ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Saturday, 27 January 2018

മനോഹരമായ ഇന്ത്യൻ ഭരണഘടനയെപ്പറ്റി കൗതുകകരമായ ചില കാര്യങ്ങൾ....

ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പ്രതികൾ രണ്ടെണ്ണമാണ്. ഒന്ന് ഹിന്ദി ഭാഷയിലും മറ്റൊന്ന് ഇംഗ്ലീഷ് ഭാഷയിലും. 16 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയുമുള്ള കടലാസിലെഴുതിയ കയ്യെഴുത്ത് പ്രതിക്ക് 251 താളുകളും 3.75 കിലോഗ്രാം തൂക്കവുമുണ്ട്. ഏകദേശം 1000 വർഷത്തോളം ഈ ഗ്രന്ഥം നാശം കൂടാതെ ഇരിക്കും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ളണ്ടിൽ നിർമ്മിച്ച പേപ്പറിലാണ് ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടത്. ഇന്ത്യൻ പാർലമെൻറ് ലൈബ്രറിയിൽ ഹീലിയം നിറച്ച പ്രത്യേക പേടകത്തിലാണ് ഭരണഘടനയുടെ യഥാർത്ഥ പ്രതികൾ സൂക്ഷിച്ചിരിക്കുന്നത്.

മനോഹരമായ ഇറ്റാലിക്ക് കാലിഗ്രാഫി ശൈലിയിൽ ആണ് ഇവ എഴുതപ്പെട്ടത്. ഇതിന്റെ കയ്യെഴുത്ത് നടത്തിയത് ഡൽഹിക്കാരനായ പ്രേം ബിഹാരി നരൈൻ റൈസാദയാണ്. അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നാണ് അദ്ദേഹം കാലിഗ്രഫി പഠിച്ചത്. ഈ ദൗത്യം ഏറ്റെടുക്കാൻ നെഹ്‌റു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അഭിമാനത്തോടെ ഏറ്റെടുത്തു. പ്രതിഫലമായി എന്ത് വേണമെന്ന നെഹ്രുവിന്റെ ചോദ്യത്തിന് ഒരു നയാപൈസ പോലും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ അദ്ദേഹം ഒരു കാര്യം മാത്രം ചോദിച്ചു. എല്ലാ പേജുകളുടെയും താഴെ അദ്ദേഹം അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കും; ഏറ്റവും അവസാനപേജിൽ അദ്ദേഹത്തിന്റെ പേരിനോടൊപ്പം അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും എഴുതിച്ചേർക്കും. നെഹ്‌റു ആ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഭരണഘടന എഴുതുന്ന ജോലി പൂർത്തിയാക്കാൻ ശ്രീ പ്രേം ബിഹാരി 6 മാസം എടുത്തു. ഈ ജോലിക്കു വേണ്ടി അദ്ദേഹം 432 പെൻ ഹോൾഡർ നിബ്ബുകൾ ഉപയോഗിച്ചു. No.303 നിബ്ബ്‌ ആണ് ഉപയോഗിക്കപ്പെട്ടത്. 

ശാന്തിനികേതനിൽ നിന്നുള്ള അതുല്യ കലാകാരനായ നന്ദലാൽ ബോസും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ് മനോഹരമായ ചിത്രപ്പണികൾ കൊണ്ട് ഭരണഘടനാ പുസ്തകത്തിന്റെ ഓരോ താളുകളും അലങ്കരിച്ചത്. കല്ലിൽ നിന്നും മറ്റും വേർതിരിച്ചെടുത്ത വർണ്ണങ്ങൾ, സ്വർണ്ണം മുതലായവയാണ്‌ ഈ ചിത്രപ്പണികൾക്ക് വേണ്ടി അവർ ഉപയോഗിച്ചത്. (ഭാരതസർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളായ ഭാരത രത്ന, പദ്മശ്രീ തുടങ്ങിയവയുടെ ചിഹ്നങ്ങളും നന്ദലാൽ ബോസ് തന്നെയാണ് വരച്ചത്) 

ഗുരുകുലചിത്രീകരണത്തിലൂടെ വേദകാലഘട്ടം, രാമ-സീത-ലക്ഷ്മണ-കൃഷ്ണ-അർജ്ജുന ചിത്രീകരണങ്ങളിലൂടെ ഇതിഹാസകാലഘട്ടം തുടങ്ങിയവയെ ഈ ഗ്രന്ഥത്തിൽ വിളക്കിച്ചേർത്തിട്ടുണ്ട്. ശ്രീബുദ്ധൻ, മഹാവീരൻ, അശോകൻ, വിക്രമാദിത്യൻ, അക്ബർ, ശിവജി, ഗുരു ഗോബിന്ദ് സിംഗ്, ടിപ്പു സുൽത്താൻ, ലക്ഷ്മി ഭായ് എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിലെ പ്രമുഖരുടെയും സ്മരണ ഭരണഘടനാപുസ്തകത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ദണ്ഡി മാർച്ചും നവഖലി യാത്രയും ദേശീയപ്രസ്ഥാനത്തിലെ മറ്റു സംഭവങ്ങളും ചിത്രരൂപത്തിൽ ഭരണഘടനാപുസ്തകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.  

വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് പ്രചോദനവും സ്വാധീനവും ഉൾക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപം പ്രാപിച്ചത്. അത് കൊണ്ട് തന്നെ നമ്മുടെ ഭരണഘടനയെ "വായ്പകളുടെ സഞ്ചി (a bag of borrowings) എന്ന് വിശേഷിപ്പിക്കാറുണ്ട്. സാമൂഹ്യ-സാമ്പത്തിക അവകാശങ്ങൾക്ക് വേണ്ടി ഉൾച്ചേർത്ത നിർദ്ദേശകതത്വങ്ങൾ അയർലൻഡിൽ നിന്ന് സ്വാംശീകരിച്ചതാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്. പഞ്ചവത്സര പദ്ധതികൾ (FYP) എന്ന ആശയം പഴയ USSR ൽ നിന്ന് കടം കൊണ്ടതാണ്. ഭരണഘടനയുടെ ആമുഖം അമേരിക്കൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നെടുത്തതാണ്. അമേരിക്കൻ ഭരണഘടനയും തുടങ്ങുന്നത് "WE THE PEOPLE" എന്ന പ്രയോഗത്തോട് കൂടിയാണ്. എല്ലാ പൗരന്മാർക്കും അടിസ്ഥാന പൗരാവകാശങ്ങൾ വാഗ്ദാനം ചെയ്യുന്ന, നമ്മുടെ ഭരണഘടന അംഗീകരിച്ച മൗലികാവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പൗരൻമാരുടെയും അടിസ്ഥാന മനുഷ്യാവകാശമെന്ന നിലയിൽ ഇന്ത്യൻ ഭരണഘടന ഒൻപത് മൗലികാവകാശങ്ങളെ അംഗീകരിക്കുന്നു 

11 പേജുകളിലായിട്ടാണ് ഭരണഘടനാ അസംബ്ലി അംഗങ്ങൾ ഭരണഘടനയുടെ അസ്സൽ പ്രതിയിൽ ഒപ്പിട്ടിരിക്കുന്നത്. ആദ്യത്തെ ഒപ്പ് നെഹ്‌റുവിന്റെയും അവസാന ഒപ്പ് ഫിറോസ് ഗാന്ധിയുടെയും ആണ്. അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിട്ടുള്ളത് ഗാന്ധിജിയുടെ ഒപ്പാണ്. ഭരണഘടനനിർമ്മാണം പൂർത്തീകരിച്ചപ്പോഴേക്കും അദ്ദേഹം വധിക്കപ്പെട്ടിരുന്നു. 

ലോകത്തിലെ ഏതൊരു പരമാധികാര രാജ്യത്തിന്റെയും ഭരണഘടനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. 1946 ഡിസംബർ 9 ന് ഭരണഘടനാ അസംബ്ലി അതിന്റെ ആദ്യ യോഗം ചേർന്നു. 1947 ഓഗസ്റ്റിൽ പാകിസ്ഥാൻകാർ ഇന്ത്യയിൽ നിന്ന് ഭാഗം പിരിഞ്ഞു പോയി. പിന്നീട് ഡോ അംബേദ്കർ നിയമമന്ത്രിയായി ചുമതലയേറ്റു. 1949 നവംബർ 26ന് നമ്മുടെ ഭരണഘടന പാസായി. പക്ഷേ, രണ്ടുമാസത്തിനു ശേഷം 1950 ജനുവരി 26-ന് മാത്രമാണ് ഇത് നിയമപരമായി പ്രാബല്യത്തിൽ ആക്കപ്പെട്ടത്. ആ ദിവസമാണ് റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്. നവംബർ 26 ഭരണഘടന ദിനമായി ആചരിക്കപ്പെടുന്നു. നമ്മുടെ ഭരണഘടന പിറന്ന്, പിന്നെയും ആറു കൊല്ലം കഴിഞ്ഞാണ്, പാക് ഭരണഘടന പാസായത്. 1956 മാർച്ച് 23ന് അത് പ്രാബല്യത്തിൽ വന്നു. പാകിസ്ഥാൻ ഭരണഘടനയ്ക്ക് രണ്ടു കൊല്ലമേ ആയുസ്സുണ്ടായുള്ളൂ. 1958-ലെ പട്ടാളവിപ്ലവത്തോടെ അത് അപ്രസക്തമായി. 1962-ലും 73-ലും പുതിയ ഭരണഘടനകൾ ഉണ്ടായി. നൂറിന് മുകളിൽ ഭേദഗതികൾക്കു ശേഷവും ഇന്ത്യൻ ഭരണഘടന വലിയ പോറലൊന്നുമേല്ക്കാതെ നിലനില്ക്കുന്നു എന്നത് ചെറിയ കാര്യമല്ല.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

HTTPS://WWW.FACEBOOK.COM/ACHAYATHARANGAL.BLOGSPOT.IN


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


HTTPS://WWW.FACEBOOK.COM/GROUPS/224083751113646/

No comments:

Post a Comment