ഞാൻ വെറും പോഴൻ

Friday 12 April 2024

അഭിവന്ദ്യ ഇടയന്മാരുടെയും പട്ടക്കാരുടെയും ശ്രദ്ധയിലേക്ക് ഒരു അല്മായൻ എഴുതുന്ന "ആട് ലേഖനം"

 

കത്തോലിക്കാ സഭയിലെ ഇടയൻ (മെത്രാൻ) ആടുകൾ (വിശ്വാസികൾ)-ക്കയക്കുന്ന ലേഖനത്തെയാണ് ഇടയലേഖനം എന്ന് വിളിക്കുന്നത്. പള്ളികളിൽ അജഗണത്തിന്റെ മുൻപിൽ ഉറക്കെ വായിക്കാനാണ് മെത്രാന്മാർ ഇടയലേഖനങ്ങൾ എഴുതാറുള്ളത്. ചില സന്ദർഭങ്ങളിൽ ഇടയലേഖനങ്ങൾ പൊതു സമൂഹത്തിൽ വലിയ ചർച്ചയും അപൂർവ്വമായി വിവാദവും ഒക്കെ ആകാറുണ്ട്. ആ ഇടയലേഖനങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയമാണ് അത്തരത്തിൽ ചർച്ചക്കൊക്കെ വഴി വയ്ക്കാൻ കാരണം. എന്നാൽ ഒരു ആട് ഇടയന്മാർക്കെഴുതുന്ന ഒരു ലേഖനം എങ്ങനെയിരിക്കും എന്നൊന്ന് സങ്കൽപ്പിച്ചു നോക്കിയാലോ; മതങ്ങൾ തമ്മിൽ കടുത്ത വിദ്വേഷമുണർത്താൻ തക്ക നുണകൾ കുത്തി നിറച്ച വിവാദ സിനിമ 'ദ കേരളാ സ്റ്റോറി' എന്ന A സർട്ടിഫിക്കറ്റ് സിനിമ കേരളത്തിലെ ചില കത്തോലിക്കാ പള്ളികളിലെ ബൈബിൾ-വിശ്വാസ തീവ്ര പരിശീലന പരിപാടിയുടെ ഭാഗമായി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിച്ചതിന്റെയും വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കമുള്ള പരിശീലന കൈ പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്തതിന്റെയും പശ്ചാത്തലത്തിൽ ഒരു ആട് ലേഖനം എഴുതി നോക്കുകയാണ്...

ദൈവകൃപയാലും, 

പുറത്തടി വാങ്ങുമ്പോഴും താഴ്മയോടെ അനുസരിച്ചു കൊണ്ടിരിക്കുന്ന, 

എത്ര കൊണ്ടാലും ബോധമുണ്ടാകാത്ത  അല്മായരുടെയും വിശ്വാസികളുടെയും മനോഗുണത്താലും, 

അവർ കൈയയച്ച് നൽകുന്ന പണത്തിന്റെ ധാരാളിത്തത്തിലും അധികാരത്തിലും അഭിരമിച്ച്,

ധിക്കാരത്തിലും ധാർഷ്ട്യത്തിലും പുളച്ച്, 

അരമനകളിലും മേടകളിലും സുഭിക്ഷതയിലും ആഡംബരത്തിലും മുഴുകി,

സസുഖം വാഴുന്ന വന്ദ്യ പിതാക്കന്മാർക്കും അച്ചന്മാർക്കും 

നമ്മുടെ കർത്താവീശോമിശിഹായിൽ ആശിസ്സും സമാധാനവും...


വന്ദ്യപിതാക്കന്മാരെ, തിരുവസ്ത്രമെന്ന പേരിൽ യൂണിഫോമിട്ട മറ്റ് അഭിവന്ദ്യരെ... 

നമ്മുടെ കുട്ടികൾ വിശ്വാസത്തിൽ ആഴപ്പെടാനും ബൈബിളിനെ കൂടുതൽ മനസിലാക്കാനും ആത്മീയ ജീവിതത്തിൽ കൂടുതൽ ശക്തിപ്പെടാനുമുള്ള തീവ്ര പരിശീലനമെന്ന പേരിലായിരുന്നല്ലോ കുറെ കാലങ്ങളായി വേനലവധിക്കാലത്ത് ഇന്റൻസീവ് ബൈബിൾ/കാറ്റെക്കിസം കോഴ്സ്  നടത്തിപ്പോന്നിരുന്നത്.  അതിനോടനുബന്ധിച്ച് ക്‌ളാസുകൾ, കലാപരിപാടികൾ, സെമിനാറുകൾ, ചെറിയ കായിക വിനോദങ്ങൾ എന്നിവയൊക്കെ നടത്തുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഇത്തരം കോഴ്‌സുകളിൽ മുടങ്ങാതെ  കൃത്യമായി പങ്കെടുത്തിട്ടുള്ള ആളാണ്. ഞാൻ പഠിക്കുന്ന ആ കാലത്ത് വിശ്വാസപരിശീലനത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ, വിശ്വാസപരിശീലനത്തിന്റെ ഭാഗമായിട്ടല്ലെങ്കിലും, അക്കാലത്ത് പള്ളികളുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചില സിനിമാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ ചിലതൊക്കെ കണ്ടിട്ടുണ്ടെന്നും ഞാൻ ഓർക്കുന്നു. ജീസസ്, മിശിഹാ ചരിത്രം, തോമാശ്ലീഹാ, ലൂർദ്ദ് മാതാവ്, Ten Commandments തുടങ്ങിയ ചിത്രങ്ങളൊക്കെ അങ്ങനെ കണ്ടതായും ഞാൻ ഓർക്കുന്നു. പിന്നീട് പള്ളി മുൻ കയ്യെടുത്ത് വ്യാപകമായി പ്രദർശിപ്പിച്ച പടം "പാഷൻ ഓഫ് ദി ക്രൈസ്റ്റ്" ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ഇപ്പോൾ ചില രൂപതകളും ഭക്ത സംഘടനകളും മുൻകയ്യെടുത്ത് "ദി കേരള സ്റ്റോറി" എന്ന സിനിമ പ്രദർശിപ്പിക്കുന്ന അപലപിക്കപ്പെടേണ്ട ഏർപ്പാടും ഇന്റൻസീവ് കോഴ്‌സിന്റെ സ്റ്റഡി മെറ്റീരിയലിൽ അച്ചടിച്ച് കണ്ട വസ്തുത വിരുദ്ധമായ കാര്യങ്ങളും ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇത്തരമൊരു ആട് ലേഖനം എഴുതേണ്ടി വന്നത്.

"ലവ് ജിഹാദ്" എന്നൊരു ആസൂത്രിത മതം മാറ്റൽ പരിപാടി ഈ നാട്ടിൽ വ്യാപകമായി നടക്കുന്നുണ്ടെന്ന പ്രചാരണം എന്റെ സഭ നടത്താൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. വലിയ സ്പർദ്ധയൊന്നുമില്ലാതെ ഈ നാട്ടിൽ ജീവിച്ചു കൊണ്ടിരുന്ന രണ്ട് മതങ്ങളിലെ ആളുകൾ തമ്മിലുണ്ടായിരുന്ന സൗഹാർദ്ധവും പരസ്പര വിശ്വാസവും സ്നേഹവും ഇല്ലാതാപോന്ന ആരോപണങ്ങളായിരുന്നു "ലവ് ജിഹാദ്", "നർക്കോട്ടിക്ക് ജിഹാദ്", "ഹലാൽ വിരുദ്ധ ക്യാംപെയിൻ" തുടങ്ങിയവ. ആദ്യമൊക്കെ സഭയിലെ കരിസ്മാറ്റിക്കുകളും ചില തീവ്ര നിലപാടുകാരും പറഞ്ഞു കൊണ്ടിരുന്ന ഇക്കാര്യങ്ങൾ സഭയുടെ ഉത്തരവാദിത്തപ്പെട്ട പിതാക്കന്മാരും അച്ചന്മാരും ഉറക്കെ വിളിച്ചു പറയാൻ തുടങ്ങിയതോടെ കാര്യങ്ങൾ വളരെ വഷളായി. ഒരിക്കൽ സഭയെയും ക്രിസ്ത്യാനികളെയും വല്ലാതെ വെറുത്തിരുന്ന, എന്നാൽ ഇപ്പോൾ വിശ്വാസികൾക്കും ൽമായർക്കും അറിയാത്ത എന്തോ  കാരണങ്ങളാൽ സഭയുടെ സ്നേഹിതന്മാരും സഭയ്ക്ക് സമ്മതരും ആയിത്തീർന്ന തീവ്ര വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ താല്പര്യത്തിനൊത്ത് തുള്ളുന്ന സഭ, ഇപ്പോഴും ഹൃദയം വിഷരഹിതമായി സൂക്ഷിക്കുന്ന ആടുകൾക്ക് ഉണ്ടാക്കുന്ന മനഃപ്രയാസം ചെറുതല്ല എന്ന കാര്യം ഓർമ്മിപ്പിക്കട്ടെ. 

