എന്ന് പേരിടുന്നത് തികഞ്ഞ പോക്രിത്തരമാണ്. രണ്ടാമൂഴം മറ്റു ഭാഷകളിലേക്ക് വളരെ മുൻപേ വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതിയാണ്. തമിഴിൽ "ഇരണ്ടാം ഇടം" എന്നും കന്നടയിൽ "ഭീമായന" എന്നും ഹിന്ദിയിൽ "ദൂസരി ബാരി" എന്നുമാണ് നോവലിന്റെ പേര്. ഇംഗ്ലീഷിൽ രണ്ടു പരിഭാഷകൾ ഉണ്ട്; ഒന്നിന്റെ പേര് "സെക്കൻഡ് ടേൺ" എന്നും മറ്റൊന്നിന്റേത് "ഭീമ; ദി ലോൺ വാരിയർ" എന്നുമാണ്. ഒരിടത്ത് പോലും "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിച്ചില്ല.

കിടയറ്റ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ എണ്ണമറ്റ ഭാഷകളിൽ ലോകം മുഴുവൻ കാണാൻ സാധ്യതയുള്ള ഭാരതത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ ഒരു അഭിമാന ചിത്രം "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഭാരതത്തിന്റെ ഇതിഹാസകൃതിയോടൊപ്പം എം ടി യുടെ പ്രസിദ്ധമായ രണ്ടാമൂഴം കൂടിയാണ്. 

സത്യത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്, ധർമ്മപക്ഷത്ത് മോഹൻലാലിനെയും എം ടിയെയും അധർമ്മ പക്ഷത്ത് ശശികലയെയും സംഘകുടുംബത്തെയും നിർത്തിക്കൊണ്ട് മോഹൻലാൽ ആരാധകരും ശശികല ആരാധകരും (കൂട്ടത്തിൽ മോഹൻലാൽ വിരുദ്ധരും ശശികല വിരുദ്ധരും) നയിക്കുന്ന അഭിനവ "കുരുക്ഷേത്രയുദ്ധമാണ്". അത് പോലും നെഗറ്റിവ് പബ്ലിസിറ്റി സാധ്യത ആയി കണ്ട് സിനിമയുടെ പിന്നണിക്കാർ ഹർഷം കൊള്ളുകയായിരിക്കും. ഇവിടെ യുദ്ധം ചെയ്യുന്നവരിൽ ഏറെയും പേർ മഹാഭാരതവും രണ്ടാമൂഴവും വായിച്ചിട്ടുള്ളവർ ആണെന്ന് തോന്നുന്നില്ല; പലരുടെയും ധാരണ മഹാഭാരതത്തിന്റെ മലയാള പരിഭാഷയാണ് രണ്ടാമൂഴം എന്നാണ്; ചിലർ പറയുന്നത് ബഹുഭാഷാ ആഗോള റിലീസ് ചിത്രമാകുമ്പോൾ "മഹാഭാരതം" എന്ന് പേരിട്ടാലേ വാണിജ്യവിജയം കിട്ടൂ എന്നാണ് (സത്യത്തിൽ ഈ പേരിനോടുള്ള പ്രേമം അത് തന്നെയാണല്ലോ); അതായത്, ഒരു യോഗ്യനായ യുവാവ് കല്യാണം ആലോചിക്കുന്നു; സ്വന്തം അച്ഛന് "ലുക്ക്" അൽപ്പം കുറവാണ്; അത് കൊണ്ട് കല്യാണം നടക്കാൻ വേണ്ടി പെണ്ണ് കാണാൻ പോയപ്പോൾ സുന്ദരനായ അയല്പക്കക്കാരനെ ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് പയ്യന്റെ അച്ഛൻ എന്ന് പറഞ്ഞു പറ്റിച്ചു കല്യാണം നടത്തുന്നു; അതിലെന്താ തെറ്റ് എന്ന് ചോദിക്കുന്ന വൃത്തികേട് മാത്രമേ ഇവിടെയും ഒള്ളൂ.    


അതുകൊണ്ടു തന്നെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും മലയാള സാഹിത്യത്തിന്റെ പെരുംതച്ചൻ എം ടി യും ഹീനമായ കച്ചവടതന്ത്രത്തിന്റെ ഇരകളാകരുത്. ലോകം കാത്തിരിക്കുകയാണ്... രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യം കാണാൻ.... മോഹൻലാലിന്റെ ഭീമനെ കാണാൻ..... ആ വിസ്മയത്തിന്റെ വിജയം കാണാൻ.... അത് രണ്ടാമൂഴത്തിന്റെ സ്വന്തം ബലത്തിലാവട്ടെ... മഹാഭാരതത്തിന്റെ ഔദാര്യത്തിലാകാതിരിക്കട്ടെ.... 

ജോർജ്ജുകുട്ടി കിളിയന്തറയിൽ എന്നയാൾ FB യിൽ പോസ്റ്റ് ചെയ്തതാണ് ഇത്.... "'രണ്ടാമൂഴം' നോവൽ വലിയ ഹൈപ്പും ആഘോഷവുമായി കലാകൗമുദി സീരിയലൈസ്‌ ചെയ്തിരുന്ന സമയത്ത്‌, അതിലൊന്നും പങ്കെടുക്കാതെ മാറിനിന്ന ഒരാൾ‌ കലാകൗമുദിയുടെ തന്നെ കോളമിസ്റ്റ്,‌ സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായരായിരുന്നു. എഴുത്തുകാരന്റെയോ കൃതിയുടെയോ പേരു പറയാതെ നോവലിനെ വിമർശിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങളെ മാഹാത്മഗാന്ധിയേക്കാൾ സ്വാധീനിച്ച ആളാണു യുധിഷ്ഠിരൻ എന്ന സി. രാജഗോപാലാചാരിയുടെ നിരീക്ഷണം ഉദ്ധരിച്ച കൃഷ്ണൻനായർ, അങ്ങനെയുള്ള യുധിഷ്ഠിരനെ വിഷയലമ്പടനായി ചിത്രീകരിച്ച്‌ മഹാഭാരതം തിരുത്തിയെഴുതുന്നത്‌ തെറ്റാണെന്നാണു പറഞ്ഞത്‌."

ഇത് ആവിഷ്കാരസ്വാതന്ത്ര്യം : എം ടി ബിജുക്കുട്ടൻ എന്ന എന്റെ ഒരു സ്നേഹിതന്റെ കയ്യിൽ ഒരുഗ്രൻ കഥയുണ്ട്. "ദി കംപ്ലീറ്റ് ആക്റ്റർ" അതാണ് കഥയുടെ പേര്. സൂപ്പർ സ്റ്റാർ പൽമശ്രീ വൈദ്യർ ഡി വൈ എസ് പി പാലേട്ടൻ എന്നൊരു നാടക നടന്റെ ജീവിതത്തെപ്പറ്റി ഉള്ള കഥയാണ്. ഗോപാലൻ എന്നാണു ശരിക്ക് പേര്; ആരാധകർ വിളിക്കുന്നതാണ് പാലേട്ടൻ എന്ന്. പാലേട്ടന്റെ ജീവിതം, കൂടെ അഭിനയിച്ച ഒരു നടിയുടെ വീക്ഷണകോണിൽ നിന്നെഴുതിയ സ്വതന്ത്രകൃതി. അദ്ദേഹത്തിന്റെ മാനേജരായ ജോണി പേരാവൂർ എന്നയാളും മുഖ്യകഥാപാത്രമാണ്...ഈ പ്രോജക്ട് 999 കോടി രൂപക്ക് സിനിമയാക്കാമെന്ന് അരി പ്രാഞ്ചിയേട്ടൻ സമ്മതിച്ചിട്ടുണ്ട്...പക്ഷെ ബഹുഭാഷാ ആഗോള മാർക്കറ്റ് പിടിക്കാൻ പടത്തിന് "സണ്ണി ലിയോൺ - പറയാതിരുന്ന കഥകൾ" എന്ന് പേരിടണമെന്നാണ് പ്രാഞ്ചിയേട്ടൻ  പറയുന്നത്. ബിജുക്കുട്ടനും പാലേട്ടനും ഈ പേരുമാറ്റത്തിൽ ഒരു പരാതിയുമില്ല; എന്താല്ലേ !!!???

എന്റെ വ്യക്തിപരമായ അഭിപ്രായം : സിനിമ തിയ്യേറ്റർ കാണില്ല, തിയ്യേറ്റർ കത്തിക്കും മുതലായ നിലപാടുകളോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. പക്ഷെ, ഇത് വിവിധ തരത്തിലുള്ള നിയമപോരാട്ടത്തിന് വഴി വയ്ക്കുമെന്ന അഭിപ്രായമാണെനിക്ക്. അത് കൊണ്ട് തന്നെ, ഈ തർക്കം പരിഹരിക്കാൻ കോടതി വഴിയുള്ള പരിഹാരത്തോടാണെനിക്ക് താൽപ്പര്യം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
No comments:

Post a Comment