ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Wednesday, 1 July 2015

LDF, UDF; തലച്ചോർ ഉപയോഗിക്കൂ...അങ്ങനെയൊന്നുണ്ടെങ്കിൽ...

ഒരു വർഷത്തിനകം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുന്ന കേരളത്തിന്റെ രാഷ്ട്രീയ കളിക്കളത്തിലെ സെമിഫൈനല്‍ എന്ന വിശേഷണവുമായി നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തു വന്നു കഴിഞ്ഞു. മത്സരിച്ച രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം അഭിമാനപ്രശ്‌നം ആയിരുന്നു ഈ തിരഞ്ഞെടുപ്പ്.

പ്രചണ്ഡമായ കാടിളക്കി പ്രചാരണത്തിലൂടെയും ശക്തമായ സഹതാപ തരംഗത്തിലൂടെയും സാങ്കേതികമായി മാത്രം വിജയിച്ച യു ഡി എഫ് ഒരു വശത്ത്‌ നിൽക്കുമ്പോൾ മുൻകാലങ്ങളിൽ ഒന്നും ഇല്ലാതിരുന്ന അനുകൂല ഘടകങ്ങൾ മുതലാക്കാനാകാതെ തോറ്റ് നാണം കെട്ട് നിൽക്കുന്ന എൽ ഡി എഫ് തോൽവിക്ക് മാന്യമായൊരു വിശദീകരണം നൽകാനാവാതെ ജാള്യത നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന കാഴ്ച ജനാധിപത്യ കേരളത്തെ ചിലത് ഓർമ്മിപ്പിക്കുന്നുണ്ട്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. ഈ വിജയത്തെ തന്റെ ഭരണനേട്ടങ്ങളുടെ തൊഴുത്തിൽ കെട്ടാനും അഴിമതികളെ വെള്ള പൂശാനും വേണ്ടി ഉപയോഗിച്ച് ഇതിൽ അഭിരമിച്ചു മുന്നോട്ടു പോയാൽ നാണം കെട്ട ഒരു അരങ്ങൊഴിയൽ ആയിരിക്കും ഉമ്മൻചാണ്ടിയെ നോക്കിയിരിക്കുന്നത്. കാരണം ഈ വിജയം യു ഡി എഫിന്റെ വിജയത്തിലുപരിയായി "കാർത്തികേയന്റെ മകൻ ശബരീനാഥന്റെ" വിജയം എന്ന് പറയുന്നതാവും ശരി. ഇത് നിങ്ങളുടെ നിലപാടുകളുടെ വിജയമാണെന്ന് ഉറച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, ഉമ്മൻ ചാണ്ടിയും കൂട്ടരും മൂഡസ്വർഗ്ഗത്തിൽ തന്നെയാണ് എന്ന് പറയേണ്ടി വരും. 

വി എസ് - പിണറായി ചക്കളത്തിപ്പോരിലൂടെ സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിനു വന്നു പെട്ടിരിക്കുന്ന അതിഭയാനകമായ തകർച്ചയാണ് ഇത്രയും മോശമായ നിലയിലേക്ക് എല് ഡി എഫിനെ എത്തിച്ചതെന്ന് സി പി എം സമ്മതിക്കുമോ എന്നെനിക്കറിയില്ല. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വി എസ് ഒഴിവാക്കപ്പെട്ടു; പിന്നീട് വി എസ് പ്രചരണരംഗത്തേക്ക് എത്തിയപ്പോൾ പിണറായി വിജയൻ പ്രചരണത്തിന്റെ മുന്‍ നിരയില്‍ നിന്നും ഉൾവലിഞ്ഞു. യഥാർഥത്തിൽ ഇവർ തമ്മിൽ ഉണ്ടെന്നു ആരോപിക്കപ്പെടുന്ന പോര് ഇല്ല എന്ന് സമ്മതിച്ചാൽ തന്നെ, അങ്ങനെ ഒരു പോര് ഉണ്ടെന്ന ശക്തമായ ധാരണ നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ മനസ്സിൽ ഉറപ്പിച്ചു നിർത്താൻ യു ഡി എഫും ബി ജെ പിയും അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിക്കുകയും അതിൽ അവർ നല്ല പരിധി വരെ വിജയിക്കുകയും ചെയ്തു. ജനക്കൂട്ടം വോട്ടായി മാറില്ലെന്നു തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പാണിത്.  മുന്‍കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളില്‍, തന്റെ ഉശിരൻ  പ്രസംഗങ്ങളിലൂടെ വി എസ് ഉണ്ടാക്കിയ ജനസ്വാധീനം ഇത്തവണ വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല എന്ന് വേണം കരുതാൻ. ഓരോ വിഷയങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളും പിന്നീടെടുക്കുന്ന നിലപാട് മാറ്റങ്ങളും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാര്യമായി കുറച്ചിട്ടുണ്ട്. ബൂത്ത് തലത്തില്‍ പിണറായി വിജയന്‍ നടത്തി എന്ന് പറയപ്പെടുന്ന  പ്രവര്‍ത്തനങ്ങള്‍ ചീറ്റിപ്പോയി എന്നും വിശ്വസിക്കേണ്ടി വരുന്നു. താഴേത്തട്ടിലെ വോട്ടർമാരുടെ മനസ്സ് വായിക്കാൻ പാർട്ടിക്കുണ്ടായിരുന്ന വൈഭവത്തിനും കുറവ് സംഭവിച്ചിട്ടുണ്ട്.


