ഞാൻ വെറും പോഴൻ

Monday, 8 June 2020

ജീവന്റെ ആ പൊൻ നാണയം പുഴയിലെറിഞ്ഞതാരാണ്...!!???

ഓൺലൈൻ ക്ലാസ് സൗകര്യം ലഭിക്കാത്തതിൽ മനം നൊന്ത് മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വേദനാജനകമായ സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി മരണത്തിന്റെ തീരത്തേക്ക് സ്വയം നടന്നു പോയിരിക്കുന്നു. പാലാ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെ പരീക്ഷാഹാളിൽ നിന്ന് പരീക്ഷയ്ക്കിടെ ഇറങ്ങിപ്പോയ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

കാഞ്ഞിരപ്പള്ളിയിലെ പാരലൽ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കലിലെ BVM ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച്  പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ മാനസിക പീഡനത്തിൽ മനം നൊന്ത് മകൾ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി പറയുന്നു. പരീക്ഷാഹാളിൽ അഞ്ജു ഷാജിയെ അധ്യാപകർ ശകാരിക്കുന്നത് കണ്ടതായി പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നുണ്ട്. അജ്ഞുവിൻ്റെ ഉത്തരക്കടലാസുകൾ പ്രിൻസിപ്പൽ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ കോളേജിലെ സിസിടിവി ക്യാമറയിലുണ്ടെന്ന് അഞ്ജുവിന്റെ പിതാവ് ആരോപിക്കുന്നു. 

എന്നാൽ അഞ്ജു ഷാജി കോപ്പിയടിക്കാൻ ശ്രമിച്ചെന്നു തന്നെയാണ് കോളജ് അധികൃതരുടെ വിശദീകരണം. ഹാൾ ടിക്കറ്റിന് പിന്നിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഹാൾ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പലിനെ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാർഥിനി ആകെ മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയർത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകൾ കൈമാറി. എന്നൊക്കെയാണ് കോളേജധികൃതർ നിരത്തുന്ന വാദങ്ങൾ. 

CCTV ദൃശ്യങ്ങൾ ശ്രദ്ധയോടെ നോക്കിയാൽ അഞ്ജു കോപ്പിയടിച്ച് പിടിക്കപ്പെട്ടതായി തന്നെയാണ് കാണാനാവുക. ഒരു വിദ്യാർത്ഥി(നി) കോപ്പിയടിച്ചാൽ പരീക്ഷ സെന്റർ അധികൃതർ പാലിക്കേണ്ട കൃത്യമായ നടപടിക്രമം യൂണിവേഴ്സിറ്റിക്കുണ്ടാകില്ലേ....!?? അത്തരം നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തേണ്ടത്. CCTV ദൃശ്യങ്ങൾ അനുസരിച്ച് ഏകദേശം ഒന്നേമുക്കാൽ മണിയോട് കൂടി അഞ്ജുവിന്റെ ഉത്തരക്കടലാസ് ഇൻവിജിലേറ്റർ പരിശോധിക്കുന്നു; കുറച്ച് സമയം കഴിയുമ്പോൾ കോളേജ് പ്രിൻസിപ്പൽ അച്ചൻ വന്ന് അഞ്ജുവിനോടെന്തോ സംസാരിക്കുന്നു. അതിന് ശേഷം അഞ്ജുവിന്റെ ഉത്തരക്കടലാസ് എടുത്തിട്ട് പോകുന്നു. പരീക്ഷാ നടത്തിപ്പ് ചട്ടങ്ങൾ അനുസരിച്ച് പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിയാതെ പരീക്ഷാർത്ഥിയെ പുറത്ത് വിടാൻ പാടില്ലത്രെ. അപ്പോൾ ഒന്നും ചെയ്യാനില്ലാതെ പരീക്ഷാഹാളിൽ ചിലവഴിക്കേണ്ടി വന്ന ഏകദേശം മുക്കാൽ മണിക്കൂറോളം സമയമാവണം ആ കുഞ്ഞിനെ സ്വയഹത്യാ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുക. കോപ്പിയടി പിടിക്കപ്പെട്ടതിന്റെ അപമാനവും കുറ്റബോധവും ആത്മാഭിമാനക്ഷതവും എല്ലാം കൂടി താങ്ങാൻ ആ കുഞ്ഞിന് സാധിച്ചു കാണില്ല. പരീക്ഷാകേന്ദ്രങ്ങളിൽ കോപ്പിയടി പിടിക്കപ്പെട്ടാൽ ഉടനെ ഉത്തരക്കടലാസ് പിടിച്ചു വാങ്ങുന്ന നടപടി സ്ഥിരമായി കാണുന്നതാണ്. അത് യൂണിവേഴ്സിറ്റി ചട്ടപ്രകാരമുള്ള നടപടിയാണോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. അഥവാ ആണെങ്കിൽ അതിന് ഭേദഗതി വരുത്താനുള്ള അടിയന്തിര പ്രവർത്തനങ്ങൾ യൂണിവേഴ്സിറ്റി സ്വീകരിക്കണം. ഇന്ന് പത്രസമ്മേളനം നടത്തിയ അധ്യാപകർ പറയുന്നതനുസരിച്ച് പരീക്ഷാക്രമക്കേട് കേസുകളിൽ നടപടികളുടെ അന്തിമ തീർപ്പ് യൂണിവേഴ്സിറ്റിക്കാണ്. നടപടി ശുപാർശ ചെയ്യാൻ പോലും പരീക്ഷാകേന്ദ്രത്തിന് അധികാരമില്ല; അപ്പോൾ കോപ്പിയടി കണ്ടെത്തുന്ന ഉടനെ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചു വാങ്ങി പരീക്ഷ നിർത്തിപ്പിക്കാൻ ചട്ടമുണ്ടാവുമോ...!!??? ഇത് അവധാനതയോടെ പരിശോധിക്കേണ്ട വിഷയമാണ്. പേപ്പർ പിടിച്ചു വാങ്ങാതെ, കോപ്പിയടിച്ചു എന്ന റിമാർക്ക് എഴുതി, അവസാനം വരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടി പോയി ഈ കടുംകൈ ചെയ്യില്ലായിരുന്നു.

