ഞാൻ വെറും പോഴൻ

Tuesday, 18 September 2018

ഫ്രാങ്കോയോട് പോലീസ് 100 ചോദ്യങ്ങൾ ചോദിക്കുമ്പോൾ പൊതുജനം ചോദിക്കുന്നത്...!!!


ദിലീപിന്റെ കേസും വിൻസെന്റ് എം എൽ എ യുടെ കേസും ഗംഗേശാനന്ദയുടെ കേസും എല്ലാം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കേസ് പോലെ തന്നെ ഓരോ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു എന്നാരോപിക്കുന്ന കേസ് ആയിരുന്നില്ലേ ?

ഗെയ്ൽ ട്രെഡ്‌വെലും സനൂഷയും ആരോപിച്ചതും സ്ത്രീത്വത്തെ അപമാനിച്ച കേസ് ആയിരുന്നില്ലേ ?

ബിഷപ്പിന്റെ നേരെയുള്ള കേസ് ബലാൽസംഗത്തിനും ദിലീപിന് നേരെയുള്ളത് ഒരു ലൈംഗികപീഡനക്കേസിലെ ഗൂഢാലോചയ്ക്കും ആണ്; ബിഷപ്പിനെതിരെയുള്ള കേസിൽ ഏതെങ്കിലും ലഘുത്വം ഉണ്ടോ ? 

ദിലീപിന്റെ കേസിനേക്കാൾ ഗൗരവമുള്ള കേസല്ലേ ബിഷപ്പിന്റെ കേസ് !??

രണ്ടിലും ഇരയുടെ പരാതിയും മൊഴിയും സെക്ഷൻ 164 സ്റ്റേറ്റ് മെന്റും വൈദ്യപരിശോധനയിലെ തെളിവുകളും മറ്റ് ഇലക്ട്രോണിക്ക് തെളിവുകളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ ?

മുളക്കലിന്റെ കേസിൽ നിന്ന് കൂടുതലായി എന്ത് തെളിവുകളായിരുന്നു ദിലീപിന്റെ കേസിൽ ഉണ്ടായിരുന്നത് ?

ഓറൽ എവിഡൻസിന്റെ അടിസ്ഥാനത്തിൽ വിൻസെന്റ് എം എൽ എ യെ അറസ്റ്റ് ചെയ്ത സർക്കാരിന്റെയും പോലീസിന്റെയും ആർജ്ജവം ഇപ്പോൾ എവിടെപ്പോയി ? 

ദിലീപും വിൻസെന്റും അകത്തു പോയതും ഫ്രാങ്കോ ചോദ്യം ചെയ്യപ്പെടുക പോലും ചെയ്യാതെ സ്വതന്ത്രനായി നടക്കുന്നതും ഈ രാജ്യത്തെ ഒരേ നിയമസംവിധാനത്തിന്റെ കീഴിലല്ലേ ?

പണവും സ്വാധീനവും അധികാരവും ഉള്ള വ്യക്തിയാണ് ആരോപിതൻ എന്നിരിക്കെ അയാൾ സർവ്വതന്ത്രസ്വതന്ത്രനായി ഈ നാട്ടിൽ വിഹരിക്കുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാനും വ്യാജ തെളിവുകൾ നിർമ്മിക്കപ്പെടാനും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയില്ലേ ?

ദിലീപ് എന്ന സെലിബ്രിറ്റി പൗരനേക്കാൾ ഒരു ബിഷപ്പിന് എന്തെങ്കിലും പ്രത്യേക നിയമ പരിരക്ഷ ഉണ്ടോ ?

ജിഷയുടെ അമ്മയ്ക്ക് പെരുമ്പാവൂരിൽ നിർമ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി സംസാരിക്കുന്നതിനിടെ ഇനിയൊരു ജിഷ ഉണ്ടാകാന്‍ പാടില്ലെന്ന ബോധത്തെ മുന്നില്‍നിന്ന് നയിക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്ന് ജനം സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ? 

തിരുവനന്തപുരത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു എന്നവകാശപ്പെട്ട പെൺകുട്ടിയെ ശ്ലാഘിച്ച മുഖ്യമന്ത്രിയുടെ ശ്ലാഘനയന്ത്രം കളവു പോയോ ? 

ദിലീപ് കേസിൽ ഇരയോടൊപ്പം കട്ടയ്ക്ക് നിന്നു എന്ന് വീമ്പു പറയുന്ന കേരള പോലീസും സർക്കാരും ബിഷപ്പ് കേസിൽ മുട്ടിലിഴയാൻ കാരണമെന്താണ് !!???

ഒരു ക്രിമിനൽ കേസന്വേഷണത്തിൽ പ്രതിക്കെതിരെ അനുകരണീയമായ നടപടിയെടുക്കേണ്ട ഘട്ടത്തിൽ പോലീസ് ഇത്രയ്ക്ക് ഭയഭക്തി ബഹുമാനം കാണിക്കേണ്ട ആവശ്യമുണ്ടോ ?

കേസെടുത്ത് അകത്തിടാൻ പാകത്തിന് ഇരയെ അവഹേളിക്കകുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ് ?

ബിഷപ്പ് കേസിലെ ഇര നീതിയ്ക്ക് അർഹതയില്ലാത്ത രണ്ടാം കിട പൗരനാണോ ?

ഒരു ഒത്തുതീർപ്പിനും കേസ് രാജിയാക്കലിനും വഴിവയ്ക്കാവുന്നതല്ലേ ഈ ഇഴച്ചിൽ ? ?


ബിഷപ്പ് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ച വൈദികനെതിരെ കേസെടുത്തിട്ടും കുറ്റകൃത്യത്തിൽ ആരോപിതനായ ബിഷപ്പിനെതിരെ കേസെടുക്കാത്തതെന്താണ് ?

കേസെടുക്കുന്നത് പോയിട്ട് ബിഷപ്പിനെ ഫോണിൽ പോലും വിളിച്ചൊന്ന് ചോദ്യം ചെയ്യാൻ പോലും കേരളാ പോലീസിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയ്ക്കും ധൈര്യം വരാത്തത് ? 

അമൃതാനന്ദമയിയുടെ ആശ്രമത്തിനെതിരെ അവരുടെ മുന്‍ ശിഷ്യ ഗെയ്ൽ ട്രെഡ്‌വെൽ നടത്തിയ ആരോപണങ്ങള്‍ അതീവ ഗൗരവമെന്നും ആശ്രമങ്ങളുടെയുള്ളില്‍ നടക്കുന്നതെന്താണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട അന്നത്തെ സിപി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയല്ലേ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ?

തന്നെ ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് വിളിച്ച് സ്വീകരണം നല്‍കുകയും സനൂഷ ധൈര്യത്തെ പ്രകീർത്തിക്കുകയും ചെയ്ത ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്താണ് കന്യസ്ത്രീ വിഷയത്തിൽ അഗാധമൗനം ഭജിക്കുന്നത് ?

ദിലീപിന്റെ കേസിൽ നേരിട്ടന്വേഷണം നടത്തിയിരുന്ന മുന്തിയ പോലീസേമാന്മാരൊന്നും ഫ്രാങ്കോയുടെ കേസിൽ Available അല്ലെ ?

പേരുദോഷം കേൾപ്പിക്കാതെ ഇത് വരെ തൊഴിലെടുത്ത പാവം വൈക്കം DySP-യെ ഈ കേസന്വേഷണം ഏൽപ്പിച്ച് ബലിയാടാക്കുകയല്ലേ ?

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സാമൂഹിക പ്രത്യാഘാതങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഏതാനും ദിവസങ്ങൾ മുൻപ് പറഞ്ഞതിന്റെ പ്രായോഗികപരീക്ഷണമല്ലേ ഇപ്പോൾ നടക്കുന്നത് ?

പ്രതിയായ/ആരോപിതനായ ബിഷപ്പ് ഇങ്ങോട്ട് വന്ന് എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് "സരോജ്‌കുമാർ" സ്റ്റൈലിൽ പറഞ്ഞാലേ കേരളാ പോലീസ് അറസ്റ്റ് ചെയ്യൂ എന്നുണ്ടോ ?

നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നാണ് സ്‌കൂളിൽ പഠിച്ചിട്ടുള്ളത്; അതിന് ഈയിടെ ഭേദഗതി വല്ലതും വരുത്തിയിട്ടുണ്ടോ ?

സാമൂഹ്യ നീതിയും പൗര സമത്വവും ക്രിമിനൽ കേസും കസ്റ്റഡിയും ചോദ്യം ചെയ്യലും ജയിലും ഒക്കെ, റേഷനരിയും ഗ്യാസ് സബ്‌സിഡിയും പോലെ ചില പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണോ ? 

ഞാൻ നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ശബ്ദത്തിൽ ഒരു സ്ത്രീ വിളിച്ചു പറഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന ചിലർ ഒഴികെ ഇവിടെ ജീവിക്കുന്ന സാംസ്കാരികബുദ്ധിജീവികളും വനിതാ ശാക്തീകരണ പ്രവർത്തകരും യുവജന സംഘടനാനേതാക്കളും എന്തെങ്കിലും രീതിയിൽ പ്രതികരിച്ചോ ?


ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും മൈതാനപ്രസംഗങ്ങളിലും ചതുര വടിവൊത്ത വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന, ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ ഇത് രണ്ടുമല്ലാത്ത മറ്റ് പാർട്ടികളിലെയോ ഘടാഘടിയന്മാരായ ഏതെങ്കിലും നേതൃസിംഹങ്ങൾ ഒരക്ഷരം ഇക്കാര്യത്തിൽ ഒരക്ഷരം ഉരിയാടിയോ ?


ദിലീപിന്റെ കേസിലും വിൻസെന്റ് എം എൽ എ യുടെ കേസിലും കാണിച്ച ആവേശവും ആർജ്ജവവും ബിഷപ്പ് കേസിൽ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ഫ്രാങ്കോ ബിഷപ്പ് അകത്ത് പോയി സ്വാഭാവിക ജാമ്യം കിട്ടി പുറത്തു വരാൻ സമയമായില്ലേ ?

അധികാരവും സ്വാധീനവും പണവും ആവോളം ഉള്ള ഒരാൾ; അയാൾ ജനപ്രതിനിധിയോ വൈദികനോ മെത്രാനോ ആരുമായിക്കോട്ടെ; അവർക്കെതിരെ ഗൗരവമായ കുറ്റം ആരോപിക്കപ്പെട്ടാൽ, അയാൾ സ്വയം അധികാരത്തിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടുകയെന്നത് ഒരു മിനിമം ധാർമ്മികതയല്ലേ ?

ഇനി അദ്ദേഹം സ്വയം ആ വഴി സ്വീകരിച്ചില്ലെങ്കിൽ, ആരോപണ വിധേയനായ മെത്രാനെതിരെ പ്രാഥമികമായ ധാർമിക നടപടി ക്രമമെന്ന നിലയിൽ സഭ ഇദ്ദേഹത്തോട് മാറി നിൽക്കാൻ ആവശ്യപ്പെടേണ്ടിയിരുന്നില്ലേ ?

ഈ ആരോപണങ്ങൾ വന്ന ഉടൻ തൊട്ടു മുൻപ് പറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് നടന്നിരുന്നെങ്കിൽ ഇപ്പോൾ സഭക്കും സഭാധികാരികൾക്കും വന്നു ഭവിച്ച 'വിശ്വാസ്യതാ നഷ്ടം' (credibility loss) ഒഴിവാക്കാമായിരുന്നില്ലേ ?

ആരോപണം ഉന്നയിച്ചയാൾ സഭാ സംവിധാനങ്ങളിലെ മോശമല്ലാത്ത പദവിയിൽ ഉള്ളയാൾ ആണെന്നതും ഓർക്കേണ്ടതായിരുന്നില്ലേ ?

സ്വന്തം റീത്ത് വിട്ട് ലത്തീൻ റീത്തിൽ സേവനം അനുഷ്ഠിക്കാൻ വന്ന ഇരയ്ക്ക് വേണ്ടി എന്ത് നടപടിയാണ് ലത്തീൻ സഭ സ്വീകരിച്ചത് ?

ഇരയും ആരോപിതനും സീറോ മലബാർ സഭയുടെ മക്കളാണെന്നിരിക്കെ സീറോ മലബാർ സഭാധികാരികൾ ഇവർക്ക് വേണ്ടി എന്ത് ചെയ്തു ?

വൈദികരും സന്യസ്തരും ഉൾപ്പെട്ട ലൈംഗികാരോപണക്കേസുകളിൽ വളരെ കർശന നിലപാട് കാത്തു സൂക്ഷിക്കുന്ന പോപ്പ് ഫ്രാൻസിസ് ഈ വിഷയത്തിൽ ഇടപെടാൻ വൈകിയതെന്ത് കൊണ്ടാണ് ?

അദ്ദേഹം ഇതെല്ലാം അറിഞ്ഞിട്ടും കുറ്റകരമായ മൗനം പാലിച്ചതാണോ ?

അഥവാ, അദ്ദേഹം ഇക്കാര്യങ്ങൾ അറിയാൻ വൈകിപ്പോയതാണെങ്കിൽ ഭാരത സഭയുടെ വിവര മിനിമയ സംവിധാനങ്ങളുടെ പരിഹാസ്യമായ അപര്യാപ്തതയും അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ടവരുടെ കുറ്റകരമായ കൃത്യവിലോപവും അല്ലെ ?

സഭയും സഭാനേതൃത്വവും തിന്മയെ മൂടി വക്കുന്നു എന്നും തിന്മയ്ക്ക് ഒപ്പം നിൽക്കുന്നു എന്നും സ്ത്രീകൾക്കെതിരാണ് എന്നും പൊതുസമൂഹത്തെക്കൊണ്ട് തോന്നിപ്പിച്ചു കൊണ്ടാണോ സഭ കുറ്റാരോപിതനായ ഒരാളോട് അനുഭാവവും അയാൾക്ക് ഐകദാർഢ്യവും പ്രകടിപ്പിക്കേണ്ടത് ? 

ഫ്രാങ്കോ ചെയ്തതിനേക്കാൾ ക്രൂരമായ പീഡനമല്ലേ ഇപ്പോൾ പൊതുസമൂഹത്തിലെയും ഭരണകൂടത്തിലെയും സഭയിലെയും നിയമപാലനസംവിധാനങ്ങളിലെയും ചിലർ, ആരോപണമുന്നയിച്ച കന്യാസ്ത്രീയോട്‌ ചെയ്യുന്നത് ?

സഭയും ഭരണകൂടവും നിയമസംവിധാനങ്ങളും ഇരയോടൊപ്പം എന്ന് പ്രഖ്യാപിച്ചു കൊണ്ട് വേട്ടക്കാരന്റെ തോളിൽ കയ്യിട്ടു നിൽക്കുന്നു എന്ന് പൊതു സമൂഹം ചിന്തിച്ചാൽ അവരെ കുറ്റം പറയാനൊക്കുമോ ?

കുറച്ച് വൈകിയാണെങ്കിലും ധീരമായി പരാതിപ്പെടാൻ മുന്നോട്ട് വന്ന ആ കന്യാസ്ത്രീ മറ്റൊരു അഭയ ആകാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യമല്ലേ ?