ഞങ്ങൾ ഇവർക്കാർക്കും വോട്ടു ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല എന്ന് പറയുന്ന "NOTA" യുടെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടു സമാഹരണത്തിൽ ബഹുദൂരം മുന്നേറ്റം നടത്തിയ ബി ജെ പി യുടെയും പ്രകടനമാണ് മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കേണ്ടത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ ഒരു വോട്ടു പോലും യു ഡി എഫിന് കൂടിയില്ല എന്ന് നിരീക്ഷിക്കുമ്പോൾത്തന്നെ എല്‍ ഡി എഫിനും വളരെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഈ യാഥാർത്ഥ്യം  ഉൾക്കൊണ്ടു ആത്മാർഥമായി ആത്മശോധന ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഓഫീസുകൾ തെരുവ് പട്ടികളുടെ അഭയസ്ഥാനമാകുന്ന കാലം വിദൂരമല്ല. ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങളുടെ വോട്ടുപെട്ടിയിൽ വീഴിക്കാനുള്ള  ഇടതുപക്ഷത്തിന്റെ വൈഭവം അമ്പേ ചോര്‍ന്നു പോയപ്പോൾ, അത് കൃത്യമായി തങ്ങളുടെ പെട്ടിയിൽ വീഴിക്കാൻ ബി ജെ പിക്കു കഴിഞ്ഞു എന്നത് കേരള രാഷ്ട്രീയത്തിൽ താമരക്ക്‌ ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ വിളിച്ചു പറയുന്നു. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില്‍ നിന്ന് ഒരു നല്ല പങ്കും അതോടൊപ്പം പുതിയതായി പോൾ ചെയ്ത വോട്ടുകളിൽ നിന്ന് ഒരു ഗണ്യമായ പങ്കും ബി ജെ പിയുടെ പെട്ടിയിലേക്കാണ് വീണത്‌ എന്ന് വേണം മനസ്സിലാക്കാൻ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ ഇത്രയും നാൾ ബി ജെ പി അനുഭവിച്ചിരുന്ന രാഷ്ട്രീയ തൊട്ട് കൂടായ്മയുടെയുടെയും അസ്പൃശ്യതയുടെയും കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇവിടെ യു ഡി എഫും എൽ ഡി എഫും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ബഹുദൂരം അകലത്താണ്‌. മിക്കവാറും അവരുടെ ഗ്രൂപ്പ് താല്പ്പര്യങ്ങളും കീശ വിപുലീകരണവും ആമാശയ സംരക്ഷണവും മാത്രമാണ് ഇവിടെ നടപ്പാകുന്നത്. ബി ജെ പി ഇതിൽ നിന്നും ഏറെ മെച്ചമാണെന്നല്ല; എന്നാലും ഒരു മാറ്റി പരീക്ഷണം ആകാമല്ലോ എന്ന് ജനം ചിന്തിച്ചാൽ, ശക്തമായ ഒരു ജനകീയബദൽ ലഭ്യമല്ലാത്ത രാഷ്ട്രീയ പരിതസ്ഥിതിയിൽ, ബി ജെ പിയ്ക്ക് തന്നെയാണ് ഭാവി സാധ്യത.  ശ്രദ്ധേയമായ ഒരു കാര്യം, ബി ജെ പി താരതമ്യേന കൂടുതൽ ഭീഷണിയാവുന്നത് എൽ.ഡി .എഫിനാണെന്നതാണ്. എന്തായാലും, രാത്രി കഴിഞ്ഞാല്‍ പകലെത്തും, പകലൊടുങ്ങുമ്പോള്‍ രാത്രിയും എന്ന മട്ടിൽ കാലാകാലങ്ങളിൽ മാറി മാറി എൽ ഡി എഫും യു ഡി എഫും കേരളം ഭരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ബി ജെ പി അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന ചുവരെഴുത്താണ് ഈ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുടെ എണ്ണം പതിയെ പതിയെ കൂടി വരുന്നു എന്ന തിരിച്ചറിവും. ഇത് എന്തായാലും അരുവിക്കരയിൽ മാത്രം കാണുന്ന പ്രതിഭാസമായി അവസാനിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. 

തീർച്ചയായും, ഈ തിരഞ്ഞെടുപ്പിൽ പ്രഥമദൃഷ്ട്യാ അഭിനന്ദനമർഹിക്കുന്നത് ബിജെപിയും "നോട്ട"യുമാണെങ്കിലും അന്തിമ വിശകലനത്തിൽ അഭിനന്ദനമർഹിക്കുന്നത് അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടർമാരാണ്. അവർ കൃത്യമായ സന്ദേശമാണ് ഈ നാട്ടിലെ രാഷ്ട്രീയക്കാർക്ക് വോട്ടിങ്ങിലൂടെ നല്കിയത്. ആ സന്ദേശത്തെ വാസ്തവവിരുദ്ധമായി തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുന്നവർക്ക് ഭാവിയിലും പരാജയം തന്നെയായിരിക്കും വിധി; ആ വിധി, താൽക്കാലികവും തികച്ചും സാങ്കേതികവുമായ ആശ്വാസ ജയം നേടിയവർക്കും ബാധകമാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment