ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Sunday, 5 July 2015

ജനസമ്പർക്കം...ഉമ്മൻ‌ചാണ്ടി എന്ന ഡെമോക്രാറ്റിന്റെ മരണമാണിത്...

ഹയർ സെക്കന്ററി ഡയറക്ടറായിരുന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനെ കരിഓയില്‍ ഒഴിച്ച് അപമാനിച്ച കെ.എസ്‌.യു.ക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസ്  പിൻവലിച്ച അവസരത്തിൽ, സ്വന്തം പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ സ്വന്തം ഭരണകാലത്തു പിൻവലിക്കുന്നത്‌ ഉചിതമാണോ എന്ന ചോദ്യത്തിന് വിക്കിവിക്കി ഒഴിഞ്ഞുമാറുന്ന രീതിവിട്ട്‌  തെല്ല് ധാർഷ്ഠ്യത്തോടെ പറഞ്ഞത് സര്‍ക്കാരിന് അധികാരമുളളതാണ് ചെയ്തതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ഉമ്മൻ ചാണ്ടി രക്തത്തിൽ ധിക്കാരം കലർന്ന ഒരു ഏകാധിപതിയെപ്പോലെ ആണ് സംസാരിക്കുന്നതെന്ന് അന്നേ പരക്കെ അഭിപ്രായമുയർന്നിരുന്നു.

അതെന്തു തന്നെ ആയാലും കൊട്ടിഘോഷിച്ചു നടത്തപ്പെടുന്ന ജനസമ്പർക്ക പരിപാടി ജനാധിപത്യ സംവിധാനങ്ങൾക്ക് നിരക്കുന്നതല്ല എന്ന് ഉറപ്പിച്ചു പറയേണ്ടി വരും. വിവിധ ക്ഷേമപെന്‍ഷനുകളും ചില്ലറ ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള നടവഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,സ്വന്തം പറമ്പിലേയ്ക്ക് നീണ്ടു വരുന്ന അയല്‍‌വാസിയുടെ പറമ്പിലെ മരത്തിന്റെ തലപ്പ്‌ വെട്ടലുമെല്ലാം നടപ്പാക്കാൻ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടെത്തേണ്ടി വരുന്നു എന്നത് തീർത്തും അപമാനകരം ആണെന്നതിൽ ഉപരി അത് ജനാധിപത്യ ഭരണമാതൃക അല്ലെന്നതാണ് ശരി. അധികാരം വ്യക്തികളിൽ കേന്ദ്രീകരിക്കുന്ന ഫ്യൂഡൽ രാജഭരണ വ്യവസ്ഥയുടെ മാതൃകയാണത്. കോണ്‍ഗ്രസ് പാർട്ടിയുടെ ആത്മാവായ, രാഷ്ട്രപിതാവ്  സ്വപ്നം കണ്ട  അധികാര വികേന്ദ്രീകരണം ഇതയിരിക്കാൻ വഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസു മുതല്‍ തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വരെയുള്ള സര്‍ക്കാര്‍  സംവിധാനം കുറ്റമറ്റതും സുതാര്യവും അഴിമതിമുക്തവും ആക്കി പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോഴാണ്‌ യഥാർത്ഥ അധികാരവികേന്ദ്രീകരണം സംജാതമാവുന്നത്. 

അഴിമതിയിലും കെടുകാര്യസ്ഥതയിലും പൂണ്ടു മുഴുകി ജീവിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സഹമന്ത്രിമാരും എം എൽ മാരും ചേർന്ന് ജനങ്ങളുടെ നികുതിപ്പണം എടുത്ത് നടത്തുന്ന ഈ കണ്ണിൽ പൊടിയിടൽ മാമാങ്കം അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തുന്ന പ്രഹസനമാണെന്ന് മൂക്ക് കീഴ്പ്പോട്ടുള്ള ഏത് മനുഷ്യനും മനസ്സിലാകും.  ജനസമ്പര്‍ക്ക പരിപാടിക്ക്‌ സംവിധാനത്തിന്‌ ലഭിച്ച യു.എന്‍ പുരസ്‌കാരം കേരളത്തിലെ യു ഡി എഫ് ഭരണത്തിനു ലഭിച്ച ആഗോള അംഗീകാരമായിട്ടാണ്  ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും ഇപ്പോഴും ഊറ്റം കൊള്ളുന്നത്‌. പക്ഷെ, ആ അംഗീകാരം ലഭിക്കാന്‍ കേരളസര്‍ക്കാര്‍ യു.എൻ. അധികൃതർക്ക് മുന്‍പില്‍ ഹാജരാക്കിയ സാക്ഷ്യപത്രത്തിലെ വിവരങ്ങള്‍ ലഭിക്കുന്നതിനായി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ മറുപടിയും നല്‍കിയില്ല എന്ന പരാതി വ്യാപകമായിരുന്നു. ക­ഴി­ഞ്ഞ കാ­ല­ങ്ങ­ളിൽ ഏ­റെ കൊട്ടി ­ഘോ­ഷി­ച്ച്‌ ഉ­മ്മൻ­ചാ­ണ്ടി ന­ട­ത്തി­യ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ ല­ഭി­ച്ച അ­പേ­ക്ഷ­ക­ളിലും പരാതികളിലും ഏറെയും തീർപ്പാകാതെ കിടക്കുകയാണെന്നും ആരോപണമുണ്ട്. വളരെ ലളിതമായി വി­ല്ലേ­ജ്‌ ഓ­ഫീ­സ്‌, താ­ലൂ­ക്ക്‌ ആ­ഫീ­സ്‌, ക­ള­ക­ട­റേ­റ്റു­കൾ തു­ട­ങ്ങി­യ­ റെവന്യൂ ഓഫീസുകളിൽ തീ­രു­മാ­ന­മെ­ടു­ക്കെ­ണ്ട അ­പേ­ക്ഷ­ക­ളെ ബോ­ധ­പൂർ­വ്വം വൈ­കി­പ്പി­ച്ച്‌ രാ­ഷ്‌­ട്രീ­യ ലാ­ഭ­ത്തി­നു­വേ­ണ്ടി മു­ഖ്യ­മ­ന്ത്രി ഉ­മ്മൻ­ചാ­ണ്ടി ജ­ന­ത്തെ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ എത്തിക്കുകയാണ് ചെ­യ്യു­ന്നതെന്നും ആക്ഷേപമുണ്ട്. ഖ­ജ­നാ­വി­ലെ പ­ണം ധൂർ­ത്ത­ടി­ച്ച്‌ കൊണ്ട് ന­ട­ത്തു­ന്ന പ­രി­പാ­ടി­യിൽ അർ­ഹ­മാ­യ തു­ക ­നൽ­കാ­തെ നക്കാപ്പിച്ച അ­നു­വ­ദി­ച്ച­താ­യി വിളിച്ചു കൂവുന്ന പൊറാട്ട് നാടകമാണിതെന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം. മു­ഖ്യ­മ­ന്ത്രി­യു­ടെ ജനസമ്പർക്ക പ­രി­പാ­ടി വിജയമാക്കാൻ  റ­വ­ന്യൂ ജീവനക്കാർ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെടുന്നതോടെ  സം­സ്ഥാ­ന­ത്തെ റ­വ­ന്യൂ ഭ­ര­ണ സം­വി­ധാ­ന­മാ­കെ താറുമാറാകും.  വ­രു­മാ­ന സർ­ട്ടി­ഫി­ക്ക­റ്റ്‌, ജാ­തി സർ­ട്ടി­ഫി­ക്ക­റ്റ്‌, ലൊ­ക്കേ­ഷൻ - പൊ­സ­ഷൻ സർ­ട്ടി­ഫി­ക്ക­റ്റു­കൾ, ഭൂ­മി­ക്ക­രം ഒ­ടു­ക്കൽ,­ പ­ട്ട­യം പി­ടി­ക്കൽ തു­ട­ങ്ങി­യ അടിസ്ഥാന ദൈ­നം ദി­ന സേവനങ്ങൾ പോലും ജനത്തിനു ലഭിക്കാൻ വൈകുന്നു.  

പ്രിയ മുഖ്യമന്ത്രീ, ഇച്ഛാ ശക്തിയും മനുഷ്യസ്‌നേഹവും ദീര്‍ഘ വീക്ഷണവുമുളള ഒരു രാഷ്ട്രീയ നേതൃത്വം, ഭരണതലത്തില്‍ സ്വീകരിക്കുന്ന ജന ക്ഷേമനടപടികളെയാണ് നിങ്ങളെ തിരഞ്ഞെടുത്ത ജനം പ്രതീക്ഷിക്കുന്നത്. അല്ലാതെ വ്യക്തി കേന്ദ്രീകൃതമായ ഫ്യൂഡൽ മാതൃകയിലുള്ള കെട്ടുകാഴ്ചകള്‍ കൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. വെളിവില്ലാത്ത പാണ്ടികൾ എന്ന വിളി കേട്ട് അധിക്ഷേപിക്കപ്പെടുന്ന തമിഴ്ജനതയ്ക്കായി ജയലളിത സംസ്ഥാന വ്യാപകമായി ന്യായവില മെഡിക്കൽ - ഭക്ഷണ - കുപ്പിവെള്ള വിതരണ ശാലകൾ തുറക്കുമ്പോൾ ഇവിടത്തെ ന്യായവില ഷോപ്പുകൾ ഓരോന്നായി അടയ്ക്കപ്പെടുകയാണ് എന്നോർക്കണം. കേരളം മുഴുവന്‍ അതിവേഗം ബഹുദൂരം ഓടി നടന്ന്, കുറെ പ്രജകള്‍ക്ക് ആയിരവും രണ്ടായിരവും രൂപ വീതം നല്‍കിയാല്‍ സംസ്ഥാന ഭരണം ഒരു തരത്തിലും മെച്ചപ്പെടില്ല. ഈ നക്കാപ്പിച്ച വാങ്ങുന്നവന്റെ ജീവിത നിലവാരം ഒരു മില്ലിമീറ്റർ പോലും വളരില്ല. സൗജന്യങ്ങൾക്ക് വേണ്ടി ഓടിക്കൂടുന്ന ജനക്കൂട്ടം നിങ്ങൾക്ക് ഒരു രാഷ്ട്രീയ മൈലേജും നൽകാൻ പോകുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ആത്മാര്‍ത്ഥതയിലോ ഉദ്ദേശശുദ്ധിയിലോ പ്രവര്‍ത്തനങ്ങളിലോ ഒന്നും തന്നെ, ശുദ്ധമനസ്കരായ അദ്ദേഹത്തിൻറെ ആരാധകരും ചോര കുടിയന്മാരായ സ്തുതി പാഠകരും ഒഴികെയുള്ള പൊതുസമൂഹത്തിനുള്ള യാതൊരു വിശ്വാസവും ഇല്ല എന്ന നില വന്നിട്ടുണ്ട്. ഓരോ ദിവസവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി അഴിമതികളും നാണംകെട്ട ഏര്‍പ്പാടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അഴിമതിയില്‍ ജനിച്ച്‌, അഴിമതിയില്‍ വളര്‍ന്ന്‌, അഴിമതിയില്‍ ഒടുങ്ങുന്ന ഭരണം എന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് വിശേഷിപ്പിച്ചത്‌ സത്യമാണെന്ന് നല്ല വിഭാഗം ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. മന്ത്രിമാർക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി - കോഴ - ലൈംഗിക ആരോപണങ്ങൾ നിങ്ങൾക്കൊപ്പം ഉള്ളവരാണ് ആരോപിക്കുന്നത് എന്നോർക്കണം. നിങ്ങൾ സ്ഥിരമായി അസത്യങ്ങൾ പറയുന്നു എന്ന് ആരോപിക്കുന്നതും നിങ്ങളുടെ മുന്നണിയിൽ പെട്ടവർ തന്നെ. ഒടുവിൽ ആരോപണം ഉന്നയിച്ചവർ പുറത്തും ആരോപിതർ നിങ്ങളുടെ തണലിൽ സുരക്ഷിതരും ആയിക്കഴിഞ്ഞപ്പോൾ നിങ്ങൾ, "കരുതൽ 2015" എന്ന പേരിൽ ജനസമ്പർക്കം എന്ന ഫ്യൂഡൽ നാടകത്തിന് ഇറങ്ങിയിരിക്കുന്നു. എന്ത് വിട്ടു വീഴ്ച ചെയ്തും ഭരണനത്തിൽ തൂങ്ങുക എന്നത് മാത്രമാണ് ഇപ്പോൾ നിങ്ങളുടെ ആദർശം. ഒരു കാര്യം സത്യമാണ്, നിങ്ങളിലെ ജനാധിപത്യ സ്വഭാവമുള്ള നേതാവ് മരിച്ചു കൊണ്ടിരിക്കുകയാണ്. 

Last Word : ഈ കണ്ണിൽ പൊടിയിടലുകൾ ജനം തിരിച്ചറിയുക തന്നെ ചെയ്യും..... ഒടുവിൽ, വോട്ടു കുത്ത് പെരുന്നാൾ കഴിഞ്ഞു പടയും പടക്കോപ്പുകളും നഷ്ടമായി പുതുപ്പള്ളിയിലെ തറവാട്ടിൽ വിശ്രമിക്കുമ്പോൾ ജനം നിങ്ങളെ കള്ളൻ എന്ന് വിളിക്കും. കുറഞ്ഞ പക്ഷം, കള്ളനു കഞ്ഞി വച്ചവൻ എന്നെങ്കിലും തീർച്ചയായും വിളിക്കും...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment