അന്തരിച്ച
ഇടുക്കി രൂപത മുൻ ബിഷപ്പ്
മാർ ആനിക്കുഴിക്കാട്ടിലിന് ആദരാഞ്ജലികൾ....
ഇടുക്കി രൂപത മുൻ ബിഷപ്പ്
മാർ ആനിക്കുഴിക്കാട്ടിലിന് ആദരാഞ്ജലികൾ....
"മാർ ആനിക്കുഴിക്കാട്ടിലിന് ജനകീയ ആദരം നിഷേധിച്ചു" എന്ന തലക്കെട്ടിൽ ദീപികയിൽ വന്ന ഒരു ലേഖനമാണ് ഇപ്പോൾ ഇതെഴുതാൻ കാരണം.
ഇതു കൊടുംചതിയാണ് എന്നാണ് അതിന്റെ ആദ്യവാചകം.
ഒരു ആത്മീയാചാര്യന് അന്ത്യയാത്ര നൽകാൻ പോലും ജനതയെയും വിശ്വാസികളെയും അനുവദിക്കാത്ത ചതിയാണ് സർക്കാരുകൾ ചെയ്യുന്നതെന്നും ഇതിന്റെ പിന്നിൽ ഗൂഢതന്ത്രം ഉണ്ടെന്നും അത് ഇപ്പോൾ ജയിച്ചാലും മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെ ജനഹൃദയങ്ങളിൽ നിന്നു തുടച്ചുമാറ്റാൻ ഒരു ഗൂഢതന്ത്രത്തിനുമാകില്ലെന്നും പൊതു ആദരവ് നിഷേധിക്കാൻ ആരു ശ്രമിച്ചാലും ലക്ഷങ്ങളുടെ ഉള്ളിൽ ദിവ്യ തേജസായി ഇടുക്കിയുടെ പ്രഥമ മെത്രാൻ എന്നും കുടി കൊള്ളുമെന്നുമൊക്കെ എണ്ണിപ്പെറുക്കുന്ന ഒരു ലേഖനം. ഇടുക്കി രൂപതയെയും കുടിയേറ്റ ജനതയെയും പതിറ്റാണ്ടുകളോളം ജീവൻ നൽകി പരിപാലിച്ച രൂപതാധ്യക്ഷന്‍ അർഹമായ വിടവാങ്ങൽ നൽകാൻ അനുവദിക്കാതെ ലോക്ക് ഡൗണിന്റെ മറവിൽനിന്നും കരുക്കൾ നീക്കിയവരെ ഒരിക്കൽ പൊതുജനം തിരിച്ചറിയുമെന്ന ഭീഷണിയും ലേഖനത്തിലുണ്ട്.
ലേഖനം പറയുന്നതനുസരിച്ച്, മെത്രാന്റെ മുതസംസ്കാരത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭൗതികശരീരം വച്ച് ലോക്ക് ഡൗൺ ലംഘനങ്ങളൊന്നുമില്ലാതെ സർക്കാർ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ച് വിലാപയാത്രയും പൊതുദർശനവും ഒക്കെ നടത്താനുള്ള എല്ലാ ഹോം വർക്കുകളും ക്രമീകരണങ്ങളും നടത്തിയിരുന്നത്രെ. കളക്ടറേറ്റിൽ ജില്ലാ കളക്ടർ, ജില്ല പോലീസ് ചീഫ്, ജില്ല മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള അധികൃതരുമായി ദീർഘമായി ചർച്ചനടത്തിയാണ് രൂപതാ നേതൃത്വം ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകിയതെന്നും ഇതിൽ പറയുന്നുണ്ട്. റോഡുവക്കിൽ ആൾക്കൂട്ടം ഒഴിവാക്കി, പൊതുദർശന ഇടങ്ങളിൽ ഒരുസമയം അഞ്ചുപേരിൽ കൂടാതെ എത്തി വലിയ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നതത്രേ.
പിന്നെയങ്ങോട്ട് കുറ്റപ്പെടുത്തലുകളുടെ ധാരാളിത്തമാണ് ലേഖനത്തിലുടനീളം. പിതാവിന്റെ ഭൗതികദേഹം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കില്ലെന്നും സംസ്കാര ശുശ്രൂഷയിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഫോണ്‍ വഴി ഉത്തരവിട്ടത്രേ. ഇതിനു പിന്നാലെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഉത്തരവും വന്നു. ഒടുക്കം വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കലിന്റെ അഭ്യർഥന മാനിച്ച് സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാകളക്ടർ അനുമതി നൽകിയെങ്കിലും പിതാവ് അർഹമായ ആദരവ് ഏറ്റുവാങ്ങാനാവാതെയാണ് നിത്യതയിലേക്കു മടങ്ങേണ്ടി വരുന്നതെന്ന് ലേഖനം പറഞ്ഞു വക്കുന്നു.
അടുത്ത ഭാഗത്തിന്റെ തലക്കെട്ടാണ് ഗംഭീരം. "നിരോധനം വന്നത് ഡൽഹിയിൽനിന്ന് ?". ഒരു ചോദ്യ ചിഹ്നത്തിന്റെ ആനുകൂല്യത്തിൽ, പിതാവിന് ആദരമർപ്പിക്കാനുള്ള ജനങ്ങളുടെ അവസരം സംസ്ഥാന സർക്കാർ തടഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ലഭിച്ച പരാതിയെത്തുടർന്നാണെന്ന് ലേഖകൻ അനുമാനിക്കുന്നു. ലേഖനത്തിൽ ആ ഉത്തരവിന് കൊടുക്കുന്ന വിശേഷണവും കലക്കി : "ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ദേഹത്തോടുള്ള അനാദരവിന്റെ ഉത്തരവ്"
ലേഖകന്റെ ഭാഷ്യമനുസരിച്ച്, ഹൈറേഞ്ചിലെ പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ജീവിച്ചു, പ്രവർത്തിച്ചു കാലം ചെയ്ത ഒരു വലിയ മനുഷ്യന് ലോകത്തിൽ ഒരാൾക്കും ഉണ്ടാകാത്ത ക്രൂരമായ അവഗണന സംഭവിച്ചതിന് ഉത്തരം പറയാൻ ഉത്തരവാദിത്വമുള്ളവരുടെ ലിഷ്ട്ട് ചെറുതല്ല.... കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, സംസ്ഥാനത്തെ ഭരണപക്ഷ പാർട്ടികൾ, പ്രതിക്ഷ പാർട്ടികൾ; ഇവരൊക്കെയാണവർ. സാധാരണ പൗരനു ലഭിക്കുന്ന പരിഗണന പോലും നൽകാതെയാണ് ഇടുക്കിയുടെ ആത്മീയ പിതാവിന്റെ ജീവിതത്തിലെ അവസാനത്തെ ആദരവ് കൊട്ടിയടച്ച് യാത്രയാക്കേണ്ടി വന്ന നിന്ദ്യമായ ചെയ്തി ഇടുക്കിയിലെ മാത്രമല്ല സമസ്ത ജനങ്ങളെയും കണ്ണീർക്കയത്തിലാഴ്ത്തിയിരിക്കുകയാണെന്നും ലേഖകൻ പറയുന്നു. ഈ നടപടികൾ തിരുത്തിക്കാൻ ഒരു രാഷ്ട്രീയ പൊതു സേവകനെയും കണ്ടില്ല എന്ന പരാതിയും ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു മുന്നണിയും ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്താൻ തയാറാവാത്തത് എന്ത് രാഷ്ട്രീയലാഭം ഉണ്ടാക്കാനാണാവോ എന്ന അതിശയപ്പെടുന്നതോടൊപ്പം മൃതദേഹത്തിനു പൊതുദർശനം അനുവദിക്കാത്ത ക്രൂരമായ നടപടി ഒരു പരിഷ്കൃത സമൂഹവും സഹിക്കുന്നതല്ലെന്നു കൂടി പ്രസ്താവിക്കുന്നു.
പരാതി എന്താണെന്നോ പരാതിക്കാരൻ ആരാണെന്നോ ലേഖനം എഴുതും വരെ പുറത്താരും അറിഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭൗതികദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറല്ലെന്ന് ചീഫ് സെക്രട്ടറി ഉത്തരവാദിത്വത്തിൽ നിന്നു കൈകഴുകിയതോടെ ജില്ലാ കളക്ടർ പ്രതിസന്ധിയിലാവുകയും ചെയ്തതാണ് ജനലക്ഷങ്ങൾ ആദരിക്കുന്ന ഒരു ആത്മീയ നേതാവിന്റെ മൃതദേഹത്തോട് ഇത്ര വലിയ അനാദരവു സംഭവിക്കാൻ കാരണമത്രേ.
പിന്നെ കുറെ മുന വച്ച സംശയങ്ങളും ഭീഷണി കലർന്ന മുന്നറിയിപ്പുകളുമാണ്;
ഇത്രയുമൊക്കെ കാട്ടിയിട്ടും മൗനം പാലിക്കുന്ന വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ ഉത്തരം നൽകേണ്ടി വരും..
അരുതാത്തത് ഉണ്ടാകുമ്പോൾ തിരുത്തേണ്ടവരുടെ മൗനം വരുത്തിയ ദുരന്തം ഒരിക്കലും മായാത്ത കളങ്കമായി നമ്മുടെ മേൽ പതിയും...
ലോക്ക്ഡൗണ്‍ നാളുകളിൽ മരിക്കുന്ന ഏക വ്യക്തിയല്ല മാർ ആനിക്കുഴിക്കാട്ടിൽ; മുമ്പ് മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾക്കൊന്നും ഇല്ലാത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും മാർ ആനിക്കുഴിക്കാട്ടിലിന്റെ കാര്യത്തിൽ മാത്രം എങ്ങനെയുണ്ടായി..!?
സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ വ്യവസ്ഥയുള്ളപ്പോൾ അഞ്ചുപേരിൽ ചുരുക്കാൻ ഉത്തരവുണ്ടായതെങ്ങനെ..!!???
പിന്നീട് വികാരി ജനറാളിന്റെ് അപേക്ഷ മാനിച്ച് 20 ആയി ഉയർത്തിയതെങ്ങനെ..!!???
മൃതദേഹം വച്ചിരിക്കുന്ന കത്തീഡ്രൽ പള്ളിക്കുചുറ്റും പോലീസ് സേനയെ വിന്യസിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരെ തടഞ്ഞതെന്തിന്...!??
120 പോലീസുകാരെ ഒരേസമയം വിന്യസിച്ച് ജനങ്ങളെ തടയാമെങ്കിൽ എന്തുകൊണ്ടു പോലീസ് നീയന്ത്രണത്തിൽ പൊതു ദർശനം അനുവദിച്ചില്ല...!!???
ഒരു ആത്മീയ നേതാവിന്റെ മൃതദേഹ വാഹനത്തിനു ചുറ്റും റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ആളുകളുടെ നോട്ടം തടഞ്ഞതെന്തിന്...!!???
"കണക്കുപറയേണ്ടിവരും പലരും"
ഒരു കണക്കും പറയേണ്ടി വരില്ല സഹോ; ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ മുൻകരുതലുകളിൽ ഒരു തെറ്റുമില്ല. ഒരു കാരണവശാലും ഒരു ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം അനുവദിക്കരുത്.
50 പേരിൽ കൂടാതെ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ച് കുർബാന നടത്തണം എന്ന് നിർദ്ദേശിച്ച ബിഷപ്പുമാരുടെ സർക്കുലർ നിലനിൽക്കെ മാർച്ച് 15 ഞായറാഴ്ച എന്റെ പരിസരത്തുള്ള എല്ലാ പള്ളികളിലും ആയിരവും ആയിരത്തിഅഞ്ഞൂറും പേര് പങ്കെടുത്ത കുർബാനകൾ നടന്നു; ഇടദിവസങ്ങളിലെ കുർബാനകൾക്കും നൂറു കണക്കിന് ആളുകൾ ഉണ്ടായിരുന്നു. കേരളത്തിലെമ്പാടും അത് തന്നെയായിരുന്നു സ്ഥിതി എന്നാണ് വ്യക്തമായ ധാരണ. പേരിന് പോലും ഇത്തരം ആൾക്കൂട്ടം അനുവദനീയം അല്ലെന്ന് പോലും മൊഴിഞ്ഞില്ല ഈ വേഷമിട്ടവർ. യാത്രാവിലക്ക് നിലനിൽക്കുന്ന സമയത്ത്, അഞ്ചു പേര് മാത്രം പങ്കെടുക്കാവുന്ന തിരുക്കർമ്മങ്ങൾ നടത്താൻ അനുമതി ഉള്ളപ്പോൾ ഓശാനക്ക് പന്ത്രണ്ട് കിലോമീറ്റർ കാറിൽ യാത്ര ചെയ്ത് അഞ്ചിലധികം പേർ (എട്ടു പേർ ഉള്ള ഫോട്ടോ എന്റെ പക്കലുണ്ട്) സന്നിഹിതരായിരുന്ന ബലിയർപ്പിച്ച തലവൻ ഉള്ള സഭയാണ്. കർശനമായ ലോക്ക് ഡൗൺ നിർദ്ദേശങ്ങളും മെത്രാന്മാരുടെ സർക്കുലർ നിർദ്ദേശങ്ങളും ലംഘിച്ച് തിരുക്കർമ്മങ്ങളും ഭക്ത്യഭ്യാസങ്ങളും ധ്യാനപരിപാടികളും നടത്തിയതിന് വൈദികരും വിശ്വാസികളും കേരളത്തിൽ അങ്ങിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ട പത്രവാർത്തകളും ഓൺലൈനിൽ തന്നെ ലഭ്യമാണ്.
ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായവർ വലിയ കാര്യങ്ങളിലും വിശ്വസ്തർ ആയിരിക്കും; ഒരുവന്റെ പ്രവൃത്തിയാൽ അവൻ വിധിക്കപ്പെടും; പിതാക്കന്മാരുടെ സർക്കുലറും സർക്കാരിന്റെ കർശന നിർദ്ദേശങ്ങളും ലംഘിച്ചവരെ പരസ്യമായി അപലപിക്കാൻ പോലും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായിക്കണ്ടില്ല.
ചുരുക്കത്തിൽ സൂചി കടത്താൻ ഇട കൊടുത്താൽ തൂമ്പ കയറ്റുന്ന അനുഭവങ്ങൾ മുന്നിലുള്ളപ്പോൾ ഒരു ഇളവും കൊടുക്കരുത്. അറിവ് കുറവ് കൊണ്ടാണോ അറിവ് കൂടുതൽ കൊണ്ടാണോ എന്നറിയില്ല; തീർച്ചയായും ഇവർ ആടുകളെ നയിക്കുന്നത് സുരക്ഷിതതീരങ്ങളിലേക്കല്ല...
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന് ഒരിക്കൽ കൂടി ആദരാജ്ഞലികൾ
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
മിക്ക കുഞ്ഞാടുകളും നയിച്ചാലും നയിച്ചില്ലെങ്കിലും
ReplyDeleteഇടയന്റെ പിന്നാലെ പോകുന്ന കൂട്ടത്തിലുള്ളവയാണ് ..