രാജ്യത്തിന്റെ ധനക്കമ്മി പരിഹരിക്കലും വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കലുമാണ് ശ്രീമതി നിര്‍മ്മല സീതാരാമന്‍ എന്ന ധനകാര്യമന്ത്രിയുടെ മുന്നിലെ പ്രധാന വെല്ലുവിളി എന്ന് അവര്‍ ചുമതലയേറ്റെടുത്തപ്പോള്‍ മുതല്‍ പറയപ്പെടുന്ന കാര്യമാണ്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പരിതസ്ഥിതിയില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ തക്ക നിര്‍ദ്ദേശങ്ങളും ആശയങ്ങളുമാണ് നിര്‍മ്മല സീതാരാമന്റെ സമ്പൂര്‍ണ്ണ ബജറ്റില്‍ ജനങ്ങള്‍ പൊതുവെ പ്രതീക്ഷിച്ചിരുന്നത്. യുവജനതയെയും വനിതകളെയും കര്‍ഷകരെയും സംരംഭകരേയും വിശ്വാസത്തിലെടുത്ത് അവരുടെ അഭിലാഷ പൂര്‍ത്തീകരണത്തിന് ഊന്നല്‍ കൊടുത്ത് മുന്നോട്ട് പോകാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍ എന്ന ടാഗ്ലൈനോടെ അവതരിപ്പിച്ച ബജറ്റില്‍ നിന്ന് ഓരോ വിഭാഗത്തിനും ഗുണപരമായി കിട്ടാവുന്ന നേട്ടങ്ങള്‍ കണ്ടെത്താനാനാവാത്ത നിലയിലാണ്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെ പരാമര്‍ശിക്കുകയോ അത്തരമൊരു സാമ്പത്തിക പ്രതിസന്ധി നിലവിലുണ്ടെന്ന് പോലും അംഗീകരിക്കുകയോ ചെയ്യാതെയാണ് ബജറ്റ് അവതരണം നടന്നത്. അതിനാല്‍ തന്നെ, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളോ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മക പദ്ധതികളോ ബജറ്റില്‍ കണ്ടെത്താനാവില്ല. മറ്റു പല മുന്‍ ബജറ്റുകളും പോലെ സ്തുതിപാഠകരുടെയും ആരാധകരുടെയും കയ്യടി കിട്ടാവുന്ന പ്രഖ്യാപനങ്ങളുടെ പെരുമഴ നിര്‍ലോഭം വര്‍ഷിച്ചിട്ടുണ്ട്. രാഷ്ട്രീയതാല്പര്യങ്ങള്‍ മാറ്റി വച്ച് നിരീക്ഷിച്ചാല്‍ റെക്കോര്‍ഡ് സമയമെടുത്ത് ചെയ്ത ഒരു അധരവ്യായാമം എന്നതിനപ്പുറം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ നിരാശപ്പെടുത്തുന്നതായിരുന്നു കേന്ദ്രബജറ്റ് 2020 എന്ന് കാണാം. പരക്കെ അസംതൃപ്തിയോടെയാണ് പൊതുസമൂഹം ഈ ബജറ്റിനെ നോക്കിക്കാണുന്നത്.
ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ നില്‍ക്കുന്നു എന്ന യാഥാര്‍ഥ്യത്തെ തമസ്‌കരിച്ച് തികച്ചും അപ്രാപ്യമായ ലക്ഷ്യങ്ങള്‍ നേടാനാവുമെന്ന വൃഥാ ആത്മവിശ്വാസമാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിലുടനീളം അവതരിപ്പിച്ചത്. വളര്‍ച്ചാ നിരക്കില്‍ പത്തു ശതമാനത്തിന്റെ വളര്‍ച്ചയാണ് മന്ത്രി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് അസാധ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കേവലം 4 ശതമാനത്തില്‍ താഴെ ധനക്കമ്മിയില്‍ തയ്യാറാക്കിയ ബജറ്റില്‍ 22.46 ലക്ഷം കോടിയുടെ വരുമാനമാനം പ്രതീക്ഷിക്കുമ്പോള്‍ വിവിധ ഇനങ്ങളിലായുള്ള സര്‍ക്കാരിന്റെ ചെലവ് 30.42 ലക്ഷം കോടിയാണ്. നികുതിപിരിവ്, വായ്പയെടുക്കല്‍ എന്നിവ കൂടാതെ പൊതു മേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെയുള്ള വിഭവസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ബജറ്റ് പ്രസംഗം തെളിവാകുന്നു.
ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.7 ലക്ഷം കോടി രൂപയും റോഡുകള്‍ക്കും ഹൈവേകള്‍ക്കുമായി നാലു ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഉഡാന്‍ സ്‌കീമില്‍ നൂറ് പുതിയ എയര്‍പോര്‍ട്ടുകള്‍ കൊണ്ട് വരും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തെ ഈ ബജറ്റ് അഡ്രസ് ചെയ്തിട്ടേയില്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പാക്കേജുകളും ബജറ്റില്‍ ദൃശ്യമല്ല. പ്രൈവറ്റ് പബ്ലിക്ക് പാര്‍ട്ണര്‍ഷിപ്പ് (പി പി പി) മോഡലില്‍ സ്വകാര്യവല്‍ക്കരണത്തിലൂടെയുള്ള തൊഴില്‍ ഉല്‍പ്പാദനം ആണ് മന്ത്രി മുന്നോട്ട് വയ്ക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന തൊഴിലുറപ്പു പദ്ധതിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണ് വകയിരുത്തിയിട്ടുള്ളത്. ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസമേഖലയ്ക്കുമുള്ള അടങ്കലില്‍ വെറും നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഗ്രാമവികസനത്തിന്റെ അടങ്കലില്‍ വര്‍ദ്ധനവില്ല എന്നിരിക്കെ വനിതാ ശാക്തീകരണത്തിന് വകയിരുത്തിയ തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. വരള്‍ച്ച, വിലത്തകര്‍ച്ച, കടബാധ്യത തുടങ്ങിയ കാരണങ്ങളാല്‍ ഗതികെട്ടിരിക്കുന്ന കാര്‍ഷിക മേഖലയ്ക്ക് വെറും ഒന്നര ലക്ഷം കോടിയാണ് വകയിരുത്തിയത്. ഭക്ഷ്യ സബ്‌സിഡി വിഹിതവും രാസവള സബ്‌സിഡിത്തുകയും വെട്ടിച്ചുരുക്കി.
ഇതൊക്കെയാണെങ്കിലും വലിയ കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാനുള്ള താല്പര്യത്തിന് കാര്യമായ കുറവൊന്നും കാണുന്നില്ല. കോര്‍പറേറ്റുകള്‍ക്കുള്ള നികുതിയിളവ് തുടരുകയാണ്. കമ്പനികള്‍ നല്‍കേണ്ടിയിരുന്ന ഡിവിഡന്റ് ഡിസ്ട്രിബൂഷന്‍ ടാക്‌സ് ഒഴിവാക്കി. കോര്‍പ്പറേറ്റുകള്‍ക്ക് ഗണ്യമായ നികുതി ഇളവ് നല്‍കിയിട്ടും നിക്ഷേപം കാര്യമായി വര്‍ദ്ധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിക്ഷേപം നടത്തുന്നവര്‍ക്കായി ഏകജാലക സംവിധാനം കൊണ്ടു വരുമെന്നും സ്വതന്ത്ര വ്യാപാര കരാറുകള്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്. വമ്പന്‍ കോര്‍പറേറ്റുകളോടുള്ള ഉദാര മനോഭാവം ഇടത്തരം, വ്യാപാരികളോടോ ചെറുകിട സംരംഭകരോടോ ഇല്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാമ്പത്തിക മാന്ദ്യം മൂലം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖല, ഉല്‍പ്പാദന മേഖല, വാഹന മേഖല, ഖനന മേഖല മുതലായവയുടെ ഉത്തേജനത്തിനായി കാര്യമാത്രമായ ഒരു ആശയവും ബജറ്റ് മുന്നോട്ട് വയ്ക്കുന്നില്ല. ഏറ്റവും തൊഴില്‍ നല്‍കുന്ന മേഖലകളാണിതെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നതിലൂടെ 2.1 ലക്ഷം കോടി രൂപയുടെ പണസമാഹരണമാണ് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപയായിരുന്നു ഈ ലക്ഷ്യം. ഐ ഡി ബി ഐ ബാങ്ക് പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനും എല്‍ ഐ സിയുടെ സ്വകാര്യവല്‍ക്കരണം തുടങ്ങി വയ്ക്കാനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി.എസ്.എന്‍.എല്‍, ബി.പി.സി.എല്‍, എയര്‍ ഇന്ത്യ എന്നിവക്ക് പിന്നാലെ എല്‍.ഐ.സി എന്ന പൊതുമേഖലാ ഭീമനും പൊതുമേഖലയില്‍ നിന്ന് നിഷ്‌ക്രമിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം ജനങ്ങള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. നൂറ്റിഅന്‍പതോളം യാത്രാ തീവണ്ടികളും കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട ശീതീകരിക്കപ്പെട്ട ചരക്ക് തീവണ്ടികളും പി പി പി മാതൃകയില്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുമെന്നാണ് പ്രഖ്യാപനം.
പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട് വ്യാപകമായ മാറ്റങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടില്ല. ജി എസ് ടി സംവിധാനത്തില്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ അടുത്തടുത്ത ഇടവേളകളില്‍ പ്രഖ്യാപിക്കപ്പെടുന്നത് കൊണ്ടാകും ഇത്. കസ്റ്റംസ് തീരുവ ഉയര്‍ത്തിയ വകയില്‍ ചില സാധനങ്ങള്‍ക്ക് വില കൂടുകയും കസ്റ്റംസ് തീരുവ കുറച്ച വകയില്‍ ചില സാധനങ്ങള്‍ക്ക് വില കുറയുകയും ചെയ്യും. ജി എസ് ടി കൊണ്ട് വന്നിട്ട് രണ്ടര വര്‍ഷം പിന്നിടുമ്പോഴും പരോക്ഷ നികുതിമേഖലയിലെ സാങ്കേതികപിഴവുകള്‍ക്കും ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും യാതൊരു കുറവും ഉണ്ടായിട്ടില്ല; അവയെപ്പറ്റിയെല്ലാം ബജറ്റ് നിശബ്ദമായാണ് നിലകൊണ്ടത്.
പ്രത്യക്ഷ നികുതിയിലേക്ക് വന്നാല്‍ അതിസമ്പന്നര്‍ക്കുള്ള സ്വത്ത് നികുതി, സൂപ്പര്‍ ടാക്‌സ് തുടങ്ങിയവയിലൊന്നും യാതൊരു മാറ്റവും ഇല്ല. ഒറ്റ നോട്ടത്തില്‍ വ്യക്തികളുടെ ആദായ നികുതിയില്‍ വലിയ ഇളവു വരുത്തി എന്ന് തോന്നിക്കുന്ന പ്രഖ്യാപനം വെറും കണക്കിലെ കളി കൊണ്ടുള്ള ഒരു ഗിമ്മിക്കാണെന്നേ പറയാനൊക്കൂ. നിലവിലുള്ള സ്ലാബുകള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍, സമാന്തരമായി പുതിയൊരു സ്ലാബ് സംവിധാനം കൂടി കൊണ്ടു വന്നിരിക്കുന്നു. പുതിയ നികുതി നിര്‍ദ്ദേശ പ്രകാരം കൂടുതല്‍ സ്ലാബുകള്‍ ഉള്ള ആദായ നികുതി നിരക്കുകളിലാണ് ടാക്‌സ് ബാധ്യത കണക്ക് കൂട്ടുന്നത്. ഇതില്‍ 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് താരതമ്യേന ടാക്‌സ് നിരക്കുകള്‍ കുറവാണെങ്കിലും വരുമാനത്തില്‍ നിന്ന് പി എഫ്, പെന്‍ഷന്‍ സ്‌കീം, ഇന്‍ഷുറന്‍സ്, ഭവന വായ്പയുടെ പലിശ തുടങ്ങിയവയ്ക്ക് ലഭിച്ചിരുന്ന നികുതി ഇളവുകളും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കിഴിക്കാനാവില്ല. ഇതോടെ പഴയ നികുതി സ്ലാബില്‍നിന്നും പുതിയ സ്ലാബിലേക്കു മാറുമ്പോള്‍ ഒരു ചെറിയ വിഭാഗം നികുതിദായകര്‍ക്ക് മാത്രമേ ഗുണം ലഭിക്കൂ. മുന്‍പുണ്ടായിരുന്ന നൂറോളം നികുതി ഇളവുകള്‍ 30 ആക്കി കുറച്ചിട്ടുണ്ട്. ആദായ നികുതിയില്‍ ചുമത്തിയിരുന്ന നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും സര്‍ചാര്‍ജ്ജും മാറ്റമില്ലാതെ തുടരും. പുതിയ സ്ലാബിലോ പഴയ സ്ലാബിലോ നികുതി ദായകര്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. നികുതി ഉദ്യഗസ്ഥര്‍ നികുതിദായകരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുമെന്നും പുതിയ നികുതി സംവിധാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കുമെന്നും മന്ത്രി അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഡിവിഡന്റ് മാത്രം ലഭിക്കുന്ന എന്‍ആര്‍ഐക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഇളവ് അനുവദിച്ച് 115 എ വ്യവസ്ഥ ഭേദഗതി വരുത്തി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് റോയല്‍റ്റിയോ സാങ്കേതിക സേവനങ്ങള്‍ക്ക് ഫീസോ ലഭിക്കുന്നതിനും ഈ ഇളവ് അനുവദിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്ര ബജറ്റ് അപ്രിയമായ ചില കാര്യങ്ങളും വച്ച് നീട്ടുന്നുണ്ട്. വര്‍ഷത്തില്‍ 240 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചാല്‍ മാത്രമേ എന്‍ആര്‍ഐ എന്ന നിലയിലുള്ള ടാക്‌സ് ഇളവ് ലഭിക്കുകയുള്ളൂ. മുന്‍പ് ഈ കാലയളവ് 182 ദിവസം ആയിരുന്നു. പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇനി മുതല്‍ ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരും എന്ന പ്രഖ്യാപനം പ്രവാസി ഇന്ത്യക്കാരില്‍ കുറച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ ഇത് എല്ലാ പ്രവാസികളെയും ബാധിക്കില്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ബാധകമായതുമാണെന്ന് പ്രത്യക്ഷനികുതി വകുപ്പ് വിശദീകരണം പുറപ്പെടുവിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നടപടികളുടെയും നയങ്ങളുടെയും പിഴവുകളുടെയും കുറവുകളുടെയും അനന്തരഫലം ഏറ്റുവാങ്ങുന്നത് സാധാരണ ജനങ്ങളാണ്. അത് കൊണ്ട് തന്നെയാണ് അവര്‍ ഒരു ബജറ്റിനെ വളരെ പ്രതീക്ഷകളോടെ ഉറ്റു നോക്കുന്നത്. കുറവുകളും പിഴവുകളും പരിഹരിക്കാനും പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഉതകുന്ന മാറ്റത്തിന്റെ ബജറ്റുമായി നിര്‍മ്മല സീതാരാമന്‍ എന്ന ധനകാര്യമന്ത്രി വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന ജനത്തിന്റെ മുന്‍പില്‍ പുതിയ കുപ്പിയില്‍ നിറച്ച പഴയ വീഞ്ഞിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരു ക്‌ളീഷേ ബജറ്റുമായിട്ടാണ് അവര്‍ എത്തിയത്. മാഡം മിനിസ്റ്റര്‍, നിങ്ങള്‍ വല്ലാതെ നിരാശപ്പെടുത്തി....പറയാതെ വയ്യ.
(The Cue എന്ന ഓൺലൈൻ ന്യൂസ് പോർട്ടൽ പ്രസിദ്ധീകരിച്ച, ഞാൻ എഴുതിയ കുറിപ്പ്)
(The Cue എന്ന ഓൺലൈൻ ന്യൂസ് പോർട്ടൽ പ്രസിദ്ധീകരിച്ച, ഞാൻ എഴുതിയ കുറിപ്പ്)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
No comments:
Post a Comment