ഇനി "ദി കേരള സ്റ്റോറി" യിലേക്കും ഇടുക്കി രൂപതയുടെ ഇന്റൻസീവ് കോഴ്‌സിന്റെ സ്റ്റഡി മെറ്റീരിയലിലേക്കും വരട്ടെ. 

കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയ ഭേദകമായ കഥ' എന്ന ക്യാപ്ഷനോടെ സൺഷൈൻ പിക്ചേഴ്സിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ തന്നെ വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. അതിന് ശേഷം 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥകൾ' എന്ന് ക്യാപ്‌ഷൻ മാറ്റം വരുത്തി പ്രദർശനത്തിനെത്തിയ ചിത്രമാണിതെന്ന് സഭാ നേതൃത്വത്തിന് അറിയാത്ത കാര്യമാണോ !?. നട്ടാൽ കിളിർക്കാത്ത നുണ ഉപയോഗിച്ച്‌, ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമല്ല കേരള സംസ്ഥാനത്തെ തന്നെ ഇകഴ്ത്തി കാണിക്കുന്ന സിനിമയാണ് ഇതെന്ന് സഭക്ക് മനസിലാകാത്തതാണോ അതോ മനസിലാകാത്തത് പോലെ നടിക്കുന്നതാണോ ?

ഇടുക്കി രൂപതയുടെ ഇന്റൻസീവ് കോഴ്സ് സ്റ്റഡി മെറ്റീരിയലിൽ  പറഞ്ഞിട്ടുള്ള ഒരു കാര്യത്തിലേക്ക് സഭാധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. അതിൽ പറയുന്നത്  "2016-ലെ വിജിലൻസ് നടത്തിയ അന്വേഷണമനുസരിച്ച് ഭീമമായ പണം നൽകി 5595 യുവതികളെ ഭീകര സംഘടനകൾ അവരുടെ സംഘടനയിലേക്ക് ജീവിത പങ്കാളികളായി കൊണ്ട് പോയി" എന്നാണ്. ഇത്രയും അധികം യുവതികളെ പണം നൽകി കൊണ്ട് പോയി എന്ന് ഒരു സഭാ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചിരിക്കുന്നതിന് പിൻബലമായി എന്ത് രേഖകളും ഡാറ്റയുമാണ് സഭക്ക് മുന്നോട്ട് വയ്ക്കാനുള്ളത് ? വിജിലൻസ് ഇത്തരം കേസുകൾ അന്വേഷിക്കുന്ന ഏജൻസി അല്ലെന്നും അഴിമതി പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസി ആണെന്നും സഭക്ക് അറിയാത്ത കാര്യങ്ങൾ ആണോ !? ഈ 5595 കേസുകളുടെ കൃത്യമായ വിവരങ്ങൾ സഭക്ക് നേരിട്ട് അറിയാവുന്നത് ആണെങ്കിൽ എന്ത് കൊണ്ടാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സഭ തയ്യാറാകാത്തത്  !? സ്വന്തം അധികാര പരിധിയിൽ ജീവിക്കുന്ന വിശ്വാസികളുടെ എണ്ണം കൃത്യമായി അറിയാൻ സംവിധാനമുള്ള സഭ ഇത്രയും കുഞ്ഞാടുകൾ ഒരൊറ്റ വർഷം കൊണ്ട് നഷ്ടപ്പെട്ട് പോയിട്ട് അതിനെതിരെ നിയമവഴി തേടിയില്ല എന്നത് അത്ഭുതപ്പെടുത്തുക മാത്രമല്ല ആശങ്കപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.   ഇനി ലഘുലേഖയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുത ചെക്ക് ചെയ്യാതെ അബദ്ധത്തിൽ അച്ചടിച്ച് പോയതാണെങ്കിൽ അതിന് മാപ്പു പറഞ്ഞു പരസ്യമായി തള്ളിപ്പറയാൻ സഭക്ക് ബാധ്യതയില്ലേ !?

സ്വന്തം വിശ്വാസികളെയും യുവ ജനങ്ങളെയും ബോധവൽക്കരിക്കാൻ സഭക്കുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യവും അടിവരയിട്ട് സമ്മതിക്കുമ്പോൾ തന്നെ, അതിന് വേണ്ടി ഏത് പെരും നുണയും വസ്തുതാ വിരുദ്ധതയും പറയുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സഭയുടെ ധാർമ്മികതക്ക് യോജിച്ചതാണോ !? മോശ വഴി നൽകപ്പെട്ടു എന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന "കള്ളസാക്ഷ്യം പറയരുത്" എന്ന എട്ടാം ദൈവ കല്പനക്ക് എതിരല്ലേ !? മത്തായിയുടെ സുവിശേഷം 05:37-ൽ പറയുന്ന "നിങ്ങളുടെ വാക്ക് അതെ അതെ എന്നോ അല്ല അല്ല എന്നോ ആയിരിക്കട്ടെ; അല്ലാത്തത് ദുഷ്ടനിൽ നിന്നു വരുന്നു" എന്ന വചനം സഭാധികാരികൾക്ക് ബാധകമല്ലെന്നുണ്ടോ !? നുണയുടെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കുന്ന പെരുംകോട്ടയിലിരുന്ന് യോഹന്നാൻ 8:32-ൽ പറയുന്ന “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന വചനം എങ്ങനെയാണ് മനഃസാക്ഷിക്കുത്തില്ലാതെ പഠിപ്പിക്കാനാവുക !?

ആരെങ്കിലുമൊക്കെ കണ്ണും കയ്യും കലാശവും ഒക്കെ കാണിച്ചാൽ അതിൽ മയങ്ങി ഇറങ്ങിപ്പോകുന്നവരാണ് നമ്മുടെ കുട്ടികൾ എന്ന് പറയുന്നത് സ്വയം അവഹേളിക്കുന്നതിനു തുല്യമല്ലെ !? ഓർമ്മ വയ്ക്കുന്ന കാലം മുതൽ സൺഡേ വേദപാഠം, ഡെയിലി വേദപാഠം, അവധിക്കാല ഇന്റൻസീവ് വേദപാഠം,  ഞായറാഴ്ച പ്രസംഗങ്ങൾ, ധ്യാന പ്രസംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തനം,  ജീസസ് യൂത്ത്... ഇതൊക്കെയുണ്ടായിട്ടും ലവ് ജിഹാദികളുടെ ഇക്കിളി തന്ത്രങ്ങളിൽ നമ്മുടെ കുട്ടികൾ വീണു പോവുന്നെങ്കിൽ നമ്മുടെ പേരെന്റിങ്ങിനും മൂല്യബോധന സിസ്‌റ്റത്തിനുമല്ലേ തകരാറ് സംഭവിച്ചിട്ടുള്ളത് !? അതിനൊക്കെയല്ലേ മൊത്തത്തിൽ ഒരു Re Engineering വേണ്ടത് !? നമ്മുടെ കഴിവ് കേടിന് പരിഹാരം കാണാതെ ഒരു സമുദായത്തെ മൊത്തത്തിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത് ക്രിസ്തു പഠിപ്പിച്ച അയൽ സ്നേഹത്തിന് ചേർന്നതാണോ !?

കൈവിട്ട് പോയി അപകടത്തിൽ പെട്ട കുഞ്ഞാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വ്യാകുലപ്പെട്ട്, ഏത് വിധേനെയും നമ്മുടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സഭയ്ക്ക്, കന്യാസ്ത്രീ മഠങ്ങളിൽ വച്ച് അപമൃത്യു സംഭവിച്ച കന്യാസ്ത്രീകളുടെയും, അച്ചന്മാരിൽ നിന്നും മെത്രാന്മാരിൽ നിന്നും പീഡനങ്ങൾക്ക് വിധേയരാകേണ്ടി വന്ന നൂറ് കണക്കിന് കുഞ്ഞാടുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, സഭക്കകത്ത് തന്നെ സംഭവിക്കാനിടയുള്ള അപകടങ്ങളെപ്പറ്റിയും തീവ്രവും വ്യാപകവുമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ ഉത്തരവാദിത്തമില്ലേ !? മാതാപിതാക്കളെ സംബന്ധിച്ച് സ്വന്തം കുഞ്ഞുങ്ങളെ നശിപ്പിക്കുന്നവർ സ്വന്തം ആൾക്കാരാണോ അന്യരാണോ എന്നതിൽ വ്യത്യാസമൊന്നുമില്ലല്ലോ. സ്വന്തം കണ്ണിലെ തടിക്കഷണം എടുത്ത് കളഞ്ഞിട്ടല്ലേ അപരന്റെ കണ്ണിലെ കരട് എടുത്ത് കളയേണ്ടത് !?

കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ, ഏതാനും അച്ചന്മാരും മെത്രാന്മാരും ക്രിമിനലുകൾ ആണെന്നത് കൊണ്ട് ആ കുപ്പായക്കാരെല്ലാം ക്രിമിനലുകൾ ആണെന്ന് പറയുന്നത് പോലെ തന്നെയല്ലേ ഏതാനും മുസ്ലിങ്ങൾ തീവ്രസ്വഭാവക്കാർ ആണെന്നത് കൊണ്ട് ആ വിഭാഗക്കാർ എല്ലാം തീവ്രസ്വഭാവക്കാർ ആണെന്ന് പറയുന്നതും !? 

സ്ഥാപനവൽക്കരിക്കപ്പെട്ട അരമനകളുടെയും മേടകളുടെയും അപരിമിതമായ അധികാരത്തിലും സ്വാധീനത്തിലും സമ്പത്തിലും അഭിരമിച്ച് ളോഹയുടെ തണലിൽ ജീവിക്കുന്ന അച്ചന്മാർക്കും പിതാക്കന്മാർക്കും  ദൈനംദിന അടിസ്ഥാനത്തിൽ മറ്റ് മതക്കാരുമായി ഇടപഴകേണ്ട അവശ്യമില്ലായിരിക്കാം; പക്ഷെ അല്മായന്റെ സ്ഥിതി അതല്ല; അവന് പണിയെടുത്ത് അന്നന്നപ്പം കണ്ടെത്തുകയും കുടുംബം പൊട്ടുകയും ചെയ്യണമെങ്കിൽ ഇതര മതസ്ഥരുമായി നിത്യം ഇടപഴകി കൊടുക്കൽ വാങ്ങലുകൾ ചെയ്തേ പറ്റൂ; അത് കൊണ്ട് ഇവിടെ ഇപ്പോൾ വലിയ കുഴപ്പങ്ങളില്ലാതെ സ്വച്ഛമായൊഴുകുന്ന സൗഹാർദ്ദത്തിന്റെ പുഴയിൽ നഞ്ചു കലക്കരുതെന്നാണ് വന്ദ്യ പിതാക്കന്മാരോടും അച്ചന്മാരോടും അവരുടെ മൂട് താങ്ങികളോടും ഒരു സഭാംഗം എന്ന നിലയിൽ ഈ ആടിന് പറയാനുള്ളത്. 

സഭയെ സ്നേഹിക്കുന്നു എന്ന് അഭിനയിച്ചു കൊണ്ട് സഭയുടെ ചിലവിൽ വർഗീയതയുടെ സദ്യ വിളമ്പാൻ വരുന്നവരെ തിരിച്ചറിയാൻ ഞങ്ങളുടെ ഇടയന്മാർക്ക് ബുദ്ധി ഇല്ലേ !? സ്വന്തം മത മൗലിക വാദത്തെ താലോലിച്ചു വളർത്തിക്കൊണ്ട് മറ്റ് മതങ്ങളുടെ മൗലിക വാദങ്ങളെ എതിർക്കാനിറങ്ങിയിരിക്കുന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെ ആലയിലേക്ക് സ്വന്തം കുഞ്ഞാടുകളെ ആട്ടിത്തെളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇടയന്മാരുടെ തലയിൽ കളിമണ്ണോ അതോ തെർമോക്കോളോ !? തീവ്രവാദത്തെ എതിർക്കുന്നതിന് പകരം ഇതര മതങ്ങളെ എതിർക്കാൻ പ്രേരിപ്പിക്കുന്ന ഇടയന്മാരെ അനുഗമിക്കാൻ ബുദ്ധിയുള്ള അജഗണത്തെ കിട്ടില്ല എന്നോർക്കുക. 

ഇപ്പോൾ സൗഹാർദ്ദം കാണിച്ചു കൊണ്ട് തോളിൽ കയ്യിടുന്ന കൂട്ടരുടെ പ്രഖ്യാപിത ആഭ്യന്തര ശത്രുക്കളാണ് നാം എന്ന കാര്യം ഓർക്കുക. മറ്റ് ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നത് വരെ മാത്രമേ അവർക്ക് നാം സുഹൃത്തുക്കൾ ആയിരിക്കൂ എന്നും മനസിലാക്കുക. ഇതൊക്കെ മനസിലാകാനും തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ആട്ടിൻകൂട്ടത്തെ സുരക്ഷിതമായ തൊഴുത്തിലേക്ക് നയിക്കാൻ നിങ്ങൾക്ക് സൽബുദ്ധി ഉണ്ടാകാനും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിങ്ങൾക്ക് ഭരമേല്പിക്കപ്പെട്ട ഒരു ഗതികെട്ട ആട്...

No comments:

Post a Comment