ഞാൻ വെറും പോഴൻ

Thursday 12 October 2017

സരിത S. നായർ ഒരു ഇരയാണ്.....

സരിത S. നായർ ഒരു ഇരയാണ്. ഒരു ബിംബമാണ്. ഒരു സംരംഭക(കൻ) ഈ നാട്ടിൽ വേര് പിടിക്കണമെങ്കിൽ രാഷ്ട്രീയ യജമാനന്മാരുടെയും ഉദ്യോഗസ്ഥമാടമ്പിമാരുടെയും വിവിധ തരം ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വഴങ്ങിക്കൊടുത്തേ പറ്റൂ എന്ന അലിഖിത നിയമം ഇവിടെ സജീവമാണെന്ന് മീഡിയ മുറികളിലിരുന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചവൾ. തട്ടിപ്പ് അവൾക്ക് മാത്രം അറിയാമായിരുന്ന കാര്യമാണ്; അല്ലെങ്കിൽ അവൾ വന്നു പെട്ട അവസ്ഥാവിശേഷമാണ്. ഇപ്പോൾ ആരോപിതരായവർ ആരും തട്ടിപ്പിന് സഹായിക്കാം എന്ന് പറഞ്ഞല്ല അവളെ ചൂഷണം ചെയ്തത്. സംരംഭം തുടങ്ങാൻ സഹായിക്കുന്നതിലേക്കാണ് സഹായം വാഗ്ദാനം ചെയ്ത് ചൂഷണം നടത്തിയത്. ഈ കേസിൽ തട്ടിപ്പ് എന്ന വശം നിലനിൽക്കുമ്പോൾ തന്നെ അധികാരസ്ഥാനങ്ങളുടെ ജീർണ്ണത എന്ന മറുവശവും നിലനിൽക്കുന്നു.
അവരുടെ ആത്മവിശ്വാസത്തെയാണ് ഞാൻ മാനിക്കുന്നത്. കൂടെ നിൽക്കുമെന്ന് കരുതിയവർ കയ്യൊഴിഞ്ഞപ്പോഴും സദാചാര വാദികളുടെയും പകൽമാന്യന്മാരുടെയും മാധ്യമ ജഡ്ജികളുടെയും വാക്കുകൾ കൊണ്ടുള്ള ആക്രമണത്തിലും തളർന്നില്ല അവർ. സമൂഹത്തിന്റെ പരിഹാസത്തിന് മുൻപിൽ നിന്ന് ഒളിച്ചോടിയില്ല. സൈബർ ആകാശത്തിൽ പാറി നടന്ന അവളുടെ നഗ്‌ന വീഡിയോ പോലും അവളുടെ ആത്മവിശ്വാസം തെല്ല് കുറച്ചില്ല. ചരിത്രത്തിലെ അവസാനത്തെ സ്മാർത്തവിചാരത്തിൽ കുറിയേടത്ത് താത്രി ശരീരം കൊണ്ട് വ്യവസ്ഥിതിയോട് പടപൊരുതിയതിനെ ഓർമ്മിപ്പിക്കുന്നു സരിത എസ് നായർ പലപ്പോഴും. അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണച്ചോ എന്ന്‌ എൻ എൻ പിള്ളയുടെ "കാപാലിക"യിലെ റോസമ്മ വിളിച്ചു പറയും പോലെ സരിതയെന്ന സംരംഭകയെ ഇന്ന് നമ്മളറിയുന്ന സരിതാ നായർ ആക്കിയത് കപട സദാചാരികളുടെ ഈ സമൂഹം തന്നെയാണ്.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment