ഞാൻ വെറും പോഴൻ

Sunday 10 August 2014

"അപ്പോത്തിക്കിരി"യും പൊട്ടക്കിണറിൽ നിന്ന് വെള്ളം കോരുന്നവരും...

കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ തിയ്യറ്ററിൽ പോയി കണ്ടത് ആകെ അഞ്ചു സിനിമകൾ ആണ്. ഇപ്പോൾ “അപ്പോത്തിക്കിരി” എന്ന പടം തിയ്യറ്ററിൽ പോയി കണ്ടതിനു രണ്ടു കാരണങ്ങൾ ആണുള്ളത്. ഒന്നാമത്തേത് ഈ സിനിമയെ ഒരു മൂന്നാം കിട രാഷ്ട്രീയ ആയുധം ആക്കി മാറ്റിയ ചില രാഷ്ട്രീയക്കാരോടുള്ള നിശബ്ദ പ്രതിഷേധം. രണ്ടാമത്തെ കാരണം, ഈ ചിത്രത്തിന്റെ  നിർമ്മാതാവ് എനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ഏറെ വേണ്ടപ്പെട്ട ആളാണ് എന്നതാണ്.

ആദ്യം ഇതിലെ രാഷ്ട്രീയം പറയാം. കേരളത്തിൽ  രാഷ്ട്രീയനിറമില്ലാതെ ചിന്തിക്കുന്ന ഏതൊരാളും വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന തികച്ചും രാഷ്ട്രീയമല്ലാത്ത ചില കാര്യങ്ങൾ വിളിച്ചു പറഞ്ഞു എന്നത് കൊണ്ട് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ ബഹിഷ്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരും ആസിഫ് അലിയുടെ ആരാധകർ എന്ന പേരിൽ ചില തെരുവ് ഗുണ്ടകൾ കാണിച്ച തൊട്ടിത്തരത്തിന്റെ പേരിൽ ആസിഫ് അലി ചിത്രങ്ങൾ ബഹിഷ്ക്കരിക്കാൻ ഇറങ്ങിത്തിരിച്ച ശിവസേനക്കാരും ഒരു കാര്യം മനസ്സിലാക്കണം. ഒരു സിനിമ എന്നത് ഒരാളുടെ മാത്രം ഉല്പ്പന്നം അല്ല. അതിലെ കലാകാരന്മാരും ടെക്നിഷ്യന്മാരും ഉപ കലാകാരന്മാരും അതിനെ ചുറ്റിപ്പറ്റി ഉപജീവിക്കുന്നവരും അടക്കം ആയിരത്തിലേറെ പേരുടെ ചോറാണ്. അതിലൊക്കെ ഉപരി, ചോര നീരാക്കി ഉണ്ടാക്കിയ പണം, പടം പിടിക്കാൻ മുടക്കിയ നിർമ്മാതാവിന്റെ ഇത് വരെയുള്ള സമ്പാദ്യമാണ്. കള്ളക്കടത്തും റിയൽ എസ്റ്റെറ്റ്  വ്യവസായവും കരിഞ്ചന്തയും ഊഹക്കച്ചവടവും നടത്തി ഉണ്ടാക്കിയ പണം കൊണ്ട് പടം പിടിക്കാൻ ഇറങ്ങിയ വൻ തോക്കുകൾ ഒന്നുമല്ല ഈ പടം നിർമ്മിച്ചിരിക്കുന്നത്. വളരെ വിജയകരമായും ഗൌരവത്തോടെയും മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്ന രണ്ടു വിദഗ്ധ ഡോക്ടർമാരാണ് ഈ പടം നിർമ്മിച്ചിരിക്കുന്നത്. പ്രമേയത്തിന്റെ നന്മ ഒന്ന് മാത്രമാണ് അവരെ ഈ സാഹസം നിറഞ്ഞ സംരഭത്തിൽ എത്തിച്ചത്. പടം ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ അവരുടെ പ്രൊഫഷണൽ നിലനില്പ്പിനെ ബാധിക്കുമോ എന്ന് പോലും ഞാൻ ആശങ്കപ്പെടുന്നുണ്ട്. നിങ്ങൾ ബഹിഷ്കരിക്കുന്ന സുരേഷ് ഗോപിയും ആസിഫ് അലിയും അഭിനയവും കഴിഞ്ഞു കിട്ടാനുള്ള പണവും വാങ്ങി അവരവരുടെ വഴിക്ക് പോയി. ഇനി നിങ്ങൾ കാരണം നഷ്ടം വരുന്നത് ഇതിന്റെ നിർമ്മാതാവിനും വിതരണക്കാരനും തിയ്യറ്റർ ഉടമകൾക്കും മാത്രമാണ്. സുരേഷ് ഗോപിക്കും ആസിഫ് അലിക്കും നിങ്ങൾ ഇല്ലാത്ത പരസ്യം നല്കുകയും ചെയ്തു. നിങ്ങളുടെ സമരം രാഷ്ട്രീയ ബോധം ഉള്ള ആരെയും സുഖിപ്പിക്കുന്നില്ല എന്നും നിങ്ങൾ മനസ്സിലാക്കണം. ഈ സമരാഭാസങ്ങൾ കൊണ്ട് നിങ്ങള്ക്ക് രാഷ്ട്ര്രീയമായി ഒരു മില്ലിമീറ്റർ മൈലേജ് പോലും അധികം ലഭിക്കാൻ പോകുന്നില്ല; നിങ്ങൾ ചുമ്മാ പൊട്ടക്കിണറിൽ നിന്ന് വെള്ളം കോരുകയാണ്. ഇതിൽ കൂടുതൽ നെറി കെട്ട രാഷ്ട്രീയഭിക്ഷക്കാരെ പറ്റി എഴുതുന്നതേ അപരാധമാണെന്ന്  ഞാൻ വിശ്വസിക്കുന്നു. അവർക്കതിനുള്ള യാതൊരു അർഹതയുമില്ല. 

അപ്പോത്തിക്കിരിയെപ്പറ്റി : സിനിമയുടെ ഡിസ്കഷൻ തുടങ്ങിയ അന്നേ എനിക്ക് കൌതുകം തോന്നിയ പേരായിരുന്നു "അപ്പോത്തിക്കിരി" എന്നത്. പണ്ട് ചാലക്കുടിയിൽ "ജോര്ജ് പാത്തിക്കിരി" എന്നൊരു വൈദ്യർ ഉണ്ടായിരുന്നു എന്ന് എന്റെ അപ്പാപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. രോഗം കേട്ട് മരുന്ന് കൊടുക്കുന്നവരെ ആണ് "പാത്തിക്കിരി" എന്ന് വിളിച്ചിരുന്നതെന്ന് അപ്പാപ്പൻ കുഞ്ഞിലേ പറഞ്ഞു തന്നതാണ് സത്യത്തിൽ എനിക്ക് ഓർമ്മ വന്നത്. അപ്പാപ്പൻ പറഞ്ഞ പാത്തിക്കിരി തന്നെയാണ് ഇപ്പോൾ ഡോക്ടർ ജോര്ജ് പറയുന്ന "അപ്പോത്തിക്കിരി" എന്നും അന്നാണ് മനസ്സിലായത്‌. 

വൈദ്യശാസ്ത്ര രംഗത്തെ പുഴുക്കുത്തുകളെപ്പറ്റിയും  അണ്‍ എത്തിക്കൽ പ്രാക്ടീസുകളെപ്പറ്റിയും പറഞ്ഞു കൊണ്ട് മലയാളത്തിൽ പല ചിത്രങ്ങളും വന്നു പോയിട്ടുണ്ട്. പക്ഷെ അവയെല്ലാം തന്നെ വിഷയാവതരണത്തിനോടൊപ്പം, കുറച്ചു കോമഡിയും പാട്ടും സ്റ്റണ്ടും സെക്സും തുടങ്ങി കാലികപ്രാധാന്യമുള്ള കച്ചവടച്ചേരുവകളും ഇണക്കിച്ചേർത്തവയായിരുന്നു. എന്നാൽ വളരെ ഏറെ കാലിക പ്രാധാന്യമുള്ള ഒരു വിഷയം പരമാവധി കച്ചവടച്ചേരുവകൾ ഒഴിവാക്കി എടുത്ത ഒരു നല്ല സിനിമ എന്നല്ലാതെ മറ്റൊരു വിശേഷണവും ഈ സിനിമക്ക് ചേരില്ല.

"അപ്പോത്തിക്കരി" എന്ന് പേരുള്ള ഒരു ആശുപത്രിയുടെ അകത്തു തുടങ്ങി  അവിടെ വികസിച്ചു അവിടെത്തന്നെ കഥ അവസാനിപ്പിക്കുന്ന ചിത്രം, ആതുരസേവനം എന്ന മുഖംമൂടി വച്ച് കൊണ്ട്, നമ്മുടെ ചെറുതും വലുതും ഇടത്തരവുമായ എല്ലാ ആശുപത്രികളും ഉയർത്തിപ്പിടിക്കുന്ന കച്ചവട നിലപാടുകളെ തുറന്നു കാട്ടുന്നു. ശരിയും തെറ്റും എന്താണെന്ന് വ്യക്തമായ തിരിച്ചറിവുള്ളപ്പോഴും, സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ദത്തില്‍ പല തെറ്റുകള്‍ക്കും നെറി കേടുകൾക്കും അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കേണ്ടി വരുന്ന ഡോക്ടർമാരടക്കം വരുന്ന ആശുപത്രി ജീവനക്കാരുടെ ജീവിതത്തെ തുറന്നു കാട്ടുന്നു. ആശുപത്രികൾ സ്ഥാപിക്കാൻ വേണ്ടി ചിലവാക്കിയ കോടികൾ തിരിച്ചു പിടിക്കാൻ വേണ്ടി അധികൃതർ കാണിക്കുന്ന തത്രപ്പാടുകൾ കൃത്യമായി ഇവിടെ വിവരിക്കപ്പെടുന്നു. മരുന്നു കമ്പനികൾ വച്ച് നീട്ടുന്ന മാക്സിമം കമ്മീഷൻ തരപ്പെടുത്തുന്നതിനു വേണ്ടി എഴുതപ്പെടുന്ന വില കൂടിയ മരുന്നുകൾ, വില പിടിച്ച മെഡിക്കൽ ഉപകരണങ്ങൾ ലാഭകരമാക്കാൻ വേണ്ടി നിർദ്ദേശിക്കപ്പെടുന്ന ടെസ്റ്റുകൾ, ക്രൂരമായ മനുഷ്യാവകാശ പ്രശ്നമായ മരുന്ന് പരീക്ഷണങ്ങൾ തുടങ്ങി സാമൂഹ്യ പ്രസക്തമായ ഏറെ വിഷയങ്ങളിലേക്ക് ഈ ചിത്രം വെളിച്ചം വീശുന്നു.

നിസ്സഹായരും അറിവില്ലാത്തവരുമായ രോഗികളെയും അവരുടെ ബന്ധുക്കളെയും ചൂഷണം ചെയ്തു പണവും പ്രശസ്തിയുമുണ്ടാക്കുന്ന ആശുപത്രി അധികൃതരുടെ സുന്ദര മുഖങ്ങൾക്കു പിന്നിലുള്ള വികൃത മനസാക്ഷിയുടെ നേർ ചിത്രങ്ങൾ സിനിമയുടെ ആദ്യ രംഗം മുതൽ കണ്ടു തുടങ്ങാം. ഒരു റോഡ്‌ അപകടത്തില്‍ പരിക്കേറ്റു, അദ്ദേഹം ജോലി ചെയ്യുന്ന അപ്പോത്തിക്കരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുന്ന ഡോ.വിജയ് നമ്പ്യാരിലൂടെയും, ഡോക്ടറുടെ ഭൂതകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സുബിന്‍ ജോസഫിലൂടെയും  വൈദ്യശാസ്ത്രരംഗത്തെ ജീർണതകളെ തുറന്നു കാട്ടി കഥ പുരോഗമിക്കുമ്പോൾ ചില രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും അവസ്ഥകളിലൂടെ, ആതുരസേവനം എന്ന പേരില്‍ ആശുപത്രികള്‍ എങ്ങനെയാണ് നിവൃത്തി കെട്ട പാവങ്ങളെ ഞെക്കി പിഴിയുന്നതെന്ന് കാണിച്ചു തരുന്നു, ഈ ചിത്രം.പടത്തിന്റെ കഥയിലേക്ക് കൂടുതൽ പോകുന്നത് ഇനി കാണാനിരിക്കുന്നവരോടു കാണിക്കുന്ന നീതി കേടാകും എന്നത് കൊണ്ട് കഥ ഇവിടെ നിൽക്കട്ടെ....

ഒരു പട്ടാളക്കോടതിയുടെ അകത്തളത്തിൽ നിന്ന് ജാതി-വർണ്ണ വെറിയെപ്പറ്റി കഥ പറഞ്ഞ തന്റെ ആദ്യ ചിത്രം തന്നെ ഗംഭീരമാക്കിയ മാധവ് രാംദാസ് എന്ന സം‌വിധായകന്റെ കുറേക്കൂടി പൂർണ്ണത അവകാശപ്പെടാവുന്ന ചിത്രമാണ് "അപ്പോത്തിക്കിരി". ഒരു നല്ല കഥ പറയാൻ എണ്ണമറ്റ സെറ്റുകളും ലോക്കേഷനുകളും ആവശ്യമില്ല എന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. മികച്ച കലാസം‌വിധാനം, മിഴിവുറ്റ ക്യാമറ, വളരെ ടച്ചിംഗ് ആയ ചില ഡയലോഗുകൾ തുടങ്ങി എല്ലാം നന്നായിരിക്കുന്നു. വളരെ ഗൗരവവും സാമൂഹ്യ കാലിക പ്രസക്തിയുള്ള പ്രമേയം വളരെ കയ്യടക്കത്തോട് കൂടി അവതരിപ്പിച്ച മാധവ രാമദാസിന് ഒരു സല്യൂട്ട്. തങ്ങൾ പ്രവർത്തിക്കുന്ന മേഖലയുടെ ഉള്ളു കളികളിലേക്ക് വെളിച്ചം വീശുന്ന പടമെടുക്കാൻ കാണിച്ച നട്ടെല്ല് ബലത്തിന് ഇതിന്റെ നിർമ്മാതാക്കൾക്കും ഒരു ബിഗ്‌ സല്യൂട്ട്. വിമർശിക്കണമെന്ന ഉദ്ദേശത്തോടെ മാത്രം സിനിമ കണ്ടാൽ കണ്ടെത്താവുന്ന ചില നെഗറ്റിവുകൾ ഒഴികെ, മൊത്തത്തിൽ നോക്കുമ്പോൾ, വൈദ്യ ശാസ്ത്ര - ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇടയ്ക്കിടെ എടുത്തു റെഫർ ചെയ്യാവുന്ന ഒരു ഹാൻഡ്‌ ബുക്ക്‌ പോലെയാണ്  ഈ ചിത്രം ഫീൽ ചെയ്തത്. തന്റെ പതിവ് കഥാപാത്രങ്ങളുടെ മാനറിസങ്ങളിൽ നിന്ന് മാറി, ജയസൂര്യ അദ്ദേഹത്തിന് കിട്ടിയ കഥാപാത്രത്തിനോട് നൂറു ശതമാനം നീതി പുലർത്തി എന്ന് പറയുമ്പോൾ തന്നെ സുരേഷ് ഗോപി, ഇന്ദ്രൻസ്, മീരാ നന്ദൻ, തമ്പി ആന്റണി, ശിവകുമാർ (ഡോ.വിജയ് നമ്പ്യാരുടെ അച്ഛനായി അഭിനയിച്ച നടൻ), സീമ ജി. നായർ തുടങ്ങി ചെറിയ വേഷങ്ങൾ ചെയ്തവർ പോലും മികച്ചു നിന്ന് എന്ന് പറയാതെ വയ്യ. 

ഭരതവാക്യം :  കാണാൻ പോകുന്നവരോട് ഒരു വാക്ക്; ന്യൂ ജെനറേഷൻ എന്ന പേരിൽ തുറന്നു കാട്ടുന്ന ബാത്ത് റൂം ആക്റ്റിവിറ്റീസും തരം താണ ചന്തത്തമാശകളും മൂന്നാം കിട ദ്വയാർത്ഥ പ്രയോഗങ്ങളും അടി പൊളി പാട്ടും തട്ട് പൊളിപ്പൻ ഡാൻസും ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ പടത്തിന് കയറരുത്. ഒരു നല്ല പടം കാണുക എന്നത് മാത്രമാണ് ഉദ്ദേശമെങ്കിൽ നിങ്ങൾ കൊടുത്ത പണം മുതലായിരിക്കും. എന്തൊക്കെ പരിമിതികൾ കണ്ടെത്തിയാലും, മരുന്നിനു പകരം മരണം നല്‍കുന്ന ആതുരാലയങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ അവസാനത്തെ പത്തു മിനിട്ടുകൾ മാത്രം മതി, അതിന്റെ ക്ളാസ് വെളിപ്പെടാൻ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


3 comments:

  1. ഈ സിനിമക്കു പുറത്തുള്ള രാഷ്ട്രീയം കേട്ടപ്പോൾ തന്നെ കാണണം എന്നു കരുതിയതാണ്. ഇനി ഇപ്പോൾ നിശ്ചയമായും കാണും

    ReplyDelete
  2. :-)
    വളരെ സാവധാനത്തിൽ കഥ പറയുന്ന ഒരു ശൈലി ആണ് പടത്തിന്റെത്. ഗൗരവമായ ചിത്രങ്ങൾ ഇഷ്ടമാണെങ്കിൽ നിങ്ങൾക്കിത് തീര്ച്ചയായും ഇഷ്ടപ്പെടും...

    ReplyDelete
  3. Find perfect partner from Kerala Matrimony. 100% verified profiles only. Kerala Matrimonial free service provider for malayali brides & grooms. Register Free!. Bismatrimony

    ReplyDelete