ഞാൻ വെറും പോഴൻ

Wednesday 2 May 2018

ആഹ്വാന-പ്രോത്സാഹന വിദഗ്ദ്ധരുടെ അത്യുല്പാദന പദ്ധതികൾ

വൈവാഹികബന്ധത്തെക്കുറിച്ചും ഉത്തരവാദിത്വത്തോടെയുള്ള പിതൃത്വത്തെയും മാതൃത്വത്തെയും ജനനനിയന്ത്രണത്തെക്കുറിച്ചുമുള്ള സഭയുടെ നിലപാട് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച "ഹ്യൂമാനേ വീത്തേ" (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനം. കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളുടെ അസന്മാര്‍ഗ്ഗികതയെക്കുറിച്ചും അവ ഉപയോഗിക്കുന്നതിലെ ധാര്‍മ്മികമായ അപകടങ്ങളെക്കുറിച്ചും അവ പാപമാണെന്നും പഠിപ്പിച്ചതിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലയളവില്‍ത്തന്നെ ഈ ലേഖനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. "ഹ്യൂമാനേ വീത്തേ" പ്രസിദ്ധീകരിച്ചതിന്‍റെ അൻപതാം വര്‍ഷമാണ് 2018. പാപ്പയുടെ ഈ പ്രബോധനം വിശ്വാസികള്‍ എത്ര മാത്രം അതിന്‍റെ ചൈതന്യത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി സീറോ മലബാര്‍ കുടുംബ പ്രേഷിതകേന്ദ്രം തയ്യാറാക്കിയ ചോദ്യാവലി ഇപ്പോൾ കടുത്ത വിമർശനമേറ്റു വാങ്ങുകകയാണ്. ചോദ്യങ്ങൾ പലതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നടത്തുന്നതാണ്, സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നൊക്കെയാണ് വിമർശകരുടെ പക്ഷം. വിമർശനങ്ങളിൽ കഴമ്പില്ല എന്ന് സമർത്ഥിക്കുന്ന ഔദ്യോഗിക വിശദീകരണക്കുറിപ്പും സഭയുടെ ഭാഗത്ത് നിന്ന് വന്നു കഴിഞ്ഞു. ചോദ്യാവലിയിലെ ഡി സെക്ഷനിലെ രണ്ടാം നമ്പർ ചോദ്യം രസകരമാണ്. “മനുഷ്യജീവൻ ദൈവദാനമാകയാൽ, ഗുണമോ, എണ്ണമോ മാനദണ്ഡമാകരുത് – ആശയം വ്യക്തമാക്കുക”. ഈ ചോദ്യത്തിന് നൽകിയിരിക്കുന്ന Answer Options ‘ശരി’, ‘തെറ്റ്’, ‘അറിയില്ല’, എന്നിവയാണ്. ഈ മൂന്നിലൊന്ന് ടിക്ക് ചെയ്‌താൽ ആശയം വ്യക്തമാവുമോ ? ചോദ്യാവലി തയ്യാറാക്കിയവർക്ക് പറ്റിയ Drafting Lapse ആണെന്ന് കരുതി വിട്ടു കളയുന്നു. ചോദ്യാവലി പൂരിപ്പിക്കുന്നവരുടെ പേരും തിരിച്ചറിയൽ വിവരങ്ങളും ഇല്ലാത്തതിനാൽ സ്വകാര്യത നഷ്ടപ്പെടുന്നില്ല എന്ന വാദം മുഖവിലക്കെടുക്കുന്നു. പക്ഷെ, ചിന്തിച്ചാൽ മനസിലാകുന്നത് ഇതൊരു വിവരശേഖരണത്തിൽ ഉപരി പിൻവാതിലിലൂടെയുള്ള സിദ്ധാന്തോപദേശ (Indoctrination) പദ്ധതിയാണെന്നാണ്. തികച്ചും കൗശലം നിറഞ്ഞ ഉദ്ദേശ്യാധിഷ്ഠിത (Objective Type) ചോദ്യങ്ങളാണ് ചോദ്യാവലിയിൽ. കൃത്യമായ ഉത്തരത്തിന് വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ആശയങ്ങൾ മനസ്സിൽ നടുകയാണ് ഉദ്ദേശം. ജനന നിയന്ത്രണ ബോധവൽക്കരണവും അത്യുൽപ്പാദന പ്രചരണവും തന്നെയാണ് ലക്ഷ്യങ്ങൾ. എന്ത് സംഭവിക്കും !? അവശ്യം കൗശലം കയ്യിലുള്ള പ്രായോഗികവാദികളെ ഇതൊന്നും ബാധിക്കില്ല; കുറെ പേർ "തെറ്റ്" തിരിച്ചറിഞ്ഞ് ആവർത്തിക്കാതിരിക്കാനും ചെയ്ത് പോയ തെറ്റുകൾക്ക് പരിഹാരം ചെയ്യാനും ബദ്ധപ്പെടും; കുറെ പേർ പാപബോധത്തിനും കുറ്റബോധത്തിനും അടിമപ്പെട്ട് കൂടുതൽ ന്യൂറോട്ടിക്ക് ആവും; വിധേയരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും

മതഗ്രന്ഥത്തിന്റെ അനുശാസനങ്ങൾ അനുസരിച്ച് തന്നെ സന്താനപുഷ്ടിയുടെ പിൻബലത്തിൽ പെരുകി വലിയ ജനതയാകാൻ നിയോഗിക്കപ്പെട്ട മതാനുയായികൾ ആണ് ക്രൈസ്തവർ. ബൈബിളിലെ ഉല്പ്പത്തി പുസ്തകം ഒന്നാമദ്ധ്യായത്തിൽ തന്നെ ദൈവം മനുഷ്യന് ആദ്യമായി നല്കുന്ന നിർദ്ദേശവും അതിനു വേണ്ട അനുഗ്രഹവും ഇതുമായി ബന്ധപ്പെട്ടതാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ". ഉൽപ്പത്തി പുസ്തകം 9:1അനുസരിച്ച്‌ "ജലപ്രളയത്തില്‍ നിന്നു നോഹയേയും, കുടുംബത്തെയും ദൈവം സംരക്ഷിച്ചു. പ്രളയം കഴിഞ്ഞു പുറത്തുവന്ന നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: "സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍'' 

ബൈബിളിലെ ഈ നിർദ്ദേശം പോരാത്തതിന്, കാലാകാലങ്ങളിൽ മാറി വന്ന മാർപ്പാപ്പമാർ, ബിഷപ്പുമാർ, പട്ടക്കാർ, ധ്യാനഗുരുക്കൾ, പിന്നെ വാളെടുത്തവരും അല്ലാത്തവരും ആയ തീവ്ര വെളിച്ചപ്പാടുകൾ പലരും നാഴികയ്ക്ക് നാൽപ്പത് വട്ടം ഒളിഞ്ഞും തെളിഞ്ഞും രഹസ്യത്തിലും പരസ്യത്തിലും സഭാമക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപദേശിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ക്രൈസ്തവരുടെ ജനസംഖ്യ ആനുപതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ഇടയലേഖനങ്ങൾ പലവട്ടം നമ്മുടെ പള്ളികളിൽ കേട്ടിരുന്നു. "കൂടുതൽ മക്കൾ, കൂടുതൽ ഭദ്രത" എന്ന ആശയ പ്രചാരണവും സഭ നടത്തിയിരുന്നു. ഈ ശ്രേണിയിൽ ഒടുവിലത്തേതായിരുന്നു ഇടുക്കി രൂപത മുൻ ബിഷപ്പ് മാർ ആനിക്കുഴിക്കാട്ടിൽ പിതാവ് ഇറക്കിയ ഇടയലേഖനം. "മക്കളിലൂടെ സമ്മാനിതരാകുന്ന മാതാപിതാക്കള്‍" എന്ന പേരിൽ ഒരു ലേഖനം അടുത്തിടെ കത്തോലിക്കാ സഭയുടെ വാരികയായ സത്യദീപത്തിൽ അച്ചടിച്ച്‌ വന്നിരുന്നു. സന്താനോൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനങ്ങളും കൂടുതൽ സന്താനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക ആനുകൂല്യങ്ങളും പ്രലോഭനങ്ങളും ഒക്കെ ഒളിഞ്ഞും തെളിഞ്ഞും സഭ വിശ്വാസികൾക്ക് വെച്ച് നീട്ടാറുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. കത്തോലിക്കാ കുടുംബങ്ങളിൽ നാലിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടായാൽ, നാലാമത്തെ മുതൽ കുഞ്ഞുങ്ങളുടെ പഠനത്തിന് വരുന്ന ചിലവ് സഭ വഹിക്കുമെന്ന ഒരു വാഗ്ദാനം കേട്ടിരുന്നു; പ്രയോഗതലത്തിൽ അതിന്റെ വിശദാംശങ്ങൾ എങ്ങും കേട്ടതുമില്ല. നാലാമത്തെ കുഞ്ഞിന്റെ മാമോദീസ ബിഷപ്പ് നേരിട്ട് വന്ന് നടത്തിക്കൊടുക്കുമെന്ന വാഗ്ദാനവും കേട്ടിരുന്നു; ആ വാഗ്ദാനം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയാം.

പണിയെടുത്ത് കുടുംബം പോറ്റുന്ന സാധാരണ മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ ആഹ്വാനങ്ങൾ മനുഷ്യത്വപരമാണോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ആഹ്വാനവും ഉൽപ്പാദനവും വലിയ ചിലവും ബുദ്ധിമുട്ടും ഇല്ലാത്ത കാര്യങ്ങളാണ്; രണ്ടിനും ചില്ലറ സുഖങ്ങളും ഉണ്ട്. പക്ഷെ, അത്യുൽപ്പാദനപദ്ധതിയോട് സഹകരിക്കുന്നതിന് മുൻപ് പല വട്ടം മനസ്സിൽ ചോദിച്ച് ഉത്തരം കണ്ടെത്തേണ്ട കുറെ ചോദ്യങ്ങളുണ്ട് ? ഇവരൊക്കെ ആഹ്വാനിക്കുന്നത് കേട്ട് പിള്ളേരെ ഉൽപ്പാദിപ്പിച്ചാൽ പിന്നെ നല്ല ഭക്ഷണവും വസ്ത്രവും രോഗം വരുമ്പോൾ ചികിത്സയും കൊടുത്ത് വളർത്താനുള്ള ചെലവ് ഈ ആഹ്വാന-പ്രോത്സാഹന ഫാക്റ്ററികൾ വഹിക്കുമോ ? ഈ കുട്ടികളുടെ വിദ്യാഭ്യാസം അവനവൻ തന്നെ നടത്തണ്ടേ ? അതൊക്കെ പോട്ടെ, പ്രസവം കഴിഞ്ഞു ആശുപത്രി വിടുന്നത് വരെ ഉള്ള ചിലവെങ്കിലും ഈ ആഹ്വാനക്കാർ വഹിക്കുമോ ? 

ആകെയുള്ള ഭാഗ്യം എന്താണെന്ന് വച്ചാൽ, ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക്, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം, അതിനെ വളർത്തൽ, ചികിത്സ, വിദ്യാഭ്യാസം നൽകൽ തുടങ്ങി അതിനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയിൽ എത്തിക്കുന്നത് വരെ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ ഭാരിച്ച ഉത്തരവാദിത്തത്തെയും ചിലവുകളെയും സംബന്ധിച്ചു നല്ല തിരിച്ചറിവുണ്ടെന്നതാണ്. അല്ലെങ്കിൽ ഇവരൊക്കെ ആഹ്വാനിച്ചു തുടങ്ങിയപ്പോൾ മുതൽ അവർ പരിശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ 200-250 കോടിയെങ്കിലും കവിഞ്ഞേനെ. 

സന്താനോൽപ്പാദനം ആയിക്കോട്ടെ സന്താന നിയന്ത്രണം ആയിക്കോട്ടെ, അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും പെട്ട വിഷയമാണ്; അതിലൊക്കെ കയറി ഇടപെടാൻ ഇവർക്കൊക്കെ ആരാണ് അനുവാദം കൊടുത്തത് ??? ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക്കിൽ ജീവിക്കുന്ന പൗരന്മാർ എന്ന നിലയിൽ ഒരു കാര്യം യാചിക്കുകയാണ്;  "കുറഞ്ഞ പക്ഷം ഞങ്ങളുടെ കിടപ്പറയിലും പ്രത്യുൽപ്പാദനത്തിലും എങ്കിലും ഞങ്ങൾ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചോട്ടെ....." 

വാൽക്കഷണം : 2011- ൽ സംസ്ഥാനത്ത്‌ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ സമിതി ജനസംഖ്യാ നിയന്ത്രണത്തിനു നിയമം നിര്‍മിക്കണമെന്നു സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്തിരുന്നു. കേരള ഫാമിലി പ്ലാനിംഗ്‌ ആന്‍ഡ്‌ ബര്‍ത്ത്‌ കണ്‍ട്രോള്‍ എന്ന പേരില്‍ നിയമം നടപ്പാക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. രണ്ടു കുട്ടികള്‍ മാത്രം മതിയെന്നും കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ പതിനായിരം രൂപ സര്‍ക്കാരിലേക്ക്‌ പിഴ അടയ്ക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. ഈ കുട്ടികള്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിദ്യാഭ്യാസ സഹായങ്ങളോ മറ്റ്‌ ആനുകൂല്യങ്ങളോ നല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍, ആദ്യ കുട്ടികള്‍ക്ക്‌ പരമാവധി സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില സമുദായങ്ങള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിര്‍ദേശം നല്‍കി അംഗസംഖ്യ വര്‍ധിപ്പിച്ചു പലതും കൂട്ടായി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിക്കുമെന്നതിനാലാണ്‌ ഇത്തരമൊരു നിയമ നിര്‍മാണത്തിന്‌ ശിപാര്‍ശ ചെയ്യുന്നതെന്നായിരുന്നു സമിതിയുടെ വിശദീകരണം. ജാതി, മതം, ഉപവിഭാഗങ്ങള്‍, വര്‍ഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍, വ്യക്തികളോ സംഘടനകളോ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെ നിരോധിക്കണമെന്നും കരട്‌ രേഖയില്‍ പറഞ്ഞിരുന്നു. ഈ നിർദ്ദേശങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തരാണോ എന്തോ ??? 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



No comments:

Post a Comment