ഞാൻ വെറും പോഴൻ

Saturday 4 May 2024

അങ്കമാലിയിൽ കാണുന്ന പന്നികളെല്ലാം "അങ്കമാലി" പന്നികളല്ല !!!

അങ്കമാലി എന്ന് കേട്ടാൽ എന്താണ് ആദ്യം ഓർമ്മ വരിക എന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ താല്പര്യമുള്ളവർ ഒരു പക്ഷെ വിമോചനസമരത്തിനെത്തുടർന്നുണ്ടായ അങ്കമാലി വെടിവയ്പ്പും അതിന്റെ സ്മാരകമായ അങ്കമാലിക്കല്ലറയെയും ഓർക്കാൻ സാധ്യതയുണ്ട്. സിനിമ പ്രേമികൾ "അങ്കമാലിയിലെ പ്രധാനമന്ത്രി" എന്ന പ്രയോഗമോ "അങ്കമാലി ഡയറീസ്" സിനിമയോ ഓർക്കാൻ വഴിയുണ്ട്. കത്തോലിക്കാ ക്രൈസ്തവരാണെങ്കിൽ അങ്കമാലി എറണാകുളം അതിരൂപതയെപ്പറ്റി ഓർക്കാൻ സാധ്യതയുണ്ട്. ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച്  അങ്കമാലി റെയിൽവെ സ്റ്റേഷന്റെ പേരും കൗതുകമുണർത്തുന്നതാണ്; കാലടിയുടെ പ്രസക്തി കൊണ്ട് റെയിൽവെ സ്റ്റേഷൻ അനുവദിക്കപ്പെടുകയും കാലടിയിൽ നിന്ന് ഏഴെട്ട് കിലോമീറ്റർ അകലെ ആ സ്റ്റേഷൻ വരികയും ചെയ്തപ്പോൾ റെയിൽവേ അധികൃതർ അതിന് "അങ്കമാലി ഫോർ കാലടി" എന്ന കൗതുകം നിറഞ്ഞ പേരായിരുന്നു ഇട്ടത്.   

എന്നാൽ ഇതിനൊക്കെ ഒപ്പമോ ഇതിനേക്കാൾ മുകളിലോ ഓർമ്മയിലേക്ക് വരാൻ സാധ്യതയുള്ളത് "അങ്കമാലി പോർക്ക്" അല്ലെങ്കിൽ "അങ്കമാലി പന്നി" എന്ന പ്രയോഗമാണ്. അങ്കമാലി പ്രദേശത്തു നിന്നുള്ളവരെ ഒന്നികഴ്ത്തിക്കാണിക്കാൻ മറ്റ് പ്രദേശക്കാർ പരക്കെ പറഞ്ഞു കേട്ടിരുന്ന ഒരു പ്രയോഗമാണത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ അങ്കമാലിയുടെ പൊതു വഴികളിലും ചന്ത പ്രദേശത്തും ഉൾപ്രദേശത്തുമെല്ലാം വ്യാപകമായി മേഞ്ഞു നടന്നിരുന്ന ജീവികളാണ് പന്നികൾ. പൊതുവെ ചെളിയിൽ കിടന്നുരുളാൻ ഇഷ്ടമുള്ള ജീവികളാണ് പന്നികൾ. എവിടെയെങ്കിലും കുറച്ച് വെള്ളം കണ്ടാൽ അതിൽ കിടന്നുരുണ്ട് ചെളി ഉണ്ടാക്കുകയും അത് ശരീരത്ത് പറ്റിച്ച് നാട് നീളെ നടക്കുകയും ചെയ്യുന്ന പന്നികൾ അങ്കമാലിയുടെ സർവ്വ സാധാരണമായ കാഴ്ച ആയിരുന്നു. അവയുടെ സമീപത്തു വരുന്ന ആരായാലും അവരുടെ മേൽ ചളി ഉരച്ചും കുടഞ്ഞും അവരെക്കൊണ്ട്  മുഴുവൻ തെറി പറയിപ്പിക്കുക അങ്കമാലിയിലെ പന്നികളുടെ ഇഷ്ടവിനോദമായിരുന്നു. 

ബീഫ് എന്നാൽ മാട്ടിറച്ചി ആണെന്നും ചിക്കൻ എന്നാൽ കോഴിയിറച്ചി ആണെന്നും മട്ടൻ എന്നാൽ ആട്ടിറച്ചി ആണെന്നും കൃത്യമായി അറിയാവുന്ന പല അങ്കമാലിക്കാർക്കും പോർക്ക് എന്നാൽ പന്നിയുടെ ഇറച്ചിയല്ല; അങ്കമാലിക്കാർക്ക് പോർക്ക് എന്നാൽ പന്നിയുടെ പര്യായ പദമാണ്; അത് അറിവില്ലായ്മ കൊണ്ടല്ല എന്നതാണ് യാഥാർഥ്യം. ഞങ്ങളുടെ മുൻ തലമുറകൾ അങ്ങനെ ഒരു കാഴ്ചപ്പാടാണ് ഞങ്ങൾക്ക് നൽകിയിട്ടുള്ളത്. പോർക്ക് എന്നത് ഒരു മലയാളം വാക്കാണെന്ന് പോലും കരുതുന്ന നല്ലൊരു വിഭാഗം ആളുകൾ അങ്കമാലിയിൽ ഉണ്ട്. നല്ല വിദ്യാഭ്യാസമുള്ളവർ പോലും പോർക്ക് ഫ്രൈ, പോർക്ക് റോസ്റ്റ് എന്നൊക്കെ പറയുന്നതിന് പകരം പിഗ് ഫ്രൈ, പിഗ് റോസ്റ്റ് എന്നൊക്കെ പറയുന്നത് പോർക്ക് എന്ന "അസംസ്കൃത മലയാളം" വാക്ക് ഒഴിവാക്കാനാണ്.   

കേവലം ഒരു സ്ഥലത്തിന്റെ പേര് എന്നതിനപ്പുറം, കേരളത്തിൽ ഏറെ കാലങ്ങളായി കാണപ്പെടുന്ന, ഒരു നാടൻ പന്നി ഇനത്തിന്റെ പേര് കൂടിയാണ് "അങ്കമാലി" (ANKAMALI). കേരളത്തിന്റെ തനത്, തനി നാടൻ പന്നി ഇനമാണ് "അങ്കമാലി". ഈ ഇനത്തിൻ്റെ ഉത്ഭവമോ ഈ പേര് വരാനുള്ള കാരണമോ അജ്ഞാതമാണ്; പക്ഷേ കുറഞ്ഞത് എഡി നാലാം നൂറ്റാണ്ട് മുതലെങ്കിലും അങ്കമാലി പന്നികൾ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. അങ്കമാലി പന്നികൾ താരതമ്യേന ഇടത്തരം വലിപ്പമുള്ള മൃഗങ്ങളാണ്. സാധാരണയായി വീതിയേറിയ പേശീ ചട്ടക്കൂടും ചെറിയ കാലുകളുമാണ് ഇവക്കുള്ളത്. കറുപ്പ് നിറം, ചാര നിറം, ഇളം ചാര നിറം മുതൽ ഈ നിറങ്ങൾ ഇട കലർന്നോ വെള്ളയോ ക്രീമോ വരകളോടെയോ ചുട്ടികളോടെയോ ഇവയെ കാണാറുണ്ട്. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് നന്നായി ഇണങ്ങുന്നവയാണ് ഇവ. മഴയോ വെയിലോ ഒന്നും ഇവക്ക് കാര്യമായ പ്രശ്നം സൃഷ്ടിക്കാറില്ല. വളരെ കുറവ് ആഹാരം മതി എന്നതും ഉയർന്ന പ്രത്യുൽപാദന നിരക്കുമായിരിക്കണം ഇവയെ കർഷകർക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്. പണ്ടൊക്കെ ഓരോ വീട്ടിലും അധികം അംഗങ്ങൾ ഉണ്ടായിരുന്ന കാലത്ത്, പാചകം ചെയ്യുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങൾ കൊടുത്തു മാത്രം ഇവയെ വളർത്താൻ സാധിക്കുന്നത് കൊണ്ടും വലിയ നിത്യ പരിചരണങ്ങൾ ഒന്നും ആവശ്യമില്ലായിരുന്നത് കൊണ്ടും ധാരാളം ഒഴിവ് പറമ്പുകൾ ഉണ്ടായിരുന്നത് കൊണ്ടുമായിരുന്നിരിക്കണം, മിക്കവാറും വീടുകളിൽ ഇവയെ വളർത്തിയിരുന്നു. 

ഇടതൂർന്നതും തിളക്കമുള്ളതുമായ രോമങ്ങൾ ഉള്ള അങ്കമാലി പന്നികൾ ഒറ്റ കാഴ്ച്ചയിൽ കാട്ടുപന്നികളോട് ചില സാമ്യങ്ങൾ ഉള്ളവയാണ്. 
മറ്റ് വിദേശ ഇനങ്ങളെയും ചില സങ്കര ഇനങ്ങളെയും അപേക്ഷിച്ച് ഇവക്ക് രോഗ പ്രതിരോധശേഷി കുറച്ച് അധികമുണ്ടെന്ന് കർഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇവ വളരെ സൗമ്യ സ്വഭാവമുള്ളവയും വളർത്തുന്നവരോട് നന്നായി ഇണങ്ങുന്നവയും ആണ് എന്ന് കർഷകർ പറയുന്നുണ്ടെങ്കിലും വിദഗ്ദ്ധരുടെ അഭിപ്രായം നേരെ മറിച്ചാണ്. ഇവയെ സൂക്ഷിക്കുന്ന കൂടിന്റെ തറയും ചുമരും കുത്തിയും മാന്തിയും ഒക്കെ പൊളിക്കുന്ന സ്വഭാവം ഇവക്കുണ്ട്. പ്രസവിച്ചു കിടക്കുന്ന കാലത്ത് ഇവ വളരെ ശൗര്യം പ്രകടിപ്പിക്കുന്നത് കൊണ്ട് ആ കാലത്ത് പരിചരിക്കുകയോ രോഗ പരിശോധന നടത്തുകയോ ഒക്കെ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അനുഭവസ്ഥർ പറയുന്നു.   

7 മുതൽ 10 മാസം പ്രായം മുതൽ അങ്കമാലി പന്നികൾ പ്രത്യുല്പ്പാദനത്തിന് പാകമാകും. ഏകദേശം 3 ആഴ്ചക്കാലത്തിനടുത്ത Estrous Cycle ആണ് ഇവക്കുള്ളത്; അതായത് ഓരോ 18 മുതൽ 21 ദിവസത്തിലും ഇവ ഇണ ചേരാനും പ്രത്യുല്പ്പാദനത്തിനും തയ്യാറാകും എന്നർത്ഥം. മൂന്നര മാസത്തോളമാണ് ഇവയുടെ ഗർഭകാലം. ഒരു പ്രസവത്തിൽ ആറ് പന്നിക്കുട്ടികൾ വരെ ഉണ്ടാകും. ഏകദേശം നാലാഴ്ചയോളമാണ് മുലയൂട്ടൽ കാലയളവ്. ആറ് മുതൽ പത്ത് മാസം കൊണ്ട് 45 കിലോ മുതൽ 80 വരെ ശരാശരി ഭാരത്തിലെത്തുന്നവയാണ് അങ്കമാലി പന്നികൾ.

അങ്കമാലി പന്നികൾ വളരെ വലിയ തോതിൽ തീറ്റ പരിവർത്തന ശേഷി (Food Conversion Rate) യുള്ള   പന്നി ഇനമല്ല. എന്നാൽ ഇവയുടെ താരതമ്യേന കൊഴുപ്പ് കുറഞ്ഞതും ദൃഢത കൂടിയതുമായ മാംസം താരതമ്യേന കൂടിയ സ്വാദും ഗുണനിലവാരവും ഉള്ളതാണെന്ന് മാംസാഹാര പ്രേമികൾ പറയുന്നു. 

ശരീര ശാസ്ത്രപരമായി പന്നികൾ മനുഷ്യരുമായി ശ്രദ്ധേയമായ ശാരീരിക സമാനതകൾ പങ്കിടുന്നതിനാൽ മനുഷ്യർക്ക് വരുന്ന വിവിധ രോഗങ്ങളും അവസ്ഥകളും പഠിക്കുന്നതിനുള്ള പഠനവസ്തുക്കളായി പന്നികളെ ഉപയോഗിക്കാറുണ്ട്. ട്രാൻസ്പ്ലാൻറേഷനു വേണ്ടിയുള്ള മനുഷ്യാവയവങ്ങളുടെ അഭാവം പരിഹരിക്കാൻ പന്നിയുടെ അവയവങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യൻ്റെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ബയോമെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഉറവിടമായി പന്നികളെ ഉപയോഗിക്കാവുന്നതാണ്. ഈ ആവശ്യങ്ങളിലേക്ക് മറ്റ് പന്നി ഇനങ്ങൾ എന്നത് പോലെ തന്നെ അങ്കമാലികളെയും ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. 

പല നാടൻ കന്നുകാലി ഇനങ്ങളെയും പോലെ തന്നെ, അങ്കമാലി പന്നിയും എണ്ണത്തിലെ കുറവ്, വിദേശ ഇനങ്ങളുമായുള്ള സങ്കര പ്രജനനം തുടങ്ങിയ കാരണങ്ങളാൽ ജനിതക ശോഷണം പോലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. ജനിതക വൈവിധ്യവും സാംസ്കാരിക പൈതൃകവും ഉള്ള അങ്കമാലി പന്നി ഇനം അന്യം നിന്ന് പോകാതിരിക്കാൻ സർക്കാർ, സർക്കാരിതര സംഘടനകൾ ശ്രമിക്കുന്നുണ്ട്. കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പന്നി ഉൽപ്പാദന ഗവേഷണകേന്ദ്രം പ്രത്യേക പരിഗണനയോടെ അങ്കമാലി പന്നികളെ സംരക്ഷിക്കുകയും അവയിൽ നിന്ന് മികച്ച തീറ്റ പരിവർത്തന ശേഷിയും രോഗ പ്രതിരോധശേഷിയുമുള്ള സങ്കരയിനങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂത്താട്ടുകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Meat Products of India എന്ന സർക്കാർ സ്ഥാപനവും നാടൻ പന്നിയിനമായ "ankamali" യുടെ സംരക്ഷണവും അവയിലെ ഗവേഷണങ്ങളും നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. എണ്ണത്തിൽ കുറവെങ്കിലും "അങ്കമാലി"യെയും അതിന്റെ സങ്കര ഇനങ്ങളെയും താല്പര്യപൂർവ്വം വളർത്തുന്ന കർഷകർ ഇപ്പോഴും ഉണ്ടെന്നത് ആശാവഹമായ കാര്യമാണ്. 

അമേരിക്കയിലെ National Center for Biotechnology Information, ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organization (FAO) ശുപാർശ ചെയ്യുന്ന മൈക്രോ സാറ്റലൈറ്റ് മാർക്കറുകൾ ഉപയോഗിച്ച് "അങ്കമാലി പന്നി"കളെ മറ്റിനം വളർത്തു പന്നികളുമായുള്ള താരതമ്യ പഠനവും ജനിതക വിശകലനവും നടത്തിയിട്ടുണ്ട്. അതിന്റെ വിശദമായ പഠന റിപ്പോർട്ട് National Library of Medicine പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളത്തിൽ വളർത്തിപ്പോരുന്ന അങ്കമാലി പന്നികൾ മറ്റ് പ്രാദേശിക ഇന്ത്യൻ പന്നികളുമായോ വിദേശ വലിയ വെളുത്ത പന്നികളുമായോ അങ്കമാലി പന്നികൾ ജനിതക അടുപ്പം കാണിക്കാതെ തികച്ചും വ്യതിരിക്തമായ ജനിതക സവിശേഷതകൾ കാണിക്കുന്നവയാണ്. 

അങ്കമാലി പ്രദേശത്തുള്ളവർക്ക് പന്നിയിറച്ചി ഒരു ദൗർബല്യമാണെന്നതും അങ്കമാലി കേന്ദ്രീകരിച്ച് കോടികൾ മറിയുന്ന പന്നി വളർത്തലും പന്നി വ്യാപാരവും നടക്കുന്നുണ്ടെന്നതും ഒരു യാഥാർഥ്യമാണെങ്കിലും ഇപ്പോൾ അങ്കമാലി പ്രദേശത്ത് കാണുന്ന പന്നികളിൽ ഭൂരിഭാഗവും "അങ്കമാലി" പന്നികൾ അല്ല എന്നതാണ് ശ്രദ്ധേയമായ യാഥാർഥ്യം. അങ്കമാലിയിൽ എന്ന് മാത്രമല്ല കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും സുലഭമായി കാണപ്പെടുന്ന വലിയ പന്നികൾക്ക് "അങ്കമാലി" പന്നിയുമായി ഒരു ബന്ധവുമില്ല.  അതൊക്കെ വിദേശത്ത് നിന്ന് വന്ന ഇനങ്ങളും തദ്ദേശീയ പന്നികളെ വിദേശ ഇനങ്ങളുമായി സങ്കരം നടത്തി ഉണ്ടാക്കി എടുത്തവയും ഒക്കെച്ചേർന്ന ശീമപ്പന്നികൾ ആണ്. അത് കൊണ്ട്, ആരെയെങ്കിലും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ ആയി "അങ്കമാലി പോർക്ക്", "അങ്കമാലി പന്നി" എന്നൊക്കെ വിളിക്കുന്നവർ ഒന്നോർക്കുക; യഥാർത്ഥ "അങ്കമാലി" പന്നികൾ ഏറെ വ്യത്യസ്തരാണ്. 





No comments:

Post a Comment