ഇവിടെ അഞ്ജുവിന്റെ പിതാവിന്റെ പ്രതികരണങ്ങളും ആരോപണങ്ങളും മനസ്സാക്ഷിയുള്ളവരിൽ വേദന ഉളവാക്കുന്നുണ്ടെങ്കിലും അവ വികാരത്തിനധീനനായി പറയുന്നതാണെന്ന് മനസിലാക്കാം. മകളുടെ അപ്രതീക്ഷിത വേർപാടിലുള്ള നഷ്ടബോധവും ഒരു പിതാവെന്ന നിലയിൽ മകൾ ഒരിക്കലും ചെയ്യില്ല എന്ന്  വിശ്വസിച്ചിരുന്ന കോപ്പിയടി ആരോപണവും മകളുടെ സ്വയഹത്യക്ക് കാരണമായി എന്ന് കരുതുന്നവരോടുള്ള രോഷവുമൊക്കെ  കൂടി കലരുന്ന കടുത്ത വിഷാദവും നിരാശയുമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത്. ഹാൾ ടിക്കറ്റിന്റെ പിറകിൽ എഴുതിയത് തന്റെ മകളല്ലെന്നും അത് പിന്നീട് എഴുതിച്ചേർക്കപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ ആക്ഷേപവും പോലീസ് കൃത്യമായി അന്വേഷിച്ചു നിജസ്ഥിതി വെളിച്ചത്ത് കൊണ്ട് വരണം. 

പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് എയ്‌ഡഡ്‌ കോളേജുകളിൽ പരീക്ഷ എഴുതാൻ വരുന്ന പാരലൽ കോളേജ് വിദ്യാർത്ഥികൾ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമാകും എന്നത് സ്വാഭാവികമാണ്. പരീക്ഷ സെന്റർ ആയ എയ്‌ഡഡ്‌ കോളേജിലെ കുട്ടികള്‍ ഭേദപ്പെട്ടവരും പാരലൽ കോളേജ് കുട്ടികൾ വേറൊരു നിലവാരത്തിലുള്ളവരും കോപ്പിയടിക്കാരും എന്നൊരു മുൻവിധിയാവാം ഇതിന് കാരണം. അവിടത്തെ അധ്യാപകർക്കോ ജീവനക്കാർക്കോ ആ കുട്ടികളോട് പ്രത്യേകിച്ച് ആത്മബന്ധമോ അനുഭാവമോ ഉണ്ടാവില്ല എന്നത് അസാധാരണമായ സംഗതിയും അല്ല. പ്രിൻസിപ്പാളച്ചനെ കാണാനുള്ള നിർദ്ദേശം പാലിക്കാതെ കുട്ടി പോയത് അന്വേഷിക്കാതിരുന്നത് എന്താണെന്ന ചോദ്യത്തിന്, പുറത്ത് നിന്നുള്ള വിദ്യാർത്ഥിനി ആയത് കൊണ്ട് അവരെ ബന്ധപ്പെടാൻ മാർഗ്ഗങ്ങളില്ലായിരുന്നു; അത് കൊണ്ട് പോലീസിനെയാണ് കാര്യങ്ങൾ അറിയിച്ചത്, എന്ന കോളേജ് അധികൃതരുടെ മറുപടിയിലും ഇത് നിഴലിക്കുന്നുണ്ട്. തങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല എന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാവണം പത്രസമ്മേളനത്തിൽ ഉടനീളം തങ്ങൾക്ക് മുന്നിൽ  നിന്ന് അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി നടന്നകന്ന് മരണക്കയത്തിലേക്ക് ആണ്ടു പോയ ആ കുട്ടിക്കെതിരെ വീണ്ടും വീണ്ടും ആരോപണങ്ങളുയർത്തി മരണാനന്തരഹത്യ നടത്തുന്നുണ്ട്. പക്ഷെ, അറിഞ്ഞിടത്തോളം കാര്യങ്ങൾ വച്ച് നോക്കുമ്പോൾ നിയമദൃഷ്ട്യാ കോളജിന്റെ ഭാഗത്ത് തെറ്റുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നേ പറയാനും പറ്റൂ. 

2018 ഡിസംബറിൽ കൊല്ലം ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തതിന്‌ ഏറെക്കുറെ സമാനമാണ് ഇപ്പോൾ നടന്ന സംഭവം. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതുടര്‍ന്നാണ് രാഖി ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം. രാഖിയും പരീക്ഷാഹാളിൽ നിന്നും ഏകയായി ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. 2017-ൽ സ്വയഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിനും കോപ്പിയടി പിടിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അപമാനബോധമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നായാടിയുടെ കൺമുനയിലെ ജാഗ്രത കാത്ത് സൂക്ഷിക്കുകയും കോപ്പിയടി കണ്ടെത്താൻ പ്രത്യേകം ഉത്സാഹിക്കുകയും  ഒരു ഇരയെ കിട്ടിയാൽ നിർദാക്ഷിണ്യം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇന്‍വിജിലേറ്റര്‍മാരുണ്ട്. അവരുടെ  കൃത്യതയാർന്ന ഉത്തരവാദിത്തബോധത്തിന് മുന്നിൽ ഭരത്ചന്ദ്രൻ IPS-ഉം തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് IAS-ഉം മാറി നിൽക്കും. അതേ സമയം മറ്റ് ചിലരാവട്ടെ, തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പരീക്ഷാർത്ഥികൾ ചെയ്‌ത്‌ പോയ തെറ്റിനെ മനസിലാക്കി കൊടുക്കാനും തുടർന്ന് അതാവർത്തിക്കപ്പെടാതിരിക്കാനും എന്നാൽ നിയമം നടപ്പിലാക്കാനും സാധിക്കുന്ന ഒരു സംതുലിതമായ നിലപാടെടുക്കുന്നു. കുട്ടികൾക്ക് ചില്ലറ സഹായങ്ങള്‍ നല്‍കുന്നവർ പോലുമുണ്ട്. അതൊക്കെ ഓരോ വ്യക്തികളുടെയും മനോഗുണം; കുറഞ്ഞ പക്ഷം ഒരു കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. കോപ്പിയടി പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആത്മാഭിമാനം മുറിപ്പെടുത്താതിരിക്കുക. ആ ആത്മാഭിമാനനഷ്ടം ദുർബല മനസുള്ള ചില വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും സഹിക്കാനാവില്ല. അവരാണ് ജീവിതം വഴിയിലുപേക്ഷിക്കുന്നതെന്ന തിരിച്ചറിവ് പരീക്ഷാ നടത്തിപ്പുകാർക്ക് വേണം.

പരീക്ഷാ ഹാളില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നത് സാധാരണമാണ്. അതിന്റെ പേരില്‍ ഉടനടി വിചാരണ നടക്കുന്നതും സാധാരണമാണ്. അതിനെ തുടർന്നുണ്ടാകുന്ന അസാധാരണമായ പ്രശ്നങ്ങൾ ആരുടെ കുറ്റമാണ് ? കടുത്ത സമ്മര്‍ദ്ദത്തിലേയ്ക്ക് ഇന്‍വിജിലേറ്റര്‍മാരും പരീക്ഷ സെന്റർ അധികൃതരും വിദ്യാര്‍ത്ഥികളും എത്തിച്ചേരുന്നത് ആരുടെ കുറ്റമാണ്? വിദ്യാര്‍ത്ഥികളുടെയാണോ ? അദ്ധ്യാപകരുടെയാണോ ? വിദ്യാഭ്യാസ വ്യവസ്ഥയുടേയോ ? അതോ കാലാകാലങ്ങളായി അനുവർത്തിച്ചു പോരുന്ന ചില മുൻവിധികളുടെയും കീഴ്വഴക്കങ്ങളുടെയുമാണോ ?   

മുന്നനുഭവങ്ങളിൽ നിന്ന് പോലും ആരും ഒന്നും പഠിക്കുന്നില്ല എന്നാണ് ഈ ഘട്ടത്തിൽ മനസിലാകുന്നത്. നിയമവും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ചതുരവടിവിൽ നടപ്പാക്കിയപ്പോൾ മനുഷ്യത്വം എങ്ങോ പോയൊളിച്ചു. കുറച്ചു കൂടി മനുഷ്യത്വപരവും പക്വപൂർണ്ണവുമായ സമീപനം എടുത്തിരുന്നെങ്കിൽ ആ കുട്ടി അപഹാസ്യ ആകാതെ നോക്കാമായിരുന്നു. മനപൂർവ്വമല്ലെങ്കിൽ പോലും ആ കുട്ടിക്കുണ്ടായ അപമാനവും മനോപീഡയും ആത്മാഭിമാനക്ഷതവും ആ കുട്ടിയുടെ സ്വയഹത്യക്ക് കാരണമായെങ്കിൽ ഇത് വെറുമൊരു സ്വയഹത്യ മാത്രമല്ല; കുറഞ്ഞ പക്ഷം മനപൂർവ്വമല്ലാത്ത നരഹത്യ കൂടിയാണ്. സഹോദരനെ വിധിക്കുന്നതും മണ്ടനെന്ന് വിളിക്കുത് പോലും ഹിംസ തന്നെയാണെന്ന് പഠിപ്പിക്കുന്ന വലിയ ഗുരുവിന്റെ പിൻഗാമിയാണ് ഇതിൽ പ്രധാന ആരോപിതനെന്ന് വരുമ്പോൾ വല്ലാത്ത ഒരു അമർഷം ഉള്ളിൽ ഉരുണ്ടു കൂടുന്നു. 

ഉത്തരവാദിത്തപ്പെട്ടവർ, ഒരൽപ്പം കരുതൽ കാണിച്ചിരുന്നെങ്കിൽ, ഒന്ന് ചേർത്ത് പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ആ കുഞ്ഞും ഈ ഭൂമിയിൽ ജീവനോടിരുന്നേനെ...

വൽക്കക്ഷണം : ജീവിതത്തിൽ ചെറിയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ പോലും ആത്മഹത്യയുടെ വഴി സ്വീകരിക്കാനുള്ള മാതൃകകള്‍ ഈ കുട്ടികള്‍ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് തന്നെ കണ്ടെടുക്കുന്നതാണ്. ആത്മഹത്യകളെ ആദർശവൽക്കരിക്കുകയും സാധാരണവൽക്കരിക്കുകയും ചെയ്യുന്ന സാഹിത്യകൃതികൾ, സീരിയലുകൾ, സിനിമകൾ തുടങ്ങിയവ മുതൽ കളിക്കും കാര്യത്തിനുമെല്ലാം വൈകാരിക ബ്ലാക്ക് മെയിലിംഗ് ആയുധമായി ഞാൻ ചത്ത് കളയുമെന്ന ഡയലോഗിറക്കുന്ന മുതിർന്നവരുമെല്ലാം കുട്ടികളിൽ ആത്മഹത്യാഭിമുഖ്യം ഉണ്ടാക്കുന്നുണ്ട്. എളുപ്പത്തിൽ വാർത്താപ്രാധാന്യം നേടാനുതകുന്ന പ്രതിഷേധമാർഗ്ഗങ്ങൾ എന്ന നിലയിൽ പ്രതീകാത്മകമായി ആത്മഹത്യാ മാതൃകകളുടെ പ്രകടനം ഒന്ന് മനസ്സിലോർക്കുക; ടവർ ലൈനിലോ ഉയർന്ന കെട്ടിടങ്ങളിലോ കയറി താഴേക്ക് ചാടുമെന്ന് പറയുക, ദേഹത്ത് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് തീ കൊളുത്തുമെന്ന് പറയുക, മരത്തിലോ പോസ്റ്റിലോ കയറി കഴുത്തിൽ കുരുക്കിട്ട് ചാടുമെന്ന് പറയുക ഒക്കെ പോലെയല്ലേ ചിലപ്പോഴെങ്കിലും ചില കുഞ്ഞുങ്ങൾ കൈമുറിക്കുമെന്നും കിണറ്റിൽ ചാടുമെന്നും തൂങ്ങിച്ചാവുമെന്നും ഒക്കെ മാതാപിതാക്കളെ ഭീഷണിപ്പെടുത്താറുള്ളത്. 

ജീവിതവഴികളിലെ പ്രതിസന്ധികളെ നേരിടാന്‍ ചങ്കൂറ്റവും കരളുറപ്പും ഉണ്ടാകാനുള്ള പരിശീലനങ്ങൾ കൊടുക്കാൻ രക്ഷകർത്താക്കൾ പലപ്പോഴും പരാജയപ്പെടുന്നു. അക്കാദമിക്ക്  മികവിനേക്കാൾ പച്ചയായ ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ അറിയുന്ന കുട്ടികള്‍ക്ക് മാത്രമേ ഇവിടെ നിലനിൽക്കാൻ കഴിയൂ. പ്രതിസന്ധികൾക്ക്‌ പഞ്ഞമില്ലാത്ത ഈ ലോകത്ത്, ജീവിച്ച് വിജയിക്കാനുള്ള വാശി വെടിയാതെ പിടിച്ചു നില്‍ക്കാനുള്ള സദ് മാതൃകകൾ പകര്‍ത്തിയെടുക്കാൻ കുട്ടിക്കാലം മുതലേ അവരെ പ്രേരിപ്പിക്കണം. അതിവേഗം മാറുന്ന കാലത്ത് ആത്മഹത്യാ പ്രതിരോധത്തിന്റെ അടിസ്‌ഥാനപാഠങ്ങള്‍ കണ്ടെത്തി നല്‍കാൻ ശ്രമിക്കുക കൂടിയാണ് ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർതൃത്വം.

(ഫോട്ടോ കടപ്പാട് : മാതൃഭൂമി)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. തെറ്റുചെയ്തത് പിടിക്കപ്പെട്ടപ്പോൾ മനഃശക്തിയില്ലാതെ
    സ്വയം മരണം വരുത്തിവെച്ച് മറ്റുള്ളവരുടെ തലയിൽ
    ആയതിന്റെ കുറ്റം ആരോപിക്കുന്നതും ശരിയല്ല ...

    ReplyDelete
  2. ഇത്തരം പരീക്ഷാ സമ്പ്രദായം നിർത്തലാക്കിക്കൂടെ...

    ReplyDelete
  3. പിയൂണിവേഴ്സിറ്റികൊല്ലത്തേഎഅതിശതമാകോടു തന്നെ വെട്ടിച്ചു കളയാറാണ് പതിവ്

    ReplyDelete
  4. ഇത് ഉപേക്ഷിക്കുക.കാരണ० ടൈപ്ചെപുയ്തതല്ല വന്നിരിക്കുന്നത്

    ReplyDelete