ഈ കന്യാസ്ത്രീയും സമരത്തിൽ പങ്കെടുക്കുന്ന സഹോദരിമാരും ഭാവിയിൽ സുരക്ഷിതരായിരിക്കുമോ ?


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

8 comments:

 1. ദിലീപ് എത്രാം നാളാണ് അറസ്റ്റിലായത്?

  ReplyDelete
  Replies
  1. എനിക്കറിയില്ല; ഇനി ആ Period കഴിയാൻ കാത്തിരിക്കുകയായിരിക്കും !!!!

   Delete
 2. മുളയ്ക്കല്‍ ഫ്രാങ്കോയെ ഒന്ന്‍ നോക്കാന്‍ പോലും പിഞ്ഞാണത്തിന്റെ കാക്കിയ്ക്ക് കഴിയില്ല.വോട്ടുബാങ്ക് തന്നെ കാരണം.

  ReplyDelete
 3. ദിലീപേട്ടനെതിരെ ഇരയുടെ മൊഴി ഉണ്ടായിരുന്നില്ല .. നേരിട്ടുള്ള തെളിവുകൾ ഇല്ല..മാത്രമല്ല നേരിട്ട് പീഡനം നടത്തിയ ആളുമല്ല.. ഒരു ക്രിമിനൽ ന്റെ കത്തും അയാളുടെ മൊഴിയും ശക്തമായ തെളിവ് എന്ന് പറഞ്ഞു അറസ്റ് ചെയ്തു.. സംഭവശേഷം 5മാസങ്ങൾക്കു ശേഷമാണ് അറസ്റ് എന്നിട്ടും സാക്ഷികളെ സ്വാധീനിക്കും എന്ന് പറഞ്ഞ് ഓരോ ജാമ്യാപേക്ഷയും എതിർത്തു ...തെളിവുകൾ നശിപ്പിക്കാൻ ആയിരുനെങ്കിൽ പുറത്തുണ്ടായിരുന്ന 5 മാസങ്ങൾ മതിയായിരുന്നു അല്ലോ ..എന്നിട്ടും 85 days ആ മനുഷ്യനെ ജയിലിൽ കിടത്തി .. ബിഷപ്പിനെതിരെ ഇതെല്ലാം ഉണ്ടായിട്ടും അറസ്റ് ചെയ്യുന്നില്ല എന്ന് മാത്രമല്ല അതിലെ ഇരയെ അപവാദം പറയാനും സ്വാധീനിക്കുവാനും പലരും ശ്രമിക്കുന്നു... നടിയെ ആക്രമിച്ച കേസിൽ അതിലെ പ്രതിയെ സ്വമേധയാ കീഴടങ്ങാൻ കോടതിയിൽ വന്നപ്പോൾ ബലപ്രയോഗം നടത്തി അറസ്റ് ചെയ്ത പോലീസ് ആണ്‌ ഒരു ഫോൺ call പോലും ചെയ്യാതെ ബിഷപ്പിനെ സംരക്ഷിക്കുന്നത് 😏😏😏

  ReplyDelete
 4. നമ്മൾ സാധാരണ പൗരന്മാർ നികുതി കൊടുക്കാൻ മാത്രം മതി...നമ്മുടെ സം രെഷണം ഗവണ്മെന്റ് നോക്കാമെന്ന് പറഞ്ഞിട്ടുണ്ടോ ...പിന്നെ നികുതി അടച്ചില്ലെങ്കില് അന്വേഷിക്കാൻ ആൾകാർ ഉണ്ട്...പക്ഷെ മുറവിളി കുട്ടിയാൽ പോലും തിരിഞ്ഞു നോക്കാൻ ഭരണപഷമോ . പ്രതിപക്ഷമോ ....ആരും ഇല്ല..എന്ത് നീതി...എന്തു ന്യായം

  ReplyDelete